2-8-07 ലെ വാര്‍ത്തകള്‍

ഗോതമ്പ് ഇറക്കുമതി അഴിമതിക്കോ?

ആഗോള വിപണിയില്‍ ഗോതമ്പു വില കുതിച്ചുയര്‍ന്നു നില്ക്കുന്ന വേളയില്‍ ഇന്ത്യ 511000 ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകാണിപ്പോള്‍.

ഗോതമ്പ് ടണ്ണിന് 263 ഡോളര്‍ വില കൂടുതലാണെന്ന കാരണത്താല്‍ മേയില്‍ സ്റ്റേറ്റ് ട്രേയിനിംഗ് കോര്‍പ്പറേഷന്‍ ഇറക്കുമതി ടേണ്ടര്‍ തള്ളിയതാണ്.

ഇപ്പോള്‍ ഇതാ ടണ്ണിന് 320-360 ഡോളര്‍ നിരക്കില്‍ ഗോതമ്പ് ഇറക്കുമതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നു. ഇത് അഴിമതിയാണെന്ന് പ്രതിപക്ഷവും അത്യാവശ്യമില്ലാത്ത ഗോതമ്പ് ഇറക്കുമതി രാജ്യത്തിന്റെ ഭക്ഷ്യകാര്യപരമാധികാരം ഇല്ലാതാക്കുന്നതാകുമെന്ന് പരിസ്ഥിതി വാദികളും മറ്റും മുറവിളികൂട്ടുന്നുണ്ടെങ്കിലും ഇറക്കുമതി തീരുമാനത്തില്‍ ഉറച്ചുനില്ക്കുന്നു കൃഷിമന്ത്രി ശരദ് പവാര്‍. ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണിത്. വിലപ്രശ്നമല്ല എന്ന് മന്ത്രി ശരദ് പവാര്‍ ന്യായീകരണവും നല്‍കുന്നുണ്ട്.

എന്നാല്‍ 1200 കോടി രൂപയുടെ വന്‍ അഴിമതിയാണ് ഗോതമ്പ് ഇറക്കുമതി ഇടപാടെന്ന് ബിജെപി ആരോപിക്കുന്നു.

ഗോതമ്പിന് ഇന്ത്യയില്‍ വിപണിവില ടണ്ണിന് 10000 രൂപയാണെന്നിരിക്കെ ഇപ്പോള്‍ ടണ്ണിന് 13000- 15000 രൂപ നിരക്കില്‍(320-370 ഡോളര്‍) 10 ലക്ഷംടണ്‍ ഗോതമ്പ് വിദേശത്തു നിന്ന് ഇറക്കുമതിചെയ്യാനുള്ള നീക്കമാണ് വന്‍ പ്രതിഷേധം സൃഷ്ടിച്ചിട്ടുള്ളതും വിവാദമാകുന്നതും.

പഞ്ചാബിലും ഹര്യാനയിലും ഉത്തര്‍പ്രദേശിലും കൃഷിക്കാര്‍ക്ക് ന്യായവില ലഭ്യമാകാത്തതിന് സര്‍ക്കാരുകളെ പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.

വിദേശത്തുനിന്ന് ഗോതമ്പ് ഇറക്കുമതിചെയ്യുന്ന ചെലവ് രൂപയില്‍ കണക്കാക്കുമ്പോള്‍(ടണ്ണിന് 317 – 370 ഡോളര്‍ നിരക്കില്‍) 12838- 14985 രൂപയാകും. തുറമുഖത്തെ ഇറക്കുകൂലി, ചരക്കുനീക്ക ചെലവു ടണ്ണിന് 500 രൂപ ഇതിന് പുറമെയാണ്.

ഇന്ത്യയിലെ കര്‍ഷകരില്‍നിന്നു ഗോതമ്പ് സംഭരിച്ചതാകട്ടെ ടണ്ണിന് 8500 രൂപ നല്‍കിയിട്ട് (ആയിരം രൂപയുടെ ബോണസ് ഉള്‍പ്പെടെയാണിത്.)

റാബി സീസണില്‍ 110 ലക്ഷം ടണ്‍ ഗോതമ്പാണ് ടണ്ണിന് 8500 രൂപ നിരക്കില്‍ സര്‍ക്കാര്‍ സംഭരിച്ചത്. വിപണിയില്‍ വില ഇതിലും 20 ശതമാനം കൂടുതലാണെങ്കിലും സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് വില കൂട്ടിനല്‍കാന്‍ തയ്യാറായില്ല.

റഷ്യയിലും ഉക്രയിനുലും വരള്‍ച്ചമൂലവും അമേരിക്കയില്‍ കാലാവസ്ഥാ വ്യതിയാനം മൂലവും കൃഷി മോശമായതാണ് ഗോതമ്പിന് ഇപ്പോള്‍ വില കുതിച്ചുയരാന്‍കാരണമായി പറയുന്നത്.

ഇന്ത്യയില്‍ ഇപ്പോള്‍ ഭക്ഷ്യക്ഷാമമൊന്നുമില്ലെന്നതിനാല്‍ ശീതകാലംവരെ കാത്തിരുന്നിട്ട് കുറഞ്ഞ നിരക്കില്‍ ഗോതമ്പ് സംഭരിക്കാനാവുമെന്ന് വിദഗ്ദരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പക്ഷെ സര്‍ക്കാര്‍ അത് ചെവിക്കൊള്ളുന്ന ഭാവം പോലും കാട്ടുന്നില്ലെന്നുമാത്രം.

2008 ഏപ്രില്‍ 1ാം തീയതി ഇന്ത്യയ്ക്ക് 40- 50 ലക്ഷം ടണ്‍ ഗോതമ്പ് കരുതല്‍ ശേഖരം ഉണ്ടാകുമെന്ന് എഫ്സിഐ എം. ഡി. അലോക് സിന്‍ഹ പറയുന്നു.

ഇക്കൊല്ലം ഇതുവരെ കര്‍ഷകരില്‍ നിന്ന് 110 ലക്ഷം ടണ്‍ ഗോതമ്പ് സംഭരിച്ചു കഴിഞ്ഞു. ഇതോടെ മൊത്തം ഗോതമ്പ് ശേഖരം 130 ലക്ഷം ടണ്ണായി.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗോതമ്പ് ല്യഭ്യമാക്കുന്ന പദ്ധതിപ്രകാരം വേണ്ടത് ഒരുമാസം 10 ലക്ഷം ടണ്‍ ഗോതമ്പാണ്.

ഇപ്പോഴത്തെ അവസ്ഥയില്‍ ഭക്ഷ്യക്ഷാമചിന്തയേവേണ്ട എന്നും 101 ലക്ഷം ടണ്‍ അരിയും സ്റ്റോക്കുണ്ടെന്നും എഫ്സിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഉയര്‍ന്ന വിലനല്‍കി ഗുണമേന്മകുറഞ്ഞ ഗോതമ്പാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ പോകുന്നതെന്നു സൂചനയായിക്കഴിഞ്ഞു.
കളബാധയുള്ള ഗോതമ്പാണ് നല്‍കുന്നതെന്ന് പറഞ്ഞ് അമേരിക്കയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതി തുടങ്ങിയിരിക്കുന്നത് ഇതിനു തെളിവ്. അത്ര കര്‍ശന പരിശോധനയൊന്നുമില്ലാതെ അമേരിക്കന്‍ ഗോതമ്പ് ഇറക്കുമതിചെയ്യാന്‍ ഇന്ത്യ തയ്യാറാകണമെന്ന ആവശ്യവുമായി അമേരിക്കന്‍ ഗവണ്‍മെന്റും അമേരിക്കന്‍ കമ്പനികളും സമ്മര്‍ദ്ദം ചെലുത്തുകയാണ്.

1954ല്‍ പിഎല്‍ 480(പബ്ളിക്ലാ 480) പദ്ധതി പ്രകാരം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പിലൂടെയാണ് കമ്മ്യൂണിസ്റ്റ്പച്ച എന്നു നാം വിളിക്കുന്ന കളകള്‍ ഇവിടെ വേരുറപ്പിച്ചു പടര്‍ന്നത്. അത്തരത്തിലുളള പുതിയ ഇനം കളകളുടെ വിത്തുകളും മറ്റും കലര്‍ന്നതാണ് ഇപ്പോള്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുന്ന ഗോതമ്പ് എന്ന് പരിശോധനകളില്‍ കണ്ടതെന്നാണ് റിപ്പോട്ട്.

1998 ല്‍ ആസ്ട്രേലിയയില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്തതിന് എഡബ്ള്യുബി കമ്പനി 25 ലക്ഷം ഡോളര്‍ കമ്മിഷന്‍ നല്‍കിയെന്ന ആരോപണം ഉയര്‍ന്നതാണ്. സിബിഐ അന്വേഷിച്ചെങ്കിലും എഡബ്ള്യുബി സ്വയംഭരണസ്ഥാപനമാണെന്നതിനാല്‍ രേഖകള്‍ പിടിച്ചെടുക്കാനാവില്ലെന്ന ഒഴികഴിവ് പറഞ്ഞ ആസ്ട്രേലിയന്‍ അധികൃതര്‍ കൈമലര്‍ത്തി.

20 ലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള കരാര്‍ നേടാന്‍ 25 ലക്ഷം ഡോളര്‍ ബാങ്ക് അക്കൌണ്ടില്‍ അടച്ചതായി ആ്ട്രേലിയന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

ഈജിപ്തിന് ടണ്ണിന് 135 ഡോളര്‍നിരക്കില്‍ ഗോതമ്പ് നല്‍കിയ ആസ്ട്രേലിയ ഇന്ത്യയ്ക്ക് നല്‍കിയത് 142.50 ഡോളര്‍ നിരക്കിലായിരുന്നു.

കടപ്പാട്‌: കേരളകൌമുദി

******************************************************

ഓണപ്പരീക്ഷയ്ക്ക് ദിനങ്ങള്‍മാത്രം: അഞ്ചു ജില്ലകളില്‍ പാഠ പുസ്തകമില്ല

കോട്ടയം: ഓണ പരീക്ഷ അടുത്തിട്ടും പാഠ പുസ്തകങ്ങള്‍ എത്താത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കടുത്ത പുസ്തക ക്ഷാമം രൂക്ഷം. മിക്ക ജില്ലകളിലും അഞ്ച്, ആറ്, ഏഴ് , ക്ളാസുകളിലെ ചില പുസ്തകങ്ങളാണ് കിട്ടാനില്ലാത്തത്. ഏഴാം ക്ളാസിലെ പുസ്തകങ്ങള്‍ അടുത്ത വര്‍ഷം മാറുന്നതിനാല്‍ ഈ വര്‍ഷം ഇനി പുസ്തകം അച്ചടിക്കുമോ എന്ന കാര്യം വ്യക്തമല്ല. പുസ്തകം അച്ചടിക്കുകയോ സ്റ്റോക്കുള്ള ഡിപ്പോകളില്‍ നിന്ന് കൊണ്ടു വരികയോ ചെയ്തില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാവും.

അഞ്ചാം ക്ളാസിലെ മലയാളം, കണക്ക്, ഇംഗ്ളീഷ്, സോഷ്യല്‍ ഇംഗ്ളീഷ്, സോഷ്യല്‍ മലയാളം എന്നീ പുസ്തകങ്ങള്‍ക്കാണ് ഏറെ ക്ഷാമം നേരിടുന്നത്. പത്തനംതിട്ട, ആലപ്പുഴ , കൊല്ലം ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പുസ്തകം ഇനിയും ലഭിക്കാനുള്ളത്.

ആറ്, ഏഴ് ക്ളാസുകളിലെ മലയാളം പാഠ പുസ്തകം കോട്ടയം ജില്ലയിലെ മിക്ക സ്കുളുകളിലും കിട്ടിയിട്ടില്ല. വിവിധ ജില്ലകളിലെ പുസ്തക ക്ഷാമം കണക്കാക്കുമ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് സൂചന.

എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഏഴാം ക്ളാസിലെ മലയാളം ഉപ പാഠപുസ്തകമായ ത്രിവേണി ഇനിയും ലഭിക്കേണ്ടതുണ്ട്. ഈ ജില്ലകളില്‍ ഇംഗ്ളീഷ് പാഠ പുസ്തകത്തിനും ക്ഷാമമുണ്ട്.

മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും ഇനിയും ഒന്നാം ക്ളാസിലെ പാഠ പുസ്തകം ലഭിച്ചിട്ടില്ല. ഇവിടെ അറബിയും മലയാളവുമുള്ളതിനാലാണ് പുസ്തകം തികയാതെ വന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം മാറ്റമില്ലാത്ത പുസ്തകങ്ങളുടെ അച്ചടി കുറച്ചതാണ് പുസ്തക ദൌര്‍ലഭ്യം അനുഭവപ്പെടുന്നതെന്നാണ് കരുതുന്നത്. അതേ സമയം അടുത്ത കൊല്ലം മാറ്റമുള്ള ഒന്‍പത്, ഏഴ് ക്ളാസുകളിലെ പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനിടയില്ല. അതിനാല്‍ ക്ഷാമം നേരിടുന്ന പുസ്തകങ്ങള്‍ ഇനി കിട്ടുമോ എന്നകാര്യത്തില്‍ അവ്യക്തത നില നില്‍ക്കുകയാണ്.

കടപ്പാട്‌: ദീപിക

******************************************************

വ്യവസായസംരംഭകര്‍ക്ക് വിവരം നല്‍കാന്‍
പദ്ധതി: മന്ത്രി കരീം

തിരു: ചെറുകിടവ്യവസായസംരംഭകര്‍ക്ക് ആവശ്യമായ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും എളുപ്പം ലഭ്യമാക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. കേരള സര്‍വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ബൌദ്ധികസ്വത്തവകാശ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചെറുപ്പക്കാര്‍ ശമ്പളക്കാരാകാന്‍ തയ്യാറാണ്. എന്നാല്‍ പുതിയ സംരംഭമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തന്റേറടമില്ല. ഇതു മാറ്റുന്നതിനാണ് സംരംഭകരാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി പദ്ധതി കൊണ്ടുവരുന്നത്. സര്‍വകലാശാലകളിലെയും എന്‍ജിനിയറിങ് കോളേജുകളിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിയാകും ഇത് ചെയ്യുക.

ബൌദ്ധികസ്വത്തവകാശനിയമത്തിന്റെ സാമൂഹികവശത്തോട് യോജിക്കാന്‍ പ്രയാസമാണ്. നൂറ്റാണ്ടുകളിലൂടെ പലര്‍ ചേര്‍ന്നു രൂപപ്പെടുത്തിയ അറിവിനെ വില്‍പ്പനച്ചരക്കാക്കുന്ന രീതിയാണ് അതിലുള്ളത്. എന്നാല്‍ ബൌദ്ധിക സ്വത്തവകാശനിയമം യാഥാര്‍ഥ്യമായിക്കഴിഞ്ഞതിനാല്‍ അതിന്റെ സാങ്കേതികവശത്തെപ്പറ്റി സംരംഭകര്‍ക്ക് അറിവു നല്‍കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചെറുകിട സംരംഭകരുടെ സംഘടനയുമായി ചേര്‍ന്നു നടത്തുന്ന പരിശീലനപരിപാടിയുടെ കരാര്‍ മന്ത്രി വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍നായര്‍ക്ക് കൈമാറി. ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന സെമിനാറില്‍ മാനേജ്മെന്റ് വകുപ്പ് മേധാവി ഡോ. ജെ രാജന്‍, സംരംഭകത്വ വികസനകേന്ദ്രം ഓണററി ഡയറക്ടര്‍ ഡോ. കെ എസ് ചന്ദ്രശേഖര്‍, ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, അന്‍പുദുരൈ (അണ്ണാ യൂണിവേഴ്സിറ്റി), ഐ എ പീറ്റര്‍, കെ ജി മധു, ഡോ. അജിത്പ്രഭു എന്നിവര്‍ സംസാരിച്ചു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

മാട്ടുപ്പെട്ടിയില്‍ ‘വെള്ളയാന’യെ കണ്ടെത്തി

മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിനു സമീപം മേയുന്ന വെള്ള ആന

മൂന്നാര്‍: മാട്ടുപ്പെട്ടി ഇന്‍ഡോ- സ്വിസ് പ്രോജക്ടിനു സമീപം ‘വെള്ളയാന’യെ കണ്ടെത്തി. കാട്ടാനക്കൂട്ടങ്ങളുടെ കൂടെ ഒരാഴ്ച മുമ്പാണു ‘വെള്ളയാന’യെ കണ്ടു തുടങ്ങിയത്.

ആനക്കൂട്ടങ്ങളോടൊപ്പം എത്തുമെങ്കിലും ഒറ്റയ്ക്കു മാറിനിന്നാണ് ഇതു മേയുന്നത്. കാഴ്ചയില്‍ വ്യത്യസ്തതയുള്ളതിനാല്‍ വെള്ളയാനയെ കാണാന്‍ നാട്ടുകാരടക്കമുള്ളവര്‍ മാട്ടുപ്പെട്ടിയിലെത്തുന്നു.     ചൊവ്വാഴ്ച ഉച്ചയോടെ ടോപ്പ് സ്റ്റേഷന്‍ റോഡരികിലായി ഏറെനേരം മേയാനെത്തിയ വെള്ളയാന സഞ്ചാരികള്‍ക്കു കൌതുകമായി.

കടപ്പാട്‌: മംഗളം

******************************************************

അടുക്കളയില്‍ നിന്നു സൌന്ദര്യം പാല്‍, തേന്‍, മഞ്ഞള്‍, ചെറുപയര്‍പൊടി തുട ങ്ങിയ അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന സാധനങ്ങള്‍ കൊണ്ടുത ന്നെ സൌന്ദര്യം വര്‍ദ്ധിപ്പി ക്കാം സ്വാഭാവികസൌന്ദര്യം നിലനിര്‍ത്തുന്നതിനൊപ്പം നിറ കൂട്ടുന്നവ, മുടി കറു പ്പിക്കുന്നവ, കണ്ണിനഴകു പകരുന്നവ എന്നു തുടങ്ങി സൌന്ദര്യവര്‍ധകങ്ങളായ നിരവധി ഔഷധങ്ങളുണ്ട്. പാല്‍, തൈര്, മോര്, തേന്‍, നാളികേരപ്പാല്‍, മഞ്ഞള്‍, ഉലുവ, ചെറുപയര്‍, കടല പ്പൊടി, കരിഞ്ചീരകം, എള്ള്, ജീരകം, കൊത്തമല്ലി, ചായ, പപ്പായ, ഓറഞ്ച്, ചെറുനാരങ്ങ, കുരുമുളക് തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു.

മുഖകാന്തിക്ക്
ചെറുനാരങ്ങാനീര്, പശുവിന്‍ പാല്‍, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ പൊടി എന്നി വ തുല്യ അളവില്‍ ഒരു നുള്ള് ഉപ്പ് കൂട്ടിച്ചേര്‍ത്ത് യോജിപ്പിച്ചു ദിവസവും രാവിലെ മുഖത്തു പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. ഇതുപയോഗിക്കുമ്പോള്‍ മുഖത്തു സോപ്പുപയോ ഗിക്കേണ്ട ആവശ്യമില്ല. കടലപ്പൊടിയും ചെറുചൂടുവെള്ളവും ഉപയോഗിച്ചു മുഖം കഴുകാം. മുഖത്തുള്ള പാടുകള്‍ ഇല്ലാതാക്കുവാന്‍ ഇതു ഫലപ്രദമാണ്. 10 മി. ലി. ചെറുനാരങ്ങാനീരില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തു രാവിലെ കഴിക്കുന്നതും മുഖസൌന്ദര്യം വര്‍ധിപ്പിക്കും. ഉമി നീക്കിയവത്തിന്റെ പൊടി, ഇരട്ടിമധുരം, പാച്ചോറ്റി ത്തൊലി ഇവ സമം വെള്ളം ചേര്‍ത്ത,് അരച്ചു രാവിലെയോ രാത്രിയോ മുഖത്തു പുരട്ടി യിട്ട് ഉണങ്ങിയാല്‍ കഴുകിക്കളയുന്നതു സൌന്ദര്യവര്‍ധകമാണ്.

ചര്‍മം മൃദുവാകാന്‍
മുഖചര്‍മം വരണ്ടതാണെങ്കില്‍ ദിവസവും രാവിലെ പാല്‍പ്പാട പുരട്ടി 10 മിനിറ്റ് തടവുന്നത് നല്ലതാണ്. രാത്രി കിടക്കുമ്പോള്‍ കുങ്കുമാദി തൈലം 3- 4 തുള്ളി പഞ്ഞിയിലാ ക്കി മുഖത്തു പുരട്ടിയിട്ടു രാവിലെ ശുദ്ധജലത്തില്‍ മുഖം കഴുകുക. മുഖചര്‍മം സ്നിദഗ്ധവും പാടുകളില്ലാതെ തെളിഞ്ഞുമിരിക്കും. കരിമുഖം, കറുത്തപാടുകള്‍ എന്നിവ ഉണ്ടാകുകയുമില്ല. മുഖചര്‍മം വരണ്ടിരിക്കുന്നവര്‍ രാത്രി കിടക്കും മുമ്പ് ഏലാദികേര തൈലം മുഖത്തുപുരട്ടി പത്തുമിനിറ്റു തടവി യശേഷം കടലമാവുപയോഗിച്ചു കഴുകിക്കളയുക. മുഖം സ്നിഗ്ധമാവുകയും തിളക്കമുണ്ടാവുകയും ചെയ്യും.

മുഖക്കുരുവും കരിമുഖവും മാറ്റാന്‍
1.പച്ചമഞ്ഞളും രക്തചന്ദനവും സമമായി എടുത്തു പാലിലരച്ചു നിത്യേന മുഖത്തുപുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുന്നതു മുഖക്കുരു ഇല്ലാതാക്കും.

2.പച്ചപപ്പായയുടെ കറ കുരുവില്‍ പുരട്ടിയിടുന്നതു പെട്ടെന്നു കുരു ചുരുങ്ങിപ്പോകുവാന്‍ സഹായിക്കും.

3.മുഖത്ത് അവിടവിടെയായി കറുത്ത പാടുകള്‍ ഉണ്ടാകുന്നതാണ് കരിമുഖം.

4.കുങ്കുമാദിതൈലം രാത്രി കിടക്കാന്‍ നേരം മുഖത്തു പുരട്ടിയിടുന്നതു കരിമുഖം മാറ്റുവാന്‍ നല്ലതാണ്.

5.കറുത്ത എള്ള്, കരിഞ്ചീരകം, കടുക്ക, ജീരകം ഇവ സമമെടുത്ത് പാലിലരച്ചു തേക്കാം.

മുടി വളരാന്‍
കേശസംരക്ഷണത്തിനുള്ള എണ്ണ വൈദ്യനിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുക്കുന്നതാണു നല്ലത്. ദേഹപ്രകൃതിയും മുടിയിഴകളുടെ സ്വഭാവവും മനസിലാക്കിയശേഷം ശരീരത്തിന് ഏറ്റവും ഇണങ്ങിയ എണ്ണ തിരഞ്ഞെടുക്കണം. എണ്ണ തേയ്ക്കുന്ന രീതിയിലും ശ്രദ്ധവേണം. എണ്ണയെടുക്കാനുള്ള പാത്രം നനവില്ലാതെയെടുത്ത് ഒന്നു വെറുതെ ചൂടാക്കണം. ചൂടായിരിക്കുമ്പോള്‍ അതിലേക്ക് എണ്ണ പകര്‍ന്നു ചെറുചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കണം.

വിരലുകള്‍ കൊണ്ടു പത്തുമിനിറ്റോളം തടവി പിടിപ്പിക്കുന്നതു പുതിയ മുടിയിഴകള്‍ വളര്‍ന്നുവരുന്നതിനു സഹായിക്കും. എണ്ണയുടെ ഇളംചൂടും തടവലും കാരണം തലയിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുന്നു. എണ്ണ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞാല്‍ താളിയും ഉണക്കിയ നെല്ലിക്കാപ്പൊടി, കടലപ്പൊടി, ചെറുപയര്‍പൊടി ഇവയിലേതെങ്കിലും ഒന്നും ചേര്‍ത്തുവച്ചു മുടി നനച്ചശേഷം നന്നായി തേച്ച് എണ്ണ കഴുകിക്കളയണം. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇപ്രകാരം ചെയ്യാം. എണ്ണ തേച്ചുകുളി കഴിഞ്ഞാല്‍ മുടി ഉണങ്ങിയശേഷം ചീകുന്നതാണ് നല്ലത്.

അകാലനര തടയാന്‍
പാരമ്പര്യമായും ദേഹപ്രകൃതിമൂലവുമുള്ളതാണെങ്കില്‍ അകാലനര പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എങ്കിലും ആഹാരകാര്യത്തില്‍ ശ്രദ്ധിക്കുകയും പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുകയും കയ്യന്നാദി, പ്രപുണ്ഡരീകാദി തുടങ്ങിയ എണ്ണകള്‍ സ്ഥിരമായി ശീലിക്കുകയും ചെയ്താല്‍ കുറെയൊക്കെ നിയന്തിക്കാന്‍ സാധിക്കും. നാരസിംഹരസായനം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ ഔഷധങ്ങളും ഗുണകരമാണ്.

താരനു പ്രതിവിധികള്‍
പാമാന്തകതൈലം, ദുര്‍വാദികേരതൈലം, മാലത്യാദിതൈലം തുടങ്ങിയ എണ്ണകള്‍ തേച്ചുപിടിപ്പിച്ചു കടലപ്പൊടി, ഉണക്കെല്ലിക്കപ്പൊടി എന്നിവ തേച്ചു കഴുകി, മുടി ഉണങ്ങിയശേഷം നന്നായി ചീകിക്കളയുകയും ചെയ്താല്‍ താരന്‍ ഇല്ലാതാവും. ഇടയ്ക്കിടെ സ്വല്പം കോഴിമുട്ടയുടെ വെള്ളയില്‍ മൈലാഞ്ചിയരച്ചു ചേര്‍ത്തു തലയില്‍ തേച്ചുപിടിപ്പിച്ച് രണ്ടുമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. തലയില്‍ ഇടയ്ക്കിടെ ആവികൊള്ളിക്കുന്നതും നല്ലതാണ്.

വിവരങ്ങള്‍ക്കു കടപ്പാട് :
സൌന്ദര്യസംക്ഷണം
പോപ്പുലര്‍ ആയുര്‍വേദ സീരീസ് – 20
ആര്യവൈദ്യശാല, കോട്ടയ്ക്കല്‍.

കടപ്പാട്‌: മനോരമ

******************************************************
കാലവര്‍ഷക്കെടുതി: 50 കോടി കേന്ദ്ര സഹായം

ന്യൂദല്‍ഹി:കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ കരുതല്‍നിധിയില്‍ നിന്ന് കേരളത്തിന് മുന്‍കൂര്‍ ധനസഹായമായി അമ്പതു കോടി രൂപ അനുവദിക്കും.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ എന്നിവര്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാലവര്‍ഷക്കെടുതിയില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ലക്ഷം രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ 27 ന് നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാനം നടപ്പാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഈ വര്‍ഷം നൂറ്റി അമ്പതോളംപേര്‍ പ്രളയക്കെടുതിയില്‍ മരിച്ചു. എന്നാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍വര്‍ഷങ്ങളിലെ നിരക്കിലാണ് തുക അനുവദിച്ചത്. മരണമടയുന്ന, പ്രായപൂത്തിയായവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപയും കുട്ടികള്‍ക്ക് 15,000 രൂപയും നഷ്ടപരിഹാരം മുന്‍വര്‍ഷങ്ങളിലെ കണക്കാണ്. പ്രായം നോക്കാതെ ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നാണ് കേന്ദ്രം കഴിഞ്ഞ മാസം നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന് അനുവദിച്ച തുക ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും നിര്‍ദിഷ്ടമാതൃകയില്‍ കേരളം അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സമര പ്രഖ്യാപനം രാഷ്ട്രീയ തട്ടിപ്പാണ്.

കടപ്പാട്‌: മാധ്യമം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, ജലം, ഭക്ഷണം, മാധ്യമം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w