ഒക്ടോബര്‍ 11 വ്യാഴം

കൃഷിഭൂമിക്കുവേണ്ടി ബഹുജന സമരം

അവശേഷിച്ച കൃഷിഭൂമി നിലനിര്‍ത്താനും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനും വേണ്ടി മുരിയാട് മാത്രമല്ല, കേരളത്തിലുടനീളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരം തുടങ്ങേണ്ടതാണ്.

സാറാ ജോസഫ്

മുരിയാട് കായല്‍മേഖലയിലെ കര്‍ഷകസമരം പുതിയ ദിശയിലേക്ക് വളരുകയാണ്. സമരം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ‘കൃഷിഭൂമി കൃഷി ചെയ്യാനുള്ളതാണ്’ എന്ന കര്‍ഷകരുടെ ബോധ്യമാണ് സമരത്തിന്റെ ഈ ദിവസങ്ങളില്‍ ബഹുജനങ്ങള്‍ കൂടി ഏറ്റെടുത്തിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍, സമരനേതൃത്വം വഹിച്ചിരുന്ന വര്‍ഗീസ് തൊടുപറമ്പില്‍ നിരാഹാരസമരം തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തികളും സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ അണികളും പരിസ്ഥിതി/സ്ത്രീ/ദലിത്/ആദിവാസി മേഖലകളിലെ പ്രവര്‍ത്തകരുമൊക്കെ സമരപ്പന്തലിലേക്കെത്തിത്തുടങ്ങി.

പതിനൊന്നായിരം ഏക്കര്‍ ഭൂമിയാണ് ഈ കായല്‍മേഖലയില്‍ നിരന്തരം കൃഷി ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നത് ഏഴായിരം ഏക്കറായി ചുരുങ്ങിക്കഴിഞ്ഞു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്, നെല്‍കൃഷിയെക്കാള്‍ ആദായകരമായ കളിമണ്‍ ഖനനത്തിന് കൃഷിഭൂമി വിട്ടുകൊടുത്തു എന്നതാണ്. നെല്‍വയലിലെ കളിമണ്ണ്, വ്യാവസായികാവശ്യങ്ങള്‍ക്ക് ഖനനം ചെയ്തു കൊണ്ടുപോകാന്‍ വ്യവസായികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതോടെ, കളിമണ്ണ് അവസാനത്തെ തരിവരെ തുരന്നെടുക്കുകയായി. മണ്ണ് തീര്‍ന്ന് മണല്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിനെക്കാള്‍ ആദായകരമായ മണലൂറ്റലും തുടങ്ങുന്നു. ഇങ്ങനെ ആദ്യം മണ്ണും പിന്നീട് മണലും പരമാവധി ഊറ്റിയെടുത്തുകഴിഞ്ഞ വയലുകളില്‍ രൂപപ്പെട്ട വലിയ കുഴികളില്‍ ഓരുവെള്ളം കയറി കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. നാലായിരം ഏക്കര്‍ കൃഷിഭൂമിയാണ് മുരിയാട് കായല്‍ മേഖലയില്‍ ഇങ്ങനെ നശിപ്പിക്കപ്പെട്ടുകഴിഞ്ഞത്.

‘നെല്‍കൃഷി ആദായകരമല്ല’ എന്ന് കര്‍ഷകര്‍ വിലപിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നെല്‍കൃഷിയെ ഈ മരണാസന്നതയില്‍ എത്തിച്ചതിന് ഒരു പരിണാമചരിത്രം ഉണ്ട്. വിലോഭനീയമായ ‘ഹരിതവിപ്ലവ’ മന്ത്രം ചൊല്ലിക്കൊണ്ടാണ് അത് ആരംഭിച്ചത്. പരമ്പരാഗത കൃഷിരീതി വെടിയാനും ‘അത്യുത്പാദനം’ നടത്താനും കര്‍ഷകരെ പ്രേരിപ്പിച്ചുകൊണ്ട് രാസവളങ്ങളും കീടനാശിനികളും ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളും നല്‍കി കര്‍ഷകര്‍ക്കുണ്ടാക്കിക്കൊടുത്ത പുത്തന്‍ കാര്‍ഷികാവബോധത്തിന്റെ ഫലമാണ് ‘കൃഷി ആദായകരമല്ല’ എന്ന അവസ്ഥയിലേക്ക് എത്തിച്ചത്. നെല്‍കൃഷി ആദായകരമല്ലാതായതോടെ കര്‍ഷകര്‍ കൃഷിയിതര നേട്ടം വയലുകളില്‍ നിന്ന് കൊയ്തെടുക്കാന്‍ തുടങ്ങി. ഇഷ്ടികക്കളങ്ങള്‍ മുതല്‍ മണലൂറ്റുവരെ പലതും അതില്‍പ്പെടും. തരിശിടുന്ന വയലുകള്‍ ഭൂമാഫിയകള്‍ക്ക് വന്‍ വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയതോടെ മണ്ണിട്ടു നികത്തലും കോണ്‍ക്രീറ്റിട്ടുറപ്പിക്കലും പൈലിങ്ങും പോലെയുള്ള ആക്രമണങ്ങള്‍ നെല്‍വയലുകളുടെ നെഞ്ചില്‍ ആരംഭിക്കുകയായി. പാലൂറുന്ന കതിര്‍ക്കുലകള്‍ കാറ്റിലാടി നിരന്ന വയലുകള്‍ പെട്ടെന്നു പെട്ടെന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങി. നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങുന്ന പ്രക്രിയയില്‍ നെല്‍വയലുകള്‍ നികത്തപ്പെട്ടതിന്റെ ഞെട്ടിക്കുന്ന കണക്ക് നാം വെളിപ്പെടുത്താറില്ല. ‘ഉണ്ണാന്‍ നെല്ലുണ്ട് ‘ എന്ന് പറയുന്നതില്‍ അഭിമാനം കൊണ്ടിരുന്ന മലയാളി ഇന്നില്ല. മലയാളിയുടെ ഭക്ഷ്യസംസ്കാരത്തില്‍നിന്ന്, നാടന്‍ വിത്തിനങ്ങളുടെ രുചികരമായ ചോറും കഞ്ഞിയും നഷ്ടപ്പെടുന്നതോടെ വേറെ ചിലത് കടന്നുകൂടുകയായി. ജീവിക്കാന്‍ ‘പൊറോട്ട’ കിട്ടിയാലും മതി എന്ന് മലയാളി തീരുമാനിച്ചു. വലിച്ചാല്‍ വലിയുന്ന റബ്ബറിന്റെ സംസ്ഥാനത്തിന് ഉചിതമായ ഭക്ഷണം വലിച്ചാല്‍ കുറച്ചൊക്കെ വലിയുന്ന പൊറോട്ട തന്നെയാണ് !

കളിമണ്ണും മണലും ഖനനം ചെയ്തെടുത്തും തരിശിട്ടും മണ്ണിട്ട് നികത്തിയും നെല്‍വയല്‍ നശിപ്പിക്കുന്നതിനെതിരെ കേരളമെന്ന ‘നെല്ലറ’ സംസ്ഥാനത്തില്‍ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി, നെല്‍വയലുകളും കൃഷിയും പിടിച്ചുനിര്‍ത്താന്‍ കര്‍ശനമായ നിയമനിര്‍മാണവും നിയമപരിപാലനവും ആവശ്യമായിരുന്നു. പ്രത്യേകിച്ചും ‘കൃഷിഭൂമി കൃഷിക്കാര്‍ക്ക് ‘ എന്നു പറഞ്ഞ ഇടതുപക്ഷത്തിന്റെ പിന്മുറ സര്‍ക്കാരിന്. ‘അധികാരം കൊയ്യണം’ എന്നു പാടിയും, ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങില്ല’ എന്നു പറഞ്ഞും കര്‍ഷകത്തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കിയും, മണ്ണില്‍ പണിയെടുക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പൊരുതിനേടിയും കടന്നുപോന്ന ഒരു പാരമ്പര്യം എങ്ങനെയാണ്, നെല്‍വയലുകള്‍ ഇല്ലാതാക്കാന്‍ കൂട്ടുനില്‍ക്കുക? ‘മുരിയാട് കര്‍ഷകസമരം’ ഇത്രയും നാള്‍ നീണ്ടുപോയതുതന്നെ അദ്ഭുതമുണ്ടാക്കുന്നു. കൃഷിയുടെ വികസനത്തിനും കൃഷിഭൂമിയുടെ സംരക്ഷണത്തിനും വേണ്ടി മുരിയാട് കര്‍ഷകര്‍ സമരം തുടങ്ങിയതിനുശേഷം മുഖ്യമന്ത്രി സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. സാംസ്കാരിക നായകരും പ്രമുഖ രാഷ്ട്രീയക്കാരും അവിടേക്കെത്തിയിരുന്നു. നിരവധി വാഗ്ദാനങ്ങളും നല്‍കുകയുണ്ടായി. പക്ഷേ, സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല.

‘കൃഷിയിടം സംരക്ഷിക്കുക’ എന്നതാണ് മുരിയാട് കര്‍ഷകരുടെ പ്രധാന ആവശ്യം. ഒരുതുണ്ട് വയലില്‍നിന്നുപോലും ഇനി മണ്ണും മണലും ഖനനം ചെയ്തെടുക്കാന്‍ പാടില്ല. ശുദ്ധജലസ്രോതസ്സുകള്‍ നശിക്കാന്‍ പാടില്ല. ഇതിനാവശ്യമായ നിയമനിര്‍മാണം അടിയന്തരമായി നടത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഒരുപ്പൂ കൃഷി പോലും അസാധ്യമായിത്തീര്‍ന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ‘മുരിയാട് കായല്‍ മേഖലകളിലും അനുബന്ധ പാടശേഖരങ്ങളിലും മുടക്കം കൂടാതെ കൃഷിചെയ്യാനുള്ള സൌകര്യങ്ങള്‍ അടിയന്തരമായി ചെയ്തുതരിക’ എന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. മണ്ണ് _ മണല്‍ ഖനനത്തിന് കൊടുക്കുന്നതും തരിശിടുന്നതും നിരോധിച്ച്, കൃഷിചെയ്യാന്‍ താത്പര്യമില്ലാത്ത കര്‍ഷകരുടെ കൃഷിഭൂമികള്‍ നിയമവിധേയമായി ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ഏറ്റെടുത്ത് കൃഷി ചെയ്യിക്കുകയോ പാട്ടത്തിന് കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകസമിതികളെ ഏല്പിക്കുകയോ ചെയ്യണം. നെല്‍കൃഷിനിലനില്‍ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും വികസനത്തില്‍ നെല്ലുത്പാദനത്തിന്റെ പങ്ക് തിരിച്ചറിയുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന് ഇതൊന്നും നടപ്പിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളല്ല.

ഭക്ഷണത്തിനുവേണ്ടി അന്യസംസ്ഥാനങ്ങളെയും രാജ്യങ്ങളെയും പരമാവധി ആശ്രയിച്ചുകൊണ്ടാണ് കേരളം ഇന്ന് നിലനില്‍ക്കുന്നത്. ഇത് വരുത്തിവെച്ച വിനയാണ്. ഇന്ന് കേരളത്തിലെ കൃഷിപ്പണികള്‍ ചെയ്യാന്‍ തമിഴ്നാട്ടുകാരെ നാം ആശ്രയിക്കുന്നു. നിരന്തരമായ കര്‍ഷകസമരങ്ങളിലൂടെ കര്‍ഷകത്തൊഴിലാളിക്ക് കൂടുതല്‍ കൂലി വാങ്ങിക്കൊടുക്കാനായിട്ടും കൃഷിപ്പണിക്ക് ആളെ കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതേസമയം തൊഴിലില്ലാപ്പട പെരുകിയും വരുന്നു. കാര്‍ഷികമേഖലയിലെ അദ്ധ്വാനത്തോടുള്ള വിമുഖത മറ്റേതു തൊഴിലും അതിനെക്കാള്‍ അന്തസ്സുള്ളതാണെന്ന മിഥ്യാഭിമാനബോധത്തിന്റെ കൂടി സൃഷ്ടിയാണ്. കൂടുതല്‍ കൂടുതല്‍ വിദ്യാസമ്പന്നരാവുന്തോറും കൂടുതല്‍ കൂടുതല്‍ മണ്ണില്‍ നിന്നകലുകയാണ് നമ്മള്‍ ചെയ്തത്.

കേരളത്തില്‍ അരിവിലകൂടാനിടയുണ്ടെന്ന് ഈയടുത്ത് ഒരു വാര്‍ത്ത വായിക്കാനിടയായി. ആന്ധ്രപ്രദേശ്, കേരളത്തിന് നല്‍കുന്ന അരിവിഹിതം കുറച്ച്, മറ്റു ദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പോകുന്നു. കൃഷി ആദായകരമല്ലാതായ പ്രക്രിയയില്‍, കേരളത്തിന് വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ ലാഭം കയറ്റുമതിയില്‍ നിന്നുകിട്ടും എന്നതാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. തുടര്‍ന്ന് തമിഴ്നാടും ഇതുപോലൊരു തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ കേരളത്തില്‍ അരിവിലയുടെ വര്‍ധന പിടിച്ചുനിര്‍ത്താനാകുമോ? നമ്മുടെ ഭക്ഷ്യോത്പാദനം കുത്തനെ കുറഞ്ഞുകഴിഞ്ഞിട്ടുള്ള സാഹചര്യത്തില്‍ അരിക്കുവേണ്ടി നാം പ്രധാനമായും ആശ്രയിക്കുന്ന ഈ സംസ്ഥാനങ്ങളുടെ തീരുമാനങ്ങള്‍ വളരെ നിര്‍ണായകമാണ്. അവശേഷിച്ച നെല്‍വയലുകള്‍ കൂടി ഉപയോഗശൂന്യമായാല്‍ ചോറുണ്ണാന്‍ ഭാഗ്യമുള്ളവരുടെ ശതമാനം ഉന്നതവിദ്യാഭ്യാസം നേടാന്‍ ഭാഗ്യമുള്ളവരുടെ ശതമാനം പോലെതന്നെ കുറയും. അതുകൊണ്ടുതന്നെ മുരിയാട്ട് അവശേഷിച്ച ഏഴായിരം ഏക്കര്‍ കൃഷിനിലം വേണ്ടവിധം സംരക്ഷിച്ച് നിലനിര്‍ത്താന്‍ കര്‍ഷകരെ സഹായിക്കേണ്ടത്, ബഹുജനങ്ങളുടെ ആവശ്യം കൂടിയാണ്. മുരിയാട്ട് മാത്രമല്ല, കേരളത്തിലെവിടെയുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും എങ്ങനെ വിനിയോഗിക്കപ്പെടണം എന്നതില്‍ ബഹുജന താത്പര്യം മുഖ്യമായിരിക്കേണ്ട കാലം അതിക്രമിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനായില്ലെങ്കിലും ഉള്ള കൃഷിഭൂമിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിളവെടുപ്പു നടത്താന്‍ ആവശ്യമായ സഹായമാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ചെയ്തുകൊടുക്കേണ്ടത്. കൃഷിഭൂമിയില്‍ കൃഷി ചെയ്യാനുള്ള അവകാശത്തിനുവേണ്ടി അധ്വാനിക്കാന്‍ തയ്യാറുള്ള കര്‍ഷകരുടെ സമരം കേരളത്തിന്റെ ബഹുജന സമരമാണ്.

വ്യവസായവത്കരണവും നഗരവത്കരണവുമാണ് ഒരു നാടിന്റെ വികസനം ത്വരപ്പെടുത്തുന്നത് എന്ന നിലപാട് കേരളം അന്ധമായി സ്വീകരിച്ചാല്‍ ഉണ്ടാകുന്ന അത്യാപത്തുകളില്‍ ഒന്നാണ് സിംഗൂരിലും നന്ദിഗ്രാമിലുമെന്ന പോലെ ഫലഭൂയിഷ്ഠമായ കൃഷി നിലങ്ങള്‍ വ്യാവസായികാവശ്യങ്ങള്‍ക്കുവേണ്ടി വിട്ടുകൊടുക്കേണ്ടിവരിക എന്നത്. ഈയടുത്തകാലത്തായി ഇത്തരം നയങ്ങള്‍ക്കെതിരെ നടന്നുവരുന്ന നിരവധിസമരങ്ങളാണ് ബഹുജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഹൈടെക് സിറ്റിക്കുവേണ്ടി മരട് പഞ്ചായത്തിലെ പളന്തക്കാട്ട് കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചും നീര്‍ത്തടാകങ്ങള്‍ നികത്തിയും കൃഷിയും മീന്‍പിടിത്തവും കക്കവാരലും പോലെയുള്ള പരമ്പരാഗതതൊഴില്‍ ചെയ്തു ജീവിക്കുന്നവരെ അവരുടെ ആവാസസ്ഥാനങ്ങളില്‍ നിന്ന് ഒഴിപ്പിച്ചും വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിച്ചും 5000 കോടിയുടെ ഹൈടെക്സിറ്റി നിര്‍മിക്കാനുള്ള ഒരു പ്രോജക്ടിനെതിരെ അവിടത്തെ ജനങ്ങള്‍ സമരത്തിലാണ്. ഗുരുവായൂരിനടുത്ത് ചക്കംകണ്ടം കായല്‍ മേഖലയിലെ ഏക്കര്‍കണക്കായ കൃഷിനിലങ്ങള്‍ കൃഷി പാടേനശിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണക്കാര്‍ ഗുരുവായൂര്‍ ടൌണിലെ ഹോട്ടല്‍ വ്യവസായികളാണെന്ന് ചക്കംകണ്ടത്തുള്ളവര്‍ പറയുന്നു. ദുര്‍ഗന്ധപൂരിതവും വിഷലിപ്തവുമായിത്തീര്‍ന്ന സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ട ഗതികേടിലായ തദ്ദേശവാസികള്‍ ഇന്ന് സമരമുഖത്താണ്.

നാടുഭരിക്കുന്ന ജനാധിപത്യസര്‍ക്കാരിന്റെ പ്രാഥമിക ചുമതല, ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കലാണ്. വിഷം തളിക്കാത്ത അരിയോ പച്ചക്കറിയോ പഴങ്ങളോ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്നില്ല എന്ന ഉത്തമബോധ്യത്തോടെയാണ് നാം വാങ്ങി ഭക്ഷിക്കുന്നത്. വില്‍ക്കാന്‍ വേണ്ടിയുണ്ടാക്കുന്ന ഓരോ ഉത്പന്നവും തനിക്ക് ലാഭമുണ്ടാക്കിത്തരണം എന്ന ചിന്തയും മുതലാളിത്ത നീതിയും കാര്‍ഷികമേഖലയിലെ നീതിബോധങ്ങളെ അട്ടിമറിച്ചതോടെ ഹരിതവിപ്ലവം നമ്മെ വിഷം തീറ്റിച്ചു തുടങ്ങി. അഗ്രിബിസിനസ്സിലൂടെ കോടികള്‍ കൊയ്തെടുക്കുന്ന ‘കര്‍ഷകര്‍’ ധാര്‍മികമൂല്യങ്ങളെ വരമ്പത്തുവെച്ചിട്ടാണ് ഉത്പാദനം നടത്തുന്നത്.

അവശേഷിച്ച കൃഷിഭൂമി നിലനിര്‍ത്താനും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാനും വേണ്ടി മുരിയാട്ട് മാത്രമല്ല, കേരളത്തിലുടനീളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരം തുടങ്ങേണ്ടതാണ്. ചേറ് ചവിട്ടാന്‍ മടിയുള്ളവര്‍ക്ക് വ്യവസായങ്ങളും നഗരങ്ങളും ഉത്പാദിപ്പിക്കുന്ന മാരകമാലിന്യങ്ങളില്‍ ചവിട്ടിനടക്കാന്‍ മടിയില്ല എന്നതു നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ആണവമാലിന്യം പോലും പാടത്തെ ചളിയോളം മോശമല്ല എന്ന മനോഭാവമുള്ളവര്‍ക്ക് മുരിയാട് സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഉള്‍ക്കൊള്ളാനായെന്നുവരില്ല. അതുകൊണ്ടാണല്ലോ പാടത്തെ വിശുദ്ധചളിയില്‍ നിന്ന് നമ്മുടെ പല കര്‍ഷകത്തൊഴിലാളിസ്ത്രീകളെയും കുടുംബശ്രീ വഴി മാരകമായ നഗരമാലിന്യങ്ങള്‍ കൈയിട്ടുവാരാന്‍ മടിയില്ലാത്തവരാക്കി മാറ്റിയെടുത്തത് ! മുഖാവരണമോ കൈയുറകളോ ഇല്ലാതെ അവര്‍ പണിയെടുക്കുന്നതു കാണുമ്പോള്‍ ‘ഏതൊരു വിശ്വവിദ്യാലയത്തിങ്കലെന്‍ സോദരിമാരേ, പഠിച്ചു നിങ്ങള്‍?’ എന്ന കവിവചനം അട്ടിമറിഞ്ഞുപോകുന്നു. കൃഷിയിടങ്ങള്‍ സംരക്ഷിക്കുക, കൃഷിചെയ്യാനുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കുക, ഭക്ഷ്യസുരക്ഷയും ശുദ്ധജലവും ഉറപ്പുവരുത്തുക തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ നീതിപൂര്‍വമാണ്. അതിന് ലഭിക്കേണ്ട ബഹുജനപിന്തുണ ഒരു സംസ്ഥാനത്തിന്റെ രക്ഷാകവചമായിരിക്കും.
കടപ്പാട്‌: മാതൃഭൂമി

വെളിച്ചെണ്ണ ഉപയോഗിക്കും മുന്‍പ്…
വെളിച്ചെണ്ണ അപകടകാ രിയല്ല. അത് ഉപയോഗി ക്കുന്ന രീതിയിലാണു കുഴപ്പം. അടുപ്പില്‍ നിന്നു വാങ്ങിവച്ച വിഭവങ്ങ ളിലേക്കു വെളിച്ചെണ്ണ ഒഴിക്കുന്നതാണു കേരളീയ പാചക രീതി. ഓലനും അവിയലും വാങ്ങിവച്ച ശേഷം വേണം അതിലേക്കു വെളിച്ചെണ്ണ ഒഴിക്കാന്‍. കറികളില്‍ കടുകു വറുത്തു ചേര്‍ക്കുന്നതും ഈ രീതിയിലാണ്. ഇത്തരം പാചകരീതി പ്രോത്സാഹി പ്പിക്കണം.എല്ലാ സാധന ങ്ങളും എണ്ണയില്‍ വറുത്തെടുക്കു ന്നതു കേരളീയ രീതിയല്ല.

എണ്ണയില്‍ വറുത്തെടുക്കുന്ന സാധനങ്ങള്‍ കഴിക്കാന്‍ പാടില്ല. കേരളീയ പാചക രീതിയില്‍ കൊണ്ടാട്ടം പോലും ഉണക്കി യെടുത്ത് അല്പം വെളിച്ചെണ്ണയില്‍ വഴറ്റിയെടു ക്കുകയാണ് ചെയ്യുന്നത്. മെഴുക്കുപുരട്ടി പോലുള്ള കറികളും അപകടകാരികളല്ല. തൊട്ടതിനും പിടിച്ചതി നുമെ ല്ലാം തേങ്ങാപ്പാല്‍ ഉപയോഗിക്കുന്ന രീതിയും കേരളീയമല്ല. ചില കറികള്‍ക്കും പ്രഥമനും മാത്രമേ കേരളീയ രീതിയനുസരിച്ച് തേങ്ങാ പ്പാല്‍ ഉപയോഗിക്കാ റുള്ളൂ. അല്ലാത്തവയ്ക്കു തേങ്ങാപ്പാലിന്റെ ആവശ്യമില്ല.

കേരളീയ രീതിയിലുള്ള വെളിച്ചെണ്ണ ഉപയോഗം പ്രോത്സാഹിപ്പിക്കണം. ആളുകളുടെ കായികാധ്വാനം കുറയുന്നതിനാല്‍ ഇക്കാര്യം ശ്രദ്ധി ക്കേണ്ടി യിരിക്കുന്നു. പക്ഷേ, പോത്തിറച്ചിയും പന്നിയിറച്ചിയും കഴിക്കാമെന്നും വെളിച്ചെണ്ണ മാത്രം പാടില്ലെന്നും പറയുന്നതു ശരിയല്ല. പന്നിയിറച്ചി കഴിക്കാനേ പാടില്ലാത്ത വസ്തുവാണ്. വിദേശ രാജ്യങ്ങളില്‍ പോത്തിറച്ചി ആരും കഴിക്കാറില്ല. ചുവന്ന ഇറച്ചി (റെഡ് മീറ്റ്) കുടലില്‍ കാന്‍സര്‍ ഉണ്ടാക്കുമെ ന്നതിനാല്‍ മിക്ക സ്ഥലങ്ങളിലും വിലക്കിയിരി ക്കുകയാണ്.

ഉണ്ണിയപ്പം മാത്രമാണു ശരിക്കും കേരളീയമായി നേരത്തേ ഉണ്ടായി രുന്നത്. പരിപ്പുവട പോലുള്ള പലഹാരങ്ങള്‍ പിന്നീടു വന്നതാണ്. ചിപ്സും മറ്റും ആധുനിക കാലത്തിന്റെ സൃഷ്ടിയാണ്. എണ്ണയില്‍ വറുത്തെടുക്കുന്ന ഇത്തരം വസ്തുക്കള്‍ ചില ആഘോഷ വേളകളില്‍ ഒഴികെ പാടേ ഉപേക്ഷിക്കണം.

ഡോ. സി. വി. ജയമണി
(kkസ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രഫസര്‍, കൊച്ചി സര്‍വകലാശാല)

രോഗം അകറ്റും ഭക്ഷണം
പ്രായമേറുംതോറും ആഹാരം കഴിക്കാനുള്ള താല്‍പര്യം പലര്‍ക്കും കൂടും. എന്നാല്‍, 30 വയസ്സു കഴിഞ്ഞാല്‍ ആഹാരം മിതമാക്കണം. വ്യായാമം കൂട്ടുകയും വേണം. അല്ലെങ്കില്‍ കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങി പല തരം രോഗങ്ങള്‍ ശരീരത്തെ കീഴടക്കാന്‍ തുടങ്ങും. മുട്ടയുടെ മഞ്ഞ ക്കരു, വെണ്ണ, മാംസം, പാല്‍ ഉല്‍പന്ന ങ്ങള്‍ എന്നിവയില്‍ കൊഴുപ്പു ധാരാ ളമുണ്ട്. കോഴിയിറച്ചിയിലും മല്‍സ്യത്തിലും കൊളസ്ട്രോള്‍ താരത മ്യേന കുറവാണ്. പച്ചക്കറികളിലും പയറു വര്‍ഗങ്ങളിലും ധാന്യ ങ്ങളിലും സസ്യ എണ്ണയിലും കൊളസ്ട്രോള്‍ ഇല്ലെന്നുതന്നെ പറയാം.

പച്ചക്കറി, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, കൊഴുപ്പു കുറ ഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ കൊളസ്ട്രോള്‍ ഉള്ളവര്‍ക്കു കഴി ക്കാം. കറികളില്‍ ചേര്‍ക്കാന്‍ ഒലിവെണ്ണ ഉപയോഗിക്കുക.

നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇതു കാന്‍സര്‍, ഡയബറ്റിസ്, അമിത കൊളസ്ട്രോള്‍, മലബന്ധം എന്നീ അസുഖങ്ങള്‍ വരാതി രിക്കാന്‍ സഹായിക്കുന്നു. ഭക്ഷണശേഷം സാലഡ്, പേരയ്ക്ക, ഒാറഞ്ച്, ആപ്പിള്‍, സീതപ്പഴം, മാതളനാരങ്ങ, ഇൌന്തപ്പഴം എന്നിവയൊക്കെ കഴി ക്കുക. ദിവസേന ഓരോ കാരറ്റ് പച്ചയ്ക്കു കഴിക്കുക.

കുറഞ്ഞതു 100 മില്ലിഗ്രാം പാലെങ്കിലും ഒരുദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആവിയില്‍ വേവിച്ച ഭക്ഷണ സാധനങ്ങള്‍ പതിവാ ക്കുക. ആവിയില്‍ വേകുമ്പോള്‍ അതിലെ പോഷകനഷ്ടം കുറയുന്നു. ഫാസ്റ്റ് ഫുഡും ടിന്‍ ഫുഡും സ്ഥിരമായി കഴിക്കുന്നത് അമിത വണ്ണ ത്തിനു കാരണമാകും.

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം. മിതമായിരിക്കുകയും വേണം. രോഗികള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണ ത്തിന്റെ തവണകള്‍ കൂട്ടുന്നതായിരിക്കും നന്ന്.
കടപ്പാട്‌: മനോരമ

കൊപ്ര, പച്ചത്തേങ്ങ സംഭരണം ഉടന്‍ വേണം: കര്‍ഷകസംഘം

തിരു: കൊപ്രയുടെ ഉല്‍പ്പാദനച്ചെലവ് കണക്കാക്കി ന്യായമായ തറവില നിശ്ചയിക്കാനും പച്ചത്തേങ്ങ സംഭരണത്തിനുള്ള അനുമതി ലഭ്യമാക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേരള കര്‍ഷകസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡരി, കൂമ്പുചീയല്‍ രോഗങ്ങള്‍ കേരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. നാളികേര ഉല്‍പ്പാദനക്ഷമത ഗുരുതരമായി ഇടിഞ്ഞു. ഇതിനുപുറമെ, ഇറക്കുമതിയിലൂടെയുള്ള കനത്ത വിലയിടിവും കേരളത്തിലെ നാളികേരകൃഷിയെ വലിയ തകര്‍ച്ചയിലാക്കി.

ഉല്‍പ്പാദനച്ചെലവ് കണക്കാക്കാതെ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുന്നതുമൂലം ഇതിന്റെ പ്രയോജനം കേരളത്തിന് ലഭിക്കുന്നില്ല. കൊപ്രയുടെ താങ്ങുവില 45 രൂപയ്ക്കു മുകളില്‍ നിശ്ചയിച്ചാല്‍മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഈ തീരുമാനമെടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ അതിശക്തമായ സമ്മര്‍ദം ചെലുത്തണം. അതോടൊപ്പം പച്ചത്തേങ്ങ സംഭരണത്തിന് കേന്ദ്രാനുമതി വാങ്ങി, സഹകരണമേഖലയിലൂടെ നടപ്പാക്കണം. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരസുധ ഉല്‍പ്പാദനത്തിന് സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

നാളികേരമേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ വിപുലമായ പ്രചാരണപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളികേര കര്‍ഷകരുടെ കണ്‍വെന്‍ഷനുകളും ജില്ലാ പ്രചാരണജാഥകളും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും.

കശുവണ്ടിക്ക് ന്യായവില നിശ്ചയിച്ച് കമ്പോളത്തില്‍ ഇടപെടണം, ഒമ്പതുരൂപയ്ക്ക് കേരളമാകെ നെല്ല് സംഭരിക്കണം, ഇതിന് സഹകരണസംഘങ്ങളെ ഉപയോഗിക്കണം, കുട്ടനാടന്‍ പാക്കേജില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളെക്കൂടി ഉള്‍പ്പെടുത്തണം എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം കേരള കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി മുഖ്യമന്ത്രി, കൃഷിമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.

ശുചീകരണപ്രവര്‍ത്തനത്തില്‍ കര്‍ഷകപങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി ഓരോ പഞ്ചായത്തിലും നൂറില്‍ കുറയാത്ത കര്‍ഷകവളണ്ടിയര്‍മാരെ അണിനിരത്തി 20ന് സി എച്ച് ദിനം തൊട്ട് 30 വരെ ശുചീകരണം സംഘടിപ്പിക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

പരിസ്ഥിതി ദുര്‍ബലമേഖലയുടെ പേരില്‍ വനം വകുപ്പിന്റെ കൃഷിക്കാര്‍ക്കുനേരെയുള്ള ഒഴിപ്പിക്കല്‍ ഭീഷണി അവസാനിപ്പിക്കണമെന്നും കുരുമുളക് വള്ളിയുടെ താങ്ങായ മുരിക്കിനും ആഞ്ഞിലിക്കും ബാധിച്ച കീടരോഗത്തിന് പ്രതിവിധി കാണണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എം കെ ഭാസ്കരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സി കെ പി പത്മനാഭന്‍ എംഎല്‍എ കേന്ദ്രകമ്മിറ്റി തീരുമാനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കടപ്പാട്‌: ദേശാഭിമാനി

മൂരിയാട് കര്‍ഷകരുടെ പ്രശ്നം പരിഹരിക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: മൂരിയാട് കര്‍ഷകരുടെ കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അടിയന്തര നടപടിക്കു വനം-റവന്യൂ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ അറിയിച്ചു.

മൂരിയാട് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് സുധീരന്‍ അയച്ച കത്തിനുള്ള മറുപടിയിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കടപ്പാട്‌: ദീപിക

സ്മാര്‍ട്ട് ജലപാതയ്ക്ക് വേഗംകൂട്ടാന്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു
തിരുവനന്തപുരം : സ്വപ്നപദ്ധതിയായ സ്മാര്‍ട്ട് ജലപാതയുടെ നിര്‍മ്മാണ വേഗത കൂട്ടാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നേരിട്ടിറങ്ങുന്നു. പദ്ധതിയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വര്‍ക്കല തുരങ്കം ഭാഗം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി 15ന് എത്തിയേക്കും.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കമായി പാതയുടെ നിര്‍മ്മാണ ചുമതലയുള്ള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച തുരങ്കം പരിശോധിച്ചിരുന്നു. വര്‍ക്കല തുരങ്കത്തിന്റെ 200 മീറ്റര്‍ വരെ മാത്രമേ (മൊത്തം 722 മീറ്റര്‍) ഉദ്യോഗസ്ഥന്മാര്‍ക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞുള്ളൂ. വാവലുകളുടെ ആക്രമണംമൂലം പിന്തിരിയുകയായിരുന്നു അവര്‍. 350 മീറ്റര്‍ വരുന്ന ചിലക്കൂറിലേതാണ് പാതയിലെ രണ്ടാമത്തെ തുരപ്പ്.
12 കിലോമീറ്റര്‍ വരുന്ന വര്‍ക്കല തുരപ്പുകളുടെ പുനരുദ്ധാരണം ടെന്‍ഡര്‍ വിളിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. 31 കോടി അടങ്കലുള്ള ഈ ഭാഗം ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ഉദ്ദേശ്യം. സാഹസികനായ മുഖ്യമന്ത്രിക്ക് തുരപ്പില്‍ കയറാന്‍ ഉദ്ദേശ്യമുള്ളതായി പറയുന്നുണ്ട്. എന്നാല്‍, സുരക്ഷിതത്വ പരിശോധനകള്‍ക്കുശേഷമേ അത് വേണമോ എന്നു തീരുമാനിക്കുകയുള്ളൂവെന്ന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിലെ ഒരു അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.1880-ല്‍ നിര്‍മ്മിച്ച തുരങ്കം ദേശീയ സ്മാരകമായി നിലനിറുത്തിക്കൊണ്ടാണ് പുനരുദ്ധാരണം നടത്തുക. കെട്ടുവള്ളങ്ങളുടെ ഉപയോഗത്തിനുമാത്രമായിരുന്നതിനാല്‍ തുരങ്കത്തിന് 4.85 മീറ്റര്‍ വീതിയേ ഉണ്ടായിരുന്നുള്ളൂ. ജലനിരപ്പില്‍നിന്ന് 5 മീറ്റര്‍ വ്യാസവുമുണ്ട്. എന്നാല്‍, ആഴം മൂന്നും നാലും അടിമാത്രം. സ്മാര്‍ട്ട് വാട്ടര്‍വേയുടെ കണക്കനുസരിച്ച് തോടിന് 14 മീറ്റര്‍ വീതിയും 1.75 മീറ്റര്‍ ആഴവും വേണം. വീതി കൂട്ടാന്‍ പറ്റില്ല. അതുകൊണ്ട് 1.75 മീറ്റര്‍ ആഴമുണ്ടാക്കുകയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്.
കടപ്പാട്‌: കേരളകൗമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, ഭക്ഷണം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w