നവംബര്‍ 4 ഞായര്‍ ജാസൂട്ടിക്കും ഇക്കാസിനും ഇന്ന് നിക്കാഹ്

ജാസൂട്ടിക്കും ഇക്കാസിനും ഇന്ന് നിക്കാഹ് (പി.ഡി.എഫ് ഫയല്‍)
Ikkas-Jamin

ചിത്രത്തില്‍ ഞെക്കാന്‍ മറക്കരുതേ!!!

ഇടുക്കി: ബ്ളോഗ് എഴുത്തിലൂടെ സൈബര്‍ ലോകത്ത് കണ്ടുമുട്ടിയ നൌഫല്‍ മുബാറക്കിന്റെയും ജാസ്മിന്റെയും നിക്കാഹ് ഇന്നാണ്. രാവിലെ 11 ന് മൂന്നാര്‍ പവര്‍ഹൌസ് ജൂമാ മസ്ജിദിലാണ് സൈബര്‍ ലോകത്തിന്റെ പ്രിയപ്പെട്ട ജാസൂട്ടിയും എറണാകുളം കാക്കനാട് സ്വദേശി ഇക്കാസ് എന്ന് ബ്ളോഗില്‍ അറിയപ്പെടുന്ന നൌഫല്‍ മുബാറക്കും വിവാഹിതരാകുന്നത്.
ആദ്യത്തെ ബ്ളോഗ് വിവാഹമെന്ന കൌതുകം നാട്ടുകാര്‍ക്കില്ല. ബ്ളോഗെന്താണെന്നു തന്നെ പലര്‍ക്കും അറിയില്ല. പക്ഷേ ജാസ്മിന്റെ നിക്കാഹ് നാട്ടുകാര്‍ക്ക് ആഹ്ളാദം പകരുന്ന സംഭവമാണ്. ചിത്തിരപുരത്തെ കൊച്ചുവീട്ടില്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ബാല്യം പിന്നിട്ട് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി വളര്‍ന്ന ജാസ്മിനോട് നാട്ടുകാര്‍ക്ക് വാത്സല്ല്യമേറെയാണ്. ഈ പ്രണയസംഭവം ആദ്യം പുറത്തുകൊണ്ടുവന്നത് കേരള കൌമുദി യാണ്.

കടപ്പാട്- കേരളകൗമുദി

കേരളം വരുമാനത്തിന്റെ കാല്‍ഭാഗവും പലിശയായി നല്‍കുന്നു _ലോകബാങ്ക്

ന്യൂഡല്‍ഹി: വരുമാനത്തിന്റെ 25.5 ശതമാനവും പലിശ നല്‍കുന്നതിനാണ് കേരളം വിനിയോഗിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ സമ്പദ്വര്‍ഷം 14,310 കോടിരൂപ സംസ്ഥാനത്തിന് വരുമാനമുണ്ടായപ്പോള്‍, 3649 കോടി രൂപയും പലിശയായി നല്‍കുകയായിരുന്നു.

ഗ്രാമീണമേഖലയില്‍ ശുദ്ധജലപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മികവുകാണിച്ച മൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവയാണ് മറ്റു രണ്ടു സംസ്ഥാനങ്ങള്‍.

പദ്ധതികള്‍ നടപ്പാക്കുന്നതിലെ അഴിമതിയാണ് കെ.എസ്.ടി.പി. ഉള്‍പ്പടെയുള്ള കേരളത്തിലെ പല പദ്ധതികളും മുടങ്ങാന്‍ കാരണമെന്ന് ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ലോകബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോളിക് പറഞ്ഞു. സര്‍ക്കാര്‍ മാറിവരുന്നതനുസരിച്ച് പദ്ധതികള്‍ മാറ്റിവെക്കുന്നത് ആശാസ്യമല്ല.

ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ് ലോകബാങ്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ലോകത്തുള്ള ദരിദ്രരില്‍ 70 ശതമാനവും ഈരാജ്യങ്ങളിലായതിനാലാണ് ഈ പരിഗണന. ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ പട്ടിണിക്കാര്‍ ഇന്ത്യയിലുണ്ട്_അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊര്‍ജം, കാലാവസ്ഥ വ്യതിയാനം എന്നീ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നത് ഇന്ത്യയും ചൈനയുമാണ്.

അടിസ്ഥാന സൌകര്യം, പരിസ്ഥിതി, കൃഷി, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീമേഖലകളില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ലോകബാങ്ക് തയ്യാറാണ്_അദ്ദേഹം പറഞ്ഞു.

ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായിട്ടാണ് സോളിക് ഇന്ത്യയിലെത്തുന്നത്. 3760 കോടി രൂപ വായ്പ നല്‍കുന്നത് സംബന്ധിച്ച കരാറില്‍ കേന്ദ്രസര്‍ക്കാരുമായി അദ്ദേഹം ശനിയാഴ്ച ഒപ്പിട്ടു. രാജ്യത്തെ 400 സാങ്കേതിക പരിശീലന സ്ഥാപനങ്ങള്‍ക്കും 1120 കോടി രൂപയുടെ വായ്പയും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ധനമന്ത്രി പി. ചിദംബരം, വാണിജ്യമന്ത്രി കമല്‍നാഥ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി. റെഡ്ഡി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ എന്നിവരുമായി സോളിക് ചര്‍ച്ച നടത്തി.
കടപ്പാട്- മാതൃഭൂമി

ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകും
ന്യൂഡല്‍ഹി: കേരളത്തിലെ നാണ്യ, സുഗന്ധവിള കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളു (ആസിയാന്‍) മായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അനിശ്ചിതമായി വൈകും.

തീരുവ രഹിത ഇറക്കുമതി വേണമെന്ന കാര്യത്തില്‍ ആസിയാ ന്‍ രാജ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ കരാറിനു മുന്നോടിയായുള്ള ചര്‍ച്ച തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചതോടെയാണിത്. കടുംപിടിത്തം തുടരുകയാണെങ്കില്‍ കരാറില്‍ നിന്നു പിന്നാക്കം പോകുന്ന കാര്യവും മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുണ്ട്.

ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടുന്നതു തങ്ങള്‍ക്കു ഹാനികരമാണെന്നു തോട്ടം, സുഗന്ധവ്യഞ്ജന കര്‍ഷകര്‍ പരാതി ഉയര്‍ത്തിയിരുന്നു. ഈ മാസം പകുതിയോടെ നടപ്പാവുമെന്നു കരുതിയിരുന്ന കരാര്‍ നീളുന്നതോടെ കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ക്കു താല്‍ക്കാലിക വിരാമമായി.

കുരുമുളക്, തേയില, കാപ്പി, പാമോയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ 20 ശതമാനമാക്കണമെന്നും 2018 വര്‍ഷത്തോടെ തീരുവ പൂര്‍ണമായി എടുത്തുകളയണമെന്നുമാണ് ആസിയാന്‍ രാജ്യങ്ങളുടെ പിടിവാശി. ഇതനുവദിക്കാനാവില്ലെന്നു നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. നിലപാടില്‍ നിന്നു വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ആസിയാന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് ഈ മാസം നടത്താനിരുന്ന തുടര്‍ ചര്‍ച്ചകള്‍ നിര്‍ത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചത്. തീരുവ 50% വരെ വെട്ടിക്കുറയ്ക്കാമെന്നും അതു 2022 വര്‍ഷത്തോടെ ഘട്ടംഘട്ടമായി നടപ്പാക്കാമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

സിംഗപ്പൂരില്‍ 17 മുതല്‍ 20 വരെ നടക്കുന്ന പത്തംഗ ആസിയാന്‍ ഉച്ചകോടിക്കു മുന്‍പായി കരാര്‍ ഒപ്പിടാനാണു വാണിജ്യ മന്ത്രാലയം ഉദ്ദേശിച്ചിരുന്നത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാല്‍ അതിനു മുന്‍പുതന്നെ കരാര്‍ യാഥാര്‍ഥ്യമാവണമെന്നതായിരുന്നു മന്ത്രാലയത്തിന്റെ താല്‍പ്പര്യം. ഇതിനായി ആസിയാന്‍ രാജ്യങ്ങളുടെ നിലപാടു മാറ്റാന്‍ നിശ്ചയിച്ചിരുന്ന തുടര്‍ചര്‍ച്ചകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

അടുത്ത ചര്‍ച്ച അടുത്ത വര്‍ഷം മാര്‍ച്ചില്‍ മാത്രമേ നടക്കാനിടയുള്ളൂ എന്നാണ് ഇപ്പോഴത്തെ സൂചന. മാര്‍ച്ചില്‍ വീണ്ടും ചര്‍ച്ച തുടങ്ങിയാല്‍ തന്നെ കരാര്‍ ഒപ്പിടുന്നത് അടുത്ത വര്‍ഷാവസാനം വരെ നീണ്ടേക്കും. ആസിയാന്‍ രാജ്യങ്ങള്‍ കടുംപിടിത്തം തുടരുകയാണെങ്കില്‍ കരാര്‍ തന്നെ ഉണ്ടാവില്ല എന്ന നിലയിലാണ് ഇന്ത്യ സമ്മര്‍ദം തുടരുന്നത്.

കേരളത്തിനു സമാനമായ കാര്‍ഷിക കാലാവസ്ഥ തന്നെയാണ് ആസിയാന്‍ രാജ്യങ്ങളിലുള്ളത് എന്നതിനാല്‍ തീരുവ രഹിത കരാറിലൂടെ സമാന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു ഹാനികരമാണെന്നാണു മന്ത്രാലയത്തിന്റെയും വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ആസിയാന്‍ രാജ്യങ്ങളുടെ ആവശ്യം തീര്‍ത്തും അംഗീകരിക്കാനാവില്ലെന്നു മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്വതന്ത്ര വ്യാപാര കരാര്‍ വരുന്നതു കൊണ്ട് ഇന്ത്യയ്ക്കു ആസിയാന്‍ രാജ്യങ്ങളിലെ കൂടുതല്‍ വിപണി തുറന്നു കിട്ടില്ലെന്നും ആശങ്കയുണ്ട്. കരാര്‍ കൊണ്ടു നേട്ടം ആസിയാന്‍ രാജ്യങ്ങള്‍ക്കു തന്നെയാണ്. കരാറില്‍ സംരക്ഷണാവകാശമുള്ള ദുര്‍ബല ഉല്‍പന്ന പട്ടികയില്‍ ആസിയാന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തിയതും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു പരിമിത വിപണി സ്വാതന്ത്യ്രം മാത്രം അനുവദിക്കുന്നതും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കരാറില്ലെങ്കിലും ഇന്ത്യയുടെ കയറ്റുമതി സാധ്യതകള്‍ക്കു കോട്ടമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉപഭൂഖണ്ഡത്തിലെയും ഏഷ്യയിലെയും രാജ്യങ്ങളുമായി കൂടുതല്‍ പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കാനുള്ള നയത്തിന്റെ ഭാഗമായാണു പത്തംഗ ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാര ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. സ്വതന്ത്ര വ്യാപാര കരാറുകളെ ഭാവിയില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളാക്കാനും അതുവഴി ഉഭയകക്ഷി നിക്ഷേപ സഹകരണത്തിനുള്ള സാധ്യതകള്‍ കണ്ടെത്താനും വാണിജ്യ മന്ത്രാലയത്തിനു പദ്ധതികളുണ്ട്.

വിയറ്റ്നാം, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കു കേരളവുമായുള്ള കാലാവസ്ഥാ സാദൃശ്യം കാരണം കുരുമുളകടക്കമുള്ള നാണ്യ, സുഗന്ധവിളകളുടെ കാര്യത്തില്‍ പരസ്പരം മല്‍സരിക്കേണ്ടി വരുന്നതിനാല്‍ ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാര്‍ കേരളത്തിനു വിനയാകും.

അതിനാല്‍ കുരുമുളക്, തേയില, കാപ്പി, പാമോയില്‍ എന്നിവയെ ദുര്‍ബല ഉല്‍പന്ന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, തോട്ടം ഉല്‍പന്നങ്ങളുടെയും പാമോയിലിന്റെയും തീരുവ ഇല്ലാതാക്കണമെന്നാണ് ഇന്തൊനീഷ്യയും മലേഷ്യയും ആവശ്യപ്പെടുന്നത്. ഈ രാജ്യങ്ങളില്‍ നിന്നു പാമോയില്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്യപ്പെടാന്‍ സാധ്യതയുള്ളതു വെളിച്ചെണ്ണയെ പ്രതികൂലമായി ബാധിക്കും.

വിയറ്റ്നാമടക്കമുള്ള രാജ്യങ്ങളില്‍ നിന്നു കുരുമുളകും ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നത് ആഭ്യന്തര കുരുമുളകിനു ഭീഷണിയാകും. ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വഴിയെത്തുന്ന കുരുമുളകിന് അളവു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ആഭ്യന്തര കുരുമുളകിനുള്ള ഭീഷണി ഒഴിഞ്ഞിട്ടില്ല.
ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴാണ് തീരുവ രഹിത ഇറക്കുമതി അനുവദിക്കണമെന്ന് ആസിയാന്‍ രാജ്യങ്ങള്‍ കടുംപിടിത്തം തുടരുന്നത്.
കടപ്പാട്- മനോരമ

കാര്‍ഷിക കടാശ്വാസം: വിഹിതം സ്വീകരിക്കാത്തത് കേരളം മാത്രം; ആന്റണി
പത്തനംതിട്ട: കേന്ദ്രം കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുത്തിയ കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ വിഹിതം സ്വീകരിക്കാതിരിക്കുന്നത് കേരളം മാത്രമെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി.

ബംഗാള്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങളെല്ലാം തുക വാങ്ങിക്കഴിഞ്ഞു. വ്യവസ്ഥയുടെ തര്‍ക്കമാണ് കേരളം ഉന്നയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തേണ്ട തിരിച്ചടവിന്റെ പേരില്‍ കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ശരിയല്ല. ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

ചരിത്രത്തില്‍ മറ്റൊരു സര്‍ക്കാറും കേരളത്തോട് കാണിക്കാത്ത ഉദാരസമീപനമാണ് യു.പി.എ സര്‍ക്കാറിന്റേത്. കേന്ദ്രവിരുദ്ധ സമരത്തിന് ഇനി പ്രസക്തിയില്ല. ഒറ്റപ്പെട്ട ചില പ്രശ്നങ്ങളില്‍ വേണ്ടരീതിയില്‍ സഹായിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നത് ശരിയാണ്്. അതിന്റെ പേരില്‍ കേന്ദ്രത്തില്‍നിന്ന് ഒഴുകിയെത്തുന്ന സഹായം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.

പിന്തുണക്കുന്ന കക്ഷികളുമായി തര്‍ക്കങ്ങളുണ്ടെങ്കിലും പെട്ടെന്നൊരു തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും ആന്റണി പറഞ്ഞു.

രാജ്യം സാമ്പത്തികവളര്‍ച്ച കൈവരിക്കുമ്പോഴും അതിന്റെ ഗുണഫലങ്ങള്‍ വലിയൊരു വിഭാഗത്തിന് ലഭിക്കുന്നില്ല. അവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഭൂപരിഷ്കരണ പദ്ധതികള്‍ നിലച്ചതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി മുന്‍കൈയെടുത്ത് നടപ്പാക്കുകയാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന യോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ആന്റണി.
കടപ്പാട്- മാധ്യമം

രവീന്ദ്രന്‍ പട്ടയം: കോണ്‍. നേതാക്കളുടെ ശിപാര്‍ശക്കത്തും പുറത്തായി

മൂന്നാര്‍: രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ശിപാര്‍ശ ചെയ്ത കത്തുകള്‍ പുറത്തായി. സി.പി.എം.-സി.പി.ഐ. നേതാക്കളുടെ ശിപാര്‍ശക്കത്തുകളും അടുത്തനാളില്‍ പുറത്തുവന്നിരുന്നു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ സ്വാധീനം നടന്നതായുള്ള ആരോപണങ്ങള്‍ ശരിവയ്ക്കും വിധമാണ് ശിപാര്‍ശക്കത്തുകള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ എം.എല്‍.എ: എ.കെ. മണി 1999 മെയ് പത്തിന് വട്ടവട സ്വദേശി ബാലമുരുകന്റെ പട്ടയം ശരിയാക്കി നല്‍കാനാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന് ശിപാര്‍ശക്കത്തു നല്‍കിയത്.
ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.എന്‍. സോമരാജന്‍ സുഹൃത്ത് കാളിദാസന്‍ വശം 1999 ജനുവരി 25-നു കൊടുത്തുവിട്ട ശിപാര്‍ശക്കത്തില്‍ ഇയാള്‍ പറയുന്ന ഭൂമിയുടെ പട്ടയകാര്യങ്ങള്‍ ശരിയാക്കി കൊടുക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഭൂമി പതിവ് സമിതി അംഗീകരിച്ച പട്ടികപ്രകാരമാണ് പട്ടയങ്ങള്‍ നല്‍കിയതെന്ന് അവകാശപ്പെടുമ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ ശിപാര്‍ശക്കത്തുകള്‍ പ്രകാരം നല്‍കിയ പട്ടയങ്ങളാണിവയില്‍ ഏറെയെന്നും വ്യക്തമായിട്ടുണ്ട്്.

ധനശ്രീ ഹോട്ടലിനടക്കം നിരവധി കൈയേറ്റ ഭൂമിക്കു പട്ടയം നല്‍കാന്‍ ജനകീയ ഭൂമി പതിവ് സമിതി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സി.പി.എം.-സി.പി.ഐ. ഓഫീസുകളും രവീന്ദ്രന്‍ പട്ടയത്തിലുള്ളതാണ്.
കടപ്പാട്- മംഗളം

ചിദംബരം വക്കീലായിരുന്ന കമ്പനിയുടെ 2300 കോടി എഴുതിത്തള്ളി
ന്യൂഡല്‍ഹി: രാജ്യസഭാംഗവും ബിജു ജനതാദള്‍ നേതാവുമായ ബൈജയന്ത് പാണ്ഡയുടെ കമ്പനി വരുത്തിയ 2300 കോടി രൂപയുടെ കടം കേന്ദ്ര ധനമന്ത്രി പി ചിദംബരം ഇടപെട്ട് എഴുതിത്തള്ളി. പാണ്ഡയുടെ ഇന്ത്യന്‍ മെറ്റല്‍ ഫെറോ അലോയ്സ് ലിമിറ്റഡ് (ഐഎംഎഫ്എ), ഇന്ത്യന്‍ ചാര്‍ജ് ക്രോം ലിമിറ്റഡ് കമ്പനി (ഐസിസിഎല്‍) എന്നീ കമ്പനികള്‍ എടുത്ത വായ്പയാണ് ഏഴുതിത്തള്ളാന്‍ തീരുമാനിച്ചത്.

നേരത്തേ പാണ്ഡയുടെ കമ്പനിയായ ഐഎംഎഫ്എയുടെ അഭിഭാഷകനായിരുന്നു ചിദംബരം. പ്രശ്നത്തില്‍ ഒറീസ ഹൈക്കോടതി കേന്ദ്ര ബാങ്കിങ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കി.

രോഗാതുരമായ ഐസിസിഎല്‍ 2004 ലാണ് പാണ്ഡയുടെ ഐഎംഎഫ്എ ഏറ്റെടുക്കുന്നത്. ഈ ഘട്ടത്തിലാണ് പത്ത് ബാങ്കുകളില്‍നിന്ന് 3000 കോടി രൂപ വായ്പയെടുത്തത്. ഇതില്‍ എട്ട് ബാങ്കുകളും പൊതുമേഖലയിലാണ്. 2004 ല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായ ശേഷമാണ് ഐഡിബിഐ, യൂണിയന്‍ ബാങ്ക്, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍നിന്ന് പാണ്ഡ വായ്പ വാങ്ങുന്നത്. ഈ ഘട്ടത്തിലും പാണ്ഡയെ ചിദംബരം സഹായിച്ചു. പാണ്ഡ എടുത്ത 3000 കോടിക്കടുത്ത വായ്പയില്‍ 619 കോടി രൂപമാത്രം 18 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ബാക്കി എഴുതിത്തള്ളും.

ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തിയതായി നേരത്തേയും ആരോപണമുണ്ടായിരുന്നു. തമിഴ്നാട്ടിലെ രാജാപാളയത്തെ കര്‍പ്പകാംബാള്‍ മില്‍സ് വന്‍ തുകയുടെ നികുതിവെട്ടിപ്പ് നടത്തിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകയായി ഭാര്യ നളിനി ചിദംബരത്തെ അയച്ച് കേസില്‍ തോല്‍ക്കുകയായിരുന്നു. മില്‍ ഉടമ ചിദംബരത്തിന്റെ സഹോദരനായിരുന്നു. ബാല്‍കോയുടെ 49 ശതമാനം ഓഹരികള്‍ സ്റ്റൈര്‍ലെറ്റിന് വിറ്റതിനു പിന്നിലും ചിദംബരമാണെന്ന് ആരോപണമുണ്ട്. ധനമന്ത്രിയാകുന്നതുവരെ ചിദംബരം ഡയറക്ടറായിരുന്ന വേദാന്ത റിസോഴ്സ് കമ്പനി ഉടമ അനില്‍ അഗര്‍വാളിന്റെയാണ് സ്റ്റൈര്‍ലെറ്റും.
കടപ്പാട്- ദേശാഭിമാനി

ഒരു കോടി നഷ്ടപരഹാരം തേടി ഹര്‍ത്താല്‍ വിരുദ്ധമുന്നണി കോടതിയിലേക്ക്
ഒറ്റപ്പാലം: ഒരു കോടി രൂപയുടെ നഷ്ടം രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ വിരുദ്ധമുന്നണി ഹൈക്കോടതിയിലേക്ക്. പാലക്കാട് ജില്ലയില്‍ നടന്ന മൂന്നു ഹര്‍ത്താലുകള്‍ മൂലം സമൂഹത്തിന് ഒരു കോടി രൂപയുടെ നഷ്ടം നേരിട്ടിട്ടുണ്െടന്നാണ് ഹര്‍ത്താല്‍ വിരുദ്ധമുന്നണിയുടെ പരാതി.

സംഘടനയ്ക്കുവേണ്ടി ജില്ലാ ചെയര്‍മാന്‍ പി.വി.ഹംസയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി മലബാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മുസ്ലിം ലീഗ്, മലമ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു നടന്ന ഹര്‍ത്താല്‍, സേലം റെയില്‍വേ ഡിവിഷന്റെ പേരില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ എന്നിവമൂലം ഒരുകോടിയുടെ നഷ്ടം വന്നുവെന്നാണ് ഹര്‍ത്താല്‍ വിരുദ്ധമുന്നണിയുടെ പരാതിയെന്ന് പ്രസിഡന്റ് ഹംസ പറഞ്ഞു.

നിര്‍ബന്ധിത ഹര്‍ത്താലുകള്‍ ഭരണഘടനാവിരുദ്ധവും നീതിരഹിതവുമാണെന്ന ഹൈക്കോടതി വിധിന്യായവും ഇതിനെ പിന്തുണയ്ക്കുന്നു. സുപ്രീംകോടതിവിധിയും ഹര്‍ത്താല്‍ ഉണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന നിലപാടിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പി.വി.ഹംസ പറയുന്നു. ഇത്തരത്തില്‍ മുംബൈയില്‍ ഹര്‍ത്താല്‍ നടത്തിയ സംഘടനയില്‍നിന്നും തുക നഷ്ടപരിഹാരം വാങ്ങിയ ഹൈക്കോടതിവിധി കേരളത്തിലും ബാധകമാണെന്നാണ് ഹര്‍ത്താല്‍ വിരുദ്ധമുന്നണി പറയുന്നത്.
കടപ്പാട്- ദീപിക

Advertisements

1 അഭിപ്രായം

Filed under കേരളം, മാധ്യമം, യൂണികോഡ്

One response to “നവംബര്‍ 4 ഞായര്‍ ജാസൂട്ടിക്കും ഇക്കാസിനും ഇന്ന് നിക്കാഹ്

 1. pathra vaartha kandu.
  jaasuuttyude kalyaanam kalakkiinnu keettu

  padmanabhan namboodiri
  regional editorial co ordinator
  kerala kaumudi calicut
  9946108225

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w