8-8-07 ലെ വാര്‍ത്ത്തകള്‍

മാമൂലുകള്‍’ പഴങ്കഥ; വാളയാര്‍ ഇനി അഴിമതിരഹിതം
പാലക്കാട്:
മാമൂലുകളും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ വാളയാര്‍ ചെക്ക്പോസ്റ്റിന് കാര്യക്ഷമതയുടെയും, കൃത്യനിര്‍വഹണത്തിന്റെയും പുതിയ മുഖം നല്‍കുന്ന ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി. അഴിമതിരഹിത വാളയാര്‍ ക്യാമ്പയിന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ഇത് പുതിയ പരീക്ഷണമാണ്. നികുതി ഉയര്‍ത്താതെ, കാര്യക്ഷമതകൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനിമുതല്‍ മാമൂലടക്കമുള്ള അഴിമതികളുണ്ടാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷപ്രസംഗത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും ഇനിമുതല്‍ മാമൂല്‍ സമ്പ്രദായം ഉണ്ടാവില്ലെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസും പ്രഖ്യാപിച്ചു.ശുദ്ധിയുടെ കേളികൊട്ട്:
അഴിമതിരഹിത വാളയാര്‍ ക്യാമ്പയിന്‍
ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ
ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാണിജ്യ വില്‍പ്പന നികുതി
ഓഫീസിലേക്ക് സ്വീകരിച്ചാനയിക്കുന്നു. ഗതാഗതമന്ത്രി മാത്യുസ ടി
തോമസ്, എന്‍ എന്‍ കൃഷ്ണദാസ് എംപി, ഡെപ്യൂട്ടി സ്പീക്കര്‍
ജോസ്ബേബി, കെ കെ ദിവാകരന്‍ എംഎല്‍എ എന്നിവര്‍ സമീപം

ഇടനിലക്കാരും ഗുണ്ടകളും വാണിരുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന ചെക്ക്പോസ്റ്റിന് ഇനി അവ പഴങ്കഥകളാകും. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഇടപെടലുകളും ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുംമൂലമുണ്ടാകുന്ന ഈ മാറ്റം സംസ്ഥാനത്തിനും ഏറെ നേട്ടങ്ങള്‍ നല്‍കും.

ക്ളിയറിങ്ങിനായി മണിക്കൂറുകളോ, ചിലപ്പോള്‍ ദിവസങ്ങളോ കാത്തിരിക്കുന്നതുമൂലം ട്രക്ക് മുതലാളിമാരും തൊഴിലാളികളുംകേരളത്തിലേക്കുള്ള ചരക്കുഗതാഗതം നിര്‍ത്തുന്നതടക്കം ആലോചിച്ചിരുന്നു. കൂടാതെ ഇവിടെയുണ്ടാകുന്ന ഗതാഗതകുരുക്ക് ദേശീയപാതയിലെ യാത്രയെയും അലങ്കോലമാക്കിയിരുന്നു. പുതിയ സംവിധാനത്തിലൂടെ ശരിയായ രേഖകളുണ്ടെങ്കില്‍ 15 മിനിറ്റിനകം വാഹനങ്ങളെ കടത്തിവിടും.

മൂന്നുവര്‍ഷംകൊണ്ട് രാജ്യത്തെ ഏറ്റവും ആധുനിക ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റാക്കി വാളയാറിനെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് ഏകജാലകസംവിധാനം, ആധുനിക സ്കാനറുകള്‍, വേബ്രിഡ്ജുകള്‍ എന്നിവ ഒരുക്കും.

 

ഇത് പുതിയ പരീക്ഷണം: മുഖ്യമന്ത്രി
പാലക്കാട്:
വാളയാറില്‍ നടക്കുന്നത് പുതിയ പരീക്ഷണമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റിങും മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലും അഴിമതി കുറയ്ക്കാന്‍ സഹായിക്കും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വാളയാറിലടക്കം അഴിമതി കുറഞ്ഞിട്ടുണ്ട്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തിപരമായി നടത്തിയ ഇടപെടലുകളാണ് വാളയാറിലെ മാറ്റത്തിനു പിന്നിലെന്നും ‘അഴിമതി രഹിത വാളയാര്‍ പദ്ധതി’ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാരി വ്യവസായികളോടുള്ള സൌഹാര്‍ദപൂര്‍ണ സമീപനവും നികുതിപിരിവിലുള്ള കര്‍ശനനിലപാടും കാരണം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം നികുതി വരുമാനത്തില്‍ വന്‍വര്‍ധന ഉണ്ടായി. നികുതി ഉയര്‍ത്താതെ, കാര്യക്ഷമതകൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെല്‍പ്പ്ഡെസ്ക്ക് സംവിധാനം ഗതാഗതമന്ത്രി മാത്യു ടി തോമസും രേഖകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്കുള്ള കിറ്റുകള്‍ എന്‍ എന്‍ കൃഷ്ണദാസ് എംപി വിതരണം ചെയ്തു. എംഎല്‍എമാരായ കെ കെ ദിവാകരന്‍, കെ എസ് സലീഖ, സി പി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, കലക്ടര്‍ കെ എസ് ശ്രീനിവാസ്, നികുതിസെക്രട്ടറി മാരാപാണ്ഡ്യന്‍, എഡിജിപി കെ എസ് ജാങ്പാംഗി, പൊലീസ് സൂപ്രണ്ട് വിജയ് സാഖറെ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, ജോബി വി ചുങ്കത്ത് എന്നിവര്‍ സംസാരിച്ചു. വാണിജ്യനികുതി കമീഷണര്‍ പോള്‍ ആന്റണി സ്വാഗതവും കെ മുരളീധരന്‍ നന്ദിയും പറഞ്ഞു. ഈശ്വരന്‍ നമ്പൂതിരി സ്വാഗതഗാനം ആലപിച്ചു.

 

വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനി ‘മാമൂല്‍’ ഇല്ല: ധനമന്ത്രി
പാലക്കാട്: ‘വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഇനി മാമൂലുകള്‍ ഉണ്ടാകുമോ’ ധനമന്ത്രി തോമസ് ഐസക്ക് ചോദിച്ചു.

‘ഇല്ല….’ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി പറഞ്ഞു.

‘കുറച്ചുകൂടി ഉറക്കെ. നിങ്ങളുടെ ശബ്ദം നാടറിയട്ടെ’ മന്ത്രി പ്രോല്‍സാഹിപ്പിച്ചു.

ഇതോടെ ബി ആര്‍ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉറക്കെ പ്രഖ്യാപിച്ചു; ‘വാളയാറില്‍ ഇനി മാമൂലുകള്‍ ഇല്ലേയില്ല’.

അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇനിമുതല്‍ മാമൂലടക്കമുള്ള അഴിമതികളുണ്ടാവില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷപ്രസംഗത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

ആദ്യആഴ്ചയില്‍ മാമൂലുകള്‍ തിരിച്ചു നല്‍കും. പുതിയ നടപടിയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതു കഴിഞ്ഞാല്‍ മാമൂല്‍ നല്‍കുന്നവരെ പൊലീസില്‍ ഏല്‍പ്പിക്കും. ഇടത്തട്ടുകാരേയും ഗുണ്ടകളേയും കര്‍ശനമായി ഒതുക്കും. ജീവനക്കാര്‍ക്ക് താമസ സൌകര്യമടക്കമുള്ളവ നല്‍കും. ക്വാര്‍ട്ടേഴ്സുകള്‍ പുതുക്കാന്‍ 28 ലക്ഷം രൂപ വിനിയോഗിക്കും.

മൂന്നുവര്‍ഷംകൊണ്ട് രാജ്യത്തെ ഏറ്റവും ആധുനിക ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റാക്കി വാളയാറിനെ മാറ്റും. മലബാര്‍ സിമന്റ്സ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെഇവിടം വൈദ്യുതീകരിക്കും. മൂന്നുമാസത്തിനകം പുതിയ ട്രാക്ക് നിര്‍മിക്കും. മഴക്കാലം കഴിഞ്ഞാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിലും ഇനി മുതല്‍ മാമൂല്‍ സമ്പ്രദായം ഉണ്ടാവില്ലെന്ന് ഗതാഗതമന്ത്രി മാത്യു ടി തോമസ്. അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാളയാറിലെ വില്‍പ്പന നികുതി വകുപ്പില്‍ മാമൂലുകളും അഴിമതികളും ഇല്ലെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിക്കുമ്പോള്‍ ഗതാഗതമന്ത്രിയെന്ന നിലയില്‍ ഒന്നും പറയാതെ പോകാനാവില്ല. രണ്ടാമത്തെ പ്രധാനവകുപ്പാണ് മോട്ടോര്‍ വാഹനവകുപ്പ്. വാളയാറിനെക്കുറിച്ചുള്ള കുപ്രസിദ്ധിയില്‍ തന്റെ വകുപ്പിനും പങ്കുണ്ട്. അത് പരിഹരിക്കുകയാണ്.

ആര്‍ഡിഒ ഓഫീസുകളിലേ പോലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കംപ്യൂട്ടര്‍ സംവിധാനമൊരുക്കും. ഉദ്യോഗസ്ഥര്‍ സ്വയം അഴിമതിമുക്തരായില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

കാലവര്‍ഷക്കെടുതി: കേന്ദ്രം നല്‍കിയത് 35 കോടി മാത്രം

ന്യൂദല്‍ഹി: കാലവര്‍ഷക്കെടുതി നേരിടാന്‍ ദുരിതാശ്വാസ കരുതല്‍നിധിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചത് 35.35 കോടി മാത്രം. 50 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട് നിവേദനം നല്‍കിയ ശേഷം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. കേന്ദ്രത്തില്‍നിന്ന് ഈ തുക ലഭിച്ചത് തങ്ങളുടെ നേട്ടമാണെന്ന മട്ടില്‍ സി.പി.എമ്മും കോണ്‍ഗ്രസും അവകാശത്തര്‍ക്കം നടത്തിവരുമ്പോഴാണ് ‘തര്‍ക്കസംഖ്യ’യില്‍ 15 കോടിയോളം ഇല്ലാതെ പോയത്.

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്രസമീപനത്തില്‍ പ്രതിഷേധിച്ച് 20ന് ദല്‍ഹിയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്താന്‍ പോകുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ കാലവര്‍ഷക്കെടുതിയുടെ വിശദാംശങ്ങള്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ അഭ്യര്‍ഥനപ്രകാരം പ്രകൃതിക്ഷോഭ കരുതല്‍ നിധിയില്‍നിന്ന് 35.35 കോടി രൂപ അനുവദിച്ചിട്ടുള്ളതായി ഈ വിശദീകരണത്തില്‍ പറയുന്നു.

കടപ്പാട്‌: മാധ്യമം

******************************************************

വികലാംഗര്‍ക്കും അയല്‍ക്കൂട്ടവും തൊഴില്‍ പദ്ധതിയും

തിരുവനന്തപുരം: വൈകല്യമുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കുന്നു.
ദേശീയ വികലാംഗ കോര്‍പ്പറേഷന്‍ ഫണ്ടുപയോഗിച്ച് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണിത്. ഒരേ തരം വൈകല്യമുള്ളവരെ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയാണ് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നത്.
പത്ത് പേരുള്ള ഒരു ഗ്രൂപ്പില്‍ ഏഴ് പേര്‍ വികലാംഗരാണ്. ഇവരെ സഹായിക്കാന്‍ വൈകല്യമില്ലാത്ത മൂന്നുപേരെയും ഉള്‍പ്പെടുത്തും.
വീടുകളിലാണ് തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നത്. ബുക് ബയന്റിംഗ്, മുയല്‍ വളര്‍ത്തല്‍ എന്നീ യൂണിറ്റുകളാണ് ഇപ്പോള്‍ വികലാംഗ കോര്‍പ്പറേഷന്റെ പരി ഗണനയിലുള്ളത്. ഗ്രൂപ്പുകള്‍ക്കും പദ്ധതികള്‍ സമര്‍പ്പിക്കാം. മുയല്‍ വളര്‍ത്തലിനായി എം.പി ഐയുമായി കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പിട്ടു.
ഒരു വ്യക്തിക്ക് 25,000 രൂപയും പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 2.5 ലക്ഷം വരെയും 25 പേരുടെ ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെയും വായ്പ നല്‍കും. നാല് ശതമാനമാണ് പലിശ. പഞ്ചായത്തുകള്‍ സബ്സിഡിയും നല്‍കും. സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കാനായി നബാര്‍ഡിന്റെ സഹകരണം തേടുന്നുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ഗ്രൂപ്പുകള്‍ അയല്‍ക്കൂട്ടം രൂപീകരിക്കാന്‍ അപേക്ഷ നല്‍കിയതായി വികലാംഗ കോര്‍പ്പറേഷന്‍ എം.ഡി എലിസബത്ത് റൊസാരിയോ പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

******************************************************

ഭക്ഷ്യയെണ്ണ, കുരുമുളക്, റബര്‍ഇറക്കുമതി കൂടിയതില്‍ ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദുര്‍ബല ഉല്‍പന്നപ്പട്ടികയിലുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി ഉദാര ഇറക്കുമതി നയങ്ങള്‍ കാരണം വന്‍തോതില്‍ വര്‍ധിച്ചത് ആഭ്യന്തര വിപണിയില്‍ ആശങ്ക ഉളവാക്കുന്നു. കുരുമുളകിന്റെ ഇറക്കുമതി 139% വര്‍ധിച്ചപ്പോള്‍ വെളിച്ചെണ്ണയ്ക്കു ഭീഷണി ഉയര്‍ത്തുന്ന സംസ്കരിച്ച ഭക്ഷ്യയെണ്ണകളുടെ കാര്യത്തില്‍ 31 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്നു വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു.

റബറിന്റെ ഇറക്കുമതിയില്‍ 37.4 ശതമാനമാണു വര്‍ധന.ഇറക്കുമതി വര്‍ധിച്ചിട്ടും ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതി തീരുവ ഈയിടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചിരുന്നു. വിലക്കൂടുതലില്‍നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണു തീരുവ കുറച്ചതെന്നാണു സര്‍ക്കാര്‍ ഭാഷ്യമെങ്കിലും വെളിച്ചെണ്ണയ്ക്കു ഭീഷണിയാണു നടപടി. ഭക്ഷ്യയെണ്ണകളുടെ വിലയില്‍ കിലോയ്ക്കു നാലുരൂപവരെ വില കുറയുമെന്നാണു കണക്കാക്കുന്നത്.

ഇറക്കുമതി വീണ്ടും വര്‍ധിക്കുന്നതോടെ ഭീഷണിക്കു വീണ്ടും ആക്കം കൂടും.അസംസ്കൃത ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതിയിലും വര്‍ധനയുണ്ടായി – 15.7%. അസംസ്കൃത പാമോയിലിന്റെയും അതിന്റെ ഘടകങ്ങളുടെയും ഇറക്കുമതി വര്‍ധിച്ചതുകൊണ്ടാണ് (28%) ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതി വര്‍ധനയുണ്ടായതെന്നു മന്ത്രാലയം വ്യക്തമാക്കി. വെളിച്ചെണ്ണയ്ക്കു ഭീഷണിയാവുന്നതും ഇതുതന്നെ.സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി വര്‍ധനകൊണ്ട് ആശങ്കയ്ക്ക് ആവശ്യമില്ലെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി ജയ്റാം രമേശ് വ്യക്തമാക്കുന്നുണ്ട്.

ഇറക്കുമതി വര്‍ധനയെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്പൈസസ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചതു ‘മനോരമ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുരുമുളകിന്റെ ഇറക്കുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടും മൊത്തം സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി (1.4%) കുറഞ്ഞുവെന്നു സ്ഥാപിക്കാനായിരുന്നു മന്ത്രാലയത്തിന്റെ ശ്രമം. മൊത്തം ഇറക്കുമതിയില്‍ കുരുമുളകിന് ഏഴു ശതമാനമുണ്ടായിരുന്നതു 17 ആയപ്പോഴാണിത്.

ഈ വര്‍ഷം ഏപ്രില്‍ – ജൂണ്‍ കാലഘട്ടത്തില്‍ ദുര്‍ബല ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 506 കോടി രൂപയുടെ വര്‍ധനയാണുണ്ടായത് – 11.6% വര്‍ധന. മൊത്തം ഇറക്കുമതിയില്‍ 40,333 കോടി രൂപയുടെ വര്‍ധനയുണ്ടായി.

കറ്റപ്പാട്‌: മനോരമ

******************************************************

ഉറപ്പ് ജലരേഖയായി; പാസഞ്ചര്‍ യാത്രാക്കാര്‍ക്ക് ദുരിതം തന്നെ

കൊച്ചി: പാസഞ്ചര്‍ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാന്‍ ബോഗികളുടെ എണ്ണം കൂട്ടുമെന്ന റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ ഉറപ്പു ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും മിക്ക പാസഞ്ചര്‍ ട്രെയിനുകളിലും ബോഗികളുടെ എണ്ണം കൂട്ടിയില്ല. ഇതുമൂലം പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം തുടരുന്നു.

രാവിലെയും വൈകുന്നേരവുമുള്ള പാസഞ്ചറുകളില്‍ ജനം തിരക്കുമൂലം ശ്വാസംമുട്ടിയാണ് യാത്രചെയ്യുന്നത്. വൈകിട്ടുള്ള പാസഞ്ചറിലാണ് തിരക്കേറെയും. ചിലപ്പോള്‍ തിരക്കുമൂലം പെണ്‍കുട്ടികളടക്കമുള്ളവര്‍ ബോധം കെട്ടുവീഴന്നതും സ്ഥിരം കാഴ്ചയാണ്. ബോഗികളടെ എണ്ണം കൂട്ടുമെന്നു പ്രഖ്യാപനമുണ്ടായി ഒരു മാസം കഴിഞ്ഞപ്പോഴത്തെ അവസ്ഥയാണിത്. വൈകുന്നേറം ആറിന് എറണാകുളത്തുനിന്നു കായംകുളത്തേക്കു പുറപ്പെടുന്ന പാസഞ്ചറില്‍ ഓരോ ബോഗിയിലും നാന്നൂരിലേറെ പേരാണ് യാത്രചെയ്യുന്നത്. നൂറോളം പേര്‍ക്ക് യാത്രചെയ്യാവുന്ന ബോഗികളിലാണ് ഇത്രയും പേര്‍ കയറേണ്ടി വരുന്നത്. മഴയുള്ള ദിവസങ്ങളില്‍ ജനാലകള്‍ അടച്ചിടുമ്പോള്‍ ശ്വാസം മുട്ടാറുണ്െടന്ന് യാത്രക്കാര്‍ പറയുന്നു.

തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ട്രെയിനില്‍ കുറേപ്പേര്‍ അപകടകരമാം വിധം തൂങ്ങിക്കിടന്നാണ് യാത്ര ചെയ്യുന്നത്. നിന്നു തിരിയാന്‍ മാത്രമല്ല നേരെ ചൊവ്വെ ശ്വസിക്കാന്‍ പോലും പറ്റാത്തത്ര തിങ്ങിനിറഞ്ഞാണ് ജനം ഇതില്‍ യാത്രചെയ്യുന്നത്. സ്ത്രീകള്‍ക്കായുള്ള കമ്പാര്‍ട്ടുമെന്റുകള്‍ നിറഞ്ഞുകവിയുന്നതു മൂലം വൈ കി യെ ത്തുന്ന ചില സ്ത്രീകള്‍ക്ക് ജനറല്‍മ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യേണ്ടി വരുന്നതും പതിവാണ്. ഒട്ടേറെ യാതനകള്‍ സഹിച്ചാണ് തങ്ങള്‍ ഇങ്ങനെ യാത്ര ചെയ്യുന്നതെന്നു സ്ത്രീ യാത്രക്കാര്‍ പറയുന്നു. ടോയ്ലറ്റുകളില്‍പ്പോലും അഞ്ചും ആറും പേര്‍ കയറി നിറഞ്ഞു കവിഞ്ഞാണ് യാത്ര ചെയ്യുന്നത്.

സ്ഥിരം ട്രെയിനില്‍ യാത്ര ചെയ്യുന്നതവര്‍ പലരും തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. ബസില്‍ യാത്ര ചെയ്ത് ജോലിക്കെത്തിയാല്‍ ഇവരില്‍ പലര്‍ക്കും കിട്ടുന്ന ശമ്പളം ബസ് കൂലിക്കു മാത്രമേ ഉണ്ടാവൂ എന്നതാണ് അവസ്ഥ. അതിനാല്‍ യാതനകള്‍ സഹിച്ചും പലരും പാസഞ്ചറില്‍ യാത്ര തുടരുകയാണ്.

കടപ്പാട്‌: ദീപിക

******************************************************

റോഡ് അറ്റകുറ്റപ്പണി: ധനവകുപ്പിന്റെ ഉടക്ക് അവഗണിച്ച് മരാമത്തുവകുപ്പ് ടെന്‍ഡര്‍ വിളിച്ചു
തിരുവനന്തപുരം: ധനമന്ത്രാലയത്തിന്റെ എതിര്‍പ്പവഗണിച്ച് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്തു വകുപ്പ് സംസ്ഥാന വ്യാപകമായി ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 338 കോടി രൂപയുടെ പണികള്‍ക്കാണ് ടെന്‍ഡര്‍. മന്ത്രിസഭയുടെയോ ധനമന്ത്രാലയത്തിന്റെയോ അംഗീകാരമില്ലാതെ ടെന്‍ഡര്‍ വിളിച്ചതോടെ ധനകാര്യവകുപ്പും മരാമത്തു വകുപ്പും തമ്മില്‍ ശീതസമരം രൂക്ഷമായി.

ഇന്നലെയാണ് ടെന്‍ഡര്‍ ക്ഷണിച്ചു തുടങ്ങിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം പണി ആരംഭിക്കാനാണ് മരാമത്തു വകുപ്പിന്റെ തീരുമാനം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ധനമന്ത്രിയോട് മന്ത്രി ടി.യു.കുരുവിള ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ടി.യു.കുരുവിള അവതരിപ്പിച്ച നിര്‍ദേശത്തെ ധനവകുപ്പ് എതിര്‍ത്തു. തുടര്‍ന്ന് മെയിന്റനന്‍സ് ഫണ്ടില്‍നിന്ന് 328 ലക്ഷം രൂപ അനുവദിച്ചു. ഈ തുക അപര്യാപ്തമാണെന്നു മരാമത്തുവകുപ്പ് വാദിച്ചെങ്കിലും ധനമന്ത്രാലയം വഴങ്ങിയില്ല. അറ്റകുറ്റപ്പണിക്കായി 50 കോടി രൂപയെങ്കിലും അടിയന്തരമായി നല്‍കണമെന്ന നിര്‍ദേശത്തോടും ധനമന്ത്രാലയം അനുകൂലമായി പ്രതികരിച്ചില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു ധനവകുപ്പിന്റെ പ്രതികരണം. പദ്ധതിച്ചെലവു പോലും വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമാണുള്ളത്. കാലവര്‍ഷക്കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതത്തില്‍നിന്നാണ് ചെലവഴിച്ചത്. അറ്റകുറ്റപ്പണിക്കായി കൂടുതല്‍ തുക കടമെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയതോടെ ധനവകുപ്പിന്റെ അംഗീകാരവും അനുമതിയുമില്ലാതെ ടെന്‍ഡര്‍ ക്ഷണിക്കാന്‍ മരാമത്തുവകുപ്പ് തീരുമാനിക്കുകയായിരുന്നു.      മരാമത്തുമന്ത്രി ടി.യു.കുരുവിള നേരിട്ട് ഉദ്യോഗസ്ഥരുടെ മേഖലായോഗങ്ങള്‍ വിളിച്ചു ചേര്‍ത്താണ് ടെന്‍ഡര്‍ ക്ഷണിക്കാന്‍ നിര്‍ദേശം നല്‍കിയത്. പരമാവധി നാലുദിവസത്തിനകം നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്ന മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇന്നലെ മുതല്‍ ടെന്‍ഡര്‍ ക്ഷണിച്ചു തുടങ്ങിയത്. പണി പൂര്‍ത്തിയായ ശേഷം ചെലവായ തുക ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയെന്നതാണു തന്ത്രം.

അഞ്ചുവര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണി കരാറുകാരന്റെ ഉത്തരവാദിത്വത്തിലാക്കുന്ന ‘ഹെവി മെയിന്റനന്‍സ്’ പദ്ധയില്‍പ്പെടുത്തിയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.

കടപ്പാട്‌: മംഗളം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, മാധ്യമം, വായ്പ, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w