27-7-07 ലെ വാര്‍ത്തകള്‍

കെട്ടിടനിര്‍മ്മാണച്ചട്ടം ജൂണ്‍ 6 നുശേഷം പണി തുടങ്ങിയവയ്ക്കുമാത്രം ബാധകം : പാലോളി
തിരു : കെട്ടിട നിര്‍മ്മാണച്ചട്ടം പ്രാബല്യത്തിലുള്ള എല്ലാ പഞ്ചായത്തുകളിലും 2007 ജൂണ്‍ 6 നുശേഷം നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു.
ജൂണ്‍ ആറിനുമുന്‍പ് പൂര്‍ത്തിയായതും അതിനുമുന്‍പ് നിര്‍മ്മാണം ആരംഭിച്ച് നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങള്‍ക്ക് (ടൌണ്‍ പ്ളാനിംഗ് സ്കീമും കോസ്റ്റല്‍ സോണ്‍ റെഗുലേഷനും ബാധകമാകുന്ന സ്ഥലങ്ങളില്‍ ഇവയ്ക്ക് അനുസൃതമാണെങ്കില്‍) പ്ളാന്‍ പഞ്ചായത്തുകളില്‍ സമര്‍പ്പിക്കുകയോ ചട്ടം ബാധകമാക്കുകയോ വേണ്ട. ഈ കെട്ടിടങ്ങള്‍ പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറി നമ്പര്‍ നല്‍കണം. എന്നാല്‍ 150 ചതുരശ്രമീറ്ററില്‍ കൂടുതലുള്ളതോ, രണ്ടിലധികം നിലകളുള്ളതോ ആയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ശേഖരിക്കണം.വിവരശേഖരണം പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കുന്നതിനോ നമ്പര്‍ നല്‍കുന്നതിനോ കാലതാമസം വരുത്താന്‍ പാടില്ല സര്‍ക്കാര്‍ അംഗീകരിച്ച സ്കീം പ്രകാരം ജൂണ്‍ ആറിനുമുന്‍പ് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേകമായി പ്ളാന്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ടതില്ല. ഈ തീയതിക്കുശേഷം നിര്‍മ്മാണം നടത്തുന്നവയ്ക്ക് കെട്ടിടത്തിന്റെ ചുറ്റളവ് കാണിച്ചുകൊണ്ടുള്ള സ്കെച്ച് സമര്‍പ്പിച്ചാല്‍ മതി.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പരമ്പരാഗതമായ സ്ഥലത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ബാധകമാക്കേണ്ടതില്ല.
സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന വീടുകള്‍, കുടിലുകള്‍ എന്നിവയ്ക്ക് ( ആദിവാസി ഏരിയയില്‍ ഉള്ളവയുള്‍പ്പെടെ) മഴ വെള്ളക്കൊയ്ത്തിനുള്ള സംവിധാനം നിര്‍ബന്ധമാക്കേണ്ടതില്ല.
നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിടങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണച്ചട്ടം അനുശാസിച്ചിരിക്കുന്ന പ്രകാരമുള്ള പെര്‍മിറ്റ് ഫീസ് മാത്രമേ ഈടാക്കേണ്ടതുള്ളൂ.നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ വിവരം ആഗസ്റ്റ് 31 നുമുന്‍പ് പഞ്ചായത്ത് സെക്രട്ടറിമാരെ രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം ജൂണ്‍ ആറിനുശേഷം നിര്‍മ്മാണം ആരംഭിച്ചതായി കണക്കാക്കും.
പഞ്ചായത്തുകള്‍ക്കു മാത്രമായി കെട്ടിടനിര്‍മ്മാണച്ചട്ടം രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള അവ്യക്തതകള്‍ക്ക് വിരാമമാകുമെന്നും മന്ത്രി പറഞ്ഞു.
ചട്ടത്തിന്റെ പേരില്‍ കെട്ടിടനിര്‍മ്മാതാക്കളെ പ്രയാസപ്പെടുത്തരുതെന്ന് മന്ത്രി പഞ്ചായത്തധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കടപ്പാട്‌: കേരളകൌമുദി

******************************************************

രൂപയുടെ മൂല്യവര്‍ധന: പ്രവാസികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ്

ദോഹ: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ അടക്കടിയുള്ള മൂല്യവര്‍ധന ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചു. ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവിലുണ്ടായ വര്‍ധന സൃഷ്ടിച്ച ദുസ്സഹമായ ഭാരത്തിനുപുറമെ രൂപയുടെ മൂല്യവര്‍ധന കൂടിയായപ്പോള്‍ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമായ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്. നാട്ടിലും ഇവിടെയും ജീവിതച്ചെലവ് കൂടിവരുമ്പോള്‍ രൂപയുടെ മൂല്യക്കൂടുതല്‍മൂലം ഗള്‍ഫ് പ്രവാസികളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണുണ്ടായിരിക്കുന്നത്.

ഡോളറിന്റെ തകര്‍ച്ചയും രൂപയുടെ മൂല്യവര്‍ധനയും ഇനിയും മുന്നോട്ടുപോകുമെന്നാണ് സൂചന. രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ നിരക്ക് സമീപഭാവിയില്‍ ഉയരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ് ഇത് കനത്ത ആഘാതമാകുന്നത്. ഒമ്പതു വര്‍ഷത്തിനിടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപക്ക് ഏറ്റവുമധികം വിലയുള്ള സമയമാണിത്. ഒരു വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവുമധികം ശക്തി നേടിയ നാല് കറന്‍സികളിലൊന്ന് ഇന്ത്യന്‍ രൂപയാണ്. ഈ പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളുടെ വരുമാനത്തില്‍ 30 ശതമാനത്തിന്റെവരെ ഇടിവ് വന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡോളറും അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഗള്‍ഫ് കറന്‍സികളുടെയും വിലയിടിഞ്ഞതിനാല്‍ പ്രവാസിയുടെ വരുമാനം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. ഗള്‍ഫിലെ ജീവിതച്ചെലവ് വര്‍ധിച്ചതുവഴി മറ്റൊരു 15 ശതമാനത്തിന്റെ ഇടിവും ഉണ്ടായി.

അതിനിടെ, കുവൈത്ത് ദീനാറിന്റെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ 1.7 ശതമാനം വര്‍ധിപ്പിച്ചത് അവിടത്തെ പ്രവാസികള്‍ക്ക് അല്‍പം ആശ്വാസകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുവൈത്തിന്റെ തീരുമാനംമൂലം ദീനാറിന് ഏകദേശം 140 രൂപയായിരുന്നത് 143 രൂപയായി വര്‍ധിച്ചുണ്ട്. എന്നാല്‍ ആറുമാസംമുമ്പ് ദീനാറിന് 163 രൂപയോളം ലഭിച്ചിരുന്നു.
റിയാലിന് ഏതാണ്ട് 11 രൂപയാണ് നിലവിലെ നിരക്ക്. ഒരുവര്‍ഷംമുമ്പ് പന്ത്രണ്ടര രൂപവരെ കിട്ടിയ സ്ഥാനത്താണിത്. യു.എ.ഇ ദിര്‍ഹമിന് 10.90 രൂപയാണ് നിരക്ക്. ഒരുവര്‍ഷം മുമ്പുവരെ 12.70 കിട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒരു സൌദി റിയാലിന് പന്ത്രണ്ടര രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 10.70 ആണ് ലഭിക്കുന്നത്. റിയാല്‍, ദിര്‍ഹം എന്നിവക്ക് ഇന്ത്യന്‍ രൂപയെ അപേക്ഷിച്ച് 15 ശതമാനത്തിലേറെ വിലയിടിഞ്ഞു.
പ്രവാസി ഇന്ത്യക്കാരുടെ വരുമാനത്തിലുണ്ടായ കുറവ് നാട്ടിലേക്ക് പണമയക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം കുറഞ്ഞിട്ട് നാട്ടിലേക്ക് പണം അയക്കാമെന്ന് കരുതി അതത് രാജ്യങ്ങളില്‍തന്നെ പണം നിക്ഷേപിച്ചിരുന്നവര്‍ ധാരാളമുണ്ട്.

ഖത്തറിലെയും സൌദി, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവാസികളാണ് രൂപയുടെ മൂല്യവര്‍ധനയും ജീവിതച്ചെലവിലെ കുതിച്ചുകയറ്റവുംമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. ഇതുകൂടാതെ രൂക്ഷമായ വാടകവര്‍ധന മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികളുടെ മുതുകൊടിക്കുന്നു. ദോഹയില്‍ 40 ശതമാനംവരെ വാടകവര്‍ധയുണ്ടായതായാണ് ഏകദേശ കണക്ക്. ഒരുവര്‍ഷത്തിനിടെ ദുബൈയില്‍ 50 ശതമാനംവരെയും അബൂദബി, ഷാര്‍ജ, റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളില്‍ 30 ശതമാനവും വാടക കൂടിയെന്ന് കണക്കാക്കപ്പെടുന്നു. അവശ്യസാധനങ്ങള്‍ക്കും വന്‍തോതില്‍ വിലക്കയറ്റമുണ്ടായി. ദുര്‍വഹമായ ഈ ഭാരംമൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മടങ്ങാനുദ്ദേശിക്കുന്നവുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഗള്‍ഫില്‍ നിര്‍മാണ രംഗത്തുണ്ടായ കുതിച്ചുചാട്ടം നിര്‍മാണ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാക്കിയെങ്കിലും കുറഞ്ഞ ശമ്പളം കാരണം വരാന്‍ താല്‍പര്യമുള്ളവരുടെ എണ്ണം കുറയുകയാണ്. എഞ്ചിനീയര്‍മാരടക്കമുള്ള വിദഗ്ധ ജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. നാട്ടിലേതിനേക്കാള്‍ ഗള്‍ഫ് നാടുകളില്‍ ശമ്പളം കുറവായതാണ് കാരണം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വിദഗ്ധ എഞ്ചിനീയര്‍മാരും മറ്റും പലരും തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണ്.

വിവരസാങ്കേതിക വിദ്യാഭ്യാസം നേടിയ യുവാക്കളുടെ ഗള്‍ഫിലേക്കുള്ള ഒഴുക്ക് കുറയാനും ഈ പ്രതിഭാസം കാരണമായിട്ടുണ്ട്. ഗള്‍ഫില്‍ ശരാശരി കിട്ടുന്ന ശമ്പളം ഐ.ടി മേഖലയിലും മറ്റും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്.
ഗള്‍ഫില്‍ കിട്ടുന്ന ശമ്പളം താരതമ്യേന കുറഞ്ഞ ജീവിതച്ചെലവില്‍ ഇന്ത്യയില്‍ കിട്ടുന്നതിനാല്‍ ഐ.ടി വിദ്യഭ്യാസമുള്ള യുവാക്കളും മറ്റും ജന്മനാട്ടില്‍തന്നെ ജോലി നേടാനാണ് ശ്രമിക്കുന്നത്.

കടപ്പാട്‌: മാധ്യമം

******************************************************

മഴക്കാലം വന്നു, സൂക്ഷിക്കുക

പ്രായമായവര്‍ക്ക് അധികം ചൂടും ദോഷം ചെയ്യും. അധികം തണുപ്പും ദോഷം ചെയ്യും. ചൂടും തണുപ്പും അടുപ്പിച്ചുണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ രോഗങ്ങ ള്‍ ഉണ്ടാകും.മഴക്കാലം വന്നതോടെ വര്‍ഷക്കെടു തിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വന്നുകൊണ്ടിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ക്യാംപുകളിലേക്കും മറ്റും മാറ്റിത്താമസിപ്പിക്കേണ്ടി വരുന്നു. അങ്ങനെ കൂട്ട മായി ആളുകള്‍ താമസിക്കുന്ന സ്ഥലത്തു പലപ്പോഴും പകര്‍ച്ചവ്യാധികളും വന്നെത്തുന്നു. പലതരം മലക്കാലരോഗങ്ങള്‍ക്കും ചികിത്സ വേണ്ടിവരുന്നു. പനി, വയറിളക്കം, ദഹനക്കേട് മുതലായവയെല്ലാം സാധാരണമാണ്. വെള്ളം കയറിയ പാടങ്ങളിലും പറമ്പുകളിലും കൂടി സ്കൂളില്‍ പോകുന്ന കുട്ടികള്‍ ചെളിവെള്ളം തെറിപ്പിച്ചും മറ്റും ഉല്ലസിച്ചു നടക്കുന്ന അവസരത്തില്‍ വെയിലിന്റെ ചൂടും വെള്ളത്തിന്റെ തണുപ്പും പരസ്പരം വിരുദ്ധമായി പ്രവര്‍ത്തിച്ചു ജലദോഷവും നീര്‍ക്കെട്ടും ഉണ്ടാക്കുന്നു.

കുടയും മഴക്കോട്ടുമെല്ലാം ഉണ്ടെങ്കിലും നനഞ്ഞിട്ടായിരിക്കും അവര്‍ ക്ളാസിലെത്തുന്നത്. നനഞ്ഞ വസ്ത്രങ്ങളുമായി ക്ളാസിലിരുന്ന് വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ജലദോഷം, തുമ്മല്‍, മൂക്കൊലിപ്പ് മുതലായവയെല്ലാം വരാന്‍ നല്ല സാധ്യതയുണ്ട്. അവരുടെ രോഗപ്രതിരോധശക്തിയും കുറഞ്ഞിരിക്കും. ക്ളാസില്‍ ആര്‍ക്കെങ്കിലും ജലദോഷം ഉണ്ടെങ്കിലും വളരെ വേഗത്തില്‍ അത് ഇത്തരം കുട്ടികളിലേക്കും പകരും. വീട്ടിലെത്തിയാല്‍ കുട്ടികള്‍ രാത്രി ഫാനിടാതെ കിടന്നുറങ്ങാറില്ല. ഉറക്കം വരികയുമില്ല. എന്നാല്‍ ഫാനിന്റെ കാറ്റില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ചൂടും തണുപ്പും മാറി മാറി വരുന്നത് ‘വാതപ്രകൃതമുള്ളവരില്‍ വളരെ ദോഷം ചെയ്യും. അനങ്ങാതെ കിടക്കുന്നവരാണെങ്കില്‍പ്പോലും അവരുടെ ഒരു ഭാഗം മാത്രം വളരെ തണുത്തു ദോഷം ചെയ്യും. ഫാന്‍ നമുക്കു വളരെ ഉപയോഗപ്രദമായ ഒരാവശ്യമാണെങ്കില്‍പ്പോലും രാത്രി മുഴുവന്‍ ഫാനിനടിയില്‍ കിടക്കുന്നവര്‍ക്കാണു കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നത്.

പലപ്പോഴും കൊച്ചുമക്കള്‍ക്കു വേണ്ടി ഫാനിന്റെ തണുപ്പു സഹിക്കുന്ന മുത്തശ്ശിമാര്‍ ശരീരവേദനയുമായി ചികിത്സക്കെത്താറുണ്ട്. ലക്ഷം വീടു പോലെയുള്ള കോളനികളില്‍ താമസിക്കുന്ന ആളുകളില്‍ പകുതിപ്പേര്‍ ക്കും രാത്രി മുഴുവന്‍ ഫാനിട്ടിറുങ്ങതുമൂലം സന്ധിവേദനയും മറ്റുമായി ചികിത്സ തേടി വരാറുണ്ട്.വയറുതണുത്താല്‍ ദഹനക്കേടും വയറിളക്കവും വന്നു കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വയറിനു ചുറ്റും ഒരു ഷാളോ മറ്റോ ചുറ്റിക്കിടക്കുന്നത് തണുപ്പില്‍ നിന്നു രക്ഷനേടുന്നതിനും നടുവേദന മാറ്റുന്നതിനും സഹായിക്കും എന്റെ ബാല്യകാലത്ത് മഴക്കാലം വന്നാല്‍ ‘ഉലുവക്കഞ്ഞി ഒരു ദിവസം തരുന്ന പതിവുണ്ടായി രുന്നതായി ഓര്‍ക്കുന്നു. പെട്ടെന്നു വേനല്‍ച്ചൂടില്‍ നിന്നു മഴക്കാലം വരുമ്പോള്‍ ദഹനക്കേടു വരാതിരിക്കാനാണെന്നാണു കേട്ടിരുന്നത്.

അതൊരു പൂര്‍ണവിജയമായിരുന്നതായി ഓര്‍ക്കുന്നില്ല. വര്‍ഷകാലത്ത് എണ്ണ അധികം ചേര്‍ക്കാത്ത ഭക്ഷണമായിരിക്കും കൂടുതല്‍ അഭികാമ്യം. ഭക്ഷണം തന്നെ കുറച്ചു കഴിച്ചാല്‍ ദഹനക്കേടുണ്ടാകാതെയിരിക്കാന്‍ സഹായിക്കും. വയറുവേദന വരികയാണെങ്കില്‍ ഏതെങ്കിലും രോഗാണുക്കള്‍ ആഹാരത്തില്‍ക്കൂടി ശരീരത്തിലേക്കു കടന്നുകൂടിയിട്ടുണ്ടോ എന്നു സംശയിക്കണം. ഛര്‍ദ്ദികൂടിയുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടണം. പ്രഥമശുശ്രൂഷയായി ഒആര്‍എസ് ലായനിയോ കഞ്ഞിവെള്ളം ഉപ്പിട്ടതോ കഴിക്കണം. ജലദോഷത്തോടനുബന്ധമായി അടത്ത പടി ബ്രോങ്കൈറ്റിസ് രോഗമാണ് കാണാറുള്ളത്. ജലദോഷം വൈറസ് മൂലമാണ് വരുന്നത്. അതിനാല്‍ അതിന് ആന്റിബയോട്ടിക് മരുന്നുകള്‍ പ്രയോജനം ചെയ്യുകയില്ല.

പക്ഷേ, നെഞ്ചിലേക്കിറങ്ങി ബ്രോങ്കൈറ്റിസ് വന്നാല്‍ വരുന്ന ചുമ ബാക്ടീരിയ മൂലമുള്ളതായിരിക്കും. പഴുപ്പും കഫവും ചുമയോടൊപ്പം ഉണ്ടെങ്കില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമായി വരും. ുമ സൂക്ഷിച്ചില്ലെങ്കില്‍ ശ്വാസനാളത്തില്‍ നിന്നു ശ്വാസകോശത്തിലേക്കു പൂര്‍ണമായി പ്രവേശിച്ചു ന്യൂമോണിയ ആയിത്തീരാന്‍ സാധ്യതയുണ്ട്. പ്രായമായവര്‍ക്ക് അധികം ചൂടും ദോഷം ചെയ്യും. അധികം തണുപ്പും ദോഷം ചെയ്യും. ചൂടും തണുപ്പും അടുപ്പിച്ചുണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ രോഗങങ്ങള്‍ ഉണ്ടാകും. ശാത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെ ങ്കിലും ജലദോഷത്തിനു നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണെന്നു പൊതുവെ പറയാറുണ്ട്. കൈകളും കാലുകളും തണുപ്പിക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

കടപ്പാട്‌: മനോരമ

******************************************************

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

കൊച്ചി: ആരോഗ്യവകുപ്പു ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2006 സെപ്റ്റംബറിലുണ്ടാക്കിയ ധാരണ അനുസരിച്ചുള്ള ശമ്പളം ഇനിയും നടപ്പില്‍ വരുത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി പി.ഓരത്തേല്‍ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു സീനിയോരിറ്റി അനുസരിച്ച് ഉപരിപഠനത്തിനുള്ള സാധ്യത ഇന്നില്ല. ഉപരിപഠനത്തിനു പോകുമ്പോള്‍ നല്കിയിരുന്ന ഡപ്യൂട്ടേഷന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ വേതന വ്യവസ്ഥകള്‍ ഓഗസ്റ്റ് 31 -നകം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സെപ്റ്റംബര്‍ മാസം മുതല്‍ സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കടപ്പാട്‌: ദീപിക

******************************************************

റോഡുകള്‍ കുളമായി: ധന-മരാമത്തു വകുപ്പുകളില്‍ കമ്മിഷനു പിടിവലി
പത്തനംതിട്ട: സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും തകര്‍ന്നു തരിപ്പണമായിരിക്കെ 30 ശതമാനം സബ്സിഡിയും പതിവു പടിയും വാങ്ങാന്‍ ധന-മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കരാറുകാരുമായി വിലപേശുന്നു. കഴിഞ്ഞ വര്‍ഷം റോഡ് നിര്‍മിച്ച വകയില്‍ കരാറുകാര്‍ക്കു കിട്ടേണ്ട 1100 കോടി രൂപ തരണമെങ്കില്‍ മുന്‍കൂറായി കമ്മിഷനും പടിയും കിട്ടണമെന്നാണു ശാഠ്യം.

ഇതേസമയം, പൊളിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ ധനവകുപ്പു പണം അനുവദിക്കുന്നില്ലെന്നു മരാമത്തുമന്ത്രിയും അനുവദിക്കുന്ന പണം മുഴുവന്‍ മരാമത്തു മന്ത്രി അടിച്ചുമാറ്റുകയാണെന്നു ധനമന്ത്രിയും മന്ത്രിസഭാ യോഗത്തില്‍ തുറന്നടിച്ചതോടെ രണ്ടു വകുപ്പിലെയും അഴിമതി അങ്ങാടിപ്പാട്ടായി. സബ്സിഡിയും പടിയുമായി കുടിശികയുടെ 30 ശതമാനം തുകയാണു കരാറുകാര്‍ നല്‍കേണ്ടിവരുക. രണ്ടിനങ്ങളിലുമായി 330 കോടി രൂപ വരും. 110 കോടി ഡിസ്ക്കൌണ്ട് അനുവദിക്കണമെന്ന പിടിവാശിയിലാണു ധനമന്ത്രി. 220 കോടി രൂപ പടിയിനത്തില്‍ മരാമത്തു വകുപ്പില്‍ പ്യൂണ്‍ മുതല്‍ ചീഫ് എന്‍ജിനീയറുടെ ഓഫീസ് വരെ നല്‍കേണ്ട ഗതികേടിലാണു ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍.      കരാറുകാര്‍ക്കു കുടിശിക ലഭിക്കാന്‍ താമസം നേരിടുന്ന സാഹചര്യത്തില്‍ അഞ്ചു ശതമാനംകൂടി പടിയില്‍ ഡിസ്ക്കൌണ്ട് അനുവദിക്കാന്‍ തങ്ങള്‍ തയാറാണെന്നും പൊതുമരാമത്ത് ഉന്നതര്‍ പറയുന്നു. മരാമത്തു വകുപ്പില്‍ സ്ഥലംമാറ്റങ്ങള്‍ സാധാരണമായതിനാലാണു മുന്‍കൂറായി പണം ആവശ്യപ്പെടുന്നത്.

കരാര്‍ കുടിശിക ലഭ്യമാകാത്തതിനാല്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി 860 കിലോമീറ്റര്‍ ശബരിമല റോഡുകളുടേയും അനുബന്ധ പാതകളുടേയും പണികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണു കരാറുകാര്‍. നവംബര്‍ 15-നു മുമ്പു പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി ടെന്‍ഡര്‍ നോട്ടീസ് വെള്ളിയാഴ്ച തയാറാക്കുമെന്ന് അധികൃതര്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ കരാറുകാര്‍ക്കു മാത്രം 55 കോടി രൂപയാണു ലഭിക്കാനുള്ളത്. കോടിക്കണക്കിനു രൂപ ബ്ളേഡ് കമ്പനിയില്‍നിന്നും കടംവാങ്ങി റോഡ്പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ ആത്മഹത്യാവക്കിലാണ്.

അടിയന്തര പ്രാധാന്യമുള്ള ഒരു ജോലിയും ഏറ്റെടുക്കേണ്ടതില്ലെന്നാണു കരാറുകാരുടെ നിലപാട്. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പണി അടിയന്തരമായി നടത്താന്‍ ജൂണ്‍ 29-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു ക്വട്ടേഷന്‍ ജോലികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ആറായിരത്തോളം വരുന്ന കരാറുകാര്‍ ഇതു ബഹിഷ്ക്കരിച്ചുകഴിഞ്ഞു. 2600-ല്‍പരം കിലോമീറ്റര്‍ റോഡ് സംസ്ഥാനത്തു തകര്‍ന്നിട്ടുണ്ട്. നിലവാരം കുറഞ്ഞ ടാറും 20 എം.എം. മെറ്റിലുമാണു റോഡ് പണിക്കു സര്‍ക്കാര്‍ നല്‍കുന്നത്. 40 എം.എം. മെറ്റിലെങ്കിലും ഉണ്െടങ്കില്‍ മാത്രമേ കാര്യക്ഷമമായ രീതിയില്‍ ടാറിംഗ് നടത്താന്‍ കഴിയുകയുള്ളു.

സജിത്ത് പരമേശ്വരന്‍

കടപ്പാട്‌: മംഗളം

******************************************************

വല വെട്ടിച്ച് വന്‍സ്രാവുകള്‍; വിഴുങ്ങുന്നത് നാടിനെ
കേരളത്തിന്റെ
വാര്‍ഷിക ബജറ്റ് 26,697 കോടി രൂപയുടേത്. പ്രതിവര്‍ഷം ഹവാലയായി (കുഴല്‍പ്പണം) കേരളത്തിലെത്തുന്നത് 25,000 കോടി! ഔദ്യോഗിക കണക്ക് പ്രകാരം ഇത് 10,000 കോടി രൂപ. ഒരു വര്‍ഷം സംസ്ഥാനത്തെത്തുന്ന കള്ളനോട്ട് 1000 കോടിയിലധികമെന്ന് കേന്ദ്ര ഏജന്‍സികള്‍. അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ ‘ബിസിനസും’ കോടികളുടേത്……

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന ഈ സമാന്തര സമ്പത്തിനെ നിയന്ത്രിക്കുന്നത് വിദേശശക്തികള്‍. മത തീവ്രവാദസംഘടനകള്‍ക്കും ദേശദ്രോഹശക്തികള്‍ക്കും ഈ അടുത്തകാലത്തായി വിദേശ പണം ലഭിക്കുന്നുണ്ടെന്ന് പാര്‍ലെമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും റോ മേധാവിയായിരുന്ന ഹോര്‍മിസ് തരകനും വ്യക്തമാക്കിയിരുന്നു. ഈ പണമെത്തുന്നത് അനധികൃത വഴിക്കാണെന്നും ഇതില്‍ കൂടുതലും കേരളത്തിലാണ് എത്തുന്നതെന്നും കേന്ദ്ര റവന്യൂഇന്റലിജന്‍സും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റും മുന്നറിയിപ്പും നല്‍കി.

ഹവാല-കള്ളനോട്ട്-മയക്കുമരുന്ന് ഒഴുക്ക് കൂടുതലും പാകിസ്ഥാനില്‍നിന്നാണ്. തൊണ്ണൂറ്റിയൊന്നിലെ ജയിന്‍ ഹവാല കേസോടെയാണ് ഇതിനു പിന്നിലെ പാക് ബന്ധം പരസ്യമായത്. ജമ്മുകാശ്മീരിലെ ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ ഉപമേധാവി അശ്ഫാല്‍ ഹുസൈന്‍ ലോനെ എന്നയാളെ 91 മാര്‍ച്ച് ഇരുപത്തൊന്നിന് അറസ്റ്റ് ചെയ്തതോടെയാണ് ഹവാല പാക് ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് എസ് കെ ജയിന്‍, ജെ കെ ജെയിന്‍ എന്നിവരുടെ വീട് സിബിഐ റെയ്ഡ്ചെയ്ത് പിടിച്ചെടുത്ത ഡയറിയില്‍ സെയില്‍സിംഗ്, അദ്വാനി, രാജീവ് ഗാന്ധി ഉള്‍പ്പെടെ 42 ദേശീയനേതാക്കള്‍ക്ക് പാക്ക് ചാര സംഘടനയായ ഐഎസ്ഐ പണം നല്‍കിയ വിവരം ലഭിച്ചു. ഈ പേരുകള്‍ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണംതന്നെ അവസാനിപ്പിച്ചു. ഇത് ഐഎസ്ഐക്ക് സഹായകമായി. ഇന്ന് ഈ വിദേശ സംഘടനയുടെ പണംപറ്റുന്ന നൂറോളം സംഘടനകള്‍ ഇന്ത്യയിലുണ്ട്.

ഒറിജിനലിനെ വെല്ലുന്ന ഇന്ത്യന്‍ കറന്‍സിയുടെ വ്യാജന്‍ അച്ചടിക്കുന്നതും പാകിസ്ഥാനിലാണ്. ഈ അടുത്ത് കേരളത്തിലും ചെന്നൈയിലും പിടികൂടിയ കോടികളുടെ കള്ളനോട്ടിന്റെ ഉറവിടം പാകിസ്ഥാനിലാണെന്ന് കണ്ടെത്തിയിരുന്നു. ബ്രൌണ്‍ഷുഗര്‍ പോലുള്ള മയക്കുമരുന്ന് കേരളത്തിലെത്തുന്നതും പാകിസ്ഥനില്‍നിന്നാണ്. അഫ്ഗാനിലെ മലമടക്കുകളില്‍ കൃഷി ചെയ്യുന്ന മയക്കുമരുന്ന് പാകിസ്ഥാനിലും അവിടെനിന്ന് അതിര്‍ത്തിവഴി രാജസ്ഥാനിലും എത്തിക്കുകയാണ് ചെയ്യുന്നത്. രാജസ്ഥാനിലെ മാര്‍ബിള്‍ കളങ്ങളില്‍ ഒട്ടകപ്പുറത്ത് എത്തിക്കുന്ന മയക്കുമരുന്ന് ഏതാനും മാര്‍ബിള്‍ ലോറികള്‍ വഴിയാണ് കേരളത്തിലെത്തുന്നത്.

നേരത്തെ മുംബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍വഴി മയക്ക്മരുന്ന് എത്തിയിരുന്നെങ്കിലും സുരക്ഷ കര്‍ശനമാക്കിയതോടെ ഇത് കുറഞ്ഞിട്ടുണ്ട്. ഈ മൂന്നിന്റെയും മൊത്ത വിതരണക്കാര്‍ ഒരാളോ അല്ലെങ്കില്‍ പരസ്പരം ബന്ധമുള്ളവരോ ആണ്. അടുത്തകാലത്ത് പിടികൂടിയ കള്ളനോട്ട് കേസിലെ യഥാര്‍ഥ പ്രതികള്‍ക്ക് ഹവാല ഇടപാടും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പിടിക്കപ്പെടുന്ന കുഴല്‍പണത്തില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയതും ഈ ബന്ധം ശരിവെക്കുന്നു.

കേരളത്തില്‍ ഗള്‍ഫ് പ്രതിഭാസം തുടങ്ങിയ എഴുപതുകളില്‍തന്നെ കുഴല്‍പണമിടപാടും തുടങ്ങ്ി. ഗള്‍ഫിലുള്ളവര്‍ നാട്ടില്‍ പണമെത്തിക്കുന്നതിന് പ്രധാനമായും ആശ്രയിച്ചത് കുഴല്‍ഏജന്റുമാരെയാണ്. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് പണമെത്തിക്കുന്നതിനുള്ള നൂലാമാലകളാണ് ഇതിന് പ്രധാനകാരണം. പണമയച്ചാല്‍ കിട്ടാനുള്ള കാലതാമസം വേറെയും. എന്നാല്‍ കുഴല്‍മാര്‍ഗം അയച്ചാല്‍ മണിക്കൂറുകള്‍ക്കകം പണം വീട്ടിലെത്തും. ഇതിനുവേണ്ടി കുഴല്‍പണക്കാരന്റെ ഏജന്റ് നാട്ടിലെ പോലെ ഗള്‍ഫിലും പ്രവര്‍ത്തിക്കും.

തുടക്കത്തില്‍ ചെറിയ ബിസിനസായിരുന്നു കുഴലെങ്കില്‍ പിന്നീട് ഇവ കോടികളുടേതായി മാറി. മത തീവ്രവാദസംഘടനകള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്കുവരെ പണമെത്തിക്കുന്നത് ഇന്ന് കുഴല്‍വഴിയാണ്. ചെറിയ തുകയുടെ ഇടപാടില്‍നിന്ന് കോടികളിലേക്ക് മാറിയതോടെയാണ് ഒറ്റുകാരും കൊള്ളസംഘവും രംഗത്തിറങ്ങിയത്. ഇപ്പോള്‍ കൊള്ളയടിക്കാന്‍ ഏറ്റവും എളുപ്പം കുഴല്‍പണമാണെന്ന് കണ്ടാണ് ചില ഗൂഢസംഘം വാടകക്കൊലയാളികളെ രംഗത്തിറക്കിയത്. ഇവര്‍ക്ക് ഒറ്റുകാരായി മാറുന്നതും കുഴല്‍പണ ഏജന്റുമാര്‍തന്നെ.

കേരളത്തിലെ ഈ കുഴല്‍പണ- ഹവാല റാക്കറ്റിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നതിന് വിപുലമായ അധികാരമുള്ളതാണ് കേന്ദ്ര റവന്യൂ ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം കേരളത്തില്‍ പേരിനുമാത്രമാണ്. വല്ലപ്പോഴും ഇവര്‍ പിടിക്കുന്ന കേസുകളാകട്ടെ ആരെങ്കിലും ഒറ്റുകൊടുക്കുന്നതായിരിക്കും. സിബിഐ, റോ തുടങ്ങിയ ഏജന്‍സികളും റിസര്‍വ് ബാങ്കിന്റെ വിജിലന്‍സ്, രഹസ്യാന്വേഷണ വിഭാഗവും രാജ്യത്തുണ്ടെങ്കിലും ഈ മേഖലയിലേക്ക് ശ്രദ്ധ വേണ്ടത്ര പതിയുന്നില്ല. നമ്മുടെ കേരളാ പൊലീസിനുമുണ്ട് വിപുലമായ സംവിധാനം. എന്നാല്‍ ഹവാല റാക്കറ്റുമായുള്ള ഉന്നത ഉദ്യോഗസ്ഥ ബന്ധംമൂലം ഇവ ചലിക്കുന്നില്ല. വാറണ്ടുള്ള കോഫെപോസ പ്രതിയുടെ മകളുടെ വിവാഹം നിറഞ്ഞ സാന്നിധ്യംകൊണ്ട് കെങ്കേമമാക്കിയ പൊലീസ് ഉദ്യോഗസ്ഥന്മാര്‍വരെ ഇവിടെയുണ്ട്.

ഹവാല റാക്കറ്റിനെയും അവരുടെ കൊള്ളയും കുടിപ്പക തീര്‍ക്കലും ഒതുക്കണമെങ്കില്‍ ആദ്യം സാമ്പത്തികകുറ്റ പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനരീതി മാറണം. ഒപ്പം സംസ്ഥാന പൊലീസും ഈ രംഗത്ത് പ്രത്യേക ശ്രദ്ധയൂന്നണം. ഇപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഹവാല റാക്കറ്റിന്റെ കുപ്രസിദ്ധ ഇടനിലക്കാരനും വാടകക്കൊലയാളിയുമായ കോടാലി ശ്രീധരനെ പിടികൂടാനായതും നല്ല തുടക്കമാണ്.

 കടപ്പാട്‌: ദേശാഭിമാനി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, എന്‍.ആര്‍.ഐ, കേരളം, ഭവനനിര്‍മാണം, മാധ്യമം, രോഗങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w