ഒക്ടോബര്‍ 4 വ്യാഴം

 പാട്ട നിരക്ക് പുതുക്കും; കുടിശ്ശിക പിരിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ മുഴുവന്‍ ഭൂമിയുടെയും ക്രമവിരുദ്ധ നടപടികള്‍ റദ്ദാക്കാനും പാട്ടനിരക്ക് പുതുക്കാനും കുടിശ്ശിക പിരിച്ചെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി അറിയുന്നു.

എന്നാല്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ഇടപാടുകളെകുറിച്ച് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിന് വിധേയമായി മാത്രം നടപടി മതിയെന്നാണ് നിര്‍ദേശം. പലര്‍ക്കും നല്‍കിയ പാട്ടക്കാലാവധി കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അവസാനിച്ചിരുന്നു. ചില കമ്പനികളുടെ പാട്ടക്കരാര്‍ ഈ മാസം അവസാനിക്കും. അതിനാല്‍ നടപടി വൈകിപ്പിക്കേണ്ടെന്നാണ് മന്ത്രിസഭ റവന്യുമന്ത്രിക്ക് നല്‍കിയ നിര്‍ദേശം. നടപടികള്‍ ഏകോപിപ്പിക്കാന്‍ ലാന്റ് റവന്യു കമീഷണര്‍ രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്.

പാട്ടഭൂമിയുടെ സ്വഭാവം അനുസരിച്ച് തരംതിരിച്ചശേഷം കരാര്‍പുതുക്കാനാണ് തീരുമാനം. ഏകോപിത വ്യവസ്ഥയിലൂടെ നടപടികള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ നിയമഭേദഗതിക്കും മന്ത്രിസഭായോഗം റവന്യുവകുപ്പിനെ ചുമതലപ്പെടുത്തി.

പാട്ടഭൂമിക്ക് എട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തരംതിരിവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് 501218 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഭൂമി തിരിച്ച് പിടിക്കുമ്പോള്‍ ഒരു കാരണവശാലും പാകപ്പിഴ സംഭവിക്കരുതെന്ന് മുഖ്യമന്ത്രി റവന്യുവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാര്‍ ഭൂമി ഒഴിപ്പിക്കലിന്റെ അനുഭവമാണ് ഈ നിര്‍ദേശം.
കടപ്പാട്‌: മാധ്യമം

റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം മന്ത്രിമാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി തീര്‍ക്കുന്നതിനും ജില്ലകളിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി മേല്‍നോട്ടം വഹിക്കുന്നതിനും മന്ത്രിമാരെ ചുമതലപ്പെടുത്തുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. ചീഫ് സെക്രട്ടറി, ധനകാര്യ-പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പി.ഡബ്ളിയു.ഡിയിലെ ചീഫ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
റോഡുകളിലെ കുഴികളില്‍ വീണു മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. കുഴികള്‍ ഒരു മാസത്തിനകം മൂടി പണികള്‍ തീര്‍ക്കാമെന്നാണ് കഴിഞ്ഞ തവണ യോഗം ചേര്‍ന്നപ്പോള്‍ എന്‍ജിനിയര്‍മാര്‍ ഉറപ്പുനല്‍കിയത്. പണം പ്രശ്നമല്ലെന്നും കേന്ദ്രത്തില്‍നിന്ന് അനുവദിച്ച തുക ഉണ്ടെന്നും ധനകാര്യമന്ത്രി അവരോട് പറഞ്ഞു. പക്ഷേ, എന്‍ജിനിയര്‍മാര്‍ ആ ഉറപ്പ് പാലിച്ചില്ല. അതിനവര്‍ക്ക് പറയാന്‍ ഒരു കാരണം മഴയായിരുന്നു. മഴയത്ത് റോഡ് പണി ചെയ്ത് വെറുതെ ടാര്‍ കളയണ്ടെന്നു അവര്‍ കരുതി. എന്‍ജിനിയര്‍മാര്‍ നല്‍കിയ ഉറപ്പ് വേണ്ടത്ര ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കാത്തതുകൊണ്ടാണ് അവരുടെ യോഗം വീണ്ടും വിളിച്ചിരിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. മഴയത്തും ടാര്‍ ചെയ്യാവുന്ന സാങ്കേതികവിദ്യയുണ്ടെന്ന് വാര്‍ത്താലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, നാളത്തെ യോഗത്തില്‍ അതെല്ലാം അവരോട് ചോദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.
കടപ്പാട്‌: കേരളകൗമുദി

കര്‍ഷക കമ്മീഷന്‍ സിറ്റിംഗ്: കര്‍ഷകര്‍ പുറത്ത്
പാലക്കാട്: ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം സമര്‍പ്പിക്കാനുമായി കര്‍ഷക കടാശ്വാസ കമ്മീഷന്‍ പാലക്കാടു ഗസ്റ്റ് ഹൌസില്‍ നടത്തിയ സിറ്റിംഗില്‍ കര്‍ഷകര്‍ പുറത്ത്.

കര്‍ഷക പ്രതിസന്ധി ഏറ്റവും രൂക്ഷമായ പാലക്കാട്ട് വളരെക്കുറച്ചാളുകളെ മാത്രം ഉള്‍ക്കൊള്ളുന്ന സ്ഥലത്തു സിറ്റിംഗ് സംഘടിപ്പിച്ച കമ്മീഷന്‍ സ്ഥലപരിമിതിയുടെയും ജനപ്രതിനിധികളുമായേ ചര്‍ച്ചയുള്ളൂവെന്ന പേരും പറഞ്ഞാണു കര്‍ഷകരെ പുറത്താക്കിയത്.

കാര്‍ഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കര്‍ഷകരുടെ പരാതികള്‍ സ്വീകരിക്കുന്നെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിനു കര്‍ഷകരാണു ഗസ്റ്റ് ഹൌസില്‍ എത്തിയത്. എന്നാല്‍ ജനപ്രതിനിധികളെയും സംഘടനാപ്രതിനിധികളെയും മാത്രമേ കാണാന്‍ കഴിയൂവെന്നായിരുന്നു കമ്മീഷന്റെ നിലപാട്. തുടര്‍ന്നു ത്രിതല പഞ്ചായത്തംഗങ്ങളുമായി ചര്‍ച്ച നടത്തിയ കമ്മീഷന്‍ ശക്തമായ പ്രതിഷേധത്തിനിടെ യോഗസ്ഥലത്തു നിന്നു കര്‍ഷകരെ പുറത്താക്കുകയായിരുന്നു.

ഇതോടെ ഗസ്റ്റ് ഹൌസിന് മുന്നില്‍ ബഹളം വച്ച കര്‍ഷകരെ അച്യുതന്‍ ശാന്തരാക്കി. പന്ത്രണ്ട് എംഎല്‍എമാരും രണ്ട് എംപിമാരുമുള്ള ജില്ലയില്‍ കമ്മീഷന്റെ സിറ്റിംഗിനെത്തിയത് ചിറ്റൂര്‍ എംഎല്‍എ കെ. അച്യുതന്‍ മാത്രമാണ്. തന്റെ നേതൃത്വത്തിലുള്ള സംഗീത സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നത്രേ ജില്ലയില്‍ നിന്നുള്ള പ്രമുഖ എംപിയായ എന്‍.എന്‍. കൃഷ്ണദാസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരെത്തിയപ്പോള്‍ എംപി ഒരു കത്തുകൊടുത്തയയ്ക്കുക മാത്രമാണു ചെയ്തത്.

പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളുമടങ്ങുന്ന ജനപ്രതിനിധികളുടെ യോഗത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മാത്രമാണു കര്‍ഷക സംഘടനാ പ്രതിനിധികളെയും അക ത്തേക്ക് കയറ്റി വിട്ടത്.

കര്‍ഷകരെ നേരിട്ട് കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് അംഗങ്ങള്‍ ഗസ്റ്റ് ഹൌസിനു മുന്നില്‍ ധര്‍ണ നടത്തി.

ആവശ്യത്തിന് സൌകര്യമില്ലാത്ത സ്ഥലത്ത് സിറ്റിംഗ് തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.പി നജ്മുദീന്‍ പറഞ്ഞു.

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണമെന്നുമുള്ള നിവേദനങ്ങളുമായാണ് കര്‍ഷകര്‍ വന്നതെന്നും ഇതിനുളള സാധ്യത കുറവാണെന്നും അച്യുതന്‍ ദീപികയോടു പറഞ്ഞു. കേരളത്തില്‍ തന്നെ കാര്‍ഷിക കടം പതിനായിരം കോടിയോളം വരും .

പാലക്കാട് ജില്ലയില്‍ മാത്രം 2007 മാര്‍ച്ചിലെ കണക്കനുസരിച്ച് 1631 കോടി രൂപയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി 160 കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇതേവരെ കര്‍ഷകര്‍ സമര്‍പ്പിച്ച പരാതികള്‍ മുഴുവനായി വായിച്ചു നോക്കിയിട്ട് പോലുമില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

നൂറു കണക്കിന് കര്‍ഷകരെ ത്തിയപ്പോള്‍ അവരുടെ പ്രതിനിധികളെ മാത്രം ക്ഷണിച്ചത് സമയം ലാഭിക്കാനായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ പരാതികളും കേട്ടിട്ടുണ്െടന്ന് കാര്‍ഷിക ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ അസീസ് പറഞ്ഞു.

കമ്മീഷന്റെ സിറ്റിംഗ് ഇന്നും നടക്കും. സിറ്റിംഗില്‍ കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍, സത്യന്‍ മൊകേരി, എം.കെ ഭാസ്കരന്‍, പ്രഫ. എം.ജെ ജേക്കബ്, പ്രഫ.എന്‍. ചന്ദ്രശേഖരന്‍ നായര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജെ.ഡി.എ ജ്ഞാനദാസ്, ജില്ലാ കലക്ടര്‍ കെ.എസ് ശ്രീനിവാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്പാട്‌: ദീപിക

ഔഷധവ്യാപാരത്തില്‍ അനിയന്ത്രിത ഇടപെടല്‍ ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിച്ച് കുത്തകകള്‍ കോടികള്‍ തട്ടുന്നു
തൃശൂര്‍: ഔഷധ വ്യാപാരരംഗത്തെ ബഹുരാഷ്ട്ര കമ്പനികളെവരെ നിയന്ത്രിക്കുന്ന വന്‍കുത്തകയായി ഈ മേഖലയിലെ വ്യാപാരി സംഘടനയുടെ ചില നേതാക്കള്‍ മാറിയിരിക്കയാണെന്ന് ഒരു വിഭാഗം വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കമ്പനികള്‍ ഓരോ മരുന്ന് ഇറക്കുമ്പോഴും ‘ട്രേഡ് മാര്‍ജിന്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കി വര്‍ഷംതോറും മൂന്ന്കോടിയോളം രൂപയാണ് നേതാക്കള്‍ തട്ടിയെടുക്കുന്നത്. ഔഷധ വ്യാപാരരംഗത്തെ ഇവരുടെ അനിയന്ത്രിത ഇടപെടലിനെക്കുറിച്ചും കോടികളുടെ വെട്ടിപ്പിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എ എന്‍ മോഹനന്‍, സെക്രട്ടറി രവീന്ദ്രന്‍ (മണി) എന്നിവര്‍ക്കെതിരെയാണ് വ്യാപാരികള്‍ ആരോപണം ഉയര്‍ത്തിയത്. സംഘടനയുടെതന്നെ സ്ഥാപനമാണെന്ന് ബഹുരാഷ്ട്ര കമ്പനികളെ തോന്നിപ്പിക്കുംവിധം ഇവര്‍ ചേര്‍ന്ന് കെസിഡിഎ എന്ന പേരില്‍ സ്വകാര്യകമ്പനി രൂപീകരിച്ചു. മോഹനന്‍ ഇതിന്റെ എംഡിയാണ്. ഇവരുടെ അടുത്ത സുഹൃത്തുക്കളും ധനാഢ്യരുമായി ഏഴുപേരും ഡയറക്ടര്‍മാരാണ്. ഈ കമ്പനി നിര്‍ദേശിക്കുന്നവര്‍ക്കുമാത്രമേ ഇപ്പോള്‍ ബഹുരാഷ്ട്ര കമ്പനികള്‍ മരുന്ന് നല്‍കുന്നുള്ളൂ. കമ്പനി ശുപാര്‍ശ കിട്ടാന്‍ ഓരോ മരുന്നിനും 2000 രൂപ വീതം ഡെപ്പോസിറ്റ് കൊടുക്കണം. കേരളത്തിലെ രോഗികള്‍ ഏത് മരുന്ന് കഴിക്കണം എന്ന് നിര്‍ദേശിക്കുന്നത് ഈ സംഘടനയാണെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

സംസ്ഥാന പ്രസിഡന്റും കെസിഡിഎ മാനേജിങ് ഡയറക്ടറുമായ മോഹനന്‍തന്നെയാണ് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റും മാഗസിന്‍ എഡിറ്ററും. ഇതിനുപുറമെ കെസിഡിഎ മാതൃകയില്‍ മഹാരാഷ്ട്രയിലും ഒരു കമ്പനി തുറക്കാന്‍ ഇദ്ദേഹം നടപടികള്‍ നീക്കിയിട്ടുണ്ട്. എല്ലാ സ്ഥാനങ്ങളും കൈയടക്കി കേരളത്തിലെ ഔഷധ വ്യാപാരത്തെ നിയന്ത്രിക്കുകയാണ് ഇദ്ദേഹമെന്നും വ്യാപാരികള്‍ പറഞ്ഞു.

കേരളത്തിലെ രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും വ്യാപാരികള്‍ നേതാക്കള്‍ക്കെതിരെ സജീവമായിട്ടുണ്ട്. ഇവരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച പകല്‍ മൂന്നിന് തൃശൂരിലെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ചേരും. ആരോഗ്യമന്ത്രി പി കെ ശ്രീമതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരികളായ ടി എം തോമസ്, മില്‍ട്ടന്‍ ജെ തലക്കോട്ടൂര്‍, കെ സുരേഷ്വാര്യര്‍, ടി സി റോക്കി, സി ഒ വിത്സണ്‍, ജോജു തൈക്കാനത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കടപ്പാട്‌: ദേശാഭിമാനി

പാട്ടഭൂമി ഹാരിസണ്‍ മേല്‍പാട്ടത്തിനു നല്‍കി

തെന്മല: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്റെ കൈവശമുള്ള പാട്ടഭൂമിയില്‍നിന്ന് 2000 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി മേല്‍പ്പാട്ടത്തിന് നല്‍കി. തെന്മല പൂത്തോട്ടം, വെഞ്ച്വര്‍ എസ്റ്റേറ്റ്, മൂന്നാം ഡിവിഷന്‍, നെടുമ്പാറ, ഫ്ളോറന്‍സ്, ഈസ്റ്റ് ഫീല്‍ഡ് തുടങ്ങിയ എസ്റ്റേറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് 2000 ഏക്കര്‍ ഭൂമി മേല്‍പ്പാട്ടത്തിന് നല്‍കിയത്.

1901ല്‍ ഇവിടം വനഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതിനുള്ളിലെ ഭൂമിയാണ് കൈതക്കൃഷി നടത്തുന്നതിനായി തൊടുപുഴ, മൂവാറ്റുപുഴ, ആര്യങ്കാവ് എന്നിവിടങ്ങളിലെ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്തത്.
മൂന്ന്, നാല്, ആറ് എന്നീ വര്‍ഷങ്ങളിലേക്കായി 30 ലക്ഷം രൂപ കൈപ്പറ്റിയാണ് പ്രസ്തുത പാട്ടഭൂമി രണ്ടുവര്‍ഷം മുമ്പ് മേല്‍പ്പാട്ടത്തിന് നല്‍കിയത്.തെന്മല, ആര്യങ്കാവ് വില്ലേജുകളിലായി ഹാരിസണ്‍ മലയാളം പ്ളാന്റേഷന്റെ കൈവശം സര്‍ക്കാരിന്റെതന്നെ വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് ഫീല്‍ഡ്, നാഗമല, അമ്പനാട്, വെഞ്ച്വര്‍ എന്നീ എസ്റ്റേറ്റുകളിലായി 9352 ഏക്കര്‍ വനഭൂമി റബര്‍ പ്ളാന്റേഷനായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്.

എന്നാല്‍ ഈ സ്ഥലങ്ങള്‍ 1834 മുതല്‍ തേയില, കാപ്പി, റബര്‍ എന്നിവ കൃഷി ചെയ്യുന്നതിനായി 28.03.1906ലെ 5020/ആര്‍ 1904-ാം നമ്പര്‍ ഉത്തരവ് പ്രകാരം കൃഷിക്കായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിട്ടുള്ളതാണ്.

തേയിലയും റബറും കൃഷിചെയ്യുന്നതിനായി കുത്തകപ്പാട്ടം നല്‍കിയ ഭൂമി കൈതകൃഷി നടത്തുന്നതിന് മേല്‍പ്പാട്ടം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍.നജീബ് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. കൂടാതെ 9352 ഏക്കര്‍ ഭൂമിയുടെ പാട്ടകുടിശിക ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ 1956 മുതല്‍ ഇന്നുവരെ നല്‍കിയിട്ടില്ലെന്നതും 19.12.1985 ലെ ജി.ഒ.(എം.എസ്.) നമ്പര്‍ 1026/85(ആര്‍.ഡി.) ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഭൂമിക്ക് സെന്റ് ഒന്നിന് 1.50 രൂപ നിരക്കില്‍ പാട്ടം കണക്കാക്കിയിട്ടുള്ളതും അതനുസരിച്ച് മലയാളം പ്ളാന്റേഷന്‍ ഒരുവര്‍ഷത്തേക്ക് 1.29 കോടി രൂപ നല്‍കേണ്ടതുണ്ട്. ഇതിന്‍ പ്രകാരം ഇന്നുവരെയുള്ള കുടിശിക കണക്കാക്കിയാല്‍ 34 കോടി രൂപ നല്‍കാനുണ്ട്.

തെന്മലയിലും സമീപത്തുമായി 30 സ്ക്വയര്‍ മൈല്‍ വനഭൂമിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഹാരിസണ്‍ മലയാളം പ്ളാന്റേഷന്റെ കൈവശമുള്ള 9352 ഏക്കര്‍ ഭൂമി. ഇതില്‍ നിന്നുമാണ് കൈതക്കൃഷി നടത്തുന്നതിന് 2000 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മേല്‍പ്പാട്ടത്തിന് നല്‍കിയിട്ടുള്ളത്.

തോട്ടം മേഖലയും പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍

തിരുവനന്തപുരം: തോട്ടം മേഖലയെക്കൂടി പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സിനു മുന്‍കാല പ്രാബല്യം വേണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കുക എന്ന പക്ഷം മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഐ.എസ്.ആര്‍.ഒയ്ക്കു കൈമാറിയ ഇടപാട് റദ്ദാകും.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കൂടാതെ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍, എം. വിജയകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
ഐ.എസ്.ആര്‍.ഒ. ഭൂമി ഇടപാടു സംബന്ധിച്ച വിവരത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമായത്.പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് 2002 ലാണ് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2001 ല്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു.

എന്നാല്‍ 2003 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തോട്ടം ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രദേശങ്ങളെ ഒഴിവാക്കി നിയമം കൊണ്ടുവന്നു.

ഈ നിയമമാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സേവി മനോ മാത്യു കൈവശപ്പെടുത്താന്‍ ഇടയാക്കിയത്. ഇതിനെതിരേ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തുവന്നു. ഇടതുമുന്നണിയിലും ഈ അഭിപ്രായം അദ്ദേഹം ഉന്നയിച്ചു. തുടര്‍ന്ന് ഭേദഗതിഗതികളോടെ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമെന്നു നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് മുന്‍കാല പ്രാബല്യത്തോടെ ഇറക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്.

മുന്‍പും ഇത്തരത്തില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എ.ജി. ചൂണ്ടിക്കാട്ടി.
കടപ്പാട്‌: മംഗളം

വനഭൂമി സേവി മനോ മാത്യുവിനു വിറ്റതും പോക്കുവരവ് നടത്തിയതും റദ്ദാക്കി
തിരുവനന്തപുരം: പൊന്‍മുടി മെര്‍ക്കിസ്റ്റണിലെ 707 ഏക്കര്‍ വനഭൂമി ജയശ്രീ പ്ളാന്റേഷന്‍സ് 2005 മാര്‍ച്ചില്‍ സേവി മനോ മാത്യുവിനു വിറ്റതും പോക്കുവരവ് ചെയ്തതുമായ നടപടി റവന്യു ഡിവിഷനല്‍ ഓഫിസര്‍ റദ്ദാക്കി. വനം ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍. ഗോപിനാഥിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം ഇന്നലെയാണ് ആര്‍ഡിഒ : എസ് . ബാഹുലേയന്‍ പോക്കുവരവ് റദ്ദാക്കിയത്.

എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സേവി മനോമാത്യു അതേ ഭൂമി ഐഎസ്ആര്‍ഒയ്ക്കു മറിച്ചവിറ്റ നടപടിയെടുക്കുറിച്ച് വനം വകുപ്പ് കത്തില്‍ സൂചിപ്പിച്ചിട്ടില്ല. അതേസമയം തേയിലത്തോട്ടങ്ങളെയും പരിസ്ഥിതി ദുര്‍ബല മേഖലയില്‍പ്പെടുത്തി ഏറ്റെടുക്കാന്‍ കഴിയുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ വനംമന്ത്രി ബിനോയ് വിശ്വം പ്രതികൂട്ടിലായതോടെ കഴിഞ്ഞ മാസം ആദ്യമാണ് വനഭൂമിയുടെ ഇപ്പോഴത്തെ കസ്റ്റോഡിയനായ സിസിഎഫിനെക്കൊണ്ട് പോക്കുവരവ് റദ്ദാക്കാന്‍ കത്തു നല്‍കിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം 24,27, ഇക്കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആര്‍ഡിഒ ഹിയറിങ് നടത്തി ഇരുപക്ഷത്തെയും വാദം കേട്ടു. തുടര്‍ന്നായിരുന്നു 2005ലെ പോക്കുവരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, ഈ മാര്‍ച്ചില്‍ സേവി അതേ ഭൂമി ഐഎസ്ആര്‍ഒയ്ക്കു മറിച്ചവിറ്റതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതെല്ലാം നിയമപ്രശ്നങ്ങളാണെന്നും അവര്‍ പരിഹരിക്കുമെന്നുമാണ് വനം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ഇതിനിടെ, മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദത്തില്‍ ആരോപണവിധേയരായ വനം, റവന്യു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ത്തന്നെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്തു.

ഭൂമി തിരിച്ചുപിടിക്കാന്‍ 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് ആലോചന. യുഡിഎഫ് സര്‍ക്കാരിന്റെ നിയമം ഇതോടെ അപ്രസക്തമാവും. സര്‍ക്കാരിനു നഷ്ടപ്പെട്ട ഭൂമി മുഴുവന്‍ തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എല്‍ഡിഎഫിന്റെ നിയമത്തിലും വേണ്ട ഭേദഗതികള്‍ വരുത്തി പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സിന്റെ കരട് തയാറാക്കാന്‍ നിയമവകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്.

എട്ടിനു വീണ്ടും യോഗം ചേരും. ഇതോടെ മെര്‍ക്കിസ്റ്റണ്‍ ഭൂമി തിരിച്ചെടുത്തതായി വനം വകുപ്പ് എസ്റ്റേറ്റില്‍ നോട്ടീസ് പതിച്ചതു പ്രഹസനമാണെന്നു വ്യക്തമായി. സേവിക്കും ഐഎസ്ആര്‍ഒ അധികൃതര്‍ക്കും കോടതിയില്‍ പോകാന്‍ അവസരം നല്‍കുന്നതിനുവേണ്ടിയാണ് നിയമത്തിന്റെ പിന്‍ബലമില്ലാതെ എടുത്തുചാടി നോട്ടീസ് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിയമമന്ത്രിയും അഡ്വക്കറ്റ് ജനറലും പങ്കെടുത്തിരുന്നു.
കടപ്പാട്‌: മനോരമ

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w