മാതൃഭൂമി വാരാന്തം 20-10-07

ലോകത്തിന്റെ ചിത്രജാലകം അഡോബി ഫോട്ടോഷോപ്പിന്റെ അണിയറശില്പിയും മലയാളിയുമായ വിനോദ് ബാലകൃഷ്ണന്‍
ഐ.ടി. ലോകത്തെ വിശേഷങ്ങളുമായി

ആര്‍. ഗിരീഷ് കുമാര്‍

photoshop

ലോകത്തിന്റെ ഏതു മുക്കിലും ഒരു മലയാളിയുണ്ടാവുമെന്നാണ് ചൊല്ല്. അതിനൊരു ഐ.ടി ഭേദഗതി: ലോകത്തെ ഏതു കമ്പ്യൂട്ടര്‍ തുറന്നാലും അതിലൊരു മലയാളിയുടെ പേരുണ്ടാവും. ഡിജിറ്റല്‍ ഇമേജ് പ്രോസസ്സിങ്ങില്‍ അവസാനവാക്കെന്നപോലെ വളര്‍ന്ന അഡോബി ഫോട്ടോഷോപ്പ് തുറന്നാല്‍ വിനോദ് ബാലകൃഷ്ണനെ നിങ്ങള്‍ക്കുകാണാം. ഫോട്ടോഷോപ്പിലേക്ക് സ്വാഗതം ചെയ്യുന്ന സ്പ്ലാഷ് സ്ക്രീനില്‍ വിനോദ് ബാലകൃഷ്ണനുണ്ട്. ഒപ്പം സീതാരാമന്‍ നാരായണനും.

ലോകം മുഴുവന്‍ വായിക്കുന്ന പേരുകാരനാവുക. അതും ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജിച്ച സോഫ്റ്റ്വേറുകളിലൊന്നില്‍. വിവര സാങ്കേതിക വിദ്യയുടെ നീലാകാശത്ത് പറക്കാന്‍ കൊതിക്കുന്ന ആരെയും മോഹിപ്പിക്കും ഈ നേട്ടം. ഫോട്ടോഷോപ്പിന്റെ വലിയലോകത്തെത്തിയ വിനോദ് ബാലകൃഷ്ണന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഹോസിലുള്ള അഡോബി സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡില്‍ ആറുവര്‍ഷമായി ജോലിചെയ്യുന്നു. അഡോബി ഫോട്ടോഷോപ്പ് ഡവലപ്മെന്റില്‍ സീനിയര്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റാണ് പത്തനംതിട്ടയിലെ വള്ളിക്കോടുനിന്നുള്ള വിനോദ് ബാലകൃഷ്ണന്‍.

കമ്പ്യൂട്ടറില്‍ ഫോട്ടോകളും ചിത്രങ്ങളും കലാരൂപങ്ങളും സൃഷ്ടിക്കുകയും അതിന്റെ രൂപവും നിറവും മാനവും പരിഷ്കരിക്കുകയും ചെയ്യുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന പ്രോഗ്രാമാണ് ഫോട്ടോഷോപ്പ്. കലയും സാങ്കേതികതയും കൈകോര്‍ക്കുന്ന ചിത്രപേടകം.

കുട്ടിക്കാലത്തൊ സ്കൂള്‍ ജീവിതകാലത്തൊ ഇത്ര വലിയ കരിയറിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് വിനോദ് പറഞ്ഞു. ”ടി.കെ.എം എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ കാലത്ത് നാട്ടില്‍ കമ്പ്യൂട്ടര്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ കിട്ടാനുള്ള സാധ്യതകളും കുറവായിരുന്നു. വളരെ കുറച്ചു കമ്പ്യൂട്ടര്‍ മാസികകള്‍ മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. എങ്കിലും കിട്ടാവുന്നതൊക്കെ വായിച്ച് കരിയറിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി”.

ഐ.ടി രംഗത്തുള്ള എണ്ണമറ്റ പ്രൊഫഷണലുകളിലൊരാളാകാന്‍ നില്‍ക്കാതെ തന്റെ ആഗ്രഹമനുസരിച്ചുള്ള അവസരത്തിനായി കാത്തിരുന്നതാണ് വിനോദിന്റെ ജീവിതത്തിലെ യഥാര്‍ഥ വഴിത്തിരിവ് . ആ ആഗ്രഹത്തോടെയാണ് മുംബൈയിലേക്കു പോയതും.

സെനിത്തിലാണ് വിനോദ് ആദ്യം ജോലിക്ക് ചേര്‍ന്നത്. സര്‍ക്കാര്‍ സ്ഥാപനത്തിലൊതുങ്ങാതെ പുതുതലമുറയില്‍പ്പെട്ട ഏതെങ്കിലും കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മാത്രം ജോലിചെയ്യുക എന്ന സുധീരമായ തീരുമാനമാണ് വിനോദ് എടുത്തത്. കരിയര്‍ തിരഞ്ഞെടുക്കാന്‍ കാണിച്ച ധൈര്യമാണ് വിനോദിനെ ഇത്രമേല്‍ ഉയരത്തിലെത്തിച്ചത്.

സെനിത്തില്‍ ഒന്നരക്കൊല്ലത്തോളം മാത്രമേ വിനോദ് നിന്നുള്ളൂ. റീക്കോ സോഫ്റ്റ് കോര്‍പ്പറേഷന്‍ എന്ന ജാപ്പനീസ് കമ്പനി വിനോദിനെ സ്വന്തമാക്കി. മക്കിന്റോഷിനു യോജിക്കുന്ന ജാപ്പനീസ് വേര്‍ഡ് പ്രോസസ്സര്‍ ഉണ്ടാക്കുകയായിരുന്നു അന്ന് റീക്കോസോഫ്റ്റ്. ഇന്ത്യയില്‍നിന്നും ഒസാക്കയിലേക്ക് റിക്കോസോഫ്റ്റ് റാഞ്ചിയ രണ്ട് പ്രൊഫഷണലുകളിലൊരാളായിരുന്നു വിനോദ്. ”ഒന്നര വര്‍ഷം മാത്രം ഐ.ടി.രംഗത്ത് പരിചയമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അതൊരു ഭാഗ്യമായിരുന്നു”. അതുകൊണ്ടുതന്നെ അവസരം കളയാന്‍ തയ്യാറാകാതെ വിനോദ് ജപ്പാനിലെത്തി.

സോഫ്റ്റ്വേര്‍ സേവനമേഖലയില്‍നിന്നും (സര്‍വീസ് ഇന്‍ഡസ്ട്രി) നിര്‍മാണ മേഖലയിലേക്കുള്ള (പ്രോഡക്ട് ഇന്‍ഡസ്ട്രി) വിനോദിന്റെ കാല്‍വെപ്പായിരുന്നു അത്. പ്രോഡക്ട് ഇന്‍ഡസ്ട്രിയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിക്കുന്നത് ജപ്പാനില്‍നിന്നാണ്. ടൈപ്പോഗ്രഫി(ലിപി രൂപകല്‍പ്പന)യും മക്കിന്റോഷ് പ്രോഗ്രാമിങ്ങും ജാപ്പനീസ് ഭാഷയും പഠിച്ചാണ് വിനോദ് ജപ്പാനോട് വിട പറയുന്നത്.

”1995ലാണ് സിലിക്കണ്‍വാലിയില്‍ എത്തുന്നത്. ഓട്ടോകാഡ് ലിമിറ്റഡില്‍ ഓട്ടോഡെസ്ക്കുമായി ബന്ധപ്പെട്ട് വളരെ കുറച്ചുകാലം പ്രവര്‍ത്തിച്ചു. പിന്നീട് ആപ്പിള്‍ കമ്പ്യൂട്ടേഴ്സിലേക്ക് മാറി. ആപ്പിളിന്റെ സോഫ്റ്റ്വേര്‍ വിഭാഗമായ ക്ലാരിസിലായിരുന്നു ആദ്യം. ക്ലാരിസ് വര്‍ക്സിന്റെ മൂന്ന് വെര്‍ഷനുകളില്‍ ടൈപ്പോഗ്രഫിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ടെക്സ്റ്റ്എന്‍ജിന്റെ ഹിന്ദി_ഗുജറാത്തി വെര്‍ഷനിലും സഹകരിച്ചു’.

ക്ലാരിസ്സിനെ ആപ്പിള്‍ ഫയല്‍മേക്കറായി രൂപംമാറ്റിയപ്പോള്‍, അതില്‍ വെബ്സെര്‍വര്‍ ഡവലപ്മെന്റില്‍ പ്രവര്‍ത്തിക്കാനായി. ഇക്കാലത്ത് സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡര്‍ ഗേറ്റ് സര്‍വകലാശാലയില്‍നിന്ന് സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും വിനോദ് സ്വന്തമാക്കി.

സിലിക്കണ്‍ വാലിയിലെ ആറുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം അവിടെ വിനോദിന് ഒട്ടേറെ ബന്ധങ്ങളുണ്ടാക്കി. അതിലൂടെ 2001_ല്‍ വിനോദ് അഡോബിയില്‍ ചേര്‍ന്നു. ഫോട്ടോഷോപ്പ് വെര്‍ഷന്‍ ഏഴുമുതല്‍ വിനോദ് അവിടത്തെ എന്‍ജിനിയറിങ് വിഭാഗത്തിലുണ്ട്. അഡോബി ഫോട്ടോഷോപ്പ് സി.എസ്, സി.എസ് 2, സി.എസ് 3, ലിക്വിഡ് സ്കൈ, ഡാര്‍ക്ക് മാറ്റര്‍, സ്പേസ് മങ്കി തുടങ്ങിയവയുടെ സ്പ്ലാഷ് സ്ക്രീനുകളില്‍ വിനോദ് ബാലകൃഷ്ണനെ കാണാം. ഫോട്ടോഷോപ്പിന്റെ അടുത്ത വെര്‍ഷനായ സി.എസ് 4 വികസിപ്പിക്കാനുള്ള ജോലികളില്‍ മുഴുകിയിരിക്കുകയാണ് വിനോദും സംഘവുമിപ്പോള്‍.

കൈപ്പട്ടൂരിലെ സെന്റ് ജോര്‍ജ് മൌണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകര്‍ നല്‍കിയ പിന്തുണയും ഉപദേശവുമാണ് പിന്നീടുള്ള കാലത്ത് തനിക്ക് വഴികാട്ടിയായതെന്ന് വിനോദ് പറയുന്നു. ”കണക്കിനോടും ഭൌതികശാസ്ത്രത്തിനോടും കാണിച്ച ഇഷ്ടം ഒരാവേശമായി വളര്‍ത്തിയത് സ്കൂള്‍ അധ്യാപകരായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്നും പ്രീഡിഗ്രിക്കുശേഷം കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്നപ്പോള്‍, കേരള സര്‍വകലാശാലയിലെ രണ്ടാമത്തെ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചായിരുന്നു ഞങ്ങളുടേത്”. സോഫ്റ്റ്വേര്‍ കരിയറില്‍ ആദ്യ കാല്‍വെയ്പായി വിനോദ് കരുതുന്നത് ടി.കെ.എം.എന്‍ജിനീയറിങ് കോളേജിലെ പഠനവും അവിടെനിന്നു സമ്പാദിച്ച ബിരുദവുമാണ്.

ഐ.ടി.രംഗത്ത് ഗൌരവമായ മേഖലകളിലേതിലെങ്കിലും പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം നിലനിര്‍ത്താന്‍ പല അവസരങ്ങളും വിനോദിന് ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ”ജപ്പാനിലായിരുന്നപ്പോള്‍, ഐ.ബി.എം, മെയ്ന്‍ഫ്രെയിം പോലുള്ള സ്ഥാപനങ്ങളില്‍പോകാന്‍ അവസരമുണ്ടായിരുന്നു.അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പോള്‍ മറ്റെവിടെയെങ്കിലുമാകുമായിരുന്നു. ഞാന്‍ കൃത്യമായി ഫോക്കസ്ഡ് ആയിരുന്നതിനാല്‍ സിലിക്കണ്‍ വാലിയിലെത്തിയശേഷവും കരിയറിന്റെ വഴി മാറാതെ ശരിയായ അവസരം വരുന്നതുവരെ കാത്തിരുന്നു”_വിനോദ് പറഞ്ഞു.

സിലിക്കണ്‍ വാലിയിലെ ജീവിതം വരുത്തുന്ന മാറ്റങ്ങള്‍?

”ഐ.ടി രംഗത്തെ അതിവിദഗ്ധരായ ആളുകള്‍ക്കൊപ്പം ജോലിചെയ്യാന്‍ അവസരം കിട്ടുന്നുവെന്നതാണ് സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാനഗുണം. അത് കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കാര്യമാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും ഐ.ടി. മേഖലകള്‍ തമ്മില്‍ കാര്യമായ അന്തരമുണ്ട്. അവസരങ്ങള്‍ തുറന്നുകിട്ടാത്തതാണ്, മികവില്ലാത്തതല്ല ഇന്ത്യയിലെ പ്രൊഫഷണലുകളുടെ പ്രതിസന്ധി.

ഐ.ടി രംഗത്ത് ഇന്ത്യ അതിവേഗം പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന നിലയിലല്ല. പ്രോഡക്ട് ഇന്‍ഡസ്ട്രിയല്ല ഇന്ത്യയിലുള്ളത്. മറിച്ച്, സര്‍വീസ് ഇന്‍ഡസ്ട്രിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നൊക്കെ ഐ.ടി ഉത്പ്പന്നങ്ങള്‍ രംഗത്തുവരുന്നുണ്ട്. സ്വീഡനില്‍നിന്നാണ് സ്കൈപ്പ് പോലുള്ള സോഫ്റ്റ്വേറുകള്‍ വന്നത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ഇസ്രായേലില്‍നിന്നുമൊക്കെ പുതിയ ഐ.ടി ഉത്പന്നങ്ങള്‍ വരുന്നു. എന്നാല്‍ ഇന്ത്യയില്‍നിന്ന് ഉത്പന്നങ്ങള്‍ വന്നുതുടങ്ങിയിട്ടില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തണമെങ്കില്‍ അതനുസരിച്ചുള്ള വിപണി ഇവിടെത്തന്നെ വികസിച്ചുവരണം. അത് ഏറെ വൈകാതെ ഉണ്ടാവുകതന്നെ ചെയ്യും.

ഐ.ടി. ഉത്പന്ന വ്യവസായം വികസിച്ചുവരണമെങ്കില്‍ അതിനാദ്യം വേണ്ടത് നിക്ഷേപകരാണ്. മറ്റൊന്ന് യൂസര്‍ ഇന്റര്‍ഫേസ് രംഗത്തുള്ള വൈദഗ്ധ്യമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ഉത്പന്നത്തെ മാറ്റുകയെന്നതാണ് യൂസര്‍ ഇന്റര്‍ഫേസ്കൊണ്ടുദ്ദേശിക്കുന്നത്. അത്തരം ടെക്നോളജിയൊന്നും ഇന്ത്യയില്‍ കാര്യമായി വികസിച്ചുതുടങ്ങിയിട്ടില്ല. അമേരിക്കയും ജപ്പാനുമാണ് യൂസര്‍ ഇന്റര്‍ഫേസ് ഡിസൈനിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്നത്. നിക്ഷേപകരും യൂസര്‍ ഇന്റര്‍ഫേസ് വികാസവും ഉപഭോക്താക്കളെ മനസ്സിലാക്കിയുള്ള വിപണി കണ്ടെത്തലും വരുന്ന മുറയ്ക്ക് ഇന്ത്യയിലും പ്രോഡക്ട് ഇന്‍ഡസ്ട്രി പുരോഗതി നേടും’.

ഐ.ടി.രംഗത്തേക്ക് കടന്നുവരാന്‍ കൊതിക്കുന്ന
പുതു തലമുറയോട് പറയാനുള്ളത്?

”ഞാനൊക്കെ പഠിക്കുന്ന സമയത്ത് നന്നായി പഠിക്കുന്നവര്‍ക്ക് മുന്നില്‍ ഡോക്ടറാവുകയോ എഞ്ചിനീയറാവുകയോ മാത്രമായിരുന്നു മാര്‍ഗം. ഇന്ന് തിരഞ്ഞെടുക്കാന്‍ ഒട്ടേറെ മേഖലകളുണ്ട്. ഏതു ഫീല്‍ഡില്‍ ജോലിചെയ്യുകയാണെങ്കിലും അതില്‍ കൃത്യമായി കേന്ദ്രീകരിക്കുക”.

ബിസിനസുകാരനായിരുന്ന മഠത്തില്‍ ബാലകൃഷ്ണന്റെയും വീട്ടമ്മയായ പൊന്നമ്മയുടെയും മൂത്തമകനാണ് വിനോദ്. പന്തളംകാരിയായ രഞ്ജു രാജനാണ് ഭാര്യ. അമേരിക്കയില്‍ ഐ.ടി.രംഗത്തുതന്നെയാണ് രഞ്ജുവും. സെക്കന്‍ഡ് ഗ്രേഡില്‍ പഠിക്കുന്ന അനൂപും രണ്ടുവയസ്സുകാരന്‍ അനുജും മക്കള്‍.

അഡോബിയിലെ സീനിയര്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് വിദേശത്താണോ പഠിച്ചതെന്ന ചോദ്യത്തിന് കേരളത്തിലെ സാധാരണ സ്കൂളുകളില്‍ എന്ന് വിനോദ് മറുപടി പറയുന്നു. ടി.കെ.എമ്മിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയ്ക്ക് സിലിക്കണ്‍ വാലിയില്‍ രൂപം നല്‍കാനും മുന്‍കൈയെടുത്ത കൂട്ടത്തില്‍ വിനോദുമുണ്ട്.

ഫോട്ടോഷോപ്പിലേക്ക് ആരു കടന്നുചെന്നാലും മനസ്സിലേക്ക് തറഞ്ഞുകയറുക ഒരു വലിയ പേരാണ്. സീതാരാമന്‍ നാരായണന്‍ എന്ന തമിഴ്നാട്ടുകാരന്‍ വിനോദ് ബാലകൃഷ്ണനെക്കാള്‍ മുമ്പെ അഡോബിയിലുണ്ട്. സീതയെന്നു വിളിപ്പേരുള്ള സീതാനാരായണന് പേരുണ്ടാക്കിക്കൊടുത്ത പ്രശസ്തി ചെറുതല്ല. ഇന്റര്‍നെറ്റില്‍ സീതയുടെ പേരില്‍ ഫാന്‍സൈറ്റുകള്‍ പോലുമുണ്ട്. വെബ്ഫോറങ്ങളില്‍ സീതയെന്ന ഫോട്ടോഷോപ്പ് മനുഷ്യനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.

തിരുച്ചിറപ്പള്ളി റീജണല്‍ എന്‍ജിനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം കാര്‍ബോന്‍ഡേലിലെ സതേണ്‍ ഇല്ലിനോയ്സ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടുന്നതിനാണ് സീത അമേരിക്കയിലെത്തിയത്. അവിടെനിന്നും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടി. ക്രിസ്റ്റല്‍ ഗ്രാഫിക്സില്‍ ആദ്യം ചേര്‍ന്ന സീത, 1991 സപ്തംബറില്‍ അഡോബിയിലെത്തി.

വിന്‍ഡോസ് 3.1 വെര്‍ഷനു യോജിച്ച രീതിയില്‍ ഫോട്ടോഷോപ്പ് 2.5 വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു അന്ന് അഡോബിയില്‍. പീറ്റര്‍ മെറിലിന്റെ സംഘത്തില്‍ ജൂനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായിട്ടാണ് സീത ചേര്‍ന്നത് . മെറിലിന്റെ സഹായിയായിരുന്നു സീത ആദ്യം. പിന്നീടിങ്ങോട്ട് ഫോട്ടോഷോപ്പിന്റെ വെര്‍ഷനുകളിലും പങ്ക് വഹിച്ച സീത ഇന്ന് അഡോബിയിലെ സീനിയര്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരില്‍ മൂന്നാം പേരുകാരനാണ്.

വിനോദും സീതയുമടങ്ങുന്ന കരുത്തുറ്റ എന്‍ജിനീയറിങ് നിരയാണ് അഡോബിയെ എതിരാളികളില്‍നിന്നും ബഹൂദൂരം മുന്നില്‍ നിര്‍ത്തുന്നത്. 16 വര്‍ഷമായി ഈ രംഗത്ത് കാര്യമായ വെല്ലുവിളികളില്ലാതെയാണ് ഫോട്ടോഷോപ്പിന്റെ മുന്നേറ്റം. ഫോട്ടോഷോപ്പിന്റെ കോഡ് കണ്ടെത്തിയ തോമസ് നോള്‍ നേതൃത്വം നല്‍കുന്ന വലിയൊരു നിരയാണ് മുന്നേറ്റത്തിനു പിന്നില്‍.

ഐ.ടി രംഗത്തെ അതിവിദഗ്ധരുടെ ഈ പട്ടികയില്‍ സീതാരാമന്‍ നാരായണനെന്ന തമിഴ്നാട്ടുകാരനും വിനോദ് ബാലകൃഷ്ണനെന്ന മലയാളിയുമുണ്ടെന്നത് ഇന്ത്യക്കുണ്ടാക്കുന്ന വലിപ്പം ചെറുതല്ല. തന്റെ വലിയ പേരാണ് പ്രശസ്തിക്ക് കാരണമെന്ന് പറയുന്ന സീതാരാമനും ഇത്രയേറെ വായിക്കപ്പെടുന്ന പേരുകാരനായതിലെ അത്യാഹ്ലാദം പ്രകടമാക്കാതെ വിനയാന്വിതനാകുന്ന വിനോദും ഇന്ത്യയുടെ പ്രശസ്തിയാണ് ഉയരങ്ങളിലെത്തിക്കുന്നത്. അഡോബി സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡെന്ന ഐ.ടി രാജാക്കന്മാരില്‍ ഇന്ത്യക്കാര്‍ വിനോദും സീതയും മാത്രമല്ല. കമ്പനിയുടെ രണ്ടാമത്തെ തലവന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശാന്തനു നാരായന്‍ എന്ന ഇന്ത്യക്കാരനാണ്. അതു മറ്റൊരു വിജയഗാഥ.

rgirishkumar@gmail.com

നോള്‍ സഹോദരന്മാരും ഡിസ്പ്ലേയും

മ്പ്യൂട്ടറിന്റെ ചിത്രപ്പൂട്ട് തുറക്കുകയെന്നതായിരുന്നു മിഷിഗണ്‍ സര്‍വകലാശാലയില്‍ പിഎച്ച്.ഡി പഠനം നടത്തുമ്പോള്‍ തോമസ് നോളിന്റെ വെല്ലുവിളി. തന്റെ മാക് പ്ലസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കമ്പ്യൂട്ടറില്‍ ഇമേജുകള്‍ തുറക്കുകയെന്നത് വെല്ലുവിളിയായപ്പോള്‍ അതിനുള്ള സൂത്രം കണ്ടെത്താനായി നോളിന്റെ ശ്രമം. പിന്നീട് ലോകം കീഴടക്കിയ ഫോട്ടോഷോപ്പിന് ജന്മം നല്‍കിയത് ആ കണ്ടെത്തലാണ്.

ഗവേഷണത്തിനായി താന്‍ സൃഷ്ടിച്ച മാര്‍ഗത്തിന് ഡിസ്പ്ലേ എന്നാണ് നോള്‍ നല്‍കിയ പേര്. പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയെയും അച്ചടിയെയും കലാസൃഷ്ടികളെയും കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് കൂടുതല്‍ അടുപ്പിച്ച കണ്ടെത്തലാണ് അതെന്ന് നോള്‍ അന്നറിഞ്ഞിരുന്നില്ല.

ഹോളിവുഡ് സിനിമമകള്‍ക്ക് സ്പെഷന്‍ ഇഫക്ട്സ് തയ്യാറാക്കിയിരുന്ന കാലിഫോര്‍ണിയിയിലെ ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക് എന്ന കമ്പനിയിലായിരുന്നു തോമസ് നോളിന്റെ ജ്യേഷ്ഠന്‍ ജോണ്‍ നോള്‍ അക്കാലത്ത് ജോലിചെയ്തിരുന്നത്. സിനിമകള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്ക് ഡിസ്പ്ലേ ഉപയോഗിക്കാമെന്ന സഹോദരന്മാരുടെ തീരുമാനം ഡിജിറ്റല്‍ ഇമേജിങ് രംഗത്തെ വിപ്ലവത്തിന് തുടക്കമിട്ടു. ഗവേഷണ ജോലികള്‍ക്ക് തല്‍ക്കാലം അവധികൊടുത്ത് ഡിസ്പ്ലേയുടെ പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നതില്‍ തോമസ് മുഴുകി.

പൂര്‍ണരൂപത്തിലുള്ള ഡിജിറ്റല്‍ ഇമേജ് പ്രോസസ്സിങ് സോഫ്റ്റ്വേറിലേക്ക് വളര്‍ന്നുതുടങ്ങിയ ഡിസ്പ്ലേയ്ക്ക് പേരിടുകയെന്നതായിരുന്നു സഹോദരന്മാരുടെ മുന്നിലെ മറ്റൊരു വെല്ലുവിളി. ഇമേജ് പ്രൊ, ഫോട്ടോഹട്ട്, ഫോട്ടോ ലാബ് തുടങ്ങി പല പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും ഫോട്ടോഷോപ്പ് (PhotoShop) എന്ന പേര് യാദൃച്ഛികമായി നോള്‍ സഹോദരന്മാര്‍ക്ക് ലഭിച്ചു.

ഫോട്ടോഷോപ്പില്‍ നിക്ഷേപം മുടക്കാന്‍ തയ്യാറായ സ്ഥാപനത്തെ കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം. മിഷിഗണിലെ ആന്‍ ആര്‍ബറിലിരുന്ന് തോമസ് ഫോട്ടോഷോപ്പ് പരിഷ്കരണ പരിപാടികളില്‍ മുഴുകിയപ്പോള്‍, സിലിക്കണ്‍ വാലിയിലെത്തി ഫോട്ടോഷോപ്പ് വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ജോണ്‍.

സ്കാനര്‍ നിര്‍മാതാക്കളായ ബാര്‍ണിസ്കാന്‍ എന്ന കമ്പനിയാണ് ഫോട്ടോഷോപ്പില്‍ ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. ബാര്‍ണിസ്കാന്‍ സ്കാനറുകള്‍ക്കൊപ്പം ഫോട്ടോഷോപ്പ് 0.87 വെര്‍ഷന്റെ 200 കോപ്പികള്‍ (ബര്‍ണിസ്കാന്‍ എക്സ്.പി) 1988 ആദ്യം പുറത്തിറങ്ങി.

അഡോബി ഇന്‍കോര്‍പ്പറേറ്റഡിലെ ആര്‍ട്ട് ഡയറക്ടര്‍ റസ്സല്‍ ബ്രൌണ്‍ ഫോട്ടോഷോപ്പിന്റെ ഡെമോ കാണാനിടയായതാണ് യഥാര്‍ഥ വഴിത്തിരിവ്. ഫോട്ടോഷോപ്പിന്റെ വിതരണാവകാശം അഡോബി സ്വന്തമാക്കി. അഡോബി അക്വിസിഷന്‍സിന്റെ തലവന്‍ ഫ്രെഡ് മിച്ചലും നോള്‍ സഹോദരന്മാരുമായി 1988 സപ്തംബറില്‍ കരാറിലേര്‍പ്പെട്ടു. ഫോട്ടോഷോപ്പ് എന്ന പേര് പരിഷ്കരിക്കാന്‍ അഡോബി തുടക്കത്തില്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ നോള്‍ സഹോദരന്മാര്‍ നല്‍കിയ ഫോട്ടോഷോപ്പില്‍ (ഛമസര്‍സഞമസഹ) നിന്നും മധ്യത്തിലെ ‘എസ്’ ചെറിയ അക്ഷരമാക്കി (ഛമസര്‍സറമസഹ) മാറ്റി. ഫോട്ടോഷോപ്പ് വന്‍വിജയമായതോടെ അഡോബി നോള്‍ സഹോദരന്മാരില്‍നിന്ന് പ്രോഗ്രാം പൂര്‍ണമായും വാങ്ങി. തോമസ് നോള്‍, ജോണ്‍ നോള്‍,റസ്സല്‍ ബ്രൌണ്‍, സ്റ്റീവ് ഗട്ട്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. 1990 ഫിബ്രവരിയില്‍ ഫോട്ടോഷോപ്പിന്റെ ആദ്യ വെര്‍ഷന്‍ ‘ഫോട്ടോഷോപ്പ് 1.0.7’ വിപണിയിലെത്തി.

പിന്നീടിങ്ങോട്ടിതുവരെ പത്തു വെര്‍ഷനുകളിലായി ഫോട്ടോഷോപ്പിന്റെ ജൈത്രയാത്ര തുടരുകയാണ്. ഫോട്ടോഷോപ്പ് 7.0 നുശേഷം ഫോട്ടോഷോപ്പ് സിഎസ് (ക്രിയേറ്റീവ് സ്യൂട്ട്) എന്ന പേരിലാണ് നിര്‍മാണം. തുടക്കത്തില്‍ മക്കിന്റോഷ് പ്ലാറ്റ്ഫോമില്‍ മാത്രം ഉപയോഗയോഗ്യമായിരുന്ന ഫോട്ടോഷോപ്പ് താമസിയാതെ വിന്‍ഡോസ് പ്ലാറ്റ്ഫോമിനും അനുയോജ്യമായി.

ഫോട്ടോഷോപ്പും അഡോബിയുമായി ചേര്‍ന്ന ശേഷം ജോണ്‍ നോള്‍ തന്റെ സിനിമാ ലോകത്തേക്ക് മടങ്ങി. ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക്കില്‍ വിഷ്വല്‍ ഇഫക്ട്സ് സൂപ്പര്‍വൈസറാണ് അദ്ദേഹം. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്’ എന്ന സിനിമയ്ക്ക് വിഷ്വല്‍ ഇഫക്ട്സ് ഒരുക്കിയതിന് 2007_ല്‍ തോമസ് നോളിന് ഓസ്കര്‍ അവാര്‍ഡ് ലഭിച്ചു.

ഡിജിറ്റല്‍ ഇമേജിങ് ലോകത്ത് ഫോട്ടോഷോപ്പിനോളം ജനപ്രിയമായ മറ്റൊരു സോഫ്റ്റ്വേറില്ല. ആമസോണ്‍ ഡോട്ട് കോമിലൂടെ ഫോട്ടോഷോപ്പ് സംബന്ധിയായ പതിനായിരത്തോളം പുസ്തകങ്ങള്‍ വാങ്ങാനാവുമെന്നത് അതിനു തെളിവാണ്. ഫോട്ടോഷോപ്പ് എന്ന വാക്ക് അതിന്റെ ഉപയോഗാര്‍ഥത്തില്‍ ഇംഗ്ലീഷ് ഭാഷയിലും ഇന്നു പ്രചരിക്കുന്നു ( ഉദാ: He phtoshoped that image).

ലോകത്ത് അച്ചടിക്കപ്പെടുന്നതും ഇന്റര്‍നെറ്റില്‍ വരുന്നതുമായ 90 ശതമാനം ചിത്രങ്ങളും ഫോട്ടോഷോപ്പിലൂടെ കടന്നുവരുന്നതാണ്. വെബ്_അച്ചടി മാധ്യമരംഗത്ത് ഫോട്ടോഷോപ്പിന്റെ വരവോടെയുണ്ടായ മാറ്റവും ശ്രദ്ധേയമാണ്. ചിത്രങ്ങളുടെ ഉപയോഗം അനായാസമാക്കിയെന്നതാണ് ഫോട്ടോഷോപ്പിന്റെ പ്രകടമായ പ്രസക്തി.ഹോളിവുഡ് സിനിമകളാണ് ഫോട്ടോഷോപ്പിന്റെ മറ്റൊരു പ്രധാന ഉപയോക്താക്കള്‍. 1989_ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അബ്ബീസ് ആണ് ഫോട്ടോഷോപ്പിനെ ആദ്യമായി ഉപയോഗിക്കുന്ന ഹോളിവുഡ് സിനിമ.

കടപ്പാട്: മാതൃഭൂമി

Advertisements

8അഭിപ്രായങ്ങള്‍

Filed under പലവക

8 responses to “മാതൃഭൂമി വാരാന്തം 20-10-07

 1. നല്ല ലേഖനം. വരും‌തലമുറക്ക് ഉത്സാഹമുണ്ടാക്കാനുതകുമെന്നതില്‍ തര്‍ക്കമില്ല. അഭിനന്ദനങ്ങള്‍

 2. Harold

  ചന്ദ്രേട്ടാ
  നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍

 3. Surya

  ശരിക്കും വിജ്ഞാനപ്രദമായ ലേഖനം. ഇതു പോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

 4. Patteri

  Good News…….
  Inspirational to new generation….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w