ഒക്ടോബര്‍ 10 ബുധന്‍

റബ്‌കോ ജീവനക്കാര്‍ മാതൃഭൂമിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി

കണ്ണൂര്‍: റബ്‌കോയെ തകര്‍ക്കുന്നതിനായി നടത്തുന്ന ദുഷ്‌ പ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ റബ്‌കോ എംപ്ലോയെഎസ്‌ യൂണിയ (സി.ഐ.ടിയു) ന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാതൃഭൂമി കണ്ണൂര്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

സ്റ്റേഡിയം കോര്‍ണറില്‍നിന്ന്‍ തുടങ്ങിയ മര്‍ച്ച്‌ ഉച്ചക്ക്‌ 12 ഓടെ താണയിലെത്തി. മാതൃഭൂമിക്ക്‌ സമീപം ആനയിടുക്ക്‌ റോഡില്‍ ഡി.വൈ.എസ്‌.പി ഹബീബ്‌ റഹ്‌മാന്‍, ടൗണ്‍ സി.ഐ കെ.വി.സന്തോഷ്‌, എസ്‌.ഐ വി.പി.മനോജ്, ട്രാഫിക്‌ എസ്.ഐ സി.ഐ.അബ്ദുള്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ‌മാര്‍ച്ച് ‌തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍‌നിര പോലീസിനെ തള്ളിനീക്കി 25 മീറ്ററോളം മുന്നോട്ട്‌ പോയെങ്കിലും നേതാക്കളും മറ്റും ഇടപെട്ട്‌ നിയന്ത്രിച്ചു.

മാര്‍ച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി ഉദ്‌ഘാടനം ചെയ്തു. ‘റബ്‌കോ’ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ദുഷ്‌ പ്രചാരണം നടത്തുകയാണ് മാതൃഭൂമി.

റബ്‌കോയുടെ പ്രശ്നം മെഷീന്‍ വാങ്ങാന്‍ പണമില്ലാതല്ല. പ്രവര്‍ത്തന മൂലധനമില്ലാത്തതാണ്. അതിനാണ് സാമ്പത്തിക സഹായത്തിന് എന്‍.സി.ഡി.സി ക്ക്‌ റബ്‌കോ അപേക്ഷ നല്‍കിയത്‌. സഹായം കിട്ടുന്നത്‌ മുടക്കാനാണ് റബ്‌കോക്കെതിരെ വാര്ത്ത നല്കിയത്‌.

2003-04 ലെ ഓഡിറ്റില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് മാതൃഭൂമി പറയുന്നത്‌. ഈ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കാന്‍ വെല്ലുവിളിക്കുന്നു.

റബ്‌കോ എംപ്ലോയിസ്‌ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.ജയരാജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേശീയ പത്രമെന്ന്‍ വിശേഷിപ്പിക്കുന്ന മാതൃഭൂമി റബ്‌കോയ്ക്കെതിരെ ആറ് ദിവസം വാര്‍ത്ത നല്‍കിയത്‌ സ്ഥാപനത്തെ നശിപ്പിക്കാനാണെന്ന്‍ അദ്ദേഹംപറഞ്ഞു.റബ്‌കോ സാമ്പത്തിക പ്രയാസം അഭിമുഖീകരിക്കുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്. ഇത്‌ മറികടക്കാന്‍ കേന്ദ്ര സ്ഥാപനമായ എന്‍.സി.ഡി.സി യോട്‌ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇത്‌ കിട്ടരുതെന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്‌. 2003-04ലെ ഓഡിറ്റ് ‌റിപ്പോര്‍ട്ട് ‌പ്രകാരം വലിയക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നു വെന്നാണ് വാര്‍ത്ത നല്‍കിയത്‌. എന്നാല്‍ ഈ ഓഡിറ്റ് ‌റിപ്പോര്‍ട്ട് ‌വെളിച്ചംകണ്ടില്ല.

അപവാദ പ്രചരണങ്ങള്‍ കൊണ്ട്‌ തകരുന്നതല്ല റബ്‌കോയും തൊഴിലാളി വര്‍ഗ പ്രസ്ഥാനവുമെന്ന്‍ മാതൃഭൂമി മേധാവികള്‍ ഓര്‍ക്കണം.ഇതൊരു താക്കീതാണ് അദ്ദേഹം പറഞ്ഞു.

റബ്‌കോ ചെയര്‍‌മാന്‍ ഇ.നാരായണന്‍ സ്ഥലത്ത്‌ വന്നെങ്കിലും വേദിയിലെത്തിയില്ല. റബ്‌കോ എംപ്ലോയിസ്‌ യൂണിയന്‍ സെക്രട്ടറി എ.കെ.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ ഭാരവാഹികളായ കെ.പി.പ്രഭാകരന്‍, പി.കുഞ്ഞിക്കണ്ണന്‍, പി.മധുസൂതനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ലേഖകന്റെ വിശദീകരണം

കേരള സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ ലിമിറ്റഡിനെ (റബ്‌കോ) സംരക്ഷിക്കുകയാണ് ‘മാതൃഭൂമിയുടെ ലക്ഷ്യമെന്ന്‍ മാതൃഭൂമി വാര്‍ത്തകളിലും മുഖ പ്രസംഗത്തിലും ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നതാണ്. ജനാതിപത്യപരമായ രീതിയില്‍ പ്രകടനം നയിച്ചതിനെ ചോദ്യം ചെയ്യാനല്ല. തൊഴിലാളികളെ തെരുവിലിറക്കി സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാനുള്ള പൊള്ളത്തരത്തെ തുറന്ന്‍ കാട്ടാനാണ് ഈ വിശദീകരണം.

2002-03 ന് ശേഷം ഓഡിറ്റ്‌ നടത്തിയിട്ടില്ലെന്ന്‍ ‘അഭിമാനിച്ച റബ്‌കോ’യെ സംരക്ഷിക്കാന്‍ പ്രകടനം നയിക്കുന്നവരെ ജനങ്ങളും തൊഴിലാളികളും തിരിച്ചറിയണം.

2003-2004 ലെ ന്യൂനതാ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ്, കെട്ടിട നിര്‍മാണം സംബന്ധിച്ച ക്രമക്കേടുകള്‍ ‘മാതൃഭൂമി’ ചൂണ്ടിക്കാട്ടിയത്‌. ഏഴ്‌ പേജുകളിലായി ടൈപ്പ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള 2003-2004 ലെ ന്യൂനതാ റിപ്പോര്‍ട്ടില്‍ 24 ക്രമക്കേടുകള്‍ അക്കമിട്ട്‌ പറയുന്നുണ്ട്. കൂടാതെ 15 പോരായ്മകളും ന്യൂനതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1999 നവംബര്‍ 24 ന് ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ വിളിച്ച് ലഭിച്ച 13 കരാറുകാരുടെ കാര്യം മുതല്‍, ഇടപ്പള്ളിയിലെ ഒരു സ്ഥാപനവും ചേരാനല്ലൂര്‍ ഫെറി റോഡിലെ സ്ഥാപനവും ഒന്നാണോ, സഹോദര സ്ഥാപനമാണോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും എന്ന നിര്‍‌ദ്ദേശം വരെയുള്ള കാര്യമാണ് 2003-2004 ലെ ‘റബ്‌കോ – ഓഡിറ്റ്‌ ഡിഫക്ട്‌സ് ‘എന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

‘റബ്‌കോ’യെ സംരക്ഷിക്കാന്‍ തെരുവില്‍ പ്രകടനം നയിക്കുന്നവരില്‍ നിന്ന്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും മറച്ച്` വെച്ചിട്ടുണ്ടയെന്ന് അവര്‍ പരിശോധിക്കേണ്ടതാണ്.

ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍ (എന്‍.സി.ഡി.സി) നിന്ന് വായ്പയെടുത്ത് പ്രതിസന്ധി പരിഹരിക്കുമെന്ന് നേതാക്കന്മാര്‍ ആവര്‍ത്തിക്കുന്നത് തൊഴിലാളികളെ കബളിപ്പിക്കാനാണ്. വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 55-കോടി രൂപയ്ക്കുള്ള അപേക്ഷയാണ് ന്യൂഡല്‍ഹിയിലെ എന്‍.സി.ഡി.സി ആസ്ഥാനത്ത് കിട്ടിയിട്ടുള്ളത്. മാത്രമല്ല സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഒരു പൈസപോലും തരില്ലെന്ന് 2007 ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍.സി.ഡി.സി അധികൃതര്‍ അറിയിച്ചതുമാണ്. 55 കോടിയുടെ സഹായം മുഴുവന്‍ 294.92 കോടിയുടെ ബാധ്യത തീര്‍ക്കാന്‍ പ്രയോജനപ്പെടുത്താനാവില്ലെന്ന് വ്യക്തം.

‘റബ്‌കോ’യുടെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി എടുത്തു കാട്ടുകയാണ് ‘മാതൃഭൂമി’ ചെയ്തത്. എന്തുകൊണ്ട് റബ്‌കോ ഇങ്ങനെയൊരവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്നും, ഇത്രയ്ക്ക്‌ സാമ്പത്തിക ബാധ്യത എങ്ങിനെ ഉണ്ടായി എന്നും അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സെക്രട്ടേറിയറ്റ്‌ നടയില്‍ നേതാക്കന്മാര്‍ പ്രകടനം നടത്തിയിരുന്നുവെങ്കില്‍ തൊഴിലാളികളോടുള്ള ആത്മാര്‍ത്ഥത മനസിലാക്കാമായിരുന്നു.

‘മാതൃഭൂമി’ മുന്നോട്ട്‌വെച്ച കണക്കുകളില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സി.പി.എം നേതാവായ സഹകരണ മന്ത്രി ജി.സുധാകരനോട്‌ ആധികാരികത സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് വേണ്ടത്. ഈ രീതിയില്‍ ഒരു നീക്കവും ഇതുവരെ നടത്താത്തതുതന്നെ ‘മാതൃഭൂമി’ വാര്‍ത്ത സത്യസന്ധമാണെന്നതിന്റെ തെളിവാണ്. ‘റബ്‌കോ’യുടെ വിവിധ ഇടപാടുകളിലേക്കോ, മറ്റ്‌ സാമ്പത്തിക ക്രയവിക്രങ്ങളിലേക്കോ, വിദേശ ഇടപാടുകളുടെ ഉള്ളറകളിലേക്കോ ‘മാതൃഭൂമി’ കടക്കാത്തത് റബ്‌കോ തൊഴിലാളികളുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്നതുകൊണ്ടാണ്.

‘റബ്‌കോ’ യുടെ പ്രതിസന്ധിക്ക് തൊഴിലാളികളോ, ജീവനക്കാരോ അല്ല കാരണം. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത നിമിത്തമാണ് ഈ സ്ഥാപനം തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ ‘റബ്‌കോ’യ്ക്ക്‌ മികച്ച മാനേജ്‌മെന്റ്‌ ഉണ്ടാവണമെന്ന നിര്‍‌ദ്ദേശമാണ് ‘മാതൃഭൂമി’ മുന്നോട്ട്‌ വെക്കുന്നത്.

കടപ്പാട്‌: മാതൃഭൂമി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under മാധ്യമം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w