സെപ്റ്റംബര്‍ 28 വെള്ളി

കുട്ടനാടിന് 1840 കോടിയുടെ പാക്കേജ്
ന്യൂദല്‍ഹി: കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ആലപ്പുഴ ജില്ലക്ക് അടിയന്തര സഹായമായി 50 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

കുട്ടനാട് മേഖലയുടെ കാര്‍ഷിക പുരോഗതിക്ക് സ്വാമിനാഥന്‍ കമീഷന്‍ മുന്നോട്ടുവെച്ച 1,839.75 കോടി രൂപയുടെ ദീര്‍ഘകാല പാക്കേജ് തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിലെയും ബന്ധപ്പെട്ട കേന്ദ്ര^സംസ്ഥാന വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിക്ക് സമഗ്ര റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് തുടര്‍നടപടി സ്വീകരിക്കും. നിലവിലെ കേന്ദ്ര^സംസ്ഥാന പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യേക ധനസഹായം അനുവദിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ കാര്‍ഷിക പാക്കേജില്‍ അധിക സഹായ പദ്ധതികള്‍ ഉള്‍പ്പെടുത്തും.

തണ്ണീര്‍മുക്കം ബണ്ട് നവീകരണം, നെല്ല്, തെങ്ങ്, മത്സ്യകൃഷി വിപുലീകരണം എന്നിങ്ങനെ കുട്ടനാടിന്റെ കാര്‍ഷിക വികസനത്തിനും മലിനീകരണ പ്രശ്നങ്ങള്‍ ഒഴിവാക്കി ജൈവസമ്പത്ത് നിലനിര്‍ത്തുന്നതിനും നിരവധി ശിപാര്‍ശകള്‍ അടങ്ങുന്നതാണ് സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട്. ഇപ്പോള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന 50 കോടികൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്‍ഷിക സഹായ പദ്ധതികളുടെ വിശദ റിപ്പോര്‍ട്ടും നല്‍കണം.

പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഉടനടി നല്‍കാന്‍ കഴിയുന്ന സഹായത്തിന് വേണ്ടിയാണ് ഈ തുക.
സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ആറിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിരുന്നു. ഇതില്‍ കേരളത്തില്‍നിന്ന് ആരും പങ്കെടുത്തില്ല. യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇന്നലെ യോഗം വിളിച്ചത്. കാര്‍ഷികോല്‍പാദന കമീഷണര്‍ കെ. ജയകുമാര്‍, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍ എന്നിവരും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കൃഷി, ധന, പരിസ്ഥിതി, ജലവിഭവ മന്ത്രാലയങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കടപ്പാട്‌: മാധ്യമം


ഇന്ന് പ്ളാസ്റ്റിക് പെറുക്കല്‍ ദിനം

തിരു: സംസ്ഥാനത്തെ പ്ളാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പ്ളാസ്റ്റിക് പെറുക്കല്‍ ദിനമായി ആചരിക്കുന്നു.

വിവിധ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയപ്പെട്ടു കിടക്കുന്ന പ്ളാസ്റ്റിക് അവശിഷ്ടങ്ങളെല്ലാം ശേഖരിക്കണം. ഓരോ വ്യക്തിയും അവരുടെ വീടും പറമ്പും കൃഷിസ്ഥലവും പ്ളാസ്റ്റിക് മാലിന്യ വിമുക്തമാക്കണം.

ആശുപത്രികളും പ്ളാസ്റ്റിക് വിമുക്തമാക്കി
തിരു: സംസ്ഥാനത്തെ പ്ളാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കാന്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച സര്‍ക്കാര്‍ ആശുപത്രികളിലെ പ്ളാസ്റ്റിക് അടക്കമുള്ള ചപ്പുചവറുകള്‍ നീക്കി. വെള്ളിയാഴ്ച പ്ളാസ്റ്റിക് പെറുക്കല്‍ ദിനമാണ്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളും പരിസരവുമാണ് നഗരസഭാ ജീവനക്കാരും ആശുപത്രിജീവനക്കാരും ചേര്‍ന്ന് ശുചീകരിച്ചത്. പ്ളാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള ബോര്‍ഡുകളും സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രികളുടെ ശുചീകരണം മേയര്‍ സി ജയന്‍ബാബു ഉദ്ഘാടനം ചെയ്തു. നൂറോളം ആര്‍ട്ട് ഓഫ് ലീവിങ് പ്രവര്‍ത്തകര്‍ ശുചീകരണത്തിനെത്തി.

ബുധനാഴ്ച ആരംഭിച്ച ശുചീകരണം ഒക്ടോബര്‍ എട്ടുവരെ നീളും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 29നും വാണിജ്യസ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, കല്ല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ മുതലായവ 30നും ശുചീകരിക്കും. ജലവിഭവങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ ഒക്ടോബര്‍ ഒന്നിന്് മാലിന്യവിമുക്തമാക്കും. ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തനം വിലയിരുത്തലും പ്രഖ്യാപനവും നടക്കും. ഒക്ടോബര്‍ രണ്ട്, എട്ട് തീയതികള്‍കൂടി പ്ളാസ്റ്റിക് ശേഖരണത്തിനായി നീക്കിവയ്ക്കാന്‍ തദ്ദേശഭരണവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ വെട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തുഞ്ചല്‍ മെമ്മോറിയല്‍ കോളേജിലെ 150 എന്‍എസ്എസ് വളന്റിയര്‍മാര്‍ശുചീകരണം ഏറ്റെടുത്ത് മാതൃകയായി.
കടപ്പാട്‌: ദേശാഭിമാനി

ഹാരിസണ്‍ ഭൂമി ഇടപാടില്‍ വന്‍ ക്രമക്കേട്
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ ആറു ജില്ലകളില്‍ നടത്തിയ ഭൂമി ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നതായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ കണ്ടെത്തി.
പാട്ടഭൂമി മറിച്ചുവിറ്റതിലും ഉപപാട്ടത്തിനു നല്‍കിയതിലും വ്യാപകമായ ചട്ടലംഘനം നടന്നതായാണ് കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നലെ രാവിലെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്‍ റവന്യുമന്ത്രി കെ.പി.രാജേന്ദ്രനു റിപ്പോര്‍ട്ട് കൈമാറി. തുടര്‍ന്ന് വനം, റവന്യു മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കി. അടുത്ത മന്ത്രിസഭായോഗം റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഹാരിസണ്‍ മലയാളംപ്ളാന്റേഷന് ഭൂമി ഉള്ളത്. ഔദ്യോഗികരേഖകള്‍ പ്രകാരം 60,000 ഏക്കര്‍ ഭൂമിയാണ് ഇവര്‍ക്കുള്ളതെങ്കിലും കൈയേറ്റത്തിലൂടെയും മറ്റുമായി പതിനായിരം ഏക്കറോളം ഭൂമി ഇപ്പോള്‍ അധികമായി ഇവര്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയേറ്റ ഭൂമിയുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ഓരോ ജില്ലയിലെയും ഇവരുടെ എസ്റ്റേറ്റുകളില്‍ വിശദമായ സര്‍വ്വേ നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.
പാട്ട വ്യവസ്ഥകള്‍ പാടേ ലംഘിച്ചാണ് ഇടപാടുകള്‍ പലതും നടത്തിയിരിക്കുന്നത്. ഉപപാട്ടത്തിനു നല്‍കിയ ഭൂമിയില്‍ സര്‍ക്കാര്‍മിച്ചഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹാരിസണ്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതി ഉന്നയിച്ചത് മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദനായിരുന്നു. ആരോപണത്തെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ 2005 ഡിസംബര്‍ 16ന് അന്വേഷണ കമ്മിഷനെ നിയമിച്ചു. എന്നാല്‍, സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു മുമ്പ് റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 28ന് സമിതി പുനഃസംഘടിപ്പിച്ചു. ആറു ജില്ലകളിലെയും കളക്ടര്‍മാര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ വനംവകുപ്പ് കണ്‍സര്‍വേറ്റര്‍മാര്‍, സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരടങ്ങുന്നതാണ് സമിതി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ ഏറെയും വയനാട് ജില്ലയിലെ വൈത്തിരി ലാന്‍ഡ് ട്രൈബ്യൂണല്‍ മുമ്പാകെ ആയിരുന്നതിനാല്‍ രേഖകള്‍ കണ്ടെത്താനുള്ള ചുമതല അന്നത്തെ വയനാട് കളക്ടര്‍ ആയിരുന്ന ഷര്‍മ്മിള മേരി ജോസഫിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നു.
കടപ്പാട്‌: കേരളകൗമുദി


ഹാരിസണ്‍ മലയാളം: അധികഭൂമി കൈവശപ്പെടുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് പാട്ടഭൂമി മറിച്ചു വിറ്റതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെക്രട്ടറി റവന്യൂ- വനംവകുപ്പ് മന്ത്രിമാര്‍ക്ക് കൈമാറി. മിച്ചഭൂമി ഉള്‍പ്പെടെയുള്ള അധികഭൂമിയാണ് കൈവശപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിതിരിച്ചു പിടിക്കാനും വിശദമായ അന്വേഷണം നടത്താനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
കടപ്പട്‌: ദീപിക

ഹാരിസണ്‍ 12,500 ഏക്കര്‍ മറിച്ചുവിറ്റു

തിരുവനനന്തപുരം: ഏഴു ജില്ലകളിലായി ഹാരിസണ്‍ കമ്പനി പാട്ടത്തിനെടുത്ത ഭൂമിയും അതിനോടുചേര്‍ന്ന റവന്യൂഭൂമിയും മറിച്ചുവിറ്റതായി ഒടുവില്‍ സര്‍ക്കാരും സമ്മതിച്ചു. മാസങ്ങള്‍ക്കു മുമ്പ് മംഗളമാണ് ഈ ഭൂമി കുംഭകോണം കണ്െടത്തിയതും റിപ്പോര്‍ട്ട് ചെയ്തതും.

മംഗളം നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ നിയോഗിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാരിനെ ഞെട്ടിച്ച വെട്ടിപ്പു പുറത്തായത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ റവന്യൂ മന്ത്രിക്കു കൈമാറി. ഹാരിസണ്‍ കമ്പനി പാട്ടത്തിനെടുത്ത ഭൂമിയില്‍ 12,500 ഏക്കര്‍ മറിച്ചുവിറ്റതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാട്ടവ്യവസ്ഥകള്‍ കമ്പനി വ്യാപകമായി ലംഘിച്ചു. സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമിയുടെ മൂന്നിലൊന്നിനു പോലും ഹാരിസണ്‍ കമ്പനിക്ക് അവകാശമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 59,000 ഏക്കറാണ് ഹാരിസന്റെ കൈവശമുണ്ടായിരുന്നത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലെ പാട്ടഭൂമിയാണ് മറിച്ചുവിറ്റത്. കോട്ടയത്തെ ചെറുവള്ളി, കൊല്ലത്തെ തെന്മല, ഇടുക്കിയിലെ ബോയ്സ് എന്നിവ പൂര്‍ണമായും വിറ്റു. ഹാരിസണ്‍ തോട്ടങ്ങളോട് ചേര്‍ന്നു കൈയേറിയ റവന്യൂഭൂമിയും മറിച്ചുവിറ്റു. വിശദമായ സര്‍വേ പരിശോധന നടത്തിയാല്‍ മാത്രമേ കൈയേറ്റഭൂമിയുടെ യഥാര്‍ഥ കണക്ക് ലഭിക്കൂ. 2004, 2005 വര്‍ഷങ്ങളിലാണ് കൈയേറ്റവും വില്‍പനും നടന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഭരണാധികാരികളുടേയും അറിവോടെയാണ് കൈമാറ്റം നടന്നത്.

മിച്ചഭൂമി സംബന്ധിച്ച കേസുകളില്‍പ്പെട്ടവയും മറിച്ചു വിറ്റിട്ടുണ്ട്. റവന്യൂ നിയമപ്രകാരം ലാന്‍ഡ് ട്രിബ്യൂണല്‍ കേസുകളില്‍ കുടുങ്ങിയ ഭൂമി വില്‍ക്കാനോ പോക്കുവരവ് ചെയ്യാനോ പാടില്ല. ഇതു ലംഘിച്ചായിരുന്നു ഇടപാടുകള്‍. തൃശൂര്‍ ജില്ലയില്‍ മാത്രം 400 ഏക്കര്‍ മിച്ചഭൂമി കൈയേറി പാട്ടത്തിനു നല്‍കിയിട്ടുണ്ട്.

ഭൂമിയിടപാടിന്റെ രേഖകളെല്ലാം വില്ലേജ്, താലൂക്ക് ഓഫീസുകളില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. ഹാരിസണ്‍ പാട്ടത്തിനെടുത്ത കാലത്തെ ആധാരങ്ങളാണ് നഷ്ടപ്പെട്ടത്. ഇവ നശിപ്പിച്ചതാകാമെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ട്. 1908 മുതലുള്ള ആധാരങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങില്‍നിന്നു പഴയ ആധാരങ്ങള്‍ കണ്െടത്തി. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഹാരിസണ്‍ കേരളത്തില്‍ ഭൂമി പാട്ടത്തിനെടുത്തത്. വിവിധ കമ്പനികളുടെ പേരിലായിരുന്നു ഇത്. ഇക്കാലയളവില്‍ പാട്ടത്തിനെടുത്തവരുടെ പക്കല്‍നിന്നും മേല്‍പ്പാട്ടത്തിനും കമ്പനി ഭൂമിയെടുത്തു. പിന്നീട് വിവിധ പേരുകളിലുള്ള കമ്പനികള്‍ ഏകോപിപ്പിച്ച് ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍സ് എന്ന കമ്പനി രൂപീകരിച്ചപ്പോള്‍ പാട്ടഭൂമിയെല്ലാം ഈ കമ്പനിയുടെ പേരിലാക്കി. ഈ ആധാരം ഉപയോഗിച്ചാണ് മറിച്ചുവില്‍പന നടത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടപ്പാട്‌: മംഗളം

മെര്‍ക്കിസ്റ്റണ്‍ ഇടപാട്: വിജി. അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. വിജിലന്‍സ് എസ്പി: എസ്. ജോഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി: സുരേഷ് ബാബു, ഇന്‍സ്പെക്ടര്‍മാരായ ആര്‍.ഡി. അജിത്, എസ്. സുനില്‍കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി. അഡീഷനല്‍ ഡിജിപി: സിബി മാത്യൂസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. ഇടപാടുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ എല്ലാ രേഖകളും ശേഖരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്ക് ഉടന്‍ കത്തു നല്‍കും.

സേവി മനോ മാത്യുവും ഐഎസ്ആര്‍ഒയും തമ്മില്‍ നടന്ന വനഭൂമി കച്ചവടമാണ് അന്വേഷണ വിഷയത്തില്‍ പ്രധാനം. എന്നാല്‍, ഐഎസ്ആര്‍ഒയുടെ കൈവശമുള്ള രേഖകള്‍ പരിശോധിക്കാനോ, അവരുടെ ഉദ്യോഗസ്ഥരില്‍നിന്ന് തെളിവുശേഖരിക്കാനോ സംസ്ഥാന വിജിലന്‍സിനു കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ കേരള സര്‍ക്കാരിന്റെ വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ അവര്‍ രേഖകള്‍ നല്‍കുകയുമില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. അതേസമയം, മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫിസും ഉള്‍പ്പെട്ട ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയതു സംഘത്തിന് ആശ്വാസമായി.
കടപ്പാട്‌: മനോരമ

സര്‍ക്കാര്‍ ഭൂമിക്ക് പാട്ടം പുതുക്കും; കുടിശ്ശികക്കാരുടെ പാട്ടം റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമി ഓരോന്നിന്റെയും സ്വഭാവമനുസരിച്ച് തരംതിരിക്കുന്നതിനും പാട്ടനിരക്ക് പുതുക്കുന്നതിനും തീരുമാനമായി. പാട്ടക്കുടിശ്ശികയുള്ള കേസ്സുകളില്‍ അവ പിരിച്ചെടുക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതിന് സമാന്തരമായാണ് പാട്ടഭൂമി ഇനംതിരിച്ച് പാട്ടനിരക്ക് വര്‍ധിപ്പിക്കാനും നടപടിയെടുക്കുന്നത്. കുടിശ്ശിക നല്‍കാത്ത കേസ്സുകളില്‍ പാട്ടം റദ്ദുചെയ്ത് ഭൂമി ഏറ്റെടുക്കാനും നടപടികള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ മാസ്റ്റര്‍ പ്ലാനിനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

നിലവില്‍ ഭൂവിസ്തൃതി മാനദണ്ഡമാക്കാതെ, എല്ലാ സ്ഥലങ്ങള്‍ക്കും ഒരേ വ്യവസ്ഥകള്‍ ബാധകമായ നിയമമാണുള്ളത്. പാട്ടഭൂമിയുടെ ഉപയോഗത്തിന്റെ സ്വഭാവമനുസരിച്ച് അവ തരംതിരിക്കുന്നതിന് നിയമഭേദഗതി ചെയ്യേണ്ടതുണ്ട്. പാട്ടഭൂമിയുടെ തരംതിരിവിനും അനന്തരനടപടികള്‍ക്കും മന്ത്രിസഭായോഗം അനുമതി നല്‍കി.

എട്ടിനങ്ങളിലായാണ് പാട്ടഭൂമിയുടെ തരംതിരിവ് നടക്കുക.

1. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഉപയോഗിക്കുന്നവ.

2. ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവ.

3. സ്ഥലം പാട്ടത്തിനെടുത്ത് വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവ.

4. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം.

5. പാട്ടത്തിന് നല്‍കിയ സ്ഥലം മുഴുവന്‍ ഉപയോഗിക്കാതെ തരിശായി കിടക്കുന്നവ.

6. പാട്ടസ്ഥലം ഒട്ടും ഉപയോഗിക്കാതെ തരിശിട്ടിരിക്കുന്നവ.

7.അനുവദിച്ച ഉദ്ദേശത്തിനായി ഉപയോഗിക്കാതെ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവ.

8. സര്‍ക്കാര്‍ സ്ഥലം പാട്ടത്തിനെടുത്ത് മറിച്ച് വില്‍ക്കുകയോ, കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തവ.

2007 ആഗസ്ത് 31ന് പാട്ടത്തിന് കുടിശ്ശികയുള്ളവര്‍ക്ക് ഇതിനോടകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. പാട്ടവ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് പാട്ടം റദ്ദുചെയ്യുന്നതിനും നോട്ടീസ് നല്‍കി.

ലാന്റ് റവന്യു കമ്മീഷണര്‍ രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള ചുമതല. നടപടികള്‍ തുടങ്ങുമ്പോള്‍ വരാവുന്ന നിയമക്കുരുക്കുകള്‍ നേരിടാന്‍ പ്രത്യേക അഭിഭാഷകരെ വേണ്ടിവന്നാല്‍ നിയമിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തുമുള്ള സര്‍ക്കാര്‍ പാട്ടഭൂമിയുടെ വിവരങ്ങളും അവയുമായി ബന്ധപ്പെട്ട കേസ്സുകളും കുടിശ്ശികയുമടങ്ങുന്ന വിശദമായ പട്ടികയ്ക്ക് റവന്യു വകുപ്പ് രൂപം നല്‍കി.

സംസ്ഥാനത്താകെ 6359 കേസ്സുകളിലായി 501218 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. പാട്ടം കുടിശ്ശികയിനത്തില്‍ 57.46 കോടി രൂപ സര്‍ക്കാരിന് കിട്ടാനുണ്ട്. ഇതില്‍ 33 കോടിയില്‍പരം രൂപ കോടതി സ്റ്റേയില്‍ കിടക്കുകയാണ്. കുടിശ്ശികയുള്ള കേസ്സുകള്‍ 2227 എന്നാണ് കണക്കാക്കുന്നത്. ഇവയില്‍ 1976 എണ്ണത്തിന്റെ കാലാവധി കഴിഞ്ഞതാണ്. ഈ കേസ്സുകളില്‍ പാട്ടം റദ്ദുചെയ്യാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ ഭൂമി വീണ്ടെടുക്കലിന്റെ ഭാഗമായി 400 കോടിയുടെ സ്വത്ത് വീണ്ടെടുക്കാനായെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തല്‍.

കലണ്ടര്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഭൂമി
വീണ്ടെടുക്കും_ മന്ത്രി രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത ഉദ്ദേശ്യത്തില്‍നിന്ന് മാറി വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നവരുടെ പക്കല്‍നിന്ന് സ്ഥലം വീണ്ടെടുക്കുമെന്ന് റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. ഇതേസമയം കുടിശ്ശിക വരുത്താതെ, സര്‍ക്കാര്‍ ഭൂമി ചട്ടങ്ങള്‍ക്ക് വിധേയമായി ഉപയോഗിക്കുന്നവരെ ബുദ്ധിമുട്ടിക്കുകയുമില്ല. അധികമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ സ്വമേധയാ തിരിച്ചേല്പിക്കണം. കലണ്ടര്‍ നിശ്ചയിച്ചാണ് ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്വത്തില്‍ ഭൂമി വീണ്ടെടുക്കല്‍ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കടപ്പാട്‌: മാത്റുഭൂമി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w