31-7-07 ലെ വാര്‍ത്തകള്‍

അനാവശ്യ ഫോണ്‍ കോളുകള്‍ തടയാന്‍ നടപടിയാകുന്നു
ന്യൂഡല്‍ഹി: സെല്‍ഫോണുകളില്‍ അനാവശ്യ കോളുകളും സന്ദേശങ്ങളും വരുന്നത് തടയാന്‍ “ഡു നോട്ട് കാള്‍ രജിസ്റ്റര്‍” ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇത് നിലവില്‍ വരുമെന്നും ഗവണ്‍മെന്റ് കൌണ്‍സല്‍ പി.പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.

വിവിധ കമ്പനിക്കാരും ബാങ്കുകളും സെല്‍ഫോണ്‍ കമ്പനികളും, ഉത്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനും പുതിയ ഉപയോക്താക്കളെ കണ്ടെത്താനും മറ്റും ഫോണ്‍സന്ദേശങ്ങളും ഫോണ്‍ കാളുകളും മറ്റും നടത്തുന്നത് വന്‍ശല്യമാണെന്ന് ഉപയോക്താക്കള്‍ പലരും പരാതിപ്പെടുന്നതാണ്.

പരിഹാരനടപടിയെടുക്കാന്‍ സുപ്രീം കോടതി രണ്ടു കൊല്ലം മുന്‍പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതുമാണ്. ഇപ്പോഴാണ് നടപടിക്ക് നീക്കമായതെന്ന് മാത്രം.

ഭവനവായ്പ തരപ്പെടുത്താം, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാം. ഫോണില്‍ പുതിയ സര്‍വീസുകള്‍ ലഭ്യമാക്കിയത് പ്രയോജനപ്പെടുത്താം, പുതിയ ഉത്പന്നങ്ങള്‍ സൌജന്യവിലയ്ക്ക് ലഭ്യമാക്കാം. കാര്‍ വായ്പ എളുപ്പം നേടാം, തുടങ്ങി ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ടെലി മാര്‍ക്കറ്റിംഗ് എന്ന ഓമനപ്പേരില്‍ ആവര്‍ത്തിച്ചുളള ഫോണ്‍വിളികളും ഫോണ്‍സന്ദേശങ്ങളും വ്യക്തികളുടെ സ്വകാര്യത നശിപ്പിക്കുന്നുവെന്നും വന്‍ ശല്യമായിരിക്കുന്നുവെന്നും കാട്ടി ഒരു അഭിഭാഷകന്‍ പൊതുതാത്പര്യ ഹര്‍ജിയിലൂടെ കോടതിയില്‍ പ്രശ്നം ഉന്നയിച്ചു.

കടപ്പാട്‌: കേരളകൌമുദി

******************************************************

അതിരപ്പിള്ളി പദ്ധതിക്ക് അന്തിമാനുമതി
തിരു: അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിക്ക് അന്തിമാനുമതിയായി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉപാധികളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

പരിസ്ഥിതി, ടൂറിസം എന്നിവയെ ബാധിക്കാത്ത വിധത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. വെള്ളച്ചാട്ടം അതേപടി നിലനിര്‍ത്തണം. ഫെബ്രുവരി ഒന്നുമുതല്‍ മെയ് 31 വരെയുള്ള വെള്ളം കുറഞ്ഞ സീസണില്‍ 7.65 ദശലക്ഷം ഘനമീറ്റര്‍ വെള്ളം പുഴയിലേക്ക് തുറന്നുവിടണം. കൂടാതെ വേനല്‍ക്കാലത്ത് രാത്രി ഏഴുമുതല്‍ രാത്രി 11 വരെ മാത്രമേ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവൂ. പദ്ധതി മൂലം ദോഷം അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് ജീവനോപാധിയെന്ന നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജോലി നല്‍കണം. പദ്ധതി പ്രദേശത്തെ വന്യജീവിവേട്ട തടയാന്‍ വന്യജീവി വകുപ്പുമായി ചേര്‍ന്ന് പ്രത്യേക സമിതി രൂപീകരിക്കണം. ആദിവാസി സ്കൂളുകളും ഹോസ്റ്റലും നന്നാക്കണം. ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കണം എന്നിവയാണ് പ്രധാന നിബന്ധനകള്‍.

കടപ്പാട്‌: ദേശാഭിമാനി

******************************************************

ഇടനിലക്കാരെ ഒഴിവാക്കും; വാളയാര്‍ ചെക്പോസ്റ്റില്‍ സമഗ്ര അഴിച്ചുപണി

തിരുവനന്തപുരം: അഴിമതി തടയല്‍ നടപടികളുടെ ഭാഗമായി വാളയാര്‍ ചെക്പോസ്റ്റ് സമഗ്രമായി അഴിച്ചുപണിയുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ‘അഴിമതി രഹിത വാളയാര്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം ഏഴിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതി നടപ്പാകുന്നതോടെ രേഖകളെല്ലാമുള്ള വാഹനത്തിന് ശരാശരി രണ്ട് മണിക്കൂറിനകം ചെക്പോസ്റ്റിലൂടെ കടന്നുപോകാനാകും. കടന്നുപോകുന്ന ചരക്കുകളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ കമ്പ്യൂട്ടര്‍ വഴി ഓഫീസുകളില്‍ എത്തും. ചെക്പോസ്റ്റിലെ അഴിമതിയും ഇല്ലാതാകും.

നിലവിലെ 5^6 കൌണ്ടറുകള്‍ക്ക് പകരം 12 കൌണ്ടറുകള്‍ ഏര്‍പ്പെടുത്തും. ചെക്പോസ്റ്റ് മേഖലയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണനാ ടോക്കണ്‍ ഏര്‍പ്പാട് ചെയ്യും. ഈ ക്യൂ കര്‍ശനമായി പാലിക്കും. പരിശോധനക്ക് അല്ലാത്ത വാഹനങ്ങള്‍ക്ക് ചെക് പോസ്റ്റ് മേഖലക്കുള്ളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. ചെക്പോസ്റ്റ് ജീവനക്കാര്‍, വാഹനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ചെക്പോസ്റ്റില്‍ പ്രവേശനം ഉണ്ടാകില്ല. ഡിക്ലറേഷന്‍ പാര്‍ട്ടി എന്ന പേരില്‍ നിലവിലുള്ള ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ചരക്ക് വാഹനങ്ങളിലെ ജീവനക്കാരെ സഹായിക്കാന്‍ ചെക് പോസ്റ്റില്‍ ഔദ്യോഗിക ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തും. ചെക്പോസ്റ്റില്‍ വെളിച്ചമില്ലാത്ത അവസ്ഥ പരിഹരിക്കും. നികുതി നല്‍കേണ്ടതില്ലാത്ത വാഹനങ്ങള്‍ക്ക് ഗ്രീന്‍ ചാനല്‍ അനുവദിക്കും. പോലിസ് സൌകര്യവും ഇവിടെ ലഭ്യമാക്കും.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ വാളയാറിലേക്കയക്കും. അഴിമതിക്ക് പരമാവധി ശിക്ഷ നല്‍കും. എല്ലാ മാസവും ചെക്പോസ്റ്റിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വാഹന ഉടമകള്‍, വ്യാപാരി സംഘടനകള്‍, എന്നിവര്‍ പങ്കെടുക്കുന്ന സോഷ്യല്‍ ഓഡിറ്റും ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്ക് രഹസ്യമായും പരസ്യമായും അന്വേഷണം നടത്താന്‍ സൌകര്യം ഒരുക്കും. ഇതിന്റെ ചെലവ് വഹിക്കാനും സര്‍ക്കാര്‍ തയാറാണ്.

കടപ്പാട്‌: മാധ്യമം

******************************************************

കരുതല്‍ ധന അനുപാതം വര്‍ധിപ്പിച്ചു

മുംബൈ: ബാങ്കുകളിലെ കരുതല്‍ ധന അനുപാതം(സിആര്‍ആര്‍) വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. സിആര്‍ആര്‍ അര ശതമാനം ഉയര്‍ത്തി എഴു ശതമാനമാക്കാനാണ് തീരുമാനം.

ഇതോടെ ബാങ്കുകള്‍ നല്‍കിയ വായ്പകളുടെ പലിശ നിരക്ക് അര ശതമാനം ഉയരും എന്നാണ് സൂചന. ഭവന, വാഹന, വ്യക്തിഗത വായപകള്‍ക്ക് ഈ നിരക്ക് ബാധകമാവും. ഓഗസ്റ്റ് നാലു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാവുക എന്നാണ് റിപ്പോര്‍ട്ട്.

കടപ്പാട്‌: മനോരമ

******************************************************

55 കോടി ചെലവഴിച്ച് ‘ഓട്ട’യടയ്ക്കല്‍ മാത്രം
പത്തനംതിട്ട: കാലവര്‍ഷം മൂലം തകര്‍ന്ന 22,500 കിലോമീറ്റര്‍ റോഡിന്റെ 5.6 ശതമാനം ഭാഗത്തെ ഗട്ടര്‍ അടയ്ക്കാന്‍ മരാമത്ത് വകുപ്പ് നീക്കം തുടങ്ങി. ഇതനുസരിച്ച് 1250 കിലോമീറ്റര്‍ പാതയുടെ അറ്റകുറ്റപ്പണികള്‍ നടക്കും. ശബരിപ്പാതകളുടെ പണിയും ഇതില്‍പ്പെടും. ഇതിനായി 55 കോടി രൂപ അടിയന്തരമായി കരാറുകാര്‍ക്ക് നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കി. 110 കോടി രൂപ നല്‍കുമെന്നായിരുന്നു നിയമസഭയില്‍ മന്ത്രി പറഞ്ഞിരുന്നത്.

കരാറുകാര്‍ക്കു 1100 കോടി രൂപ കുടിശിഖയുള്ള സാഹചര്യത്തില്‍ ഓള്‍ കേരളാ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, ശബരിപ്പാത അടക്കമുള്ളവയുടെ ടെന്‍ഡര്‍ നടപടി ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലാണ് പ്രതിസന്ധി തരണം ചെയ്യാന്‍ മരാമത്ത് വകുപ്പ് നടപടി ആരംഭിച്ചത്.      തല്‍ക്കാലം 1250 കിലോമീറ്ററിന്റെ മാത്രം അറ്റകുറ്റപ്പണി നടത്തി മുഖം രക്ഷിക്കാനാണ് വകുപ്പിന്റെ നീക്കം. കരാറുകാര്‍ക്കും ടാര്‍ കമ്പനിക്കും കൊടുക്കാനുള്ള ആയിരം കോടിരൂപ ഉടനടി നല്‍കാന്‍ ധനകവകുപ്പ് സമ്മതിക്കാത്ത സാഹചര്യത്തിലാണിത്.

1998 മുതല്‍ 2002 വരെ 333.79 കോടിരൂപ വകമാറ്റി ചെലവഴിച്ചതായാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2002 മുതല്‍ 2007 വരെ മരാമത്ത് വകുപ്പ് റോഡ് നിര്‍മാണം നടത്തിയ വകയില്‍ കരാറുകാര്‍ക്കുമാത്രം കൊടുത്തുതീര്‍ക്കാനുള്ളത് 506.72 കോടിരൂപ.

ടാര്‍ വാങ്ങിയ ഇനത്തില്‍ കൊച്ചിന്‍ റിഫൈനറിക്ക് 50 കോടിരൂപ നല്‍കാനുണ്ട്. ഉടന്‍ നല്‍കാത്തപക്ഷം ടാര്‍ കൊടുക്കില്ല.

ഇറിഗേഷന്‍, ബില്‍ഡിംഗ്സ് എന്നിവയുടെ പദ്ധതികള്‍ക്ക് 212 കോടിരൂപ നല്‍കാനുണ്ട്. 2002 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ അടിയന്തര പ്രാധാന്യത്തോടെ മാത്രം പണം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് ധനകാര്യ വകുപ്പെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോസ് സിറിയക് മംഗളത്തോടു പറഞ്ഞു.

കടപ്പാട്‌: മംഗളം

******************************************************

കേരളത്തിലേക്കുള്ള ചരക്കു നീക്കത്തിനു തമിഴ്നാട് തടയിടുന്നു

കുമളി: കേരളത്തിലേക്കുള്ള ചരക്കുനീക്കം നിയന്ത്രിക്കുന്നതിന് സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് റവന്യൂ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തലാക്കിയതാണ് ഈ ചെക്ക് പോസ്റ്റുകള്‍. പ്രധാനമായും കേരളത്തിലേക്ക് മണല്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം.

റവന്യൂ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതോടെ കേരളത്തിലേക്കുള്ള മണല്‍നീക്കം പൂര്‍ണമായും നിലയ്ക്കും. ഒരാഴ്ച മുമ്പ് കേരളത്തിലേക്ക് മണല്‍ കൊണ്ടുവരുന്നത് തമിഴ്നാട് നിരോധിച്ചിരുന്നു. മുല്ലപ്പെരിയാര്‍, സേലം റെയില്‍വേ ഡിവിഷന്‍ തുടങ്ങിയ പ്രശ്നങ്ങളിലുള്ള കേരളത്തിന്റെ നിലപാടിനെത്തുടര്‍ന്നാണ് തമിഴ്നാടിന്റെ പുതിയ നീക്കമെന്ന് സൂചനയുണ്ട്.

ആറുവര്‍ഷം മുമ്പ് കുമളിക്കു സമീപമുണ്ടായിരുന്ന റവന്യൂ ചെക്ക് പോസ്റ്റ് തമിഴ്നാട് നിര്‍ത്തിയിരുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളിലെ സ്ഥിതി ഏറെ വ്യത്യസ്തമല്ല. എല്ലാ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാനാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള റേഷന്‍ അരി, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവ കേരളത്തിലേക്ക് കൊണ്ടു വരുന്നതു തടയാന്‍ തമിഴ്നാട് ഉദ്ദേശിക്കുന്നുണ്ട്. മണല്‍ കൊണ്ടുവരുന്നത് തടഞ്ഞത് കേരളത്തിലെ നിര്‍മാണ മേഖലയെ ബാധിച്ചിട്ടുണ്ട്. മണലിന് സംസ്ഥാനത്ത് വില കുത്തനെ കൂടിയിട്ടുണ്ട്. ക്രഷര്‍ യൂണിറ്റുകളില്‍ മണലിന് വില ഏറി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനാണ് കേരളത്തിലേക്ക് മണല്‍ കൊണ്ടുവരുന്നതെന്നാണ് തമിഴ്നാട്ടില്‍ പ്രചരണം.

കടപ്പാട്‌: ദീപിക 

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w