നവംബര്‍ 13 ചെവ്വ

രാസവള ക്ഷാമം രൂക്ഷം; കൃഷി പ്രതിസന്ധിയില്‍
കൊച്ചി: കേരളത്തില്‍ രാസവളത്തിന്റെ ക്ഷാമം അതിരൂക്ഷമാകുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് ആവശ്യമായ വളത്തിന്റെ പകുതി പോലും വിതരണം ചെയ്യാന്‍ കമ്പനികള്‍ക്കായിട്ടില്ല. റബര്‍, തെങ്ങ്, നെല്ല് തുടങ്ങിയവയുടെ അടുത്ത സീസണിലെ ഉല്‍പാദനത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കൃഷിക്കാര്‍.

കേന്ദ്ര സര്‍ക്കാര്‍, രാസവളം ഇറക്കുമതി ചെയ്യുന്നതിനു നടപടി സ്വീകരിക്കുന്നു വെങ്കിലും, ആവശ്യത്തിനു വളം ഇനിയും ലഭ്യമായിട്ടില്ല. എംഎംടിസി വഴി, കൊച്ചി തുറമുഖത്തേക്ക് 25000 ടണ്‍ യൂറിയ ഇറക്കുമതി ചെയ്യാന്‍ ഫാക്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് 25000 ടണ്‍ യൂറിയ വേണം. റഷ്യയില്‍ നിന്നാണ് ഇറക്കുമതി നടത്തേണ്ടത്. ഫാക്ട് ഇറക്കുമതിക്കു വേണ്ട തയാറെടുപ്പുകളെല്ലാം ചെയ്ത് കാത്തിരിക്കുന്നുവെങ്കിലും, ഇതു സംബന്ധിച്ച് അനുമതിയൊന്നുമായിട്ടില്ല.

ഫാക്ടം ഫോസ്, ഇൌ മാസത്തെ വിതരണത്തിനുള്ളതേ ശേഷിക്കുന്നുള്ളൂ. സള്‍ഫറില്ലാത്തതിനാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. വില കൂടുതല്‍ മൂലം വാങ്ങാനും കഴിയുന്നില്ല. കൊച്ചി ഡിവിഷനില്‍ 2000 ടണ്ണും ഉദ്യോഗമണ്ഡലില്‍ 450 ടണ്ണുമാണു പ്രതിദിന ഉല്‍പാദനം. എന്നാലിത് യഥാക്രമം 800 ടണ്ണും 200 ടണ്ണുമായി കുറച്ചു. രണ്ടാഴ്ചയ്ക്കു ശേഷം ഫാക്ടം ഫോസിന്റെ ഉല്‍പാദനം പാടേ നിര്‍ത്തേണ്ട സ്ഥിതിയാണ്. നവംബറില്‍ കേരളത്തിലേക്കു മാത്രം 15000 ടണ്‍ വേണം.

മദ്രാസ് ഫെര്‍ട്ടിലൈസേഴ്സില്‍ 17 : 17 : 17 കൂട്ടുവളത്തിന്റെ ഉല്‍പാദനവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം നിര്‍ത്തിവച്ചു. സ്പിക്കിലും ഉല്‍പാദനമില്ല. ക്രിബ്കൊയില്‍ നിന്നുള്ള വളം, തമിഴ്നാട്ടിലേക്കുള്ളതേയുള്ളൂ. മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സില്‍ നിന്നും വളത്തിന്റെ ലഭ്യത കുറവാണ്.
മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ഫാക്ടിന്റെ വളം പ്രിയങ്കരമാണെങ്കിലും വിതരണം നടത്താനാകുന്നില്ല.

ദക്ഷിണേന്ത്യയില്‍ മൊത്തത്തില്‍ വളത്തിന്റെ ലഭ്യതക്കുറവുണ്ട്. കേരളത്തിന്റെ മാത്രം വളം വിപണി അഞ്ചു ലക്ഷം ടണ്ണിന്റേതാണ്. പ്രതിവര്‍ഷം ഒന്നര ലക്ഷം ടണ്‍ കോംപ്ലക്സ് വളങ്ങള്‍ ഇവിടെ വിറ്റഴിക്കുന്നു. യൂറിയയും ഏറെക്കുറെ ഇത്രയും ആവശ്യമാണ്. പൊട്ടാഷ് ഒരു ലക്ഷം ടണ്ണും റോക്ക് ഫോസ്ഫേറ്റ്, മിശ്രിത വളങ്ങള്‍ തുടങ്ങിയവ വേറെ ഒരു ലക്ഷം ടണ്ണും ആവശ്യമുണ്ട്.
കൃഷി കുറഞ്ഞതിനാല്‍, നെല്ലിന് ആവശ്യമായ വളത്തിന്റെ ഉപയോഗത്തില്‍ വര്‍ച്ചയില്ല.

നല്ല ഉല്‍പന്നവിലയുള്ളപ്പോള്‍ റബര്‍, തെങ്ങ്, കുരുമുളക് തുടങ്ങിയവയ്ക്ക് വളത്തിന്റെ ആവശ്യം കൂടും. രാസവളത്തിന്റെ ലഭ്യത കുറഞ്ഞതോടെ, ഗുണനിലവാരം കുറഞ്ഞ കൂട്ടുവളങ്ങളുടെ വില്‍പന കൂടി. വിപണിയില്‍ അവ ആധിപത്യം ഉറപ്പിക്കുന്നു. കാര്‍ഷികോല്‍പാദനത്തെ ഇതു പ്രതികൂലമായി ബാധിക്കും.
കടപ്പാട്- മനോരമ

17,000 കോടിയുടെ കാര്‍ഷിക പാക്കേജുണ്ടെന്ന് ആന്റണി; അറിയില്ലെന്ന് മന്ത്രി മുല്ലക്കര

കോഴിക്കോട്: കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി 17,000 കോടി രൂപയുടെ കാര്‍ഷിക പാക്കേജ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കേരളം ഇതിന്റെ ആദ്യഗഡു ഇതുവരെ കൈപ്പറ്റാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്തരമൊരു പാക്കേജിനെക്കുറിച്ച് സംസ്ഥാനത്തിന് അറിവൊന്നുമില്ലെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കോഴിക്കോട്ട് പത്രലേഖകരുമായി സംസാരിക്കവെയാണ് ആന്റണി കാര്‍ഷികപാക്കേജിന്റെ കാര്യം പറഞ്ഞത്. പശ്ചിമബംഗാള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന്റെ ആദ്യഗഡു കൈപ്പറ്റിക്കഴിഞ്ഞു. അത് സ്വീകരിക്കാന്‍ കേരളസര്‍ക്കാറും നടപടി എടുക്കണം ആന്റണി പറഞ്ഞു.

രാജ്യം സാമ്പത്തിക പുരോഗതിയിലേക്കു കുതിക്കുകയാണെങ്കിലും അതിന്റെ ഗുണഫലം എല്ലാവരിലുമെത്തുന്നില്ല. കര്‍ഷകര്‍, കൈത്തൊഴിലുകാര്‍, പരമ്പരാഗത തൊഴിലാളികള്‍ എന്നിവര്‍ ക്ലേശം അനുഭവിക്കുകയാണ്. കേരളത്തിലെ നാളികേരകര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്ന പാമോയില്‍ ഇറക്കുമതി ഗൌരവത്തോടെ കാണണം. ഇക്കാര്യം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും ആന്റണി പറഞ്ഞു.

എന്നാല്‍ ആന്റണി പറഞ്ഞ 17,000 കോടിയുടെ പാക്കേജിനെപ്പറ്റി അറിയില്ലെന്ന് മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. പാക്കേജ് നിലവിലുണ്ടോയെന്ന് അന്വേഷിക്കും. ഉണ്ടെങ്കില്‍ തുക കൈപ്പറ്റാന്‍ തയ്യാറാണ് അദ്ദേഹം പറഞ്ഞു.
കടപ്പാട്- മാതൃഭൂമി

നന്ദിഗ്രാമില്‍ കൊള്ളയും കൊള്ളിവയ്പും തുടരുന്നു
കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ ഭൂമി ഉച്ഛദ് പ്രതിരോധ സമിതിക്കാരില്‍ നിന്ന് വീണ്ടെടുത്ത പ്രദേശങ്ങളില്‍ ഇന്നലെയും സി.പി.എം പ്രവര്‍ത്തകര്‍ വെടിവയ്പും കൊള്ളിവയ്പും കൊള്ളയും നടത്തി. നന്ദിഗ്രാമില്‍ സി.പി.എമ്മുകാര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ആഹ്വാനം ചെയ്ത ബംഗാള്‍ ബന്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം നിശ്ചലമാക്കി.
കടകമ്പോളങ്ങള്‍ പൊതുവേ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വ്യവസായമേഖലയെ ബന്ത് കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായി ഐ.ടി. മേഖലയും ബന്ദില്‍ നിശ്ചലമായി. ബന്തിനോടനുബന്ധിച്ച് പല സ്ഥലത്തും അക്രമങ്ങള്‍ അരങ്ങേറി.

നന്ദിഗ്രാമിലെ സോനാച്ചുര, ഗോകുല്‍നഗര്‍, ഗര്‍ചക്രബെരിയ എന്നീ സ്ഥലങ്ങളില്‍ ഭൂമി പ്രതിരോധ സമിതിക്കാരെ തുരത്തിയ സി.പി.എം പ്രവര്‍ത്തകര്‍ വന്‍തോതില്‍ കൊള്ളയും കൊള്ളിവയ്പും നടത്തിയതായാണ് ആരോപണം. നിരവധി വീടുകളും കടകളും അഗ്നിക്കിരയായിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുള്ള ഇരുനൂറുപേരെയെങ്കിലും കാണാതായിട്ടുണ്ടെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ഈ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തശേഷമായിരുന്നു കൊള്ളയും കൊള്ളിവയ്പും.

നന്ദിഗ്രാമിലേക്ക് ഞായറാഴ്ച തിരിച്ച തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിക്ക് ഇതുവരെ അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുന്ന് യാത്ര തുടര്‍ന്ന മമതയ്ക്ക് കിഴക്കന്‍ മിഡ്നാപ്പൂരില്‍ വച്ച് യാത്ര അവസാനിപ്പിക്കേണ്ടിവന്നു. ഇതിനിടെ കേന്ദ്രം അയച്ച സി. ആര്‍.പിക്കാരില്‍ ഒരു ബറ്റാലിയന്‍ ഇന്നലെ നന്ദിഗ്രാമില്‍ പ്രവേശിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതുകാരണം മൂന്ന് ബറ്റാലിയനുകള്‍ ഞായറാഴ്ച വഴിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അഞ്ച് കമ്പനികളെയാണ് നന്ദിഗ്രാമിലേക്ക് കേന്ദ്രം അയച്ചത്. അതില്‍ രണ്ട് ബറ്റാലിയന്‍ ഇന്നേ കൊല്‍ക്കത്തയില്‍ എത്തുകയുള്ളൂ.
സി.ആര്‍.പി ഡയറക്ടര്‍ ജനറല്‍ എസ്.ഐ.എസ് അഹമ്മദ് ഇന്നലെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ സന്ദര്‍ശിച്ചു സംഭാഷണം നടത്തി.
നന്ദിഗ്രാം പ്രശ്നത്തില്‍ രണ്ടുദിവസം ഉപവസിച്ച സാമൂഹ്യ പ്രവര്‍ത്തക മേധാപട്കര്‍ ഇന്നലെ നന്ദിഗ്രാമിലേക്ക് പുറപ്പെട്ടു. സംഘര്‍ഷസ്ഥിതി കണക്കിലെടുത്ത് അങ്ങോട്ട് പോകരുതെന്ന സര്‍ക്കാരിന്റെ വിലക്കു ലംഘിച്ചുകൊണ്ടാണ് അവര്‍ യാത്ര തിരിച്ചത്.

പശുവിന് പേവിഷബാധയെന്ന് സംശയം: പാല്‍ കുടിച്ച 120 പേര്‍ ആശുപത്രിയില്‍
നെടുമങ്ങാട്: ആനപ്പാറയില്‍ പേ വിഷബാധയേറ്റെന്ന് സംശയിക്കുന്ന പശുവിന്റെ പാല്‍കുടിച്ച 120 പേരെ വാക്സിന്‍ കുത്തി വയ്ക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ഡോസ് വാക്സിന്‍ വീതം ഇവര്‍ക്ക് സൌജന്യമായി കുത്തിവയ്ക്കും. ഇന്നലെ ഒരു ഡോസ് നല്കി. വ്യാഴാഴ്ച കൊച്ചാനപ്പാറ സ്വദേശി ശാന്തമ്മയുടെ പശുക്കുട്ടിക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. വിഷബാധയുടെ ലക്ഷണം പ്രകടിപ്പിച്ച കന്നുകുട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നെങ്കിലും കുട്ടി പാല്‍ കുടിച്ചതു വഴി തള്ളപ്പശുവിനും പേ വിഷബാധ ഏറ്റിരിക്കാമെന്നാണ് നിഗമനം. എന്നാല്‍ ഇതറിയാതെ പാല്‍ സമീപത്തുള്ള ഒരു ചായക്കടയില്‍ വില്‍പ്പന നടത്തിയിരുന്നു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകുമാരി ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പാലുപയോഗിച്ചവര്‍ക്ക് സൌജന്യ വാക്സിന്‍ അടിയന്തരമായി കുത്തിവയ്ക്കാന്‍ നടപടിയുണ്ടായത് .കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസിലാണ് വാക്സിന്‍ കുത്തിവയ്ക്കാന്‍ ഇന്നലെ നാട്ടുകാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അടുത്ത രണ്ടു വാക്സിനുകള്‍ വരുന്ന വ്യാഴം, തിങ്കള്‍ ദിവസങ്ങളില്‍ വിതുരയില്‍ വച്ച് നല്‍കുന്നതിനെക്കുറിച്ച് മെഡിക്കല്‍ കോളേജ് അധികൃതരുമായി ആലോചിച്ചു വരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പശുവിന്റെ പാല്‍ തിളപ്പിച്ചാല്‍ കുഴപ്പമില്ല
തിരുവനന്തപുരം : പേ വിഷബാധയ്ക്കുകാരണമാകുന്ന വൈറസ് 50 ഡിഗ്രി ചൂടില്‍ നശിച്ചുപോകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ലീല ഇട്ടിഅമ്മ പറഞ്ഞു. അതിനാല്‍ തന്നെ, പേവിഷബാധയേറ്റ പശുവിന്റെ പാല്‍ തിളപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് പേ വിഷബാധയ്ക്ക് സാദ്ധ്യതയില്ലെന്നും അവര്‍ പറഞ്ഞു.
ആനപ്പാറയില്‍ പേവിഷബാധ ഏറ്റതായി പറയുന്ന പശുവിന്റെ പാല്‍ ഭൂരിഭാഗംപേരും തിളപ്പിച്ചാണ് ഉപയോഗിച്ചത്. തിളപ്പിക്കാതെ ഉപയോഗിച്ചവര്‍ക്ക് പേ വിഷബാധയ്ക്ക് ചെറിയ സാദ്ധ്യതയുള്ളതുകൊണ്ടാണ് വാക്സിന്‍ കുത്തിവച്ചത്. പാല്‍ തിളപ്പിച്ചിട്ടില്ലെങ്കില്‍ത്തന്നെ തിളച്ചവെള്ളത്തിലോ നല്ല ചൂടുള്ള തേയിലവെള്ളത്തിലോ ഒഴിച്ചാണ് ഉപയോഗിച്ചതെങ്കിലും വൈറസ് നശിക്കുമെന്നതിനാല്‍ പേടിക്കേണ്ടതില്ല.
വാക്സിന്‍ കുത്തിവയ്ക്കാന്‍ 120 പേര്‍ ആശുപത്രിയില്‍ എത്തിയതില്‍ 70 പേര്‍ ഈ വസ്തുതകള്‍ മനസ്സിലാക്കി മടങ്ങിപ്പോയതായി ഡോ. ലീല ഇട്ടിഅമ്മ പറഞ്ഞു.
കടപ്പാട്- കേരളകൗമുദി

പ്രതിവര്‍ഷ നഷ്ടം 3600 കോടി; കുട്ടികളില്‍ രോഗം പടരുന്നു
ആലപ്പുഴ: മന്തുരോഗം മൂലം രാജ്യത്തിനു പ്രതിവര്‍ഷം 3600 കോടിയുടെ നഷ്ടമുണ്ടാ കുന്ന തായി ലോകാരോഗ്യ സംഘടന.

മനുഷ്യര്‍ക്ക് ഈ രോഗം മൂലമു ണ്ടാകുന്ന പനി, മറ്റ് അസ്വസ് ഥതകള്‍ എന്നിവ മൂലം ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ, കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങ ള്‍ക്കും ഉദ്യോഗസ്ഥര്‍ എത്താത്ത തുമൂലമുണ്ടാകുന്ന നഷ്ടം, ഇവരുടെ ചികിത്സാച്ചെ ലവുകള്‍, പ്രതിരോ ധമാര്‍ഗങ്ങള്‍, മരുന്നു കള്‍ എന്നിവ മൂലമുണ്ടാകു ന്ന ചെലവുകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

മുതിര്‍ന്നവരിലുള്ളതിനേക്കാള്‍ മുപ്പതുശതമാനം കൂടുതല്‍ കുട്ടികളില്‍ രോഗബാധയു ള്ളതാ യി പഠനം തെളിയിക്കുന്നു. കേരള ത്തിലെ 8000 രക്തസാമ്പിളുക ളെടുത്തതില്‍ 811 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു.

ആലപ്പുഴയില്‍ രോഗം പൊട്ടി പ്പുറപ്പെടാന്‍ സാധ്യതയേ റെയാ ണ്. രാജ്യത്ത് 17 സംസ്ഥാന ങ്ങ ളിലും ആറു കേന്ദ്രഭരണ പ്രദേശ ങ്ങളിലും മന്തുരോഗം കണ്ടുവ രുന്നു. ഇതില്‍ രക്തത്തില്‍ മന്തി ന്റെ കുഞ്ഞുവിരകള്‍ ഉള്ളവര്‍ 31.26 ദശലക്ഷവും കൈകാലു കളി ല്‍ വീക്കമുള്ളവര്‍ 7.44 ദശലക്ഷ വും രഹസ്യഭാ ഗങ്ങളില്‍ വീക്ക മുള്ളവര്‍ 12.88 ദശലക്ഷ വുമാണ്.

ഏകദേശം 40.65 ദശലക്ഷം ആളുകളില്‍ മന്തുപനി ഉണ്ടാകു ന്നുണ്ട്. 2015 ഓടെ രാജ്യത്തു മന്തു രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യം.

ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ കണ്ടുവ രുന്ന മന്തുരോഗം ലോകത്തില്‍ 120 ദശലക്ഷ ത്തോളം ആളുകള്‍ ക്കുണ്ട്. ഇതില്‍ 40 ശതമാനം രോ ഗികള്‍ ഇന്ത്യയി ലാണ്.

സാമ്പത്തി കമായി പിന്നോ ക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പൊ തുവെ കണ്ടുവ രുന്ന രോഗം രാജ്യത്തിന്റെ സാമ്പ ത്തിക സ്ഥി തിയെ തകിടംമറിക്കും.

80 രാജ്യങ്ങളില്‍ രോഗം കണ്ടുവരു ന്നുണ്െടന്നും പഠനം വ്യക്തമാക്കു ന്നു. കൊതുകുക ളിലൂ ടെ പകരുന്ന രോഗം രഹസ്യ ഭാഗങ്ങള്‍, കക്ഷം, മാറിടം എന്നിവിടങ്ങളിലെ ലിംഫ്കു ഴലുകളില്‍ നാലുമുതല്‍ ആറു വരെ വര്‍ഷം ജീവിക്കുന്നു. മന്തു രോഗ നിവാരണമാ ര്‍ഗങ്ങ ളായ കൊതുകുനശീ കരണവും രാത്രി കാല രക്തപരിശോധനയും വേ ണ്ടത്ര ഫലം ചെയ്യാതിരുന്ന സാഹചര്യത്തിലാണ് ഒമ്പതാം തീവ്രമന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യമരുന്നുവിതരണം ഏറ്റെടുത്തി രിക്കുന്നത്.

15 ന് തുടങ്ങുന്ന യ ജ്ഞത്തില്‍ ജനസംഖ്യയുടെ 80 ശതമാനം പേര്‍ മരുന്നുകഴിച്ചെങ്കി ല്‍ മാത്രമെ പദ്ധതി വിജയിക്കു.
കടപ്പാട്-ദീപിക

നന്ദിഗ്രാമില്‍ ഭൂസമരമല്ല; അട്ടിമറിശ്രമം: സിപിഐ എം
ന്യൂഡല്‍ഹി: നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിയമവാഴ്ചക്കെതിരെ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം ഒരു ഗവണ്‍മെന്റിനും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ വിലയിരുത്തി. അവിടെ നടക്കുന്നത് ‘ഭൂമി സംരക്ഷണസമര’മാണെന്നു പറയുന്നവര്‍ അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയാണെന്ന് പിബി ചൂണ്ടിക്കാട്ടി. പിബി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചതാണിത്.

കെമിക്കല്‍ ഹബ്ബിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന പ്രശ്നമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒമ്പതു മാസം കഴിഞ്ഞിട്ടും, ആട്ടിയോടിക്കപ്പെട്ട ജനങ്ങള്‍ക്ക് നന്ദിഗ്രാമില്‍ തങ്ങളുടെ വീടുകളില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. 2007 ഫെബ്രുവരിക്കുശേഷം ഭൂമി ഏറ്റെടുക്കല്‍ എന്നൊരു പ്രശ്നംതന്നെ നന്ദിഗ്രാമില്‍ നിലവിലില്ലാതിരുന്നിട്ടും ഭൂമി സംരക്ഷണം എന്ന പേരില്‍ വ്യാജപ്രചാരണം നടത്തി ആ മേഖലയാകെ കൈയടക്കിവച്ചിരിക്കയാണ് അക്രമിസംഘം.

ഭൂമി ഉഛേദ് പ്രതിരോധ് കമ്മിറ്റിയുടെ പേരില്‍ സിപിഐ എമ്മിനെതിരെ രൂപീകരിച്ച രാഷ്ട്രീയസഖ്യം സമാന്തരഭരണംതന്നെ നടപ്പാക്കിയിരിക്കയാണ്. പുറത്തുനിന്ന് വന്ന മാവോയിസ്റ്റ് സായുധസംഘങ്ങളുടെ സഹായം തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനായി സ്വീകരിക്കുന്നുവെന്നതാണ് ഏറ്റവും അപകടകരമായ പ്രവണത. ദേശീയ സുരക്ഷാ ഉപദേഷ്ടാവുതന്നെ നന്ദിഗ്രാം സംഭവങ്ങളില്‍ മാവോയിസ്റ്റുകളുടെ പങ്ക് എടുത്തുപറഞ്ഞിട്ടുണ്ട്.

2007 ജനുവരി മുതല്‍ നന്ദിഗ്രാമില്‍ അസാധാരണമായ സ്ഥിതി നിലനില്‍ക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടക്കം ഇടതുമുന്നണി പ്രവര്‍ത്തകരെയും അനുഭാവികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടെനിന്ന് ആട്ടിയോടിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം. സംസ്ഥാനസര്‍ക്കാരിനും പൊലീസിനും നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഒമ്പതു മാസമായി നിലനിന്നത്.

ബങ്കറുകള്‍ കുഴിച്ചും ലാന്‍ഡ്മൈനുകള്‍ സ്ഥാപിച്ചും യുദ്ധസമാനമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. അക്രമം ആരംഭിച്ചശേഷം സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായി 27 പേര്‍ മരിച്ചു. ഇത്തരമൊരു സ്ഥിതി ഒരു ഗവണ്‍മെന്റിനും വച്ചുപൊറുപ്പിക്കാനാവില്ല. മാര്‍ച്ച് 14ന്റെ പൊലീസ് വെടിവയ്പിനുശേഷം സമാധാനം പുനഃസ്ഥാപിക്കാനും പുറത്താക്കപ്പെട്ട ജനങ്ങള്‍ക്ക് തിരികെയെത്താനും വേണ്ടി തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

നീണ്ട സമരത്തിന്റെയും ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങളുടെയും ഫലമായി തിരികെ വീടുകളിലെത്താനും സമാധാനം തിരികെ കൊണ്ടുവരാനുമുള്ള ജനങ്ങളുടെ ശ്രമം വിജയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് മാവോയിസ്റ്റുകളുടെ സഹായത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനെ ജനങ്ങള്‍ ചെറുത്തുനില്‍ക്കുന്നു.

പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി ഇടതുമുന്നണിതന്നെ തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതുകൊണ്ട് രാഷ്ട്രീയ എതിരാളികള്‍ ക്രുദ്ധരാണ്. ജനപിന്തുണയില്ലാത്ത അവര്‍ അക്രമം നടത്തി ലക്ഷ്യം നേടാമെന്ന് കരുതുന്നത് അസ്ഥാനത്താണ്.

പശ്ചിമബംഗാളിലെ ഇടതുമുന്നണിയില്‍ ഐക്യം കാത്തുസൂക്ഷിക്കുന്നതിലും അതിന്റെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിലും ഏറ്റവും വലിയ പാര്‍ടിയെന്ന നിലയില്‍ സിപിഐ എമ്മിന് വര്‍ധിച്ച ഉത്തരവാദിത്തമുണ്ട്; എന്നാല്‍ മറ്റ് ഘടകകക്ഷികളും അവരുടേതായ പങ്കിനെക്കുറിച്ച് ചിന്തിക്കണമെന്ന് പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു.

നന്ദിഗ്രാമില്‍ അക്രമം നടത്താന്‍ സഹായിക്കുന്ന മാവോയിസ്റ്റുകള്‍ എന്താണ് ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എമ്മിനെ വിമര്‍ശിക്കുന്നവര്‍ കാണണം. ജാര്‍ഖണ്ഡില്‍ സുനില്‍ മഹതോയെ കൊലപ്പെടുത്തുകയും നിരവധി പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തതാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനചരിത്രം.ഇക്കാര്യത്തില്‍ സമവായശ്രമമല്ല, പ്രശ്നം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
കടപ്പാട്- ദേശാഭിമാനി

ബേബി ഡാമില്‍ വന്‍ ചോര്‍ച്ച; മുല്ലപ്പെരിയാര്‍ ഭീഷണിയില്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ ബേബിഡാമിന്റെ അടിത്തറയില്‍ വന്‍ ചോര്‍ച്ച കണ്ടെത്തി. മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്ചയുടെ അളവില്‍ ക്രമാതീതമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും ബേബി ഡാമിലെ ചോര്‍ച്ചയുടെ ഫലമായി അണക്കെട്ടിന്റെ സുരക്ഷ കടുത്ത ഭീഷണി നേരിടുകയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിക്ക് പരിശോധനയില്‍ വ്യക്തമായി.റിപ്പോര്‍ട്ട് ഈ ആഴ്ച ജലവിഭവമന്ത്രിക്ക് സമര്‍പ്പിക്കും.

ബേബിഡാമിന്റെ താഴ്ഭാഗത്താണ് അടിത്തറയിലൂടെ വന്‍ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകിവരുന്നത്. ബേബി ഡാം നിര്‍മിച്ചിരിക്കുന്നത് ഇളകിയതും വിള്ളലുകള്‍ വീണതുമായ പാറകളുള്ള പ്രദേശത്താണ്. ഡാം അടിത്തറയിലെ ബലക്ഷയം സംഭവിച്ച ഭാഗംവഴി പുറത്തുവന്ന് കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അളവില്‍ ഇപ്പോള്‍ വന്‍ വര്‍ധനയാണുള്ളത്. പൊടിഞ്ഞ പാറകള്‍ക്കിടയിലൂടെ ഇങ്ങനെ നിരന്തരം വെള്ളം ഒഴുകി വരുന്നതുമൂലം പാറകളുടെ തരികള്‍ കാലക്രമത്തില്‍ ഒഴുകിപ്പോകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ കൂടിയതും വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതും കാരണം കാലക്രമത്തില്‍ വിള്ളലുകള്‍ വലുതായി പ്രധാന അണക്കെട്ടിലെ വെള്ളം ശക്തിയോടെ പുറത്തേക്ക് ഒഴുകുന്നതോടെ ബേബി ഡാം തകരുമെന്നാണ് സമിതി വിലയിരുത്തല്‍. ഈ പരിതസ്ഥിതിയില്‍ തൊട്ടടുത്ത മണ്‍ഡാമും മുല്ലപ്പെരിയാര്‍ അണക്കെട്ട് തന്നെയും തകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡാമില്‍നിന്ന് ഒഴുകിവരുന്ന സീപ്പേജ് ജലത്തിന്റെ അളവിലും വര്‍ധന കണ്ടെത്തിയിട്ടുണ്ട്.
കടപ്പാട്- മാധ്യമം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w