നെല്‍കൃഷി – കടപ്പാട് മാതൃഭൂമി

തരിശാകുന്നു പാടങ്ങള്‍; ദുരിതമൊഴിയാതെ കര്‍ഷകര്‍

കേരളത്തില്‍ നെല്‍കൃഷിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രമേ പറയാനുള്ളൂ. കടുത്ത പ്രതിസന്ധിയിലായ കര്‍ഷകര്‍ പാടശേഖരങ്ങളെ കൂട്ടത്തോടെ കൈയൊഴിയുകയാണ്. പ്രശ്നത്തിന് പരിഹാരം കാണേണ്ടവരാകട്ടെ ഇരുട്ടില്‍ തപ്പുന്നു. ഇതേക്കുറിച്ച് ഒരന്വേഷണം.

വി. ഹരിഗോവിന്ദന്‍

തോരാമഴയത്ത് ചാഞ്ഞുവീണ് നശിച്ചുതുടങ്ങിയ നെല്‍ക്കതിരുകള്‍ക്ക് മുകളില്‍ ട്രാക്ടര്‍ വന്യമായ മുരള്‍ച്ചയോടെ ഓടിത്തുടങ്ങിയപ്പോള്‍ പാടവരമ്പത്തുനിന്ന ലക്ഷ്മണന്റെ മനസ്സു പിടഞ്ഞു. വിളഞ്ഞു പാകമായ ആറേക്കര്‍ വയലാണ് കൊയ്തെടുക്കാനാവാതെ ഉഴുതുമറിക്കേണ്ടി വന്നത്. പാലക്കാട്ട് എലപ്പുള്ളിക്കടുത്ത പള്ളത്തേരിയില്‍ ലക്ഷ്മണന് അതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു.

പാടത്തെ ‘പൊന്മണി’ വിളഞ്ഞ് സ്വര്‍ണനിറമുള്ള കതിരായപ്പോള്‍ മനസ്സുനിറഞ്ഞ ലക്ഷ്മണന്റെ മോഹങ്ങള്‍ തകര്‍ത്തത് നിനച്ചിരിക്കാതെ ആര്‍ത്തലച്ചുപെയ്ത മഴയാണ്. വെയിലുറച്ച് വെള്ളം വാര്‍ന്നപ്പോഴേക്കും ചാഴിശല്യമായി. കൊയ്യാന്‍ ആളെകിട്ടിയതുമില്ല. അതോടെ പ്രതീക്ഷകളെല്ലാം പതിരായി. കൊയ്തെടുത്താല്‍ കൂലിപോലും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പാടത്തേയ്ക്ക് ട്രാക്ടറിറക്കിയത്; രണ്ടാം വിളയ്ക്ക് നിലമൊരുക്കാന്‍. രണ്ടര വര്‍ഷം മുമ്പ് നല്ലൊരു തുകമുടക്കിയാണ് ലക്ഷ്മണന്‍ കൃഷിയിലേക്കിറങ്ങിയത്. ഇത്തവണ കൃഷിയിറക്കാന്‍ മാത്രം മുപ്പത്തയ്യായിരത്തോളം രൂപയായി. അറുപതുപറ പാടത്തുനിന്നും നാലുമാസത്തെ അധ്വാനത്തിന് ഒരു രൂപപോലും കിട്ടിയില്ലെങ്കിലും ലക്ഷ്മണന് കൃഷി ഇട്ടെറിഞ്ഞ് പോവാനാവുന്നില്ല. ‘ലാഭമില്ലെങ്കിലും വേണ്ട….’ ലക്ഷ്മണന്റെ വാക്കുകളില്‍ നിരാശ.

നെല്‍വയലുകള്‍

പാലക്കാട്ടെ തന്നെ പിരായിരിയിലാണ് അടുത്ത കാഴ്ച. ഇവിടെ സ്വന്തം പേരുപോലും പുറത്തുപറയരുതെന്ന് കര്‍ഷകന് നിര്‍ബന്ധം. നാട്ടുകാരുടെ മുന്നില്‍ വെറുതെ നഷ്ടക്കണക്കുകാരനാവേണ്ടല്ലോ.

ഒരേക്കര്‍ വയലിലെ കൊ’് കഴിഞ്ഞപ്പോള്‍ മൂന്നുപറ നെല്ലും പത്ത് താറാമുട്ടയുമാണ് കിട്ടിയത്. നാല്പതാളുകള്‍ കൊയ്തുകൂട്ടിയത് 83 പറ നെല്ല്. രണ്ടു പറവീതം കൂലി കഴിച്ചപ്പോള്‍ ശേഷിച്ചത് വീടിന്റെ തിണ്ണയിലേക്ക് കൂട്ടി. കൊയ്തുകഴിഞ്ഞ പാടത്ത് താറാവിനെ മേയ്ക്കാന്‍ അനുവദിച്ചപ്പോള്‍ കിട്ടിയതാണ് പത്തുമുട്ട.
പള്ളത്തേരിയും പിരായിരിയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കേരളത്തിലെ നെല്‍വയലുകളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

നേരവും കാലവും നന്നായാല്‍ ഭാഗ്യം. മൂന്നു വിളകളും നന്നായാല്‍ ഒരു ഹെക്ടറില്‍ നിന്ന് സര്‍ക്കാറിന്റെ കണക്കനുസരിച്ച് ചെലവ് കഴിച്ച് കര്‍ഷകന്റെ കൈയില്‍ പ്രതിമാസം കിട്ടുക 591 രൂപ മാത്രം. നെല്ലിന് പകരം തെങ്ങായാല്‍ മാസം 1069 രൂപയും വാഴയായാല്‍ 2336 രൂപയും കിട്ടും. കപ്പ നട്ടാല്‍ പോലും 1165 രൂപ കിട്ടും. പിന്നെങ്ങനെ കര്‍ഷകര്‍ നെല്ല് വിതയ്ക്കും? ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന് പോലും ഇതിന്റെ എത്രയോ ഇരട്ടി കൈയില്‍ കിട്ടുന്നുവെന്നുകൂടി ഓര്‍ത്താല്‍ ചിത്രം പൂര്‍ണമായി. ദുരിതങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ആശ്വാസം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയും ചെയ്തതോടെ കര്‍ഷകര്‍ വയലുകള്‍ കൂട്ടത്തോടെ ഉപേക്ഷിക്കുകയാണ്.

ഫാം ഇക്കോളജിയും സാമ്പത്തികശാസ്ത്രവും തെറ്റായിട്ടാണ് പോവുന്നതെങ്കില്‍ കൃഷിയിലും കാര്യങ്ങള്‍ വ്യത്യസ്തമാവില്ലെന്ന ഡോ. എം.എസ്. സ്വാമിനാഥന്റെ വാക്കുകള്‍ക്ക് ഇവിടെയാണ് പ്രസക്തി. ഭൂപരിഷ്കരണം വന്ന് പാട്ടവും കുടിയാനും കുടിയിറങ്ങിയ വയലുകള്‍ക്ക് അവസാന രക്ഷയെങ്കിലുംആവുമോ എന്ന ആശയില്‍ പാട്ടക്കൃഷി പുനര്‍ജനിക്കുകയാണ്.

1961_62ല്‍ 7,53,009 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തിരുന്നു. 2005_06 ആയപ്പോഴേക്കും ഇത് 2,75,742 ഹെക്ടറായി. പ്രതിവര്‍ഷം 40ലക്ഷം ടണ്‍ വേണ്ട സംസ്ഥാനത്തെ ഉത്പാദനം 6.75 ലക്ഷം ടണ്‍ മാത്രം. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കൃഷി 67 ശതമാനവും ഉത്പാദനം 36 ശതമാനവും കുറഞ്ഞുവെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

1967ല്‍ സംസ്ഥാനത്തെ നെല്ലിന്റെ 37ശതമാനം ഉത്പാദിപ്പിച്ചിരുന്ന കുട്ടനാട്ടില്‍ 2003ല്‍ 18 ശതമാനമായിച്ചുരുങ്ങി. ഈ നിലയ്ക്ക്പോയാല്‍ 2020 ആവുമ്പോഴേക്കും കുട്ടനാട്ടില്‍ കൃഷി ഓര്‍മയാവുമെന്ന് ഡോ. സ്വാമിനാഥന്‍ കമ്മീഷന്റെ ആമുഖം പറയുന്നു. നെല്‍വയലുകള്‍ക്ക് പേരുകേട്ട ഓണാട്ടുകരയില്‍ പോലും തരിശിടങ്ങള്‍ പെരുകി.

അടുത്ത പത്തുവര്‍ഷത്തിനകമെങ്കിലും കൃഷി മൂന്നുവിളകളും കൂടി ആറ് ലക്ഷം ഹെക്ടറിലേക്കും ഉത്പാദനം 21ലക്ഷം ടണ്ണിലേക്കും എത്തിക്കാന്‍ ശരിയായി ശ്രമിച്ചാല്‍ കഴിയുമെന്ന് പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.വി. ബാലചന്ദ്രന്‍ പറയുന്നു. എങ്കിലേ നമുക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന മുന്നറിയിപ്പുകൂടി ഇതിലുണ്ട്. നെല്‍വയലുകളെ ആധാരമാക്കിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇന്ന് തകര്‍ച്ചയിലാണ്. ഉയര്‍ന്ന ഉത്പാദനച്ചെലവ്, കുറഞ്ഞ ഉത്പന്നവില, ചൂഷണം നിലനില്‍ക്കുന്ന കമ്പോളവ്യവസ്ഥ എന്നൊക്കെ ഈ അവസ്ഥയെ വിശേഷിപ്പിക്കാന്‍ സാങ്കേതിക പദാവലി ഉപയോഗിക്കാമെങ്കിലും മാറ്റങ്ങളുടെ കാറ്റിന് കരുത്ത് ഏറെയാണ്. കാണേണ്ടവര്‍ ഇതൊന്നും കണ്ടിട്ടും കാണാത്ത മട്ടിലാണ്. ഇതിനുമൊക്കെ അപ്പുറത്ത് അന്തകവിത്തുകള്‍ പോലെയുള്ള ഭീഷണികള്‍ നെല്‍കൃഷിയിയെ ചൂഴ്ന്ന് നില്‍ക്കുന്നുമുണ്ട്.

26-11-07

വില്‍ക്കാനുണ്ട് വയലുകള്‍

”സ്ഥലം വില്പനയ്ക്ക്…” കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പരസ്യപ്പലക കാണാം. ഇങ്ങനെ കൈമറിയുന്നതില്‍ വലിയൊരു പങ്കും വയലേലകളാണ്.

ചുളുവിലയ്ക്ക് ഏക്കര്‍കണക്കിന് ഭൂമി ഒന്നിച്ചുവാങ്ങി തുണ്ടുകളാക്കി മുറിച്ച് വിറ്റാല്‍ കിട്ടുന്ന കൊള്ളലാഭമാണ് ഈ രംഗത്തെ മോഹിപ്പിക്കുന്നതാക്കിമാറ്റിയത്. ഇങ്ങനെ ഹൌസിങ് കോളനികളായി മാറുന്ന സ്ഥലങ്ങളില്‍ നല്ലൊരു പങ്കും വര്‍ഷങ്ങള്‍ മുമ്പുവരെ നല്ല വിളവ് നല്‍കിയ വയലുകളായിരുന്നു. റബ്ബര്‍ ഉള്‍പ്പെടെ ലാഭകരമായ കാര്‍ഷികവിളകള്‍ ഉള്ള സ്ഥലങ്ങളൊന്നും ഇത്തരത്തില്‍ പരിണാമത്തിന് വിധേയമായതുമില്ല.പാലക്കാടൊഴികെ കേരളത്തിലെ നഗരപരിസരങ്ങളിലൊന്നും ഇന്ന് നെല്‍വയലുകള്‍ കണികാണാന്‍പോലും കിട്ടില്ല. വ്യവസായവത്കരണത്തിനുവേണ്ടി സര്‍ക്കാര്‍ പൊന്നുംവിലയ്ക്കെടുത്ത പ്രദേശങ്ങളില്‍ നല്ലൊരു പങ്കും വയലേലകളായിരുന്നു.

പാടങ്ങളില്‍ നിന്ന് നഷ്ടം പതിവായതോടെയാണ് നെല്‍ക്കര്‍ഷകര്‍ മറ്റ് വിളകളിലേക്ക് തിരിഞ്ഞത്. ഇതിനെതിരെ കുപ്രസിദ്ധമായ വിളവെട്ടിനശിപ്പിക്കല്‍ സമരങ്ങളും അവയില്‍ നിന്ന് രാഷ്ട്രീയനേട്ടവുമൊക്കെ ഉണ്ടായി. എന്നാല്‍, നെല്‍ക്കൃഷി നഷ്ടത്തിലാവാനുള്ള സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ആരും മെനക്കെട്ടില്ല.

അതിവേഗമാണ് പാടശേഖരങ്ങളുടെ രൂപം മാറിയത്. ഈ അവസ്ഥയില്‍ പുതിയ നെല്‍വയല്‍സംരക്ഷണ ബില്ലിലെ വ്യവസ്ഥകള്‍ ഫലത്തില്‍ കര്‍ഷകരെ ദ്രോഹിക്കുന്നവയാവുമെന്ന് ദേശീയ കര്‍ഷകസമാജം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപണമുയര്‍ത്തിക്കഴിഞ്ഞു.

കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷമായി കൃഷി നഷ്ടത്തിലാണെന്നും കൃഷിയിടങ്ങള്‍ ഉപയോഗശൂന്യമായെന്നും വരുത്തിത്തീര്‍ക്കാനും സംഘടിതശ്രമം തന്നെയുണ്ടായി. ഇതിന് ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍നിന്നും അകമഴിഞ്ഞ സഹകരണവും കിട്ടി.

തൃശ്ശൂര്‍ ജില്ലയിലെ ഏക്കര്‍കണക്കിന് നെല്‍വയലുകള്‍ ഉപയോഗശൂന്യമാണെന്ന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വിവാദ റിപ്പോര്‍ട്ട് മാത്രം മതി ഉദാഹരണത്തിന്. തദ്ദേശസ്ഥാപനങ്ങള്‍ പോലും അറിയാതെ വയലുകള്‍ കുഴിച്ച് മണ്ണെടുപ്പും മണലെടുപ്പും വ്യാപകമായി. തൃശ്ശൂര്‍ ജില്ലയില്‍ ശക്തന്‍ തമ്പുരാന്‍ രൂപകല്പന ചെയ്ത് കൃഷിതുടങ്ങിയ വയലുകള്‍ പോലും ഇങ്ങനെ മണ്ണ് മാഫിയയുടെ കൈയിലായി. മണ്ണെടുപ്പിലൂടെ കേരളത്തിലെ നെല്‍വയലുകള്‍ നശിപ്പിച്ചതിന് പ്രധാനകാരണക്കാര്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണെന്ന് മൂരിയാട്ടെ നെല്‍വയല്‍ സംരക്ഷണ സമരത്തിന് നേതൃത്വം നല്‍കിയ ‘കര്‍ഷക മുന്നേറ്റ’ത്തിന്റെ ചീഫ് ഓര്‍ഗനൈസര്‍ വര്‍ഗീസ് തൊടുപറമ്പില്‍ ആരോപിക്കുന്നു. വയല്‍ നശിപ്പിക്കലിനെതിരെ കര്‍ഷകര്‍ വിജയംകണ്ട സമരങ്ങളില്‍ ഒന്നായിരുന്നു മൂരിയാട്ടേത്. പക്ഷേ, മറ്റ് മിക്കയിടങ്ങളിലും മറുത്തൊരു വാക്ക് മിണ്ടാന്‍ കര്‍ഷകര്‍ അശക്തരാണ്. വിസ്തൃതമായ വയലില്‍ ഒരറ്റം കുഴിച്ച് മണ്ണെടുത്തുതുടങ്ങുമ്പോഴേക്കും പരിസരത്തെ വയലുകളില്‍ കൃഷി സാധ്യമല്ലാതാകും. അതോടെ തരിശാകുന്ന വയലുകള്‍ കിട്ടിയ വിലയ്ക്ക് കൈമാറാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.

2006ലെ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് നെല്‍വയലുകളുടെ വിസ്തൃതി 2,75,742 ഹെക്ടറിലൊതുങ്ങുന്നു. 1961_62 കാലയളവില്‍ 7,53,009 ഹെക്ടറായിരുന്നു വിസ്തൃതി. 63 ശതമാനമാണ് കുറവുണ്ടായത്. ഉത്പാദനമാകട്ടെ 1961_62 കാലത്ത് 9,88,150 ടണ്‍ ഉണ്ടായിരുന്നത് 2005_06 ആയപ്പോള്‍ 6,29,987 ടണ്ണായി കുറഞ്ഞു. ഉത്പാദന ഇടിവ് 36 ശതമാനം.

യഥാര്‍ത്ഥത്തില്‍ നെല്‍ക്കൃഷി നഷ്ടമാണോ? കേരളം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. നെല്‍ക്കൃഷി ഇല്ലാതാവുന്നത് പരാശ്രയത്വത്തിലേക്കുള്ള മറ്റൊരു മാര്‍ഗമാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. യെപ്പോലുള്ള പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഉത്പാദനച്ചെലവിന് ആനുപാതികമായ വിലകിട്ടിയാല്‍ ഒരൊറ്റ കര്‍ഷകനും നെല്‍ക്കൃഷി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ആദ്യത്തെ കര്‍ഷകോത്തമ പുരസ്കാരം നേടിയ പാലക്കാട് പൊല്‍പ്പുള്ളി ചമ്പ്രോട്ട്കളം വി. വാസുദേവന്‍ സ്വന്തം അനുഭവം സാക്ഷ്യപ്പെടുത്തി പറയുന്നു. പക്ഷേ, നെല്‍ക്കൃഷിയില്‍ നിന്ന് മാന്യമായൊരു വരുമാനം ഇന്ന് കര്‍ഷകന് പ്രതീക്ഷിക്കാനാവില്ല.

നെല്‍വയല്‍_നീര്‍ത്തട സംരക്ഷണബില്ലിന്റെ പരിധിയില്‍ വരുന്ന മേഖലകള്‍

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ ആതി അഥവാ കോരവക്കണ്ടം വയലുകള്‍, കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നീ താലൂക്കുകളിലെ കൈപ്പാട് വയലുകള്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലും അമ്പലപ്പുഴ താലൂക്കിലും ഉള്ള കരപ്പുറം പാടങ്ങള്‍, കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ കൊളക്കായി പാടങ്ങള്‍, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം, തൃശ്ശൂര്‍, ചാവക്കാട്, തലപ്പള്ളി താലൂക്കുകളിലും മലപ്പുറത്തെ പൊന്നാനി താലൂക്കിലുമുള്ള കോള്‍ നിലങ്ങള്‍, കുട്ടനാടന്‍ പാടങ്ങള്‍, മലപ്പുറം ഏറനാട് താലൂക്കിലെ പള്ളിയല്‍ പാടങ്ങള്‍, കൊച്ചി, കണയന്നൂര്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍ മേഖലകളിലെ പൊക്കാളി നിലങ്ങള്‍, പാലക്കാട് ജില്ലയിലെ മുഴുവന്‍ നെല്‍വയലുകള്‍, സംസ്ഥാനത്തെ മധ്യമേഖലയിലെ കുന്നുകളും ഇടയ്ക്കുള്ള കണ്ടങ്ങളും ഇരുപ്പൂനിലങ്ങളും, ഏതെങ്കിലും വന്‍കിട_ചെറുകിട ജലസേചന പദ്ധതിയുടെ ആയക്കെട്ട് പരിധിയിലുള്ള നെല്‍വയലുകള്‍ എന്നിവയെല്ലാം നിര്‍ദിഷ്ട നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്ലിന്റെ പരിധിയില്‍ വരുമെന്ന് കരടുബില്ലില്‍ പറയുന്നു. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതുമുതല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായല്ലാതെ നെല്‍വയലുകള്‍ക്ക് മാറ്റം വരുത്താന്‍ പാടില്ലെന്നും നിലം തരിശിടാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യും.

27-11-07
തരിശാകുന്നു പാടങ്ങള്‍; ദുരിതമൊഴിയാതെ കര്‍ഷകര്‍

കേരളത്തില്‍ ഒരു കിലോഗ്രാം നെല്ല് ഉത്പാദിപ്പിക്കാന്‍ ശരാശരി അഞ്ചര മുതല്‍ ആറര വരെ രൂപയാണ് ചെലവ്. അയല്‍പക്കമായ തമിഴ്നാട്ടിലും കര്‍ണാടകത്തിലുമൊക്കെ ഇത് രണ്ടര മുതല്‍ മൂന്നര വരെ രൂപ മാത്രം. കേരളത്തില്‍ ചെലവിന്റെ 60 ശതമാനം വരെ പോകുന്നത് കൂലിയിനത്തിലാണ്. ഉത്പാദനവും ആവശ്യകതയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുമ്പോള്‍ പോലും ചെലവിന് ആനുപാതികമായ വില കര്‍ഷകന് കിട്ടുന്നില്ല. കാര്‍ഷികേതര ഉത്പന്നങ്ങളില്‍ വിലനിര്‍ണയം നടത്തുന്നത് ഉത്പാദകനാണെങ്കിലും കര്‍ഷകന് വിലനിര്‍ണയത്തില്‍ ഒരു പങ്കുമില്ല.

കഴിഞ്ഞ ഒരു ദശകത്തിനകം ഉത്പാദനച്ചെലവ് 600 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ വിലവര്‍ധന വെറും 90 ശതമാനത്തിലൊതുങ്ങി. ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് ചെലവ് കുറയ്ക്കാന്‍ നമുക്കായില്ല. ഉത്പാദന ക്ഷമത കൂട്ടാനെന്ന പേരില്‍ നടത്തിയ സാങ്കേതിക അഭ്യാസങ്ങള്‍ വേണ്ടത്ര ഫലപ്രദമായതുമില്ല. ലാഭക്കൊതി മൂത്ത് അമിത രാസവള പ്രയോഗം നടത്തിയത് മണ്ണിന്റെ ജൈവ ഘടന പോലും നശിപ്പിച്ചു.

”ഒരു വണ്ടി നെല്ലിന് 70 രൂപയുണ്ടായിരുന്ന കാലത്ത് 17 രൂപയ്ക്ക് ഒരു പവന്‍ സ്വര്‍ണം കിട്ടിയിരുന്നു. ഇന്ന് രണ്ട് വണ്ടി നെല്ലെങ്കിലും വില്‍ക്കണം ഒരു പവന് കാശൊക്കാന്‍” _ ചിറ്റില്ലഞ്ചേരി കാത്താംപൊറ്റയിലെ എം.കോയു കഴിഞ്ഞ ആറ് ദശകങ്ങളില്‍ വന്ന മാറ്റത്തെ താരതമ്യപ്പെടുത്തുന്നു. അക്കാലത്ത് ആണിന് അഞ്ചിടങ്ങഴി നെല്ലും പെണ്ണിന് നാലിടങ്ങഴിയു മായിരുന്നു കൂലി. ഇന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ കൂലിയും യാത്രാപ്പടിയും ഭക്ഷണവുമൊക്കെ നല്‍കിയിട്ടും നടീലിനും കൊയ്ത്തിനും സമയത്ത് ആളെ കിട്ടാനില്ല. ഒരേക്കര്‍ വയല്‍ കൊയ്യാന്‍ കൊയ്ത്തു യന്ത്രം ഉപയോഗിച്ചാല്‍ 1400 രൂപയോളം ചെലവ് വരും. കൊയ്യുന്നത് തൊഴിലാളികളെ ഉപയോഗിച്ചാണെങ്കില്‍ 4000 രൂപയിലേറെ വരും കൂലി.

കൂലി കൂടുതല്‍ കിട്ടുന്നുണ്ടെങ്കിലും ചേറിലും ചെളിയിലും ഇറങ്ങാന്‍ തയ്യാറാകുന്നവര്‍ കുറഞ്ഞുവരികയാണ്. 18_25 പ്രായക്കാരില്‍ ബഹുഭൂരിപക്ഷവും വേറൊരു തൊഴിലും കിട്ടിയില്ലെങ്കിലും പാടത്തെ പണി വേണ്ടെന്ന മട്ടിലുമാണ്.

വയലില്‍ തൊഴിലാളികള്‍ കുറയുമ്പോഴും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ അംഗീകൃത തൊഴിലാളി സംഘടനകള്‍ ശരിക്കും പരിശ്രമിക്കുന്നുണ്ട്. 18 _ 55 പ്രായക്കാരായ 16.5 ലക്ഷം ആളുകള്‍ ഇന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുണ്ട്. പാലക്കാട് ജില്ലയിലാണ് ക്ഷേമനിധി അംഗങ്ങള്‍ ഏറ്റവും കൂടുതല്‍; 2.12 ലക്ഷം.

ആവശ്യത്തിന് പണിക്കാരെ കിട്ടാത്തതുമൂലം സംസ്ഥാനത്ത് ഒരിടത്തും സമയത്ത് കൊയ്ത്ത് നടത്താനാവുന്നില്ല. ഇതുമൂലമുള്ള ഉത്പാദന നഷ്ടം തന്നെ 25 ശതമാനത്തോളം വരുമെന്നാണ് കണക്ക്.

തൊഴിലാളിയെ കിട്ടാനില്ലെങ്കിലും ‘ഇല്ലാത്ത’ തൊഴിലാളിയുടെ ക്ഷേമനിധി വിഹിതം അടയ്ക്കേണ്ട ബാധ്യത കൂടി ഇപ്പോള്‍ കര്‍ഷകനുണ്ട്. ഹെക്ടറിന് 30 രൂപ നിരക്കില്‍ 1997 മുതലുള്ള പത്തുവര്‍ഷത്തെ ക്ഷേമനിധി വിഹിതം കര്‍ഷകരില്‍ നിന്ന് കുടിശ്ശിക തീര്‍ത്ത് പിരിച്ചെടുക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം വന്നുകഴിഞ്ഞു.

തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ തൊഴിലാളിയെ കൂടി കര്‍ഷകന്റെ പങ്കാളിയാക്കുന്ന സമീപനം വേണമെന്നാണ് നിര്‍ദേശം. ഇതിന് നിലവിലുള്ള തൊഴില്‍ സംസ്കാരം മാറണം. യന്ത്രവത്കരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാവുന്ന ഒരു രംഗമാണ് നെല്‍കൃഷി. നടീല്‍ യന്ത്രം മുതല്‍ ചെറുകിട യന്ത്രങ്ങള്‍ ഉപയോഗിച്ച് യന്ത്രവത്കരണം നടപ്പാക്കുകയും മതിയായ പരിശീലനം നല്‍കി തൊഴിലാളികളെ സാങ്കേതിക തൊഴിലാളികളാക്കിയെടുക്കണമെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.

കൊയ്ത്തു യന്ത്രങ്ങള്‍ വ്യാപകമായിത്തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇന്ന് ഇത്തരം യന്ത്രങ്ങള്‍ വേണ്ടത്രയില്ല. വന്‍ മുതല്‍മുടക്ക് വേണ്ട ഇത്തരം യന്ത്രങ്ങള്‍ സര്‍ക്കാര്‍ മുതല്‍മുടക്കി വാങ്ങി അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം കൂടി ഉണ്ടാക്കണമെന്ന് കര്‍ഷകര്‍ നിര്‍ദേശിക്കുന്നുണ്ട്.

പട്ടാമ്പിയില്‍ മധ്യമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം വാങ്ങിയ കൊയ്ത്തു യന്ത്രം മണിക്കൂറിന് വെറും 800 രൂപയ്ക്ക് കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കിയിട്ടുപോലും കഴിഞ്ഞ സീസണില്‍ നേടിയത് രണ്ടര ലക്ഷം രൂപയാണ്. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും എത്തുന്ന കൊയ്ത്തു യന്ത്രങ്ങള്‍ പാതയോരത്ത് ആവശ്യക്കാരെ കാത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതുവഴി ഓരോ കൊയ്ത്തു സീസണിലും ഈ സംസ്ഥാനങ്ങളിലേക്കൊഴുകുന്നത് കോടികളാണ്.

വിത്തിനും വളത്തിനും കീടനാശിനികള്‍ക്കും ചെലവഴിക്കേണ്ടിവരുന്ന തുകയിലും വന്‍ വര്‍ധനവുണ്ടായി. അതത് പ്രദേശങ്ങളില്‍ നിന്ന് നല്ല വിത്ത് സംഭരിച്ച് കര്‍ഷകര്‍ക്ക് നല്‍കാന്‍ പോലും കൃഷി വകുപ്പിന് ആവുന്നില്ല എന്ന പരാതിയും ഉണ്ട്. ഇവിടത്തെ വിത്തിനങ്ങളൊന്നും പറ്റില്ലെന്നും അത്യുത്പാദനശേഷിയുള്ളവ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തണമെന്നും പറഞ്ഞു പഠിപ്പിച്ച് അധികൃതര്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണെന്ന് കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡീന്‍ ആയിരുന്ന പാലക്കാട്ടെ ഡോ. പി. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തുന്നു. പുറത്തുനിന്നുവന്ന വിത്തുകള്‍ക്ക് ആറുതവണ വരെ കീടനാശിനി പ്രയോഗം വേണ്ടിവന്നു. രാസവളങ്ങളുടെ വിലക്കയറ്റം താങ്ങാനാവാത്തതായി. ഒപ്പം ആവശ്യത്തിന് കിട്ടാത്ത സ്ഥിതിയും കൂടിവന്നു.

കര്‍ഷകന്റെ ചെലവ് പരമാവധി കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് നമുക്ക് വേണ്ടതെന്നും ഇതിനായി പ്രാദേശിക വിത്തിനങ്ങളുടെ അത്യുത്പാദന ശേഷിയുള്ള സങ്കര ഇനങ്ങള്‍ ഉപയോഗിക്കണമെന്നും ഡോ. ചന്ദ്രശേഖരന്‍ നിര്‍ദേശിക്കുന്നു.

28-11-07
പദ്ധതിപ്രഖ്യാപനങ്ങള്‍ക്ക് നൂറുമേനി

പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ നെല്‍ക്കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പയും ഭൂവിനിയോഗത്തിന്റെ അടിസ്ഥാനത്തില്‍ നെല്‍ക്കര്‍ഷകര്‍ക്ക് ഗ്രീന്‍കാര്‍ഡുമായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയുണ്ടായ പ്രഖ്യാപനങ്ങള്‍. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു ഈ വാക്കുകള്‍. നെല്‍ക്കൃഷി വികസനത്തിന് കേരളശ്രീ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഈ പ്രഖ്യാപനങ്ങളുടെ സ്ഥിതിയെന്തെന്നു മാത്രം ഇന്നും ആര്‍ക്കും അറിയില്ല.
നെല്‍വയലുകളെക്കുറിച്ചുള്ള പദ്ധതിപ്രഖ്യാപനങ്ങള്‍ക്ക് എന്നും നൂറുമേനിയാണ്. പ്രഖ്യാപനങ്ങളൊക്കെ കേട്ടതിനേക്കാള്‍ വേഗത്തില്‍ മറക്കാനുള്ളതാണെന്നും അനുഭവത്തിലൂടെ കര്‍ഷകര്‍ പഠിച്ചുകഴിഞ്ഞു.
കുട്ടനാട്ടിലെ നെല്‍ക്കൃഷിമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രം ഇതുവരെയും വന്നു പോയത് പതിമൂന്നു കമ്മീഷനുകളാണ്. റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ എത്രമാത്രം പരിഗണിക്കപ്പെട്ടുവെന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് സംശയമുണ്ട്.
കേരളപ്പിറവിക്കുശേഷം ഇത്രയേറെ കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞിട്ടും മൌലിക പ്രശ്നങ്ങള്‍ ഉത്തരമില്ലാതെ തുടരുകയാണെന്ന് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി അംഗം എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ. അഭിപ്രായപ്പെടുന്നു.

കാര്‍ഷിക വികസനത്തിന് സുസ്ഥിരമായ പദ്ധതികള്‍ ഒന്നും കൊണ്ടുവരാനായില്ല. പകരം, അപ്പപ്പോഴത്തെ പ്രശ്നം പരിഹരിക്കുക മാത്രമായിരുന്നു ലക്ഷ്യം. വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്ന പദ്ധതികളുടെ തുടര്‍ പദ്ധതികളല്ലാതെ പുതിയതൊന്നും അവകാശപ്പെടാനോ ശാസ്ത്രീയകൃഷിരീതികള്‍ അവലംബിക്കാനോ ശ്രമമുണ്ടായില്ല. അറുപത് ലക്ഷത്തിലേറെപ്പേര്‍ നേരിട്ടാശ്രയിക്കുന്ന കാര്‍ഷിക മേഖലയ്ക്കുള്ള പദ്ധതിവിഹിതം താരതമ്യേന കുറവുമാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കാര്‍ഷിക മേഖലയ്ക്കുള്ള പദ്ധതിവിഹിതം, അതിന്റെ വിനിയോഗം, പദ്ധതി വിഹിതം ചെലവഴിക്കാനുപയോഗിച്ച പദ്ധതിയിതര തുക, മൂലധന നിക്ഷേപം എന്നിവ പരിശോധിച്ചാല്‍ മാത്രം നെല്‍ക്കൃഷിക്ക് നാം നല്‍കിയ ‘മഹത്തായ’ സംഭാവന വ്യക്തമാകുമെന്നും എം.എല്‍.എ. പറഞ്ഞു.
സമയബന്ധിതമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലെ കുറ്റകരമായ അനാസ്ഥ ശിക്ഷാര്‍ഹം തന്നെയാണ്. പദ്ധതിവിഹിതത്തിന്റെ സിംഹഭാഗവും സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ ചെലവഴിച്ച് തീര്‍ക്കുകയാണ് പതിവ്. നബാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെ പദ്ധതികളൊന്നും നടപ്പാക്കിയെടുക്കാനും ശ്രമമുണ്ടാവുന്നില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെപ്പോലെ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ക്ക് കഴിയാതെ പോകുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം കേന്ദ്രത്തിന്റെ ഭക്ഷ്യസുരക്ഷാമിഷന്‍ പദ്ധതിയില്‍ കേരളം ഉള്‍പ്പെടാതെ പോയതാണ്.
ആദ്യത്തെ ജില്ലാ പഞ്ചായത്തിന്റെ കാലത്ത് പാലക്കാട്ടെ തേങ്കുറുശ്ശിയില്‍ നടപ്പാക്കിയ ഗാലസ (ഗ്രൂപ്പ് അപ്രോച്ച് ഫോര്‍ ലോക്കലി അഡാപ്റ്റഡ് ആന്‍ഡ് സസ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍) വന്‍ വിജയമാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഈ പദ്ധതി ധൈര്യപൂര്‍വം ഏറ്റെടുത്തുനടത്താന്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിയാതെ പോയി. ഇത്തരം മാതൃകാ പദ്ധതികള്‍ ഏറ്റെടുത്തു നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കൂട്ടായ ശ്രമമുണ്ടായില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി. വിജയദാസ് പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി വിജയം കണ്ട പദ്ധതികള്‍ മിക്കതിന്റേയും അവസ്ഥ ഇതിനു സമാനമാണ്.
നെല്‍ക്കൃഷി മേഖലയില്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമില്ലാത്തത് ഗുണഫലം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുന്നതിനിടയാക്കുന്നുണ്ടെന്ന് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കുട്ടനാട്ടുകാര്‍ക്ക് അവസാന പ്രതീക്ഷയായി വന്ന ഈ റിപ്പോര്‍ട്ട് പോലും യഥാസമയം കേന്ദ്രത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടിയെടുക്കാനായിട്ടില്ല. 1839.75 കോടിയുടെ പുനരുദ്ധാരണ പദ്ധതികള്‍ നിര്‍ദേശിക്കുന്ന എം.എസ്. സ്വാമിനാഥന്റെ റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉറപ്പുണ്ടായിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. ഈ റിപ്പോര്‍ട്ടിനെ സ്വന്തം വഴിക്കു തിരിച്ചുവിടാന്‍ തത്പര കക്ഷികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ ഉണ്ടെന്നും നിഷ്പക്ഷരായ കര്‍ഷകര്‍ പറയുന്നു.

29-11-07
കെണിയാവുന്ന കടം

നെല്‍ വയലില്‍ കീടങ്ങളെ ഒടുക്കാന്‍ വാങ്ങിവെച്ച കീടനാശിനി സ്വന്തം ജീവനൊടുക്കാനും ഉപയോഗിക്കേണ്ടിവരുന്ന കര്‍ഷകന്റെ മാനസികാവസ്ഥ എന്താണ്? കര്‍ഷക ആത്മഹത്യകള്‍ പതിവു വാര്‍ത്തയായിക്കഴിഞ്ഞ കേരളം ഇനിയും ഇത്തരമൊരു അന്വേഷണത്തിന് തയ്യാറായിട്ടില്ല. അതേസമയം, അഖിലേന്ത്യാതലത്തില്‍ ഏറെ പഠനങ്ങളും ഉണ്ടായിട്ടുണ്ട്.

വിതയ്ക്കുന്നതുമുതല്‍ കൊയ്തെടുക്കുംവരെ ഓരോ ഘട്ടത്തിലും വായ്പയെ ആശ്രയിച്ചാണ് കര്‍ഷകന്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാനത്ത് ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട ഭൂപരിഷ്കരണം ദുരിതം വിതച്ചത് പ്രധാനമായും നെല്‍വയലുകളിലാണ്. നിശ്ചിത ഭൂപരിധിക്കകത്ത് മാത്രം കൃഷിയുണ്ടായിരുന്ന കര്‍ഷക കുടുംബങ്ങളില്‍ ഭൂരിപക്ഷത്തിനും ഇന്ന് രണ്ടുതലമുറ പിന്നിടുമ്പോഴേക്കും കൈയിലുള്ളത് ചെറിയ തുണ്ടു ഭൂമി മാത്രം. ഇത്തരം ചെറു ഭൂമികളില്‍ ഫലപ്രദമായി ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിക്കാനാവുന്നില്ല. ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട സഹകരണ കൃഷിയുടെ ശബ്ദംപോലും ഇന്ന് കേള്‍ക്കാനില്ല. നെല്‍ക്കൃഷിക്കാര്‍ അങ്ങനെ കടംകയറി മുടിയാന്‍ വിധിക്കപ്പെട്ടവരായി.

ഈ പരിതസ്ഥിതിയില്‍ കാലാവസ്ഥ ചതിച്ചാല്‍ ഒന്നും കൈയിലില്ലാത്ത അവസ്ഥയിലാവും കര്‍ഷകര്‍. ഇത് കടംവാങ്ങി കൊണ്ടേയിരിക്കാന്‍ കര്‍ഷകനെ നിര്‍ബന്ധിതനാക്കും. കൊയ്ത്തുകഴിഞ്ഞാല്‍ കടം വാങ്ങിയത് തിരികെ കൊടുക്കാന്‍പോലും തികയാത്ത ബാധ്യത വര്‍ഷങ്ങള്‍ കഴിഞ്ഞാലും കര്‍ഷകനെ പിന്തുടരും.

കൃഷികൊണ്ടുമാത്രം ജീവിക്കുന്ന ഒരു കുടുംബമാണെങ്കില്‍ വീട്ടിലെ വിവാഹവും ജനനവും മരണവുമൊക്കെ കടങ്ങളില്‍ നിന്ന് കടങ്ങളിലേക്ക് നയിക്കും. കര്‍ഷകനെ സഹായിക്കാന്‍ ബാധ്യതപ്പെട്ട പൊതു ധനകാര്യ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സാങ്കേതിക നൂലാമാലകള്‍ നിരത്തുന്നതോടെ ബ്ലേഡ് സംഘങ്ങളുടെ കെണിയിലാകും കര്‍ഷകന്‍ ചെന്നു വീഴുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ തെളിവെടുപ്പ് നടന്ന ജില്ലകളില്‍ കര്‍ഷകര്‍ നിരത്തിയ ദുരിത കഥകള്‍ ഏറെയായിരുന്നു.

ദേശസാല്‍കൃത ബാങ്കുകളും ഒട്ടേറെ സഹകരണ സ്ഥാപനങ്ങളും സ്വന്തം കാര്യം നോക്കുക മാത്രമാണ് ചെയ്യുന്നതെന്നും നെല്‍ക്കര്‍ഷകരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥ കാണിക്കുന്നതായും ഉള്ള ആരോപണത്തിന് ഏറെ പഴക്കമുണ്ട്. ‘കാര്‍ഷിക വായ്പ’യെ സംബന്ധിച്ച് പുനര്‍നിര്‍വചനം വേണമെന്ന് കര്‍ഷകര്‍ വാദിക്കുന്നു. കൃഷി പ്രധാന ജീവിതമാര്‍ഗമായ ആളെ കര്‍ഷകനായി കരുതുകയും അയാളുടെ വായ്പ ആവശ്യങ്ങള്‍ കാര്‍ഷിക വായ്പയായി കരുതണമെന്നുമാണ്ആവശ്യം. പക്ഷേ, തറവാട്ടുവകസ്ഥലത്ത് കൃഷി നടത്തുന്നവനും പാട്ടക്കൃഷിക്കാരനുമൊക്കെ വായ്പ ലഭിക്കുവാന്‍ തടസ്സങ്ങള്‍ ഏറെയാണ്. കര്‍ഷകര്‍ക്ക് വിത്തിനും വളത്തിനും അനുവദിക്കുന്ന സബ്സിഡികളുടെ ഗുണഫലം പോലും പൂര്‍ണമായി കര്‍ഷകനു കിട്ടാത്ത അവസ്ഥയാണ്. കൃഷിഭവനുകള്‍ വഴി കെട്ടിയേല്പിക്കപ്പെടുന്ന ജൈവവളം ഏറ്റെടുക്കാനുള്ള ബാധ്യത കര്‍ഷകര്‍ നിറവേറ്റുന്നതുപോലും കടം വാങ്ങിയ പണം കൊണ്ടുതന്നെ.

കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രത്യാശ വളര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ വായ്പകളുടെ തിരിച്ചടവിനെപ്പോലും ബാധിക്കുന്നതായി സഹകരണ സ്ഥാപനങ്ങള്‍ പറയുന്നുണ്ട്. വിവിധ പദ്ധതികള്‍ വഴിയുള്ള വായ്പ പുനഃക്രമീകരണവും കര്‍ഷകനെ ദീര്‍ഘകാല കടക്കാരനാക്കി മാറ്റാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ.

സംസ്ഥാനത്തെ 508 സഹകരണ സംഘങ്ങള്‍ കൃഷിവായ്പ നല്‍കുന്നില്ലെന്ന് സഹകരണമന്ത്രി ജി.സുധാകരന്‍ തന്നെ ചൂണ്ടിക്കാട്ടി. ധനകാര്യ സ്ഥാപനങ്ങളുടെ സഹായം കര്‍ഷകന് വേണ്ടത്രയില്ലെന്നതിന്റെ വ്യക്തമായ തെളിവാണത്.

അതേസമയം, കാര്‍ഷികവായ്പയിലും തരിശിടങ്ങള്‍ പാട്ടക്കൃഷിയിലൂടെ പുനരുജ്ജീവിപ്പിക്കുന്നതിലും കുട്ടനാട്ടില്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം മുമ്പ് കുട്ടനാട് വികസന സമതി തുടങ്ങിവെച്ച പരീക്ഷണം വന്‍ വിജയമായി മാറുകയാണ്. മനംമടുത്ത് കൃഷി ഉപേക്ഷിച്ചവര്‍ പോലും വീണ്ടും കൃഷി തുടങ്ങാന്‍ തയ്യാറായി വന്നുതുടങ്ങിയതായി പീലിയാനിക്കല്‍ അച്ചന്‍ പറഞ്ഞു. കുട്ടനാട്ടുകാരന്‍ കൃഷി ഉപേക്ഷിച്ചാല്‍ പകരം ആരും വരാനില്ലെന്ന തിരിച്ചറിവാണ് വികസന സമിതിയെ ഇതിനു പ്രേരിപ്പിച്ചത്.

കുട്ടനാട്ടിലെ പരീക്ഷണം കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ നൂറ്റമ്പതിലേറെ സംഘങ്ങളിലായി ആയിരത്തിഇരുനൂറിലേറെ കര്‍ഷകര്‍ പാട്ടഭൂമിയില്‍ നെല്ല് വിളയിക്കുന്നു. അറുപതും എഴുപതും ശതമാനം പലിശയ്ക്ക് ബ്ലേഡുകാരില്‍ നിന്ന് വായ്പയെടുത്തു തകര്‍ന്ന കുട്ടനാട്ടിലെ വായ്പസംസ്കാരം മാറ്റിമറിച്ചതാണ് ഈ പരീക്ഷണത്തിന്റെ പ്രധാന നേട്ടം. ഒപ്പം താന്‍ ഒറ്റയ്ക്കല്ലെന്ന തോന്നല്‍ കര്‍ഷകരില്‍ ഉണ്ടാക്കിയെടുക്കാനുമായി.

കേരളമെങ്ങും കര്‍ഷകര്‍ കടക്കെണിയില്‍ ഉഴലുമ്പോള്‍ കുട്ടനാട്ടില്‍ കടമെടുത്ത കര്‍ഷകരില്‍ 90 ശതമാനവും കൃത്യമായി വായ്പതുക തിരിച്ചടയ്ക്കുന്നുവെന്ന് എസ്.ബി.ടി. ശാഖാ മാനേജര്‍ എം. പരമേശ്വരന്‍ സാക്ഷ്യപ്പെടുത്തുന്നു. സഹായസംഘങ്ങളുടെ പിന്തുണയോടെ പാട്ടക്കൃഷിക്ക് ബാങ്ക് വായ്പ നല്‍കുന്നത് ഇത് മൂന്നാം വര്‍ഷമാണ്.

പാട്ടക്കൃഷിയില്‍ കുടുംബശ്രീകളും കഴിവ് തെളിയിച്ച് രംഗത്തുണ്ട്. വനിതകള്‍ നെല്‍ക്കര്‍ഷകരാവുന്നില്ലെന്ന പതിവുകൂടിയാണ് ഇതുവഴി തിരുത്തപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം 2270 കുടുംബശ്രീ യൂണിറ്റുകള്‍ 4500 ഏക്കറില്‍ കൃഷിയിറക്കുന്നുണ്ട്.

അതേസമയം, കടക്കെണിയില്‍ അകപ്പെട്ട് കര്‍ഷകര്‍ കൃഷിഭൂമിയില്‍നിന്ന് കുടിയിറങ്ങുന്നതും കാത്ത് റീട്ടെയില്‍ കമ്പനികള്‍ കളത്തിനു വെളിയില്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സമൂഹത്തോട് സര്‍ക്കാറിന് ബാധ്യതയുണ്ടാവേണ്ട മേഖലകളാകെ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തിരക്കില്‍ കാര്‍ഷികമേഖലയുടെ കാര്യം സകലരും മറക്കുന്നതില്‍ തെല്ലും അത്ഭുതപ്പെടാനില്ല.

30-11-07
കൃഷി നിലനിര്‍ത്തേണ്ട ബാധ്യത ആര്‍ക്ക് ?

പ്രതികൂല പരിതസ്ഥിതികള്‍ക്കിടയിലും നെല്‍വയലുകളെയും കൃഷിയേയും സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണെന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. കൃഷി സംരക്ഷിക്കേണ്ട ബാധ്യത കര്‍ഷകന് മാത്രമാണെന്ന അവസ്ഥയാണിന്നുള്ളത്. കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന ധാരണ ഇനിയും രൂപപ്പെടുത്തിയെടുക്കാനായിട്ടില്ല.

യഥാര്‍ഥ കര്‍ഷകന്‍ ആരെന്ന് ഇനിയും നിര്‍വചിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ബഹുഭൂരിപക്ഷത്തിന്റെയും ഏക ഉപജീവനമാര്‍ഗമെന്ന സ്ഥാനം നെല്‍കൃഷിക്ക് ഇന്നില്ല. മറ്റെന്തെങ്കിലും മാന്യമായ വരുമാന മാര്‍ഗമുള്ളവനേ നെല്‍കൃഷി കൊണ്ടുനടക്കാനാകുന്നുള്ളൂ. അതല്ലെങ്കില്‍ കൂടിയ വിസ്തൃതിയില്‍ വയലുകളും ഒപ്പം മറ്റെന്തെങ്കിലും വരുമാനവും കൂടി ഉണ്ടെങ്കിലേ നല്ലനിലയില്‍ ജീവിക്കാനാവൂ.

ഒരേക്കര്‍ വയലില്‍ വിളവിറക്കുന്നതിനേക്കാള്‍ ലാഭം അതുപാട്ടത്തിനു കൊടുക്കുന്നതാണെന്നാണ് പുതിയ കണ്ടെത്തല്‍. പരമ്പരാഗത കര്‍ഷകരില്‍ നല്ലൊരു പങ്ക് കൃഷിയൊഴിയാന്‍ ഇതു കാരണമാവുന്നുമുണ്ട്. പക്ഷേ, ഭൂമി പാട്ടത്തിനുകൊടുത്താല്‍ പഴയ തലമുറ വലഞ്ഞതുപോലുള്ള അവസ്ഥ വന്നുചേരുമോ എന്ന് ഭയക്കുന്നവരും കുറവല്ല. ഇത്തരം ഭീതിമൂലം കാസര്‍കോട് ജില്ലയുള്‍പ്പെടെ പലേടത്തും ഭൂമി പാട്ടത്തിനു കൊടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല.

എഴുപതുകളില്‍ സംഭവിച്ച കാര്‍ഷിക വിപ്ലവത്തിന്റെ അലകള്‍ നെല്‍വയലുകളിലും എത്തിയെങ്കിലും അതിന്റെ ഗുണഫലം പൂര്‍ണമായി കൈവരിക്കാനായിട്ടില്ല. ജലസേചന സൌകര്യവും അത്യുത്പാദന ശേഷിയുള്ള വിത്തുകളും രാസവളങ്ങളുമൊക്കെയാണ് ഹരിതവിപ്ലവത്തിന്റെ വിജയത്തിനു ശക്തിപകര്‍ന്നതെങ്കില്‍ രാസവള പ്രയോഗം വര്‍ധിപ്പിച്ച് ഉത്പാദനം കൂട്ടിയതു മാത്രമാണ് കേരളത്തിലെ വയലുകളുടെ പ്രധാന നേട്ടം.

സംസ്ഥാനത്ത് ഏറ്റവുമധികം ഡാമുകളുള്ള പാലക്കാട്ടു പോലും ഒരു ജലസേചന കലണ്ടര്‍ രൂപപ്പെടുത്താന്‍ നമുക്കായിട്ടില്ല. പാതിവഴിയിലുള്ള ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോഴേക്കും ആയക്കെട്ട് പ്രദേശത്തെ നല്ലൊരു പങ്ക് വയലുകള്‍ നികത്തിക്കഴിഞ്ഞിരിക്കും. കൃഷിക്കാരുമായി ഏകോപിച്ച് വേണ്ട സമയത്ത് വെള്ളമെത്തിക്കാന്‍ പലപ്പോഴും ജലസേചന വകുപ്പിന് ആവുന്നില്ല. കേരളത്തിലെ നെല്‍കൃഷിയുടെ ശക്തിയും ദൌര്‍ബല്യവും വെള്ളമാണ്. ഇത് തിരിച്ചറിയാന്‍ പോലും നമ്മുടെ ഭരണനേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അറ്റകുറ്റപ്പണി സമയത്തിന് നടക്കാത്ത കനാലുകളും കുട്ടനാട്ടിലെ തകര്‍ന്ന ബണ്ടുകളും. കേരളത്തില്‍ ജലസേചന പദ്ധതികള്‍ക്കായി വിനിയോഗിച്ച തുകയും ആയക്കെട്ടിന്റെ വിസ്തൃതിയും കണക്കാക്കിയാല്‍ ഒരേക്കറിന് ശരാശരി ഒന്നരലക്ഷത്തോളം ഇതുവരെയും മുടക്കിക്കഴിഞ്ഞതായാണ് കണക്കുകള്‍. എന്നിട്ടും നാം എവിടെയെങ്കിലും ഫലപ്രാപ്തി കൈവരിച്ചോ?

നെല്‍കൃഷി ലാഭകരമാക്കാന്‍ കാലാവസ്ഥയിലേയും ഭൂപ്രകൃതിയിലേയും പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് നെല്ല് അടിസ്ഥാന വിളയായ കൃഷിരീതിയാണ് അവലംബിക്കേണ്ടതെന്ന് കുമരകം മേഖലാ നെല്‍കൃഷി ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസര്‍ ഡോ.കെ.ജി. പത്മകുമാര്‍ പറയുന്നു. ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നതിനു പകരം സംയോജിത കൃഷിരീതിയും വിളപരിക്രമവും വഴി കൂടുതല്‍ നേട്ടങ്ങള്‍ക്കായി ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളുടെ ചേരുവ കണ്ടെത്താനുമാവണം.

കേരളത്തില്‍ നെല്‍കൃഷിക്ക് ഉത്പാദന മേഖല എന്നതിലുപരി നീര്‍ത്തടമെന്ന പ്രാധാന്യം കൂടിയുണ്ട്. ഇത് അംഗീകരിച്ചുവേണം വികസന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ജില്ലകളില്‍ പോലും ഇത്തരം മുന്‍ഗണനകള്‍ വേണ്ടവിധം നടപ്പാവുന്നില്ല.

കര്‍ഷകന്റെ ഉത്പന്നത്തിന് മികച്ച വില ലഭിക്കാത്ത പ്രശ്നം ഇന്നും സജീവമാണ്. ഈ വര്‍ഷം പ്രഖ്യാപിച്ച സംഭരണ വിലയായ ഒമ്പതുരൂപ ഏറെ സഹായകരമാണെങ്കിലും വടക്കന്‍ ജില്ലകള്‍ക്ക് ഈ ആനുകൂല്യമില്ല. സംഭരണ വിലയുടെ മുഴുവന്‍ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. നെല്ലിന്റെ സംഭരണ വില ക്വിന്റലിന് എഴുന്നൂറ്റമ്പതുരൂപയായി കേന്ദ്രം ഉയര്‍ത്തി നിശ്ചയിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം പ്രത്യേകം താങ്ങുവില പ്രഖ്യാപിക്കുന്നതിന് പകരം കേന്ദ്രം പ്രഖ്യാപിക്കുന്ന വിലയുടെ നൂറ്റമ്പതുശതമാനം അധികമായി നിശ്ചയിച്ച് ഇവിടെ നെല്ല് സംഭരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഡോ. പത്മകുമാര്‍ പറയുന്നു.

എന്നാല്‍ നെല്‍കൃഷിയെ എല്ലാകാലവും താങ്ങിനിറുത്തുന്നതിനെക്കാള്‍ അത് ലാഭകരമായി മാറ്റാനുള്ള നടപടികളാണ് വേണ്ടത്. അരിക്കൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടി കമ്പോളത്തില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാവണം. നെല്ല് സംഭരണത്തിലെന്നപോലെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കാര്യത്തിലും പ്രാഥമിക സഹകരണസംഘങ്ങളെ കൂടി ഏകോപിപ്പിക്കുന്നത് ഏറെ ഗുണകരമാവും. ബസുമതി അരിക്ക് ഉയര്‍ന്ന വിലയും വിപണിയും കണ്ടെത്താനായതുപോലെ വയനാടിന്റെ സുഗന്ധ ഇനങ്ങളായ ജീരകശ്ശാല, ഗന്ധകശാല എന്നിവയ്ക്കും പാലക്കാടന്‍ മട്ടയ്ക്കും വിദേശ വിപണി കണ്ടെത്താനാവും. നെല്ലിനും അരിക്കും സംസ്ഥാനത്തിനു പുറത്ത് പ്രത്യേക ഇനമെന്ന നിലയില്‍ പുതിയ വിപണി കണ്ടെത്താനാവും. പക്ഷേ, ഇതിനെല്ലാം യോജിച്ച ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രമങ്ങള്‍ വേണം.

ആഭ്യന്തരമായ ഇത്തരം പ്രശ്നങ്ങള്‍ക്കപ്പുറം ‘അന്തക വിത്ത്’ ഉള്‍പ്പെടെയുള്ളവയുടെ പരീക്ഷണത്തിന് പാലക്കാട് അടക്കമുള്ള പ്രദേശങ്ങളിലെ നെല്‍വയലുകള്‍ ലഭ്യമാക്കാന്‍ ബഹുരാഷ്ട്ര കുത്തകകളുടെ ശ്രമം തുടരുകയാണ്. അന്തക വിത്തുകള്‍ പരീക്ഷിക്കുന്നതിന് കേരളം വേദിയായാല്‍ ആദ്യം നശിക്കുന്ന ജില്ല പാലക്കാടാവും. സമൂഹത്തിന്റെ പൊതുസ്വത്തായിരുന്ന വിത്തുകള്‍ കുത്തകകളുടേതായി മാറുകയാണെന്ന് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. ആസുരമായ ഉത്പന്നങ്ങള്‍ക്കായി കര്‍ഷകനുമേല്‍ സമ്മര്‍ദം ഏറുകയാണ്. നെല്‍വയലുകള്‍ ഇല്ലാതാവുന്നതോടെ ഭക്ഷ്യസുരക്ഷ അപകടത്തിലാവും. വിത്ത് ഉത്പാദനം വന്‍ വ്യവസായമായി മാറിയ ആധുനിക കാലത്ത് പുതിയ വിത്തുകള്‍ക്ക് ഇല്ലാത്തത് മണ്ണിന്റെ സ്വാദും മണവുമാണ്. വയലുകളില്‍ നിന്ന് ഈ സ്വാദും മണവും നഷ്ടമാവുന്നതോടേ കൃഷി ജീവിതമായിരുന്ന കാലവും ഓര്‍മ്മയാവും.

Advertisements

3അഭിപ്രായങ്ങള്‍

Filed under കൃഷി, കേരളം, ഭക്ഷണം, മാധ്യമം

3 responses to “നെല്‍കൃഷി – കടപ്പാട് മാതൃഭൂമി

  1. mukkuvan

    good article. I had posted a similar post in my website few months back. the data which I written was taken from my experience.

    http://mukkuvan.blogspot.com/2007/07/blog-post.html

  2. 1985 -ല്‍ പെന്‍ഷനായി വന്ന എനിക്ക് നെല്‍കൃഷി വളരെ ലാഭകരമായിരുന്നു. അന്നത്തെ ഒരു പുരുഷതൊഴിലാളിയുടെ വേതനം ഇരുപത് രൂപയും ഒരു പറ നെല്ലിന് വില മുപ്പത് രൂപയും. ഒരു പറ നെലം കൊയ്യാന്‍ ആറ് കൊറ്റ് അല്ലെങ്കില്‍ മൂന്നു പറ നെല്ല്. രാവിലെ ആറര മണിക്കു വരുന്ന തൊഴിലാളി ഒന്നരയാളിന്റെ ശമ്പളത്തിന് തുല്യമായ നെല്ലുമായി ഉച്ചയോടെ തിരികെ പോകുമായിരുന്നു. നേരം പുലരുന്നതിന് മുമ്പ് കൊയ്യാനായി മത്സരിച്ച് പാടത്തിന് കരയില്‍ കാവലിരിക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു. അഞ്ചടി ഉയരമുള്ള നെല്‍ച്ചെടിയുടെ വയ്കോല്‍ മതിയായിരുന്നു കൃ​ഷി ചെലവിന്. 1990 ന് ശേഷം വളര്‍ന്ന മാറ്റം സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളിയുടെ വേതനവും വര്‍ദ്ധിച്ചു. അതോടൊപ്പം വിളവ് നല്‍കാത്ത പുതിയ ഇനം നെല്‍ വിത്തുകള്‍ കൃഷിയെ നഷ്ടത്തിലാക്കി. ആഗോളീകരണത്തിന്റെ ഭാഗമായി ഉണ്ടായ കയറ്റുമതി ഇറക്കുമതികള്‍ പ്രശ്നം കൂടുതല്‍ വഷളാക്കി. 1994 മുതല്‍ നെല്ലും വയ്കോലും വിറ്റാലും കൊയ്ത് കൂലിക്ക് തികയാതെ വന്നപ്പോള്‍ 4 വര്‍ഷം ഞാനും എന്റെ കര്‍ഷക തൊഴിലാളിയായിരുന്ന പൊന്നുവും കൂടി നാലര പറനിലം മൂന്നു ദിവസം കൊണ്ട് കൊയ്തിരുന്നു. തുച്ഛമായി ലഭിച്ചിരുന്ന നെല്ലും പശുക്കള്‍ക്ക് വയ്കോലും കിട്ടിയത് പാഴായ സ്വന്തം അധ്വാനത്തിന് അല്പമൊരാശ്വാസം നല്‍കിയിരുന്നു. പശുവളര്‍ത്തലും നഷ്ടമായി തുടങ്ങിയതോടെ രണ്ട് നഷ്ടം ഒരുമിച്ച് സഹിക്കാന്‍ കഴിയാത്തതിനാല്‍ (ഇംഗ്ലീഷിലെ ബ്ലോഗ് പോസ്റ്റ്) നെല്‍ വയല്‍ തരിശിട്ടു. അപ്പോഴേക്കും മറ്റു വയലുകള്‍ തെങ്ങിന്‍ തോപ്പുകളായി.
    ഇന്നെന്റെ പശുക്കള്‍ റബ്ബര്‍ തോട്ടത്തിലെ കള നിയന്ത്രകരാണ്. വേനലില്‍ ഉണക്ക ഓല അവയ്ക്ക് ആഹാരവും. ഞാനും കുടുംബവും വെളിച്ചെണ്ണയും, പശുവിന്‍ പാലും ആവശ്യത്തിന് കഴിക്കുന്നു. ഒരിക്കല്‍ എന്റെ മകന് ത്വക്ക് രോഗം വന്നപ്പോള്‍ കൊളസ്ട്രോള്‍ കൂടുതലാണ് അതിനാല്‍ കൊഴുപ്പുള്ള ആഹാരം കഴിക്കരുത് എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവന് ദിവസവും പാല്‍ കുടിക്കാന്‍ കൂടിയേ തീരൂ. സംശയം കൊണ്ട് ഈ ഇടയ്ക്ക് അവന്റെ കൊളസ്ട്രോള്‍ ഹരിശോധിച്ചപ്പോള്‍ ഒരു കുഴപ്പവും ഇല്ല. ഇതില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് മണ്ണിലെ മൂലകങ്ങള്‍ പരിപാലിച്ചാല്‍ (പ്രത്യേകിച്ചും മഗ്നീഷ്യം) മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണ്.

  3. ഇരുപതു വര്‍ഷം മുമ്പുവരെ ഒരു കര്‍ഷക തൊഴിലാളിക്ക് ലഭിച്ചിരുന്ന ശമ്പളത്തില്‍ അന്‍പതു ശതമാനവും നാലംഗങ്ങളുള്ള ചെറിയ കുടുംബത്തിന് ഒരു ദിവസത്തെ ആഹാരത്തിന്റെ മുഖ്യ ഘടകമായ അരിയുടെ വിലയായി നല്‍കേണ്ടി വന്നിരുന്നു. ആ സമയത്ത് അവര്‍ക്ക് നെല്ല് കൊയ്ത് കൂലിയായി ലഭിച്ചിരുന്നത് കൂടുതല്‍ ആദായകരവും ആയിരുന്നു. അതിന് ആനുപാതികമായിട്ടായിരുന്നു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. തൊഴിലാളിക്ക് ലഭിക്കുന്ന ഇരുന്നൂറ്റി അന്‍പതു രൂപയില്‍ നാലംഗ കുടുംബത്തിന് ഒരു ദിവസത്തേക്ക് മുന്തിയ ഇനം അരി വാങ്ങുവാന്‍ ഇരുപത്തഞ്ച് രൂപമതി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w