മെര്‍ക്കിസ്റ്റണ്‍ വാര്‍ത്തകള്‍

പൊന്‍മുടി: ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ റവന്യു ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതായി ലാന്‍ഡ് റവന്യു കമ്മിഷണര്‍ രാജീവ് സദാനന്ദന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തലസ്ഥാന ജില്ലയില്‍ ഭൂമിയില്ലെന്നു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

2005ല്‍ ബിര്‍ലയില്‍ നിന്നു സേവി വനഭൂമി വാങ്ങിക്കാന്‍ ഇടയാക്കിയ സാഹചര്യം മാത്രമാണ് അദ്ദേഹം അന്വേഷിച്ചത്. സര്‍ക്കാര്‍ 2001ല്‍ വിജ്ഞാപനത്തിലൂടെ ഏറ്റെടുത്ത 707 ഏക്കര്‍ വനഭൂമിയാണു ബിര്‍ല ഗ്രൂപ്പില്‍ നിന്നു 2005ല്‍ സേവി വാങ്ങിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെ സേവി മനോ മാത്യുവിനു പോക്കുവരവു ചെയ്തു നല്‍കിയതിലാണു റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ പേരില്‍ തഹസില്‍ദാരുടെ ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസറുടെ ചുമതലയുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റ് എന്നിവരുടെ പേരില്‍ വകുപ്പുതല നടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ നടപടിയെടുത്തു മുഖം രക്ഷിക്കാനുള്ള ശ്രമമാണു റവന്യു മന്ത്രിയുടെ ഓഫിസില്‍ അരങ്ങേറുന്നത്. അതേസമയം ഇതേ ഭൂമി സേവി മനോമാത്യു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഐഎസ്ആര്‍ഒയ്ക്കു മറിച്ചുവിറ്റതാണ് ഇപ്പോള്‍ വിവാദമായത്.

2006 ഡിസംബറില്‍ സര്‍ക്കാര്‍ ഭൂമി ആവശ്യപ്പെട്ടു മന്ത്രി കെ.പി. രാജേന്ദ്രനു വിഎസ്എസ്സി ഡയറക്ടര്‍ ബി.എന്‍. സുരേഷ് കത്ത് നല്‍കിയിരുന്നു. ആ കത്ത് മന്ത്രി നേരിട്ടു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിവഴി കലക്ടര്‍ക്കു നല്‍കി. കലക്ടറേറ്റിലെ ജോയിന്റ് കൌണ്‍സില്‍ നേതാവായ സീനിയര്‍ സൂപ്രണ്ട് നെടുമങ്ങാട് തഹസില്‍ദാര്‍ക്ക് ഇതയച്ചു. തുടര്‍ന്നു ജില്ലയില്‍ ഭൂമിയില്ലെന്നു കലക്ടര്‍ വിഎസ്എസ്സിക്കു മറുപടി നല്‍കി.

ഇതിനു തൊട്ടുപിന്നാലെയാണു സേവി ഭൂമി വിറ്റത്. അതിനുശേഷം തെന്നൂര്‍ വില്ലേജ് ഓഫിസര്‍ സേവിക്കു കരമടച്ചു രസീത് നല്‍കുകയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. അതിനു ശേഷമായിരുന്നു വനഭൂമിയെന്ന വിജ്ഞാപനം റദ്ദാക്കി വനം വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചത്. ഇതൊന്നുമറിയാതെ, വിഎസ്എസ്സി ഭൂമിക്കായി സര്‍ക്കാരിനെ സമീപിച്ചില്ലെന്നാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത്.

അടുത്ത ദിവസം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിക്ക് ഉത്തരമില്ലാതായി. എന്നാല്‍ റവന്യു വകുപ്പില്‍ നടന്ന ഈ വീഴ്ചയൊന്നും രാജീവ് സദാനന്ദന്‍ അന്വേഷിച്ചില്ല. അന്വേഷണ വിഷയം മന്ത്രിയുടെ ഓഫിസില്‍ നിന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്രെ. വനം ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥിനെ സസ്പെന്‍ഡ് ചെയ്തതുപോലെ റവന്യു വകുപ്പിലും ചില കീഴ് ഉദ്യോഗസ്ഥരുടെ തലയില്‍ പഴിചാരാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കടപ്പാട്‌: മനോരമ

ലാന്‍ഡ് റെവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട്
പൊന്മുടി എസ്റ്റേറ്റ് കൈമാറ്റം:
റെവന്യു ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍
സ്വന്തം ലേഖകന്‍
തിരു:
പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് 2005 ല്‍ സ്വകാര്യവ്യക്തിക്ക് പോക്കുവരവ് ചെയ്തുകൊടുത്ത തെന്നൂര്‍ വില്ലേജ് ഓഫീസറുടെ ചുമതലയിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റ്, നെടുമങ്ങാട് തഹസില്‍ദാരുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ലാന്‍ഡ് റെവന്യൂ കമീഷണര്‍ രാജീവ് സദാനന്ദന്‍ റെവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. 770 ഏക്കറുള്ള മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ 141 ഏക്കര്‍ മിച്ചഭൂമിയായി വിജ്ഞാപനം ചെയ്തതാണ്. മിച്ചഭൂമി കൈമാറ്റംചെയ്യാന്‍ വ്യവസ്ഥയില്ല. മിച്ചഭൂമിയെന്ന വിവരം മറച്ചുവച്ചാണ് പോക്കുവരവ് ചെയ്തു നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരിശോധിച്ച് മേല്‍നടപടിക്കായി റെവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി കെ പി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് കൈമാറി. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരെ ഈയാഴ്ചതന്നെ നടപടിയുണ്ടായേക്കും.

മിച്ചഭൂമി ഉള്‍പ്പെടെ മുഴുവന്‍ ഭൂമിയും ബിര്‍ള ഗ്രൂപ്പ് ദീര്‍ഘകാലമായി വച്ചനുഭവിക്കുകയായിരുന്നു. ഭൂമിയുടെ കൈവശാവകാശത്തിന് ബിര്‍ള ഗ്രൂപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ കേസില്‍ വസ്തുവിന്റെ വിവരങ്ങള്‍ പരിശോധിക്കാന്‍ ലാന്‍ഡ് ബോര്‍ഡിനെ ചുമതലപ്പെടുത്തി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു. വസ്തു സ്ഥിതിചെയ്യുന്ന പ്രദേശത്തെ ലാന്‍ഡ് ട്രിബ്യൂണലായ നെടുമങ്ങാട് തഹസില്‍ദാര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് ചുമതല കൈമാറി. കേസില്‍ ഹിയറിങ് നടക്കുകയാണ്. ഇതില്‍ അന്തിമതീരുമാനം ആകുംമുമ്പാണ് വസ്തു സ്വകാര്യവ്യക്തിക്ക് പോക്കുവരവ് ചെയ്തുകൊടുത്തത്. ഇത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പാരിസ്ഥിതിക ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ഇതേ വസ്തുവില്‍ പോക്കുവരവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതിന് വില്ലേജ്തലത്തിലുള്ള ഉദ്യോഗസ്ഥരെമാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2001 ജനുവരി രണ്ടിനാണ് പാരിസ്ഥിതികദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചത്. ഇത് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ രേഖാമൂലം അറിയിച്ചിട്ടില്ല. ഈ വിവരം ശ്രദ്ധയില്‍ പെടേണ്ടതാണ് എന്നിരിക്കിലും ഔദ്യോഗികമായി അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താന്‍ വ്യവസ്ഥയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. അതേസമയം, പൊന്മുടിയിലെ 2000നു ശേഷമുള്ള ഭൂമിയിടപാടുകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കുമെന്ന് നിയമമന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വനം-റെവന്യൂ-നിയമ മന്ത്രിമാരെക്കൂടാതെ അഡ്വക്കറ്റ് ജനറലും സമിതിയിലുണ്ട്. സമിതിയുടെ യോഗം അടുത്ത മന്ത്രിസഭായോഗത്തിനുമുമ്പ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് പതിച്ചു നല്‍കിയതില്‍ വന്‍ ക്രമക്കേട്
തിരുവനന്തപുരം: പൊന്മുടിയിലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സേവി മനോമാത്യുവിന് പതിച്ചുനല്‍കിയതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ രാജീവ് സദാനന്ദന്‍ കണ്ടെത്തി. ബിര്‍ളയില്‍ നിന്ന് സേവി എസ്റ്റേറ്റ് വാങ്ങിയതിലും അത് ഐ.എസ്.ആര്‍.ഒയ്ക്ക് മറിച്ചുവിറ്റതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ക്രമക്കേടുകാട്ടിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും.
2005 ല്‍ ബിര്‍ളയില്‍ നിന്ന് സേവി മനോ മാത്യു ഭൂമി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷണറോട് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഐ.എസ്.ആര്‍.ഒയുമായി നടത്തിയ ഇടപാട് പരിശോധി ച്ചതല്ലാതെ നടപടിയൊന്നും ശുപാര്‍ശ ചെയ്തില്ല.
ബിര്‍ളയില്‍ നിന്ന് സേവി എസ്റ്റേറ്റ് വാങ്ങുമ്പോള്‍ അത് മിച്ചഭൂമിയാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. ഈ ഭൂമിയെക്കുറിച്ച് സര്‍ക്കാരും ബിര്‍ളയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സേവി അതു വാങ്ങിയത്. സേവി ഭൂമി വാങ്ങിയപ്പോള്‍ എല്ലാ നടപടിക്രമങ്ങളും ചെയ്തുകൊടുത്ത നെടുമങ്ങാട് തഹസില്‍ദാരുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും തെന്നൂര്‍ വില്ലേജ് ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനും അത് തര്‍ക്കഭൂമിയാണെന്ന് അറിയാമായിരുന്നു.

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സബ്ഡിവിഷനില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. ഇത്തരം ഭൂമി തഹസില്‍ദാര്‍ നേരിട്ട് പോക്കുവരവ് ചെയ്തുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ വില്ലേജ് അസിസ്റ്റന്റ് അത് നിര്‍വഹിച്ചു. എന്നാല്‍ ഈ സ്ഥലം പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് വനംവകുപ്പ് അധികൃതര്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതിനാല്‍ അക്കാര്യം മറച്ചുവച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി നടത്തിയെന്ന് പറയാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സേവി മനോ മാത്യുവില്‍ നിന്ന് ഐ.എസ്.ആര്‍.ഒ ഭൂമി വാങ്ങിയതിലും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ല. വിലനിര്‍ണയ റിപ്പോര്‍ട്ടോ ആധികാരിക രേഖകളോ ഇല്ലാതെയാണ് പ്രമാണം പതിച്ച് പോക്കുവരവ് നടത്തിയത്.

ഐ.എസ്.ആര്‍.ഒയ്ക്ക് നല്‍കാന്‍ തിരുവനന്തപുരം ജില്ലയില്‍ ഭൂമിയില്ലെന്ന് സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യവും പരിശോധിച്ചു. ഭൂമിയില്ലെന്ന് റിപ്പോര്‍ട്ട് എഴുതി നല്‍കാന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് സബ്കളക്ടര്‍ വെളിപ്പെടുത്തിയതായി കമ്മിഷണര്‍ ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്‌: കേരളകൌമുദി

മെര്‍ക്കിസ്റ്റണ്‍: അന്വേഷണത്തിന് തടസമായത് മുഖ്യമന്ത്രിയുടെ നിലപാട്

തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിലപാടാണ് അന്വേഷണം അട്ടിമറിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടതു മുന്നണി യോഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തോടു ഘടകകക്ഷി നേതാക്കള്‍ യോജിച്ചപ്പോള്‍ മുഖ്യമന്ത്രി അന്വേഷണം കീഴടങ്ങലാകും എന്ന നിലപാടിലായിരുന്നു. ഇതോടെയാണ് സി.പി.ഐയും ഇതേ നിലപാടു ശക്തമാക്കിയത്.

നേരത്തേ വനം മന്ത്രി ബിനോയ് വിശ്വം അന്വേഷണംആവശ്യപ്പെട്ട് പാര്‍ട്ടിയുടെ അനുമതിയോടെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്ന് സി.പി.എം സെക്രട്ടേറിയറ്റും നിലപാട് സ്വീകരിച്ചിരുന്നു. മറ്റു ഘടകകക്ഷികളും അന്വേഷണം പ്രഖ്യാപിച്ച് പ്രതിപക്ഷസമരത്തെ നേരിടണമെന്ന അഭിപ്രായത്തിലായിരുന്നു.

എന്നാല്‍, അന്വേഷണം പ്രഖ്യാപിച്ചാല്‍ തന്റെ ചില വിശ്വസ്തരുടെ തനിനിറം പുറത്താകുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണമില്ലെന്ന നിലപാടില്‍ ആദ്യം മുതല്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇതു സ്ഥാപിച്ചെടുക്കാനാണ് ഇടതുമുന്നണി യോഗത്തിനു മുമ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ നേരിട്ടു കണ്ട് മുഖ്യമന്ത്രി സഹായം അഭ്യര്‍ഥിച്ചത്. അന്വേഷണമില്ലെന്ന നിലപാടിനെ വെള്ളപൂശാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിക്കുകയായിരുന്നു. ഇതുവഴി പ്രതിപക്ഷപ്രക്ഷോഭത്തെ നേരിടാനാകുമെന്നും മുഖ്യമന്ത്രി കരുതുന്നു.

അന്വേഷണം വന്നാല്‍ മന്ത്രിസ്ഥാനത്തു നിന്നു ബിനോയ് വിശ്വം മാറി നില്‍ക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി സി.പി.ഐ നേതാക്കളോട് വ്യക്തമാക്കിയിരുന്നു. ടി.യു.കുരുവിള, പി.ജെ. ജോസഫ് എന്നിവരുടെ രാജി ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. ഇതില്‍ വീണ നേതാക്കളാണ് മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ചത്.

അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ മറികടക്കാന്‍ മന്ത്രിസഭാ ഉപസമിതി അന്വേഷണം നടത്താമെന്ന പാക്കേജും മുഖ്യമന്ത്രിയുടേതായിരുന്നു. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന സംഘത്തില്‍ ആരോപണ വിധേയനായ വനം മന്ത്രിയും അംഗമാണ്. ഇതോടെ സമിതിയുടെ അന്വേഷണഫലമെന്തെന്ന് വ്യക്തമാണ്.

കടപ്പാട്‌: ദീപിക

പൊന്മുടി: പോക്കുവരവ് റദ്ദാക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് (ഐ.എസ്.ആര്‍.ഒ) സേവി മനോമാത്യു വിറ്റ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ 82 ഏക്കര്‍ ഭൂമിയില്‍ 48 ഏക്കറോളം മിച്ചഭൂമിയാണെന്ന് ലാന്റ് റവന്യൂ കമീഷണര്‍ രാജീവ് സദാനന്ദന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് വില്ലേജ് തലം മുതലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ വസ്തുവിന്റെ പോക്കുവരവ് നടത്തിയത് എന്നും അദ്ദേഹം കണ്ടെത്തി.

ഇക്കാര്യങ്ങള്‍ വ്യക്തമായി ലാന്റ് റവന്യൂ കമീഷണര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ലാന്റ് റവന്യൂ കമീഷണര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്നലെ മന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. മിച്ചഭൂമി സംബന്ധിച്ച് ലാന്റ് ട്രൈബ്യൂണലിന്റെ മുമ്പാകെ തര്‍ക്കം നിലനില്‍ക്കെയാണ് 2005ല്‍ സേവി ബിര്‍ളയില്‍നിന്ന് ജയശ്രീ എസ്റ്റേറ്റ് വാങ്ങിയപ്പോള്‍ പോക്കുവരവ് നടത്തിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2005 മാര്‍ച്ച് 30 ന് രണ്ട് ആധാരങ്ങളിലായി നാലരക്കോടിയുടെ ആധാരമാണ് നടത്തിയത്. 2005 ജൂണ്‍ 30 ന് സ്ഥലത്തിന്റെ പോക്കുവരവും നടത്തി. മിച്ചഭൂമിയായി കണക്കാക്കപ്പെട്ട സ്ഥലം പോക്കുവരവ് ചെയ്തത് ഗുരുതര കുറ്റമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശിപാര്‍ശ.

റവന്യു^ വനം മന്ത്രിമാരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ലാന്റ് റവന്യു കമീഷണറെ അന്വേഷണത്തിന് നിയോഗിച്ചതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

കടപ്പാട്‌: മാധ്യമം

മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട്: അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല-മന്ത്രി വിജയകുമാര്‍
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് അന്വേഷിക്കില്ലെന്ന് ഇടതുമുന്നണിയോ സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ലെന്ന് നിയമമന്ത്രി എം.വിജയകുമാര്‍.

പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായല്ല. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ നടത്തും. ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രവും അന്വേഷിക്കുന്നുണ്ടെന്നാണു വിവരം. 2000 മുതല്‍ ഈ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിശോധിച്ച് നിയമനടപടി സ്വീകരിക്കും. അതിനായി മുഖ്യമന്ത്രിയും വനം, റവന്യൂ, നിയമമന്ത്രിമാരും അഡ്വക്കേറ്റ് ജനറലും അടങ്ങിയ സമിതി രൂപീകരിച്ചു. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം അന്വേഷണം വേണമോ എന്ന കാര്യം പ്രഖ്യാപിക്കും. ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ. സ്ഥലം അന്വേഷിച്ചതു ലാഘവബുദ്ധിയോടെയാണ്. വനംമന്ത്രി അന്വേഷണം നടത്തേണ്ടയാളാണ്. പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമനിര്‍മാണപ്രക്രിയ നിയമസഭയ്ക്കുളളിലും പുറത്തും തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു.

ചരിത്രത്തിലില്ലാത്ത രീതിയില്‍ സ്പീക്കറെ ഭീഷണിപ്പെടുത്താനും സ്പീക്കര്‍ക്കുനേരെ ആക്രോശിക്കാനും തയാറായി. ഖേദപ്രകടനം നടത്താന്‍പോലും അവര്‍ തയാറായില്ല-വിജയകുമാര്‍ കുറ്റപ്പെടുത്തി.

കടപ്പാട്‌: മംഗളം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, മാധ്യമം, രജിസ്ട്രേഷന്‍, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )