നവംബര്‍ 24 ശനി

നമ്മുടെ കന്നുകാലികള്‍ മികച്ചതുതന്നെ – ദേവീന്ദര്‍ ശര്‍മ

ഹിമാലയന്‍ മേഖലയിലെ ഗുജ്ജാപ്പുര്‍ ബേക്കര്‍വാള്‍ സമുദായങ്ങള്‍ക്ക് അവരുടെ തദ്ദേശീയ ഇനമായ ചെമ്മരിയാടുകള്‍ ഇല്ലാതാകുന്നത് നികത്താനാവാത്ത നഷ്ടമാണ്. കമ്പിളിയുടെയും മാംസത്തിന്റെയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ നിന്നുള്ള മറീനൊ അടക്കമുള്ള ഇനങ്ങളെ വിദേശത്തു നിന്ന് നിരന്തരം ഇറക്കുമതി ചെയ്തത്, തദ്ദേശീയ ഇനങ്ങളുടെ നാശത്തിന് കാരണമായിരിക്കുന്നു. പര്‍വത പ്രദേശത്തെ കഠിനമായ കാലാവസ്ഥയ്ക്ക്ഏറെ യോജിച്ചതായിരുന്നു തദ്ദേശീയ ചെമ്മരിയാടുകള്‍.
വിദേശ കാലിവര്‍ഗങ്ങളെ ഇറക്കുമതി ചെയ്ത് നാല്പതുവര്‍ഷം കഴിയുമ്പോള്‍ നാം മനസ്സിലാക്കുന്ന വസ്തുത, അതൊരു തെറ്റായ നടപടിയായിരുന്നു എന്നാണ്. ശ്രീനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ട്രൈബല്‍ സെര്‍ച്ച് ആന്‍ഡ് കള്‍ച്ചറല്‍ ഫൌണ്ടേഷന്‍’ എന്ന സ്ഥാപനം പറയുന്നത് ഈ ഇറക്കുമതി ഇനങ്ങള്‍ ഉദ്ദേശിച്ച ഫലം തന്നില്ല എന്നാണ്. ഇറക്കുമതി ചെയ്ത ഇവയ്ക്ക് നമ്മുടെ കഠിനമായ കാലാവസ്ഥയും സാമൂഹിക സാമ്പത്തിക ചുറ്റുപാടും അതിജീവിക്കാനായില്ല.
നിലവിലുള്ള ചില ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും ഇപ്പോള്‍ത്തന്നെ വംശനാശം സംഭവിച്ചുകഴിഞ്ഞു. ഗിഡോര്‍ഡ്, പാംഫ്രി, പുഞ്ചിബേക്കര്‍ വാപി, ബാനി, കര്‍ണാഹി തുടങ്ങിയ പരമ്പരാഗത ചെമ്മരിയാട് ഇനങ്ങള്‍ നശിച്ചുകഴിഞ്ഞതായി പഠനങ്ങള്‍ പറയുന്നു. ഗുസിയ, ബെലോറി, ലാമ്ദി, ഗൂസറി തുടങ്ങിയ കോലാടിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. മൊത്തം 12ഇനം ചെമ്മരിയാട്_കോലാടുകള്‍ ഇപ്പോള്‍ത്തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ ജൈവവൈവിധ്യമുള്ള നാടെന്ന് അനുമാനിക്കുന്ന നമ്മുടെ രാജ്യം പരമ്പരാഗത ഇനങ്ങളോട് (അതില്‍ എല്ലാ ജീവികളും അടങ്ങുന്നു) ഒട്ടും ബഹുമാനം കാണിക്കാത്തത് വിശദീകരിക്കപ്പെടാതെ അവശേഷിക്കുന്നു. അത് അക്ഷന്തവ്യമാണ്. പലപ്പോഴും നാം വിശ്വസിക്കുന്നത് നമ്മുടെ ജീവികളുടെ ജനിതക സ്രോതസ് ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഇല്ലാത്തതാണ് എന്നാണ്. സ്വന്തം നാട്ടിലുള്ളവയെ നാം പുച്ഛിക്കുകയും പുറമേ നിന്നുള്ളവയുടെ ഇറക്കുമതിക്കായി നിരന്തര കാത്തിരിപ്പ് തുടരുകയും ചെയ്യുന്നു. ചെമ്മരിയാടായാലും കോലാടായാലും പശുവായാലും മുയല്‍ ആയാലും കുതിരകളായാലും ഒട്ടകമായാലും എന്തിന് കഴുതയായാല്‍ പോലും സ്ഥിതി ഇതുതന്നെ. പുറത്തു നിന്നുള്ളവയ്ക്കായി നാം എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെ സമ്പന്നമായ ജൈവ വൈവിധ്യത്തെപ്പറ്റി നാം സ്വയം പ്രശംസാ ഗീതങ്ങള്‍ ചൊരിയുന്നു. രാജ്യത്തിനകത്ത് 81,000 ഇനങ്ങളില്‍പ്പെട്ട ജീവികളുണ്ടെന്നാണ് നാം അവകാശപ്പെടുന്നത്. ലോകത്തെവിടെയും ഇത്ര ഇനങ്ങള്‍ കാണില്ല. പുണ്യമൃഗമായ പശുക്കളുടെ കാര്യത്തിലാണ് നാം ഏറ്റവും സമ്പന്നര്‍. എന്നാല്‍ ഒരു രാഷ്ട്രമെന്നനിലയില്‍ വിശുദ്ധ പശുവിന്റെ കാര്യത്തില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു. ആരാധിക്കുന്ന സമയത്ത് മാത്രമേ നാം വിശുദ്ധ പശുവിനെക്കുറിച്ച് ആലോചിക്കാറുള്ളൂ. മറ്റ് സമയങ്ങളില്‍ നാം അതിനെ ഉപയോഗശൂന്യമായ ഒരു മൃഗമായേ കാണാറുള്ളൂ. നാം കരുതുന്നത് അതിന് 250 ഓ 500ഓ ഗ്രാം പാലുമാത്രമേ നല്‍കാന്‍ കഴിയൂ അതിനാല്‍ ഹോള്‍സ്റ്റീന്‍ ഫ്രീസിയനോ, ജേഴ്സിയേയോ പുറമെ നിന്ന് ഇറക്കുമതി ചെയ്ത് നമ്മുടെ പശുവുമായി അതിനെ സങ്കരം ചെയ്യിക്കണമെന്നാണ്.
നാല്പത് നാല്പത്തഞ്ച്കൊല്ലം നാം വിശ്വസിച്ചുപോന്നത് നമ്മുടെ പശു ഒന്നിനും കൊള്ളില്ലെന്നാണ്. അതുകൊണ്ട് നാം വിപുലമായതോതില്‍ സങ്കരപ്രക്രിയ ആരംഭിച്ചു. നമുക്ക് 27 ഇനം കന്നുകാലി ഇനങ്ങള്‍ ഉണ്ട്. ഇത്ര പെട്ടെന്ന് ഇവയെല്ലാം എങ്ങനെയാണ് ഉത്പാദനം കുറഞ്ഞതും ഉപയോഗമില്ലാത്തതുമായി മാറിയത്? ഡോ. എം.എസ്. രന്താവാസിന്റെ’ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍’ എന്ന നാലു ഭാഗങ്ങളുള്ള പുസ്തകം വായിച്ചാല്‍ നമുക്ക് മനസ്സിലാവുന്നത് ഒരുകാലത്ത് ഈ കന്നുകാലികളെ രാജാക്കന്മാര്‍ പോലും ആരാധിച്ചിരുന്നുവെന്നും അവയുടെ പങ്കിനെ പ്രശംസിച്ചിരുന്നു എന്നുമാണ്. ഉദാഹരണത്തിന് ‘വെച്ചൂര്‍’ എന്ന അതിശയിപ്പിക്കുന്ന ഒരിനം നമുക്കുണ്ട്. ലോകത്ത് തന്നെ ഏറ്റവും ചെറിയ ഇനമായ ഇവ ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഒരു ദിവസം രണ്ട് കിലോ കാലിത്തീറ്റയാണ് ഇവയ്ക്കാവശ്യം. എന്നാല്‍ ഇംഗ്ലണ്ടിലെ റീഡിങ് യൂണിവേഴ്സിറ്റിയില്‍ ഇവയെ ഇപ്പോഴും കാണാം. നമ്മുടെ സ്വന്തം ഇനങ്ങള്‍ ഈ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാവുകയും അവയെ മറ്റ് നാടുകളില്‍ സുരക്ഷിതമായി കാണപ്പെടുകയും ചെയ്യുന്നു എന്നത് അസാധാരണമായി തോന്നുന്നില്ലേ?
ജൈവവൈവിധ്യമോ സാമ്പത്തിക മുതല്‍ക്കൂട്ടോ, എന്തുതന്നെയായാലും ശരി, നമുക്ക് സ്വന്തമായുള്ളതിനെക്കുറിച്ച് നാം ലജ്ജിക്കുകയും വളരാനും ജൈവവൈവിധ്യം വര്‍ധിപ്പിക്കാനുമൊക്കെയുള്ള നല്ല വഴി അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ആശ്രയിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ കാലിസമ്പത്തുള്ള രാജ്യമാണ് ഇന്ത്യ. മുപ്പതുകോടിയോളം വരുമിത്. നമുക്കുണ്ടായിരുന്ന 27 ഇനം കന്നുകാലികളില്‍ പകുതിയോളം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇപ്പോഴുള്ളതില്‍ 80 ശതമാനവും സങ്കര ഇനങ്ങളുമായുള്ള അമിതമായ ഇണചേര്‍ക്കല്‍ കാരണം ഒന്നിനുംകൊള്ളാത്തതായിക്കഴിഞ്ഞു. ഇപ്പോള്‍ അവ ഏത് ഇനത്തില്‍പ്പെട്ടതാണ് എന്നുപോലും നമുക്കറിയാതായി. ലോകത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്നത് നാമാണ്. വര്‍ഷം 81 ദശലക്ഷം ടണ്‍ പാലാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. പാലുത്പാദനത്തിന്റെ കാര്യത്തില്‍ അമേരിക്ക രണ്ടാംസ്ഥാനത്താണ്. ഇതിനുള്ള ഔദ്യോഗിക വിശദീകരണം പുറത്തുനിന്ന് ഇറക്കുമതിചെയ്ത ഉത്പാദനക്ഷമതയുള്ള കന്നുകാലികളെ നമ്മുടെ ഇനങ്ങളുമായി സങ്കരം ചെയ്താണ് പാലുത്പാദനത്തില്‍ നമുക്ക് ഇത്രയേറെ മുന്നേറാന്‍ കഴിഞ്ഞത് എന്നാണ്.
എന്നാല്‍, നമ്മുടെ പശുക്കള്‍ക്ക് കുഴപ്പം വല്ലതുമുണ്ടോ? അവ യഥാര്‍ഥത്തില്‍ ഉത്പാദനക്ഷമത ഇല്ലാത്തതാണോ? പൂര്‍ണമായും പ്രയോജനമില്ലാത്തതാണോ? ‘തര്‍പാര്‍ക്കര്‍’ എന്ന ഇനത്തെ നോക്കൂ. രാജസ്ഥാനില്‍നിന്നുള്ളവയാണിവ. അവയ്ക്ക് രാജസ്ഥാനിലെ താര്‍ മരുഭൂമി മുഴുവന്‍ സഞ്ചരിക്കാന്‍ കഴിയും. ജേഴ്സിയേയോ ഹോള്‍സ്റ്റീന്‍ഫ്രീസിയനെയോ ഒരു കിലോമീറ്റര്‍ മരുഭൂമിയില്‍ക്കൂടി നടത്തിക്കാന്‍ ശ്രമിച്ചുനോക്കൂ. ഞാന്‍ പറയുന്നത് അപ്പോള്‍ മനസ്സിലാവും. എന്നിട്ടും നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്നത് നമ്മുടെ പശുക്കള്‍ ഗുണമില്ലാത്തതാണെന്നാണ്.
കുറച്ചുനാള്‍ മുമ്പ് ഭക്ഷ്യ_കാര്‍ഷിക സംഘടന (എഫ്.എ.ഒ.)യുടെ ഒരു പഠനം കാണാനിടയായി. കൃഷി ശാസ്ത്രത്തിലെ എന്റെ വിശ്വാസത്തെ പിടിച്ചുകുലുക്കുന്നതായി അത്. ഇന്ത്യന്‍ കന്നുകാലിയിനങ്ങളെ ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കുന്ന രാജ്യമാണ് ബ്രസീല്‍ എന്നതായിരുന്നു അത്. ലോകത്തെ മികച്ച കന്നുകാലി ഇനങ്ങള്‍ സ്വന്തമായുള്ള നാം നോക്കിനില്‍ക്കേ ബ്രസീല്‍ ഇന്ത്യന്‍ ഇനങ്ങളെ കയറ്റി അയയ്ക്കുന്നു എന്നത് ദുഃഖകരമായ വസ്തുതയല്ലേ? എവിടെയോ എന്തോ കുഴപ്പമുള്ളതായി തോന്നുന്നില്ലേ?
നമ്മുടെ ഇനങ്ങളെ ബ്രസീല്‍ വികസിപ്പിക്കുകയും നാം പേടിച്ച് കൈയുംകെട്ടിയിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് സങ്കല്പിക്കാന്‍ പോലും കഴിയുന്നില്ല. ചില ചരിത്ര പുസ്തകത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് 60_കളില്‍ മാംസത്തിനായി ബ്രസീല്‍ ഇന്ത്യയില്‍നിന്ന് ആറിനം കന്നുകാലികളെ ഇറക്കുമതി ചെയ്തിരുന്നു എന്നാണ്. നമ്മുടെ കന്നുകാലികളില്‍ പലതും കാഴ്ചയില്‍ ഭീമാകാര രൂപമുള്ളതായിരുന്നു. അതിനാല്‍ മാംസത്തിന് ലാഭകരവുമായിരുന്നു. ഇറക്കുമതി ചെയ്ത പശുമാംസം മാത്രമല്ല, നല്ല അളവില്‍ പാലും തരുന്നതായി ബ്രസീലുകാര്‍ മനസ്സിലാക്കി. അവര്‍ രണ്ടുകാര്യത്തിലും ശ്രദ്ധവെച്ചു തുടങ്ങി. ആറിനങ്ങളില്‍ മൂന്നിനം ഗുജറാത്തില്‍നിന്നുള്ള ഗിര്‍, ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള കാംഗ്രെങ്, ഓങ്കോള്‍ എന്നിവ ജഴ്സിക്കും ഹോള്‍സ്റ്റീന്‍ ഫ്രീസിയനും തുല്യമായ തോതില്‍ പാലുത്പാദിപ്പിക്കുന്നു. ഇവയിലൊന്ന് നാം ഇറക്കുമതി ചെയ്യുന്ന രണ്ടിനങ്ങളേക്കാള്‍ കൂടുതല്‍ പാല് നല്കുന്നു. ബ്രസീലില്‍നിന്നും നമ്മുടെ സ്വന്തം കാലി ഇനങ്ങളെത്തന്നെ സമീപ ഭാവിയില്‍ നാം ഇറക്കുമതി ചെയ്തുതുടങ്ങിയാല്‍ ഞാനതില്‍ അത്ഭുതപ്പെടില്ല. നമ്മുടെ നഗരവീഥികളിലൂടെ അലഞ്ഞുതിരിയുന്ന ഉത്പാദനക്കുറവുള്ള പരമ്പരാഗത പശുക്കളെ മെച്ചപ്പെട്ട പാല്‍ നല്കുന്ന ഇനങ്ങളായി മാറ്റാനായി നാം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ഒന്നാലോചിച്ചുനോക്കൂ. പ്രാദേശിക വകഭേദങ്ങള്‍ക്ക് പറ്റുന്ന ഇവ രോഗ, കീടാണുക്കളെ കൂടുതലായി പ്രതിരോധിച്ചേനെ. ഹരിതവിപ്ലവ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനു മുമ്പ് നാം പിന്തുടര്‍ന്ന സംയോജിത കാര്‍ഷിക വ്യവസ്ഥയ്ക്ക് ഏറെ യോജിക്കുന്നവയായേനെ ഇവ.
മൃഗസംരക്ഷണ വകുപ്പോ, കാര്‍ഷിക മന്ത്രാലയമോ കാര്‍ഷിക ഗവേഷണ കൌണ്‍സിലോ എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ല. രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്രീയ വിഡ്ഢിത്തങ്ങളായി അവ തുടരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്വന്തം സ്വത്വത്തിലേക്ക്, ഒരാത്മപരിശോധനയ്ക്ക് രാജ്യം മുതിരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പരമ്പരാഗത കാലിസമ്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, അവയെ പരിരക്ഷിക്കാനും സാമ്പത്തിക പ്രാധാന്യമുള്ള ഒരു മൃഗമായി മാറ്റാനുമുള്ള പദ്ധതി രാജ്യവ്യാപകമായി പുനരാവിഷ്കരിക്കേണ്ടിയിരിക്കുന്നു.
കടപ്പാട്- മാതൃഭൂമി

ദേശീയ പാതയില്‍ 40 കിലോമീറ്ററിനു ഒരു ടോള്‍
കൊച്ചി: കേന്ദ്ര പദ്ധതി പ്രകാരം കേരളത്തിലെ ദേശീയ പാതകള്‍ ബിഒടി അടിസ്ഥാനത്തി ലാകുമ്പോള്‍ കിലോമീറ്ററിന് 2.08 രൂപ നിരക്കില്‍ ട്രക്കുകള്‍, ബസുകള്‍ എന്നിവയും 60 പൈസ നിരക്കില്‍ കാറിനും ജീപ്പിനും ടോള്‍ ഈടാക്കേണ്ടിവരുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.

40 കിലോമീറ്ററിന് ഒരു ടോള്‍ പോയിന്റ് വീതമുണ്ടാകും. കേന്ദ്ര പദ്ധതിയനുസരിച്ച് ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുടര്‍നടപടികളെല്ലാം കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാകും. നിര്‍മാണച്ചുമതലയുള്ള കമ്പനികള്‍ 20 വര്‍ഷത്തേക്ക് ദേശീയപാതകള്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തും. നിര്‍മാണം സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായും ദേശീയ പാത അതോറിറ്റിയുമായും ചര്‍ച്ച ചെയ്യും.

കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിനു മുന്‍പില്‍ അവതരിപ്പിക്കും. റോഡുകള്‍ നന്നാക്കാന്‍ സഹായം ചോദിക്കും. ദേശീയപാത 47 ല്‍ തൃശൂര്‍-അങ്കമാലി-ഇടപ്പള്ളി ഭാഗങ്ങള്‍ രണ്ടായിത്തിരിച്ചു നിര്‍മിക്കാന്‍ ടെന്‍ഡര്‍ നടപടിയായി. ദേശീയപാത 47 ന്റെ കേരളത്തിലെ മുഴുവന്‍ ഭാഗവും നന്നാക്കിയശേഷം ദേശീയപാത പതിനേഴും നന്നാക്കും. എംസി റോഡ് വികസനം പുനരാരംഭിക്കാന്‍ ചില കാര്യങ്ങള്‍ തീര്‍പ്പാക്കേണ്ടതുണ്ട്.

അതിനായി മലേഷ്യയിലെ പതിബെല്‍ കമ്പനി പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. അവര്‍ വൈകാതെ എത്തുന്നതോടെ ചര്‍ച്ച നടത്തി ജോലികള്‍ പുനരാരംഭിക്കും. തിരുവനന്തപുരം നഗര വികസനം സംബന്ധിച്ച ജോലികള്‍ പുഞ്ജ് ലോയ്ഡ് ആണ് ഏറ്റെടുത്തിരുന്നത്. എന്നാല്‍ ജോലികള്‍ തുടങ്ങുംമുന്‍പ് 85% ഭൂമിയും ഏറ്റെടുത്തുകൊടുക്കാമെന്ന വ്യവസ്ഥ മുന്‍ സര്‍ക്കാര്‍ പാലിക്കാഞ്ഞതാണു പ്രശ്നമായത്. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി. വൈകാതെ ജോലി തുടങ്ങാനാവുമെന്നാണു പ്രതീക്ഷ.
കടപ്പാട് – മനോരമ

ദേശീയ കര്‍ഷക നയത്തിന് അംഗീകാരം
ന്യൂദല്‍ഹി: എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ ശിപാര്‍ശകളുടെ ചുവടുപിടിച്ച് ദേശീയ കര്‍ഷക നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. തുടര്‍ നടപടികള്‍ക്ക് അനുയോജ്യമായ പദ്ധതി തയാറാക്കുന്നതിന് കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വ്യത്യസ്ത മന്ത്രാലയ തല സമിതി രൂപവത്കരിക്കുമെന്നും കൃഷിമന്ത്രി ശരത്പവാര്‍ ലോക്സഭയില്‍ പ്രസ്താവിച്ചു.
കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ഇതു മുഖേന സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക, കൂടുതല്‍ ലാഭം ലഭിക്കുന്ന രീതിയില്‍ വില നയം രൂപപ്പെടുത്തുക, വിള സംരക്ഷണത്തിനാവശ്യമായ സംവിധാനം എന്നീ നടപടികള്‍ പുതിയ നയത്തിന്റെ ഭാഗമായുണ്ടാകും. ലഭ്യമായ ഭൂമിയും ജലവും മറ്റു വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്തി വിവിധ കാലാവസ്ഥകള്‍ക്ക് അനുയോജ്യമായ കൃഷി രീതികളിലൂടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനാവശ്യമായ നൂതന രീതികളാണ് സ്വാമിനാഥന്‍ കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നത്.
വിദ്യാ സമ്പന്നരായ ചെറുപ്പക്കാരെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കാനാവശ്യമായ നടപടികളും നിര്‍ദേശിച്ചു. രാജ്യത്ത് ഭക്ഷ്യപോഷകാഹാര സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സമഗ്ര പദ്ധതിയും കമീഷന്‍ സമര്‍പ്പിച്ചിരുന്നു.
കടപ്പാട്- മാധ്യമം

ഇഷ്ടമുള്ള പേ ചാനല്‍ തെരഞ്ഞെടുക്കാന്‍ കേരളത്തിലും സംവിധാനം വരുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ആവശ്യമുള്ള പേ ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സൌകര്യം കേരളത്തിലും ഏര്‍പ്പെടുത്തുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണ്ടീഷണല്‍ എക്സസ് സിസ്റ്റം (കാസ്) എന്ന സംവിധാനം ജനുവരിയോടെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ആവശ്യമില്ലാത്ത ചാനലുകള്‍ക്കുള്ള പണം വരിക്കാരന്‍ അടയ്ക്കേണ്ടിവരില്ല. സൌജന്യമായി ലഭിക്കുന്ന ചാനലുകള്‍ക്കു പുറമെ ആവശ്യമുള്ള പേ ചാനലുകള്‍ക്ക് പ്രത്യേകമായി പണം അടച്ചാല്‍ മതിയാകും. 30 ഫ്രീ ചാനലടക്കമുള്ള കണക്ഷന് 77 രൂപയും പേ ചാനല്‍ ഒന്നിന് അഞ്ചുരൂപയും ടാക്സും നല്‍കണമെന്ന് ട്രായി വ്യക്തമാക്കുന്നു.

ഉപയോക്താക്കള്‍ സ്ഥാപിക്കുന്ന സെറ്റ് ടോപ്പ് ബോക്സ്വഴി ഡിജിറ്റല്‍ സിഗ്നല്‍ സ്വീകരിച്ചാണ് ചാനലുകള്‍ തെരഞ്ഞെടുക്കാനാവുക. എടിഎം കാര്‍ഡ് പോലുള്ള സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുക. സെറ്റ് ബോക്സ് സ്ഥാപിക്കുന്നതും കേബിള്‍ കണക്ഷന്‍ നല്‍കുന്നതും സംബന്ധിച്ച് ട്രായി വ്യക്തമായ നിര്‍ദേശം നല്‍കുന്നുണ്ട്. നിലവില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പാക്കേജ് അവര്‍ നിര്‍ദേശിക്കുന്ന പ്രതിഫലത്തില്‍ സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്. എഴുപത്തഞ്ചോളം ചാനലുകള്‍ അടങ്ങുന്ന പാക്കേജിന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 150 രൂപയാണ് ഉപയോക്താക്കള്‍ നല്‍കുന്നത്്.

ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ പുതിയ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2010 ഓടെ ടിവി സംപ്രേഷണരംഗം പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലെത്തിക്കാനാണ് ശ്രമം. കാസ് നടപ്പാക്കുന്നതിന്റെ മറവില്‍ കേരളത്തിലേക്ക് കുത്തക കമ്പനികള്‍ കടന്നുവരാനും നീക്കം ആരംഭിച്ചിട്ടുണ്ട്. റിലയന്‍സ്, സണ്‍ ടിവി തുടങ്ങിയ കമ്പനികളാണ് മുന്നില്‍. 75 രൂപക്ക് 75 ചാനല്‍ എന്നാണ് റിലയന്‍സിന്റെ മുദ്രാവാക്യം. കുത്തക കമ്പനികളുടെ കടന്നുവരവ് നിലവില്‍ കേബിള്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കനത്ത ആഘാതമായേക്കും.

‘ബൊക്കെ’ എന്നറിയപ്പെടുന്ന പേ ചാനലുകളുടെ ഒരുമിച്ചുള്ള പാക്കേജും സൌജന്യചാനലുകളുമാണ് ഇപ്പോള്‍ കേബിള്‍വഴി ലഭിക്കുന്നത്. മലയാളത്തിലെ എല്ലാ ചാനലുകളും സൌജന്യമാണ്.ജനപ്രീതിയുള്ള ഒരു പേ ചാനലിനൊപ്പം പ്രിയംകുറഞ്ഞ ചാനലുകളും ചേര്‍ത്ത് പാക്കേജാക്കി വന്‍ തുക ഈടാക്കിയാണ് ടിവി കമ്പനികള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കു നല്‍കുന്നത്.

ഓരോ ചാനലിനും പ്രത്യേക വില നല്‍കുന്ന സമ്പ്രദായം വരുന്നതോടെ വരിക്കാര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള സ്പോര്‍ട്സ്, മറ്റു പ്രത്യേക പരിപാടികള്‍ എന്നിവ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ വന്‍ തുക ഈടാക്കുകയും സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുകയും ചെയ്യുമെന്ന ആശങ്കയുമുണ്ട്. വിദേശങ്ങളിലെ അനുഭവം ഇതാണ്.
കടപ്പാട്- ദേശാമിമാനി

എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: മലങ്കര കാത്തലിക് അസോസിയേഷന്‍
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാനുള്ള നീക്കം സ്കൂള്‍ മാനേജ്മെന്റുകളുടെ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര കാത്തലിക് അസോസിയേഷന്‍( എം.സി.എ). സംവരണവ്യവസ്ഥ മൂലം കടുത്ത ദുരിതം അനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരിയ ആശ്വാസമേകുന്ന നിയമനരീതി തകര്‍ക്കാനുള്ള ഗൂഢനീക്കമാണിതിനു പിന്നിലെന്ന് എം.സി.എ ആത്മീയ ഉപദേഷ്ഠാവ് ഫാ. ഹോര്‍മീസ് പുത്തന്‍വീട്ടിലും പ്രസിഡന്റ് മോന്‍സന്‍ കെ.മാത്യുവും ജനറല്‍ സെക്രട്ടറി വൈ.രാജുവും പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടും. സ്കൂള്‍ സമയം ഒമ്പതുമുതല്‍ അഞ്ചു വരെയാക്കാനുള്ള നീക്കം വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ മേഖല താറുമാറാക്കിയ വിദ്യാഭ്യാസമന്ത്രി അടുത്ത അധ്യായന വര്‍ഷത്തെ സ്വാശ്രയ പ്രവേശനം സമാധാനപരമായിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ പറഞ്ഞു.
കടപ്പാട്-ദീപിക

ഏയ്ഡഡ് സ്കൂളുകള്‍ ഒരു വര്‍ഷം പറ്റുന്നത് 2000 കോടി
തിരുവനന്തപുരം : ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് 2000 കോടിയോളം രൂപയാണ് ഒരോ വര്‍ഷവും സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍ക്കായി ചെലവഴിക്കുന്നത്.
എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ചെലവിടുന്ന കോടികള്‍ ഇതിനുപുറമേയാണ്.
പൊതു ഖജനാവില്‍നിന്നുള്ള ശമ്പളം നല്‍കുമ്പോള്‍ നിയമനവും പൊതുലിസ്റ്റില്‍നിന്ന് വേണമെന്ന ലളിതമായ ചിന്താഗതിയാണ് എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍. എല്ലാവരുടെയും പണം ഏതെങ്കിലും ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ചെലവിടുന്നതില്‍ എന്ത് യുക്തിയെന്നാണ് ചോദ്യം.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ സ്കൂള്‍ അദ്ധ്യാപകരില്‍ 107047 പേര്‍ എയ്ഡഡ് സ്കൂളുകളിലാണ്. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ ഏതാണ്ട് ഇതിന്റെ പകുതിയേ വരൂ. സംസ്ഥാനത്തെ മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ നാലിലൊന്നോളം എയ്ഡ ഡ് മേഖലയിലാണ്.
ഓരോ മാനേജ്മെന്റും നിയമനാധികാരത്തിനു വേണ്ടി വാദിക്കുന്നത് സ്വസമുദായങ്ങളുടെ പേരിലാണെങ്കിലും സാധാരണക്കാര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. മെരിറ്റ് നോക്കിയല്ല നിയമനം. ഏത് മാനേജ്മെന്റായാലും ലക്ഷങ്ങള്‍ നല്‍കിയാലേ നിയമനം ലഭിക്കൂവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സാധാരണക്കാര്‍ക്ക് നോക്കിനില്‍ക്കാനേ കഴിയൂ.
നിയമനം പി.എസ്.സിക്ക് വിടുന്നതിനെ ഒരു വിഭാഗം മാനേജ്മെന്റുകള്‍ എതിര്‍ക്കുന്നത് കോടികള്‍ നഷ്ടമാകുമെന്നതിനാലാണ്.
എയ്ഡഡ് മേഖലയില്‍ പ്രൈമറി വിഭാഗത്തില്‍ 71004 അദ്ധ്യാപകരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 35943 അദ്ധ്യാപകരുമുണ്ട്. ഓരോ വര്‍ഷവും ആയിരക്കണക്കിന് അദ്ധ്യാപകരാണ് വിരമിക്കുന്നത്. ഒഴിവുകള്‍ മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം നികത്താം.
പ്രൈമറി അദ്ധ്യാപക നിയമനത്തിന് മൂന്നു ലക്ഷം മുതല്‍ അഞ്ചുലക്ഷംവരെയും ഹൈസ്കൂള്‍ അദ്ധ്യാപക നിയമനത്തിന് അഞ്ചുലക്ഷം മുതല്‍ എട്ടുലക്ഷം വരെയുമാണ് മിക്ക മാനേജ്മെന്റുകളും കോഴയായി വാങ്ങുന്നത്. എത്ര സാധാരണക്കാര്‍ക്ക് കഴിയും ഇങ്ങനെ ലക്ഷങ്ങള്‍ നല്‍കാന്‍. ലക്ഷങ്ങള്‍ക്ക് പുറമേ പലപ്പോഴും മാനേജ്മെന്റില്‍ സ്വാധീനവും വേണം. എങ്കിലേ നിയമനം ലഭിക്കൂ.
പൊതു ഖജനാവിലെ പണമാണ് പറ്റുന്നതെങ്കിലും ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ള സംവരണതത്വങ്ങള്‍ എയ്ഡഡ് മേഖലയ്ക്ക് ബാധകമേയല്ല.
സര്‍ക്കാര്‍ സ്കൂളിലെ 56059 അദ്ധ്യാപകരില്‍ 8.5 ശതമാനം പട്ടികജാതിക്കാരാണ്. പട്ടികവര്‍ഗ്ഗക്കാരുമുണ്ട്, ഒരുശതമാനത്തോളം. എന്നാല്‍, ഒരുലക്ഷത്തിലേറെ അദ്ധ്യാപകരുള്ള എയ്ഡഡ് മേഖലയില്‍ പട്ടികജാതിക്കാരുടെ എണ്ണം 298 മാത്രമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ 58 പേരേയുള്ളൂ.
ഓരോ സമുദായത്തിനും എത്ര എയ്ഡഡ് സ്കൂളുകള്‍ വീതമുണ്ടെന്ന കണക്ക് ലഭ്യമല്ല. ഇങ്ങനെ ഒരു കണക്കെടുപ്പ് എന്തുകൊണ്ടോ അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസച്ചട്ട പരിഷ്കരണസമിതിക്കുപോലും ഇതുവരെ ഈ കണക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, ക്രൈസ്തവ വിഭാഗങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ എയ്ഡഡ് സ്കൂളുകളുള്ളതെന്ന് കരുതപ്പെടുന്നു.
കടപ്പാട്-കേരളകൗമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )