ഒക്ടോബര്‍ 3 ബുധന്‍

ചീഫ് ടൌണ്‍ പ്ലാനിംഗ് ഓഫീസില്‍ കസേരക്കളി
തിരുവനന്തപുരം: തലസ്ഥാനത്തെ ചീഫ് ടൌണ്‍പ്ലാനര്‍ ഓഫീസില്‍ കസേരക്കളി. സസ്പെന്‍ഷന്‍ കഴിഞ്ഞ് പഴയ ലാവണത്തിലേക്ക് മടങ്ങിയ മുന്‍ ചീഫ് ടൌണ്‍ പ്ലാനര്‍ രാമചന്ദ്രന് കസേരയോ മുറിയോ നല്‍കാഞ്ഞതിനാല്‍ നിലവിലെ സി.ടി.പിയുടെ ക്യാബിനില്‍ ഇന്നലെ അദ്ദേഹം കയറി ഇരുന്നു. സി.ടി.പി ഈപ്പന്‍ വര്‍ഗീസ് കുടുംബപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലേക്ക് പോയതിനാല്‍ ഇന്നലെ ഓഫീസില്‍ എത്തിയിരുന്നില്ല. ജോലി സമയം തീരുന്നതു വരെ രാമചന്ദ്രന്‍ ആ മുറിയില്‍ ചെലവിടുകയും ചെയ്തു. ഈപ്പന്‍ വര്‍ഗീസിനെക്കാള്‍ സര്‍വീസില്‍ സീനിയറാണ് രാമചന്ദ്രന്‍.

കൈക്കൂലി കേസില്‍ രണ്ട് വര്‍ഷം മുമ്പാണ് അന്ന് സി.ടി.പി ആയിരുന്ന രാമചന്ദ്രനെ പിടികൂടുന്നതും സസ്പെന്റ് ചെയ്തതും. ഇതിന് പിന്നില്‍ ഓഫീസിലെ തന്നെ പ്രശ്നങ്ങളാണെന്ന സൂചനയാണ് രാമചന്ദ്രന്‍ അന്ന് നല്‍കിയത്. പിന്നീട് ഈപ്പന്‍ വര്‍ഗീസിനെ സി.ടി.പിയായി സര്‍ക്കാര്‍ നിയമിച്ചു.

രാമചന്ദ്രന്‍ കോടതിയെ സമീപിക്കുകയും ജോലിക്ക് തിരിച്ചുകയറാന്‍ ഉത്തരവ് വാങ്ങുകയും ചെയ്തതോടെയാണ് നഗരാസൂത്രണ ഓഫീസില്‍ വടംവലി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രില്‍ 14ന് രാമചന്ദ്രനെ ജോലിയില്‍ പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ നിയമനഉത്തരവ് നല്‍കാന്‍ 49 ദിവസം വൈകിച്ചതായി രാമചന്ദ്രന്‍ പറഞ്ഞു. ഇതിന് ശേഷം ഏറ്റവും സീനിയര്‍ എന്ന നിലയില്‍ രാമചന്ദ്രന്‍ തദ്ദേശ സെക്രട്ടറിക്ക് മുമ്പാകെയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നിലവില്‍ ഒരു സി.ടി.പി ഉള്ളതിനാല്‍ സി.ടി.പി സ്പെഷല്‍ ഓഫീസര്‍ എന്ന തസ്തികയാണ് രാമചന്ദ്രന് നല്‍കിയത്. അദേഹത്തിന് മുറിയും കസേരയും അനുവദിക്കണമെന്ന് സെക്രട്ടറി തലത്തില്‍ താഴേക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ സി.ടി.പി ഓഫീസില്‍ രാമചന്ദ്രനായി പ്രത്യേക സൌകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. തിരിച്ചുവരുന്ന വിവരം നിലവിലെ സി.ടി.പിയെ അറിയിച്ചിരുന്നുവത്രെ. ഈ സാഹചര്യത്തിലാണ് ഈപ്പന്‍ വര്‍ഗീസിന്റെ കസേരയില്‍ കയറി ഇരുന്നതെന്നാണ് രാമചന്ദ്രന്റെ ഭാഷ്യം. താനാണ് സീനിയര്‍ എന്നതിനാല്‍ ഈ കസേരയില്‍ ഇരിക്കുന്നത് കൊണ്ട് അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ഉത്തരവോടെ മുഖ്യ നഗരാസൂത്രണ ഓഫീസില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ രൂപപ്പെടുകയാണ്. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ മാത്രമേ പഴയ സി.ടി.പി മടങ്ങിയെത്തുകയുള്ളൂ. അതിനാല്‍ ആശയക്കുഴപ്പം നീളുമെന്നാണ് സൂചന.
അഞ്ച് മാസം കൂടിയാണ് രാമചന്ദ്രന് സര്‍വീസ് ബാക്കിയുള്ളത്. കൈക്കൂലി സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന്റെ ഗുണം കിട്ടിയവരുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ ഈപ്പന്‍ വര്‍ഗീസിനെക്കാള്‍ സീനിയറായ രാജാറാമിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഫയലും തയാറാകുന്നുണ്ടെന്നാണ് വിവരം. അടുത്ത ഡിസംബറിലാണ് അദ്ദേഹം വിരമിക്കേണ്ടത്. രാജാറാം കൂടി വന്നാല്‍ മൂന്ന് സി.ടി.പിമാരാണ് ഒരു ഓഫീസില്‍ ഉണ്ടാവുക.
കടപ്പാട്‌: മാധ്യമം

മെര്‍ക്കിസ്റ്റണ്‍: നഷ്ടപരിഹാരം നല്‍കാമെന്ന് ഐ.എസ്.ആര്‍.ഒയ്ക്ക് സേവി മനോ മാത്യുവിന്റെ ഉറപ്പ്

കൊച്ചി: മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ എന്തെങ്കിലും നഷ്ടമോ പോരായ്മകളോ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സേവി മനോ മാത്യു ഐഎസ്ആര്‍ഒക്ക് ഉറപ്പ് നല്‍കിക്കൊണ്ടാണ് ആധാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈ ആധാരത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രആഭ്യന്തര വകുപ്പിനെ പൊതുതാല്പര്യം മുന്‍നിര്‍ത്തി കൊച്ചിയിലെ ഫ്രണ്ട്സ് ഓഫ് എന്‍വയണ്‍മെന്റ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഭൂമിയിടപാടില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സിബിഐ അന്വേഷണമാണ് സംഘടനയുടെ സെക്രട്ടറി അഡ്വ.ഡി.ബി. ബിനു ആവശ്യപ്പെട്ടിരിക്കുന്നത്.

സതേണ്‍ ഫീല്‍ഡ് വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ സേവി മനോമാത്യുവില്‍ നിന്ന് 81 ഏക്കര്‍സ്ഥലമാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ ഐഎസ്ആര്‍ഒ വാങ്ങിയത്. പരിസ്ഥിതി ദുര്‍ബല പ്രദേശസംരക്ഷണ നിയമത്തില്‍ നിന്ന് എസ്റ്റേറ്റ് ഭൂമി വനം കസ്റ്റോഡിയന്‍ ഒഴിവാക്കിയതിനാലാണ് ഭൂമി ഐ.എസ്.ആര്‍.ഒ.ക്ക് വില്‍ക്കാന്‍ പ്രസ്തുത സ്ഥാപനത്തിന് കഴിഞ്ഞത്. ഈ നടപടി റദ്ദാക്കാനാണ് ഫ്രണ്ട് ഓഫ് എന്‍വയണ്‍മെന്റ് ഹൈക്കോടതിയില്‍ കേസ് കൊടുത്തത്.

ഭൂമി കിട്ടിയില്ലെങ്കില്‍ തങ്ങള്‍ക്ക് 3.26 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു. ഭൂമി കിട്ടാതെ വന്നാല്‍ പകരം ഭൂമി നല്‍കാമെന്ന് സേവി മനോ മാത്യു ഐ.എസ്.ആര്‍.ഒ.ക്ക് ഭൂമി കരാറില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംഘടന ആഭ്യന്തരവകുപ്പിനെ അറിയിച്ചു കഴിഞ്ഞു. അതിനാല്‍ 3.26 കോടി നഷ്ടമുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നതില്‍ കഴമ്പില്ലെന്ന് സംഘടന പറഞ്ഞു. മാത്രമല്ല നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി എസ്റ്റേറ്റ് ഉടമയ്ക്ക് നിയമവിരുദ്ധമായിട്ടാണ് കസ്റ്റോഡിയന്‍ വിട്ടുകൊടുത്തതെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി ഐ.എസ്.ആര്‍.ഒ. നിയമവിരുദ്ധ നടപടികളിലൂടെ കൈവശം എടുത്തതിനെക്കുറിച്ചും സി.ബി.ഐ. അന്വേഷണം സംഘടന ആവശ്യപ്പെട്ടു.

ഭൂമി കിട്ടാന്‍ അര്‍ഹതയില്ലാത്ത വ്യക്തിയാണ് മനോ മാത്യുവെന്നും കസ്റ്റോഡിയന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചതും ഗൌരവമായി കാണേണ്ടതുണ്ടെന്ന് അഡ്വ. ബിനു പറഞ്ഞു. അതുകൊണ്ട് തന്നെ അര്‍ഹതയില്ലാത്ത ഭൂമി മനോമാത്യുവിന്റെ കൈയില്‍ എങ്ങനെ വന്നുവെന്നും അത് ഐ.എസ്.ആര്‍.ഒ.ക്ക് എങ്ങനെ ആധാരത്തിലൂടെ കൈമാറിയെന്നും സി.ബി.ഐ. അന്വേഷിക്കേണ്ടതാണ്.

ഐ.എസ്.ആര്‍.ഒ.യുടെ ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് ഭൂമി വാങ്ങാന്‍ അനുമതി നല്‍കിയത്. ഇതും നിരവധി സംശയങ്ങളുയര്‍ത്തുന്നു.

കുപ്പിവെള്ളത്തിന്റെ സാമ്പത്തിക ശാസ്ത്രം
ദാഹം തീര്‍ക്കാന്‍ കുപ്പിവെള്ളം വാങ്ങുന്ന നിങ്ങള്‍ അതിന്റെ വിലയെക്കുറിച്ച് ചിന്തിക്കണം. 15 രൂപയെങ്കിലും കൊടുക്കാതെ നിങ്ങള്‍ക്ക് ഒരു ലിറ്റര്‍ വെള്ളം ലഭിക്കില്ല. ഈ വില ഒരു ലിറ്റര്‍ പൈപ്പ് വെള്ളത്തിന്റെ വിലയുടെ 4200 ഇരട്ടിയാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?

കുപ്പിവെള്ളത്തിന്റെ സാമ്പത്തികശാസ്ത്രം എന്നെ എന്നും സംഭ്രമിപ്പിക്കാറുണ്ട്. കുപ്പിവെള്ള വ്യാപാരം കൂടുതല്‍ തന്ത്രങ്ങളുള്ള മേഖലയായിരിക്കുന്നു. കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്ന ഡല്‍ഹിയിലെ ഇടത്തരക്കാര്‍ തന്നെ ഡല്‍ഹി ജലഭവന്‍ പൈപ്പ് വെള്ളത്തിന്റെ വില ചെറുതായി കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ സമരത്തിനിറങ്ങിയത് ഓര്‍ക്കണം. മൂന്നു ലിറ്റര്‍ പൈപ്പ് വെള്ളത്തിന് ഒരു പൈസയാണ് നല്‍കുന്നത്. ഇതുതന്നെ കൂടുതലാണെന്നാണ് സാധാരണക്കാര്‍ ചിന്തിക്കുന്നത്.

വീട്ടിലായിരിക്കുമ്പോള്‍ വെള്ളം സൌജന്യമായി ലഭിച്ചാല്‍ അത്രയും നന്ന് എന്നാണ് ജനങ്ങള്‍ കരുതുന്നത്. അതവരുടെ മൌലിക അവകാശമാണെന്നും വെള്ളത്തിന്റെ വിലകൂട്ടുന്നത് കടന്ന കൈയാണെന്നും അവര്‍ വിശ്വസിക്കുന്നു. പക്ഷേ, വീടിന് പുറത്തിറങ്ങിയാല്‍ ഇത്തരമൊരു മനുഷ്യാവകാശ ലംഘനമൊന്നും അവര്‍ കണക്കാക്കാറില്ല. ദാഹം തീര്‍ക്കുക എന്നതാണ് അവരുടെ മുഖ്യപ്രശ്നം. അതിന് ഒരു കുപ്പി വെള്ളത്തിന് എന്തുവിലയും നല്‍കും. വലിയ റെസ്റ്റോറന്റുകളിലാണെങ്കില്‍ കൂടുതല്‍ വിലനല്‍കാനും തയ്യാര്‍. മറുചോദ്യവും എതിര്‍പ്പുമില്ല. കുപ്പിവെള്ളത്തിന്റെ വിലയെക്കുറിച്ച് ആരെങ്കിലും പരിഭവപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല.

ലോകത്ത് കുപ്പിവെള്ള വ്യാപാരം കുതിച്ചുകൊണ്ടിരിക്കുകയാണ്. 2004 _ല്‍ 15,400_കോടി ലിറ്റര്‍ വെള്ളമാണ് ലോകത്തൊട്ടാകെ കുടിച്ചു തീര്‍ത്തത്. ഇതില്‍ 510 കോടിലിറ്ററാണ് ഇന്ത്യയുടെ സംഭാവന. ഡല്‍ഹിക്കടുത്ത വ്യവസായ നഗരങ്ങളായ നോയ്ഡയിലും ഗാസിയാബാദിലും ദിവസം 75,000 ലിറ്റര്‍ വെള്ളമാണ് വില്‍ക്കുന്നത്. കുപ്പിവെള്ളം വില്പന ഇന്ന് ഏറ്റവും വലിയ വ്യവസായമായിരിക്കുന്നു. 1000 ലിറ്റര്‍ വെള്ളം കുഴിച്ചെടുക്കുന്നതിന് കുപ്പിവെള്ള കമ്പനികള്‍ സര്‍ക്കാരിന് വെറും 30 പൈസയാണ് നികുതിയിനത്തില്‍ നല്‍കുന്നത്.

ഇന്ത്യയില്‍ കുപ്പിവെള്ള വ്യാപാരം വന്‍തോതില്‍ വളരുന്നുണ്ട്. വര്‍ഷം 40 ശതമാനം വളര്‍ച്ച. 1800 കോടിയുടെ വ്യവസായമാണ് ഇന്ന് നടക്കുന്നത്. രാജ്യത്തൊട്ടാകെ 1200 ഓളം കുപ്പിവെള്ള കമ്പനികള്‍ സജീവമായുണ്ട്. ഇതുമൂലം 1999_നും 2004 നും ഇടയില്‍ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ കുപ്പിവെള്ള ഉപയോഗം അഞ്ചിരട്ടിയാണ് വര്‍ധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കുപ്പിവെള്ളം വിറ്റഴിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഇന്ത്യയും സ്ഥാനം നേടിയിരിക്കുന്നു.

പൈപ്പ് വെള്ളത്തിന്റെ ഗുണമേന്മയെ കുറിച്ചും സുരക്ഷയെ കുറിച്ചും ആക്ഷേപങ്ങളുണ്ടെന്നത് ശരിതന്നെ. എന്നാല്‍ നഗരസഭകള്‍ക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള വിഭവങ്ങള്‍ കുറവാണെന്നതാണ് വസ്തുത. പൈപ്പ് വെള്ളത്തിന്റെ ഗുണമേന്മ ഫില്‍ട്ടര്‍ ചെയ്ത കുപ്പിവെള്ളത്തിന്റേതിന് തുല്യമാക്കിയാല്‍ തീര്‍ച്ചയായും ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടിവരും. മൂന്നുലിറ്റര്‍ വെള്ളത്തിന് വിലയായി ഒരു പൈസ മാത്രം നല്‍കുന്ന നമുക്ക് അതിന്റെ ഗുണമേന്മയെ കുറിച്ച് പരാതി പറയാനും കഴിയില്ല. കുടിവെള്ളവിതരണം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിന് പകരം അവയുടെ ഗുണമേന്മയും വിതരണവും കാര്യക്ഷമമാക്കാനാണ് ശ്രമം വേണ്ടത്.

15 രൂപ നല്‍കി വാങ്ങുന്ന ഒരുലിറ്റര്‍ കുപ്പിവെള്ളം ശുദ്ധവും ഗുണമേന്മ ഉള്ളതുമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇക്കാര്യം ഉറപ്പുവരുത്താന്‍ സമയമായിരിക്കുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ.) കടുത്ത മാര്‍ഗനിര്‍ദേശങ്ങളുള്ള അമേരിക്കയില്‍ പോലും കുപ്പിവെള്ളത്തില്‍ 40 ശതമാനവും പൈപ്പ് വെള്ളം വെറുതെ കുപ്പിയിലാക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 2000 കമ്പനികളാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ ഐ.എസ്.ഐ. സര്‍ട്ടിഫിക്കറ്റിന് കാത്തിരിക്കുന്നത്. നിര്‍ദിഷ്ട ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് രാജ്യത്ത് കുപ്പിവെള്ളം വില്‍ക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കുപ്പിവെള്ള വ്യാപാരത്തിന് ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല. ഇന്ത്യയിലാവട്ടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന് കുപ്പിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സാങ്കേതികവിദ്യയുമില്ല. അമേരിക്കയിലായാലും ഇന്ത്യയിലായാലും ഗുണമേന്മയുടെയും പരിശുദ്ധതയുടെയും പേരുപറഞ്ഞ് വെള്ളം വാങ്ങിക്കുന്നത് നിങ്ങളുടെ സ്വന്തം വിശ്വാസമനുസരിച്ചാവണമെന്നു മാത്രം.

വെള്ളം ഏറ്റവും വലിയ രാഷ്ട്രീയപ്രശ്നമാവുകയും അടുത്ത ലോകയുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന വിശകലനം പുറത്തുവരികയും ചെയ്തിട്ടും കുപ്പിവെള്ളവ്യാപാരത്തില്‍ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കാന്‍ അഞ്ചു ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. അതായത്, 2004_ല്‍ മാത്രം 15,400 കോടി ലിറ്റര്‍ കുപ്പിവെള്ളത്തിനുവേണ്ടി 77,000 കോടി ലിറ്റര്‍ വെള്ളമാണ് പാഴാക്കിയിരിക്കുന്നത്.

2004_ല്‍ ഇന്ത്യയില്‍ ഇതേ രീതിയില്‍ 255 കോടി ലിറ്റര്‍ വെള്ളമാണ് പാഴാക്കിക്കളഞ്ഞത്. അമിതമായുള്ള ഭൂഗര്‍ഭജലമെടുപ്പ് പലയിടത്തും ജലനിരപ്പ് താഴാനിടയാക്കി, 95_ല്‍ ചെന്നൈയുടെ വടക്കുള്ള മാഥൂര്‍ ഗ്രാമത്തില്‍ ഗ്രാമീണര്‍ ഭൂഗര്‍ഭ ജലമെടുപ്പിനെതിരെ ഒട്ടേറെ കമ്പനികളെ കോടതികയറ്റി.

ഭൂഗര്‍ഭ ജലചൂഷണത്തിനെതിരെ കേരളത്തിലെ പ്ലാച്ചിമടയില്‍ ജനങ്ങള്‍ നടത്തുന്ന അനിശ്ചിതകാലസമരത്തില്‍ ആവേശംകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ കുപ്പിവെള്ളക്കമ്പനികള്‍ക്കെതിരെ സമരത്തിനിറങ്ങി. ഇന്ന് ഭൂഗര്‍ഭജലചൂഷണം ഏതുസമയവും പൊട്ടിത്തെറിക്കാവുന്ന വിഷയമായി മാറിയിരിക്കുന്നു.

ജലചൂഷണംമൂലം പ്രകൃതിദത്തമായ നീരുറവകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഗൌനിക്കാതെ ഇപ്പോള്‍ ചില കമ്പനികള്‍ അമേരിക്കയിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യാനാണൊരുങ്ങുന്നത്. രാജ്യം ജലക്ഷാമം നേരിടുന്ന ഘട്ടത്തില്‍ വെള്ളം കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത് ഒരു കുറ്റമാണെന്നു മനസ്സിലാക്കണം.

കുപ്പിവെള്ളവ്യാപാരം ഭൂഗര്‍ഭജലത്തിനു മാത്രമല്ല ദോഷം സൃഷ്ടിക്കുന്നത്. പാരിസ്ഥിതിക നഷ്ടവും വരുത്തുന്നുണ്ട്. കാലിഫോര്‍ണിയയിലെ പെസഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം വെള്ളം കുപ്പിയിലാക്കാനുള്ള പ്ലാസ്റ്റിക് സംസ്കരണത്തിന് വലിയ തോതില്‍ ഊര്‍ജനഷ്ടവും സംഭവിക്കുന്നുണ്ട്. 2004_ല്‍ അമേരിക്കയില്‍മാത്രം പ്ലാസ്റ്റിക് കുപ്പികളുണ്ടാക്കാനും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും രണ്ടു കോടി വീപ്പ എണ്ണയാണ് ചെലവായത്. പ്ലാസ്റ്റിക് കുപ്പികള്‍ മണ്ണില്‍ നിക്ഷേപിക്കുന്നതുമൂലം ഭൂഗര്‍ഭജലം മലിനപ്പെടുത്തുന്നതിനു പുറമെ ആഗോളതാപനത്തിനും കാരണമാകുന്നു.

കുപ്പിവെള്ളവ്യവസായം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കിവരുന്നുണ്ട്. ഭീഷണിക്കെതിരെ ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നു. അമേരിക്കയില്‍ ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും ശുദ്ധീകരിച്ച വെള്ളം മാത്രമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഇതിന് അവര്‍ നിഷ്കര്‍ഷ പുലര്‍ത്തുന്നുണ്ട്. ചിലര്‍ വിഭവങ്ങളുടെ പട്ടികയില്‍നിന്ന് കുപ്പിവെള്ളത്തിന്റെ പേരുതന്നെ എടുത്തുകളഞ്ഞു. മിന്നസോട്ട, സാള്‍ട്ട്ലേക്ക് സിറ്റി എന്നിവിടങ്ങളിലെ റസ്റ്റോറന്റുകളാണ് ഇക്കാര്യത്തില്‍ ജാഗ്രതയോടെ മുന്നിലുള്ളത്. ഇന്ത്യയിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും മുന്തിയ റസ്റ്റോറന്റുകളിലും ഈ മാതൃക പിന്‍തുടരാന്‍ സമയമായിരിക്കുന്നു.

നഗരഭരണാധികാരികളും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അടുത്തിടെ സാന്‍ഫ്രാന്‍സിസ്കോയില്‍ മേയര്‍ ഗാവിന്‍ന്യൂസോം ജൂലായില്‍ പ്രത്യേക ഉത്തരവിലൂടെ നഗരഫണ്ട് ഉപയോഗിച്ച് വെള്ളം കുപ്പിയിലാക്കുന്നത് നിരോധിച്ചിരുന്നു. പൈപ്പ്വെള്ളം ആവശ്യത്തിന് ലഭ്യമായിട്ടും വലിയതോതില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നതും മേയര്‍ നിരോധിച്ചു.

മേയറുടെ വാദമിതാണ്: ഒരു ലിറ്റര്‍ കുപ്പിവെള്ളം വാങ്ങുന്ന പണംകൊണ്ട് നഗരവാസികള്‍ക്ക് 1000 ലിറ്റര്‍ പൈപ്പ് വെള്ളം വാങ്ങാന്‍ കഴിയും. ഗാവിന്‍ന്യൂസോവിന് പിന്തുണ പ്രഖ്യാപിച്ച് സാള്‍ട്ട്ലേക്ക് സിറ്റി മേയറും സമാനരീതിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സമാനരീതിയിലുള്ള ശ്രമങ്ങള്‍ ഇന്ത്യയിലും നടപ്പാക്കാന്‍ സമയമായില്ലെന്നുണ്ടോ?
കടപ്പാട്‌: മാതൃഭൂമി

കേരളത്തില്‍ ഇനി കൂകിപ്പാഞ്ഞു വരുന്നു, ബ്രാന്‍ഡഡ് തീവണ്ടി
കോട്ടയം: ‘എറണാകുളത്തു നിന്നു ബാംഗൂരിലേക്കുള്ള കെല്‍ട്രോണ്‍ സൂപ്പര്‍ഫാസ്റ്റ് ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക് ഉടന്‍ എത്തിച്ചേരും” – ഇങ്ങനെ ഒരറിയിപ്പ് കേരളത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ വരും നാളുകളില്‍ കേട്ടാല്‍ അത്ഭുതപ്പെടരുത്. കെല്‍ട്രോണിന്റെ സ്ഥാനത്ത് ഒൌഷധി എക്സ്പ്രസോ, ഖാദി ബോര്‍ഡ് മെയിലോ, കേരള സംസ്ഥാന കോ ഒാപറേറ്റീവ് തീവണ്ടിയോ എന്തുമാകാം. കാരണം, കേരളത്തിലും വരികയാണ് ബ്രാന്‍ഡഡ് തീവണ്ടികള്‍.

ലേലത്തില്‍ പിടിക്കുന്ന ട്രെയിന്‍ സ്വന്തം പേരില്‍ ഒാടിക്കാന്‍ കമ്പനികള്‍ക്കു അവസരം നല്‍കുന്നതാണ് പുതിയ സംരംഭം. ട്രെയിന്‍ സര്‍വീസുകളില്‍ നിന്നു പരമാവധി ലാഭം കൊയ്യാനുള്ള റയില്‍വേ ബോര്‍ഡ് നീക്കമാണ് ഇൌ ആശയത്തിനു പിന്നില്‍. സെപ്റ്റംമ്പറില്‍ ഒാടിത്തുടങ്ങിയ എറണാകുളം – ബാംഗൂര്‍ – എറണാകുളം വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായിരിക്കും കേരളത്തിലെ ആദ്യത്തെ ബ്രാന്‍ഡഡ് തീവണ്ടി. ഇൌ ട്രെയിന്‍ ലേലത്തിലെടുക്കാന്‍ റയില്‍വേ, കമ്പനികളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. 2008 ഫെബ്രുവരി വരെ ഒാടുന്ന സ്പെഷ്യല്‍ ട്രെയിനാണിത്. ആദ്യ ബ്രാന്‍ഡഡ് ട്രെയിന്‍ വിജയിച്ചാല്‍ എല്ലാ സ്പെഷ്യല്‍ ട്രെയിനുകളും ഇത്തരത്തില്‍ ലേലം ചെയ്തു നല്‍കാനാണ് റയില്‍വേ തീരുമാനം.

ബ്രാന്‍ഡിങ് ഏറ്റെടുക്കുന്ന കമ്പനിക്ക് റിസര്‍വേഷന്‍ ടിക്കറ്റ് മുതല്‍ വണ്ടിയുടെ പേരു വരെ എല്ലാ മേഖലകളിലും സ്വന്തം പരസ്യം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഉദാഹരണത്തിന് കേരളത്തിലെ ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷനാണ് ലേലത്തില്‍ വിജയിക്കുന്നതെങ്കില്‍ ‘കെടിഡിസി എറണാകുളം – ബാംഗൂര്‍ സൂപ്പര്‍ ഫാസ്റ്റ്” എന്നു ട്രെയിന്‍ അറിയപ്പെടും. ഗതാഗതവകുപ്പിനു വണ്ടി കിട്ടിയാല്‍ ‘കെഎസ്ആര്‍ടിസി ബാംഗൂര്‍ – എറണാകുളം സുപ്പര്‍ ഫാസ്റ്റ് ട്രെയിന്‍” എന്നു തീവണ്ടിക്കു പേരു വരും!

കോച്ചുകളുടെ ഇരുവശങ്ങളിലും കമ്പനിയുടെ ലോഗോയും സന്ദേശവും അടങ്ങുന്ന കോച്ച് ഇന്‍ഡിക്കേഷന്‍ സ്ളിപ്പുകള്‍ പ്രദര്‍ശിപ്പിക്കാം. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളിലും ഇതേ തരത്തില്‍ പരസ്യമാകാം. റിസര്‍വേഷന്‍ ചാര്‍ട്ടുകളിലും പരസ്യത്തിന് അവസരമുണ്ട്. ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ ട്രെയിനിന്റെ പേരു പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡിലും ബ്രാന്‍ഡ് നെയിമും ലോഗോയും ചേര്‍ക്കാം.

ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും വരുമ്പോഴും പുറപ്പെടുമ്പോഴുമുള്ള അനൌണ്‍സ്മെന്റുകളിലും ബ്രാന്‍ഡ് നെയിമടക്കമായിരിക്കും പേരു പറയുക. ഇതിനു പുറമെ എസി കോച്ചുകളില്‍ ബെഡ് റോളില്‍ വരെ പരസ്യം ചെയ്യാനും അവസരമുണ്ടാകും. ട്രെയിനിന്റെ എല്ലാ കോച്ചുകളിലും കമ്പനിയുടെ ബ്രോഷറുകള്‍ വിതരണം ചെയ്യുകയുമാകാം.

പ്രത്യേക സീസണുകളില്‍ ഒാടിക്കുന്ന സ്പെഷ്യല്‍ ട്രെയിനുകളില്‍ പരസ്യങ്ങള്‍ മാത്രം അനുവദിക്കാനായിരുന്നു ആദ്യം റയില്‍വേ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ നിന്നു പ്രതീക്ഷിച്ചത്ര വരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബ്രാന്‍ഡഡ് ട്രെയിന്‍ എന്ന ആശയം കൊണ്ടു വന്നത്.

ഇതോടെ, റയില്‍വേയുമായി കരാറിലേര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് കോച്ചുകള്‍ വിട്ടുകൊടുക്കും. അതില്‍ പരസ്യങ്ങളും മറ്റും സ്ഥാപനങ്ങള്‍ക്കു പ്രദര്‍ശിപ്പിക്കാം. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ പഴയ മട്ടില്‍ കോച്ചുകള്‍ തിരികെ റയില്‍വേക്കു നല്‍കണം. ആദ്യത്തെ ആറു മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ബ്രാന്‍ഡഡ് ട്രെയിനുകള്‍ അനുവദിക്കുന്നത്. വിജയമെന്നു കണ്ടാല്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കും.

ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ട്രെയിന്‍ ബാംഗൂര്‍ – നാഗര്‍കോവില്‍ എക്സ്പ്രസാണ്. ഇൌ വര്‍ഷം ഏപ്രില്‍ മുതല്‍ സര്‍വീസ് നടത്തുന്ന വണ്ടിയുടെ പേര് കുര്‍കുറേ എക്സ്പ്രസ്! ട്രെയിന്‍ ആദ്യ യാത്ര പുറപ്പെട്ടപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും കിട്ടിയത് ഒാരോ പായ്ക്കറ്റ് കുര്‍കുറെ ചിപ്സ് ആയിരുന്നു.
പെപ്സിയുടേതാണ് കുര്‍കുറെ ബ്രാന്‍ഡ്. എയര്‍ടെല്‍, ടാറ്റാ ടെലി, സോണി എറിക്സണ്‍ തുടങ്ങിയ കമ്പനികളായിരുന്നു ബാംഗൂരില്‍ നിന്നുള്ള ട്രെയിന്‍ ‘പിടിക്കാന്‍” രംഗത്തുണ്ടായിരുന്നത്.
കടപ്പാട്‌: മനോരമ

ഐ.ടി. ഉദ്യാനങ്ങളില്‍ സങ്കടങ്ങളുടെ പൂക്കാലം

ഏറെ പ്രായമൊന്നുമായിരുന്നില്ല നിധീഷിന്, ജീവിതത്തിന്റെ നിറപ്പകിട്ടുകളിലേക്കു പ്രവേശിക്കുന്ന കാലം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒന്നാം നിര കമ്പനികളിലൊന്നില്‍ സോഫ്റ്റ്വേര്‍ ഡെവലപ്പര്‍. ആരും മറിച്ചൊന്നും പറയാത്ത പ്രകൃതം.

രാവേറെയായാലും ഒരെതിര്‍പ്പുമില്ലാതെ പ്രൊജക്ടുകള്‍ തീര്‍ക്കാന്‍ കാത്തിരിക്കും. പതിവായി ഓഫീസില്‍നിന്ന് ഇറങ്ങിയിരുന്നതു പാതിരാവു, കഴിയുമ്പോള്‍. കൂട്ടത്തിലെ മിടുക്കരില്‍ ഒരാള്‍. മണിക്കൂറുകള്‍ നീളുന്ന ജോലി പതിവുമാത്രം.
എന്നത്തെയും പോലെ അന്നും. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഓഫീസില്‍നിന്ന് ഇറങ്ങാനായത്. ബൈക്കില്‍ വീട്ടിലെത്തിയ നിധീഷിന് അമ്മ വാതില്‍തുറന്നുകൊടുത്തു. പതിവുപോലെ ഉറങ്ങാന്‍ കിടന്ന നീധിഷിനെ മരിച്ചനിലയിലാണു രാവിലെ കണ്ടത്.

തലേന്നു ജോലികഴിഞ്ഞു ചിരിച്ചു യാത്രപറഞ്ഞ നിധീഷ് ഇനി മടങ്ങിവരില്ലെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ടെക്നോപാര്‍ക്ക് ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. കുറേപ്പേരുടെ സഹതാപമേറ്റുവാങ്ങി നിധീഷിന്റെ ഓര്‍മകള്‍ക്ക് ഇന്നും കണ്ണീര്‍നനവ്.

രണ്ടു വര്‍ഷം മുമ്പായിരുന്നു സംഭവം. ഒറ്റപ്പെട്ട സംഭവമെന്ന് അന്നു പലരും പറഞ്ഞു. പലപ്പോഴും നീധീഷ് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുന്ന്െ സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്തു. ജീവനൊടുക്കിയതാണോ എന്നു പലരും സംശയിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തായി. ഹൃദയാഘാതം.

ഐ.ടി. പാര്‍ക്കുകളിലെ ചെറുപ്രായത്തിലുള്ളവരില്‍ ഹൃദയാഘാതവും ബ്രെയിന്‍ ഹെമറേജും മൂലമുള്ള മരണങ്ങളേറുകയായിരുന്നു പിന്നീട്.

രണ്ടര വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം, ബ്രെയിന്‍ ഹെമറേജ് എന്നീ കാരണങ്ങളാല്‍ തിരുവനന്തപുരത്തു മരിച്ച ഐടി വിദഗ്ധരുടെ എണ്ണം 14.

രണ്ടുപേര്‍ വിദേശികള്‍. രണ്ടുപേര്‍ ജീവനൊടുക്കി. ഇവരില്‍ ഏഴു മരണവും മൂന്നുമാസത്തിനുള്ളില്‍. മാനസിക സമ്മര്‍ദവും രോഗങ്ങളുമായി തൊഴിലുപേക്ഷിച്ചവര്‍ ഏറെ. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാനാവാതെ വിവാഹമോചനം നേടിയവരുടെ എണ്ണവും കുറവല്ല.

ടെക്നോപാര്‍ക്കിനു വളര്‍ച്ചയുണ്ടായി. കേരളത്തിലെ ഐ.ടി. വ്യവസായത്തിന്റെ തലസ്ഥാനമായി. വിവരസാങ്കേതിക രംഗം വളരുന്നതിന്റെ വേഗം ടെക്നോപാര്‍ക്കും പകര്‍ത്തി. ദിവസം തോറും പുതിയ കമ്പനികളെത്തി. പുതിയ ജോലിക്കാരും. തിരുവനന്തപുരത്തെ കഴക്കൂട്ടം ടെക്കി(ഐ.ടി/ബി.പി.ഒ. മേഖലയില്‍ ജോലിചെയ്യുന്നവര്‍ പൊതുവായി അറിയപ്പെടുന്നതിങ്ങനെതാണ്)കളുടെ സിരാകേന്ദ്രമായി.

ആരേയും മോഹിപ്പിക്കുന്ന ശമ്പളക്കണക്കു നിരത്തുന്ന, ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന ടെക്കികളുടെ ഇടയില്‍ പെരുകുന്നത് സങ്കടങ്ങളുടെ നൂറുനൂറു കഥകളാണ്. മണിക്കൂറുകള്‍ക്കു വിലയിട്ടുള്ള ജോലിയില്‍ മനസു തുറന്നു ചിരിക്കാനെങ്കിലും ഒന്നു സാധിച്ചിരുന്നെങ്കില്‍ എന്നു പലരും ആഗ്രഹിച്ചുപോകുന്നു. പലരുടേയും നിത്യജീവിതത്തിനു കൂട്ടായെത്തിയതു വിവിധ രോഗങ്ങളും.

തലവേദനയും നടുവേദനയും ടെക്കികളുടെ ഇടയില്‍ പുതുമയല്ല. മാനസികസമ്മര്‍ദവും ഹൃദ്രോഗവുമുള്ളവരാണെങ്കില്‍ ഏറെ. ഇതൊക്കെയും പറയുന്നതു മുപ്പതുവയസുപോലും എത്തിയിട്ടില്ലാത്തവരാണെന്നോര്‍ക്കണം. വേദനാസംഹാരികളോടൊത്താണു പലരുടേയും ജീവിതം.

ടെക്നോപാര്‍ക്കിനു മാത്രമല്ല. ഇന്ത്യയിലെ ഐ.ടി. നഗരങ്ങള്‍ക്കെല്ലാം പറയാനുണ്ട് വേദന നിറഞ്ഞ കഥകളേറെ. മോഹിപ്പിക്കുന്ന ശമ്പളക്കണക്കുകള്‍ നിരത്തുമ്പോഴും ഇവരില്‍ വലിയൊരു ഭാഗവും പങ്കുവയ്ക്കുന്ന കാര്യങ്ങളെ സ്വകാര്യ സങ്കടങ്ങള്‍ എന്നു പറഞ്ഞു തള്ളാനാവില്ല.

*

ഹരിയുടെ വീട് കൊല്ലത്ത്. വീട്ടില്‍ പോയിട്ടു വര്‍ഷം ഒന്നാകുന്നു. എപ്പോഴും കംപ്യൂട്ടറിനൊപ്പം. കുടുംബം തകര്‍ന്നു. ഭാര്യ മറ്റെരാളുടെ കൂടെ പോയി. ഹരിയെ കണ്ടുമുട്ടിയതു തിരുവനന്തപുരത്തുവച്ച്. ടെക്നോപാര്‍ക്കിലെ ചിലര്‍ പറഞ്ഞപ്രകാമായിരുന്നു ഹരിക്കുവേണ്ടിയുള്ള അന്വേഷണം. അടുത്ത കാലം വരെ ഒന്നിലേറെ കമ്പനികള്‍ക്കു വേണ്ടി ഒരേസമയം ജോലിചെയ്തിരുന്നു. ഇപ്പോള്‍ കാഴ്ചയില്‍തന്നെ മാനസികരോഗി. പഠിപ്പില്‍ അത്ര മിടുക്കനായിരുന്നില്ല ഹരി. കൂട്ടിനു ശരീരത്തില്‍ വെള്ളപ്പാണ്ടും. അന്നുതുടങ്ങി എല്ലാവരില്‍നിന്നും അകല്‍ച്ച. സ്കൂളിലും കോളജിലും കൂട്ടുകാര്‍ ഹരിയെ അകറ്റിനിര്‍ത്തി. കടുത്ത ഒറ്റപ്പെടലില്‍നിന്നു മകനു മോചനം നല്‍കാനാണു അച്ഛനും അമ്മയും കംപ്യൂട്ടര്‍ വാങ്ങിക്കൊടുത്തത്. അങ്ങനെ ഹരി വിശാലമായ സൈബര്‍ സ്പേസിലേക്കു പ്രവേശിച്ചു. കംപ്യൂട്ടര്‍ കളിക്കൂട്ടുകാരനായി.

പക്ഷേ, ബി.ടെക്കിനു തോറ്റു. കംപ്യൂട്ടറിനെ മെരുക്കുന്നതില്‍ ഹരി മുന്നില്‍നിന്നു. സര്‍ട്ടിഫിക്കറ്റില്ലെങ്കിലും ജോലികള്‍ ലഭിച്ചു. രാത്രിയും പകലുമില്ലാതെ ഹരി കംപ്യൂട്ടറിനു മുന്നിലിരുന്നു. ടീമായി ചെയ്യേണ്ട ജോലികള്‍ തീര്‍ക്കാന്‍ പോലും കൂട്ടുവേണ്ടായിരുന്നു. തീര്‍ക്കാന്‍ കുറേ ജോലികളും.

ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി നോക്കി. ബാക്കി സമയം വീട്ടിലിരുന്നും ഡെഡ്ലൈന്‍ മീറ്റ് ചെയ്യാന്‍ രാവും പകലുമില്ലാതെ ജോലിചെയ്തു. ഒടുവില്‍ മകന്റെ ജീവിതത്തിനു തിളക്കം വേണമെന്നു കരുതി ഹരിക്കു വീട്ടുകാര്‍ വിവാഹമുറപ്പിച്ചു. സുന്ദരിയായ പെണ്‍കുട്ടി. ബിരുദധാരി. നിറയെ സ്വപ്നങ്ങളുമായാണ് ആ പെണ്‍കുട്ടി ഹരിയുടെ ജീവിതത്തിലേക്കു പ്രവേശിച്ചത്.

പക്ഷേ, തിരക്കുകള്‍ക്കും ഒന്നിനു പിറകേ ഒന്നായി വരുന്ന ഡെഡ്ലൈനുകള്‍ക്കുമിടയില്‍ ഭാര്യയോടൊപ്പം ചെലവഴിക്കാന്‍ ഹരിക്കു സമയം കണ്ടെത്താനായില്ല. നിമിഷത്തിനുപോലും അത്ര കനത്ത വിലയായിരുന്നു. ഹരിയുടെ സേവനത്തിനായി കമ്പനികള്‍ കാത്തിരുന്നു. ഹരിയാകട്ടെ അതൊക്കെ സസ്നേഹം സ്വീകരിച്ചു. ചെയ്താല്‍തീരാത്ത ജോലികളുമായി മല്ലിടാന്‍ മാത്രമുള്ള സമയത്തിനിടയില്‍ കുടുംബത്തില്‍ അപസ്വരങ്ങള്‍ തലപൊക്കി. ഭാര്യയും ഹരിയും വഴക്കിട്ടു. ഒന്നല്ല പലതവണ. ഇതിനിടയില്‍ ഹരി ഒരു കുട്ടിയുടെ അച്ഛനുമായി.

വീട്ടിലെ പ്രശ്നങ്ങളും ജോലി സമ്മര്‍ദവും ഹരിയെ മാനസികമായി തളര്‍ത്തുന്ന ദിവസങ്ങളായിരുന്നു പിന്നീട്. വീട്ടില്‍ പതിവായി വരാറുണ്ടായിരുന്ന ഒരാളുമായി ഭാര്യ അടുത്തത് ഹരി അറിഞ്ഞില്ല. ഭാര്യ കുട്ടിയേയും കൂട്ടി അയാളുടെ കൂടെ പോയതോടെ ഹരിയുടെ മാനസിക നില പൂര്‍ണമായും താളംതെറ്റി. അപൂര്‍വമായി മാത്രമുണ്ടായിരുന്ന സിഗരറ്റ് വലി പതിവായി. കൂട്ടിനു മദ്യവും. പണം തികയാതെയായപ്പോള്‍ ഭാര്യ വാങ്ങിയ സാരികളടക്കം വിറ്റു. പതുക്കെ പതുക്കെ മനസ് ഹരിയെ കൈവിട്ടു.

മണിക്കൂറുകള്‍ക്കാണു വിവരസാങ്കേതിക വിദ്യയുടെ ഉദ്യാനങ്ങളില്‍ വില. ജോലിയും മണിക്കൂര്‍ കണക്കില്‍. ഒരു ജോലി ചിലപ്പോള്‍ അരമണിക്കൂറിലൊതുങ്ങാം. ചിലപ്പോള്‍ ഇരുപത്തിനാലു മണിക്കൂറിലേറെ നീളാം. പരിഭവം പാടില്ല. അതാണവിടത്തെ രീതി.

സമയത്തു ജോലി തീര്‍ത്തു നല്‍കാനായില്ലെങ്കില്‍ കാത്തിരിക്കുന്നത് കനത്ത ശിക്ഷയും പിഴയും. അതിലേറെ മോഹിച്ചു നേടിയ ജോലി നഷ്ടമാകുമെന്ന ഭിതിയും. ഒരു കമ്പനിയിലെ ജോലി നഷ്ടപ്പെട്ടാല്‍ മറ്റു കമ്പനികള്‍ സ്വീകരിക്കുകയുമില്ല. ഇതൊക്കെയാണു ടെക്കികളെ സമ്മര്‍ദത്തിലാഴ്ത്തുന്നത്. സ്വന്തം ശരീരത്തിനു വിലകല്‍പിക്കാതെ ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഓരോ ടെക്കിയും മുന്നിലിരിക്കുന്ന കംപ്യൂട്ടറില്‍നിന്നു തെല്ലും വ്യത്യസ്തനാകുന്നില്ല. ഈ സമ്മര്‍ദവും അവസാനമില്ലാതെ നീളുന്ന ജോലിയും ശരീരത്തിന്റെ താളം തെറ്റിക്കുന്നു. രോഗങ്ങള്‍ ഓരോന്നായി കൂട്ടുകൂടുന്നു.

വികസനപാഠങ്ങള്‍ തെറ്റാണെന്നല്ല. വികസനത്തിലേക്കുള്ള യാത്രയിലാണു പിഴവുകളുണ്ടായത്. ഇന്ത്യയില്‍ ഏറ്റവും വിവാഹമോചനങ്ങള്‍ നടക്കുന്നത് ടെക്കികളുടെ ഇടയിലാണെന്നു പുതിയ വിവരം.

എല്ലാം സ്വകാര്യ സങ്കടങ്ങളായിരിക്കാം. പക്ഷേ പെരുകുന്ന ഐ.ടി. തൊഴിലിടങ്ങളില്‍ പൂക്കുന്നത് സങ്കടപ്പൂക്കളാണെന്നു പറയാതെ വയ്യ. ഇതിനൊക്കെ ഇടയില്‍മാനസികോല്ലാസത്തിനായി ഇവര്‍ ബാറിലും മയക്കുമരുന്നിലുമെത്തുന്നു. മറ്റൊരു തകര്‍ച്ചയിലേക്കാണെന്നറിഞ്ഞുകൊണ്ടു ആ വഴിയിലേക്ക്.

എന്തുകൊണ്ട് നമ്മുടെ ഐ.ടി. യുവത്വം രോഗങ്ങളുടെ കൂട്ടുകാരായും മനസുമരവിച്ചവരായും മാറുന്നു. കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ ഐ.ടി. നഗരങ്ങളില്‍ നിന്നെല്ലാം കേള്‍ക്കുന്നതു സമാനമായ കഥകളാണ്.

ഐ.ടി. വര്‍ക്ഫോഴ്സില്‍ നല്ലൊരുപങ്ക് മലയാളികളാണെന്നതിനാല്‍തന്നെ വിഷയം ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്താണ് ഇവര്‍ നേരിടുന്ന പ്രശ്നം. എവിടെയാണ് ഇതിന്റെ തുടക്കം. എന്തുകൊണ്ട് അതിജീവിക്കാനാവുന്നില്ല.
കടപ്പാട്‌: മംഗളം

പ്ളാസ്റ്റിക് പാല്‍ക്കുപ്പികളില്‍ വൈകല്യമുണ്ടാക്കുന്ന രാസവസ്തു
ലേഖ എസ് കുമാര്‍
തിരു: കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാന്‍ പ്ളാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, കുട്ടികള്‍ക്ക് ഞരമ്പു സംബന്ധവും പെരുമാറ്റസംബന്ധവുമായ വൈകല്യങ്ങള്‍ ഉണ്ടാകാം. പോളി കാര്‍ബണേറ്റ് പ്ളാസ്റ്റിക് കുപ്പികളില്‍ ‘ബൈസഫനോള്‍ എ’ എന്ന രാസവസ്തു ഉണ്ടെന്നാണ് അമേരിക്കന്‍ സര്‍വകലാശാലകളിലെയും വ്യവസായശാസ്ത്രജ്ഞരുടെയും ഒരു പാനല്‍ കണ്ടെത്തിയത്. ഞരമ്പുകള്‍ക്കും പെരുമാറ്റത്തിലും വൈകല്യങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുവാണിത്. നാഷണല്‍ ടോക്സികോളജി പ്രോഗ്രാം സെന്ററാണ് പഠനത്തിന് പാനലിനെ നിയോഗിച്ചത്.

ഈസ്ട്രജന്‍ എന്ന സ്ത്രൈണ ഹോര്‍മോണിനെപ്പോലെയാണ് ‘ബൈസഫനോള്‍ എ’ പ്രവര്‍ത്തിക്കുക. ഇത് ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയത്. വെള്ളക്കുപ്പികളും മൈക്രോവേവില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ലഘുപാനീയങ്ങള്‍ വില്‍ക്കുന്ന കുപ്പികളും പോളി കാര്‍ബണേറ്റ് പ്ളാസ്റ്റിക് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതില്‍ പാല്‍ ചൂടോടെ ഒഴിക്കുന്നത് കൂടുതല്‍ അപകടകരമാണ്.

പെറ്റ് ബോട്ടിലുകള്‍ മുതല്‍ പോളി വിനൈല്‍ ക്ളോറൈഡ് (പിവിസി) വരെയുള്ള പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് മൃദുത്വവും വഴക്കവും നല്‍കുന്നതിന് കൂട്ടിച്ചേര്‍ക്കുന്ന താലേറ്റുകള്‍ പ്രത്യുല്‍പ്പാദന തകരാറുകളും ഉണ്ടാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പിവിസി നിരോധിച്ചിരിക്കുകയാണ്. ഇത് ജനനസമയത്തുള്ള വൈകല്യങ്ങള്‍, ജനിതക തകരാറുകള്‍, കുടല്‍പ്പുണ്ണ്, കാഴ്ചക്കുറവ്, കടുത്ത ശ്വാസതടസ്സം തുടങ്ങിയവയുമുണ്ടാക്കുന്നു.

ചിലയിനം വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനും മൃദുവാക്കപ്പെട്ട ചെരിപ്പുകള്‍, എമള്‍ഷണ്‍ പെയിന്റ്, മഷി, കുട്ടികള്‍ക്കുള്ള തൊപ്പി, ഭക്ഷ്യവസ്തു പാക്കേജിങ്, ബ്ളഡ് ബാഗ്, ബാഗ്, കൈയുറ എന്നിവയുണ്ടാക്കാന്‍ താലേറ്റുകള്‍ ഉപയോഗിക്കുന്നു. ഇവ അന്തഃസ്രാവ ഗ്രന്ഥീവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. ആസ്ത്മ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തകരാറുകള്‍, പ്രത്യുല്‍പ്പാദന തകരാറുകള്‍ എന്നിവയുണ്ടാക്കും.

മത്സ്യം, മാംസം, വെണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനുള്ള പ്ളാസ്റ്റിക്കാണ് പോളിസ്റ്റൈറീന്‍ (സ്റ്റൈറോഫോം). കട്ടിയുള്ള പ്ളാസ്റ്റിക് പ്ളേറ്റുകള്‍, ബേക്കറികളിലുപയോഗിക്കുന്ന കണ്ടെയ്നറുകള്‍ തുടങ്ങിയവയും ഇതുകൊണ്ടാണ് നിര്‍മിക്കുന്നത്. ഭക്ഷണത്തിലെത്തുന്ന രാസവസ്തുക്കള്‍ ശരീരത്തിലെ കൊഴുപ്പില്‍ ശേഖരിക്കപ്പെടുന്നതിന്റെ ഫലമായി വിവിധതരം ക്യാന്‍സറുകള്‍ ഉണ്ടാകാം.

പ്ളാസ്റ്റിക് ബോര്‍ഡ്, പ്ളൈവുഡ്, ബില്‍ഡിങ് ഇന്‍സുലേഷന്‍ എന്നിവയില്‍ ഉപയോഗിക്കുന്ന യൂറിയ ഫോര്‍മാല്‍ഡിഹൈഡ് ക്യാന്‍സറുണ്ടാക്കുന്നതായി കരുതുന്നു. ഫോര്‍മാല്‍ഡിഹൈഡ് ശ്വസിച്ചാല്‍ ചുമ, തൊണ്ടവീക്കം, ശ്വസനതടസ്സം, തലവേദന, ത്വഗ് രോഗങ്ങള്‍ എന്നിവയുമുണ്ടാകും.

പോളി എത്തിലീന്‍ ടെറഫ്താലേറ്റ് (പെറ്റ്) പ്ളാസ്റ്റിക് ആണ് മിനറല്‍ വാട്ടര്‍, ഭക്ഷ്യ എണ്ണ, സോഡ എന്നിവയ്ക്കുള്ള കുപ്പികള്‍ നിര്‍മിക്കാനുപയോഗിക്കുന്നത്. ഇതും ക്യാന്‍സര്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കടപ്പാട്‌: ദേശാഭിമാനി

കുറ്റപത്രങ്ങള്‍ ഇനി സൈബര്‍ നെറ്റ് വര്‍ക്കില്‍
കൊല്ലം: പോലീസ് സ്റ്റേഷനുകളുടെ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാകുന്നതോടെ കുറ്റപത്രങ്ങളും പ്രഥമ വിവര റിപ്പോര്‍ട്ടുകളും സൈബര്‍ മാധ്യമത്തിലേക്ക് മാറും. പോലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുന്ന കോമണ്‍ ഇന്റ്ഗ്രേറ്റഡ് പോലീസ് ആപ്ളിക്കേഷനാണ് പൂര്‍ത്തിയാകുന്നത്. എഫ്.ഐ.ആര്‍ തയ്യാറാക്കിയ ശേഷം പ്രതികളെ രക്ഷിക്കാനും മറ്റുംവേണ്ടി ചെയ്യാറുളള തിരുത്തലുകള്‍ ഇതിലൂടെ ഒഴിവാക്കാനാകും.

പോലീസ് സ്റ്റേഷനുകളുടെ ആധുനീകരണമാണ് കമ്പ്യൂട്ടര്‍വത്കരണത്തിലൂടെ അധികൃതര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് . സ്റ്റേഷനിലെ ഒഴിഞ്ഞ കോണില്‍ മേശമേല്‍ കൂട്ടിവച്ചിരിക്കുന്ന ഫയലുകള്‍ക്ക് മുന്നിലിരുന്ന് എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന മധ്യവയസ്കരായ റൈട്ടര്‍മാര്‍ ഇനി പഴയകാഴ്ചയായി മാറും.സര്‍ക്കാര്‍ ഓഫീസുകളുടെ മുഖമുദ്രയായ ഫയല്‍കൂമ്പാരങ്ങള്‍ ഇവിടെയും അപ്രത്യക്ഷമാകും. കമ്പ്യൂട്ടറുകളിലായിരിക്കും കേസിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊളളിക്കുന്നത്.

എസ്.ഐ, റൈട്ടര്‍, ഫയലിംഗ് ക്ളാര്‍ക്ക്, റിസപ്ഷനിസ്റ്റ് എന്നിവരുടെ മുന്നില്‍ ഇനി കമ്പ്യൂട്ടറുകള്‍ ഉണ്ടാകും. സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികള്‍ റിസപ്ഷന്‍ കൌണ്ടറിലുളള കമ്പ്യൂട്ടറിലാണ് ആദ്യം രേഖപ്പെടുത്തുക. ഇതിലുളള വിവരങ്ങള്‍ എസ്.പി ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടറിലൂടെ പരിശോധിക്കാനാകും . എഫ്.ഐ.ആറുകള്‍ തയ്യാറാക്കി കഴിഞ്ഞാല്‍ ഇവയുടെ പകര്‍പ്പ് ജില്ലാ ആസ്ഥാനത്തെ കമ്പ്യൂട്ടറിലേക്കും എത്തും. പരാതിലഭിച്ച സമയം മുതലുളള വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതിലൂടെ അറിയാന്‍ കഴിയും. ഒരിക്കല്‍ തയ്യാറാക്കി സമര്‍പ്പിച്ച കേസ്ഷീറ്റുകളില്‍ മാറ്റം വരുത്തണമെങ്കില്‍ മേലധികാരികളുടെ സാന്നിധ്യത്തിലേ സാധിക്കുകയുളളൂ.

ജില്ലയിലെ പോലീസ് സ്റ്റേഷനുകളെ കമ്പ്യൂട്ടറുകളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത നിയന്ത്രണ സംവിധാനമാണ് സിപ. ഇതിനായി അഞ്ച് കമ്പ്യൂട്ടറുകളാണ് ഒരോ സ്റ്റേഷനുകളിലും നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറാണ് ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കേരളസ്റ്റേറ്റ് വൈഡ് ഏരിയനെറ്റ്വര്‍ക്ക് എന്ന പദ്ധതിയുടെ ഭാഗമാണ് സിപയും.

പദ്ധതിക്കാവശ്യമായ സോഫ്റ്റ്വെയര്‍ നല്‍കുന്നത് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ്. ലിനക്സിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മലയാളമാണ് ഓദ്യോഗിക ഭാഷ.

ഇതിനാവശ്യമായ പരിശീലനം പോലീസുകാര്‍ക്ക് നല്‍കി വരികയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരിശീലനാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ടാഴ്ചകള്‍ക്കുളളില്‍ പ്രാരംഭ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൊല്ലം ജില്ലയില്‍ 32 സ്റ്റേഷനുകളിലും തിരുവനന്തപുരത്ത് 53 സ്റ്റേഷനുകളിലുമാണ് കമ്പ്യൂട്ടര്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നറിയുന്നു.
കടപ്പാട്‌: ദീപിക

റോഡ്പണി മുടക്കാന്‍ ഗൂഢശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെമ്പാടും തകര്‍ന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്തു വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഒരു വിഭാഗം കരാറുകാരും ചേര്‍ന്ന് തുരങ്കം വയ്ക്കുന്നതായി ആക്ഷേപം ഉയര്‍ന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ ക്രമക്കേടിനെക്കുറിച്ച് ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗവും വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയും നടത്തുന്ന അന്വേഷണമാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്.

പൊതുമരാമത്തു വകുപ്പിലെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്താന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ എന്‍ജിനിയര്‍മാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. ചെയ്ത പണിയുടെ പ്രതിഫലം ലഭിച്ചില്ലെന്നുപറഞ്ഞ് കരാറുകാരുടെ സംഘടനയും സര്‍ക്കാരിനെതിരെ തിരിഞ്ഞു.
സര്‍ക്കാര്‍ മാറിയാലും പൊതുമരാമത്ത് വകുപ്പിനെ അദൃശ്യകരങ്ങളാല്‍ നിയന്ത്രിക്കുന്ന കരാറുകാരുടെയും എന്‍ജിനീയര്‍മാരുടെയും അവിഹിതകൂട്ടുകെട്ട് ഒരു മാറ്റവുമില്ലാതെ തുടരും. അഴിമതിയുടെ ചരിത്രം ചികയുന്നത് തടയാന്‍ ഈ കൂട്ടുകെട്ട് എന്തും ചെയ്യും.

റോഡുകള്‍ തകര്‍ന്നപ്പോള്‍ അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഫണ്ട് ലഭ്യമല്ലെന്നായിരുന്നു മുറവിളി. അറ്റകുറ്റപ്പണിക്ക് 500 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എം.എല്‍.എമാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ ലിസ്റ്റും തയ്യാറാക്കി.
എന്നിട്ടും മഴ മാറിനിന്ന ഇടവേളയില്‍ സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്തുള്ള അടിയന്തര പ്രവര്‍ത്തനം പൊതുമരാമത്തു വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ല. മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് മറയാക്കി ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു. കേരളം മഴയേ കണ്ടിട്ടില്ലെന്ന ഭാവമായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്.

റോഡെവിടെ എന്ന് ചോദിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ നിശിതവിമര്‍ശനംപോലും ഉദ്യോഗസ്ഥരില്‍ ഇളക്കം തട്ടിച്ചിട്ടില്ലെന്നുവേണം കരുതാന്‍. പേരിനു ചില റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തി. എന്നാല്‍ തകര്‍ന്നു താറുമാറായി കിടക്കുന്ന റോഡുകള്‍ക്ക് ഇനിയും ശാപമോക്ഷമായിട്ടില്ല.
ഒരു സര്‍ക്കാരിന്റെ പ്രകടമുഖമാണ് റോഡ്. അത് വിണ്ടുകീറിക്കിടന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് ഈ സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെക്കാള്‍ നന്നായറിയാവുന്നത് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ്. എത്ര പൊതുമരാമത്തു മന്ത്രിമാരുടെ പേരിനൊപ്പം റോഡിന്റെ ദുരവസ്ഥയും ചേര്‍ത്ത് ഇരട്ടപ്പേരുകള്‍ ഉണ്ടായെന്ന് നിയമസഭാ രേഖകളില്‍ കാണാനാകും.
കടപ്പാട്‌: കേരളകൗമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w