സെപ്റ്റംബര്‍ 24 തിങ്കള്‍

ഹവാലപ്പണവുമായി മുന്‍ മന്ത്രിയുടെ മകനും സംഘവും ഭൂമി വാങ്ങിക്കൂട്ടുന്നു

തിരുവനന്തപുരം: ഹവാലപ്പണം ഉപയോഗിച്ചു സിനിമാനിര്‍മാതാവും മുന്‍മന്ത്രിയുടെ മകനും ഭൂമി വാങ്ങിക്കൂട്ടി. കോണ്‍ഗ്രസിലെ പ്രമുഖനായ മുന്‍മന്ത്രിയുടെ മകനും തൃശൂരില്‍നിന്നുള്ള സിനിമാ നിര്‍മാതാവുമാണു തിരുവനന്തപുരം ടെക്നോ പാര്‍ക്കിനു സമീപം കോടികള്‍ വിലമതിക്കുന്ന 750 ഏക്കറോളം വാങ്ങിക്കൂട്ടിയത്. ടെക്നോപാര്‍ക്കിന്റെ പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഭൂമി മാഫിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഐ.ജി. വിന്‍സന്‍ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പള്ളിപ്പുറത്തെ നിര്‍ദിഷ്ട ടെക്നോ സിറ്റിക്കു വേണ്ടി വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന 500 ഏക്കര്‍ ഭൂമിക്കു ചുറ്റുപാടുമുള്ള വസ്തുക്കള്‍ ഭൂമി മാഫിയ വാങ്ങിക്കൂട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്ന മംഗലപുരം പഞ്ചായത്തില്‍പ്പെട്ട 300 ഏക്കറോളം തൃശൂരില്‍നിന്നുള്ള സിനിമാ നിര്‍മാതാവ് കൈവശപ്പെടുത്തിക്കഴിഞ്ഞു. ടെക്നോ സിറ്റി പള്ളിപ്പുറത്തു സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇക്കാര്യം അറിഞ്ഞ ചില പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ സഹായത്തോടെ ഏക്കറുകണക്കിനു ഭൂമി തരപ്പെടുത്താല്‍ ഈ ലോബി നീക്കം നടത്തിയിരുന്നു. മൂവായിരം രൂപ മാത്രം വിലയുണ്ടായിരുന്ന പാടങ്ങള്‍ മുപ്പതിനായിരവും അതിലധികവും നല്‍കി ഇവര്‍ സ്വന്തമാക്കി. റവന്യൂ ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായിച്ചു. അതുകൊണ്ടാണു സര്‍ക്കാര്‍ ഏറ്റെടുക്കാനിന്ന ഭൂമിപോലും ഇവര്‍ കൈക്കലാക്കിയത്. സെന്റിന് ഏഴു ലക്ഷമെന്ന നിരക്കിലാണു മംഗലപുരം ജംഗ്ഷനു സമീപത്തുള്ള ഒരേക്കറോളം ഭൂമി എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കരാര്‍ ഉറപ്പിച്ചത്.
കടപ്പാട്‌: മംഗളം

60,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ്
എം. എം. സുബൈര്‍
തിരുവനന്തപുരം : യു.ഡി. എഫ് ഗവണ്‍മെന്റിന്റെ കാലത്ത് അന്യാധീനപ്പെട്ട 60,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. 2000 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പുറപ്പെടുവിച്ചതും പിന്നീട് കാലഹരണപ്പെട്ടതുമായ കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഒഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) എന്ന ഓര്‍ഡിനന്‍സ് ചില്ലറ ഭേദഗതികളോടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിസഭ നിര്‍ദ്ദേശിച്ച പ്രകാരം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നിയമവകുപ്പ് സെക്രട്ടറി പി. എസ്. ഗോപിനാഥന്‍ ഓര്‍ഡിനന്‍സിന്റെ കരടിന് രൂപം നല്‍കി. മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഓര്‍ഡിനന്‍സിന് പൂര്‍ണരൂപമാകും. മന്ത്രിസഭയുടെ അംഗീകാരത്തോടെ വിജ്ഞാപനത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കും.
ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുമ്പോള്‍ പൊന്മുടിയിലെ വിവാദഭൂമിയായ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും സര്‍ക്കാരിന്റേതായി മാറും. 2000 ലെ ഓര്‍ഡിനന്‍സ് പ്രകാരമാണ് പരിസ്ഥിതി പ്രാധാന്യമുള്ള 60,000 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്. ഈ ഓര്‍ഡിനന്‍സ് പിന്നീടുവന്ന യു.ഡി. എഫ് സര്‍ക്കാര്‍ നിയമമാക്കിയില്ല. അങ്ങനെ കാലഹരണപ്പെട്ട ഓര്‍ഡിനന്‍സിലെ ചില വ്യവസ്ഥകള്‍ മാറ്റിയും വന്‍കിട തോട്ടമുടമകള്‍ക്ക് അനുകൂലമാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയും 2003ല്‍ യു.ഡി. എഫ് ഗവണ്‍മെന്റ് പുതിയ നിയമം കൊണ്ടുവന്നു. എല്‍.ഡി. എഫ് സര്‍ക്കാര്‍ നിക്ഷിപ്തമാക്കിയ 60,000 ഏക്കര്‍ ഭൂമി ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂവുടമകള്‍ക്ക് തിരിച്ചുകിട്ടി. ഇങ്ങനെ കിട്ടിയ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളായ ബിര്‍ള കമ്പനി സേവി മനോ മാത്യൂവിന് വില്‍ക്കുകയായിരുന്നു. 2000 ലെ ഓര്‍ഡിനന്‍സില്‍ പറഞ്ഞിട്ടുള്ള ‘വനം’ എന്നതിന് പുതിയ നിര്‍വചനം ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. റദ്ദാക്കലും ഒഴിവാക്കലും എന്ന ഭാഗത്ത് സര്‍ക്കാരില്‍ വനഭൂമി നിക്ഷിപ്തമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും ഉള്‍പ്പെടുത്തും. മുന്‍ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഇരുപതും നാല്പതും സെന്റ് ഭൂമിയുള്ള ചെറുകിട കര്‍ഷകരും ഉള്‍പ്പെട്ടിരുന്നു. ഇവരെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ദ്രോഹിക്കുന്നുവെന്നാണ് യു.ഡി. എഫ് സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. ഈ ചെറുകിട കര്‍ഷകരെ രക്ഷിക്കാനെന്നപേരില്‍ യു.ഡി. എഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവരികയായിരുന്നു. എന്നാല്‍ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് അവര്‍ രൂപം നല്‍കിയതുമില്ല.

കടപ്പാട്‌: കേരളകൗമുദി

മെര്‍ക്കിസ്റ്റണ്‍: സി.ബി.ഐയുടെ തുടര്‍നടപടി മന്ത്രിസഭാ യോഗത്തിനു ശേഷം
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിലെ തുടര്‍നടപടികള്‍ സംസ്ഥാന മന്ത്രിസഭായോഗത്തിനുശേഷമുണ്ടാകും. ഇടപാടില്‍ പ്രാഥമികാന്വേഷണം നടത്തിയ സി.ബി.ഐ സംഘം വിലയിരുത്തലും രേഖകളും ഡയറക്ടര്‍ വിജയ് ശങ്കറിന് കൈമാറിയിട്ടുണ്ട്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ചേക്കും. ഇതിനുശേഷമാകുംമറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് സി.ബി.ഐ കേന്ദ്രങ്ങള്‍ പറഞ്ഞു.
ഐ.എസ്.ആര്‍.ഒ.യും സ്വകാര്യ വ്യക്തിയുമായുളള ഇടപാടില്‍ വനം-റവന്യൂ വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചു സി.ബി.ഐക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ക്രമവിരുദ്ധമായ ഇടപാടിലെ ചിലരുടെ പങ്കിനെക്കുറിച്ചു വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എസ്.പി.വിക്രമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. വനം- റവന്യൂ വകുപ്പുകള്‍ നടത്തിയ അന്വേഷണങ്ങള്‍ പരോക്ഷമായി വിരല്‍ ചൂണ്ടുന്നത് ഐ.എസ്.ആര്‍.ഒയ്ക്കെതിരെയാണ്. പത്രപരസ്യം നല്‍കിയശേഷം ഭൂമി ആവശ്യപ്പെട്ടു സര്‍ക്കാരിനു കത്തെഴുതിയതും, വില്ലേജ് ഓഫീസു മുതല്‍ കളക്ടറേറ്റുവരെ രേഖകള്‍ സമ്പാദിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ.യുടെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലുമെല്ലാം സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചട്ടപ്രകാരമല്ല ഐ.എസ്.ആര്‍.ഒ സംസ്ഥാന സര്‍ക്കാരിനോടു ഭൂമി ആവശ്യപ്പെട്ടു സമീപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കേന്ദ്രഏജന്‍സിയായ ഐ.ബിയുടെ ഓഫീസിന് ഇടുക്കിയില്‍ 50 ഏക്കര്‍ സ്ഥലം വാങ്ങാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനെ സമീപിച്ചിരുന്നു. ഇടുക്കിയില്‍ സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന ഭൂമി ന്യായവിലയ്ക്ക് കൈമാറുകയും ചെയ്തു. ഐ.എസ്.ആര്‍.ഒ.യുടെ കാര്യത്തില്‍ ഇത്തരമൊരുനീക്കം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ വരില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിക്കുകയാണെങ്കിലും അന്വേഷണ നടപടികളുമായി സിബിഐ മുന്നോട്ടുപോകാനാണ് സാധ്യത.

കടപ്പാട്‌ : ദീപിക

ഏലക്കയ്ക്ക് മികച്ച വിലയില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍
കട്ടപ്പന: ഏലയ്ക്കായ്ക്ക് മികച്ച വില ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥയിലുണ്ടായ ശക്തമായ വ്യതിയാനം ഈ വര്‍ഷം ഏലം ഉല്‍പ്പാദനത്തില്‍ നാല്‍പ്പത് ശതമാനത്തോളം കുറവുവരുത്തിയെന്നാണ് അനൌദ്യോഗിക കണക്കുകള്‍. ഉല്‍പ്പാദനത്തില്‍ ഭീമമായ കുറവുണ്ടായെങ്കിലും വില വര്‍ദ്ധിക്കാത്തത് കള്ളക്കടത്തായി ഗ്വാട്ടിമാല ഏലം എത്തുന്നതുകൊണ്ടാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഏലയ്ക്കായ്ക്ക് വിലകൂടുമ്പോള്‍ സിംഗപ്പൂരില്‍ സൂക്ഷിച്ചിരിക്കുന്ന നിലവാരം കുറഞ്ഞ ഗ്വാട്ടിമാല ഏലം തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലെ ഏലം കേന്ദ്രത്തിലെത്തിച്ചാണ് കള്ളക്കടത്തുകാര്‍ അമിതലാഭം കൊയ്യുന്നത്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. സിംഗപ്പൂര്‍, നേപ്പാള്‍ വഴിയാണ് കള്ളക്കടത്ത് അധികവും.ഇപ്പോള്‍ 400രൂപയാണ് ഒരുകിലോ ഏലത്തിന്റെ വില.അറുനൂറ് രൂപയെങ്കിലും ലഭിക്കേണ്ടസ്ഥാനത്താണിത്.

ഏലകൃഷി നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്. ഏഴുമാസം നീണ്ട കടുത്ത വരള്‍ച്ചയും തുടര്‍ന്ന് കാറ്റും, ഇപ്പോള്‍ തോരാത്ത പേമാരിയും ഏലമലക്കാടുകളിലെ കാര്‍ഷിക വ്യവസ്ഥതന്നെ തകര്‍ത്തു. ജനുവരി മുതല്‍ മെയ്വരെ 200 മില്ലീമീറ്ററെങ്കിലും മഴ ലഭിക്കണം. ഇത്തവണ ഇതുലഭിച്ചില്ല. തുടര്‍ന്നുണ്ടായ കാറ്റ് നല്ലരീതിയില്‍ വളരുന്ന ഏലച്ചെടികളെ പിഴുതെറിഞ്ഞു. വേണ്ടത്ര വളര്‍ച്ചയില്ലാത്ത ഉല്‍പ്പാദനം കുറഞ്ഞ കുറ്റി ഏലച്ചെടികള്‍ മാത്രമാവും അവശേഷിക്കുക. കാലവര്‍ഷം കനത്തതോടെ ഏലച്ചെടികളില്‍ രോഗം വ്യാപിച്ചുതുടങ്ങി. തടചീയല്‍, കായ് അഴുകല്‍, ഇലപ്പുറ്റ് എന്നീ രോഗങ്ങളാണ് വ്യാപകം.

ഇങ്ങനെ ഏലം ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായപ്പോള്‍ വില കുതിച്ചുയരേണ്ടതാണ്. എന്നാല്‍ഇത് അഞ്ചാഴ്ചയോളമായി 400-420 രൂപയില്‍ നില്‍ക്കുകയാണ്. ഏലക്കായുടെ ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തിലും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ തോത് കുറയ്ക്കാന്‍ തക്ക വില കിട്ടുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട ഏലം കര്‍ഷകനുള്ള പുരസ്ക്കാരം നേടിയ കുമളി സ്വദേശി സണ്ണി മാത്യു പറഞ്ഞു.

ഏലകൃഷി തകര്‍ന്നാല്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതി തകിടം മറിയുമെന്ന് വിദഗ്ധര്‍ പറയുന്നു. വന്‍മരങ്ങളുടെ തണലിലാണ് ഏലകൃഷി. വേണ്ടത്ര തണുപ്പും, തണല്‍ ക്രമീകരണവുമുണ്ടെങ്കിലേ മികച്ച വിളവുണ്ടാവൂ. പ്രകൃതിയുടെ ഏറ്റവും വലിയ സംരക്ഷകരായ ഇവരാണ് മികച്ച ഏലം ക്യഷിക്ക് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്്.അതുകൊണ്ടുതന്നെ മറ്റു കൃഷികളിലേക്ക് കര്‍ഷകര്‍ തിരിഞ്ഞാല്‍ ഏലമലക്കാടുകളുടെ അന്ത്യമാകും.തൊഴിലാളികളെ കിട്ടാനില്ലാത്തതും കീടനാശിനികളുടെ ശേഷിക്കുറവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം 11,000 ടണ്‍ ആയിരുന്നു ആകെ ആഭ്യന്തര ഉല്‍പ്പാദനം. ഇതില്‍ എണ്ണായിരം ടണ്ണോളം കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ചു.ഏലം മേഖലയിലെ 85ശതമാനം കര്‍ഷകരും പ്ളാന്റേഷന്‍ നിയമത്തിനുള്ളിലുള്ള ചെറുകര്‍ഷകരാണ്.രാജ്യത്തെ മൊത്തം ഏലം ഉല്‍പ്പാദനത്തിന്റെ അറുപതുശതമാനവും ഇടുക്കി, വയനാട് ജില്ലകളിലായാണ്. ഏകദേശം മൂന്നുലക്ഷംപേര്‍ ഏലകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നതായാണ് കണക്ക്. ഒരുലക്ഷം ഹെക്ടര്‍ സ്ഥലത്താണ് കൃഷി. ലോകത്തെ ഏറ്റവും മികച്ച ഏലയ്ക്കാ ഉല്‍പ്പാദിപ്പിക്കുന്നത് ഇടുക്കിയിലെ വണ്ടന്‍മേടാണ്.

ഇതിനിടെ ഇ-ലേലം ബഹിഷ്ക്കരിക്കാനുള്ള തീരുമാനം ഏലം വ്യാപാരികള്‍ പിന്‍വലിച്ചത് ആശ്വാസമായി. കേരളത്തിലെ ഏലം ലേലകേന്ദ്രങ്ങളായ വണ്ടന്‍മേടോ, കുമളിയിലോ ഉടന്‍തന്നെ ഇ-ലേലം തുടങ്ങാനുള്ള ശ്രമത്തിലാണ് സ്പൈസസ് ബോര്‍ഡ്. ഇ-ലേലം വഴി ഏലംകര്‍ഷകര്‍ക്ക് ഏറെ ഗുണമുണ്ടെന്ന് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി കെ കെ ദേവസ്യ പറഞ്ഞു. ഒരേയിനം ചരക്കിന് രണ്ടുവിലയെന്ന പ്രശ്നം ഇ-ലേലത്തോടെ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.ആറുമാസത്തിനകം രാജ്യത്തെ മുഴുവന്‍ ലേലകേന്ദ്രങ്ങളും ഇ-ലേല കേന്ദ്രങ്ങളാക്കുമെന്നാണ് സ്പൈസസ്ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
കടപ്പാട്‌: ദേശാഭിമാനി   

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

1 അഭിപ്രായം

Filed under പലവക

One response to “സെപ്റ്റംബര്‍ 24 തിങ്കള്‍

  1. ഞാനിത്‌ ഫയര്‍ഫോക്‌സ്‌ ആഡ്‌ ഓണിന്റെ സഹായത്താല്‍ പദ്മ ഉപയോഗിച്ച്‌ എഡിറ്റ്‌ ചെയ്തതാണ്. ഫോണ്ടിന് പ്രശ്നമില്ലെന്ന്‍ വിശ്വസിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w