ഒക്ടോബര്‍ 4 വെള്ളി

പക്ഷി കൂടിളക്കി തേന്‍ കുടിച്ചു; തേനീച്ച കുത്തി ഒരാള്‍ മരിച്ചു
പെരുവെമ്പ് (പാലക്കാട്): കൂടിളക്കി രക്ഷപ്പെട്ട തേന്‍കുടിയന്‍ പക്ഷിയെത്തേടി പാഞ്ഞ തേനീച്ചക്കൂട്ടം അബദ്ധത്തില്‍ മുന്നില്‍പെട്ട കര്‍ഷകത്തൊഴിലാളിയെ കുത്തിക്കൊന്നു. വാഴക്കോട്ടില്‍ ചാമു(75) ആണ് മരിച്ചത്. വാഴക്കോട്ടില്‍ മലന്തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്ന വന്മരത്തിനടുത്ത് ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു നാട്ടുകാരെ ഭീതിയിലാക്കിയ സംഭവം. വീട്ടില്‍ നിന്നു പനംകുറ്റി ടൌണിലേയ്ക്കു നടന്നു വരുമ്പോഴാണ് ചാമുവിനെ ഇൌച്ചകള്‍ പിടികൂടിയത്. നിലവിളി കേട്ടെത്തിയവരെയും തേനീച്ചകള്‍ വെറുതെ വിട്ടില്ല.

രക്ഷിക്കാനെത്തിയ നാട്ടുകാര്‍ അടുത്തുള്ള കുളത്തില്‍ മുങ്ങിയാണ് രക്ഷപ്പെട്ടത്. കുത്തേറ്റ് വീണ ചാമുവിനെ നിലത്തിട്ടും ആക്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ തീപ്പന്തം കാട്ടിയാണ് തേനീച്ചകളെ അകറ്റിയത്. വെളുത്ത നിറവും അസാമാന്യ വലിപ്പവുമുള്ള പക്ഷി കുറെനാളായി ഗ്രാമത്തില്‍ ചുറ്റിക്കറങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂങ്ങയുടെ പ്രകൃതവും പരുന്തിന്റെ ശൌര്യവുമുള്ള പക്ഷി കൌശലക്കാരനാണത്രെ. ഒറ്റപ്പെട്ടുള്ള മരക്കൊമ്പുകളില്‍  പതുങ്ങിയിരിക്കുന്ന പക്ഷി ഇടയ്ക്കിടെ തേനീച്ചക്കൂട്ടിലെത്തും. നീണ്ട ചുണ്ടുകൊണ്ട് കൂട്ടില്‍ ആഞ്ഞുകൊത്തും. കൂടിളകിയാല്‍ പക്ഷി പറന്നു രക്ഷപ്പെടും.

പിന്നാലെ പായുന്ന തേനീച്ചക്കൂട്ടത്തിന്റെ കണ്ണുവെട്ടിക്കുന്ന പക്ഷി കൂട്ടിലേയ്ക്കു തന്നെ തിരിച്ചു വരും. പക്ഷിയെത്തേടി തേനീച്ചക്കൂട്ടം പായുമ്പോള്‍  തേന്‍ മുഴുവന്‍ ‘കള്ളപ്പക്ഷി കുടിച്ചു തീര്‍ക്കും.  ഗ്രാമത്തിലെ ഒട്ടേറെ മരങ്ങളില്‍ മലന്തേനീച്ചകള്‍ കൂടു കൂട്ടിയിട്ടുണ്ട്. തേന്‍കൊതിച്ചി പരുന്ത് എന്നറിയപ്പെടുന്ന ‘ഒാറിയന്റല്‍ ഹണി- ബസാര്‍ഡ് ആവാം  പെരുവെമ്പില്‍ എത്തിയതെന്ന്  പക്ഷി നിരീക്ഷകനായ സുരേഷ് ഇളമണ്‍ പറഞ്ഞു. തേനും തേനറകളും തേനീച്ചക്കുഞ്ഞുങ്ങളുമാണ് കൊതിച്ചിപ്പക്ഷിയുടെ ഭക്ഷണം.
കടപ്പാട്‌: മനോരമ

മെര്‍ക്കിസ്റ്റണ്‍: ഒഴിപ്പിക്കല്‍ മൂന്നാഴ്ച തടഞ്ഞു

കൊച്ചി: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്ഭൂമി ഒഴിയണമെന്ന തിരുവനന്തപുരം ഡിഎഫ്ഒയുടെ നോട്ടീസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാത്തതിനാലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് കെ.ടി. ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സര്‍ക്കാരിനോട് രണ്ടാഴ്ചയ്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉത്തരവുണ്ട്. ഹര്‍ജികള്‍ മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കും.

ഒക്ടോബര്‍ 7_നകം ഒഴിയണമെന്ന നോട്ടീസിന് അടിയന്തരപ്രാധാന്യം പരിഗണിച്ച് സ്റ്റേ അനുവദിക്കണമെന്ന് സതേണ്‍ ഫീല്‍ഡ് വെന്‍ച്വേഴ്സ് മാനേജിങ് ഡയറക്ടര്‍ സേവി മനോ മാത്യു വാദിച്ചു. തേയിലത്തോട്ടങ്ങളെ പരിസ്ഥിതി ദുര്‍ബലപ്രദേശ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിക്കിട്ടാന്‍ നിയമാനുസൃതം കസ്റ്റോഡിയന് അപേക്ഷകൊടുത്ത് അനുകൂല ഉത്തരവ്കിട്ടിയശേഷമാണ് കൈമാറിയത്. ഇത് പരിഗണിക്കാതെ നോട്ടീസ് നല്‍കിയതിനെയാണ് സേവി മനോ മാത്യുവിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ എന്‍. നാഗേശ്വരറാവു ചോദ്യം ചെയ്തത്.

സ്റ്റേ അനുവദിക്കണമെന്ന ആവശ്യത്തെ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എതിര്‍ത്തില്ലെങ്കിലും സതേണ്‍ ഫീല്‍ഡ് വെന്‍ച്വേഴ്സിന് സ്ഥലത്ത് അവകാശമില്ലെന്ന് ബോധിപ്പിച്ചു. പരിസ്ഥിതിദുര്‍ബലപ്രദേശസംരക്ഷണ നിയമത്തിലെ 20_ാം വകുപ്പനുസരിച്ച് റീനോട്ടിഫൈചെയ്ത് തിരിച്ചുകൊടുത്താലേ നടപടിക്രമം പൂര്‍ത്തിയാവൂ. അത് നടക്കാത്തതിനാല്‍ സേവിയുടേത് നിയമാനുസൃത അവകാശമല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇത് കാണിച്ച് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചപ്പോള്‍ ‘പതിവുപോലെ സമയം നീട്ടിച്ചോദിക്കുന്നു’ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

പൊന്മുടിയില്‍ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സര്‍ക്കാര്‍ ഐഎസ്ആര്‍ഒക്ക് പകരംസ്ഥലം സൌജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഡീഷണല്‍ എ.ജി. ചൂണ്ടിക്കാട്ടി. അത് സ്വീകരിക്കുന്നില്ലെന്ന് ഐഎസ്ആര്‍ഒ പറഞ്ഞപ്പോള്‍ ‘നിങ്ങളോട് അത്തരമൊരു ബാധ്യത ഉണ്ടാക്കേണ്ട എന്ന് കരുതിക്കാണും’ എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

വനംവകുപ്പിന്റെ ഒഴിപ്പിക്കല്‍ നോട്ടീസിന് സ്റ്റേ അനുവദിക്കുന്നതിനെ പൊതുതാത്പര്യഹര്‍ജി നല്‍കിയ ഫ്രണ്ട്സ് ഓഫ് എന്‍വയോണ്‍മെന്റിനുവേണ്ടി ഹാജരായ അഡ്വ. പി.കെ. ഇബ്രാഹിം എതിര്‍ത്തപ്പോള്‍ ‘സര്‍ക്കാരിന്റേതാണ് സ്ഥലം, അഡീഷണല്‍ എ.ജിക്ക് എതിര്‍പ്പില്ല. പിന്നെ നിങ്ങള്‍ എതിര്‍ക്കുന്നതെന്തിന്’ എന്ന് കോടതി ചോദിച്ചു.

മെര്‍ക്കിസ്റ്റണ്‍ ഇടപാട് സംബന്ധിച്ച് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട തൃശ്ശൂര്‍ ഡിസിസി അംഗം കെ.എ. ശേഖരനും പെരിങ്ങാമല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജികളിലും ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവായി.

ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി സമര്‍പ്പിച്ച ഹര്‍ജിയിലും നോട്ടീസിന് ഉത്തരവായി.

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി ബഹിരാകാശ സാങ്കേതിക വിദഗ്ദ്ധരെ വാര്‍ത്തെടുക്കാനുള്ള പഠനകേന്ദ്രത്തിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് തടസ്സപ്പെടുത്തരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ലോകത്ത് ഇത്തരത്തിലുള്ള മൂന്നാമത്തെ സ്ഥാപനമാകും ഇത്.

ഇന്‍സ്റ്റിറ്റ്യൂട്ടിനും സ്റ്റേ ബാധകമാകുമെന്ന് കോടതി അറിയിച്ചു.

പൊന്മുടിയിലെ നിര്‍മാണം സ്റ്റേചെയ്യണമെന്ന് ഹര്‍ജിക്കാരനായ കെ.എ. ശേഖരന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ സത്യവാങ്മൂലം കിട്ടിയശേഷമേ ഇത് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.
കടപ്പാട്‌: മാതൃഭൂമി

ഹാരിസണ്‍: തുടര്‍ നടപടികള്‍ക്ക് മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് പാട്ടക്കരാര്‍ അടക്കം എല്ലാ വ്യവസ്ഥകളും ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

മന്ത്രിമാരായ പി.കെ. ഗുരുദാസന്‍, ബിനോയ്വിശ്വം, എം. വിജയകുമാര്‍, എസ്.ശര്‍മ, കെ.പി. രാജേന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം.
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ പതിനായിരത്തിലധികം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും മിച്ചഭൂമി വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ ഹാരിസണ്‍ കമ്പനി മറിച്ച് വിറ്റിട്ടുണ്ടെന്നും റവന്യു സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 27നാണ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത്. റവന്യു^ വനം മന്ത്രിമാരുടെ ശിപാര്‍ശയോടെ റിപ്പോര്‍ട്ട് മന്ത്രിസഭമുമ്പാകെ സമര്‍പ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി വേണമെന്ന് ചര്‍ച്ചയില്‍ തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് വിശദമായ പഠനത്തിനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയത്.

ഇടുക്കി, വയനാട്, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 66000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഹാരിസണ് പാട്ടത്തിന് നല്‍കിയത്. 1908 മുതലുള്ള കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ചതില്‍ 76,000ത്തിലധികം ഏക്കര്‍ ഭൂമി ഇപ്പോള്‍ ഹാരിസണിന്റെ കൈവശമുണ്ടെന്നാണ് റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഭൂമി ഏറ്റെടുത്തും പാട്ടക്കരാര്‍ റദ്ദാക്കിയും നടപടി ത്വരിതപ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രാഥമിക പരിശോധനയിലാണ് ഹാരിസണ്‍ മലയാളം കമ്പനി ഇത്രയധികം ഭൂമി കൈവശപ്പെടുത്തിയതായി കണ്ടെത്തിയത്. ഏക്കര്‍ കണക്കിന് ഭൂമി മറിച്ച് വിറ്റ ഹാരിസണെതിരെ ശക്തമായ നടപടി വേണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യം ഉയര്‍ന്നതായാണ് വിവരം.

2005^ല്‍ യു.ഡി.എഫിന്റെ കാലത്താണ് ഹാരിസണ്‍ മലയാളം പ്ലാന്‍േഷന്റെ പാട്ടക്കരാര്‍ സംബന്ധിച്ചും ഭൂമിഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നതിന് റവന്യുസെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ റവന്യുസെക്രട്ടറിക്ക് പുറമെ സംരക്ഷണ വിഭാഗം മുഖ്യവനപാലകന്‍, ലാന്റ് ബോര്‍ഡ് സെക്രട്ടറി എന്നിവരെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചാണ് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
കടപ്പാട്‌: മാധ്യമം

വാഹനവില 15 ലക്ഷം രൂപ, പാര്‍ക്കിംഗ് സ്ഥലവില 25 ലക്ഷം
മനുഷ്യന്റെ പാര്‍പ്പിടങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നതോടൊപ്പം വസ്തു ഇടപാടുകാര്‍ക്ക് ലാഭം കൊയ്യാന്‍ വാഹന പാര്‍ക്കിംഗ് സ്ഥലഇടപാടും പുതിയ മേഖലയായി രംഗപ്രവേശം ചെയ്യുന്നു.

മഹാനഗരമായ മുംബൈയില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുളള ഇടത്തിന് 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് വില.ഫ്ളാറ്റ് സംസ്കാരം അതിവേഗം പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും വാഹന പാര്‍ക്കിംഗ് സ്ഥലവില ലക്ഷങ്ങളിലേക്ക് കുതിച്ചുപൊങ്ങാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന.

ഫ്ളാറ്റുകളുടെ വില ആകാശം മുട്ടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ് ഇന്ന് ഇന്ത്യയില്‍. ബഹുനിലഫ്ളാറ്റുകള്‍ താരതമ്യേന കുറവായിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഫ്ളാറ്റുകളുടെ പെരുമഴയാണ്.

നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലേക്കും നീങ്ങുന്നു ഫ്ളാറ്റ് സംസ്കാരം. പത്തും പതിനെട്ടും ലക്ഷം രൂപയ്ക്ക് സാമാന്യം ഭേദപ്പെട്ട ഫ്ളാറ്റുകള്‍ സ്വന്തമാക്കാമായിരുന്നു മുന്‍പ്. ഇപ്പോള്‍ അത് അരക്കോടിയും ഒരു കോടിയും കവിഞ്ഞ് മുകളിലേക്ക് കുതിക്കുന്നു.

15 മുതല്‍ 20 വരെ ലക്ഷം രൂപയ്ക്ക് സാധാരണ ലക്ഷ്വറി കാര്‍ സ്വന്തമാക്കാമെന്നിരിക്കെ അതിനേക്കാള്‍ വില നല്‍കേണ്ടി വരും ആ കാര്‍ പാര്‍ക്ക് ചെയ്യാനുളള ഇടം സ്വന്തമാക്കാന്‍ എന്നതാണ് അവസ്ഥ.
മുംബൈയിലെ മലബാര്‍ ഹില്‍ കഫ് പരേഡ്, അള്‍ട്ടാമൌണ്ട്റോഡ് വാക്കേശ്വര്‍ എന്നിവിടങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം സ്വന്തമാക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണം. ബിസിനസ് സ്ഥാപന മേഖലയായ നരിമാന്‍ പോയിന്റില്‍ മേല്‍മൂടിയുളള പാര്‍ക്ക് സ്ഥലത്തിന് 6 ലക്ഷം രൂപയും മേല്‍മൂടിയില്ലാത്തതിന് 5 ലക്ഷം രൂപയുമാണ് വില.

നഗരപ്രാന്തങ്ങളിലും പാര്‍ക്കിംഗ് സ്ഥലവില ഉയര്‍ന്നു കഴിഞ്ഞു. ബാന്ദ്ര-ഖാര്‍ പ്രദേശത്തെ നല്ല ഫ്ളാറ്റുകളില്‍ വാഹനപാര്‍ക്കിംഗ് സ്ഥലത്തിന് 15 ലക്ഷം രൂപ വരെ ഈടാക്കുന്നു. അതും അതിലേറെയും നല്‍കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു എന്നത് വസ്തു കെട്ടിട ഇടപാടുകാര്‍ക്ക് ഉത്തേജനവും പകരുന്നുണ്ട്. ബ്രോക്കര്‍മാരും രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അഞ്ചു ലക്ഷം രൂപ കൊടുത്ത് ഇപ്പോള്‍ പാര്‍ക്കിംഗ് സ്ഥലം വാങ്ങിയിട്ടാല്‍ സമീപഭാവിയില്‍ തന്നെ അത് പതിനഞ്ചോ ഇരുപതോ ലക്ഷം രൂപയ്ക്ക് വില്‍ക്കാനാവുമെന്ന് അവര്‍ പറയുന്നു.

ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ വാഹന പാര്‍ക്കിംഗ് സ്ഥലത്തിന് മോഹവിലയാണ് ഈടാക്കുന്നത്. കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് പാര്‍ക്കിംഗ് സ്ഥലം സ്വന്തമാക്കാം.

ഭൂമിക്ക് സ്വര്‍ണവിലയെന്നും വജ്രവിലയെന്നും മറ്റും പറയുന്ന പഴയ വാചകങ്ങള്‍ സ്വര്‍ണത്തിനും വജ്രത്തിനും ഭൂമിവില എന്നു മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കടപ്പാട്‌: കേരളകൗമുദി

കമ്മീഷന്‍ മുട്ടുമടക്കി; കര്‍ഷകരില്‍ നിന്നു തെളിവെടുത്തു
പാലക്കാട്: കൃഷിക്കാരെ അവഗണിച്ചു തെളിവെടുക്കാനെത്തിയ കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഒടുവില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി. ആദ്യദിവസം തെളിവെടുപ്പിനെത്തിയ ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതനൊഴികെ ജില്ലയിലെ എംഎല്‍എമാരും എംപിമാരും എത്താതിരുന്നിട്ടും രണ്ടാംദിവസം അവര്‍ പരാതിയുമായെത്തിയ മുഴുവന്‍ കര്‍ഷകരെയും കണ്ടു പരാതികള്‍ സ്വീകരിച്ചു.

കടാശ്വാസ കമ്മീഷന്‍ പരാതി നല്കാനെത്തിയ കര്‍ഷകരെ പുറത്താക്കിയതും എംഎല്‍എമാരും എംപിമാരും യോഗത്തിനെത്താതിരുന്നതും ഇന്നലെ ദീപിക റിപ്പോര്‍ട്ടുചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണു ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ പാലക്കാട് ഗവ.ഗസ്റ്റ്ഹൌസില്‍ നടത്തിയ സിറ്റിംഗില്‍ കര്‍ഷക രോട് അനുഭാവം കാട്ടിയത്. നെല്ലിന്റെ ഈ വര്‍ഷത്തെ സംഭരണ വില ആശ്വാസകരമാണെന്നു കര്‍ഷക കടാശ്വാസ കമ്മീഷനു മുമ്പില്‍ കര്‍ഷക സംഘടനകള്‍ തെളിവ് നല്‍കി.

കാര്‍ഷിക പാക്കേജ് വന്നതോ ടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നവരും തിരിച്ചടയ്ക്കുന്നില്ലെന്നു സിറ്റിംഗിനെത്തിയ വിവിധ ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു.

ദുരന്തബാധിത ജില്ലയായി പ്രഖ്യാപിക്കുന്നതിനാ ടൊപ്പം നെല്ലറയുടെ പ്ര ത്യേ ക ത കണക്കി ലെടുത്ത് നെ ല്‍കൃഷിയിടങ്ങളെ പ്ര ത്യേകമായി വിളനാശപ്രദേശങ്ങളായി കണക്കാക്കണമെന്നു സംഘടനാ പ്രതിനിധികള്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചു.

കന്നുകാലികളുടെ എണ്ണത്തിലും ഉല്‍പ്പാദനത്തിലുമുണ്ടായ കുറവ് പരിഹരിക്കാനുള്ള ശുപാര്‍ശയുണ്ടാകണമെന്ന് എലപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധി കെ.വി വിജയദാസ് കമ്മീഷനു മുമ്പില്‍ ബോധിപ്പിച്ചു.

നെല്ലിന് പ്രഖ്യാപിച്ച ഒമ്പത് രൂപ സംഭരണ വില ആശ്വാസകരമാണെങ്കിലും അമിത മഴ കര്‍ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചുവെന്നാണ് ഭൂരിപക്ഷം കര്‍ഷക സംഘടനാ പ്രതിനിധികളും അഭിപ്രായപ്പെട്ടത്. കമ്മീഷന്‍ അംഗങ്ങളായ സത്യന്‍ മൊകേരി,എം.കെ ഭാസ്കരന്‍, പ്രഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍, പ്രഫ. എം.ജെ ജേക്കബ് എന്നിവരും കൂടെയുണ്ടായിരുന്നു.
കടപ്പാട്‌: ദീപിക

കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായി: പ്രഭാത് പട്നായിക്
തിരു: കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായെന്ന് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക്. കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ‘കേരള സമ്പദ്വ്യവസ്ഥ 1956 മുതല്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ കര്‍ഷക കടാശ്വാസകമീഷന് രൂപം നല്‍കിയതാണ് ആത്മഹത്യ നിലയ്ക്കാന്‍ പ്രധാന കാരണം. കമീഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ജനങ്ങള്‍ക്കുള്ള വിശ്വാസം പ്രധാനമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ആത്മഹത്യ തുടരുന്നു.

കടാശ്വാസ കമീഷനുണ്ടെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച നിലനില്‍ക്കുകയാണ്്. രണ്ട് ജില്ലകളില്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 80 ശതമാനം കുടുംബങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആസൂത്രണ കമീഷന്‍ പറയുന്നതിനേക്കാള്‍ ഉയര്‍ന്നതാണ് ഇവിടത്തെ ദാരിദ്യ്രം. ഉല്‍പ്പന്നങ്ങളുടെ വിലയും ജനങ്ങളുടെ വരുമാനവും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ദാരിദ്യ്രരേഖ നിര്‍ണയിക്കേണ്ടത്.

തൊഴിലില്ലായ്മ വര്‍ധിപ്പിക്കാതെ ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ കേരളത്തിനു കഴിയണം. ഭൂപരിഷ്കരണത്തോടെ ചെറുകിട ഉല്‍പ്പാദക സമ്പദ്വ്യവസ്ഥയായി സംസ്ഥാനം മാറിയിരുന്നു. ആഗോളവല്‍ക്കരണത്തില്‍ ആധുനികമുതലാളിത്തത്തിന്റെ ശക്തമായ കടന്നുവരവ് ഉണ്ടായതോടെ ഇത് നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശക്തികളുടെ പ്രവര്‍ത്തനം പുതിയ തൊഴില്‍ കാര്യമായി സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല ഉള്ള അവസരം ഇല്ലാതാക്കുകയുമാണ്. ബ്രിട്ടനടക്കമുള്ള രാജ്യങ്ങളില്‍പ്പോലും ഇത് സംഭവിക്കുന്നുണ്ട്. ഗള്‍ഫ് പണവും ക്ഷേമപദ്ധതികള്‍ക്കുള്ള പൊതു മുതല്‍മുടക്കുമാണ് കേരള സമ്പദ്വ്യവസ്ഥയുടെ സവിശേഷതകള്‍. ഉല്‍പ്പാദനമേഖല ദുര്‍ബലമാണ്. നെല്‍കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നതോടൊപ്പം ഉല്‍പ്പാദനക്ഷമതയിലും വലിയ കുറവുണ്ടാകുന്നു. ഭക്ഷ്യവിളകളില്‍നിന്ന് ചെറുകിട കര്‍ഷകര്‍ നാണ്യവിളകളിലേക്കു മാറി. എന്നാല്‍ ഇവയുടെ വില അസ്ഥിരമാണ്. ഇത് ചെറുകിട ഉല്‍പ്പാദനമേഖലയെ ഏറെ ക്ഷീണിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. എം എ ഉമ്മന്‍, കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ബി എ പ്രകാശ് എന്നിവരും സംസാരിച്ചു.
കടപ്പാട്‌: ദേശാഭിമാനി

ഭൂമി മാഫിയ കുമരകത്തും; ഒരു വാര്‍ഡ് മുഴുവന്‍ മുംബൈ കമ്പനിക്ക്

കോട്ടയം: കുമരകം സ്വന്തമാക്കാന്‍ മോഹവില വാഗ്ദാനം ചെയ്തു കുത്തക കമ്പനികള്‍ കോടികളൊഴുക്കുന്നു. കുമരകം പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ കായലിനോടു ചേര്‍ന്ന പള്ളിച്ചിറ, പള്ളിത്തോപ്പ് പ്രദേശത്തെ 90 ശതമാനം ഭൂമിയും മുംബൈ ആസ്ഥാനമായ പനോഗോമിക് ഗ്രൂപ്പ് വാങ്ങിക്കഴിഞ്ഞു. ബാക്കി ഭൂമിക്ക് വില പറഞ്ഞിരിക്കുകയാണ്. സെന്റിന് ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപവരെയാണു വില.

പനോഗോമിക് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരിലൊരാളായ സന്‍ജിത് വി. മസ്ജിന്റെ പേരിലാണ് ആധാരം. കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേയ്സ് അസോസിയേഷന്‍ ഉടമ ടി.എസ്. ജോസഫാണ് ഇടനിലക്കാരന്‍. സന്‍ജിത് വി. മസ്ജിനെ വസ്തു ഉടമകളില്‍ മിക്കവരും
കണ്ടിട്ടില്ല. ഭൂമി വാങ്ങിയ ഇനത്തില്‍ ഇതുവരെ ഏഴുകോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മിച്ചഭൂമിക്കും കൈവശാവകാശത്തിനും ആധാരമുണ്ടാക്കാന്‍ റവന്യൂ വകുപ്പ് ഉത്സാഹിച്ചതായി തെളിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് മിച്ചഭൂമിയായി ലഭിച്ച പാടശേഖരത്തിന് ആധാരമുണ്ടാക്കാന്‍ ഏക്കറിന് അയ്യായിരം രൂപവീതമാണ് പ്രതിഫലം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഒമ്പതു താലൂക്കുകളിലായി പരന്നു കിടക്കുന്ന കുട്ടനാടിന്റെ വികസനപാക്കേജിന് 50 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചതോടെയാണ് കായല്‍ത്തീരം തേടി വന്‍ കമ്പനികള്‍ എത്തിത്തുടങ്ങിയത്.

യഥാര്‍ഥ ഉടമകള്‍ രംഗത്തു വരാതെ നാട്ടുകാര്‍ പ്രതീക്ഷിക്കുന്ന വിലയുടെ രണ്ടും മൂന്നും ഇരട്ട വില നല്‍കി ഭൂമി വാങ്ങാന്‍ ബ്രോക്കര്‍മാരെ അയയ്ക്കുന്നതാണു സംശയത്തിനിടനല്‍കുന്നത്. കോടിക്കണക്കിനു രൂപയുടെ ഭൂമി കച്ചവടമാണ് ഓരോ ദിവസവും കുമരകത്തു നടക്കുന്നത്.

കുമരകം പൂര്‍ണമായും കാര്‍ഷികഭൂമിയുടെ പട്ടികയിലാണെങ്കിലും പനോഗോമിക് ഗ്രൂപ്പ് വാണിജ്യ ആവശ്യത്തിനുള്ള ഭൂമി എന്നാണു കരാറില്‍ എഴുതിയിരിക്കുന്നത്.

കരാര്‍ പ്രകാരം വസ്തു കൈമാറ്റം നടത്തുന്നതില്‍ വസ്തു ഉടമയുടെ ഭാഗത്തു വീഴ്ചയുണ്ടായാല്‍ കരാര്‍ എഴുതിയ അന്നു മുതല്‍ ഒരുദിവസം ഇരുപതിനായിരം രൂപ എന്ന നിരക്കില്‍ കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണം. ഇത് മനസിലാക്കാതെയാണ് പല വസ്തു ഉടമകളും കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.
കടപ്പാട്‌: മംഗളം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w