ഭക്ഷ്യ സുരക്ഷ അപകടത്തില്‍ – ഡോ.തോമസ്‌ വര്‍ഗീസ്‌

ലോക ഭക്ഷ്യ-കാര്‍ഷിക സംഘടന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭക്ഷ്യ സുരക്ഷയെപ്പറ്റി ഒട്ടേറെ ആശങ്കകള്‍ പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളില്‍ 150_ലേറെയും രാജ്യങ്ങളില്‍ വരുന്ന 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യസുരക്ഷ കടുത്ത സമ്മര്‍ദം നേരിടുമെന്നും അതില്‍ 30_ഓളം രാജ്യങ്ങള്‍ പട്ടിണി മരണങ്ങളുടെ ദുരന്തഭൂമിയായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, എല്ലാവര്‍ഷവും ഒക്ടോബര്‍ 16_ന് ലോക ഭക്ഷ്യദിനം ആചരിക്കുമ്പോള്‍ മാത്രമേ നമ്മുടെ ആസൂത്രണ വിദഗ്ധരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ഭക്ഷ്യസുരക്ഷയെപ്പറ്റി സംസാരിക്കാറുള്ളൂ

ഡോ. തോമസ് വര്‍ഗീസ്

”പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും” എന്നായിരുന്നു മലയാളിക്ക് ഭക്ഷ്യ സുരക്ഷയോടുള്ള കാഴ്ചപ്പാട്. എന്നാല്‍ ഇന്നത് അടിമുടി മാറി. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലേയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലേയും ഭക്ഷ്യസുരക്ഷ അപകടത്തിലായിരിക്കുന്നു. ശാസ്ത്ര_സാങ്കേതികവിദ്യകളുടെ പുരോഗതിയോടെ വികസിതരാജ്യങ്ങള്‍ ഭക്ഷ്യധാന്യ ഉല്പാദനത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടോളം ഗണ്യമായ പുരോഗതി നേടിയെങ്കിലും ഇന്ന് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്. ഒരു വശത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത കുറയുമ്പോള്‍ മറുവശത്ത് ഉയര്‍ന്ന വില നല്‍കി ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണവും പെരുകുന്നു.

2007 ജൂലായ് രണ്ടിന് ഒ.ഇ.സി.ഡി.യും (വികസിത രാജ്യങ്ങളുടെ സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സമിതി), ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും സംയുക്തമായി പുറപ്പെടുവിച്ച കാര്‍ഷിക അവലോകനം, വരുവാനിരിക്കുന്ന നാളുകളില്‍ ഭക്ഷ്യരംഗം നേരിടാന്‍ പോകുന്ന അപകടങ്ങളെപ്പറ്റി വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷ്യ ഉത്പന്നങ്ങളുടെ ആഗോള വിപണിയില്‍ അടുത്ത പത്തുവര്‍ഷങ്ങളില്‍ വമ്പിച്ച വിലവര്‍ധന ഉണ്ടാകുമെന്നും ഇതുമൂലം വികസ്വര_അവികസിത രാഷ്ട്രങ്ങളിലെ ഗ്രാമീണവാസികള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുവാനുള്ള സാധ്യതകള്‍ വിരളമായിത്തീരുമെന്നുമാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി പോഷകാഹാരക്കുറവ്മൂലം അതിദയനീയമായിത്തീരുമെന്ന് പഠനം സൂചിപ്പിക്കുന്നു.

ലോക ഭക്ഷ്യ_കാര്‍ഷിക സംഘടന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭക്ഷ്യ സുരക്ഷയെപ്പറ്റി ഒട്ടേറെ ആശങ്കകള്‍ പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളില്‍ 150 ലേറെയും രാജ്യങ്ങളില്‍ വരുന്ന 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭക്ഷ്യസുരക്ഷ കടുത്ത സമ്മര്‍ദം നേരിടുമെന്നും അതില്‍ 30 ഓളം രാജ്യങ്ങള്‍ പട്ടിണി മരണങ്ങളുടെ ദുരന്തഭൂമിയായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, എല്ലാവര്‍ഷവും ഒക്ടോബര്‍ 16_ന് ലോക ഭക്ഷ്യദിനം ആചരിക്കുമ്പോള്‍ മാത്രമേ നമ്മുടെ ആസൂത്രണ വിദഗ്ദ്ധരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ഭക്ഷ്യസുരക്ഷയെപ്പറ്റി സംസാരിക്കാറുള്ളൂ.

നാലുദശകങ്ങള്‍ക്ക് മുമ്പ് ലോക ഭക്ഷ്യകാര്‍ഷിക സംഘടനയിലെ കാര്‍ഷിക വിദഗ്ദ്ധയായ സൂസന്‍ ജോര്‍ജ് രചിച്ച ‘ഹൌ ദി അദര്‍ ഹാഫ് ഡൈസ്’ (How The Other Half Dies) എന്ന ഗ്രന്ഥം ലോകജനതയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന പട്ടിണിയുടെ വ്യാപ്തി തെളിയിക്കുന്ന ഒന്നായിരുന്നു. ആ ഗ്രന്ഥത്തിന്റെ പുറംതാളില്‍ രേഖപ്പെടുത്തിയിരുന്ന വാചകങ്ങള്‍ ഏറെ മനോനൊമ്പരം ഉണ്ടാക്കുന്നവ ആയിരുന്നു. ”ഈ പുസ്തകം വായിച്ചു തീര്‍ക്കാന്‍ നിങ്ങള്‍ക്ക് ഒരുവേള ആറുമണിക്കൂര്‍ വേണ്ടിവന്നേക്കാം. എന്നാല്‍ ആ സമയത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെപ്പേര്‍ പട്ടിണികൊണ്ട് മരിച്ചിരിക്കും”. തുടര്‍ന്നുള്ള വാചകങ്ങള്‍ ശ്രദ്ധേയമാണ്. ”ഈ ഭൂ നൌക ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തമല്ലാത്തതുകൊണ്ടല്ല ഇത്രയേറെപ്പേര്‍ പട്ടിണികൊണ്ട് മരിക്കാന്‍ ഇടയാകുന്നത്. മറിച്ച് ഭക്ഷണം എന്നത് സമ്പന്നരായ വളരെക്കുറച്ചു പേര്‍ നിയന്ത്രിക്കുന്ന ഒരു ചരക്കായതുകൊണ്ടുമാത്രമാണ്.” ലോക ജനത ഇന്ന് അനുഭവിക്കുന്നതും വരാനിരിക്കുന്ന നാളുകളില്‍ അനുഭവിക്കേണ്ടിവരുന്നതുമായ പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും വ്യക്തമാക്കുന്നതാണ് പ്രസ്തുത ഗ്രന്ഥരചയിതാവിന്റെ കുറിപ്പുകള്‍.

ആഹാരം ആയുധമാണെന്ന സത്യം പണ്ടേ തിരിച്ചറിഞ്ഞവരാണ് സാമ്രാജ്യത്വ ശക്തികള്‍. അവരുടെ തണലില്‍ ഇപ്പോള്‍ വളര്‍ന്നു പന്തലിക്കുന്ന ബഹുരാഷ്ട്ര കുത്തകകളായ കാര്‍ഗില്‍, മോണ്‍സാന്റോ, വാള്‍മാര്‍ട്ട് തുടങ്ങിയവരുടെ കൈകളിലാണ് ലോകത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ നിയന്ത്രണം ചെന്നുപെട്ടിരിക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ ആവിര്‍ഭാവത്തോടെ വികസ്വര രാഷ്ട്രങ്ങളിലെ കൃഷിയേയും കര്‍ഷകരെയും തങ്ങളുടെ വരുതിക്കുള്ളിലാക്കാന്‍ കഴിയുമെന്ന് അവര്‍ നിത്യേന തെളിയിച്ചുകൊണ്ടാണിരിക്കുന്നത്. ലോക കാര്‍ഷിക വിപണിയെ നാനാതരത്തില്‍ നിയന്ത്രിക്കുവാന്‍ കഴിവുള്ളവരാണ് ഈ കോര്‍പ്പറേറ്റ് ഭീമന്മാര്‍. ലോക വ്യാപാര സംഘടനയും ലോകബാങ്കും അന്തര്‍ ദേശീയ നാണയനിധിയും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും ഒക്കെ അവരുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുകയാണ്. ആഗോള വിപണിയെ നിയന്ത്രിക്കുന്നത് വഴി ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഇടിച്ചുതാഴ്ത്താനും അമിതശേഖരവും പൂഴ്ത്തിവെപ്പും വഴി കൃത്രിമമായി ചില രാജ്യങ്ങളില്‍ ഭക്ഷ്യ കമ്മി സൃഷ്ടിക്കുവാനും അവര്‍ക്ക് കഴിയുന്നു. പല വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ഒരു സമാന്തര സര്‍ക്കാര്‍ പോലെയാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരം രാജ്യങ്ങളിലെ ആഭ്യന്തര സമ്പദ് വ്യവസ്ഥയേയും സാമൂഹിക ബന്ധങ്ങളെയും വരെ നിയന്ത്രിക്കുവാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചുവരികയാണ്. ഈ അപകടം തിരിച്ചറിഞ്ഞാലേ ലോകം നേരിടുന്ന ഭക്ഷ്യ സുരക്ഷയിലെ ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താനാകൂ.

സാമാന്യ ജനങ്ങള്‍ക്ക് ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യത കുറയുന്നതിന് ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. ഭക്ഷ്യസുരക്ഷയ്ക്ക് ഏറ്റവും കടുത്തഭീഷണി ഉയര്‍ത്തുന്നത് ഭീതിജനകമായ രീതിയില്‍ നടക്കുന്ന ജനസംഖ്യാ സ്ഫോടനമാണ്. ഇതിലേറെയും ഭൂമധ്യരേഖയ്ക്ക് ഇരുവശവും സ്ഥിതി ചെയ്യുന്ന നാല്‍പതിലേറെ ദരിദ്ര രാഷ്ട്രങ്ങളിലാണ് സംഭവിക്കുന്നത്. കാര്യമായ തോതില്‍ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാത്തപക്ഷം മാല്‍ത്യൂസിന്റെ സിദ്ധാന്തം ഇവിടെ യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ രണ്ടു_മൂന്ന് ദശകങ്ങളിലായി ലോക ശ്രദ്ധ ആകര്‍ഷിച്ചു വരുന്ന ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനമാണ് വരും നാളുകളില്‍ ഭക്ഷ്യസുരക്ഷയെ ഏറെ അപകടപ്പെടുത്താന്‍ പോകുന്ന മറ്റൊരു കാരണം. അതിവൃഷ്ടി, അനാവൃഷ്ടി, വരള്‍ച്ച, വെള്ളപ്പൊക്കം, വനനശീകരണം, ജൈവ_വൈവിധ്യ നാശം, മരുവത്കരണം ഇവയെല്ലാം ഭക്ഷ്യസുരക്ഷയ്ക്ക് ഏറെ ആശങ്കള്‍ സൃഷ്ടിക്കും. ഇതിനേക്കാളെല്ലാം പ്രധാനം ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഭാഗമായി പല രാജ്യങ്ങളും നടപ്പാക്കിവരുന്ന നയവ്യതിയാനങ്ങളാണ്. കാര്‍ഷികവൃത്തിയെ വാണിജ്യവത്കരിക്കുക വഴി അപകടത്തിലാകുന്നത് ഭക്ഷ്യഉത്പന്നങ്ങളുടെ ലഭ്യതയാണ്. ഏറ്റവും മുന്തിയ ലാഭം കൊയ്യാന്‍ കഴിയുന്ന വിളകള്‍ പ്രചരിപ്പിക്കുക എന്ന നയവ്യതിയാനം പല രാജ്യങ്ങളിലും ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നു.

ഇതിന് പുറമെ ഈ അടുത്ത കാലത്തായി പ്രചാരം ലഭിച്ചുവരുന്ന ജൈവ ഇന്ധനങ്ങളുടെ ഉത്പാദനവും ഭക്ഷ്യ സുരക്ഷയ്ക്ക് തിരിച്ചടി ആവുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ അമിത വിലവര്‍ധനയും അത്തരം ഉത്പന്നങ്ങളുടെ മേല്‍ ചില രാജ്യങ്ങള്‍ക്കുള്ള കുത്തകയും ജൈവ ഇന്ധനങ്ങളിലേക്ക് തിരിയാന്‍ വികസിത രാജ്യങ്ങളേയും വികസ്വര രാജ്യങ്ങളേയും ഒരുപോലെ പ്രേരിപ്പിച്ചുവരികയാണ്. ധാന്യങ്ങളും പഞ്ചസാരയും ഭക്ഷ്യ എണ്ണയും ഒക്കെ ജൈവ ഇന്ധനമാക്കി മാറ്റുവാനുള്ള സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചു കഴിഞ്ഞു. അമേരിക്കയില്‍ മക്കച്ചോളവും (Corn), ബ്രസീലില്‍ പഞ്ചസാരയും യൂറോപ്പില്‍ ഗോതമ്പും ‘ബയോ ഇത്തനോള്‍’ ഉത്പാദനത്തിന് വന്‍തോതില്‍ ഉപയോഗിക്കുമ്പോള്‍, ജര്‍മനിയിലും ഫ്രാന്‍സിലും എണ്ണക്കുരുക്കള്‍ (Rapeseed) ജൈവഡീസല്‍ ഉണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്കുമതിയുടെ നിലവാരത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതനുസരിച്ച് ബ്രസീല്‍ പഞ്ചസാരയുടെയും ഭക്ഷ്യ എണ്ണയുടെയും, മാംസത്തിന്റെയും, അര്‍ജന്റീന ധാന്യങ്ങളുടെയും പാല്‍ ഉത്പന്നങ്ങളുടെയും റഷ്യയും ഉക്രയിനും പരുക്കന്‍ ധാന്യങ്ങളുടെയും വിയറ്റ്നാം, തായ്ലാന്റ് എന്നിവ അരിയുടെയും ഇന്‍ഡൊനീഷ്യയും മലേഷ്യയും ഭക്ഷ്യ എണ്ണയുടെയും തായ്ലാന്‍ഡ്, മലേഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറച്ചിക്കോഴിയുടെയും മുട്ടയുടെയും കയറ്റുമതിയില്‍ മുമ്പന്മാരായി തീരുമെന്നാണ് കണക്കുകൂട്ടല്‍.

ഓ.ഈ.സി.ഡി_എഫ്.ഏ.ഒ. 2007_08_ലെ പഠന റിപ്പോര്‍ട്ടില്‍ ഇന്ത്യയെപ്പറ്റി ഏറെ പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി കേവലം 2.2 ശതമാനം മാത്രം കാര്‍ഷിക വളര്‍ച്ചനിരക്കില്‍ ഒതുങ്ങുന്ന ഇന്ത്യയുടെ സ്ഥിതി, ഇന്നത്തെ നിലയില്‍, വരുംനാളുകളില്‍ ഏറെ മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തേക്കാള്‍ പതിന്‍മടങ്ങ് ആവശ്യകത ഏറിവരുന്ന ചുറ്റുപാടില്‍ സാധാരണക്കാരന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത വിലവര്‍ധന ഉണ്ടാകുമെന്നാണ് പഠനം നല്‍കുന്ന സൂചന. ഇതുമൂലം മെച്ചപ്പെട്ട ആഭ്യന്തര വളര്‍ച്ചനിരക്ക് രാജ്യം നേരിടുമ്പോള്‍ തന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷണം ഒരു കിട്ടാക്കനിയായി മാറുമെന്ന് ഉറപ്പാണ്.

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ ഗോതമ്പിന്റെ വിലയിലുണ്ടായ വര്‍ധന തന്നെ ഈ കാര്യത്തിന് മതിയായ തെളിവാണ്. രാജ്യത്തിലെ ഗോതമ്പ് ഉത്പാദനം 74 ദശലക്ഷം ടണ്ണില്‍ നിന്നും അരി ഉത്പാദനം 92 ദശലക്ഷം ടണ്ണില്‍ നിന്നും ഗണ്യമായി ഉയര്‍ത്തിയാലല്ലാതെ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനാകില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടണ്ണിന് 12000_ല്‍ ഏറെ രൂപ വില നല്‍കി 55 ലക്ഷം ടണ്‍ ഗുണനിലവാരം കുറഞ്ഞ ഗോതമ്പ് ഓസ്ട്രേലിയയില്‍ നിന്നും കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടിവന്ന ഗതികേടില്‍ നിന്നു ഇന്നത്തെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, ടണ്ണിന് 389 അമേരിക്കന്‍ ഡോളര്‍ (16000 രൂപ) നല്‍കി ഈ വര്‍ഷം ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കരാര്‍ നല്‍കിയിരിക്കുകയുമാണ്.

ആസൂത്രണ കമ്മീഷന്റെ വിലയിരുത്തല്‍തന്നെ, സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കാര്യമായി ഇടപെടാതിരുന്നതുകൊണ്ടാണ് 1980 മുതല്‍ 1997 വരെ മേല്‍പ്പോട്ടായിരുന്ന കാര്‍ഷിക വളര്‍ച്ച കഴിഞ്ഞ പത്തുവര്‍ഷമായി കുത്തനെ കുറഞ്ഞത് എന്നാണ്. ഇപ്പോള്‍ നാലു ശതമാനം കാര്‍ഷിക വളര്‍ച്ചനിരക്ക് ലക്ഷ്യമിടുമ്പോള്‍ അതിനുള്ള ക്രിയാത്മകമായ നടപടികള്‍ കേന്ദ്ര_സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തപക്ഷം ഈ സ്ഥിതി വീണ്ടും പരുങ്ങലിലാകും. ആഗോള വില നിലവാരം അസ്ഥിരമായി തുടരുമ്പോള്‍ വില സ്ഥിരത ഉറപ്പുവരുത്താതെ ഉത്പാദന വര്‍ധനയുടെ ലക്ഷ്യം നേടാനാവില്ല. സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി കാര്‍ഷികോത്പാദനം കൂട്ടുകയാണ് നാലു ശതമാനം വളര്‍ച്ച എന്ന ലക്ഷ്യം നേടുന്നതിന് ആസൂത്രണക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന പ്രധാന മാര്‍ഗം. എന്നാല്‍ സാങ്കേതിക വിദ്യ കര്‍ഷകരില്‍ എത്തിച്ചേരണമെങ്കില്‍ കാര്‍ഷിക രംഗത്തെ മുതല്‍ മുടക്ക് ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമെങ്കിലും ആകണം. ഇപ്പോള്‍ ഇത് 0.7 ശതമാനം ആണ്.

വളരെ വൈകി ആണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷയെപ്പറ്റി ഗൌരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ആശയ്ക്ക് വകനല്‍കുന്നു. വിവിധ സംസ്ഥാനങ്ങളിലായി അരിയുടെയും ഗോതമ്പിന്റെയും എണ്ണക്കുരുക്കളുടെയും ഉത്പാദന വര്‍ധനയ്ക്ക് വേണ്ടി ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്റെ കീഴില്‍ 25,000 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഈ പദ്ധതി മൂലം വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ദശലക്ഷം ടണ്‍ അരിയും എട്ടു ദശലക്ഷം ടണ്‍ ഗോതമ്പും രണ്ടു ദശലക്ഷം ടണ്‍ എണ്ണക്കുരുക്കളും അധികമായി ഉത്പാദിപ്പിക്കാമെന്ന ആസൂത്രണ കമ്മീഷന്റെ മോഹം ഇന്നത്തെ സാഹചര്യത്തില്‍ പൂവണിയുമോ എന്ന് കണ്ടുതന്നെ അറിയണം. കരാര്‍ കൃഷിക്കും വിത്തു പരിഷ്കരണത്തിനും മുന്‍തൂക്കം നല്‍കുന്ന പ്രസ്തുത പദ്ധതി ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണ കര്‍ഷകര്‍ക്ക് താങ്ങാകുവാന്‍ ഇടയില്ല. ജൈവ വൈവിധ്യം നിലനിര്‍ത്തിയും പരമ്പരാഗത ജലസ്രോതസ്സുകളെ സമ്പുഷ്ടമാക്കിയും നാട്ടറിവുകളെ പ്രയോജനപ്പെടുത്തിയും മണ്ണിന്റെ വളക്കൂറും ജീവനും നിലനിര്‍ത്തുന്ന ഒരു സുസ്ഥിര, സമ്മിശ്ര കൃഷി സമ്പ്രദായം (കാലി, കോഴി, മത്സ്യം വളര്‍ത്തല്‍ ഉള്‍പ്പെടെ) നടപ്പിലാക്കിയും കാര്യക്ഷമമായി താങ്ങുവിലയും ഇറക്കുമതി നിയന്ത്രണങ്ങളും വില സ്ഥിരതയും വിപണിയില്‍ ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിലെ ആശങ്കകള്‍ നീക്കാനാവൂ.

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയിലെ ആശങ്കകള്‍ പരിഗണിക്കുമ്പോള്‍ വളരെ ഏറെ ഗൌരവമായ സ്ഥിതിയാണ് കേരള സംസ്ഥാനത്തും ഉള്ളത്. മൊത്തം 40 ലക്ഷം ടണ്‍ അരി ഒരു വര്‍ഷം ആവശ്യമുള്ളിടത്ത് കേവലം അഞ്ചു ലക്ഷം ടണ്‍ മാത്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ എങ്കിലും നിലനിര്‍ത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിയേ തീരൂ. നെല്‍കൃഷി ഒരു നഷ്ടക്കച്ചവടമാണെന്ന സത്യം അംഗീകരിച്ച് എല്ലാവിധ സാങ്കേതിക_സാമ്പത്തിക സഹായങ്ങളും നല്‍കി നെല്‍കര്‍ഷകരെ പാടങ്ങളില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുന്ന നടപടികളാണ് വേണ്ടത്.

കടപ്പാട്‌: മാത്രുഭൂമി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

1 അഭിപ്രായം

Filed under പലവക

One response to “ഭക്ഷ്യ സുരക്ഷ അപകടത്തില്‍ – ഡോ.തോമസ്‌ വര്‍ഗീസ്‌

  1. പിങ്ബാക്ക് നമുക്കെന്തിന് റിലന്‍സിനോട്‌ ശത്രുത? « കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w