പൊന്മുടി – മെര്‍ക്കിസ്റ്റണ്‍ വാര്‍ത്തകള്‍

ചിത്രം: കടപ്പാട്‌ ദീപിക

ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണമാകാമെന്നു സി.പി.എം.; അന്വേഷണം സി.പി.ഐ. സമ്മതിച്ചാല്‍ മാത്രം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെട്ട പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടിനേക്കുറിച്ച് ‘സി.പി.ഐ. സമ്മതിച്ചാല്‍ മാത്രം’ വിജിലന്‍സ് അന്വേഷണം നടത്താന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശ.

ഭൂമിയിടപാടിനെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം വേണമെന്നും എന്നാല്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നാലു സി.പി.ഐ. മന്ത്രിമാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാനുമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുള്ളത്.      വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ രാജിക്കു വഴിവയ്ക്കുന്ന തീരുമാനത്തിനു സി.പി.ഐ. വഴങ്ങില്ലെന്നതിനാല്‍ത്തന്നെ ഒരുതരത്തിലുള്ള അന്വേഷണവും ഉടനുണ്ടാവില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനത്തിലെത്തില്ലെന്നാണു വ്യക്തമായ സൂചന. സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭാംഗങ്ങളുമായി ആശയവിനിമയം നടത്തി അന്വേഷണത്തേക്കുറിച്ച് ‘ഉചിതമായ’ തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രിയോട് സി.പി.എം. ആവശ്യപ്പെട്ടിട്ടുള്ളത്.

വിജിലന്‍സ് അന്വേഷണം വേണ്ടെന്നും തങ്ങള്‍ക്കുകൂടി യോജിപ്പുള്ള അന്വേഷണമാണ് ആവശ്യമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അന്വേഷണത്തേക്കുറിച്ചു മന്ത്രിസഭയാണു തീരുമാനിക്കേണ്ടതെന്നും സി.പി.എം. നിര്‍ദേശത്തേക്കുറിച്ച് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. അന്വേഷണം വേണമെന്ന് 20-ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിയെ മാറ്റിനിര്‍ത്താതെയുള്ള വിജിലന്‍സ് അന്വേഷണമെന്ന പിണറായിയുടെ നിര്‍ദേശം സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടായിരുന്നു. എന്നാല്‍ സി.പി.ഐയുടെ സമ്മര്‍ദത്തിനും ‘അങ്ങനെ സര്‍ക്കാരിനു മുന്നോട്ടു പോകാനാകില്ല’ എന്ന ഭീഷണിക്കും വഴങ്ങി അന്വേഷണം വേണ്ടെന്നു മുന്നണിയോഗം തീരുമാനിച്ചു. അന്വേഷണം അട്ടിമറിക്കപ്പെട്ടതില്‍ സി.പി.എമ്മിനും മറ്റു ഘടകകക്ഷികള്‍ക്കും കടുത്ത അമര്‍ഷമുണ്ടായിരുന്നു.

ഭൂമിയിടപാടില്‍ ദൂരൂഹതയുണ്ടെന്നും വനം, റവന്യൂ വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അന്വേഷണമില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നും യു.ഡി.എഫിന് രാഷ്ട്രീയമുതലെടുപ്പിന് അവസരം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി സി.പി.ഐയുടെ സമ്മര്‍ദത്തിന് അനാവശ്യമായി വഴങ്ങിയെന്ന വിമര്‍ശനമുയര്‍ന്നതായും സൂചനയുണ്ട്. മറ്റു ഘടകകക്ഷികളും സി.പി.എം. സെക്രട്ടറിയും അന്വേഷണമാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൌനം അവലംബിച്ചതു ശരിയല്ലെന്നായിരുന്നു വിമര്‍ശനം. വിജിലന്‍സ് അന്വേഷണത്തിനു സി.പി.എം. നിര്‍ദേശം നല്‍കിയെങ്കിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനായിരിക്കും മന്ത്രിസഭ മുന്‍ഗണന നല്‍കുക.

മന്ത്രിസഭായോഗത്തില്‍ സി.പി.ഐ. മന്ത്രിമാരും ഈ നിലപാടായിരിക്കും സ്വീകരിക്കുക. അഥവാ വിജിലന്‍സ് അന്വേഷണത്തിനു വഴങ്ങേണ്ടിവന്നാലും വനംമന്ത്രിയെ മാറ്റേണ്ടതില്ലെന്ന കടുംപിടിത്തം സി.പി.ഐ. തുടരും. ജുഡീഷ്യല്‍ അന്വേഷണമായാല്‍ പോലും മന്ത്രി മാറിനില്‍ക്കേണ്ടതില്ലെന്ന് പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ള ഘടകകക്ഷിനേതാക്കളും മുന്നണി യോഗത്തില്‍ പറഞ്ഞിരുന്നു.

ഭൂമിയടപാടുമായി ബന്ധപ്പെട്ട് 2000 മുതല്‍ നടന്ന ക്രമക്കേടുകള്‍ മുഖ്യമന്ത്രിയും നിയമം,റവന്യൂ, വനംമന്ത്രിമാരും അഡ്വക്കേറ്റ് ജനറലുമുള്‍പ്പെട്ട സമിതി അന്വേഷിക്കുന്നുണ്ട്. അതു സംബന്ധിച്ച വിവരങ്ങളും ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമായിരിക്കും വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് അന്തിമതീരുമാനമെടുക്കുക.

മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റേത്. ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും നടപടി അവര്‍ക്കെതിരേ മതിയെന്നും സി.പി.ഐ. വാശി പിടിച്ചതോടെയാണ് മുഖ്യവനപാലകന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വന്നത്. അതുകൊണ്ടും മുന്നണിയുടെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനാവാത്ത സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ ഇടപെടല്‍.

കടപ്പട്‌: മംഗളം

അന്വേഷണത്തിന് സിപിഎം;സിപിഐക്ക് ഇളക്കം

തിരുവനന്തപുരം:  പൊന്‍മുടി ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന മുന്‍നിലപാടു തിരുത്തേണ്ടെന്നു സിപിഎം തീരുമാനിച്ചതോടെ സിപിഐ ചുവടു മാറ്റിത്തുടങ്ങി. വിഷയം ഗൌരവമുള്ളതാണെന്നു ബോധ്യപ്പെട്ടാല്‍ അന്വേഷണത്തെക്കുറിച്ച് ആലോചിക്കാമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തിനാണു സിപിഎം മുന്‍ഗണന നല്‍കുന്നത്.

മന്ത്രിയെ മാറ്റിനിര്‍ത്തണമെന്നു പാര്‍ട്ടി ശഠിക്കുന്നില്ല. സിപിഐ വഴങ്ങിയാല്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. അന്വേഷണം അനുവദിക്കില്ലെന്ന സിപിഐയുടെ കടുംപിടിത്തത്തിന് അങ്ങനെ വഴങ്ങേണ്ട എന്ന ധാരണയാണു വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായത്. എല്‍ഡിഎഫ് യോഗത്തില്‍ വെളിയം എടുത്ത കര്‍ക്കശ സമീപനം  വിമര്‍ശനത്തിനു കാരണമാകുകയും ചെയ്തു.

അതേസമയം സിപിഐയോട് ഏറ്റുമുട്ടലിനോ ബന്ധം ഉലയ്ക്കാനോ സിപിഎം ഇപ്പോള്‍  ഇല്ല. അവരെ അനുനയിപ്പിച്ചും ബോധ്യപ്പെടുത്തിയും അന്വേഷണത്തിലേക്കു നീങ്ങണമെന്നാണു  തീരുമാനം. മുഖ്യമന്ത്രി ഇതിനു മുന്‍കയ്യെടുക്കും. വിവാദം ശക്തമായി ഉയര്‍ന്ന വേളയില്‍ തന്നെ സിപിഎം സെക്രട്ടേറിയറ്റ് ബാഹ്യ ഏജന്‍സിയുടെ അന്വേഷണം വേണമെന്നു തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ഇൌ നിര്‍ദേശം വച്ചു. മറ്റു ഘടകകക്ഷികളെല്ലാം പിന്തുണച്ചുവെങ്കിലും സിപിഐ അതു തള്ളി. ഇൌ പശ്ചാത്തലത്തിലാണു സെക്രട്ടേറിയറ്റ് യോഗം, അന്വേഷണ അധ്യായം അങ്ങനെ അടയ്ക്കാനാവില്ലെന്നു  തീരുമാനിച്ചത്.

സിപിഐയുടെ അഭിപ്രായം തള്ളിക്കൊണ്ടു വിജിലന്‍സ് അന്വേഷണത്തിനു സിപിഎം നിര്‍ദേശിച്ചു എന്ന നിലയില്‍ ഇന്നലെ  വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നു പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തി അതു നിഷേധിച്ചു. ”വിജിലന്‍സ് അന്വേഷിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. ഇടപാടു സംബന്ധിച്ചു മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.

എല്‍ഡിഎഫ് യോഗം ഒരുമിച്ചൊരു തീരുമാനമെടുക്കുകയും ചെയ്തു. സിപിഎം-സിപിഐ ഐക്യം തകര്‍ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമമാണിത്-ചാനല്‍  അഭിമുഖത്തില്‍ ദക്ഷിണാമൂര്‍ത്തി പറഞ്ഞു. അതേസമയം, സിപിഎമ്മിന്റെ സന്ദേശം അവര്‍ സിപിഐക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ നേതാക്കള്‍ മുന്‍നിലപാടുകള്‍ മയപ്പെടുത്തിയതെന്ന് ഏറെക്കുറെ വ്യക്തമായി. ഇനി ഒരു അന്വേഷണവും നടക്കില്ലെന്നു പറഞ്ഞ വെളിയമാണ് ആലോചിക്കാമെന്നതിലേക്കു മാറിയത്. അന്വേഷണം നടത്തേണ്ടതു പാര്‍ട്ടിയോ എല്‍ഡിഎഫോ അല്ല, മന്ത്രിസഭയാണ് എന്നതിലേക്ക് കെ.ഇ. ഇസ്മായിലും വന്നു. അതേസമയം തങ്ങളെ മറികടന്നോ അല്ലെങ്കില്‍ കീഴടക്കിയോ  തീരുമാനം വരുന്നു  എന്ന  തോന്നല്‍ ഉണ്ടാക്കാനാവില്ലെന്ന നിര്‍ബന്ധവും അവര്‍ക്കുണ്ട്. ദക്ഷിണാമൂര്‍ത്തി പെട്ടെന്നു പാര്‍ട്ടി ചാനലിനു നല്‍കിയ അഭിമുഖം സിപിഐയുടെ വികാരം തങ്ങള്‍  മാനിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ്.  വിജിലന്‍സ് അല്ലെങ്കില്‍ ചീഫ് സെക്രട്ടറിതല അന്വേഷണം എന്ന ചര്‍ച്ചയാണു പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്നത്. കേന്ദ്ര വിജിലന്‍സ് അന്വേഷണത്തിനു വിടണമെന്ന അഭിപ്രായവുമുണ്ട്. ഏതു നടന്നാലും അതു തല്‍ക്കാലം വനം മന്ത്രി ബിനോയ് വിശ്വത്തെ സംരക്ഷിച്ചുകൊണ്ടാകും. അതുകൊണ്ടുതന്നെ അന്വേഷണപ്രഖ്യാപനം വന്നാലും സമരരംഗത്തു നിന്നു പിന്മാറാന്‍  പ്രതിപക്ഷം തയാറാകാനുമിടയില്ല.

കടപ്പാട്‌: മനോരമ

പൊന്മുടി: ഉന്നതതല അന്വേഷണം വന്നേക്കും
തിരുവനന്തപുരം : വിവാദം സൃഷ്ടിച്ച പൊന്മുടി ഭൂമി ഇടപാടില്‍ ജനങ്ങളുടെ സംശയം ദൂരീകരിക്കാന്‍ ഉയര്‍ന്നതലത്തിലുള്ള ഒരു അന്വേഷണം നടത്തുന്നതാണ് അഭികാമ്യമെന്ന് സി.പി. എം സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു.
സി.പി.ഐക്കുകൂടി സ്വീകാര്യമായ അന്വേഷണമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയശേഷം മിക്കവാറും ഇന്നുരാത്രിതന്നെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.പി.ഐ നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗമാണ് പൊന്മുടി ഇടപാടില്‍ അന്വേഷണമാകാം എന്ന് നിര്‍ദ്ദേശിച്ചത്. മന്ത്രി ബിനോയ് വിശ്വം ഒരുവിധത്തിലും തെറ്റുകാരനല്ലാത്തതിനാല്‍ രാജിവയ്ക്കേണ്ടതില്ലെന്ന സി.പി.ഐ നിലപാടിനോട് സി.പി. എം സെക്രട്ടേറിയറ്റ് പൂര്‍ണമായി യോജിച്ചു. അതേസമയം ഒരുവിധ അന്വേഷണവും പാടില്ലെന്ന നിലപാടിനോട് യോജിപ്പില്ല. അത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സംശയങ്ങളുണ്ടാക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

ഇതോടെ അന്വേഷണത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഏറക്കുറെ വ്യക്തമായി. സി.പി.എമ്മിന്റെ മനോഗതി പുറത്തുവന്നശേഷമുള്ള സി.പി.ഐ നേതാക്കളുടെ പ്രസ്താവനയും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉദ്യോഗസ്ഥതലത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ വച്ചുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ അതാകാമെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പ്രതികരിച്ചത്. അന്വേഷണം വേണ്ടെന്ന് സി.പി.ഐ പറഞ്ഞിട്ടില്ലെന്നും അന്വേഷണം ആവശ്യമെങ്കില്‍ കൂട്ടായി അത് തീരുമാനിക്കുമെന്നും മന്ത്രി സി. ദിവാകരനും പറഞ്ഞു.

മന്ത്രി ബിനോയ് വിശ്വം രാജിവയ്ക്കേണ്ട സ്ഥിതി ഉണ്ടാകാത്തവിധത്തില്‍, ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചകളെപ്പറ്റിയുള്ള അന്വേഷണത്തിനാവും സി.പി.ഐ തയ്യാറാവുക. കഴിഞ്ഞദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗം കൈക്കൊണ്ട തീരുമാനവുമതായിരുന്നു.
രണ്ടായിരാമാണ്ടില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചശേഷമുള്ള എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നേക്കും. യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകളും അപ്പോള്‍ ഉള്‍പ്പെടുത്താനാവും.

ഉയര്‍ന്നതലത്തിലുള്ള അന്വേഷണത്തോട് ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികള്‍ യോജിച്ചെങ്കിലും സി.പി.ഐ ശക്തമായി എതിര്‍ത്തതിനാല്‍ അവര്‍ വഴങ്ങുകയായിരുന്നു. സി.ബി.ഐയെക്കൊണ്ടോ, കേന്ദ്ര വിജിലന്‍സ് കമ്മിഷനെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചത്. മറ്റുചില കക്ഷികള്‍ ജുഡിഷ്യല്‍ അന്വേഷണവും നിര്‍ദ്ദേശിച്ചു.

കടപ്പാട്‌: കേരള കൌമുദി

ുഖ്യമന്ത്രിക്ക് സി.പി.എം ശാസനം

തിരുവനന്തപുരം: പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തെപ്പറ്റി അടിയന്തരമായി വിജിലന്‍സ് അന്വേഷണം പ്രഖ്യാ പിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് സി.പി. എം.സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യത്തെപ്പറ്റി തന്റെ വിശ്വസ്തരുമായും സി.പി.ഐയു ടെ പ്രമുഖ നേതാക്കളുമായും മുഖ്യമന്ത്രി വിശദമായി ചര്‍ച്ച നടത്തി.

മെര്‍ക്കിസ്റ്റണ്‍ ഇടപാട് വന്‍വിവാദമായശേഷവും ഇതേപ്പറ്റിയാ തൊരു അന്വേഷണവും നടത്തി ല്ലെന്ന നിലപാടാണ് നിയമസഭയിലും പുറത്തും മുഖ്യമന്ത്രി സ്വീക രിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടേയും സല്‍പ്പേരിനെത്തന്നെ ഗുരുതരമായി ബാധിച്ച ഈ വിവാദത്തെപ്പറ്റി അന്വഷണം നടത്തിയേ തീരുവെന്നും അതിന് മുഖ്യമന്ത്രിക്ക് കര്‍ശന നിര്‍ദേശം നല്‍കാനും സി.പി. എം. നേതൃത്വം ഉറച്ച തീരുമാനം സ്വീകരിക്കുകയാണു ചെയ്തത്.

വിജിലന്‍സ് അന്വേഷണം അടു ത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാ യേ മതിയാകൂ എന്ന കര്‍ശന നിര്‍ദേശമാണ് സി.പി.എം. നേതൃത്വം മുഖ്യമന്ത്രിക്കു നല്‍കിയിട്ടുള്ളത്. ഇതേത്തുടര്‍ന്നാണ് മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധ പ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. റവന്യൂ മന്ത്രി കെ.പി. രാജേ ന്ദ്രന്‍ , നിയമമന്ത്രി എം.വിജയകുമാര്‍, അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങള്‍. പരിശോധന അടുത്ത ചൊവ്വാഴ്ചയ്ക്കകം ഈ ഉപസമിതി പൂര്‍ത്തിയാക്കും. തൊട്ടുപിറ്റേന്നു ചേരുന്ന മന്ത്രിസഭായോഗം പരിശോധനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് വിജിലന്‍സ് അ ന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യും.

സി.പി.ഐ നേതൃത്വവും ഈ പുതിയ നീക്കത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രി ബിനോയ് വിശ്വത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അതല്ലാതെ വിവാദഭൂമി ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്െടങ്കില്‍ അതു പുറത്തുകൊണ്ടുവരുന്നതിന് തങ്ങള്‍ ഒട്ടും എതിരല്ലെന്നും സി.പി.ഐ. നേതൃത്വം സി.പി.എമ്മിനോട് വ്യക്തമാക്കുകയും ചെയ്തതെന്നുമറിയുന്നു.

കടപ്പാട്‌: ദീപിക

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, മാധ്യമം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w