ഒന്നാമനായ കേരള ബ്ലോഗര്‍ B.R.P.Bhaskar

കാമ്പസ് അക്രമത്തിന്റെ രാഷ്ട്രീയ പിതൃത്വം
ബി.ആര്‍.പി. ഭാസ്കര്‍
ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചകളിലെ പ്രധാന വിഷയം എ.എസ്.ഐ എം.സി.ഏലിയാസിനെ കൊന്നത് ആരാണെന്നതായിരുന്നു. അതു ചെയ്തത് എ.ബി.വി.പിക്കാരാണെന്ന കാര്യത്തില്‍ പിണറായി വിജയന്‍ മുതല്‍ താഴോട്ടുള്ള സി.പി.എംകാര്‍ക്ക് സംശയമുണ്ടായിരുന്നില്ല. എസ്.എഫ്.ഐക്കാരാണ് ചെയ്തതെന്ന കാര്യത്തില്‍ പി.കെ. കൃഷ്ണദാസ് മുതല്‍ താഴോട്ടുള്ള ബി.ജെ.പിക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ വിശ്വാസം എങ്ങനെയാണ് ഓരോരുത്തരെയും രക്ഷിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

ചങ്ങനാശ്ശേരിയില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പല കാമ്പസുകളിലും വളരെക്കാലമായി നടക്കുന്ന അക്രമങ്ങളുടെ വെളിച്ചത്തില്‍ നടക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുമായിരുന്ന സംഭവമാണ് നടന്നത്. എവിടെ എപ്പോള്‍ എന്നതുമാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ആധുനിക മാദ്ധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു ദൌര്‍ബല്യം അത് സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്നതാണ്. സംഭവങ്ങളിലേക്ക് നയിക്കുന്ന പ്രക്രിയകളെ അത് ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിച്ചാല്‍ ഒരുപക്ഷേ, അവയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയാനും ഒഴിവാക്കാനും കഴിഞ്ഞേക്കും.

വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ലോകമൊട്ടുക്ക് അവ കാലാകാലങ്ങളില്‍ ഭരണകൂടങ്ങളുമായി ഏറ്റുമുട്ടിയിട്ടുള്ളതായി കാണാം. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലെയും സ്വാതന്ത്യ്രസമരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വലിയ സംഭാവനകള്‍ നല്കി. ചില നാടുകളില്‍ സ്വേച്ഛാധിപതികളെ തുരത്തി ജനാധിപത്യം സ്ഥാപിക്കുന്നതില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചു. വിദ്യാര്‍ത്ഥികളെല്ലാം പാഠപുസ്തകങ്ങളില്‍ തല പൂഴ്ത്തി കഴിഞ്ഞിരുന്നെങ്കില്‍ പല നാടുകളും ഒരുപക്ഷേ, സ്വാതന്ത്യ്രവും ജനാധിപത്യവും എന്താണെന്ന് അറിയാന്‍ കൂടുതല്‍ വൈകിയേനേ. എന്നാല്‍ നമ്മുടെ കാമ്പസുകളില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഈ ചരിത്രവസ്തുതകള്‍ നീതീകരണമാകുന്നില്ല. അതിന് നേതൃത്വം നല്കുന്നവര്‍ അധികാരപ്പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ളവരാണ്. അവരുടെ അജണ്ട നിശ്ചയിക്കുന്നത് ആ പാര്‍ട്ടികളാണ്. ഓരോ കക്ഷിയുടെയും ഭരണസമിതിയില്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ചുമതലയുള്ള നേതാവുണ്ടാകും. അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമ പട്ടികയിലെ ആദ്യ ഇനം വിശാല രാജ്യതാത്പര്യങ്ങളല്ല, സങ്കുചിത കക്ഷിതാത്പര്യമാണ്.

പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസപ്രമാണങ്ങളാകാം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ പ്രമുഖ കക്ഷികളുടെ സമീപകാല ചരിത്രം കണക്കിലെടുക്കുമ്പോള്‍ ചിലര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഉന്നതങ്ങളിലേക്കുള്ള കുറുക്കുവഴിയായി കാണാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഒരാള്‍ ബാല്യത്തിലേ ഡോക്ടറോ എന്‍ജിനിയറോ ആകണമെന്ന് തീരുമാനിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെങ്കില്‍ മറ്റൊരാള്‍ രാഷ്ട്രീയപദവി ലക്ഷ്യമിടുന്നതിലും അതിനായി പ്രയത്നിക്കുന്നതിലും തെറ്റ് കാണേണ്ട കാര്യമില്ല. ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന് രാഷ്ട്രീയകക്ഷികള്‍ കൂടിയേ തീരൂ. വലിയ കമ്പനികള്‍ കാമ്പസുകളിലെത്തി അവര്‍ക്ക് ആവശ്യമുള്ളവരെ കണ്ടെത്തി പാസായി ഇറങ്ങുന്നതിനുമുന്‍പുതന്നെ ജോലി നല്കുന്ന രീതി നമുക്ക് ഇന്ന് സുപരിചിതമാണ്. പാര്‍ട്ടികള്‍ കാമ്പസുകളില്‍ നിന്ന് ഭാവി നേതാക്കളെ കണ്ടെത്തുന്നതിനെ അതുപോലെ കാണാവുന്നതാണ്.
രാഷ്ട്രീയകക്ഷികള്‍ വിദ്യാര്‍ത്ഥി സംഘടനകളെ സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. കാമ്പസുകളിലെ അക്രമങ്ങള്‍, കണ്ണൂരിലെ കൊലപാതകങ്ങള്‍ പോലെ, ആധിപത്യത്തിനുവേണ്ടി പാര്‍ട്ടികള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. പരസ്പരം പോരടിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ നേര്‍ച്ചക്കോഴികളാണ്. ഈയിടെയുണ്ടായ ചില സംഭവങ്ങള്‍ വളരെക്കാലം കണ്ണൂരില്‍ ഒതുങ്ങിനിന്ന കൊലപാതക രാഷ്ട്രീയം വ്യാപിക്കുന്നുവെന്ന സൂചന നല്കുന്നു. ഇത് തടയാനുള്ള ചുമതല ഉത്തരവാദിത്വബോധമുള്ള എല്ലാ കക്ഷികള്‍ക്കുമുണ്ട്.

ഇക്കാര്യത്തില്‍ സി.പി.എമ്മിന് മറ്റേത് കക്ഷിയെക്കാളും കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. ഒന്നാമതായി പാര്‍ട്ടിഗ്രാമങ്ങളും പാര്‍ട്ടി കാമ്പസുകളും സൃഷ്ടിച്ചുകൊണ്ട് അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ആ പാര്‍ട്ടിയാണെന്ന് കരുതാന്‍ ന്യായമുണ്ട്. രണ്ടാമതായി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിലും അധികാരത്തിലിരിക്കുന്ന കക്ഷിയെന്ന നിലയിലും സമാധാനം പുനഃസ്ഥാപിക്കുന്നതിന് നേതൃത്വം നല്കാനുള്ള കടമ അതിനുണ്ട്. ശക്തരുടെ അക്രമങ്ങളെ ചെറുക്കാനുള്ള ദുര്‍ബലരുടെ ശ്രമങ്ങള്‍ ലോകമൊട്ടുക്ക് ഭീകരതയുടെ വളര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളിലും ഈ പ്രവണതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

ഇതെഴുതുന്ന സമയത്ത് എ.എസ്.ഐ ഏലിയാസ് കൊല്ലപ്പെടുകയായിരുന്നോ ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നോ എന്ന് കൃത്യമായി പറയാനാവാത്ത അവസ്ഥയാണുള്ളത്. സംഭവം നടന്ന സമയത്ത് അത് കൊലപാതകമാണെന്ന് പൊലീസുകാര്‍ കരുതിയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അതേസമയം, ഔദ്യോഗിക പാര്‍ട്ടി സംവിധാനങ്ങള്‍ കുറ്റവാളികളെ സംബന്ധിച്ചു നടത്തിയ പരസ്യപ്രഖ്യാപനങ്ങള്‍ പൊലീസ് അന്വേഷണം സത്യസന്ധമാകുമോയെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സംസ്ഥാന പൊലീസില്‍ സി.പി.എം ഫ്രാക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്.

കംപ്യൂട്ടര്‍ മലയാളം
മലയാള ഭാഷയെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ സ്ഥാപനങ്ങളും പണ്ഡിതന്മാരും കാട്ടുന്ന അനാസ്ഥ ദോഷം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ ഞാന്‍ എഴുതുകയുണ്ടായി. ഉദാഹരണമായി മലയാളം യൂണിക്കോഡില്‍ ല്‍, ള്‍ എന്നിവ കിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത് ശരിയല്ലെന്ന് കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ കമ്പനിയില്‍ സോഫ്ട്വെയര്‍ എന്‍ജിനിയറായ സിബു ജോണി അറിയിക്കുന്നു. ചില്ലുകള്‍ സൃഷ്ടിക്കാവുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. കൂടുതല്‍ സ്വീകാര്യതയുള്ള മലയാളം യൂണിക്കോഡിനുള്ള ശ്രമം തുടരുകയും ചെയ്യുന്നു. മെച്ചപ്പെട്ട ഒരു യൂണിക്കോഡ് സംവിധാനം ആറുമാസത്തില്‍ പ്രതീക്ഷിക്കാമെന്ന് സിബു പറയുന്നു.

കടപ്പാട് – കേരളകൗമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w