സെപ്റ്റംബര്‍ 29 ശനി

 കുത്തക ഭീമന്‍ വരുന്നു, വളഞ്ഞ വഴിയിലൂടെ

ര്‍തിരു: വ്യാപാരസമുച്ചയം സ്ഥാപിക്കാന്‍ നഗരസഭ അനുമ തി നിഷേധിച്ചെങ്കിലും പിന്മാറാന്‍ റിലയന്‍സ് ഒരുക്കമല്ല. വ്യക്തിക ളുടെ പേരില്‍ ലൈസന്‍സ് സം ഘടിപ്പിച്ച് കട തുറക്കാ നാണ് ശ്രമം.
കുമാരപുരം, കൈതമുക്ക്, പേരൂര്‍ക്കട, വഴുതക്കാട് എന്നിവിടങ്ങളില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ എടുത്തുകഴിഞ്ഞു. 25,000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങളുടെ താഴത്തെ നില മാത്രം കാട്ടി 1500 ചതുരശ്ര അടി എന്ന് രേഖപ്പെടുത്തിയാണ് അനുമതിക്ക് അപേക്ഷിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങളിലെല്ലാം വ്യാപാര സമുച്ചയം തുടങ്ങുന്നതിനുള്ള പണികളും നടക്കുകയാണ്. അനുമതി നല്‍കില്ലെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ഒരു തടസ്സവും കൂടാതെ പണി നടക്കുന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.
പച്ചക്കറി കടകള്‍ എന്ന പേരിലാണ് അനുമതിക്ക് അപേക്ഷിച്ചിരിക്കുന്നത്. നാല് കടകള്‍ക്കും നാലുപേരുടെ പേരിലാണ് അപേക്ഷിച്ചിരിക്കുന്നത്. തങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിതെന്ന് നഗരസഭാ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തുവന്നാലും അനുമതി നല്‍കരുതെന്ന് ചില കൌണ്‍സിലര്‍മാര്‍ ശക്തമായി പറയുന്നുണ്ട്. അനുമതി നല്‍കുകയോ വ്യാപാരസ്ഥാപനം തുടങ്ങുകയോ ചെയ്താല്‍ അടിച്ചുപൊളിക്കുമെന്ന് ഒരുകൌ ണ്‍സിലര്‍ മുന്നറിയിപ്പ് ന ല്‍കു ന്നു.

കടപ്പാട്‌: കേരളകൗമുദി

ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നു: ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
തിരുവനന്തപുരം: ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചിട്ടും പാല്‍വില വര്‍ധിക്കാത്തത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റയുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്.

പൊതുമേഖലാ സ്ഥാപനമായ മില്‍മ കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ സ്വകാര്യകമ്പനികളും കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത് ആശങ്കയോടെയാണ് കര്‍ഷകര്‍ നോക്കിക്കാണുന്നത്. പാലിന്റെ വില വര്‍ധിപ്പിക്കാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് ക്ഷീരകര്‍ഷകര്‍. കഴിഞ്ഞ അഞ്ചുമാസത്തിനിടെ രണ്ടു തവണയാണ് മില്‍മ കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചത്. കാലിത്തീറ്റയുടെ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ഭീമമായി വര്‍ധിച്ചതുകൊണ്ടാണ് വില വര്‍ധിപ്പിക്കേണ്ടിവന്നത് എന്നാണ് മില്‍മ അവകാശപ്പെടുന്നത്. ഇതേകാരണം പറഞ്ഞാണ് സ്വാകാര്യകമ്പനികളും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

ഇതോടൊപ്പം പിണ്ണാക്കിന്റെയും വൈക്കോലിന്റെയും വില കുത്തനെ വര്‍ധിച്ചതും കര്‍ഷകര്‍ക്ക് ഇരട്ടിപ്രഹരമായി. വിപണിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത് മില്‍മയുടെ കാലിത്തീറ്റയ്ക്കാണ്. സ്വകാര്യകമ്പനികള്‍ ഇറക്കുന്ന കാലിത്തീറ്റകളേക്കാള്‍ ഗുണമേന്‍മയുള്ള മില്‍മ കാലിത്തീറ്റയാണ് ക്ഷീരകര്‍ഷകരില്‍ ഏറിയപങ്കും ഉപയോഗിക്കുന്ന്. ഈ സാഹചര്യത്തില്‍ മില്‍മ വില വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. പല ക്ഷീരകര്‍ഷകരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കാന്‍ തന്നെ ആലോചിക്കുന്നു.

മേയിലായിരുന്നു മില്‍മ ആദ്യം വിലവര്‍ധിപ്പിച്ചത്. ഗോമതിപെല്ലറ്റിന്റെ അമ്പത് കിലോ ചാക്കിന് നേരത്തെ 415രൂപയായിരുന്നു വില. ഇത് 430രൂപയായി വര്‍ധിച്ചു. ഗോവര്‍ധിനി മാഷിന്റെ വില 402രൂപയില്‍ നിന്നും 417.50ആയി വര്‍ധിച്ചു. കടലപ്പിണ്ണാക്കിന്റെ വിലയിലും വര്‍ധനയുണ്ടായി. ഒരു കിലോയ്ക്ക് 16.50ആയിരുന്നത് 17ആയി വര്‍ധിച്ചു. വൈക്കോലിന്റെ വിലയിലും വന്‍വര്‍ധനവാണ് ഉണ്ടായത്. പച്ചപ്പുല്ലിന്റെ ദൌര്‍ലഭ്യം കാരണം മിക്ക കര്‍ഷകരും ആശ്രയിക്കുന്നത് വൈക്കോലിനെയാണ്. ഇത്തരത്തില്‍ ഉല്‍പ്പാദനച്ചെലവിന്റെ വര്‍ധനവിനനുസൃതമായി പാല്‍വില വര്‍ധിക്കാത്തത് ക്ഷീരകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്െടങ്കിലും ഇതു സംബന്ധിച്ച് ഇതുവരേയും തീരുമാനമെടുത്തിട്ടില്ല.

കടപ്പാട്‌: ദീപിക

ഹാരിസണ്‍ 10,000 ഏക്കര്‍ കൈയേറി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് പാട്ടക്കരാറടക്കം എല്ലാ വ്യവസ്ഥകളും ലംഘിച്ച് പതിനായിരത്തിലധികം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയതായി റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലെ ഉന്നതതല ഉദ്യോഗസ്ഥസംഘം കണ്ടെത്തി.

ഇടുക്കി, വയനാട്, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 66000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. 1908 മുതലുള്ള കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ചതില്‍നിന്ന് 76000 ത്തിലധികം ഏക്കര്‍ ഭൂമി ഇപ്പോള്‍ ഹാരിസന്റെ കൈവശം ഉണ്ടെന്നും പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി തിരിച്ച് പിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും റവന്യു സെക്രട്ടറി ഇന്നലെ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റവന്യു മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രാഥമിക പഠനത്തിന് ശേഷം വനം^റവന്യു മന്ത്രിമാര്‍ ചേര്‍ന്ന് ഇന്നലെ വൈകുന്നേരം ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൈമാറി. റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര നടപടിയെടുക്കുന്നതിന് മുന്നോടിയായി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ നല്‍കിയത് 66000 ഏക്കറാണെങ്കിലും പ്രാഥമിക പരിശോധനയില്‍ 76000ത്തിലധികം ഏക്കര്‍ ഭൂമി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് വകുപ്പ് തലത്തില്‍ ഒരന്വേഷണം കൂടി വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നല്ല ശതമാനം മിച്ചഭൂമിയുണ്ടെന്നും ഇത് ഹാരിസണ്‍ കമ്പനി മറിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്നും ഇതിന്റെ പോക്കുവരവ് റദ്ദാക്കാന്‍ ഉടന്‍ നടപടി വേണമെന്നും റവന്യു സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ നടപടിയെന്ന നിലയില്‍ മിച്ചഭൂമി വില്‍പന നടത്തിയതിന്റെ പോക്കുവരവ് പരിശോധിച്ച ശേഷം റദ്ദാക്കാന്‍ റവന്യു മന്ത്രി ആറ് ജില്ലാ കലക്ടര്‍മാര്‍ക്ക് ഇന്ന് നിര്‍ദേശം നല്‍കുമെന്ന് അറിയുന്നു. മിച്ച ഭൂമിയാണെന്ന് അറിഞ്ഞിട്ടും ഹാരിസണ്‍ കമ്പനിയുമായി ചേര്‍ന്ന് ഇവയുടെ പോക്കുവരവിന് ഒത്താശ നല്‍കിയ ആറ് ജില്ലകളിലെ രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

2005ല്‍ യു.ഡി.എഫിന്റെ കാലത്താണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പാട്ടക്കരാര്‍ സംബന്ധിച്ചും ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നതിന് റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ റവന്യു സെക്രട്ടറിക്കു പുറമെ സംരക്ഷണ വിഭാഗം മുഖ്യ വനപാലകന്‍, ലാന്റ് ബോര്‍ഡ് സെക്രട്ടറി എന്നിവരെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചാണ് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ പാട്ടവ്യവസ്ഥ അധികമായി കൈവശം വെച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ബിനോയ് വിശ്വം ‘മാധ്യമ’ത്തോട് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിന് ഉടന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹാരിസണ്‍ പ്ലാന്റേഷന്‍ പാട്ടത്തിന് സര്‍ക്കാറില്‍ നിന്നെടുത്ത ഭൂമി പല ജില്ലകളിലും ഇതിനകം കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ്, തിരുവല്ലയിലെ പ്രമുഖ സഭക്ക് വില്‍പന നടത്തിക്കഴിഞ്ഞു.
വയനാട്, ഇടുക്കി ജില്ലകളിലും കച്ചവടം തകൃതിയാണ്. ഹാരിസണിന്റെ പത്തനംതിട്ടയിലെ ളാഹ എസ്റ്റേറ്റിന്റെ പാട്ടക്കാലാവധി കഴിഞ്ഞ ജൂലൈയില്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മറ്റ് ജില്ലകളിലെ പാട്ടക്കാലാവധി ഈ മാസത്തോടെയാണ് അവസാനിക്കുക.

പാട്ടക്കരാര്‍ ലംഘനം നടത്തിയ ഹാരിസനെ സഹായിക്കാന്‍ ഇടതുസര്‍ക്കാറിലെ ചിലര്‍ രഹസ്യ നീക്കം നടത്തുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഭൂമി തിരിച്ച് പിടിച്ച് പോക്കുവരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.

കടപ്പാട്‌: മാധ്യമം

ചക്കിട്ടപ്പാറ എസ്റ്റേറ്റ് കൈമാറ്റംപുനരന്വേഷിക്കുന്നു

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് ചക്കിട്ടപ്പാറയിലെ 400 ഏക്കറിലധികം വരുന്ന വനഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയ സംഭവം പുനരന്വേഷിക്കുന്നു. വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇതുസംബന്ധിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് നീക്കം.

പൊന്‍മുടിയിലെ വിവാദമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമി കൈമാറ്റത്തിന് സമാനമായ രീതിയിലാണ് ചക്കിട്ടപ്പാറ എസ്റ്റേറ്റിലെ ഭൂമിയും വില്പന നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുനരന്വേഷണം ആരംഭിക്കുന്നത്.

കൊയിലാണ്ടി താലൂക്കിലെ പെരുവണ്ണ വില്ലേജിലെ 400 ഏക്കര്‍ ഭൂമി 1971 ലെ നിക്ഷിപ്ത വനനിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കിട്ടുന്നതിനുവേണ്ടിയുള്ള കേസില്‍ സര്‍ക്കാരിനെതിരെ നേരത്തെ വിധി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ നിക്ഷിപ്ത വനം കസ്റ്റോഡിയന്‍ 1995 ഫിബ്രവരി ഒന്‍പതിന് 400 ഏക്കര്‍ ഭൂമി എന്‍.എം.അഹമ്മദ്കുട്ടി ഹാജിയ്ക്ക് വിട്ടുകൊടുത്തു. എന്നാല്‍ ഈ ഭൂമി വിട്ടുകൊടുക്കുന്നതിന് മുമ്പ് 1993 ഒക്ടോബര്‍ 12ന് ഇതേ സ്ഥലം കരുണാ പ്ലാന്റേഷന്‍സിന് മറിച്ചു വിറ്റതിനെക്കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേസില്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന വി.കെ.ബീരാന്‍ സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കാതെ എതിര്‍കക്ഷികളുമായി ഒത്തുകളിച്ചുവെന്നും ഇതാണ് കേസില്‍ സര്‍ക്കാരിനെതിരെ വിധി ഉണ്ടാകാന്‍ കാരണമെന്നുമുള്ള പരാതിയും പുനരന്വേഷണത്തിന് വിധേയമാക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ വേണ്ട രീതിയില്‍ ചുമതല നല്‍കാതെയാണ് വി.കെ.ബീരാന്‍ സുപ്രീം കോടതിയില്‍ ഹാജരായതെന്ന ആരോപണമാണ് അന്വേഷിക്കുക. ഇതുസംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തുടര്‍ അന്വേഷണത്തിനാണ് വനം വകുപ്പിന്റെ തീരുമാനം.

കടപ്പാട്‌: മാത്രുഭൂമി


കേന്ദ്രസഹായം പ്രഖ്യാപനം മാത്രം; വനില കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സഹായംപോലും പ്രഖ്യാപനത്തില്‍ ഒതുങ്ങുമ്പോള്‍, വന്‍ വിലത്തകര്‍ച്ച നേരിടുന്ന വനില കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു.

കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേശാണു വനില സംഭരിക്കുന്നതിന് ആറു കോടി രൂപ നല്‍കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു സ്പൈസസ് ബോര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി. കേന്ദ്രത്തിന്റെ പല സഹായവാഗ്ദാനങ്ങളും പോലെ, ഇതും പാഴ്വാക്കായി അവസാനിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.

രാജ്യാന്തര വിപണിയില്‍ വനിലയുടെ യഥാര്‍ഥ വിലനിലവാരം അറിയുന്നതിനുപോലും കര്‍ഷകര്‍ക്കു കഴിയുന്നില്ല. അടിക്കടി വില കുറയുന്നുവെന്ന കേട്ടുകേള്‍വി മാത്രമെ അവര്‍ക്കുള്ളൂ. വനില വില നല്‍കാന്‍ അംഗീകൃത രാജ്യാന്തര ഏജന്‍സിയില്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഇതിനു നിര്‍വാഹമില്ലെന്നു സ്പൈസസ് ബോര്‍ഡ് വ്യക്തമാക്കി. വനില വിപണി നിയന്ത്രിക്കുന്ന രാജ്യാന്തര കുത്തകകളാണ് ഇന്റര്‍നെറ്റിലും മറ്റും വില അറിയിക്കുന്നത്. ഇതു യഥാര്‍ഥ വിലയുമായി മിക്കപ്പോഴും പൊരുത്തപ്പെടാറുമില്ല.

വനിലയുടെ ഏറ്റവും വലിയ ഉല്‍പാദകരായ മഡഗാസ്കറില്‍ പ്രകൃതിക്ഷോഭംമൂലം കൃഷി പാടെ നശിച്ചതാണ് ഏതാനും വര്‍ഷം മുന്‍പു വില ഉയര്‍ത്തിയത്. ഉണക്ക ബീന്‍സിനു കട്ടപ്പന മേഖലയില്‍ 25,000 രൂപ വരെ വിലയെത്തിയിരുന്നു. പ്രകൃതിയോടിണങ്ങിയ ഉല്‍പന്നങ്ങളോടു പാശ്ചാത്യ നാടുകളില്‍ താല്‍പര്യം കൂടുന്നതു സ്വാഭാവിക വനിലയുടെ ആവശ്യം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും വളര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വനിലയിലേക്കു കൃഷിക്കാര്‍ വന്‍തോതില്‍ തിരിഞ്ഞു.

പക്ഷേ, പ്രതീക്ഷിച്ചതിലും നേരത്തെ മഡഗാസ്കറിനു കൃഷി പുനരുദ്ധരിക്കുന്നതിനു കഴിഞ്ഞു. ആവശ്യം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതുമില്ല. ഇതിനെ തുടര്‍ന്നു വനിലയുടെ വില കൂപ്പുകുത്തി. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രോല്‍സാഹനങ്ങളിലും വാഗ്ദാനങ്ങളിലും പ്രതീക്ഷ അര്‍പിച്ച കൃഷിക്കാര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

വിളവെടുപ്പു സീസണ്‍ ആരംഭിച്ചുവെങ്കിലും കമ്പനികളും ബന്ധപ്പെട്ട ഏജന്‍സികളും വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ വനില കര്‍ഷകരുടെ സംരംഭമായ വനില്‍കോ, പച്ച ബീന്‍സിന് കിലോയ്ക്ക് 250 രൂപ വച്ചു സംഭരിച്ചിരുന്നു. 200 ടണ്‍ ബീന്‍സ് ശേഖരിക്കാനായിരുന്നു പദ്ധതി. പക്ഷേ, ഉണക്കി സൂക്ഷിച്ച ബീന്‍സ് വിറ്റഴിക്കാന്‍ കഴിയാതെ കമ്പനി വിഷമിക്കുന്നു. ഇത് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം വേണ്ടത്ര വിജയിച്ചില്ല. ഈയിടെ കമ്പനി പ്രതിനിധികള്‍ കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിനെ കണ്ടു പ്രശ്നം ചര്‍ച്ച ചെയ്തു.

അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ഐസ്ക്രീമില്‍ സ്വാഭാവിക വനില സത്ത് ഉപയോഗിക്കുന്നതു സംബന്ധിച്ച് അമുല്‍, മദര്‍ ഡെയറി എന്നിവയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. സ്വകാര്യ സംരംഭകരും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വനില ഉപയോഗിച്ചു തയാറാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര പിന്‍ബലമില്ലാത്തതിനാല്‍ വിപണിയില്‍ വിജയം നേടാനാകുന്നില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനു പ്രോല്‍സാഹനം നല്‍കുന്നതില്‍ മടിച്ചുനില്‍ക്കുകയും ചെയ്യുന്നു.
കടുത്ത മഴമൂലം ഇക്കുറി വനിലയുടെ ഉല്‍പാദനം 70 ടണ്ണെങ്കിലും കുറയുമെന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനം 200 ടണ്ണാണ്. കൃഷിക്കാര്‍ക്കു വനില പരിചരണത്തില്‍ താല്‍പര്യം കുറഞ്ഞതും ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഈ സാഹചര്യത്തിലാണു കേന്ദ്രസഹായം കൃഷിക്കാരില്‍ പ്രതീക്ഷ ഉയര്‍ത്തിയതെന്നു കോട്ടയം വനില ഗ്രോവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

സംഘം സംസ്കരിച്ചു സൂക്ഷിച്ചിരിക്കുന്ന വനില ഉപയോഗിച്ചു മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കാനും ആഭ്യന്തര വിപണി ശക്തിപ്പെടുത്താനും കേന്ദ്രസഹായം ഉപയോഗപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.
വിളവെടുപ്പിനു തുടക്കംകുറിച്ചിരിക്കെ, സ്ഥിരമായി ന്യായവില കിട്ടാന്‍ സംവിധാനമുണ്ടാക്കണമെന്നു സംഘം ആവശ്യപ്പെട്ടു.

കടപ്പാട്‌: മനോരമ

ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കും

തിരുവനന്തപുരം: പാട്ടക്കരാര്‍ ലംഘിച്ച് ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് കൈവശംവച്ചിരിക്കുന്ന പാട്ടഭൂമിയും കൈയേറ്റങ്ങളും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹാരിസണ്‍ മറിച്ചുവിറ്റ ഭൂമിയും തിരിച്ചുപിടിക്കും. നടപടിക്രമങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതേക്കുറിച്ച് അന്വേഷിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഭൂമി തിരിച്ചുപിടിക്കാനായി വനം-റവന്യൂ-നിയമവകുപ്പുകളുടെ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ധാരണ. ഹാരിസണ്‍ കൈയേറിയ മിച്ചഭൂമി സംബന്ധിച്ച് സര്‍വേവകുപ്പിന്റെ സഹായത്തോടെ കൃത്യമായ കണക്കു തയാറാക്കും.

തിരിമറിക്കു കൂട്ടുനില്‍ക്കുകയും രേഖകള്‍ നശിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. അതിനൊപ്പമാകും ഭൂമി ഏറ്റെടുക്കല്‍.
ഭൂമി ഏറ്റെടുക്കുന്നതു കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിട്ടായിരിക്കണം എന്ന നിബന്ധനകൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇത്. ഏഴു ജില്ലകളിലായി 12,500 ഏക്കറോളം ഹാരിസണ്‍ മറിച്ചുവിറ്റിട്ടുണ്ടെന്നും പാട്ടക്കരാര്‍ വ്യാപകമായി ലംഘിച്ചിട്ടുണ്ടെന്നുമാണ് റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം കണ്ടെത്തിയത്.

1862 മുതല്‍ 1920 വരെയുള്ള കാലത്താണ് ഹാരിസണ്‍ ഭൂമി പാട്ടത്തിന് എടുത്തിട്ടുള്ളത്. 1862 മേയ് എട്ട്, 1865 ഏപ്രില്‍ 25, 1898 ജൂലൈ ഏഴ്, 1919 നവംബര്‍ 28, 1918 ഫെബ്രുവരി എന്നീ കാലങ്ങളിലാണിത്. കൊല്ലവര്‍ഷം 1068-ല്‍ പാട്ടത്തുക പുതുക്കി.

1956-നു ശേഷം പ്രത്യേക ഉത്തരവിലൂടെ ഈ ഭൂമിക്ക് സര്‍ക്കാര്‍ നികുതി നിശ്ചയിച്ചെങ്കിലും ഒരു പൈസ പോലും ഹാരിസണ്‍ ഇതുവരെ അടച്ചിട്ടില്ല.
സര്‍ക്കാര്‍ഭൂമി മുറിച്ചുവിറ്റു നേടിയത് 760 കോടി

തൃശൂര്‍: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ വനസംരക്ഷണ നിയമവും പാട്ടക്കരാറും ലംഘിച്ചു സംസ്ഥാനത്തുടനീളം മുറിച്ചു വിറ്റത് 700 കോടിയില്‍പരം രൂപയുടെ സര്‍ക്കാര്‍ഭൂമി. 5,000 ഏക്കറോളം മറുപാട്ടത്തിനു നല്‍കി വിവിധ കാലയളവിലായി 60 കോടിയോളം രൂപ നേടിയതായി ടി.യു.സി.ഐ. യൂണിയനും ചില പൌരാവകാശപ്രവര്‍ത്തകരും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു നല്‍കിയ രേഖകളില്‍ പറയുന്നു.

എരുമേലി തെക്ക് വില്ലേജില്‍പ്പെട്ട ചെറുവള്ളി എസ്റ്റേറ്റിലെ 913 ഹെക്ടര്‍ വനഭൂമി ബിഷപ്പ് ഡോ. കെ.പി. യോഹന്നാനു വിറ്റത് 169 കോടി രൂപയ്ക്കാണ്. (ഔദ്യോഗിക രേഖകള്‍ പ്രകാരം 61 കോടി). പത്തനാപുരം താലൂക്കില്‍പ്പെട്ട ആര്യങ്കാവ്, തെന്മല വില്ലേജുകളിലെ അമ്പനാട് എസ്റ്റേറ്റ് പട്ടത്തുള്ള ടി.ആര്‍.എന്‍.ടി. കമ്പനിക്കു വിറ്റതും അത്രയും തുകയ്ക്കാണ്. 206 ഏക്കര്‍ തെന്മല എസ്റ്റേറ്റ് 50 കോടി രൂപയ്ക്കാണു റിയാ റിസോര്‍ട്ടിനു കൈമാറ്റം ചെയ്തത്. തൊടുപുഴ കോടിക്കുളം വില്ലേജിലെ കാളിയാര്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗം ജഹാംഗീര്‍ എന്നയാള്‍ക്കു കോടികള്‍ക്കു കൈമാറ്റം ചെയ്യാന്‍ നടത്തിയ ശ്രമം ‘മംഗളം’ വാര്‍ത്തയേത്തുടര്‍ന്നു മുഖ്യമന്ത്രി ഇടപെട്ടു തടയുകയായിരുന്നു.
ഹാരിസണ്‍ തൃശൂര്‍ ജില്ലയിലെ മുപ്ളി, കുണ്ടായ്, പാലപ്പിള്ളി എന്നീ എസ്റ്റേറ്റുകളില്‍ 10 ഏക്കര്‍ മുതല്‍ 250 ഏക്കര്‍ വരെയുള്ള വനഭൂമി വിവിധ വ്യക്തികള്‍ക്കു മുറിച്ചുവിറ്റു കോടികള്‍ നേടിയിട്ടുണ്ട്.

ഹാരിസണ്‍ മലയാളം പ്ളാന്റേഷനു റബര്‍ കൃഷി നടത്താനായി പാട്ട വ്യവസ്ഥയില്‍ നല്‍കിയ വനഭൂമി വ്യക്തികള്‍ക്കു മുറിച്ചു വിറ്റ മാനേജ്മെന്റ് വനഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പ സംഘടിപ്പിക്കാനും മുതിര്‍ന്നു. ഹാരിസന്റെ കീഴിലുള്ള വല്ലാടി എസ്റ്റേറ്റുകളിലെ വനഭൂമി ജാമ്യം നല്‍കി ഹാരിസണ്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സ്പെന്‍സേഴ്സ് ഗ്രൂപ്പിന് 75 കോടി അനുവദിപ്പിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചിരുന്നു. ഐ.സി. ഐ.സി.ഐ. ബാങ്കിലാണ് ഇതു സംബന്ധിച്ച് ജാമ്യരേഖകള്‍ മാനേജ്മെന്റ് സമര്‍പ്പിച്ചിരുന്നത്. ഹാരിസന്റെ കൈവശമിരിക്കുന്ന എസ്റ്റേറ്റുകള്‍ വനഭൂമി മാത്രമല്ലെന്നു സ്ഥാപിക്കാനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമായിരുന്നു ബാങ്കില്‍നിന്നു വായ്പ നേടാനുള്ള നീക്കം.

പാട്ടക്കരാറും 1980 ലെ വനസംരക്ഷണ നിയമവും ലംഘിച്ച തൃശൂര്‍ ജില്ലയിലെ മുപ്ളിവാലി എസ്റ്റേറ്റ് ഏറ്റെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനം-വന്യജീവി വകുപ്പ് സെക്രട്ടറി കഴിഞ്ഞ നവംബര്‍ മൂന്നിന് ഹാരിസണ് നല്‍കിയ നോട്ടീസിനു മാനേജ്മെന്റ് നല്‍കിയ മറുപടിയില്‍ മുപ്ളിവാലി എസ്റ്റേറ്റ് വനഭൂമി അല്ലെന്ന വിചിത്ര വാദമുന്നയിക്കുന്നു. 1945 മുതല്‍ ആറു തവണയായിട്ടാണു മുപ്ളിവാലി എസ്റ്റേറ്റിലെ 6,063.19 ഏക്കര്‍ സ്ഥലം മഹാരാജാവില്‍നിന്നു പാട്ടത്തിനെടുത്തിട്ടുള്ളതെന്നു മറുപടിയില്‍ ഹാരിസണ്‍ ചൂണ്ടിക്കാട്ടുന്നു. പാട്ടഭൂമിയായി നല്‍കുമ്പോള്‍തന്നെ ആ പ്രദേശം തോട്ടമായിരുന്നതിനാല്‍ സംരക്ഷിത വനമായി പരിഗണിക്കാനാവില്ലെന്നും അതിനാല്‍ 1980 ലെ വനസംരക്ഷണ നിയമം എസ്റ്റേറ്റിനു ബാധകമല്ലെന്നുമാണു ഹാരിസണ്‍ വാദിക്കുന്നത്.

2006 നവംബര്‍ 17ന് ഹാരിസണ്‍ നല്‍കിയ വിചിത്രമായ ഈ മറുപടി വനഭൂമി വ്യക്തികള്‍ക്കു മറിച്ചു വില്‍ക്കാന്‍ അവകാശമുണ്ടെന്ന വാദവും ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. അതേസമയം ഒരു പ്രദേശം വനഭൂമിയാണോ അല്ലയോ എന്നതു തീരുമാനിക്കാന്‍ സര്‍ക്കാരിനു വ്യക്തമായ മാനദണ്ഡമുണ്ട്.

1997 ലെ ടി.എ. ഗോദവര്‍മ തിരുമുല്‍പ്പാട് കേസില്‍ ഈ മാനദണ്ഡങ്ങള്‍ സുപ്രീം കോടതി നിര്‍ണയിച്ചിരുന്നു. നെല്ലിയാമ്പതി ബിയാട്രീസ് എസ്റ്റേറ്റ് കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഏതെങ്കിലും സര്‍ക്കാര്‍ രേഖയില്‍ വനഭൂമി എന്നു പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശം അതു പാട്ടത്തിനെടുത്തവര്‍ തോട്ടമാക്കി മാറ്റിയാലും വനമായി തുടരുമെന്നും 1980 ലെ വനസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിധിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തോട്ടമാക്കിയ വനഭൂമി എല്ലാം സംരക്ഷിത വനമാണെന്നു കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കൊച്ചി മഹാരാജാവ് ഉണ്ടാക്കിയ കരാര്‍ പോലും മുപ്ളിവാലി വനഭൂമിയാണെന്നതിനു തെളിവാണ് എസ്റ്റേറ്റിന്റെ മേല്‍നോട്ടക്കാരനായി കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തിയത്. ഇത്രയും രേഖകളുടെ പിന്‍ബലമുണ്ടായിട്ടും ഹാരിസണ്‍ അന്യായമായി കൈവശം വച്ചിരിക്കുന്ന വനഭൂമി ഏറ്റെടുക്കാതെ ഭൂമി മുറിച്ചു വില്‍ക്കാനും മറുപാട്ടത്തിനു നല്‍കാനും ഹാരിസണ് കുട പിടിക്കുകയാണ് വനം-റവന്യൂ വകുപ്പുകള്‍.

കടപ്പാട്‌: മംഗളം

ഹാരിസണ്‍ പ്ളാന്റേഷന്‍ നിയമവിരുദ്ധമായി കൈമാറിയ ഭൂമി തിരിച്ചുപിടിക്കും

തിരു: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ പാട്ടവ്യവസ്ഥ ലംഘിച്ച് വില്‍പ്പന നടത്തുകയും ഉപപാട്ടത്തിന് നല്‍കുകയും ചെയ്ത ഇരുപതിനായിരത്തില്‍പ്പരം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കും. ഹാരിസണ്‍ മലയാളം പ്ളാന്റേഷന്റെ വിവിധ എസ്റ്റേറ്റുകളില്‍പ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി വില്‍പ്പന നടത്തിയതായും ഉപപാട്ടത്തിനു നല്‍കിയതായും റെവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മറുപാട്ടത്തിന് നല്‍കിയതുള്‍പ്പെടെയുള്ള ഭൂമിയും കൈയേറിയ റെവന്യുഭൂമിയും പാട്ടക്കരാര്‍ റദ്ദാക്കി തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് റെവന്യുമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.

ഹാരിസണ്‍ പ്ളാന്റേഷന് പാട്ടത്തിനു നല്‍കിയ ഭൂമിയില്‍ ക്രമക്കേട് നടന്നതായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ 2005 ഡിസംബര്‍ 16ന് റെവന്യു സെക്രട്ടറി ജോണ്‍ മത്തായി ചെയര്‍മാനായി ഉന്നതതല സംഘത്തെ നിയോഗിച്ചു. എന്നാല്‍ ആ സര്‍ക്കാരിന്റെ കാലാവധി തീരുംവരെ റിപ്പോര്‍ട്ട് നല്‍കിയില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ ജൂണ്‍ 28നാണ് നിവേദിത പി ഹരന്റെ നേതൃത്വത്തില്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.

ആറു ജില്ലകളിലായി 64,000 ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം പ്ളാന്റേഷന്റെ കൈവശമുണ്ടെന്നാണ് രേഖ. ഇതിനു പുറമെ ആയിരക്കണക്കിന് ഏക്കര്‍ റെവന്യു ഭൂമി ഇവരുടെ പക്കലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൈവശമുള്ളതില്‍ ഏറിയകൂറും പാട്ടക്കരാറിനു വിരുദ്ധമായി മറുപാട്ടത്തിന് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഹാരിസണ് എസ്റ്റേറ്റുള്ളത്. എസ്റ്റേറ്റുകളില്‍ വിശദമായ സര്‍വെ നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കടപ്പാട്‌: ദേശാഭിമാനി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

1 അഭിപ്രായം

Filed under പലവക

One response to “സെപ്റ്റംബര്‍ 29 ശനി

  1. പിങ്ബാക്ക് നമുക്കെന്തിന് റിലന്‍സിനോട്‌ ശത്രുത? « കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )