28-7-07 ലെ വാര്‍ത്തകള്‍

ക്ഷീരകര്‍ഷക പെന്‍ഷന്‍: നിയമം വിനയാകുന്നു

  ചേര്‍ത്തല: അറുപതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് അഞ്ചു വര്‍ഷം കഴിയാതെ പെന്‍ഷന്‍ ലഭിക്കില്ലെന്ന ക്ഷേമനിധി നിയമം ക്ഷീരകര്‍ഷകര്‍ക്കു വിനയാവുന്നു.

ക്ഷീരകര്‍ഷകരുടെ ദീര്‍ഘനാളത്തെ മുറവിളിയെ തുടര്‍ന്നു 2005ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ക്ഷീരകര്‍ഷക ക്ഷേമനിധി ഓര്‍ഡിനന്‍സിലെ കര്‍ഷകദ്രോഹ നിയമങ്ങള്‍ ബില്ലാകുമ്പോള്‍ മാറ്റം വരുത്തുമെന്നു പറഞ്ഞിരുന്നു.

എന്നാല്‍, നിയമസഭ പാസാക്കിയ ബില്ലിലും മാറ്റങ്ങളുണ്ടായില്ല. പെന്‍ഷന് അര്‍ഹത നിശ്ചയിക്കുന്നതിനു ക്ഷേമനിധിയില്‍ അംഗമായതിനുശേഷം അഞ്ചുവര്‍ഷം 500 ലിറ്റര്‍ പാല്‍ വീതം അളക്കുകയും 60 വയസ്സു പൂര്‍ത്തിയാവുകയും വേണമെന്നാണു വ്യവസ്ഥ. ഇതുപ്രകാരം നിലവില്‍ 60 വയസ്സു പൂര്‍ത്തിയായവര്‍ക്കും അഞ്ചു വര്‍ഷം കഴിഞ്ഞേ പെന്‍ഷന്‍ ലഭിക്കൂ.

മറ്റെല്ലാ ക്ഷേമനിധികളിലും ഗുണഭോക്തൃവിഹിതത്തിനു തുല്യമായ തുക സര്‍ക്കാരില്‍നിന്നു ക്ഷേമനിധിയിലേക്ക് അടയ്ക്കുമ്പോള്‍ ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അടയ്ക്കുന്ന തുക പൂര്‍ണമായും കര്‍ഷകന്റേതു മാത്രമാണ്. കര്‍ഷകന്‍ അടയ്ക്കുന്നതും സംഘവും മില്‍മയും അടയ്ക്കുന്നതുമെല്ലാം കര്‍ഷകന്‍ സംഘത്തില്‍ നല്‍കുന്ന പാലിന്റെ വിലയില്‍ നിന്നുള്ളതാണെന്നു കഞ്ഞിക്കുഴി ബ്ലോക്കിലെ പ്രാഥമിക ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റുമാര്‍ സംയുക്തമായി മന്ത്രി ദിവാകരനു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങളായി തുടര്‍ച്ചയായി സംഘത്തില്‍ പാല്‍ അളക്കുന്ന കര്‍ഷകന് ഈ വര്‍ഷം മാത്രം 500 ലിറ്റര്‍ അളക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അംഗത്വം നിഷേധിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. മറ്റൊരു പെന്‍ഷന്‍ പദ്ധതിയിലും ഗുണഭോക്താവ് അംശാദായം അടയ്ക്കുന്നില്ല.

പക്ഷേ, ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ ക്ഷീരകര്‍ഷകന്റെ അംശാദായം പിടിക്കുന്നുണ്ട്. പെന്‍ഷന് അര്‍ഹരാകുന്ന കര്‍ഷകര്‍ക്കു റിട്ടയര്‍മെന്റ് ആനുകൂല്യമായി കുറഞ്ഞത് 10,000 രൂപയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം.

കടപ്പാട്‌: മനോരമ

******************************************************

സഹകരണമേഖലയെ നശിപ്പിക്കരുത്: ഇന്‍ഫാം

കൊച്ചി: സഹകരണമേഖലയെ പുനരുദ്ധരിക്കുന്നതിനും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തയാറാകണമെന്ന് ഇന്‍ഫാം ദേശീയട്രസ്റ്റി ഡോ.എം.സി ജോര്‍ജ് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് മൂന്നിനു തലശേരിയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡ് നല്‍കുന്ന കുറഞ്ഞ പലിശയുള്ള കാര്‍ഷികവായ്പ ഏതാനും ജില്ലാസഹകരണബാങ്കുകള്‍ക്ക് നിഷേധിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. സമാന്തര വായനശാലകള്‍ തുടങ്ങാനുള്ള നീക്കം അഴിമതി ലക്ഷ്യം വച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

കടപ്പാട്‌; ദീപിക

******************************************************

ഭൂസമരം: ആന്ധ്രയില്‍ ഇന്ന് ബന്ദ്


ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി നടത്തിവരുന്ന സമരം കൂടുതല്‍ ശക്തിയാര്‍ജിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി ബി വി രാഘവുലുവും സിപിഐ സെക്രട്ടറിയുമടക്കം പത്തുപേര്‍ ഏഴുദിവസമായി ഹൈദരാബാദിലെ ഇന്ദിരാ പാര്‍ക്കിനു സമീപം നിരാഹാരസമരത്തിലാണ്. സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച രംഗറാവു കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്ന് സിപിഐ എം-സിപിഐ എംഎല്‍എമാര്‍ സഭയില്‍ ആവശ്യമുന്നയിച്ചെങ്കിലും അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച സമരപ്പന്തലില്‍നിന്ന് ആരംഭിച്ച എംഎല്‍എമാരുടെ പദയാത്ര നിയമസഭയില്‍ അവസാനിച്ചു. ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചെങ്കിലും ആവശ്യം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷേധിച്ചു. തുടര്‍ന്ന് ശനിയാഴ്ച ബന്ദിന് ആഹ്വാനംചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് വിവിധ കലക്ടറേറ്റുകള്‍ക്കുമുന്നില്‍ റാലിയും ധര്‍ണയും നടന്നു. അനേകംപേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ആറായിരത്തില്‍പ്പരം പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു.

ആന്ധ്രപ്രദേശ് ബന്ദിന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ടിആര്‍എസിന്റെ നേതാക്കളും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ചില നേതാക്കളും സമരപ്പന്തലില്‍ച്ചെന്ന് പിന്തുണ പ്രഖ്യാപിച്ചു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

സര്‍ക്കാര്‍ റസ്റ്റ് ഹൌസ് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകള്‍ കൈയേറി: മുറികള്‍ കൈയേറി അഴിമതിപ്പിരിവ്; എതിര്‍ത്ത മാനേജരെ സ്ഥലം മാറ്റി

തിരുവനന്തപുരം: അനധികൃതമായി സര്‍ക്കാര്‍ മുറി കൈയേറി താമസിച്ച് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് കോടികളുടെ അഴിമതിപ്പിരിവ് നടത്തുന്നു. പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയുടെ പഴ്സണല്‍ സ്റ്റാഫാണ് പ്രധാനമായും മുറി കൈയേറി ‘പിരിവി’നുള്ള വേദിയായി സര്‍ക്കാര്‍ റസ്റ്റ് ഹൌസിനെ മാറ്റിയത്.

ഇയാളുടെ മുറി കേന്ദ്രീകരിച്ച് പൊതുമരാമത്ത് വകുപ്പിലെ ഇടനിലപ്പിരിവ് ശക്തമായി തുടരുകയാണ്. ഇതു ചോദ്യം ചെയ്ത റസ്റ്റ് ഹൌസ് മാനേജരെ മന്ത്രി കുരുവിള നേരിട്ടിടപെട്ട് സ്ഥാനത്തു നിന്നു മാറ്റി. തലസ്ഥാനത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൌസിലെ 14-ാം നമ്പര്‍ മുറിയാണ് ഒരു വര്‍ഷമായി കൈയേറിയത്. ഇതോടൊപ്പം തന്നെ റസ്റ്റ് ഹൌസിലെ ഏഴാം നമ്പര്‍ മുറിയും കൈയേറിയിട്ടുണ്ട്.

മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാനാണ് ഈ മുറിയിലുള്ളത്. ഇതുവരെ ഒരു പൈസപോലും മുറി വാടകയിനത്തില്‍ നല്‍കിയിട്ടില്ല. 14 -ാം നമ്പര്‍ മുറി കേന്ദ്രീകരിച്ചാണ് മരാമത്ത് വകുപ്പിലെ ഇടപാടുകള്‍ നടക്കുന്നത്. രാവിലെ മുതല്‍ തന്നെ ഈ മുറിയില്‍ കോണ്‍ട്രാക്ടര്‍മാരുടെ തിരക്കാണ്.

കുരുവിളയുടെ പാര്‍ട്ടി നേതാക്കളാണ് ഇടപാടുകള്‍ക്ക് മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നതെന്നും ‘മംഗളം’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മന്ത്രിയുടെ പി.എ നിര്‍ദ്ദേശിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ മുറി നല്‍കുകയാണു ചെയ്യുന്നത്.

രാത്രിയായിക്കഴിഞ്ഞാല്‍ മദ്യപിക്കാനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വേദിയായി റസ്റ്റ് ഹൌസ് മാറുകയാണ്. റസ്റ്റുഹൌസിലെ ചില ജീവനക്കാരും ഇതില്‍ പങ്കാളികളാണ്.

ഇതിനു കൂട്ടുനിന്നതിന് സുരേഷ് എന്ന ദിവസക്കൂലി ജീവനക്കാരനെ റസ്റ്റുഹൌസ് മാനേജര്‍ പുറത്താക്കുകയും ചെയ്തു.

കൂടാതെ വാടക നല്‍കാതെറസ്റ്റ് ഹൌസ്ില്‍ താമസിക്കാന്‍ കഴിയുകയില്ലെന്നും സൌജന്യ നിരക്കില്‍ താമസിപ്പിക്കണമെങ്കില്‍ ജില്ലാ കലക്ടറില്‍ നിന്നു നിര്‍ദ്ദേശം ലഭിക്കണമെന്നും റസ്റ്റ് ഹൌസ് മാനേജരായ മധു ആവശ്യപ്പെട്ടു.

മന്ത്രിയുടെ പി.എ. പറയുന്നവര്‍ക്കെല്ലാം മുറി നല്‍കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇക്കാര്യങ്ങള്‍ വിശദമാക്കി മാനേജര്‍ റസ്റ്റ് ഹൌസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കി. കലക്ടറോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

എന്നാല്‍ റസ്റ്റ് ഹൌസ് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകള്‍ക്കു തടസം നിന്ന മാനേജരെ മന്ത്രി നേരിട്ട് ഇടപെട്ട് മാറ്റുകയായിരുന്നു. വികലാംഗനെന്ന പരിഗണന പോലും ഇദ്ദേഹത്തിനു നല്‍കിയില്ല. കൂടാതെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു.

അന്യജില്ലകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ വേണ്ടിയാണ് പ്രധാനമായും റസ്റ്റ് ഹൌസുകളുണ്ടാക്കിയത്.

വി.എ.ഗിരീഷ്
കടപ്പാട്ട്‌: മംഗളം

******************************************************

വി.എസ് എതിര്‍ക്കുന്ന ഫാക്ടറിക്ക് ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്

പാലക്കാട്: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ വിവാദ ഇരുമ്പുരുക്ക് ഫാക്ടറിക്ക് ആരോഗ്യവകുപ്പിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്. മലമ്പുഴ ഡാമിന്റെ മലിനീകരണമടക്കം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്ന സ്പോഞ്ച് അയേണ്‍ കമ്പനിക്കാണ് ഡി.എം.ഒ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വി.എസ്. പക്ഷം ഫാക്ടറിക്കെതിരെ കടുത്ത നിലപാട് തുടരുന്നതിനിടയിലാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വകുപ്പ് തലപ്പത്തുനിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ടെന്ന് അറിയുന്നു.

കമ്പനി ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കിയത്. ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം കര്‍ശന നിബന്ധനകളിലൂടെ നിയന്ത്രിക്കണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ടാണ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. കമ്പനി ആരോഗ്യപ്രശ്നം സൃഷ്ടിക്കില്ലെന്നതിന് പിന്‍ബലമേകുന്ന തെളിവുകള്‍ റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എം.ഒയോട് വകുപ്പിലെ ഒരു ഉന്നതന്‍ ആവശ്യപ്പെട്ടിരുന്നത്രെ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി ലഭിച്ചെങ്കിലും സി.പി.എം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് കമ്പനിക്ക് ഇനിയും ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവിടെ വി.എസ് പക്ഷത്തിനാണ് മേല്‍ക്കൈ.
റിപ്പോര്‍ട്ടിനെച്ചൊല്ലി സി.പി.എമ്മില്‍ ഭിന്നത ഉടലെടുത്തുകഴിഞ്ഞു. കമ്പനി മലമ്പുഴയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ് പ്രഖ്യാപിച്ചിരുന്നു. ഫാക്ടറിക്കെതിരെ വി.എസ് പക്ഷം ഇപ്പോഴും പ്രക്ഷോഭപാതയിലാണ്.

കടപ്പാട്‌: മാധ്യമം

******************************************************

മൂന്നാര്‍ ഒഴിപ്പിക്കല്‍ നിറുത്തിവച്ചത് നിര്‍ഭാഗ്യകരം: സുപ്രീംകോടതി


ന്യൂഡല്‍ഹി: മൂന്നാര്‍ ഒഴിപ്പിക്കല്‍ നിറുത്തിവച്ചത് നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി പറഞ്ഞു. “നിങ്ങളെല്ലാം ഉപേക്ഷിച്ചല്ലോ, നിര്‍ഭാഗ്യകരം” (അണ്‍ഫോര്‍ചുനേറ്റ്ലി, യു ഹാവ് ഗിവണ്‍ അപ് എവരിതിംഗ്) മൂന്നാര്‍ ഒഴിപ്പിക്കല്‍ മരവിപ്പിച്ച സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെ പരാമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
മൂന്നാറിലെ നെല്ലിത്താനം എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കേസില്‍ വാദംകേട്ട വേളയിലാണ് ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഈ നിരീക്ഷണം. കഴിഞ്ഞ തവണ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേയുടെ കാലവധി ഇന്നലെ തീര്‍ന്നവേളയിലാണ് കേസ് പരിഗണനയ്ക്കെടുത്തത്. നെല്ലിത്താനം എസ്റ്റേറ്റിനുവേണ്ടി തന്റെ മകന്‍ അഡ്വ. കൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു എന്നുചൂണ്ടിക്കാട്ടി ജസ്റ്റിസ് ബാലസുബ്രമണ്യംവാദം കേള്‍ക്കാന്‍ വിസമ്മതിച്ചു.
തങ്ങള്‍ക്ക് ഇത് പ്രശ്നമല്ലെന്നും ബെഞ്ച് ഈ വാദം കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും കേസില്‍ വാദം തുടരാമെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ടി. എല്‍. വിശ്വനാഥഅയ്യര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ജസ്റ്റിസ് ബാലസുബ്രഹ്മണ്യം നിലപാട് മാറ്റിയില്ല. തുടര്‍ന്ന് കേസ് വേറൊരു ബഞ്ചിലേക്ക് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഈ അവസരത്തില്‍ നെല്ലിത്താനം എസ്റ്റേറ്റിനുവേണ്ടി ഹാജരായ അഡ്വ. റോമിചാക്കോ നേരത്തെയുള്ള സ്റ്റേ നീട്ടണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കാതെ സ്റ്റേ നീട്ടാന്‍ കഴിയില്ലെന്ന നിയമപ്രശ്നം ഒഴിവാക്കാന്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് അംഗീകരിച്ച കോടതി കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചു. നെല്ലിത്താനം എസ്റ്റേറ്റ് സംസ്ഥാനഭൂമി കൈയ്യേറിയതാണെന്നും അതിനാല്‍ സ്റ്റേ ഉത്തരവ് നീട്ടരുതെന്നും വിശ്വനാഥ അയ്യര്‍ വാദിച്ചു. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വന്‍കിടതോട്ടക്കാരും റിസോര്‍ട്ടുകളും കൈയേറിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ടി. എല്‍. വിശ്വനാഥ അയ്യരുടെ വാദം കത്തിക്കയറിയപ്പോഴാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചുകൊണ്ട് ജസ്റ്റിസ് ബാലസുബ്രഹ്മണ്യം ഇങ്ങനെ പ്രതികരിച്ചത്.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, മാധ്യമം, വായ്പ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w