ഒക്ടോബര്‍ 2 ചൊവ്വ

കച്ചവടം കണക്കിലൊതുങ്ങി; ഇരുട്ടടി കര്‍ഷകര്‍ക്കും
കോഴിക്കോട്: അവധിവ്യാപാരമെന്നാല്‍ വ്യാപാരത്തിന് അവധിയെന്ന് പലരും കളിയായും കാര്യമായും പറയാറുണ്ട്. ഈ വാക്കുകൊണ്ട് ഇതല്ല അര്‍ഥമാക്കുന്നതെങ്കിലും ഫലത്തില്‍ ഈ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇടപാടുകള്‍ സജീവമാകുമ്പോഴും പറയത്തക്ക വ്യാപാരമൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്നതാണ് വാസ്തവം. ഉത്സവപ്പറമ്പിലും മറ്റും വട്ടമിട്ടിരുന്ന് കളിക്കുന്ന ചൂതാട്ടംപോലെ കംപ്യൂട്ടറിനുമുന്നിലും ഓണ്‍ലൈന്‍ ടെര്‍മനിലുകളിലും ഇരുന്നുള്ള ചിലരുടെ കളിമാത്രമാണ് ഇന്ന് നടക്കുന്നത്. ഇതിന്റെ ഫലമായി സെന്‍സെക്സ് സൂചികയെന്നവണ്ണം വില കയറിയിറങ്ങുമ്പോള്‍ നെഞ്ച് തകരുന്നത് യഥാര്‍ഥ കര്‍ഷകന്റെയും ഇടപാടുകാരുടെയുമാണ്.

ആവശ്യകതയും ലഭ്യതയുമാണ് വില നിയന്ത്രിക്കുന്ന മാനദണ്ഡമെന്നത് വാണിജ്യത്തിന്റെ മര്‍മപ്രധാന സൂത്രവാക്യമാണ്. എന്നാല്‍ വ്യാപാരത്തിന്റെ നവകേളികളില്‍ ഇത് വെറും ‘സൂത്ര’വാക്യമായി മാറി. വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകനോ വ്യാപാരിയോ ചരക്ക് വില്‍ക്കാതിരുന്നാല്‍ വില ഇടിയുകയാകും ഫലം. വില കുറയുമെന്നു വിചാരിച്ച് പൊട്ടവിലയ്ക്ക് ചരക്ക് കൈയൊഴിഞ്ഞാലാകട്ടെ അടുത്തനാള്‍ വില കയറിത്തുടങ്ങും. പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും അവലോകനസാമര്‍ഥ്യവുമൊന്നും ഇവരെ തുണയ്ക്കുന്നില്ല. വിപണിയുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പേരുടെയും തലയ്ക്കു മുകളിലൂടെ ആരൊക്കെയോ കാര്യങ്ങള്‍ നിശ്ചയിക്കുന്നു.

വിപണിയിലെ വിലവ്യതിയാനങ്ങള്‍ പുതുമയല്ല, എന്നാല്‍ മുമ്പൊക്കെ ഇതിന് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനാകുമായിരുന്നു. ഉല്‍പ്പാദനത്തകര്‍ച്ച, ആവശ്യകത കൂടുതല്‍ എന്നീ ഘടകങ്ങള്‍ തീര്‍ച്ചയായും വില ഉയര്‍ത്തുമായിരുന്നു. ചരക്ക് കൂടുതല്‍ എത്തുമ്പോള്‍ വില ഇടിയുകയും സ്വാഭാവികം. ഇതൊക്കെ പ്രത്യേക ദിവസങ്ങളിലോ ആഴ്ചകളിലോ മാത്രമേ തരംഗം സൃഷ്ടിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴാകട്ടെ ഓരോ നിമിഷവും വില കയറിയിറങ്ങുന്നതാണ് ഇടപാടുകാരെ കുഴയ്ക്കുന്നത്. ഇതിന് തക്ക കാരണങ്ങള്‍ ഇവര്‍ക്ക് എവിടെയും കണ്ടെത്താനുമാകുന്നില്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്നിനുമാത്രം കുരുമുളകിന് ഏതാണ്ട് 900 രൂപയോളമാണ് ക്വിന്റലിന് വില ഇടിഞ്ഞത്.

അവധിവ്യാപാരത്തില്‍ കണക്കില്‍ ഇടപാടുകള്‍ തകൃതിയാണെങ്കിലും ചരക്കു നീക്കം അഥവാ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നത് ഇതിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. വാങ്ങുന്നവര്‍ക്ക് എക്സ്ചേഞ്ചില്‍നിന്ന് 10 ക്വിന്റല്‍ ഉള്‍ക്കൊള്ളുന്ന ഓരോ പൊസിഷന്‍ എടുക്കാം. ഇതിന് ഒടുക്കേണ്ടത് വിലയുടെ 12.5 ശതമാനം തുകമാത്രം. വിപണിയുടെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് പൊസിഷന്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ നിലനിര്‍ത്തുകയോ ചെയ്യാം. എല്ലാ മാസവും നിശ്ചിതമായ ഒരുദിവസം മാത്രമാണ് ചരക്ക് സ്വീകരിക്കേണ്ടത്. വാങ്ങാന്‍ തയ്യാറാണെങ്കില്‍ ഈ തീയതിയുടെ അഞ്ച് ദിവസംമുമ്പ് അധികൃതരെ വിവരമറിയിക്കണം. ഈ കാലയളവില്‍ മറ്റൊരു 12.5 ശതമാനം തുകകൂടി നല്‍കണം. ഈയൊരു സൌകര്യം മുതലെടുത്താണ് വിപണിയിലെ കളികളേറെയും നടക്കുന്നത്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി വില ഉയര്‍ത്താനും താഴ്ത്താനുമുള്ള തന്ത്രങ്ങള്‍ മെനയാനാണ് ഇപ്പോള്‍ കുറെയേറെപ്പേര്‍ ഇടപാടുകള്‍ നടത്തുന്നതെന്നുമാത്രം.

പ്രധാനപ്പെട്ട മൂന്ന് എക്സ്ചേഞ്ചുകളിലുമായി 2.75 ലക്ഷം മുതല്‍ മൂന്നു ലക്ഷം ടണ്ണിന്റെവരെ ഇടപാടുകളാണ് നടക്കുന്നത്. എന്നാല്‍ ചരക്കു നീക്കമാകട്ടെ ഓരോ മാസവും 2000-2500 ടണ്ണിന്റേതു മാത്രം. ഇതില്‍നിന്നുതന്നെ അവധിവ്യാപാര തട്ടിപ്പുകള്‍ വ്യക്തം. ഭൂരിപക്ഷം പേരും ചരക്ക് വാങ്ങാന്‍ തയ്യാറായാല്‍ അതിന്റെ പത്തു ശതമാനം ചരക്കുപോലും അധികൃതര്‍ക്ക് നല്‍കാനാവില്ലെന്നതാണ് വാസ്തവം. എന്നിരിക്കെ അവധിവ്യാപാരം ആരെയാണ് തുണയ്ക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ ചോദിക്കുന്നു.

കുതന്ത്രങ്ങള്‍ നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ ഫോര്‍വേഡിങ് മാര്‍ക്കറ്റിങ് കമീഷനാകട്ടെ അവധിവ്യാപാര ഏജന്‍സികളുടെ കമീഷന്‍ ഏജന്റായാണ് അധഃപതിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് നാളെ.
കടപ്പാട്‌: ദേശാഭിമാനി

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒഴിയണമെന്ന നോട്ടീസിനെതിരേ ഐ.എസ്.ആര്‍.ഒ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒഴിയണമെന്ന വനംവകുപ്പിന്റെ നോട്ടീസിനെതിരേ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം(ഐ.എസ്.ആര്‍.ഒ) ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

നിര്‍ദിഷ്ട ബഹിരാകാശ ഗവേഷണ കേന്ദ്രം പൊന്മുടിയില്‍ ഐ.എസ്.ആര്‍.ഒ വാങ്ങിയ സ്ഥലത്തു സ്ഥാപിക്കാന്‍ അനുവാദം നല്‍കണമെന്നാണു ഹര്‍ജിയിലെ മുഖ്യ ആവശ്യം.

സേവി മനോ മാത്യു എന്ന വ്യക്തിയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ വാങ്ങിയ ഭൂമി തേയിലത്തോട്ടമായതിനാല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമല്ല. വനംവകുപ്പിന്റെ നോട്ടീസനുസരിച്ച് ഒഴിയേണ്ടിവന്നാല്‍ പൊതുഖജനാവിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകും. ഇതൊക്കെ കണക്കിലെടുത്ത് വനംവകുപ്പിന്റെ നോട്ടീസ് പിന്‍വലിക്കണമെന്ന് ഹര്‍ജിയില്‍ ഐ.എസ്.ആര്‍.ഒ ആവശ്യ പ്പെടുന്നു.

മെര്‍ക്കിസ്റ്റണ്‍ ഭൂമിയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും, എസ്റ്റേറ്റ് ഒഴിയണമെന്നും ആവശ്യപ്പെട്ടു തിരുവനന്തപുരം ജില്ലാ ഫോറസ്റ്റ് ഓഫീസറാണു നോട്ടീസ് നല്‍കിയത്. നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ വാങ്ങിയ ഭൂമിയില്‍ നിന്ന് തങ്ങളെ ഒഴിപ്പിക്കാന്‍ ഡി.എഫ്.ഒയ്ക്ക് അധികാരമില്ലെന്നു ഐ.എസ്.ആര്‍.ഒയുടെ ഹര്‍ജിയില്‍ പറയുന്നു.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒഴിപ്പിക്കുന്നതിനെതിരേ തൊഴിലാളി സംഘടനകളും തൊഴിലാളികളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബുധനാഴ്ച പരിഗണിക്കാനായി ഈ ഹര്‍ജി കോടതി മാറ്റിവച്ചു.
കടപ്പാട്‌: ദീപിക

ഹാരിസണ്‍ കൈയേറ്റ ഭൂമി തിരിച്ചെടുക്കാനും നടപടിക്കും ആക്ഷന്‍ പ്ളാന്‍
എം.എം സുബൈര്‍
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് നടത്തിയ ഭൂമി കൈയേറ്റത്തിനും വില്പനയ്ക്കുമെതിരെ സ്വീകരിക്കേണ്ട ആക്ഷന്‍ പ്ളാനിന് നാളെ ചേരുന്ന മന്ത്രിസഭായോഗം രൂപം നല്‍കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആ ക്ഷന്‍ പ്ളാന്‍.
കൈയേറിയ ഭൂമി തിരിച്ചെടുക്കുന്നതിനും വില്പന നടത്തിയ തോട്ടങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനും നടപടികള്‍ ആക്ഷന്‍ പ്ളാനിലുണ്ടാകും.
വനം, റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ തുടങ്ങിയ വകുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട നടപടികളുടെ രൂപരേഖയും തയ്യാറാക്കും. ഹാരിസണ്‍ പ്ളാന്റേഷന് ഭൂമി കൈയേറാനും തോട്ടങ്ങള്‍ വില്‍ക്കാനും കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി എടുക്കും.
ഇതിനായി ഇനി പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഓരോ ജില്ലയിലും ഏത് തലംവരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരില്‍ വിരമിച്ചവരും സര്‍വീസിലുള്ളവരും ഉള്‍പ്പെടുന്നു. ഇവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുകയേ വേണ്ടൂ.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലായി 10,000 ഏക്കര്‍ ഭൂമി ഹാരിസണ്‍ കൈയേറിയിട്ടുണ്ടെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ടെത്തിയിട്ടുണ്ട്. 66,000 ഏക്കര്‍ ഭൂമിയേ ഹാരിസണ്‍ പ്ളാന്റേഷന് പാട്ടത്തിന് നല്‍കിയിട്ടുള്ളൂ.
എന്നാല്‍, 76,000 ത്തോളം ഏക്കര്‍ ഭൂമി കൈവശമുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പുറമേ ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമിയും ഇവരുടെ പക്കലുണ്ട്.
കോട്ടയത്തെ ചെറുവള്ളി എസ്റ്റേറ്റ്, തെന്മലയിലെ ഒരു എസ്റ്റേറ്റ്, ഇടുക്കിയിലെ ജോയ്സ് എസ്റ്റേറ്റ് തുടങ്ങിയവ ഇതിനകം വിറ്റുകഴിഞ്ഞു.
ഈ തോട്ടങ്ങളുടെ പോക്കുവരവിനും രജിസ്ട്രേഷനും റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാര്‍ കൂട്ടുനിന്നുവെന്നാണ് കണ്ടെത്തല്‍.
ഹൈക്കോടതിയിലും ലാന്‍ഡ് ട്രൈബ്യൂണലിലും ഹാരിസണ്‍ പ്ളാന്റേഷനുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കുന്നതിനുള്ള നിയമനടപടികളും ആക്ഷന്‍ പ്ളാനിലുണ്ടാകും.
പാട്ടക്കരാര്‍ ലംഘിച്ചതിന്റെ പേരില്‍ എല്ലാ ഭൂമിയും ഒരുമിച്ചോ ഒന്നൊന്നായോ തിരിച്ചെടുക്കുന്നതിനെപ്പറ്റി നിയമോപദേശം തേടിയിരിക്കുകയാണ്.
ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഭൂമി വില്‍ക്കാനോ പോക്കുവരവ് ചെയ്യാനോ പാടില്ല.
അതിനാല്‍ ഹാരിസണ്‍ പ്ളാന്റേഷന്‍സ് നടത്തിയിട്ടുള്ള വില്പന റദ്ദാക്കാമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ തിരിച്ചെടുക്കണമെന്നാണ് റവന്യൂ – വനം വകുപ്പുകളുടെ നിലപാട്. മന്ത്രിസഭായോഗം ഇക്കാര്യവും പരിഗണിക്കും.
കടപ്പാട്‌: കേരളകൗമുദി

ഹാരിസണ്‍ ഭൂമി മറുപാട്ടത്തിന് എടുത്തവരില്‍ രാഷ്ട്രീയക്കാരും

തൃശൂര്‍: ഹാരിസണ്‍ മലയാളം പ്ളാന്റേഷനെ തൊട്ടാല്‍ കൈപൊള്ളും. ഹാരിസന്റെ ശര്‍ക്കരകുടത്തില്‍ കൈയിടാത്ത രാഷ്ട്രീയപ്രസ്ഥാനമോ തൊഴിലാളി സംഘടനയോ ഭൂമി മലയാളത്തിലില്ല. ഹാരിസന്റെ കൈയില്‍ എല്ലാം ഭദ്രം.

വി.എസ്. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പാട്ടഭൂമി മറുപാട്ടത്തിനു നല്‍കിയ ഹാരിസന്റെ നടപടിക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ വനം-റവന്യു മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കിയതാണ്. ഇടതുമുന്നണിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഹാരിസന്റെ തോട്ടങ്ങള്‍ സംസ്ഥാനത്തു വ്യാപകമായി മറുപാട്ടത്തിനു നല്‍കിയതായി വ്യക്തമാക്കിയിരുന്നു. ചില തോട്ടങ്ങള്‍ മറുപാട്ടത്തിനു നല്‍കിയതു ബിനാമി പേരുകളിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരുണാകരന്‍ മന്ത്രിസഭയിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനം വകുപ്പു കൈകാര്യം ചെയ്ത കെ.പി. വിശ്വനാഥനു മറുപാട്ടം നല്‍കിയതില്‍ പങ്കുണ്ടെന്നും സൂചിപ്പിച്ചിരുന്നു.
വിശ്വനാഥനെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ തുനിയുന്നതിനിടെയാണു പുതിയ ചില റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെ ഞെട്ടിച്ചത്. ഹാരിസന്റെ എസ്റേററ്റില്‍ പത്തു മുതല്‍ 200 ഏക്കര്‍ വരെ സ്വന്തമാക്കിയവരില്‍ പാര്‍ട്ടി സഖാക്കളുമുണ്ട്.

പാലപ്പിളളി – മുപ്ളിവാലി ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ റബര്‍ എസ്റേററ്റ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (സി.ഐ.ടി.യു) വൈസ് പ്രസിഡന്റായ യു.പി. മുഹമ്മദിന് ഒരു തുണ്ടു ഹാരിസണ്‍ ഭൂമിയില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. മുമ്പ് എ.ഐ.ടി.യു.സി. നേതാവായിരുന്ന മുഹമ്മദ് ഏതാനും വര്‍ഷം മുമ്പു സി.ഐ.ടി.യുവിലേക്കു ചേക്കേറിയതിനു പിന്നില്‍ മറുപാട്ടത്തിലെ കാണാക്കഥകളാണ്. മുഹമ്മദിനു ഹാരിസണ്‍ എസ്റേററ്റില്‍ ഭൂമിയില്ലെന്നു സി.പി.എമ്മും സി.ഐ.ടി.യുവും പറയുമ്പോഴും ഹാരിസണ്‍ ഭൂമിയില്‍ നേന്ത്രവാഴ കൃഷിചെയ്തതിന്റെ പേരില്‍ നഷ്ടപരിഹാരം നേടിയതിന്റെ രേഖകളുണ്ട്.

യു.പി. മുഹമ്മദ് കൃഷിയിറക്കിയ സ്ഥലത്തെ 3812 കുലച്ച നേന്ത്രവാഴകള്‍ 2005 മെയ് 26 ന് ഉണ്ടായ ചുഴലിക്കാറ്റില്‍ നിലംപതിച്ചതിന്റെ നഷ്ടപരിഹാരമായി 95300 രൂപ സര്‍ക്കാരില്‍നിന്നു കൈപ്പറ്റിയിരുന്നു. വരന്തരപ്പിളളി കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

ഹാരിസണ്‍ റബര്‍ തോട്ടം മറുപാട്ടത്തിനെടുത്തു കൃഷിയിറക്കിയ വരന്തരപ്പിള്ളി വെട്ടിയാട്ടില്‍ വീട്ടില്‍ പരമേശ്വരന് 56816 രൂപയും പാലപ്പിള്ളി കുഴിയാനിമറ്റത്തില്‍ പാപ്പച്ചന് 36400 രൂപയും നന്തിപുലം ചോനേടന്‍ വീട്ടില്‍ ജോണ്‍സന് 33876 രൂപയും വിളനാശം സംഭവിച്ച വകയില്‍ കൃഷിവകുപ്പില്‍നിന്നും നഷ്ടപരിഹാരം ലഭിച്ചു. ഇരുപതിനായിരം രൂപയില്‍ താഴെ നഷ്ടപരിഹാരം നേടിയവര്‍ ഏറെയുണ്ടെന്നും ഇവരില്‍ നല്ലൊരു ശതമാനം പാര്‍ട്ടി സഖാക്കളാണെന്നും തിരിച്ചറിഞ്ഞതോടെ ഇടതുമുന്നണി സര്‍ക്കാര്‍ വെട്ടിലായി.

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണെങ്കിലും പാട്ടഭൂമി മറുപാട്ടത്തിനെടുത്ത് അനധികൃതമായി കൃഷി ചെയ്തവര്‍ക്കു വിളനാശം നഷ്ടപരിഹാരം വിതരണം ചെയ്ത കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കണ്ണടച്ചു.ഹാരിസണ്‍ ഭൂമി സ്വന്തമാക്കുകയോ മറുപാട്ടത്തിനെടുക്കുകയോ ചെയ്തവരില്‍ ഒരുപറ്റം യു.ഡി.എഫ്. നേതാക്കളുമുണ്ട്. എന്‍.സി.പി.യുടെ പ്രാദേശിക നേതാവു ജോഷിയുടെ പേരില്‍ 50 ഏക്കറാണു തീറെഴുതി നല്‍കിയത്. ഐ.എന്‍.ടി.യു.സിയുടെ പ്രാദേശിക നേതാവു കൈവശം വച്ചിരിക്കുന്ന പത്തേക്കറില്‍ മനോഹരമായ ഇരുനില വീടിനുപുറമെ ഓടിട്ട പീടിക മുറിയും പണിതുയര്‍ത്തിയിട്ടുണ്ട്.
കടപ്പാട്‌: മംഗളം

മൂന്നാര്‍: പാര്‍ട്ടി ഒാഫിസ് പട്ടയങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മൂന്നാറില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പട്ടയം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. പാര്‍ട്ടി ഓഫിസുകള്‍ക്ക് എന്താവശ്യത്തിനാണ് പട്ടയം നല്‍കിയത്, ഇപ്പോള്‍ അതേ ആവശ്യത്തിനാണോ വിനിയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, ധന്യശ്രീ റിസോര്‍ട്ട് ഏറ്റെടുക്കുമ്പോള്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ അറ്റകുറ്റപ്പണി നടത്തി സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയതിനെതിരെ റിസോര്‍ട്ടുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. അറ്റകുറ്റപ്പണി ചെയ്യാമെന്നു സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ഏറ്റിരുന്നതല്ലേ എന്നും കോടതി ചോദിച്ചു. മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ക്കു പട്ടയം നല്‍കിയത് രവീന്ദ്രനാണോ, ആണെങ്കില്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ക്കെതിരെയുള്ള നടപടി ഈ ഓഫിസുകള്‍ക്കെതിരെ എന്തുകൊണ്ടുണ്ടായില്ല തുടങ്ങിയ ചോദ്യങ്ങള്‍ കോടതി നേരത്തെ ഉന്നയിച്ചിരുന്നു.

പാര്‍ട്ടി ഓഫിസുകള്‍ നല്‍കിയ പട്ടയ അപേക്ഷകളും ഭൂമി പതിച്ചു നല്‍കിയതിന്റെ ഫയലുകളും കോടതിയിലെത്തിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിക്കുന്ന ഹര്‍ജിയിലാണു ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ ക്രമക്കേടു വെളിച്ചത്തു വരുമെന്നതിനാല്‍ സര്‍ക്കാര്‍ വഴുതി മാറുകയാണെന്നു റിസോര്‍ട്ടുടമകള്‍ ആരോപിക്കുന്നു. അഞ്ഞൂറിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തതിന്റെയും മറ്റും രേഖകള്‍ സര്‍ക്കാരില്‍ നിന്നു നിര്‍ബന്ധമായും വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.
കടപ്പാട്‌: മനോരമ
സ്വയരക്ഷയ്ക്ക് വഴിതേടുന്ന റബ്കോ; പാതിവഴിയില്‍ മന്ദിരം പണി
തിരുവനന്തപുരം: സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കുംവിധം ‘വാരിക്കോരി’ പണമെടുത്തിട്ടും റബര്‍ വിപണിയെ രക്ഷിക്കാനിറങ്ങിയ ‘റബ്കോ’ സ്വയരക്ഷയ്ക്കായി വേറെ വഴിതേടേണ്ട നിലയില്‍.

പാതിവഴിയിലായ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാനുള്ള പെടാപ്പാടിലാണ് കോടികളുടെ നഷ്ടത്തിന്റെ ഭാരം പേറുന്ന സ്ഥാപനത്തിന്റെ നായകര്‍.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥാപനത്തെ കരകയറ്റാന്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തില്‍ പ്രതീക്ഷ മുഴുവന്‍ അര്‍പ്പിച്ചുകഴിയുന്നതിനിടയ്ക്കാണ് എടുത്താല്‍ പൊങ്ങാത്ത ഈ ഭാരംകൂടി.

കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഴുവര്‍ഷം മുമ്പ് തുടങ്ങിയതാണ് ആസ്ഥാനമന്ദിര നിര്‍മ്മാണം. പ്രവര്‍ത്തനമൂലധനത്തിന്റെ അപര്യാപ്തതയാണ് ഇന്ന് റബ്കോ അഭിമുഖീകരിക്കുന്ന ഏക പ്രശ്നമെന്ന് ‘റബ്കോ’ ചെയര്‍മാന്‍ തിങ്കളാഴ്ച കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ പറയുന്നുണ്ട്.

എന്നാല്‍ ക്രമക്കേടുകളുടെ ഒരു പരമ്പര തന്നെയാണ് സ്ഥാപനത്തിന്റെ പെരുകുന്ന നഷ്ടക്കണക്കിന്റെ പശ്ചാത്തലമായി ഓഡിറ്റ് റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നത്. ഏറ്റവും ഒടുവിലത്തെ വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് 2002_03ലാണ് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടില്‍ റബ്കോ 68,08,75,000 രൂപ 16 പൈസ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനം തന്നെ നിലച്ചുപോയേക്കാവുന്ന അവസ്ഥയിലേക്കാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും ഈ അവസ്ഥയിലെത്തിച്ചേരാനുള്ള സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സംഘത്തിന്റെ നഷ്ടം നികത്താനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മരാമത്തുപണികളുടെ വേലിയേറ്റം തന്നെ തുടര്‍ന്നുണ്ടായി. മരാമത്തു പണിയിലാകട്ടെ, സംശയം ജനിപ്പിക്കുന്ന ഒട്ടേറെ ഇടപാടുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. 2003_04ലെ ഓഡിറ്റ് ന്യൂനതാ റിപ്പോര്‍ട്ടിന്റെ ഏറിയ പങ്കും മരാമത്തുപണിയിലെ ക്രമക്കേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മരാമത്തുപണിയിലുള്ള തിടുക്കം കാരണം നഗരസഭയുടെ അനുമതി, രജിസ്ട്രാറുടെ മുന്‍കൂര്‍ അനുവാദം തുടങ്ങിയ നടപടിക്രമങ്ങളൊക്കെ ‘റബ്കോ’ കാറ്റില്‍പ്പറത്തി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന സിമന്റ് ഇടപാടുതന്നെ മരാമത്തു ജോലിയുടെ മികച്ച ഉദാഹരണമാണ്. 37,29,749 രൂപയുടെ സിമന്റ് കരാറുകാരന് നല്കി. 46,50,335 രൂപയുടെ സ്റ്റീലും റബ്കോ, കരാറുകാരന് നല്കിയിട്ടുണ്ട്. ഇതും വിനിയോഗിച്ചതിനു രേഖകള്‍ സൂക്ഷിച്ചിട്ടില്ല. എസ്റ്റിമേറ്റിന് ലോക്കല്‍ നിരക്കില്‍ കണക്കുകൂട്ടിയാല്‍ 2,55,092 കിലോ സ്റ്റീല്‍ വാങ്ങിയിട്ടുണ്ട്. എസ്റ്റിമേറ്റില്‍ കാണിച്ചതിനേക്കാള്‍ 81.542 ടണ്‍ കൂടുതല്‍. 14,86,510 രൂപയുടെ അധികച്ചെലവ്. ഡീവിയേഷന്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കി അംഗീകരിക്കുകയോ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി അധികൃതരില്‍ നിന്നും അംഗീകരിച്ചു വാങ്ങുകയോ ചെയ്തിട്ടില്ല. ഇതുള്‍പ്പെടെ പ്രധാനപ്പെട്ട ആരോപണങ്ങള്‍ ഭരണസമിതി അന്വേഷിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പക്ഷേ ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിവരം. സ്ഥാപനത്തില്‍ നിന്നും ശമ്പളം പറ്റുന്ന ഒരു സിവില്‍ എന്‍ജിനീയര്‍ നിലവിലുള്ളപ്പോഴാണ് ഇത്തരം പാഴ്ച്ചെലവുകള്‍ വന്നിട്ടുള്ളതെന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ക്രമക്കേടുകള്‍ വര്‍ദ്ധിച്ചതോടെ പിന്നീട് ഓഡിറ്റ് വെറും സ്റ്റേറ്റ്മെന്റില്‍ മാത്രമൊതുങ്ങി. ഇപ്പോള്‍ ഓഡിറ്റിങ്ങിന്റെ ജോലികള്‍ നടക്കുന്നുണ്ടെന്നാണ് തിങ്കളാഴ്ചത്തെ വെളിപ്പെടുത്തല്‍. സി.പി.എം. നേതൃത്വത്തിന് പ്രിയപ്പെട്ടവരായതിനാല്‍ സഹകരണവകുപ്പുമന്ത്രിക്കോ മറ്റ് സഹകരണവകുപ്പ് മേധാവികള്‍ക്കോ ഇക്കാര്യത്തില്‍ ‘ഒരാശങ്ക’യുമില്ല.

ഇനി എന്‍.സി.ഡി.സി.യുടെ വായ്പ കിട്ടിയാല്‍ പണി മുടങ്ങിക്കിടക്കുന്ന ആസ്ഥാനമന്ദിരമുള്‍പ്പെടെ മരാമത്തുപണികള്‍ ഒന്നുകൂടി ഉഷാറാക്കാം. റബ്കോയുടെ കടം വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണവകുപ്പു മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞിരുന്നു. ‘റബ്കോ’ നേതൃത്വത്തിന് ആനന്ദലബ്ധിക്കിനിയെന്തുവേണം!
കടപ്പാട്‌: മാത്രൃഭൂമി

ട്രഷറി രേഖകളില്‍ കൃത്രിമം കാണിച്ച് കോഴിക്കടത്ത്; 72 ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി
പാലക്കാട്: ട്രഷറി രേഖയില്‍ കൃത്രിമം കാണിച്ച് സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കടത്തിയതിലൂടെ 72 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. ചെക്ക്പോസ്റ്റിലെ നികുതിവകുപ്പുദ്യോഗസ്ഥരുടെ പരാതി പ്രകാരം കോഴിക്കടത്ത് ഏജന്റിന്റെ പേരില്‍ പോലിസ് കേസെടുത്തു. തമിഴ്നാട്ടില്‍നിന്ന് ഇയാള്‍ കൊണ്ടുവന്ന കോഴികയറ്റിയ നാല് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ട്രേഡേഴ്സ് ഉടമ കെ. മുഹമ്മദാലിക്കെതിരെയാണ് കൊഴിഞ്ഞാമ്പാറ പോലിസ് കേസെടുത്തത്. നടുപ്പുണി വില്‍പന നികുതി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ പരാതിപ്രകാരമാണ് കേസ്. പിടിച്ചെടുത്ത വാഹനങ്ങളിലുണ്ടായിരുന്ന കോഴികളെ ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം ലേലത്തില്‍ വിറ്റു. മൂന്നരലക്ഷം രൂപയാണ് ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്.

ശനിയാഴ്ച രാത്രി ചെക്ക്പോസ്റ്റിലെത്തിയ വാഹനങ്ങളിലുണ്ടായിരുന്നവര്‍ നല്‍കിയ ട്രഷറിയില്‍നിന്നുള്ള നാല് ചലാനുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 50,000 രൂപയുടെ നാല് ചലാനുകളിലായി രണ്ടുലക്ഷം രൂപയാണ് കോഴിക്കടത്ത് ഏജന്റ് ട്രഷറിയില്‍ അടച്ചിരുന്നത്. എന്നാല്‍, ചെക്ക്പോസ്റ്റില്‍ ഹാജരാക്കിയതില്‍ 14 ലക്ഷം രൂപ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ഈമാസം ഏഴുമുതല്‍ മലബാര്‍ ട്രേഡേഴ്സുകാര്‍ നല്‍കിയിരുന്ന മുഴുവന്‍ ചലാനുകളും പരിശോധിച്ചപ്പോഴാണ് 72.8 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ഈ കാലയളവില്‍ 36.50 ലക്ഷം രൂപയാണ് ഇവര്‍ ട്രഷറിയില്‍ അടച്ചത്. ഹാജരാക്കിയ രേഖകളില്‍ 109.33 ലക്ഷം രൂപ എന്നാക്കിയിരുന്നു.

സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കടത്തണമെങ്കില്‍ നികുതി തുക ഡി.ഡിയായി ചെക്ക്പോസ്റ്റുകളില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. മലബാര്‍ ട്രേഡേഴ്സുകാര്‍ ട്രഷറി മുഖേനയാണ് പണം അടച്ചിരുന്നത്. ഹൈക്കോടതിയില്‍നിന്ന് ലഭിച്ച അനുമതിയുടെ വെളിച്ചത്തിലാണ് ട്രഷറി മുഖേന ഇവര്‍ തുക അടച്ചിരുന്നതെന്ന് നികുതി വകുപ്പുദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്റലിജന്റ്സ് ഇന്‍സ്പെക്ടിംഗ് അസി. കമീഷണര്‍മാരായ കെ.ഐ. സലിം, പി.ആര്‍. വിജയകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ രമേശന്‍, അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
കടപ്പാട്‌: മാധ്യമം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w