26-7-07 ലെ വാര്‍ത്തകള്‍

ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹത ദുര്‍ബല വിഭാഗങ്ങള്‍ക്ക്


കൊച്ചി: സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടുന്നതിനു ഭൂരഹിതരായ ദുര്‍ബല വിഭാഗങ്ങള്‍ക്കു മാത്രമാണ് അര്‍ഹതയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി പതിച്ചുനല്‍കാനുള്ള സര്‍ക്കാരിന്റെ അധികാരം വളരെ പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് കെ.ടി. ശങ്കരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ഈ വ്യവസ്ഥപ്രകാരം പൊതുജനങ്ങളുടെ കൂട്ടായ ആവശ്യത്തിനു മാത്രമാണു ഭൂമി പതിച്ചുനല്‍കാവുന്നതെന്നു ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഭൂപ്രഭുക്കള്‍ക്ക് വീണ്ടും ഭൂമി നല്‍കുകയല്ല ഭൂമി പതിച്ചുനല്‍കല്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലക്ഷ്യം. കൈയേറ്റക്കാര്‍ക്കും ഭൂമി പതിച്ചുകിട്ടണമെന്നാവശ്യപ്പെടാന്‍ നിയമപരമായ അവകാശമില്ല.

തന്റെ വസ്തുവിനോടു ചേര്‍ന്നു കിടക്കുന്ന 3.20 ഏക്കര്‍ ഭൂമി പതിച്ചുകിട്ടണമെന്ന ആവശ്യമുന്നയിച്ച് കോട്ടയം ഭരണങ്ങാനം അമ്പാറനിരപ്പേല്‍ പൂവത്തിനാല്‍ വര്‍ക്കി ഏബ്രഹാം സമര്‍പ്പിച്ച അപ്പീല്‍ 2500 രൂപ കോടതി ചെലവ് സഹിതം നിരസിക്കവേയാണ് ഡിവിഷന്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രകൃതിക്ഷോഭം അയഡിന്‍ അഭാവ രോഗങ്ങളുണ്ടാക്കുമെന്നു റിപ്പോര്‍ട്ട്


മലപ്പുറം: അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനവും മണ്ണിലുണ്ടാക്കിയ അയഡിന്റെ അഭാവം ഗര്‍ഭിണികളിലും കുട്ടികളിലും രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നു റിപ്പോര്‍ട്ട്. പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിച്ചതോടെ കേരളത്തിലും അയഡിന്‍ അഭാവരോഗമുണ്ടാകാമെന്നു മുന്നറിയിപ്പുണ്ട്. ഇതിനെ തടയിടാനായി കൂടുതല്‍ ബോധവത്ക്കരണം നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രകൃതിക്ഷോഭം കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണു രോഗങ്ങള്‍ക്ക് ഏറെ സാധ്യത. രോഗത്തെ തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാനാനായി ആരോഗ്യമന്ത്രാലയം വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അയഡിന്‍ അഭാവം മൂലം കുട്ടികളില്‍ ബുന്ദിമാന്ദ്യം, ഓര്‍മക്കുറവ്, ഗോയിറ്റര്‍ എന്നീ രോഗങ്ങളാണു കൂടുതലുണ്ടാവുക. സ്ത്രീകളില്‍ ഗര്‍ഭമലസലിനും ഇതിടയാക്കും. അയഡിന്‍ അഭാവരോഗങ്ങളെക്കുറിച്ചു സംസ്ഥാനത്ത് ആറു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്ക്കരണം നടത്താന്‍ പദ്ധതിയുണ്ട്. ഓരോ ജില്ലയിലും 15 സ്ഥലത്തെങ്കിലും ബോധവത്ക്കരണം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കേന്ദ്രഫീല്‍ഡ് പബ്ളിസിറ്റി ഡയറക്ടറേറ്റാണു ബോധവത്ക്കരണ പരിപാടികള്‍ക്കായി മുന്നിട്ടിറങ്ങുന്നത്.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിലാണു ബോധവത്ക്കരണം. രാജ്യത്താകെ അയഡിന്‍ അഭാവ രോഗങ്ങളെക്കുറിച്ചു ബോധവത്ക്കരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സെമിനാര്‍, ചര്‍ച്ച, സിനിമാ പ്രദര്‍ശനം, മെഡിക്കല്‍ എക്സിബിഷന്‍, വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യക്വിസ് മത്സരം എന്നിവ നടത്തും.

കൂടുതല്‍ കടല്‍പ്രദേശമുള്ളതിനാല്‍ കേരളത്തില്‍ അയഡിന്‍ അഭാവരോഗങ്ങള്‍ക്കു സാധ്യത കുറവാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കടപ്പാട്‌: മംഗളം

******************************************************

ഇറക്കുമതി ചുങ്കം: കേന്ദ്ര തീരുമാനം കേരകര്‍ഷകര്‍ക്ക് തിരിച്ചടി

കൊച്ചി: ഓണക്കാലത്തിന് തൊട്ടുമുമ്പ് പാമോയിലിനും സൂര്യകാന്തി എണ്ണക്കും ഇറക്കുമതി ചുങ്കം കുറക്കാനുള്ള കേന്ദ്ര തീരുമാനം കേര കര്‍ഷകര്‍ക്ക് കടുത്ത തിരിച്ചടിയാകും. സംസ്ഥാനത്ത് വെളിച്ചെണ്ണ ഉപഭോഗം ഏറ്റവും കൂടുതലാവുന്ന സമയമാണ് ഓണക്കാലം. ചുങ്കം കുറക്കുന്നതിലൂടെ പാമോയിലിനും സൂര്യകാന്തി എണ്ണക്കും വിലയില്‍ സാരമായ കുറവുണ്ടാകുന്നത് വെളിച്ചെണ്ണയെ പ്രതികൂലമായി ബാധിക്കും.

പാമോയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും ഇറക്കുമതി ചുങ്കം അഞ്ച്മുതല്‍ 10 ശതമാനം വരെ കുറക്കാനാണ് തീരുമാനം. ഇതുവഴി ചില്ലറ വില്‍പന വിലയില്‍ കിലോഗ്രാമിന് നാലുരൂപവരെ കുറയും. നിലവില്‍ പാമോയിലും വെളിച്ചെണ്ണയും തമ്മില്‍ ചില്ലറ വില്‍പന വിലയിലെ വ്യത്യാസം മൂന്നുരൂപ മുതല്‍ ആറുരൂപവരെയാണ്. ചുങ്കം വീണ്ടും കുറയുന്നതോടെ പാമോയില്‍ കൂടുതല്‍ ആകര്‍ഷകമാകും.

നിലവില്‍ സംസ്ഥാനത്ത് പാമോയില്‍ ഉപഭോഗമാണ് കൂടുതല്‍. കാര്യമായ രുചിവ്യത്യാസമില്ലാത്ത പാമോയില്‍ വെളിച്ചെണ്ണയേക്കാള്‍ ഇരട്ടിയോളം ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കുറഞ്ഞ നിരക്കില്‍ തമിഴ്നാട്ടില്‍ നിന്നും വെളിച്ചെണ്ണയെത്തുന്നത് സംസ്ഥാനത്തെ കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സമയത്താണ് ഇറക്കുമതി ചുങ്കത്തില്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള കുറവ്.

വ്യാപകമായി മായം ചേര്‍ക്കുന്നതും ജനങ്ങളെ വെളിച്ചെണ്ണ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്.

സര്‍വേ അട്ടിമറിക്കാന്‍ ടാറ്റാ ഭൂമി വനംവകുപ്പിന്റെ കണക്കിലാക്കിയെന്ന് സംശയം

തൊടുപുഴ: ഹൈദരാബാദിലെ നാഷനല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സി ടാറ്റയുടെ കൈയേറ്റം കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ ടാറ്റയുടെ കൈവശമുള്ള പല പ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടില്ലെന്ന് സൂചന.

ടാറ്റക്ക് കൈയേറ്റമില്ലെന്ന് കാണിക്കാന്‍ നടന്ന ഒത്തുകളിയാണ് ഇതിന് പിന്നില്‍. ടാറ്റയുടെ പാട്ട ഭൂമിയില്‍ 3,500 ഏക്കറോളം കുറവുണ്ടെന്ന തരത്തില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് വരാന്‍ കാരണമായത് ഇക്കാരണത്താലാണെന്നാണ് നിഗമനം.

നിലവില്‍ ടാറ്റ കൈവശം വെച്ചിട്ടുള്ളതും ഇന്ധന ആവശ്യങ്ങള്‍ക്ക് മരം വെട്ടിയെടുക്കുന്നതുമായ നൂറുകണക്കിനേക്കര്‍ ഭൂമി വനമായി കണക്കാക്കി തള്ളിയാണ് സര്‍വേ പൂര്‍ത്തിയാക്കിയതെന്നാണ് സംശയം. ഈ പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ച നിലയില്‍ പോലും കാണാനുണ്ട്. കുട്ടിയാര്‍വാലി, ചൊക്കനാട്, പാര്‍വതിമെട്ട് മേഖലയില്‍ ഇത്തരത്തില്‍ ഭൂമിയുണ്ട്. 22,253.37 ഏക്കറാണ് വനംവകുപ്പിന് കൈമാറിയ ഭൂമി. ഇതാകട്ടെ സര്‍വേ നമ്പര്‍ 75, 77 എന്നിവയുടെ ഭാഗങ്ങളില്‍പെടുന്നവയാണ്. ഇതില്‍പെടാത്ത ഭൂമി വനംവകുപ്പിന്റേതായി ഉപഗ്രഹ സര്‍വേക്കാര്‍ കണക്കാക്കിയെന്നാണ് കരുതുന്നത്.

രണ്ട് സര്‍വേ നമ്പറുകളില്‍ വരുന്ന പ്രദേശം കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാതെയാണ് റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് സര്‍വേക്ക് മുന്നോടിയായി നല്‍കിയ മാപ്പില്‍ രേഖപ്പെടുത്തിയത്.
ലിത്തോ മാപ്പിലെ സര്‍വേ നമ്പര്‍ 80, ടാക്സ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഭൂവിസ്തൃതി നിര്‍ണയത്തില്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിക്ക് അപാകത സംഭവിച്ചതായി കരുതുന്നു.

ഉപഗ്രഹ സര്‍വേയില്‍ പതിവുള്ള അഞ്ച് ശതമാനം വരെ വ്യതിയാനം ടാറ്റക്ക് അനുകൂലമോ പ്രതികൂലമോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ഭൂവിനിയോഗ നിബന്ധനകള്‍ ലംഘിച്ചെന്ന കണ്ടെത്തല്‍ മാത്രമാണ് സര്‍വേയിലുള്ളതെന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പുറത്തുവരാത്ത സര്‍വേ റിപ്പോര്‍ട്ടിലെന്നാണ് സൂചന.

ടാറ്റക്ക് തന്നെ ഇന്ധന ആവശ്യത്തിന് നല്‍കിയ ഭാഗം കൂടി കൈയേറി തേയില കൃഷി ചെയ്തെന്നതടക്കം ലാന്റ് ബോര്‍ഡ് തീരുമാനപ്രകാരം ’71 ^ല്‍ കൈമാറിയ 57,192 ഏക്കറിലെ ക്രയവിക്രയം മാത്രമാണ് റിപ്പോര്‍ട്ടില്‍ ടാറ്റയുടേതായുള്ളൂ. 50,000 ഏക്കര്‍ കൈയേറിയെന്നാണ് നിയമസഭാ സമിതികളുടേതടക്കമുള്ള കണ്ടെത്തല്‍.

മന്ത്രിസഭ മുമ്പാകെ ഇന്ന് വന്നേക്കുമെന്ന് കരുതുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍വേയില്‍ ടാറ്റയുടെ കൈവശമല്ലെന്ന് കണ്ടെത്തിയ ഭൂമി വീണ്ടെടുക്കാനാവും തീരുമാനമുണ്ടാകുക. വനംവകുപ്പിന്റേതല്ലാത്ത ഈ ഭൂമി ഇതുവരെ ടാറ്റയുടെ കൈവശത്തിലാണ് ഗണിക്കപ്പെട്ടിട്ടുള്ളത്.

അഷ്റഫ് വട്ടപ്പാറ

കടപ്പാട്‌: മാധ്യമം

******************************************************

ചെറുകിട വ്യാപാരമേഖലയിലെ കുത്തകകള്‍ക്ക്
വിറ്റുവരവ് നികുതി ഏര്‍പ്പെടുത്തും


തിരു: ചില്ലറവ്യാപാരമേഖലയിലേക്കു കടന്നുവരുന്ന കുത്തകസ്ഥാപനങ്ങള്‍ക്ക് വിറ്റുവരവ് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. നികുതി എത്ര ശതമാനമാണെന്ന് പിന്നീട് നിശ്ചയിക്കുമെന്നും ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവെ അദ്ദേഹം വ്യക്തമാക്കി.

വിദേശകുത്തകകള്‍ ചില്ലറവ്യാപാരമേഖലയിലേക്ക് കടന്നുവരുന്നതിനെ നിയമംമൂലം നിരോധിക്കാനാവും. എന്നാല്‍ ഇന്ത്യന്‍കുത്തകകളെ തടയാനാവില്ല. ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍വഴി വ്യക്തമായ മാനദണ്ഡങ്ങള്‍ക്ക് രൂപംനല്‍കും. എല്ലാവര്‍ക്കും ബാധകമാകുംവിധം വിറ്റുവരവു നികുതിയും ചുമത്തുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ വില്‍ക്കുന്ന മരുന്നുകള്‍ക്ക് ‘കേരള എംആര്‍പി’ എന്നു രേഖപ്പെടുത്തിയാല്‍ നികതി ഒഴിവാക്കും. എംആര്‍പി എന്നു മാത്രം രേഖപ്പെടുത്തുന്നവര്‍ക്ക് നാലു ശതമാനം നികുതിചുമത്തും. കഴിഞ്ഞ ഒക്ടോബര്‍വരെ മരുന്നുകളുടെ ലേബലില്‍ കമ്പനിക്കാര്‍ എംആര്‍പി+ലോക്കല്‍ ടാക്സസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്ടോബറിനുശേഷം എംആര്‍പി എന്നു മാത്രമാക്കി. ഇപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഒരേ വിലയാണ്. നികുതിയിനത്തിലെ ലാഭം ഉപഭോക്താക്കള്‍ക്ക് കുറച്ചുനല്‍കുന്നുമില്ല. ഈ സാഹചര്യത്തിലാണ് കേരള റീട്ടെയില്‍വില രേഖപ്പെടുത്താത്ത മരുന്നുകള്‍ക്ക് നികുതിചുമത്തുന്നത്. കശുവണ്ടിയുടെ വില്‍പ്പനനികുതി 12.5 ശതമാനത്തില്‍നിന്ന് നാലായി കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ നികുതിവരുമാനം ഈ വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്തും. നികുതിപിരിവ് എല്ലാ മേഖലയിലും ഊര്‍ജിതമാക്കും. എക്സൈസ് നികുതിയിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വന്‍ വര്‍ധന പ്രതീക്ഷിക്കുന്നു. വാറ്റിലും വര്‍ധനയുണ്ടാകും. നികുതിവെട്ടിപ്പ് കര്‍ശനമായി തടയും. വാളയാര്‍ ചെക്പോസ്റ്റിലടക്കം ആഗസ്റ്റ് 15നുശേഷം അഴിമതിയുടെ എല്ലാ പഴുതുകളും അടച്ചുള്ള സംവിധാനമാണ് ആസൂത്രണംചെയ്തിരിക്കുന്നത്. ചെക്പോസ്റ്റില്‍ എത്തുന്ന സാധനങ്ങളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തി ജില്ലാകേന്ദ്രങ്ങളിലേക്കു നല്‍കണം. അവിടെ ഒത്തുനോക്കും. എല്ലാ മാസവും സംസ്ഥാനതല ഓഡിറ്റും ഉണ്ടാകും.

ധനവിനിയോഗത്തില്‍ കൃത്യമായ അച്ചടക്കവും നടപടിക്രമവും നിര്‍ബന്ധമാക്കും. ആര്‍ക്കും കൈയിട്ടുവാരാവുന്ന മുന്‍ഭരണത്തിലെ സ്ഥിതി അനുവദിക്കില്ല. ടെന്‍ഡര്‍ ക്ഷണിക്കാതെയും വഴിവിട്ടും കരാറുകളൊന്നും നല്‍കില്ല. ഉദ്യോഗസ്ഥര്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കും. ഈ രംഗത്തെല്ലാം ഞെട്ടിക്കുന്ന അഴിമതിയും വഴിവിട്ട പ്രവര്‍ത്തനങ്ങളുമാണ് മുന്‍ഭരണത്തില്‍ നടന്നത്.

പദ്ധതികളുടെ കാലാവധി തീര്‍ന്നതിന്റെ പേരില്‍ പണം ചെലവഴിക്കാനാവാത്ത സ്ഥിതി ഇനി ഉണ്ടാകരുത്. മുന്‍കാലത്ത് 5000 കോടി രൂപയെങ്കിലും ചെലവഴിക്കാനാവാതെവന്നിട്ടുണ്ട്. പദ്ധതികള്‍ വരാത്തതുമൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടം ഭീമമാണ്. ധനവിനിയോഗത്തിനുള്ള നടപടിക്രമം ലഘൂകരിക്കുകയാണ് ഇതിനുള്ള പരിഹാരം. ഇതിനായി ഭരണപരിഷ്കാര കമീഷന്റെ ശുപാര്‍ശകള്‍ വിശദമായി പരിശോധിച്ച് നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

എല്‍എസി പട്ടയങ്ങള്‍ അംഗീകരിക്കണം എല്‍ഡിഎഫ്


തിരു: ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി (എല്‍എസി) പാസ്സാക്കിയ പട്ടയങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണെന്നും അത് അംഗീകരിക്കണമെന്നുമാണ് എല്‍ഡിഎഫ് നിലപാടെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മോശമായ കാലാവസ്ഥയും ദൌത്യസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടായ അസുഖമടക്കമുള്ള കാര്യങ്ങളാലും വേഗം കുറഞ്ഞുപോയ മൂന്നാറിലെ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ കാലാവസ്ഥ മാറിയശേഷം ശക്തമായി തുടരുമെന്ന് എല്‍ഡിഎഫ് യോഗത്തിനുശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫ് നല്‍കിയ നിര്‍ദേശം. വര്‍ഷങ്ങളായി വീടുവയ്ക്കാനും മറ്റുമായി രണ്ടും നാലും എട്ടും പത്തും സെന്റ് ഭൂമി കൈവശംവച്ച ചെറുകിട ഭൂവുടമകളുടെ നിരന്തര ആവശ്യങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് പട്ടയം നല്‍കാന്‍ മുന്‍കാല സര്‍ക്കാരുകള്‍ തീരുമാനിച്ചത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ടി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങിയ 21 അംഗ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി വിശദമായി പരിശോധിച്ചശേഷം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പട്ടയം അനുവദിച്ചത്. ഇത് നിയമപ്രകാരം നിലനില്‍ക്കുന്നതാണ്്. ഇതല്ലാതെ കൃത്രിമ മാര്‍ഗങ്ങളിലൂടെ നേടിയവ അംഗീകരിക്കില്ല. രവീന്ദ്രന്‍പട്ടയം എന്നെല്ലാം പറഞ്ഞുണ്ടാക്കിയ പേരാണ്. പട്ടയം പട്ടയംതന്നെയാണ്. ദേവികുളം താലൂക്കില്‍ ഇത്തരം എത്ര പട്ടയങ്ങളുണ്ടെന്ന് നോക്കിയിട്ടില്ല. രവീന്ദ്രന്‍പട്ടയങ്ങളില്‍ ചിലത് വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് താന്‍ കൊടുത്തതെന്ന നിലയില്‍ വ്യാജപട്ടയങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെന്ന് രവീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ടെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

പട്ടയവ്യവസ്ഥ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് വീടുവച്ച് താമസിക്കുന്ന പാവപ്പെട്ടവരെ ഇറക്കിവിടാനാവില്ലെന്നും റിസോര്‍ട്ടുകളുടെ കാര്യം പരിശോധിച്ചശേഷം പിന്നീട് തീരുമാനമെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. സിപിഐയുടെ പരാതി പരിശോധിച്ച എല്‍ഡിഎഫ് സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

മനോരമയുടെ ഭൂമി പരിശോധിക്കാന്‍ സംഘം
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മനോരമയുടെ ഭൂമി പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി ഭീഷണി പുറപ്പെടുവിച്ചതിന്റെ പതിനേഴാം നാള്‍ റവന്യു അധികൃതര്‍ തിരുവനന്തപുരത്ത് മനോരമയുടെ ഭൂമി പരിശോധിക്കാന്‍ എത്തി. സംഘം പരിശോധനയ്ക്ക് എത്തും മുമ്പേ ദേശാഭിമാനി, കൈരളി റിപ്പോര്‍ട്ടര്‍മാരും ഫൊട്ടോഗ്രഫര്‍മാരും മനോരമ പരിസരത്ത് എത്തി കാത്തിരുന്നു.

മനോരമ യൂണിറ്റിനെതിരെ ദേശാഭിമാനി പത്രത്തില്‍ രണ്ടുദിവസമായി വാര്‍ത്തകള്‍ വരുന്നതിന്റെ തുടര്‍ച്ചയായാണ് തഹസില്‍ദാരും സംഘവും പരിശോധനയ്ക്ക് എത്തിയത്. അന്‍പതു വര്‍ഷം മുന്‍പുള്ള സര്‍വേ മാപ്പില്‍ പറയുന്ന ഒാട പുറമ്പോക്ക് എവിടെയെന്നു കണ്ടെത്താനായിരുന്നു പരിശോധന. ഇടുക്കി കലക്ടര്‍ രാജു നാരായണസ്വാമിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന മനോരമ റിപ്പോര്‍ട്ടിനെപ്പറ്റി പത്രലേഖകര്‍ ആരാഞ്ഞപ്പോഴാണ് നേരത്തെ പാലക്കാട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പരോക്ഷമായി മനോരമയ്ക്കെതിരെ ഭീഷണി ഉയര്‍ത്തിയത്. അന്ന് മുഖ്യമന്ത്രി പറഞ്ഞത്: ”കാര്യം എന്താണെന്നു വച്ചാല്‍ ഒരു പത്രം, അവര്‍ക്ക്, ഇതു കഴിഞ്ഞാല്‍ പിന്നെ അവരുടെ കൂടെ ഭൂമിയില്‍ ഒരു പരിശോധന വേണ്ടിവരും. …………… അടുത്തു തന്നെ അതു പിടികൂടുമ്പോള്‍ നിങ്ങള്‍ക്ക് അതു മനസ്സിലാകും.

എകെജി സെന്റര്‍ ഭൂമി അളക്കണം:സഭ പ്രക്ഷുബ്ധം

തിരുവനന്തപുരം: എകെജി സെന്ററിനു വേണ്ടി കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയത് അളന്നു തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ ബഹളംവച്ചപ്പോള്‍ എതിര്‍ശബ്ദവുമായി ഭരണപക്ഷവും വന്നതോടെനിയമസഭ പ്രക്ഷുബ്ധമായി.
എകെജി സെന്ററിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുമോ എന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പല തവണ ചോദിച്ചെങ്കിലും മറുപടി പറഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി.രാജേന്ദ്രന്‍, എം.വിജയകുമാര്‍, എസ്.ശര്‍മ എന്നിവരും ആ വെല്ലുവിളി ഏറ്റെടുത്തില്ല. കയ്യേറ്റം ഉണ്ടെങ്കില്‍ , യുഡിഎഫ് സര്‍ക്കാരുകള്‍ പലതവണ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഒഴിപ്പിക്കാതിരുന്നതെന്ത് എന്ന മറുചോദ്യമാണ് ഇവര്‍ ഉന്നയിച്ചത്. വ്യവസ്ഥകള്‍ ലംഘിച്ച് എകെജി സെന്ററില്‍ സിപിഎം സംസ്ഥന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നു, സര്‍വകലാശാലയുടെ ഭൂമി കയ്യേറിയതു സംബന്ധിച്ച ഫയല്‍ പൂഴ്ത്തി എന്നീ ആക്ഷേപങ്ങളാണ് ജോസഫ് എം.പുതുശേരി ഉപക്ഷേപമായി ഉന്നയിച്ചത്. അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഭരണപക്ഷം എതിര്‍പ്പുമായി എഴുന്നേറ്റു. ഇതോടെ ബഹളമായി. ഏറെനേരത്തെ വാക്കേറ്റത്തിനാണു സഭ സാക്ഷ്യംവഹിച്ചത്.

ആദ്യം മറുപടി പറഞ്ഞ മന്ത്രി കെ.പി.രാജേന്ദ്രന്‍ , എകെജി സെന്റര്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നത് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണെന്നും വ്യക്തമാക്കി. 1977 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് എകെജി സ്മാരകത്തിനായി 34.408 സെന്റ് സ്ഥലം പതിച്ചു നല്‍കിയത്. പിന്നീടു സര്‍വകലാശാല 15 സെന്റ് നിയമാനുസൃതം നല്‍കി. ഈ സ്ഥലത്താണു സ്മാരകം നിര്‍മ്മിച്ചത്. പരസ്യമായി ജനങ്ങളോടു പറഞ്ഞുകൊണ്ടാണ് ഇതില്‍ ഗവേഷണ കേന്ദ്രം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ , പാര്‍ട്ടി ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ നല്‍കിയ പണംകൊണ്ടാണ് സ്മാരകം നിര്‍മ്മിച്ചത്. സ്മാരക ട്രസ്റ്റ് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ സ്ഥലം കയ്യേറിയിട്ടില്ല. രണ്ടു വശത്തും മതില്‍ കെട്ടിയത് സര്‍വകലാശാലയാണ്. ഇതിന്റെയെല്ലാം രേഖകള്‍ ട്രസ്റ്റിന്റെ കൈവശമുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന തരംതാണ പ്രചാരണമാണ് ഇപ്പോള്‍. മൂന്നു പതിറ്റാണ്ടു പിന്നിട്ടു. ഇതിനിടെ യുഡിഎഫ് പലതവണ അധികാരത്തില്‍ വന്നു. പുതുശേരിയുടെ നേതാവ് റവന്യൂ വകുപ്പു കൈകൈര്യം ചെയ്തു. കയ്യേറ്റമുണ്ടെങ്കില്‍ എന്തുകൊണ്ട് അന്നൊന്നും നടപടിയെടുത്തില്ല? സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കടന്നാക്രമിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
മന്ത്രി വസ്തുതകള്‍ മറച്ചുവച്ചുവെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഭൂമി അനുവദിച്ച 1977 ലെ മന്ത്രിസഭയില്‍ താനും അംഗമായിരുന്നു. എകെജി സ്മാരക ട്രസ്റ്റിന്റെ അപേക്ഷ അജന്‍ഡക്കു പുറത്തുള്ള ഇനമായി പരിഗണിച്ച് ഒരു നിമിഷം പോലും ആലോചിക്കാതെ സ്ഥലം അനുവദിച്ചു. പിന്നീടു സര്‍വകലാശാലയുടെ വക സ്ഥലം വിട്ടുകൊടുക്കണമെന്ന പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചത് കെ.സി.ജോസഫാണ്. ഒരു വിവാദവും ഉണ്ടാക്കിയില്ല. പക്ഷേ, തങ്ങള്‍ എകെജിയോടു കാണിച്ച ആദരവ് സിപിഎം കാണിച്ചില്ല. ഇ.ടി.മുഹമ്മദ് ബഷീര്‍ മന്ത്രിയായിരിക്കുമ്പോള്‍ സര്‍വകലാശാലയുടെ സ്ഥലം അളന്നു കുറവുണ്ടെന്നു ബോധ്യപ്പെട്ടതാണ്. അത് ഈ സര്‍ക്കാരിനും അറിയാം. സര്‍ക്കാര്‍ നല്‍കിയ 34.048 സെന്റും സര്‍വകലാശാല നല്‍കിയ 15 സെന്റും അല്ലാതെ കൂടുതല്‍ സ്ഥലം എകെജി സെന്ററിന്റെ പക്കലുണ്ടോ എന്ന് അളന്നു തിട്ടപ്പെടുത്തണം. കൂടുതലുള്ള സ്ഥലം എകെജി സെന്ററിനു തന്നെ നല്‍കുന്നതില്‍ വിരോധമില്ല. സര്‍വകലാശാലയുടെ സ്ഥലം നഷ്ടപ്പെട്ടു എന്നു വ്യക്തമാക്കുന്ന ഫയല്‍ കാണാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതുപോലെ അധ:പതിച്ച പ്രശ്നം പ്രതിപക്ഷം ഏറ്റൈടുത്തതു കഷ്ടമായിപ്പോയെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എന്താണ് ഈ വെളിപാടിന്റെ അര്‍ഥമെന്നറിയില്ല. യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴൊന്നും ഈ വാദം എന്തുകൊണ്ട് തോന്നിയില്ലെന്നും അദ്ദേഹം ചോദിച്ചു. എകെജി സെന്ററില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് അന്നു റജിസ്റ്റര്‍ ചെയ്ത പ്രമാണത്തില്‍ വ്യക്തമാക്കിയിരുന്നു എന്ന് മന്ത്രി കോടിയേരി പറഞ്ഞു. ഇതു പരിശോധിച്ചാണ് ആന്റണി മന്ത്രിസഭ സ്ഥലമനുവദിച്ചത്. എകെജി സെന്ററില്‍ 1980 ല്‍ നിരവധി എല്‍ഡിഎഫ് യോഗങ്ങളില്‍ ആന്റണിയും കെ.എം.മാണിയും പങ്കെടുത്തിട്ടുണ്ട്. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ എന്തുകൊണ്ട് ് ഒരു നോട്ടീസ് പോലും അയച്ചില്ല? ഈ വിഷയം 1988 ല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ , കയ്യേറ്റം നടന്നിട്ടില്ലെന്നു സ്പീക്കറുടെ റൂളിങ് ഉണ്ടായിട്ടുണ്ടെന്നു മന്ത്രി എസ്.ശര്‍മ പറഞ്ഞു.

കടപ്പട്‌: മനോരമ

******************************************************

രാജ്യത്ത് അധ്യാപകനില്ലാത്ത ഗ്രാമീണ സ്കൂളുകള്‍ 13,628

ന്യൂഡല്‍ഹി: രാജ്യത്ത് അധ്യാപകനില്ലാത്ത ഗ്രാമീണ സ്കൂളുകളുടെ എണ്ണം 13,628. ഒരധ്യാപകന്‍ മാത്രമുള്ളവയാകട്ടെ 1,30,895ഉം. രാജ്യവ്യാപകമായി 11,24,033 ഗ്രാമീണ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ളാനിംഗ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ തയ്യാറാക്കിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

പടിയിറങ്ങിയത് റബര്‍ കര്‍ഷകര്‍ക്കു പ്രത്യാശ നല്കിയ രാഷ്ട്രപതി

കോട്ടയം: ഡോ.എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രപതി പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് അദ്ദേഹത്തോടുള്ള കടപ്പാട് ഏറെയാണ്. കേരളത്തിന്റെ കാര്‍ഷിക വികസനത്തിന് നിരവധിയായ പദ്ധതികള്‍ ആവിഷ്കരിക്കുകയും സ്വയംപര്യാപ്ത കേരളത്തേക്കുറിച്ച് എക്കാലവും തന്റെ കാഴ്ചപ്പാടുകള്‍ അറിയിക്കുകയും ചെയ്ത പ്രസിഡന്റാണ് ഡോ.കലാം.

റബര്‍ ബോര്‍ഡിന്റെ സുവര്‍ണ ജൂബിലി ആഘോഷം പുതുപ്പള്ളി ഗവേഷണ കേന്ദ്രത്തില്‍ 2005 ജൂണ്‍ 25ന് നടന്നപ്പോള്‍ ഡോ.കലാമായിരുന്നു വിശിഷ്ടാതിഥി.

ആര്‍.ആര്‍.ഐ.ഐ 414, 430 സീരീസ് റബര്‍ തൈകള്‍ ഈ ചടങ്ങിലാണ് ഡോ. കലാം പുറത്തിറക്കിയത്. കേരളത്തിലെ റബര്‍ ഉല്‍പാദന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ തൈകള്‍ക്ക് റിക്കാര്‍ഡ് വില്‍പനയാണ് ഇപ്പോഴുമുള്ളത്. ചടങ്ങിന്റെ രണ്ടാം വാര്‍ഷികദിനമായിരുന്ന ഇന്നലെ ഡോ.കലാം വിരമിക്കുകയും ചെയ്തു.

കാലങ്ങളോളം റബര്‍ കര്‍ഷകരുടെ ആവേശമായിരുന്ന ആര്‍.ആര്‍.ഐ.ഐ 105 ഇനത്തേക്കാള്‍ ഡിമാന്‍ഡ് ഇപ്പോള്‍ പുതിയ ഇനങ്ങള്‍ക്കുണ്ട്. 414, 414 തൈകള്‍ സമ്മേളന വേദിയില്‍ ഉയര്‍ത്തിപ്പിടിച്ച ഡോ. അബ്ദുള്‍ കലാം ഈ ഇനത്തിന്റെ ഭാവി സാധ്യതകള്‍ ഗവേഷണ വിഭാഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്താണ് മടങ്ങിയത്.

ഡിമാന്‍ഡനുസരിച്ച് 414, 430 സീരീസ് തൈകള്‍ കര്‍ഷകര്‍ക്കു നല്‍കാന്‍ റബര്‍ ബോര്‍ഡിന് തികയുന്നില്ല.

ബോര്‍ഡിന്റെ കേരളത്തിലെ ആറു നഴ്സറികളില്‍ ഉല്പാദിപ്പിച്ച് നൂറില്‍ താഴെ തൈകള്‍ മാത്രമാണ് ഓരോ അപേക്ഷകനും ഇപ്പോഴും വിതരണം ചെയ്തുവരുന്നത്. കേരളത്തില്‍ മാത്രം 2005-ല്‍ 47291 തൈകളും 2006- ല്‍ 2.23 ലക്ഷം തൈകളും റബര്‍ ബോര്‍ഡ് നഴ്സറികളില്‍ മാത്രം വിതരണം ചെയ്തു.

ഉദ്പാദനശേഷി, പ്രതിരോധം എന്നിവിയിലെല്ലാം മറ്റ് ക്ളോണുകളെക്കാള്‍ 400 സീരീസ് മികച്ചവയാണെന്ന് 12 വര്‍ഷത്തെ ഗവേഷണത്തില്‍ റബര്‍ ബോര്‍ഡ് കണ്െടത്തിയിട്ടുണ്ട്.

കേരളത്തിലെ 10 ലക്ഷം ചെറുകിട റബര്‍ കര്‍ഷകരുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് 400 സീരീസ് ക്ളോണുകള്‍ പ്രയോജനപ്പെടട്ടെ എന്ന് ഡോ. കലാം ആശംസിച്ചിരുന്നു.

കേരളത്തിന്റെ റബര്‍ വ്യവസായം, കൃഷി, ഇടവിള കൃഷി എന്നിവയെപ്പറ്റി ഒരു മണിക്കൂറിലേറെ ഗവേഷകരുമായി ചര്‍ച്ച നടത്തി തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചശേഷമാണ് ഡോ. കലാം 2005ല്‍ പുതുപ്പള്ളിയില്‍നിന്ന് മടങ്ങിയത്.

കേരളത്തിന്റെ താപനില നിയന്ത്രിക്കുന്നതില്‍ റബര്‍ തോട്ടങ്ങള്‍ വഹിക്കുന്ന വലിയ പങ്കുവരെ കലാം അന്ന് പരാമര്‍ശിച്ചു.

കടപ്പാട്‌: ദീപിക

******************************************************

ഭരണം കാര്യക്ഷമമല്ല; 5000 കോടിയുടെ വികസന പദ്ധതി പാതിവഴിയില്‍


തിരു : കാലാവധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാത്ത 5000കോടിരൂപയുടെ വികസന പദ്ധതികളുണ്ടെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു.
ഇത്രയും പദ്ധതികള്‍ സമയത്തിന് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അതിന്റെ 10 ശതമാനം റിട്ടേണ്‍ കിട്ടുമായിരുന്നു. എങ്കില്‍തന്നെ 500 കോടി രൂപ ഒരുവര്‍ഷം സര്‍ക്കാരിന് വരുമാനം ലഭിക്കും.
ഭരണയന്ത്രം കാര്യക്ഷമമല്ലാതാവുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളും മറ്റു ബാഹ്യ ഏജന്‍സികളുടെ സഹായത്തോടെയുള്ള പദ്ധതികളും സമയത്തിന് പൂര്‍ത്തിയാക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ അനുവദിച്ച പണം പോലും ചെലവാക്കാന്‍ കഴിയുന്നില്ല. ഇതിന് മാറ്റംവരണമെങ്കില്‍ മൊത്തം സംവിധാനത്തില്‍ അഴിച്ചുപണി വേണം. അതിന് വേണ്ട ചില പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

യു.ഡി. എഫ് ഭരണകാലത്ത് പൊതുമരാമത്തില്‍
കോടികളുടെ ക്രമക്കേട്


തിരുവനന്തപുരം : കഴിഞ്ഞ യു.ഡി. എഫ് ഗവണ്‍മെന്റിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചു.
2003 മുതല്‍ 2006 മേയ് വരെയുള്ള കാലയളവിലെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ധനകാര്യ വകുപ്പ് ഇന്‍സ്പെക്ഷന്‍ വിഭാഗവും സി. എ.ജിയും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ഈ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കും. 2005, 2006 മേയ്വരെയുള്ള കാലയളവില്‍ ആകെ 5025 കരാര്‍ ജോലികളാണ് ടെന്‍ഡര്‍ ക്ഷണിക്കാതെ നല്‍കിയത്. എറണാകുളം ജില്ലയില്‍ മാത്രം 743 വര്‍ക്കുകള്‍ അനുവദിച്ചിട്ടുണ്ട്. വി. ഐ.പി വിസിറ്റിംഗ് എമര്‍ജന്‍സി വര്‍ക്ക് എന്ന മറവിലാണ് ക്രമവിരുദ്ധമായി കരാറുകള്‍ നല്‍കിയിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ എറണാകുളം, ആലുവ ഡിവിഷനുകളില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കാതെ 25 കോടി രൂപയുടെ കരാറാണ് നല്‍കിയത്. ഈ കാലയളവില്‍ ആകെ രണ്ടു പ്രാവശ്യമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനമുണ്ടായത്. 2005, 2006 കാലയളവില്‍ 474 വര്‍ക്കുകള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ നിബന്ധനകളും പാലിച്ച് ചീഫ് എന്‍ജിനിയര്‍ നേരിട്ട് കരാര്‍ നല്‍കി. 3 ലക്ഷം രൂപവരെയുള്ള കരാര്‍ ജോലികള്‍ ചീഫ് എന്‍ജിനിയര്‍ക്ക് നേരിട്ട് നല്‍കാമെന്ന വ്യവസ്ഥ മുതലെടുത്താണ് ഇത്രയും കരാറുകള്‍ നല്‍കിയത്. എല്ലാ കരാറുകളും 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുള്ളതാണ്.
134 കോടി രൂപയുടെ എസ്റ്റിമേറ്റ് വരുന്ന കരാറുകള്‍ക്ക് 774 കോടി രൂപയുടെ എ. എസ് നല്‍കിയിട്ടുണ്ട്. നിയമമനുസരിച്ച് പരമാവധി 150 കോടിരൂപയുടെ എ. എസ് മാത്രമേ നല്‍കാനാവൂ. ബഡ്ജറ്റ് രേഖയില്‍ പോലുമില്ലാത്ത കരാര്‍ പണികള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്. 16 കരാര്‍ ജോലികള്‍ നിയമവിരുദ്ധമായി അനുവദിച്ചതാണെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തടസ്സവാദം ഉന്നയിച്ചപ്പോള്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇത് മറികടന്ന് കരാര്‍ നല്‍കാന്‍ ഉത്തരവിട്ടു. ടെന്‍ഡര്‍ വിളിക്കാത്ത ജോലികള്‍ക്ക് ടെന്‍ഡര്‍ എക്സസ് കൊടുത്തിട്ടുണ്ട്.
കരാര്‍ ഏറ്റെടുത്തിട്ട് പകുതിവഴിയില്‍ പണി ഉപേക്ഷിച്ചുപോയ ഒരു കരാറുകാരന് 50 ശതമാനം പണി പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞ് 41 ലക്ഷം രരപ അനുവദിച്ചു.
ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണമാണ് കരാര്‍ ജോലികളുടെ പേരില്‍ പാഴാവുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 600 കോടി രൂപ അനുവദിച്ചിട്ടും റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. എല്ലാ വര്‍ഷവും ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 25 കോടിരൂപ വീതം നല്‍കുന്നു. ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 358 കോടി രൂപ കൊടുത്തു. എന്നിട്ട് ഒന്നിനും തികയുന്നില്ല. ഈ അരാജകത്വം അവസാനിപ്പിക്കണം. അതിന് നിലവിലുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണം. അത് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം – മന്ത്രി പറഞ്ഞു.
വാളയാര്‍ ചെക്ക്പോസ്റ്റ് അഴിമതി മുക്തമാക്കും
ആഗസ്റ്റ് 15 നുശേഷം വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഒരു അഴിമതി കേസ് പോലും ഉണ്ടാവാത്ത രീതിയില്‍ കുറ്റമറ്റ സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെക്ക് പോസ്റ്റിലെ മുഴുവന്‍ വിവരങ്ങളും കംപ്യൂട്ടറിലാക്കുന്നുണ്ട്. അതിനുശേഷം എന്തെങ്കിലും ക്രമക്കേടുണ്ടാവുമെങ്കില്‍ കണ്ടുപിടിക്കാന്‍ പത്രക്കാരെ വെല്ലുവിളിക്കുന്നതായി മന്ത്രി പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

1 അഭിപ്രായം

Filed under കൃഷി, കേരളം, ഭക്ഷണം, മാധ്യമം, രജിസ്ട്രേഷന്‍

One response to “26-7-07 ലെ വാര്‍ത്തകള്‍

  1. It will be good if you can link Articles through the Unicode conversion proxy. Otherwise this will be an escape point for Newspapers to get more traffic on non unicode websites. we only need to support unicode. Dont give them more visitors without implementing Unicode.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w