ഒക്ടോബര്‍ 6 ശനി

മെര്‍ക്കിസ്റ്റണ്‍: ഹര്‍ജി സര്‍ക്കാര്‍ നിലപാടറിയാന്‍ മാറ്റി

കൊച്ചി: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ മരങ്ങള്‍ നിയമവിരുദ്ധമായി വെട്ടിയതിനു പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയായതിനു വനംമന്ത്രി ബിനോയ് വിശ്വത്തിനെതിരേ കേസെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി സര്‍ക്കാര്‍ നിലപാടറിയാന്‍ മാറ്റി. മന്ത്രിക്കെതിരേ കേസെടുക്കേണ്ടെന്നാണ് നിയമോപദേശം ലഭിച്ചതെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ആര്‍. ബസന്ത് 12നു കേസ് വീണ്ടും പരിഗണിക്കും.

പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്ത മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ കൈമാറ്റത്തിനു നിയമസാധുതയില്ലെന്ന് ജോണ്‍ പെരുവന്താനം അഡ്വ. പി.കെ. സോയൂസ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വനം റവന്യു ഉദ്യോഗസ്ഥരും ഐ.എസ്.ആര്‍.ഒയും സേവി മനോ മാത്യുവുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയില്‍ വനംമന്ത്രിയും പങ്കാളിയാണെന്നും ബിനോയ് വിശ്വത്തിനെതിരേ കേസെടുക്കണമെന്നുമാണ് ആവശ്യം.
കടപ്പാട്‌: മംഗളം

കയ്യേറ്റം കണ്ടെത്താനായില്ല; മൂന്നാര്‍ ദൌത്യത്തിന് തിരിച്ചടി
തൊടുപുഴ: മൂന്നാറിനു സമീപത്തെ അഞ്ചു പഞ്ചായത്തുകളിലും കയ്യേറ്റഭൂമി കണ്ടെത്താനായില്ലെന്ന് സര്‍വേ വിഭാഗം ദൌത്യസംഘത്തിനു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ വ്യാപകമായ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു മുന്‍തൂക്കം നല്‍കിയ മൂന്നാര്‍ കുടിയൊഴിപ്പിക്കലിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായി.

മറയൂര്‍, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, കീഴാന്തൂര്‍ എന്നീ സമീപ പഞ്ചായത്തുകളില്‍ രണ്ടാഴ്ചയോളം നീണ്ട സര്‍വേയ്ക്കു ശേഷമാണു കാര്യമായ കയ്യേറ്റങ്ങള്‍ ഇല്ലെന്ന് സര്‍വേ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടന്ന് 48 അംഗ സര്‍വേ സംഘത്തെ പിന്‍വലിച്ചു.

മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണു മുന്‍ സ്പെഷല്‍ ഓഫിസര്‍ കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇടിച്ചുനിരത്തല്‍ സംഘത്തിനു പകരം ഡോ. വി.എം. ഗോപാലമേനോന്റെ നേതൃത്വത്തിലുള്ള വിവാദരഹിത സംഘത്തെ നിയോഗിച്ചത്.

ഇതിനിടെ ദൌത്യസംഘം സ്പെഷല്‍ ഓഫിസര്‍ ഡോ. വി.എം. ഗോപാലമേനോന്‍ ചുമതല ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. മറ്റൊരാളെ കണ്ടെത്തുന്നതുവരെ തുടരാനാണു ഗോപാലമേനോനു റവന്യു വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മൂന്നാറിനു സമീപത്തെ പത്തു പഞ്ചായത്തുകളില്‍ ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ട് കിടക്കുന്നുണ്ടെന്നും ഇവ തിരിച്ചെടുക്കുന്നതിനു മുന്‍തൂക്കം നല്‍കാനുമായിരുന്നു ഉദ്ദേശ്യം.

സര്‍വേ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനു സര്‍വേ ഡയറക്ടര്‍ ഡോ. എസ്. രവീന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ കാര്യമായതോതില്‍ കയ്യേറ്റമില്ലെന്ന കണ്ടെത്തല്‍ ഫലത്തില്‍ സര്‍ക്കാരിനു തിരിച്ചടിയായി.

ആദ്യ സംഘത്തെ മാറ്റിയെങ്കിലും മൂന്നാര്‍ ദൌത്യം തുടരുന്നുവെന്നു സ്ഥാപിക്കാനായിരുന്നു വലിയ ഭൂവിഭാഗങ്ങള്‍ സര്‍വേ ചെയ്ത് കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ക്കു റവന്യൂ വിഭാഗം ഊന്നല്‍ നല്‍കിയത്. സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്.

രണ്ട് പാര്‍ട്ടി ഓഫിസുകളും റിസോര്‍ട്ടുകളും നിറഞ്ഞ കണ്ണന്‍ ദേവന്‍ ഹില്‍സ്, ചിന്നക്കനാല്‍ വില്ലേജുകള്‍ എന്നിവ സര്‍വേ സംഘം തുടക്കത്തിലേ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്ക് ഇടയില്ലാത്ത വില്ലേജുകളിലാണു സര്‍വേ പുരോഗമിച്ചത്.

വനഭൂമിയുടെ അതിരുകള്‍ വ്യക്തമായി മാര്‍ക്ക് ചെയ്യാത്തതും സര്‍വേ സംഘങ്ങള്‍ക്കു കയ്യേറ്റഭൂമി തിരിച്ചറിയുന്നതിനു തിരിച്ചടിയായി.  ഭൂമി തിരിച്ചെടുത്ത് ബോര്‍ഡ് സ്ഥാപിച്ച് ലാന്‍ഡ് ബാങ്കില്‍ നിക്ഷിപ്തമാക്കാനായിരുന്നു ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ലക്ഷ്യം. ഇനി ശാന്തമ്പാറ, ബൈസണ്‍ വാലി, പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളില്‍ മാത്രമാണു സര്‍വേ നടത്താനുള്ളത്.
കടപ്പാട്‌: മനോരമ

നബാര്‍ഡ് പലിശ നിരക്ക് കുറയ്ക്കണം

തിരുവനന്തപുരം: കാര്‍ഷിക ബാങ്കുകളുടെ വായ്പാ പലിശനിരക്ക് 6.50 ശതമാനത്തില്‍ നിന്നും നബാര്‍ഡ് ഒമ്പത് ശതമാനമാക്കി ഉയര്‍ത്തിയതോടെ കാര്‍ഷിക ബാങ്കുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് നാഷണല്‍ കോ_ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ് ബാങ്ക്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.ശിവദാസന്‍നായര്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡ് പലിശനിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2007 മാര്‍ച്ച് മാസത്തോടെ 1807 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നബാര്‍ഡ് പുനര്‍വായ്പ നല്‍കാനുള്ളത്. പുനര്‍വായ്പാത്തുക അതേ നിരക്കില്‍ നല്‍കാന്‍ നബാര്‍ഡ് തയ്യാറായിരുന്നുവെങ്കില്‍ പ്രതിസന്ധി അതിജീവിക്കാമായിരുന്നുവെന്നും ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. ഒമ്പത് ശതമാനം പലിശ നിരക്ക് നബാര്‍ഡ് ഈടാക്കുമ്പോള്‍ കര്‍ഷകരില്‍ നിന്നും കാര്‍ഷിക ബാങ്കുകള്‍ 12 മുതല്‍ 13 ശതമാനം വരെ പലിശ ഈടാക്കേണ്ട സാഹചര്യമാണുള്ളത്. യഥാര്‍ഥ കര്‍ഷകര്‍ക്ക് വായ്പ നല്‍കാനും ബാങ്കുകള്‍ക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കടപ്പാട്‌: മാതൃഭൂമി

മെര്‍ക്കിസ്റ്റണ്‍: സര്‍ക്കാര്‍ എതിര്‍ത്തില്ല വനംവകുപ്പിന്റെ നോട്ടീസിന് സ്റ്റേ
കൊച്ചി: പൊന്‍മുടിയിലെ വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ കൈവശക്കാരനായ സേവി മനോ മാത്യു സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് കെ.ടി. ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ സ്റ്റേ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അഡീ. അഡ്വ. ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. കസ്റ്റോഡിയന്‍ നല്‍കിയ നോട്ടീസും ഡി.എഫ്.ഒ നല്‍കിയ നോട്ടീസും സ്റ്റേ ചെയ്തിട്ടുണ്ട്. രണ്ടാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സ്റ്റേ ഉത്തരവ് ഐ.എസ്.ആര്‍.ഒ നല്‍കിയ ഹരജിക്കും ബാധകമാണ്. കഴിഞ്ഞമാസം ഏഴ്, എട്ട് തീയതികളിലാണ് വനംവകുപ്പ് എസ്റ്റേറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നോട്ടീസില്‍ 30 ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ കാലാവധി അവസാനിക്കുന്നതിനാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സേവി മനോ മാത്യുവിന്വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര്‍ റാവു ആവശ്യപ്പെട്ടു.
2005 മാര്‍ച്ച് 30^നാണ് ബിര്‍ള ഗ്രൂപ്പിന്റെ കൈവശമായിരുന്ന ജയശ്രീ എസ്റ്റേറ്റ് സേവി മനോ മാത്യു വാങ്ങിയത്. തുടര്‍ന്നാണ് എസ്റ്റേറ്റിന്റെ പേരുമാറ്റിയത്. പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിയമം ജൂണ്‍ മാസത്തില്‍ മാത്രമാണ് പ്രാബല്യത്തില്‍ വന്നത്. സേവിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റോഡിയന്‍ ആയിരുന്ന ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്റ്റേറ്റിലെ 24.40 ഹെക്ടര്‍ ഒഴിച്ചുള്ള ഭൂമി മടക്കി നല്‍കാന്‍ ഉത്തരവിട്ടിരുന്നു. നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ സേവി മനോ മാത്യു കൈയേറ്റക്കാരനാണെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീ. അഡ്വ. ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ വാദിച്ചു.

ഐ.എസ്.ആര്‍.ഒക്ക് സ്പേസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി യോജ്യമായ സ്ഥലത്ത് സൌജന്യ ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ഇതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അഡീഷനല്‍ എ.ജി പറഞ്ഞു. സര്‍ക്കാറിന്റെ ഔദാര്യം ഇവര്‍ ആഗ്രഹിക്കാത്തതുകൊണ്ടായിരിക്കാം ഇതെന്നായിരുന്നു കോടതിയുടെ പ്രതികരണം. വനം വകുപ്പിന്റെ നോട്ടീസിന് സ്റ്റേ അനുവദിക്കുന്നതിനെ ഇതുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹരജി നല്‍കിയിട്ടുള്ളവര്‍ എതിര്‍ത്തു.
മെര്‍ക്കിസ്റ്റണ്‍ ഇടപാട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹരജിയും കോടതി ഫയലില്‍ സ്വീകരിച്ചു. തൃശൂര്‍ ഡി.സി.സി ഭാരവാഹി ശേഖരനും പെരിങ്ങാമല ഗ്രാമപഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും നല്‍കിയ ഹരജികളാണ് ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായത്.
എസ്റ്റേറ്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. തേയിലത്തോട്ടം പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്ന് ബന്ധപ്പെട്ട നിയമത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സേവിയുടെ അഭിഭാഷകന്‍ പ്രധാനമായും വാദിച്ചത്.
കടപ്പാട്‌: മാധ്യമം

സേവിക്ക് അവകാശമില്ലെന്നാണ് കോടതിയെ അറിയിച്ചത്: മന്ത്രി
തിരു: മെര്‍ക്കിസ്റ്റണ്‍ ഭൂമി ക്രയവിക്രയം നടത്താന്‍ സേവി മനോ മാത്യുവിന് അവകാശമില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് വനംമന്ത്രി ബിനോയ് വിശ്വം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കെ എം മാണി കൊണ്ടുവന്ന നിയമമാണ് ഇല്ലാത്ത അവകാശവാദം ഉന്നയിക്കാന്‍ സേവി മനോ മാത്യുവിന് അവസരമൊരുക്കിയത്. ആ ഒത്തുകളി മൂടിവയ്ക്കാനാണ് യുഡിഎഫ് നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത്. യുഡിഎഫിന്റെ നിയമത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. രണ്ടാഴ്ചത്തെ സ്റ്റേയുടെ പേരില്‍ അപവാദപ്രചാരണം നടത്തുന്ന കെ എം മാണി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

1: നോട്ടിഫൈ ചെയ്ത ഭൂമിയുടെ ആധാരം 2003 മാര്‍ച്ച് 30ന് നടത്താന്‍ സേവി മനോ മാത്യുവിന് എങ്ങനെ കഴിഞ്ഞു?

2: 2005 ജൂണ്‍ 30ന് പ്രസ്തുത ഭൂമിയുടെ പോക്കുവരവു നടത്തുമ്പോള്‍ മുഖ്യമന്ത്രി ആരാണ്? റെവന്യൂമന്ത്രി ആരായിരുന്നു?

3: സ്റ്റാമ്പ് ഡ്യൂട്ടി ഇളവിലൂടെ സേവി മനോ മാത്യു 30 ലക്ഷം തട്ടിയെടുത്തപ്പോള്‍ രജിസ്ട്രേഷന്‍ മന്ത്രി ആരായിരുന്നു?

4: ഈ ഇടപാടുകളില്‍ യുഡിഎഫിന്റെ പങ്ക് എന്താണ്?

യുഡിഎഫ് ചെയ്തുകൊടുത്ത പോക്കുവരവ് റദ്ദാക്കിയതും യുഡിഎഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെട്ട ഡീ നോട്ടിഫിക്കേഷന്‍ തടഞ്ഞതും സേവി മാത്യുവിന് ഒഴിപ്പിക്കല്‍ നോട്ടീസ് കൊടുത്തതും എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലേ?

ഭൂമി തട്ടിപ്പുകാര്‍ക്കും വനംകൊള്ളക്കാര്‍ക്കും ചന്ദനമാഫിയക്കും വേണ്ടി യുഡിഎഫ് നടത്തുന്ന രാഷ്ട്രീയസമരത്തെ രാഷ്്ട്രീയമായിത്തന്നെ നേരിടും. നീതിബോധമുള്ള മുഴുവന്‍ ജനങ്ങളും ഈ സമരത്തിന് എല്‍ഡിഎഫിനൊപ്പം ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കടപ്പാട്‌: ദേശാഭിമാനി

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും
ആലപ്പുഴ: വൈറസ് രോഗങ്ങള്‍ കണ്ടുപിടിക്കാനും തടയാനും ആലപ്പുഴയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇന്നലെ ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഗവേണിംഗ് ബോഡി യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനസര്‍ക്കാരിന്റെ മെല്ലെപ്പോക്കുമൂലം ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിനു നഷ്ടമായേക്കുമെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ 8.12 ഏക്കര്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ച് ഏക്കര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കും 3.2 ഏക്കര്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കും നല്‍കും. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 3.5 കോടി രൂപ പഞ്ചവത്സര പദ്ധതിയില്‍ നീക്കിവച്ചിട്ടുണ്ട്.

മറ്റാവശ്യങ്ങള്‍ക്കായി 3.5 കോടി രൂപ നബാര്‍ഡിനോട് ആവശ്യപ്പെടും. നബാര്‍ഡിന്റെ ആര്‍.ഐ.ബി.എസ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിപ്പിക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച 25 കോടി രൂപയുടെ പ്രോജക്ടിന് കേന്ദ്ര ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചതായി ഡോ. കെ.എസ് മനോജ് എംപി അറിയിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഗവേണിംഗ് ബോഡിയോഗം വാഗ്ദാനം ചെയ്തു. യോഗത്തില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി, കയര്‍മന്ത്രി ജി. സുധാകരന്‍, ആരോഗ്യസെക്രട്ടറി, കെ.സി വേണുഗോപാല്‍ എംഎല്‍എ, ഡോ. കെ.എസ് മനോജ് എംപി, ഹെല്‍ത്ത് ഡയറക്ടര്‍മാര്‍, ഡോ. രാജന്‍ ജോസഫ് പയ്യപ്പളളി എന്നിവര്‍ സംബന്ധിച്ചു.
കടപ്പാട്‌: ദീപിക

വനം മന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: പൊന്‍മുടി മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് സേവി മനോ മാത്യുവിനെ മരം മുറിക്കാന്‍ അനുവദിച്ച വനം മന്ത്രി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍െറ വിശദീകരണം തേടി.
മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ളെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്ന് അഡിഷനല്‍ അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചപ്പോഴാണ് സര്‍ക്കാരിന്‍െറ നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ആര്‍. ബസന്ത് നിര്‍ദേശിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഉപദേശക സമിതി അംഗവുമായ ജോണ്‍ പെരുവന്താനമാണ് ഹര്‍ജിക്കാരന്‍. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍, കന്‍േറാണ്‍മെന്‍റ് എസ്.ഐ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. മന്ത്രിക്കെതിരെയും മറ്റും കേസെടുക്കണമെന്ന് കാണിച്ച് കഴിഞ്ഞമാസം 19-ന് ഹര്‍ജിക്കാരന്‍ എസ്.ഐക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ള. ഈ സാഹചര്യത്തിലാണ് മന്ത്രിയെയും മറ്റുംമാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.
കടപ്പാട്‌: കേരളകൗമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w