30-7-07 ലെ വാര്‍ത്തകള്‍

കാലവര്‍ഷക്കെടുതി സഹായം: പ്രധാനമന്ത്രിയുടെ വീടിനു മുന്നില്‍ സത്യഗ്രഹമിരിക്കും- മുഖ്യമന്ത്രി
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിനു സഹായം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരും എം.പിമാരുമൊത്ത് പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പില്‍ സത്യഗ്രഹം നടത്തുമെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

വയനാട്ടില്‍ കാലവര്‍ഷക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘം കാലവര്‍ഷക്കെടുതികള്‍ നേരിട്ടു ബോധിപ്പിച്ചപ്പോള്‍ കേന്ദ്രം പഠനസംഘത്തെ അയച്ചു. കേന്ദ്രസംഘത്തെ രാജോചിതമായി സ്വീകരിക്കുകയും വന്‍കിട ഹോട്ടലുകളില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഹെലികോപ്ടര്‍ അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കി. പത്തു നാല്‍പതു ലക്ഷം രൂപ ചെലവാക്കിയെങ്കിലും നയാ പൈസ പോലും കിട്ടിയില്ല. സഹായം ചോദിക്കുമ്പോള്‍ ഇനിയും കേന്ദ്രസംഘത്തെ അയയ്ക്കാമെന്നാണു പറയുന്നത്.

ഇത്രയധികം പണം ചെലവഴിച്ചിട്ടും ഒന്നും തരാത്ത സാഹചര്യത്തില്‍ ഇനി കേന്ദ്രസംഘം വരേണ്ട. ആയിരം കോടിയുടെ നഷ്ടമാണു സംസ്ഥാനത്തു കാലവര്‍ഷക്കെടുതി മൂലം ഉണ്ടായത്.

250 കോടി രൂപയെങ്കിലും അടിയന്തര സഹായമായി അനുവദിക്കണമെന്നാണു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതി നേരിടുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായം ചെയ്യും. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ഒരുമാസത്തെ ശമ്പളം, തൊഴിലാളികളുടെ ഒരു ദിവസത്തെ ശമ്പളം എന്നിവ നീക്കിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളില്‍നിന്നു ഫണ്ട് ശേഖരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടപ്പാട്‌: മംഗളം

******************************************************

കേരളത്തെ മയക്കുന്ന ശീലാവതി കോട്ടയം: ഇടുക്കി മലനിരകളിലെ നീലച്ചടയനും അട്ടപ്പാടിയിലെ തപസിയെന്ന ഇനത്തിനും വിദേശത്ത് ആവശ്യക്കാരേറുമ്പോള്‍ കേരളത്തെ മയക്കാന്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നത് ആന്ധ്രാപ്രദേശിന്റെ ശീലാവതി. മലയാളികളും ആന്ധ്രക്കാരുമടങ്ങിയ ഏജന്റുമാര്‍ ദിവസമെന്നോണം കഞ്ചാവുമായി കേരളത്തിന്റെ പടികടന്നെത്തുന്ന വിവരം തെളിവു സഹിതം കണ്ടെത്തിയത് മലയാള മനോരമ വാര്‍ത്താ സംഘമാണ്.

ട്രെയിനുകളിലെ രണ്ടാം ക്ളാസ് കംപാര്‍ട്ട്്മെന്റുകളിലും വോള്‍വോ ബസുകളിലുമായാണ് കേരളത്തിലേക്ക് ചെക്പോസ്റ്റുകള്‍ കടന്ന് കഞ്ചാവ് എത്തുന്നത്. ചെക്പോസ്റ്റുകളില്‍ വിഐപി പരിഗണന ലഭിക്കുന്ന വോള്‍വോ ബസുകള്‍ ആരും പരിശോധിക്കാറേയില്ല. ട്രെയിനിലാണെങ്കില്‍ കഞ്ചാവ് എവിടെയെങ്കിലും സുരക്ഷിതമായി വച്ച ശേഷം മാറിനില്‍ക്കാം. കഷ്ടകാലത്തിന് ആരെങ്കിലും പരിശോധിച്ചാല്‍ തന്നെ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ മാറിനില്‍ക്കാം.

Watch Videos >>

വിശാഖപട്ടണം, വിജയവാഡ, അനഗപ്പള്ളി, ഖമ്മം, ഹിന്ദുപൂര്‍ തുടങ്ങി ആന്ധ്രയുടെ വിവിധ മേഖലകളില്‍ നിന്നാണ് കേരളത്തെ മയക്കിക്കിടത്താന്‍ ശീലാവതിയടക്കമുള്ള വിവിധ കഞ്ചാവിനങ്ങള്‍ എത്തുന്നത്. ട്രെയിന്‍മാര്‍ഗം കഞ്ചാവ് കടത്തുന്ന 26 സംഘങ്ങളുണ്ടെന്നാണ് എക്സൈസ് ഇന്റലിജന്‍സിന്റെ തന്നെ റിപ്പോര്‍ട്ട്. ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്നവ വേറെയും. സ്ത്രീകളും പുരുഷന്മാരുമാണ് ഏജന്റുമാര്‍. 800 മുതല്‍ 15,000 രൂപ വരെയാണ് ഒരു യാത്ര കൊണ്ട് കടത്തുകാരന് ലഭിക്കുന്ന ലാഭം.

ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കടത്തുന്ന ഇടനിലക്കാര്‍ക്ക് കിട്ടുന്നത് വന്‍ലാഭം. മുന്തിയ ഇനം കഞ്ചാവ് ഒരു കിലോ കേരളത്തില്‍ ചില്ലറ വില്പന നടത്തുമ്പോള്‍ കിട്ടുന്നത് കുറഞ്ഞത് മുപ്പതിനായിരം രൂപയുടെ ലാഭമാണ്.

കഞ്ചാവ് കച്ചവടത്തിന്റെ ലാഭക്കണക്ക് ഇങ്ങനെ:

ഏറ്റവും അധികം ഡിമാന്റുള്ള ശീലാവതി കഞ്ചാവിന് ബയല്‍പ്പുടിയിലെ വില കിലോയ്ക്ക് 1900 രൂപയാണ്. ഇത് കേരളത്തില്‍ കൊണ്ടുവന്ന് മൊത്തമായി വില്‍ക്കുകയാണെങ്കില്‍ കിട്ടുന്നത് 3000 മുതല്‍ 4000 രൂപ വരെയാണ്. കടത്ത് കാരന്റെ ലാഭം 1100 മുതല്‍ 2000 രൂപ വരെ. ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുന്നതിലാണ് വന്‍ ലാഭ കൊയ്ത്ത്. ഒരു കിലോ കഞ്ചാവ് 50 രൂപ വീതമുള്ള 700 പൊതിയാക്കിയാണ് ചില്ലറ വില്പന നടത്തുക.അങ്ങനെയെങ്കില്‍ കിട്ടുന്നത് 35000 രൂപയാണ്. ചെലവ് കഴിഞ്ഞ് 30000 രൂപയിലധികം ലാഭം.

സാധാരണ കഞ്ചാവ് വിറ്റാലും ലാഭത്തിന് കുറവില്ല. ഒരു കിലോ 650 രൂപയ്ക്ക് വാങ്ങി മൊത്ത കച്ചവടം നടത്തിയാല്‍ 1500 രൂപയും ചില്ലറ വില്പന നടത്തിയാല്‍ 10000 രൂപ വരെയും ലാഭം കിട്ടും. ആന്ധ്രയിലെ കഞ്ചാവ് കേന്ദ്രങ്ങളെ മനോരമ സംഘത്തിന് പരിചയപ്പെടുത്താന്‍ ബയില്‍പ്പുടിയിലേക്ക് കൊണ്ടുപോയ ഇടനിലക്കാരന്‍ 15 കിലോ ശീലാവതിയുമായാണ് മടങ്ങിയത്. മൊത്ത കച്ചവടക്കാരനായ അയാളുടെ ലാഭം 30000 രൂപ.

കടപ്പാട്‌: മനോരമ

******************************************************

നെല്‍കൃഷി വായ്പാ പരിധി കുറച്ചു; കുറഞ്ഞ പലിശനിരക്ക് ഗുണം ചെയ്യില്ല

പാലക്കാട്: നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിന് സഹകരണ ബാങ്കുകള്‍ ഹ്രസ്വകാല കാര്‍ഷിക വായ്പയുടെ പരിധി കുറച്ചു. ഇതുമൂലം നാലുശതമാനം പലിശനിരക്കില്‍ നെല്‍കൃഷി വായ്പ നല്‍കാനുള്ള സഹകരണ വകുപ്പിന്റെ തീരുമാനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല. വളം സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഈ വര്‍ഷം കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ വായ്പാ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്.

സംസ്ഥാനത്ത് പ്രധാനമായി നെല്‍കൃഷി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട്, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ കൃഷിയുടെ സ്വഭാവവും ചെലവും കണക്കിലെടുത്താണ് പുതിയ പലിശനിരക്കും വായ്പാ പരിധിയും നിശ്ചയിച്ചിട്ടുള്ളതെന്ന് സര്‍ക്കുലറില്‍ ഉണ്ടെങ്കിലും വിവിധ ജില്ലകളിലുള്ള സ്കെയില്‍ ഓഫ് ഫിനാന്‍സ് കമ്മിറ്റികളുടെ ശിപാര്‍ശകള്‍ കണക്കിലെടുക്കാതെയാണ് തീരുമാനം.

ഒരേക്കര്‍ നെല്‍കൃഷിക്ക് പരമാവധി വായ്പയായി നിശ്ചയിച്ചിട്ടുള്ളത് നാലായിരം രൂപയാണ്. സ്കെയില്‍ ഓഫ് ഫിനാന്‍സ് കമ്മിറ്റിയുടെ ശിപാര്‍ശ ഇത് 8000 രൂപയാണ്. 4000 രൂപ എന്നത് കൃഷി ചെലവിന്റെ ഒരു ഭാഗം പോലും ആവുന്നില്ല. 10,000 രൂപവരെയുള്ള വായ്പക്ക് മാത്രമാണ് നാലുശതമാനം പലിശ. ഈ പദ്ധതി പ്രകാരം പരമാവധി വായ്പാ തുക കാല്‍ലക്ഷം രൂപയാണ്. ഈ തുകക്ക് അഞ്ചരശതമാനമാണ് പലിശ. നിരക്കുകള്‍ പൊതുവെ കുറവാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ലഭ്യമാവുന്ന വായ്പയില്‍ കൂടുതല്‍ എടുക്കാതെ സാധാരണ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയില്ലെന്നിരിക്കെ കടഭാരം കൂടുന്ന അവസ്ഥയാണ് ഉണ്ടാവുക. ജില്ലാതല കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 8000 രൂപ പ്രകാരം അഞ്ചേക്കറുള്ള കര്‍ഷകന്‍ വായ്പയെടുത്താല്‍ ഏഴുശതമാനം പലിശ നല്‍കേണ്ടിവരും. സഹകരണ വകുപ്പ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതലാണ് ഈ പലിശ. വായ്പാ പരിധി പരമാവധി കുറച്ചുകൊണ്ട് ചെറിയ നിരക്കില്‍ പലിശ നിശ്ചയിക്കുകയാണ് ഹ്രസ്വകാല നെല്‍കൃഷി പദ്ധതിയില്‍ ചെയ്തിട്ടുള്ളത്. വര്‍ഷത്തില്‍ ഒന്നിലധികം തവണ ഈ പദ്ധതി പ്രകാരം വായ്പ ആവശ്യമുള്ള കര്‍ഷകര്‍ക്ക് ആദ്യമെടുത്ത തുക പലിശസഹിതം അടച്ചശേഷമേ പിന്നീട് ലഭിക്കൂ. കഴിഞ്ഞമാസം 15 മുതല്‍ ഈ രീതിയിലാണ് ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നത്.

വിവിധ ജില്ലകളില്‍ പ്രാബല്യത്തിലാവുന്ന കാര്‍ഷിക വായ്പയുടെ പലിശ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഷംതോറും പാടശേഖര സമിതികള്‍ മുഖേന നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്സിഡിയില്‍ 50 ശതമാനം വര്‍ധനവ് വരുത്തിക്കൊണ്ടുള്ള തീരുമാനം ഫലത്തില്‍ കര്‍ഷകര്‍ക്ക് ദോഷകരമായിരിക്കെയാണ് ഹ്രസ്വകാല വായ്പയുടെ പരിധി കുറച്ചിട്ടുള്ളത്.

സബ്സിഡിയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെങ്കിലും നെല്‍വയലുകളുടെ വ്യാപ്തി പകുതികണ്ട് കുറച്ചാണ് ഇത് നടപ്പാക്കാന്‍ പോവുന്നത്. കാര്‍ഷിക പാക്കേജ് പ്രകാരമുള്ള പുനര്‍വായ്പക്ക് ഒമ്പതര ശതമാനം ഈടാക്കാനും സഹകരണ വകുപ്പ് അടുത്തയിടെ തീരുമാനിച്ചിരുന്നു.

കടപ്പാട്‌: മാധ്യമം

**************************************************************

ത്രിതല സമ്മാന പദ്ധതിയുമായി
കെഎസ്എഫ്ഇ പൊന്നോണ ചിട്ടികള്‍
തുടങ്ങി

തിരു: ആകര്‍ഷകമായ ത്രിതല സമ്മാന പദ്ധതിയുമായി കെഎസ്എഫ്ഇ പൊന്നോണ ചിട്ടികള്‍ തുടങ്ങി. മൂന്നു ലക്ഷം രൂപയുടെ ഒരു കാര്‍, അഞ്ച് മോട്ടോര്‍ സൈക്കിളുകള്‍, ഒരു പവന്‍ വീതമുള്ള 50 സ്വര്‍ണ നാണയങ്ങള്‍ എന്നീം ബംബര്‍ സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ നല്‍കും. ചിട്ടിക്ക് ചേരുമ്പോള്‍ വരിക്കാര്‍ അടയ്ക്കുന്ന ഓരോ ആയിരം രൂപയ്ക്കും സ്ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ നല്‍കും. ഒരു ഗ്രാം സ്വര്‍ണം, 500 രൂപ മുതല്‍ 10 രൂപ വരെയുള്ള ക്യാഷ് പ്രൈസ് എന്നിവയാണ് സമ്മാനം. അരക്കോടി രൂപയുടെ സമ്മാനമാണ് വിതരണം ചെയ്യുന്നത്.

അഞ്ചുവര്‍ഷം തുടര്‍ച്ചയായി വരിക്കാര്‍ക്ക് ക്യാഷ് പ്രൈസുകള്‍ നേടാനുള്ള അവസരമാണ് മൂന്നാമത്തെ സമ്മാന പദ്ധതി ഒരുക്കുന്നത്. ഓരോ ചിട്ടിയില്‍ നിന്നും ഓരോ മൂന്നു മാസവും കെഎസ്എഫ്ഇയ്ക്ക് ലഭിക്കുന്ന കമീഷന്റെ 15 ശതമാനം അതേചിട്ടിയിലെ വരിക്കാരില്‍ നിന്നും കണ്ടെത്തുന്ന 10 ശതമാനം ഭാഗ്യവാന്മാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കും.

സംസ്ഥാനതല ഉല്‍ഘാടനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു. സുവര്‍ണജൂബിലി ചിട്ടിയില്‍ 20 ലക്ഷം രൂപയുടെ സംസ്ഥാന ഭാഗ്യക്കുറി ഒന്നാംസമ്മാനം ലഭിച്ച ബഷീറിന് മന്ത്രി ടിക്കറ്റ് കൈമാറി. വി ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷനായിരുന്നു. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡണ്ട് സിബിസി വാര്യര്‍, ഓഫീസേഴ്സ് യൂണിയന്‍ പ്രസിഡണ്ട് ആര്‍ രാഘവന്‍പിള്ള എന്നിവര്‍ സംസാരിച്ചു. കെഎസ്എഫ്ഇ ചെയര്‍മാന്‍ മാണി വിതയത്തില്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ പി സി പിള്ള നന്ദിയും പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

വി.എസ്സമ്പൂര്‍ണ പരാജയം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കേവലം ഒരു പരാതിക്കാരന്‍ മാത്രമായി അദ്ദേഹം ചുരുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കേരളാ പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേന്ദ്രത്തിന്റെ അവഗണയെക്കുറിച്ച് പറയുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനയാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രധനകാര്യകമ്മിഷന്‍ നല്‍കിയ തുകപോലും ചെലവഴിക്കാത്തവര്‍ക്ക് പുതിയത് ചോദിക്കാന്‍ എന്തവകാശമെന്ന് അദ്ദേഹം ചോദിച്ചു.

ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ 183 കോടി രൂപയില്‍ ഇനിയും 30 കോടി ചെലവഴിച്ച് തീര്‍ക്കേണ്ടതുണ്ട് അതിനുശേഷം മാത്രമേ കൂടുതല്‍ തുക അനുവദിക്കുകയുള്ളു. ഇത് സാധാരണ നടപടി ക്രമം മാത്രമാണ് ഇതുപോലും മറച്ചുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. കേന്ദ്രം കേരളത്തോട് അനുഭാവ പൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. റെയില്‍വേയുടെ കാര്യത്തില്‍ മാത്രമാണ് അല്‍പം ചില തര്‍ക്കങ്ങള്‍ അവശേഷിക്കുന്നത്. ഇതും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പൊക്കെ മന്ത്രിമാരായിരുന്നു പരാതിക്കര്‍. ഇപ്പോള്‍ ആ റോളില്‍ മുഖ്യമന്ത്രിയായിരിക്കുന്നു. മന്ത്രി സഭ ചേര്‍ന്ന് ഒരു കാര്യത്തില്‍ തീരുമാനം എടുക്കുകയും അതേക്കുറിച്ച് മുഖ്യമന്ത്രി തന്നെ പരാതിക്കാരനായി മാറുകയും ചെയ്യുന്ന അവസ്ഥയാണ്. അതുപോലെ ഇടതുമുന്നണിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയും തീരുമാനത്തെ പുറത്ത് പരാതി പറയുകയുമാണ് അദ്ദേഹം. എ.ഡി.ബി കരാറിന്റെ കാര്യത്തിലും ഇങ്ങനെ പരാതി പറയുകയായിരുന്നു അദ്ദേഹം. എ.ഡി.ബി പ്രശ്നത്തില്‍ തിരുത്തേണ്ടിവന്നത് മന്ത്രിമാര്‍ക്കല്ല, മുഖ്യമന്ത്രിക്കായിരുന്നു. എല്ലാ അധികാരങ്ങളും അദ്ദേഹത്തിനുണ്ടായിരിക്കെ ഇങ്ങനെ പരാതിപ്പെടുന്നതിന്റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയും ചേരിപ്പോരും സംസ്ഥാനത്ത് ഭരണില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധികളില്‍ അനുയോജ്യമായി ഇടപെടാന്‍ കഴിയാതെ പതറുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പായില്ല. മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍പോലും നടക്കുന്നില്ല. ഭരണസ്തംഭനത്തെ മറച്ചുവയ്ക്കാന്‍ വിമര്‍ശിക്കുന്നവരെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഭീഷണിയും പ്രതികാര നടപടികളുമാണ് സ്വീകരിക്കുന്നത്. വമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും പ്രതികാരനടപടികള്‍ നീളുന്നു.

തങ്ങള്‍ക്കെതിരായ ഒരന്വേഷണത്തിലും ഒരുഭയവുമില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെ പരാജയവും അഴിമതിയും മറച്ചുവയ്ക്കാനുമാണ് തങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. ഒരു ക്രിമിനല്‍ കേസിലെ പ്രതി നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും തുടര്‍നടപടികളുമെങ്കില്‍ ദയനീയമെന്നേ പറയാനാവുകയുള്ളുവെന്ന് കോടാലി സുരേന്ദ്രനെ പരാമര്‍ശിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കടപ്പാട്‌: ദീപിക

******************************************************

ഹനീഫ് തിരിച്ചെത്തി; ആഹ്ളാദം, ആഘോഷം
ബാംഗ്ളൂര്‍ : ഉറ്റവരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഡോ. മുഹമ്മദ് ഹനീഫ് ഇന്നലെ രാത്രി ബാംഗ്ളൂരിലെ വസതിയില്‍ എത്തിയപ്പോള്‍ ആഹ്ളാദം അണപൊട്ടി. ആസ്ട്രേലിയയില്‍നിന്ന് ബാങ്കോക്ക് വഴിയാണ് ഹനീഫ് എത്തിയത്.
ബാംഗ്ളൂര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന ബന്ധുക്കളുടെ ആശ്ളേഷത്തിലമരുമ്പോള്‍ ഹനീഫിന്റെ കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വന്‍ മാധ്യമപ്പടയും നിറഞ്ഞുകവിഞ്ഞ ബാംഗ്ളൂരിലെ വസതിയിലെ അലങ്കാരങ്ങള്‍ക്കു നടുവിലേക്കാണ് ഹനീഫ് വന്നിറങ്ങിയത്. കാത്തിരിപ്പിന്റെ വിങ്ങലുകള്‍ ആഹ്ളാദത്തിനു വഴിമാറിയ നിമിഷങ്ങള്‍. അമ്മ ഖസ്രത്ത് ഉന്നീസ, ഭാര്യ ഫിര്‍ദൌസ് ഹര്‍ഷിയ, സഹോദരി സുമയ്യ, സഹോദരന്‍, അമ്മാവന്‍ ഇക്ബാല്‍ ഷെട്ടി തുടങ്ങിയവരെല്ലാം ചേര്‍ന്ന് ഹനീഫിനെ വരവേറ്റു. ഒരു മാസം നീണ്ട പ്രാര്‍ത്ഥനകള്‍ കണ്ണീര്‍ക്കണങ്ങളായി അടര്‍ന്നുവീണു.
ഗ്ളാസ്ഗോ സ്ഫോടനക്കേസില്‍ പ്രതിയായി ജൂലായ് 2 നു ഡോ. മുഹമ്മദ് ഹനീഫ് ആസ്ട്രേലിയയില്‍ പൊലീസ് പിടിയിലായതുമുതല്‍ ബാംഗ്ളൂരിലെ ബി.ടി. എം ലേ ഔട്ടിലെ വീട്ടില്‍ ബന്ധുക്കള്‍ ദുഃഖത്തീയില്‍ ഉരുകുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ ആസ്ട്രേലിയന്‍ പൊലീസ് കഴിഞ്ഞ ദിവസം ഹനീഫിനെ കുറ്റവിമുക്തനാക്കിയപ്പോഴാണ് ആ തീ കെട്ടത്.

പനാജി : ഗോവയില്‍ ദിഗംബല്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി ( എം.ജി.പി) പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസ് എം. എല്‍. എ വിക്ടോറിയ ഫെര്‍ണാണ്ടസ് രാജിവയ്ക്കുകയും ചെയ്തതാണ് 40 അംഗ നിയമസഭയില്‍ കാമത്തിന് അഗ്നി പരീക്ഷയായത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.30നാണ് സഭ സമ്മേളിക്കുന്നത്.
ബി.ജെ.പി നയിക്കുന്ന പ്രതിപക്ഷത്തിന് എം.ജി.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജിവച്ച വിക്ടോറിയ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ 20 എം. എല്‍. എമാരുമായി ബി.ജെ.പി ഇന്നലെ ഡല്‍ഹിയില്‍ പോയി രാഷ്ട്രപതി പ്രതിഭാപാട്ടീലുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഗോവ ഗവര്‍ണര്‍ എസ്.സി. ജാമീര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
എം.ജി.പിയുമായി ചേര്‍ന്ന് സേവ് ഗോവ ഫ്രണ്ട് എന്ന മുന്നണി രൂപീകരിച്ചാണ് ബി.ജെ.പി അധികാരത്തിലേറാന്‍ ശ്രമിക്കുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ പുതിയ മന്ത്രിസഭയുടെ തുടക്കം മുതല്‍ പ്രശ്നങ്ങളുണ്ടാക്കിയ വിക്ടോറിയ ഫെര്‍ണാണ്ടസിന്റെ രാജി ഇതുവരെയും സ്പീക്കര്‍ പ്രതാപ് സിംഗ് റാണെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ തനിക്ക് 20 പേരുടെ പിന്തുണ ഉണ്ടെന്നാണ് ദിഗംബര്‍ കാമത്ത് വാര്‍ത്താലേഖകരോട് പറഞ്ഞത്

ന്ദിരാഗാല്‍ന്ധിയുടെ ഓഫീസില്‍നിന്ന് ഫ്രഞ്ച് ചാരന്മാര്‍ രേഖകള്‍ കടത്തി
ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി അധികാരത്തിലിരിക്കെ ഫ്രഞ്ച് ചാര സംഘടന പ്രധാനമന്ത്രിയുടെ ഓഫീസില്‍ നുഴഞ്ഞുകയറി ഒട്ടേറെ രേഖകള്‍ കടത്തുകയും പകര്‍ത്തുകയും ചെയ്തതായി വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റാ’യിലെ മുന്‍ ഉദ്യോഗസ്ഥനായ ബി. രാമന്‍ എഴുതിയ “ദി കാവോ ബോയ്സ് ഒഫ് റാ” എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.
1985-ല്‍ രാജീവ്ഗാന്ധി അധികാരത്തില്‍ വരുകയും സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ശക്തമാക്കുകയും ചെയ്തപ്പോഴാണ് ഇക്കാര്യം വെളിച്ചത്തായത്.
ഇന്ദിരാഗാന്ധിയുടെയും തുടര്‍ന്ന് രാജീവ് ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.സി. അലക്സാണ്ടര്‍ സ്ഥാനമൊഴിഞ്ഞത് ഈ സംഭവങ്ങളുടെ പരിണിതഫലമായാണെന്നും രാമന്‍ പറയുന്നു. പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ രാജീവ്ഗാന്ധി നിര്‍ബന്ധിതനാവുകയും ചെയ്തു.
രണ്ട് ഫ്രഞ്ച് ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ പോളിഷ് ഓഫീസര്‍മാരുടെ സഹായത്തോടെ ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പോയി ടണ്‍ കണക്കിന് രേഖകള്‍ പരിശോധിക്കുകയും ആവശ്യമുള്ളവ കടത്തുകയും അവിടത്തെ ഫോട്ടോ കോപ്പിയിംഗ് മെഷീന്‍ ഉപയോഗിച്ച് പകര്‍പ്പെടുക്കുകയും ചെയ്തതായി രാമന്റെ പുസ്തകത്തില്‍ പറയുന്നു.
മുംബയ് ആസ്ഥാനമായ മനേക് ലാല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ടി മനേക്ലാല്‍ മുഖാന്തരമാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധം വച്ചത്. ഓഫീസിലെ താഴേതട്ടിലെ ഉദ്യോഗസ്ഥരുടെ ഉറ്റ സുഹൃത്തായിരുന്നു യോഗേഷ്. ഈ സൌഹൃദം മുതലെടുത്ത ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും കയറി ഇറങ്ങാവുന്ന കേന്ദ്രമായി മാറി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രസിഡന്റിന്റെ ഓഫീസിലും മറ്റു മന്ത്രാലയങ്ങളിലും കടന്നുകയറാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു.

മുഷാറഫിന്റെ സ്വാധീനം കുറഞ്ഞിട്ടില്ല: എം.കെ. നാരായണന്‍
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനുള്ള സ്വാധീനം കുറഞ്ഞിട്ടില്ലെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ പറഞ്ഞു.
പുറത്താക്കിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ എം ചൌധരി കോടതിവിധിയിലൂടെ മടങ്ങി വന്നതിനെ മുഷാറഫ് സ്വാഗതം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ചിന്തിക്കാനാവില്ല. ലാല്‍ മസ്ജിദ് പ്രശ്നത്തില്‍ മുഷാറഫ് പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. വലിയൊരു പ്രശ്നം അതുവഴി തരണം ചെയ്തു. പുരോഹിതന്‍മാരിലെ ചെറിയൊരു വിഭാഗം മാത്രമാണ് ഈ പ്രശ്നത്തിന്റെ പേരില്‍ മുഷാറഫിനെതിരെ തിരിഞ്ഞിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയ്ക്ക് കൂടിയാലോചനകള്‍ നടത്താന്‍ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. നാരായണന്‍ പറഞ്ഞു. സി. എന്‍.ബി.സി ടെലിവിഷനില്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തിലാണ് നാരായണന്‍ നിരീക്ഷണങ്ങള്‍ നടത്തിയത്.

ശിക്ഷാവിധിയുടെ ആശങ്കയില്‍ സഞ്ജയിന് തിളക്കമില്ലാത്ത പിറന്നാള്‍
മുംബയ് : നടന്‍ സഞ്ജയ് ദത്തിന് ഇന്നലെ 48-ാം പിറന്നാളായിരുന്നു. പക്ഷേ ആശങ്കയുടെ നിഴലില്‍ മങ്ങിപ്പോയി. കാരണം ദത്ത് കുറ്റക്കാരനായ ടാഡ കേസില്‍ നാളെ കോടതി വിധി പറയാനിരിക്കുകയാണ്.
മുംബയ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജയ് ദത്തിനെ നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ച കേസിലാണ് ടാഡ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഈ കേസിലാണ് നാളെ ശിക്ഷ പ്രഖ്യാപിക്കുന്നത്. ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് സഞ്ജയ്ദത്തിനെ കോടതി ഒഴിവാക്കിയിരുന്നു. ആയുധങ്ങള്‍ നശിപ്പിക്കാന്‍ ദത്തിനെ സഹായിച്ച മൂന്നുപേര്‍കൂടി കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെയും സഹായികളെയും അഞ്ചുമുതല്‍ പത്തുവര്‍ഷംവരെ തടവിന് ശിക്ഷിക്കാം. എന്നാല്‍, ഇതിനകം അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കണമെന്ന് നാലുപേരും കോടതിയോടപേക്ഷിച്ചിട്ടുണ്ട്. ഇതനുവദിച്ചാല്‍ സഞ്ജയ് ദത്ത് കൂടുതല്‍ ശിക്ഷ ഇല്ലാതെ സ്വതന്ത്രനാകും.

നന്ദിഗ്രാമില്‍ ബോംബേറ്; ലാത്തിച്ചാര്‍ജില്‍ 5 പേര്‍ക്ക് പരിക്ക്
നന്ദിഗ്രാം : സി.പി.എം പ്രവര്‍ത്തകരും നന്ദിഗ്രാം ഭൂമി സംരക്ഷണ സമിതി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
നന്ദിഗ്രാം ബസ് സ്റ്റാന്‍ഡിനു സമീപം സി.പി. എം, ഭൂമി ഉച്ചഡ് കമ്മിറ്റി പ്രവര്‍ത്തകര്‍ പരസ്പരം ബോംബെറിയുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ലാത്തിച്ചാര്‍ജില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റെന്ന് എസ്.പി അറിയിച്ചെങ്കിലും പരിക്കേറ്റവര്‍ ഏതു പാര്‍ട്ടിക്കാരാണെന്ന് വെളിപ്പെടുത്തിയില്ല.
ഹാല്‍ദിയ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഏഴു സീറ്റില്‍ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്തിയ തങ്ങള്‍ക്കുനേരെ സി.പി.എം മൂന്നുതവണ ബോംബെറിയുകയായിരുന്നുവെന്ന് ഭൂമി സംരക്ഷണ സമിതി കണ്‍വീനര്‍ പറഞ്ഞു.
തങ്ങളുടെ 25 പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റെന്ന് ഇദ്ദേഹം പറയുന്നു.

സിഗരറ്റും മദ്യവും അഡല്‍റ്റ്സ് ഒണ്‍ലി
ന്യൂഡല്‍ഹി : ടെലിവിഷന്‍ ചാനലുകളില്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സീനുകള്‍ക്ക് ഇനിമുതല്‍ സെന്‍സര്‍ കത്രിക.
പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ കാണിക്കുന്ന പരിപാടികളെ ‘എ’ കാറ്റഗരിയില്‍പ്പെടുത്തി പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാനാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ തീരുമാനം. കുടുംബ പ്രേക്ഷകര്‍ക്കായി തയ്യാറാക്കുന്ന പരിപാടിയില്‍ പാട്ടുസീനുകളില്‍പ്പോലും ലഹരി ഉപയോഗം ഗ്ളാമറിന്റെ ഭാഗമായി കാണിക്കുന്ന സീനുകള്‍ അനുവദിക്കില്ല.
ടെലിവിഷന്‍ പരിപാടികള്‍ സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ കരടു മാര്‍ഗ്ഗരേഖയിലാണ് ഈ നിയന്ത്രണം.
ടിവി പരിപാടികളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. കുടുംബത്തിനു വേണ്ടി ത്യാഗം സഹിക്കുന്ന കണ്ണീര്‍ ഫാക്ടറിയായും, രണ്ടാംതരം വ്യക്തിയായും ലൈംഗിക തൃഷ്ണ ഉണര്‍ത്താന്‍ മാത്രമുള്ള വസ്തുവായും ചിത്രീകരിക്കരുതെന്ന് മാര്‍ഗ്ഗരേഖ പറയുന്നു.
അഡല്‍റ്റ്സ് ഒണ്‍ലി പരിപാടികള്‍ രാത്രി 11നും പുലര്‍ച്ചെ 4 നും ഇടയ്ക്കു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്നും നിബന്ധനയുണ്ട്.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w