21-9-07 ലെ വാര്‍ത്തകള്‍

മാലിന്യത്തില്‍ നിന്ന് പാചകവാതകം

പണം മുടക്കാതെ പാചക വാതകം വേണോ ..? വീട്ടിലൊരു ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചാല്‍ മതി. വീട്ടില്‍ മാലിന്യം കുമിഞ്ഞു കൂടുകയുമില്ല.അടുക്കളയില്‍ കുമിഞ്ഞു കൂടുന്ന മാലിന്യം അവിടെക്കൊണ്ടു പോയി കളയുമെന്ന വേവ ലാതിയിലാണോ നിങ്ങള്‍. ആഹാരാവശി ഷ്ടങ്ങള്‍, മീനും മാസംവും കഴുകുന്ന വെള്ളം, കഞ്ഞിവെള്ളം, പഴകിയ ആഹാരം, റബര്‍ ഷീറ്റടിക്കുമ്പോഴുണ്ടാകുന്ന വെള്ളം തുടങ്ങി പെട്ടെന്നഴു കുന്നവയില്‍ നിന്നെല്ലാം ബയോഗ്യാസ് അഥവാ പാചകവാതകം നിര്‍മിക്കാം.

പാചകവാതകം പെട്ടെന്നു തീര്‍ന്നു പോയെന്നു വേവലാതിപ്പെട്ട്, ഏജന്‍സിയില്‍ നിന്നു ഗ്യാസ്കുറ്റിയും വരുന്നതു കാത്തിരിക്കേണ്ട തില്ല. അത്യാവശ്യത്തിനു പാചകവാതകം അടുക്കളയില്‍ തന്നെ ഏപ്പോഴും ഉണ്ടെന്ന ധൈര്യം എന്താശ്വാസമാണ്. ബയോഗ്യാസ് പ്ളാന്റിനു ഒരു തവണ പണം മുടക്കിയാല്‍ നിങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണെന്നു നോക്കൂ.

1. ശരാശരി നാല് അംഗങ്ങളുള്ള കുടുംബത്തിന് ഒരു ദിവസം അവരുപയോഗിക്കുന്ന 50 ശതമാനം പാചകവാതകം ലാഭിക്കാം.

2. നിങ്ങള്‍ക്കു ദിവസവും തലവേദനയാകുന്ന അവശിഷ്ടങ്ങള്‍ ഒഴിവായി കിട്ടുമ്പോള്‍ പരിസരം ശുചിയാകുന്നു. സ്വതവേ കീടങ്ങള്‍ കുറയുന്നു.

3. ഗ്യാസ് ഉല്‍പാദനത്തിനു ശേഷം പുറത്തേയ്ക്കു വരുന്ന കുഴമ്പു രൂപത്തിലുള്ള ദ്രാവകം (സ്ളറി) മേല്‍ത്തരം വളമായി ഉപയോഗിക്കാം.

ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കാന്‍
ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം മതി ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കാന്‍. ഫ്ളാറ്റുകളില്‍ എങ്ങനെ ഈ ഇത്തിരി സ്ഥലം കണ്ടെത്തുമെന്നു വിഷമിക്കേണ്ട. ഫ്ളാറ്റുകളില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ പോര്‍ട്ടബിള്‍ പ്ളാന്റ് വിപണിയില്‍ കിട്ടും. അടിക്കടി വീടു മാറേണ്ടി വരുന്നവര്‍ക്കും ഇതു വളരെ പ്രയോജനപ്രദമാണ്. ശരാശരി നാല് അംഗങ്ങളുള്ള കുടുംബത്തിനു ഒരു ക്യൂബിക് മീറ്റര്‍ ശേഷിയുള്ള പ്ളാന്റ് മതിയാകും.

ഇതില്‍ നിന്നു അരകിലോ എല്‍പിജി (ലിക്വിഡ് പെട്രോളിയം ഗ്യാസ്) ദിവസവും ഉല്‍പാദിപ്പിക്കാം. പരമാവധി പത്തു കിലോ വരെ മാലിന്യം ഇതില്‍ നിക്ഷേപിക്കാം. ഏറെ സ്ഥലം നഷ്ടപ്പെടുത്താത്ത ഫെറോ സിമന്റ് പോര്‍ട്ടബിള്‍ പ്ളാന്റുകളും ലഭിക്കും. ഇതു മണ്ണിനു മുകളില്‍ തന്നെ സ്ഥാപിക്കാം.ഏതു ജൈവവസ്തുവും അഴുകുമ്പോള്‍ വാതകങ്ങള്‍ ഉണ്ടാകുന്നു. വായുവിന്റെ സാന്നിധ്യത്തിലല്ലാതെ ജൈവ വസ്തുക്കള്‍ അഴുകാന്‍ അനുവദിക്കുമ്പോള്‍ ബയോഗ്യാസ് ഉണ്ടാകുന്നു എന്ന തത്വമാണ് ഇവിടെ പ്രയോഗിക്കുന്നത്.

ബയോഗ്യാസ് പ്ളാന്റുകള്‍ നിര്‍മിക്കുന്ന നിരവധി ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. അവയില്‍ പലതും ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള സബ്സിഡിയും നല്‍കും. ഒരു ദിവസം കൊണ്ട് ഇവ നമ്മുടെ വീട്ടില്‍ സ്ഥാപിച്ചു തരും. ഉദാഹരണമായി ബയോടെക് നിര്‍മിച്ചു തരുന്ന ഏറ്റവും ചെറിയ ഗാര്‍ഹിക യൂണിറ്റിന് 9, 500 രൂപയാണ് ചെലവ്. അതില്‍ 1200 രൂപ പാരമ്പര്യ ഊര്‍ജ്ജ വകുപ്പിന്റെ സബ്സിഡി ഇപ്പോള്‍ കിട്ടും.

മാലിന്യം കൂടുതലുണ്ടെങ്കില്‍ കൂടുതല്‍ ശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാം. 18, 000 രൂപ വരെ വിലയുള്ള പ്ളാന്റുണ്ട്. ബയോഗ്യാസ് പോര്‍ട്ടബിള്‍ മോഡലിന് ശേഷിയനുസരിച്ച് 14, 000 – 25, 000 രൂപ വരെയാകും. വീടിനോടു ചേര്‍ന്ന് മാലിന്യപ്ളാന്റ് അല്‍പം ഭംഗിയോടെയും സ്ഥാപിക്കാം. ചെറിയ ഒരു പൂന്തോട്ടവുമായി ടൈല്‍സ് പാകി ഭംഗിയാക്കിയ ഡീലക്സ് മോഡലുകളും കിട്ടും. വില അല്‍പം കൂടുമെന്നു മാത്രം.

മണ്ണിനടിയില്‍ ഉറപ്പിക്കുന്ന ഉത്പാദനക്കിണര്‍ (ഫെറോസിമന്റ് റിങ്ങുകള്‍ ഉപയോഗിച്ചുള്ളത്), ഗ്യാസ് സംഭരണി, ഗ്യാസ് അടുക്കളയിലേക്കെത്തിക്കുന്ന പൈപ്പ്, അവശിഷ്ടങ്ങള്‍ കിണറിലേക്ക് ഒഴുക്കാനുള്ള കുഴല്‍, വളക്കൂറുള്ളമിശ്രിതം (സ്ളറി) പുറത്തേക്കൊഴുക്കാനുള്ള കുഴല്‍ തുടങ്ങിയവയാണു പ്രധാന ഭാഗങ്ങള്‍.നാല് അടി വ്യാസത്തില്‍ മൂന്നര അടി താഴ്ചയിലാണു കുഴിയെടുക്കേണ്ടത്. കുഴിയിലേക്കു ഫെറോ സിമന്റ് റിങ്ങുകള്‍ ഇറക്കും.

20 ബക്കറ്റ് ചാണകം തുല്യ അളവില്‍ വെള്ളവുമായി കലര്‍ത്തി കുഴി നിറയ്ക്കണം. തുടര്‍ന്നു ഗ്യാസ് ഉല്‍പാദനത്തിനുള്ള ബാക്ടീരിയ കൂടി നിക്ഷേപിക്കണം. കുഴിക്കു മുകളില്‍ ഗ്യാസ് സംഭരണി ഘടിപ്പിക്കുന്നു. തുടര്‍ന്നു ഗ്യാസ് സംഭരണിയിലുള്ള അന്തരീക്ഷ വായു നീക്കം ചെയ്യുന്നു.ബാക്ടീരിയ കള്‍ച്ചര്‍ ചെയ്യാന്‍ രണ്ടു ദിവസമെടുക്കും. തുടര്‍ന്നു ഗ്യാസ് ട്യൂബ് ഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പ്രവര്‍ത്തനത്തിനു ശേഷം അടുക്കളയിലെ മാലിന്യങ്ങളും മലിനജലവും പ്ളാന്റിലേക്കു നിക്ഷേപിക്കാം.

ബയോഗ്യാസിനും നീലജ്വാല
ഗുണമേന്മയില്‍ എല്‍പിജിക്കു അടുത്തു നില്‍ക്കുന്ന പാചകവാതക മാണിത്. ബയോഗ്യാസിനും എല്‍പിജിയുടെ പോലെ നീല ജ്വാലയാ ണ്. എല്‍പിജിയുടെ അപകടമില്ല. ദുര്‍ഗന്ധവുമില്ല. ഗ്യാസ് സ്റ്റൌ കത്തി ക്കാന്‍ ലൈറ്റര്‍ പറ്റില്ലെന്നു മാത്രം. തീപ്പെട്ടി ഉപയോഗിച്ചാല്‍ മതി. ബയോഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിനു പ്രത്യേകതരം ഗ്യാസ് സ്റ്റൌ ആണ് ഉപയോഗിക്കുന്നത്. ഇതു പ്ളാന്റ് നിര്‍മിച്ചുതരുന്ന ഏജന്‍ സിയില്‍ നിന്നു തന്നെ കിട്ടും. തീനാളത്തിന് 650 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരിക്കും. ഒരു ഗാസ് കാപ്പിയോ ചായയോ ഉണ്ടാക്കാന്‍ എല്‍ പിജിയെക്കാള്‍ രണ്ടു മിനിറ്റ് സമയം കൂടുതലെടുക്കും. എല്‍പിജിയ് ക്കും ബയോഗ്യാസ് സ്റ്റൌവിനും പ്രത്യേക കണക്ഷനായതിനാല്‍ ഇവ ഒരേ സമയം ഉപയോഗിക്കാം.ഒരിക്കല്‍ സ്ഥാപിച്ച പ്ളാന്റ് 20 വര്‍ഷത്തേ യ്ക്കുപയോഗിക്കാം. അതിനു ശേഷം സര്‍വീസു ചെയ്തു വീണ്ടുമുപ യോഗിക്കാവുന്നതേയുളളു.

ബയോഗ്യാസ് ഉപയോഗിക്കുമ്പോള്‍
ബയോഗ്യാസ് പ്ളാന്റിന്റെ ശേഷിയില്‍ കൂടുതല്‍ മാലിന്യം ഇടരുത്.

നാല് അംഗങ്ങളുളള വീട്ടിലെ ആവശ്യത്തിനായി സ്ഥാപിക്കുന്ന പ്ളാന്റില്‍ കൂടുതല്‍ ഗ്യാസ് ലഭിക്കാനായി അയല്‍വീടുകളിലെ മാലിന്യമെല്ലാം നിക്ഷേപിക്കരുത്. ദുര്‍ഗന്ധമുണ്ടാകും. ഒരു ക്യുബിക് മീറ്റര്‍ ശേഷിയുളള പ്ളാന്റില്‍ ഒരു ദിവസം 10 കിലോ മാലിന്യം നിക്ഷേപിക്കാം.

മൂടിക്കു ചുറ്റും വെളളം ചെറുതായി കെട്ടി നിന്നാലും കൊതുകു വളരാം. അതിനു നിസാര മുന്‍കരുതല്‍ എടുത്താല്‍ മതി. വെളളം കെട്ടി നില്‍ക്കുന്നിടത്ത് ആഴ്ചയിലൊരിക്കല്‍ അല്‍പം മണ്ണെണ്ണ തളിക്കുക.

ഗ്യാസ് വെറുതെ തുറന്നു വിടരുത്. ഗ്യാസ് കത്തിച്ചു തന്നെ കളയണം.

ബയോഗ്യാസ് പ്ളാന്റ് അടുക്കളയ്ക്ക് അടുത്തായാല്‍ സ്റ്റൌവിലേക്കുള്ള സമ്മര്‍ദ്ദം കൂടി തീ നന്നായി കത്തും.

ടാങ്കിന്റെ മൂടി ഇടയ്ക്കിടെ കറക്കി വിട്ടാല്‍ മറ്റു മാലിന്യങ്ങള്‍ കെട്ടിക്കിടക്കില്ല.

പ്ളാസ്റ്റിക്, ലോഹങ്ങള്‍, പെട്ടെന്ന് അഴുകാത്ത നാരു കൂടുതലുള്ള വാഴയില, പച്ചിലച്ചവറുകള്‍ എന്നിവ പ്ളാന്റില്‍ നിക്ഷേപിക്കരുത്.

ബയോഗ്യാസ് നിര്‍മിച്ചു തരുന്ന ഏജന്‍സികള്‍
ബയോഗ്യാസ് നിര്‍മിച്ചു തരുന്ന മിക്ക ഏജന്‍സികളും മണ്ണിര കമ്പോസ് റ്റിനുള്ള സാങ്കേതിക സഹായവും നല്‍കും.

തിരുവനന്തപുരം : ബയോടെക് പി. ബി. നമ്പര്‍ 520, എം. പി. അപ്പന്‍ റോഡ്, വഴുതക്കാട്, തൈക്കാട് പി. ഒ., തിരുവന്തപുരം. – 695 014 , ഫോണ്‍ : 0471 – 2321909.

കേരളതത്ില്‍ എവിടെയും സേവനം ലഭിക്കുന്ന ഹെല്‍പ് ലൈന്‍ : 9495123689, 93499993953.

അനര്‍ട്ട്, കേശവദാസപുരം, തിരുവനന്തപുരം, ഫോണ്‍ : 0471 2440122.
ആലപ്പുഴ : സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൌണ്ടേഷന്‍, കാട്ടൂര്‍, സര്‍വോദയപുരം,  ഫോണ്‍ : 0477 2259218 (മണ്ണിര കമ്പോസ്റ്റിന് ആവശ്യമായ സാങ്കേതിക സഹായം).

ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം, എസ്. എല്‍. പുരം, ആലപ്പുഴ, ഫോണ്‍ : 0478 2865493 (മണ്ണിര കമ്പോസ്റ്റ്).

എറണാകുളം : ബയോടെക്, കുണ്ടന്നൂര്‍ ചെലവന്നൂര്‍ റോഡ്, മരട് പി. ഒ, എറണാകുളം., ഫോണ്‍ : 0484 2707182.

രാജഗിരി കമ്യൂണിറ്റി ഡവലപ്മെന്റ് സര്‍വീസസ്, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശേരി, കൊച്ചി. ഫോണ്‍ : 0484 2558895.

കോഴിക്കോട് : ബയോടെക് റീജണല്‍ ഓഫീസ്, മലാപറമ്പ് പി. ഒ, കോഴിക്കോട്. ഫോണ്‍ : 0495 2347590, 9846788752.

മലപ്പുറം : ദീപം ബയോഗ്യാസ് ഏജന്‍സി, അരുണ്‍ഭവന്‍ നീരില്ലാ പറപ്പൂര്, കാടാമ്പുഴ. ഫോണ്‍ : 0494 2618477.

കോട്ടയം : കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം, ഫോണ്‍ : 0481 2790947 (മണ്ണിര കമ്പോസ്റ്റ്).

ചാസ്, പി. ബി. നമ്പര്‍ 20, ചങ്ങനാശേരി. ഫോണ്‍ : 0481 2402345. (മണ്ണിര കമ്പോസ്റ്റ്).

കോഴിക്കോട് : ബയോടെക്, റീജണല്‍ ഓഫീസ്, പാറമേല്‍ റോഡ്, മലാപറമ്പ് പി. ഒ, കോഴിക്കോട്. ഫോണ്‍ : 0495 2347590, 9846788752.

വിവരങ്ങള്‍ക്കു കടപ്പാട് :
എ. സജിദാസ്, ഡയറക്ടര്‍, ബയോടെക്
തിരുവനന്തപുരം.

പുതിയ വെളിപാടായി ഉരുക്കു വെളിച്ചെണ്ണ…

കൊപ്രാ എണ്ണയല്ല, പച്ചത്തേങ്ങയില്‍ നിന്ന് പ്രത്യേക പ്രക്രിയയിലൂടെ തയാറാക്കുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് (ഉരുക്കു വെളിച്ചെണ്ണ) ആരോഗ്യരക്ഷകനായി ഇപ്പോള്‍
അവതരിപ്പിക്കപ്പെടുന്നത്.ഒരുപാട് ചീത്തപ്പേരുകേട്ട എണ്ണയാണു വെളിച്ചെണ്ണ. വറുത്തതും പൊരിച്ചതും കൊതിക്കുന്ന മലയാളിയുടെ കൊളസ്ട്രോള്‍ കൂട്ടുമെന്നും പൊണ്ണത്തടി വയ്ക്കുമെന്നും ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയസ്തംഭനത്തിനു കാരണമാവുമെന്നും മറ്റും കുറേ കേട്ടിട്ടുണ്ട്.പക്ഷേ, ഇപ്പോള്‍ വെളിച്ചെണ്ണ നല്ലവന്‍, തെറ്റിദ്ധരിച്ചതു കഷ്ടമായിപ്പോയെന്നാണു പുതിയ ലൈന്‍. ഒരു വ്യത്യാസം. വെറും കൊപ്രാ എണ്ണയല്ല, പച്ചത്തേങ്ങയില്‍ നിന്ന് പ്രത്യേക പ്രക്രിയയിലൂടെ തയാറാക്കുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് (ഉരുക്കു വെളിച്ചെണ്ണ) ആരോഗ്യരക്ഷകനായി അവതരിപ്പിക്കപ്പെടുന്നത്.

വിര്‍ജിന്‍ വെളിച്ചെണ്ണയുടെ ഗുണഗണങ്ങള്‍ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്: രക്തത്തിലെ നല്ല കൊഴുപ്പിന്റെ (എച്ച്ഡിഎല്‍) അളവ് കൂട്ടും, ചീത്ത കൊഴുപ്പിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കും, വൈറസ്, പൂപ്പല്‍ ബാധകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കും. പ്രമേഹ രോഗികള്‍ക്കു ഭക്ഷണം പാകം ചെയ്യാന്‍ ഉത്തമം.
സംസ്കരിച്ച സസ്യഎണ്ണകളാണ് പാചകത്തിനായി ഉപയോഗിക്കപ്പെടുന്നതില്‍ ഭൂരിപക്ഷവും. ഇവയുടെ ദോഷങ്ങള്‍ വര്‍ണിക്കുകയാണു വിദഗ്ധര്‍ ഇപ്പോള്‍. എന്നാല്‍, വിര്‍ജിന്‍ വെളിച്ചെണ്ണ സംസ്കരിച്ച എണ്ണയല്ല. സംസ്കരിച്ച്, ബ്ളീച്ച് ചെയ്ത്, ഗന്ധമില്ലാതാക്കുമ്പോള്‍ എണ്ണയുടെ നല്ല ഗുണങ്ങളെല്ലാം നശിച്ച് കടകളിലെ ഷെല്‍ഫുകളില്‍ ഇരിക്കാനുള്ള കാലാവധി കൂട്ടുകയാണ്.

അതു കഴിക്കുന്നവരുടെ ജീവിത കാലാവധി അതിനനുസരിച്ചു കുറയുകയും ചെയ്യുമെന്ന് വിര്‍ജിന്‍ വെളിച്ചെണ്ണയില്‍ ഗവേഷണം നടത്തിയ മസ്ക്കറ്റിലെ അല്‍ ലംകി പോളി ക്ളിനിക്കിലെ കണ്‍സല്‍ട്ടന്റായ ഡോ. സജീവ് ഭാസ്കര്‍ പറയുന്നു.കാരണം, എണ്ണ സംസ്കരിക്കാന്‍ ചൂടാക്കുമ്പോള്‍ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാവുന്നു. ഇവ ട്രാന്‍സ് ഫാറ്റ് സൃഷ്ടിക്കുന്നു. ട്രാന്‍സ് ഫാറ്റ് രക്തധമനികളില്‍ കൊഴുപ്പിന്റ അംശം കൂട്ടുന്നു, കോശങ്ങളെ ആക്രമിച്ച് കാന്‍സറിനു കാരണമാകുന്നു. ചര്‍മത്തെ വേഗം വാര്‍ധക്യത്തിലേക്കു നയിക്കുന്നു.ഫാസ്റ്റ് ഫുഡും പേസ്ട്രിയും ഫ്രഞ്ച് ഫ്രൈ പോലുള്ള സാധനങ്ങളും ഇത്തരം സംസ്കരിച്ച എണ്ണകളില്‍ പാചകം ചെയ്യപ്പെടുന്നതുകൊണ്ടാണു ദോഷഫലങ്ങള്‍ മിക്കതുമെന്ന് എണ്ണയുടെയും കൊഴുപ്പിന്റെയും കാര്യത്തില്‍ ലോകം അംഗീകരിക്കുന്ന വിദഗ്ധയായ ഡോ. മേരി എനിഗ് പറയുന്നു.

എന്നാല്‍, വിര്‍ജിന്‍ വെളിച്ചെണ്ണ പാചകം ചെയ്യുന്നതിനായി ചൂടാക്കിയാല്‍ രാസപ്രക്രിയയ്ക്കു വിധേയമാവുന്നില്ല. അപകടകരമായ ട്രാന്‍സ് ഫാറ്റും ടോക്സിനുകളും മറ്റും അങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതിനാല്‍ ഈ വെളിച്ചെണ്ണയില്‍ വറുത്തു കഴിച്ചാലും കുഴപ്പമില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്.തേങ്ങ ഉണക്കി കൊപ്രയാക്കാതെ പച്ചത്തേങ്ങയില്‍ നിന്നാണ് ഉരുക്കു വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. തേങ്ങ ഉടച്ച് ഒന്നര മണിക്കൂറിനകം വെളിച്ചെണ്ണയെടുക്കാം. കേരളത്തില്‍ ഇത് വിപണനത്തിന് ലഭ്യവുമാണ്. ഓസ്ട്രേലിയയില്‍ വികസിപ്പിച്ച ഡയറക്ട് മൈക്രോ എക്സ്പെല്ലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം.

മെര്‍ക്കിസ്റ്റണ്‍: സേവിയുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്
– സ്വന്തം പ്രതിനിധി
കൊച്ചി:

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒഴിയണമെന്നാവശ്യപ്പെട്ടു വനംവകുപ്പു നല്‍കിയ നോട്ടീസ് റദ്ദാക്കാന്‍ സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്സ് എംഡി സേവി മനോ മാത്യു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. പരിസ്ഥിതി ദുര്‍ബല പ്രദേശം ഉടമയ്ക്കു തിരികെ നല്‍കുന്നതിനെതിരെ ഫ്രണ്ട്സ് ഓഫ് എന്‍വയണ്‍മെന്റ് സെക്രട്ടറി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്കൊപ്പമാകും ഈ കേസ് പരിഗണിക്കുക.

ബിര്‍ള ഗ്രൂപ്പിന്റെ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന പൊന്മുടിയിലെ 707.23 ഏക്കര്‍ സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശമായി (ഇഎഫ്എല്‍) ഓര്‍ഡിനന്‍സ് പ്രകാരം 2001ലാണ് വിജ്ഞാപനം ചെയ്തത്. ഓര്‍ഡിനന്‍സ് നിയമമാക്കിയപ്പോള്‍ തേയിലത്തോട്ടങ്ങളെ ഒഴിവാക്കി. തുടര്‍ന്നു സേവി മനോ മാത്യു നല്‍കിയ അപേക്ഷയില്‍ കസ്റ്റോഡിയന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥന്‍ 2007 ജൂണ്‍ 12നു 24.40 ഹെക്ടര്‍ ഭൂമി ഒഴിച്ചുള്ള സ്ഥലം ഉടമയ്ക്കു തിരിച്ചുനല്‍കാന്‍ ഉത്തരവിറക്കി. എന്നിട്ടും ഡിഎഫ്ഒ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വ. എസ്. സനല്‍ കുമാര്‍ മുഖേന സേവി ഹര്‍ജി നല്‍കിയത്.

കടപ്പാട്‌: മനോരമ

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

1 അഭിപ്രായം

Filed under കേരളം, മാധ്യമം, രജിസ്ട്രേഷന്‍, സാമ്പത്തികം

One response to “21-9-07 ലെ വാര്‍ത്തകള്‍

  1. പിങ്ബാക്ക് എവന്‍ പൊണ്ടാട്ടി എവന്‍ കൂടെ പോനാ ഒനക്കെന്ന « ഒരു കര്‍ഷകന്‍ സംസാരിക്കുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w