24-7-07 ലെ വാര്‍ത്തകള്‍

പള്ളിവാസല്‍ പദ്ധതിക്കെതിരെ ടാറ്റ; വൈദ്യുതി ബോര്‍ഡ് വെട്ടില്‍

തൊടുപുഴ: ടാറ്റയുടെ കൈവശ ഭൂമിയില്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച വൈദ്യുതി ബോര്‍ഡിനെതിരെ ടാറ്റ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് പദ്ധതിയുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കും മുമ്പ് ഉദ്ഘാടനം നടത്തി കരാര്‍ നല്‍കിയതാണ് പ്രശ്നമായത്.

ടാറ്റാ ടീയുടെ കൈവശമുള്ള 2.09 ഹെക്ടര്‍ ഭൂമി വില നല്‍കാതെ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തതായി പ്രഖ്യാപിച്ചതിനെതിരെയാണ് ഹരജി. ഭൂമി സംബന്ധിച്ച പ്രശ്നം പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ടാറ്റ അനുവദിക്കില്ലെന്നാണ് സൂചന. ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്.

ടാറ്റാ ടീയുടെ ബോര്‍ഡുണ്ടായിരുന്ന ഭൂമിയില്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ബോര്‍ഡ് സ്ഥാപിച്ചാണ് 2006 ഡിസംബര്‍ 24 ^ന് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രി എത്താതിരുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എ.കെ. ബാലനായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍, ഭൂമി ടാറ്റയില്‍ നിന്ന് വിട്ടുകിട്ടാതിരുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് ശേഷവും തുടങ്ങാനായില്ല. ഈ സാഹചര്യത്തില്‍ തേയില ചെടികളുടെ വില മാത്രം നല്‍കി ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഭൂമി വില നിഷേധിച്ചതിനെയും അതിലുണ്ടായിരുന്ന കെട്ടിടത്തിന് ഏകപക്ഷീയമായി വിലയിട്ടതിനെയും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. പുതിയ വൈദ്യുതി നിലയത്തിലേക്കുള്ള ടണല്‍ നിര്‍മാണം തുടങ്ങേണ്ട ഭൂമിയാണ് ടാറ്റയില്‍ നിന്ന് വിട്ടുകിട്ടേണ്ടത്. നാലുവര്‍ഷത്തിനകം കമീഷന്‍ ചെയ്യാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേട് മൂലം അവതാളത്തിലായത്. ഭൂമി ഏറ്റെടുക്കും മുമ്പ് ഉദ്ഘാടനം നടത്തിയത് അന്നേ വിവാദമായിരുന്നു.

268.01 കോടി ക്ക് പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് എസ്സാര്‍^ഡക്ക്^സി.പി.പി.എല്‍ കണ്‍സോര്‍ഷ്യമാണ്. ഇവര്‍ക്ക് കഴിഞ്ഞ ആറുമാസത്തിനിടെ എര്‍ത്ത് വര്‍ക്ക് തുടങ്ങിവെക്കാന്‍ മാത്രമാണ് സാധിച്ചത്. ഭൂമി ഏറ്റെടുത്ത് കിട്ടാന്‍ വൈകിയതും ടണല്‍ രൂപകല്‍പനയെച്ചൊല്ലി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ തര്‍ക്കമുണ്ടായതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് കാരണം. പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ 154 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. 60 മെഗാവാട്ട് സ്ഥാപിത ശേഷി ലക്ഷ്യമിടുന്ന പദ്ധതി നിലവിലെ പള്ളിവാസലിന്റെ ശേഷി 97.5 മെഗാവാട്ട് ആയി ഉയര്‍ത്തും. പ്രശ്നം പരിഹരിക്കാതിരിക്കുന്നതോടെ കേരളത്തിന്റെ വൈദ്യുതി പ്രതീക്ഷക്കാണ് ഇടിവ് സംഭവിക്കുക.

കടപ്പാട്‌: മാധ്യമം

*****************************************************

കരുത്തോടെ ജൈവവിപണി

എം.ഡി.വര്‍ഗീസ്

ജൈവകൃഷി വ്യാപകമാകുന്നതോടൊപ്പം ഉല്‍പന്നങ്ങളുടെ വിപണിയും കരുത്താര്‍ജിക്കുന്നു. കയറ്റുമതിക്കും ആഭ്യന്തര ഉപയോഗത്തിനും ഈ ഉല്‍പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ജൈവ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് 25% മുതല്‍ 100% വരെ വില കൂടുതലുണ്ടെങ്കിലും, കയറ്റുമതി രംഗത്ത് ഇതിന്റെ സാന്നിധ്യം സജീവമായി. സ്പൈസസ് ബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കനുസരിച്ച്, ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ കയറ്റുമതി ആവശ്യം വര്‍ധിച്ചു. കുരുമുളക്, വെള്ളമുളക്, ഗ്രീന്‍മുളക് എന്നിവയെല്ലാം കൂടി 2001-02 ല്‍ കയറ്റുമതി ചെയ്തതും 2.40 കോടി രൂപ വിലവരുന്ന 83.08 ടണ്ണാണ്. 2005-06 ല്‍ ഇത് 2405 ടണ്ണായി ഉയര്‍ന്നു. ഏലക്കായുടെ കയറ്റുമതി ആരംഭിച്ചിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഒരു ടണ്ണോളം കയറ്റുമതി ചെയ്ത് 4.03 ലക്ഷം രൂപ നേടി.

ചുക്കിന്റെ കയറ്റുമതി 7.47 ടണ്ണിലെത്തി ഏറെക്കുറെ ഇരട്ടിയോളമായി. 15 ലക്ഷം രൂപയാണ് ഇതുവഴി ലഭിച്ചത്. മഞ്ഞളിന്റെ കയറ്റുമതി 5.50 ടണ്ണില്‍ നിന്നു 26.80 ടണ്ണായി ഈ കാലയളവില്‍ ഉയര്‍ന്നു. പുളി ഒരു ടണ്ണില്‍ നിന്നു ഒന്നര ടണ്ണിലെത്തി.
അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ് മുഖ്യമായും കയറ്റുമതി. ഗള്‍ഫ് രാജ്യങ്ങളിലും ആവശ്യക്കാരുണ്ട്. കേരളത്തില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കു പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന പിരിയന്‍മുളക്, മല്ലി തുടങ്ങിയവയുടെ കയറ്റുമതിയും കൂടുന്നു. ജൈവ കൃഷി രീതി അവലംബിച്ച ചെമ്മീന്‍ പാടങ്ങളില്‍ നിന്നുള്ള മല്‍സ്യത്തിന്റെ കയറ്റുമതി പ്രത്യേക ശ്രദ്ധ കൈവരിക്കുന്നു.

ധാന്യങ്ങള്‍, പച്ചക്കറി, പഴം എന്നിവയുടെ ജൈവ കൃഷിയില്‍ കൃഷിക്കാര്‍ക്ക് താല്‍പര്യം വര്‍ധിക്കുന്നത് വിപണിയുടെ ആവശ്യവും കൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. ആലുവ ആസ്ഥാനമായ സര്‍ട്ടിഫയിങ്ങ് ഏജന്‍സിയായ ഇന്‍ഡോസര്‍ട്ടില്‍ നിന്നു സര്‍ട്ടിഫിക്കേഷന്‍ സ്വീകരിച്ച് ആഭ്യന്തര വിണിയിലും വിദേശ വിപണിയിലും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ തയാറാകുന്നു. ചെറുകിടക്കാരും വന്‍കിടക്കാരും ഇക്കൂട്ടത്തിലുണ്ട്. 20 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കേരളം (20), തമിഴ്നാട് (16), മഹാരാഷ്ട്ര (13) എന്നിവിടങ്ങളില്‍ നിന്നാണ്. കൃഷിക്കാര്‍ ഒറ്റയ്ക്കും കൂട്ടമായും മുന്നോട്ടുവന്നിട്ടുമുണ്ട്.

ജാതിക്ക, അടയ്ക്ക, ഗോതമ്പ്, കുരുമുളക്, ചക്ക, ഇഞ്ചി, ഏത്തപ്പഴം, മാമ്പഴം തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളത്.

കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍, ജൈവ കൃഷിയില്‍ നിന്നുള്ള അരിയും പച്ചക്കറിയുമെല്ലാം പ്രത്യേകം ബ്രാന്‍ഡ് ചെയ്ത് വില്‍പനയ്ക്ക് വയ്ക്കുന്നു.

വിന്‍കിട കമ്പനികളും സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും ഓര്‍ഗാനിക് ഉല്‍പന്നങ്ങളുടെ സാധ്യത മുതലെടുക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഓര്‍ഗാനിക് ഭക്ഷ്യ വിഭവങ്ങളുടെ മേഖലയിലേക്ക് ഐടിസി ഫുഡ്സ് പ്രവേശിച്ചു കഴിഞ്ഞു. ആശീര്‍വാദ് സെലക്ട് ഓര്‍ഗാനിക് സ്പൈസസ് എന്ന വിഭാഗത്തില്‍ മഞ്ഞള്‍, മുളക്, മല്ലി ചെടികള്‍ ലഭ്യമാണ്. ഓര്‍ഗാനിക് ആട്ട, പച്ചക്കറികള്‍ തുടങ്ങിയവയും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. ആന്ധ്രാപ്രദേശ്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്ന് ഇവ വാങ്ങി വിതരണം ചെയ്യാനാണ് കമ്പനിക്ക് പദ്ധതി.

കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയവയുടെ ജൈവ കൃഷി കേരളത്തില്‍ പ്രിയങ്കരമാകുകയാണ്. ഉല്‍പാദന ചെലവ് ഗണ്യമായി കുറയ്ക്കാനും ഉല്‍പന്നത്തിന് ഉയര്‍ന്ന വില കിട്ടാനും ഇത് സഹായകമാകുമെന്നതാണ് കൂടുതല്‍ പേരെ ഇതിന് ആകര്‍ഷിക്കുന്നത്. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിച്ച്, വിപണിയുടെ വളര്‍ച്ചയ്ക്ക് വളമിടുകയും ചെയ്യുന്നു.

കടപ്പാട്‌: മനോരമ

*****************************************************

കോഴികള്‍ക്കു ‘ഫൌള്‍ കോളറ’; കേരളം ‘രോഗം’ തിന്നുന്നു

പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് ‘ഫൌള്‍ കോളറ’ രോഗം ബാധിച്ച ഇറച്ചികോഴികളെ കേരളത്തിലേക്കു കയറ്റിയയ്ക്കുന്നത് വ്യാപകമായി. പത്തു ദിവസത്തിനുള്ളില്‍ ലക്ഷത്തിലധികം കോഴികള്‍ ചത്തൊടുങ്ങിയിട്ടും രോഗവിവരം മറച്ചുവച്ചാണ് ഫാം ഉടമകള്‍ രോഗബാധയുള്ള കോഴികളെ കയറ്റി അയയ്ക്കുന്നത്.

കോഴികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ‘ഫൌള്‍ കോളറ’ കണ്ടെത്തിയത്. ‘പാസ്റ്റ്യുറിലോസിസ്’ എന്ന ബാക്ടീരിയയാണു രോഗം ഉണ്ടാക്കുന്നത്. ഫൌള്‍ കോളറ രോഗം പക്ഷിപ്പനി പോലെ ഭയപ്പെടേണ്ടതില്ലെന്നും മനുഷ്യരിലേക്കു പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചെങ്കിലും രോഗബാധയേറ്റ കോഴികളുടെ ഇറച്ചി കഴിക്കുന്നത് നല്ലതല്ലെന്ന് അവരും സമ്മതിക്കുന്നു. ഫൌള്‍ കോളറ കന്നുകാലികളിലും കണ്ടുവരുന്ന രോഗമാണ്. പൊള്ളാച്ചി, പഴനി, പല്ലടം, നാമ്ക്കല്‍ എന്നിവിടങ്ങളിലെ ആയിരകണക്കിനു ഫാമുകളിലെ കോഴികള്‍ രോഗബാധിതരാണ്. ആഴ്ചയില്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ കോഴിക്കുഞ്ഞുങ്ങള്‍ തമിഴ്നാട്ടിലെ ഫാമുകളില്‍ വളരുന്നുണ്ട്. രോഗബാധ കണ്ടെത്തിയിട്ടും പ്രതിരോധ നടപടികള്‍ ഫാം ഉടമകള്‍ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടില്‍നിന്ന് ലോറികളില്‍ കൊണ്ടുവരുന്ന കോഴികളില്‍ പലതും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ ചത്ത നിലയിലായിരിക്കുമെന്നു കച്ചവടക്കാര്‍ പറഞ്ഞു. കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ കേരളത്തിലെ കച്ചവടക്കാര്‍ക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ തമിഴ്നാട്ടിലെ ഫാം ഉടമകള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.

കെ.പ്രസാദ്

കടപ്പാട്‌: മംഗളം

*****************************************************

മനോരമയുടെ കെട്ടിടം പുറമ്പോക്ക് തോടിനു മുകളില്‍

  • കൈയേറിയത് എട്ടു സെന്റ്
  • 1.2 കോടി രൂപയുടെ ഭൂമി
  • കണ്ടെത്തിയത് റീ സര്‍വെക്കിടെ

ആര്‍ സാംബന്‍
തിരു:
മലയാളമനോരമ തിരുവനന്തപുരത്ത് കെട്ടിടം നിര്‍മിച്ചത് പുറമ്പോക്ക് കൈയേറിയാണെന്ന് അധികൃതര്‍ കണ്ടെത്തി. 5.8 മീറ്റര്‍ വീതിയുള്ള തോടുപുറമ്പോക്ക് 60 മീറ്ററോളം നീളത്തില്‍ കൈയേറി അതിന്റെ മുകളിലാണ് മനോരമ തമ്പാനൂരില്‍ ബഹുനിലക്കെട്ടിടം പണിതിരിക്കുന്നത്. തോടിന്റെ ഒഴുക്കു തടസ്സപ്പെടാതിരിക്കാന്‍ കെട്ടിടത്തിന്റെ അടിത്തട്ടിലൂടെ ചെറിയ തുരങ്കമുണ്ടാക്കിയിട്ടുണ്ട്.


തോടിനും മുകളില്‍:
തിരുവനന്തപുരത്ത് പുറമ്പോക്ക് തോടിനു മുകളില്‍ നിര്‍മിച്ച മലയാളമനോരമ ഓഫീസ് കെട്ടിടം.

തോടിനുമീതെ നിര്‍മാണങ്ങള്‍ക്ക് ഒരുകാരണവശാലും അനുമതി ലഭിക്കില്ല. തോടുപുറമ്പോക്ക് പതിച്ചു നല്‍കിയിട്ടുമില്ല. എന്നിട്ടും മനോരമ കെട്ടിടം നിര്‍മിക്കുകയായിരുന്നു.

നഗരഹൃദയമായ തമ്പാനൂരിലെ അരിസ്റ്റോ റോഡിന് അഭിമുഖമായി 72.33 സെന്റ് സ്ഥലത്താണ് മലയാളമനോരമ എഡിറ്ററും മാനേജിങ് ഡയറക്ടറുമായ മാമന്‍ മാത്യുവിന്റെ പേരിലുള്ള കെട്ടിടം. തിരുവനന്തപുരം താലൂക്ക് തൈക്കാട് വില്ലേജില്‍ 10 സര്‍വേ നമ്പരുകളിലായാണ് ഇത്. 2595 എന്ന സര്‍വേ നമ്പരുള്ള പുറമ്പോക്കുഭൂമി ഇതിനു മധ്യത്തിലാണ്. രണ്ടു മീറ്ററോ അതില്‍ കൂടുതലോ വീതി ഉണ്ടെങ്കില്‍മാത്രമേ തോട്, റോഡ് തുടങ്ങിയവ പ്രത്യേക സര്‍വേ ഫീല്‍ഡായി കണക്കാക്കൂ. ഇവിടെ തോടിന് 5.8 മീറ്റര്‍ വീതിയുള്ളതിനാലാണ് പ്രത്യേക സര്‍വേ നമ്പരില്‍ കാണിച്ചിട്ടുള്ളത്. മനോരമയുടെ കൈവശമുള്ള വസ്തു ഇതിന് ഇരുവശങ്ങളിലുമാണെന്ന് സര്‍വെ മാപ്പില്‍നിന്ന് വ്യക്തം.

വഴുതക്കാട് ഭാഗത്തുനിന്ന് ആരംഭിക്കുന്നതാണ് മനോരമ കൈയേറിയിരിക്കുന്ന തോട്. പലയിടത്തും തോടിന് ഇപ്പോള്‍ വീതി കുറവാണ്. മലിനജലം അടക്കം ഒഴുകുന്ന തോടിന്റെ ഒഴുക്ക് കൈയേറ്റങ്ങളുടെ ഫലമായി തടസ്സപ്പെട്ടത് തമ്പാനൂര്‍ ഭാഗത്ത് വെള്ളപ്പൊക്കത്തിനും കാരണമാവുന്നുണ്ട്.

തോടിന്റെ 75 മീറ്റര്‍ ഭാഗമാണ് സര്‍വെ നമ്പര്‍ 2595ല്‍ ഉള്ളത്. ഇതില്‍ 60 മീറ്ററും മനോരമയുടെ കൈവശമാണ്. ഇത് എട്ടു സെന്റ് വരുമെന്നാണ് കണക്കാക്കുന്നത്. സെന്റിന് 15 ലക്ഷത്തോളമാണ്് ഇവിടെ വില. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഭൂമിയാണ് കൈയേറിയതെന്ന് ഇതില്‍നിന്ന് വ്യക്തം.

തൈക്കാട് വില്ലേജില്‍ നടപ്പാക്കുന്ന റീസര്‍വെ പൈലറ്റ് പ്രൊജക്ടിന്റെ ജോലികള്‍ക്കിടെയാണ് മനോരമയുടെ കൈയേറ്റം സര്‍വെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തോടിന്റെ ഒരു ഭാഗം മനോരമ കൈയേറിയതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. പഴയ സര്‍വെ കല്ലുകളും സ്കെച്ചും വച്ച് സര്‍വെ അധികൃതര്‍ സ്ഥലം ഡീ മാര്‍ക്കേറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന്, സെന്‍ട്രല്‍ സര്‍വെ ഓഫീസില്‍നിന്ന് സ്ഥലത്തിന്റെ സ്കെച്ച് മനോരമ എടുപ്പിച്ചു. മാമന്‍ മാത്യുവിന്റെ പേരില്‍ അപേക്ഷ സമര്‍പ്പിച്ച് 18 സര്‍വെ നമ്പരുകളില്‍പ്പെട്ട വസ്തുവിന്റെ വിവരങ്ങളാണ് അവര്‍ ശേഖരിച്ചത്.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

1. കമ്മീഷന് ആശ്വാസമായി; കര്‍ഷകര്‍ക്ക് ആശങ്കബാക്കി

ടോംസി

തൊടുപുഴ: വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ഷക കടാശ്വാസ കമ്മീഷനില്‍ ജീവനക്കാരെ നിയമിച്ചതോടെ കമ്മീഷന് ആശ്വാസമായി. എന്നാല്‍ കമ്മീഷന്‍ നടപടികളിലെ അവ്യക്തത മൂലം കര്‍ഷകര്‍ ആശങ്കയിലാണ്.

ഇടുക്കി, വയനാട് ജില്ലകളെ ദുരന്തബാധിത ജില്ലകളായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് പരമാവധി കടാശ്വാസം നല്‍കാന്‍ ജസ്റ്റിസ് അബ്ദുള്‍ ഗഫൂര്‍ ചെയര്‍മാനായ കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടപടികള്‍ തുടങ്ങിയെങ്കിലും ജീവനക്കാരെ നിയമിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ ചെയര്‍മാന്‍ പരസ്യമായി പ്രതിഷേധിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് കടാശ്വാസ കമ്മീഷനില്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ഒരു ഫൈനാന്‍സ് ഓഫീസര്‍, അക്കൌണ്ടന്റ്, മൂന്നു ക്ളാര്‍ക്കുമാര്‍, കമ്മീഷന് ലഭിക്കുന്ന അപേക്ഷകള്‍ തരംതിരിക്കാന്‍ ദിവസവേതന ജോലിക്കാര്‍ തുടങ്ങിയവര്‍ ക ഴിഞ്ഞ ഏതാനും ദിവസമായി കമ്മീഷനില്‍ പ്രവര്‍ത്തനം തുടങ്ങി. ഇ തോടെ കമ്മീഷന്റെ പരാതിക്ക് താത്കാലിക പരിഹാരമായെങ്കിലും കമ്മീഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ ആശങ്കാകു ലരാ ണ്.

കടാശ്വാസം പ്രതീക്ഷിച്ച് കമ്മീഷനില്‍ അപേക്ഷ നല്‍കിയവര്‍ ജപ്തി ഭീഷണിയിലാണ്. ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കുന്നത് തുടരുകയുമാണ്. രണ്ടുലക്ഷത്തിലേറെ അപേക്ഷകളാണ് കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത്. കാര്‍ഷിക വികസന ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സ്വകാര്യ പണമിടപാടുകാര്‍ തുടങ്ങിയവയില്‍ നിന്നുള്ള റിക്കവറി നടപടികള്‍ക്കെ തിരേയാണ് കമ്മീഷന് അപേക്ഷ നല്‍കി കര്‍ഷകര്‍ കാത്തിരിക്കുന്നത്.

ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ വായ്പാ കുടിശിക സംബന്ധിച്ച ഏകദേശധാരണപോലും കമ്മീഷനില്ല. ജപ്തി നോട്ടീസ് ലഭിച്ചവരില്‍ കമ്മീഷന് പരാതി നല്‍കിയ ആയിരത്തിലേറെപ്പേര്‍ക്ക് കമ്മീഷന്‍ സ്റ്റേ ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കടാശ്വാസം എന്നു ലഭിക്കുമെന്ന് ഇനിയും വ്യക്തമല്ല.

ജപ്തികള്‍ക്കു നല്‍കിയ സ്റ്റേകളില്‍ പ്രാരംഭ ഹിയറിംഗ് സെപ്റ്റംബറിലേ ആരംഭിക്കൂ. ഈ ഹിയറിംഗിനു ശേഷം കമ്മീഷന്‍ കടാശ്വാസം പ്രഖ്യാപിച്ചാലും പണം എങ്ങനെ ലഭ്യമാക്കുമെന്ന് ഇതുവരെ വ്യക്തമല്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

കര്‍ഷക കടാശ്വാസത്തിന് 160 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്െടങ്കിലും ഇതിന്റെ പലഇരട്ടി തുകയുണ്െടങ്കിലേ നിലവിലുള്ള അപേക്ഷകര്‍ക്ക് കാടാശ്വാസം നല്‍കാനാകൂ. കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപമാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഓഫീസ് ആവശ്യങ്ങള്‍ക്കും സ്റ്റാമ്പ്, കംപ്യൂട്ടര്‍ തുടങ്ങിയവ വാങ്ങാനുമാണ് കമ്മീഷന്‍ ഈ തുക വിനിയോഗിക്കുന്നത്. അപേക്ഷകളില്‍ കമ്മീഷന്‍ പ്രഖ്യാപിക്കുന്ന ആശ്വാസതുക സര്‍ക്കാര്‍ അനുവദിക്കണം.

നിലവില്‍ കമ്മീഷന് വിപുലമായ അധികാരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് കമ്മീഷന്‍ കടാശ്വാസം പ്രഖ്യാപിച്ചാല്‍ ഇതുവഴി ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം ആരു നല്‍കുമെന്ന് വ്യക്തമല്ല. ഇപ്പോള്‍ തന്നെ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വായ്പ തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവരും കടാശ്വാസം പ്രതീക്ഷിച്ച് അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ഇത് ബാങ്കുകളേയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2. സപ്ളൈകോ ഓണം പീപ്പീള്‍സ് ബസാര്‍ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന്

കൊച്ചി: ഓണത്തോടനുബന്ധിച്ച് സപ്ളൈകോ തുറക്കുന്ന പീപ്പിള്‍സ് ബസാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട്ട് നടക്കും. ഓണത്തിന് സപ്ളൈകോ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തി മുന്നൂറോളം പ്രത്യേക ബസാറുകള്‍ തുറക്കുവാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, നഗരങ്ങളില്‍ ഓണം പീപ്പിള്‍സ് മെട്രോ ബസാറുകളും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, കല്‍പ്പറ്റ, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഓണം പീപ്പിള്‍സ് ബസാറുകളും തുറക്കുന്നതാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കോട്ടയം സപ്ളൈകോ ഗ്രൌണ്ട്, എറണാകുളം കൈലാസം ഗ്രൌണ്ട്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം, കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് എന്നിവിടങ്ങളിലാണ് പീപ്പിള്‍സ് മെട്രോ ബസാര്‍ തുറക്കുന്നത്. മാവേലി സ്റ്റോറുകള്‍, ലാഭം മാര്‍ക്കറ്റുകള്‍ എന്നിവയോടനുബന്ധിച്ച് 100 ഓണം ബസാറുകള്‍ തുറക്കും. ഓഗസറ്റ് 22 മുതല്‍ 26 വരെ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക.

ഓണം ബസാറുകള്‍ക്ക് ആവശ്യമായ നേന്ത്രക്കായ, 28 ഇനം പച്ചക്കറികള്‍ എന്നിവ വാങ്ങുന്നതിന് സപ്ളൈകോ ക്രമീകരണം എര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഓണം മെട്രോ ബസാറുകളില്‍ തുറന്നു പ്രവര്‍ത്തിക്കും.

കടപ്പാട്‌: ദീപിക

****************************************************

നടുവൊടിഞ്ഞ കര്‍ഷകനെ തളര്‍ത്തുന്ന നഷ്ടപരിഹാരം
കൊല്ലം : മഴക്കെടുതികളും വെള്ളപ്പൊക്കവും മൂലം ഒരേക്കറിലെ നെല്‍ക്കൃഷി നശിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം വെറും 600 രൂപ! അതു കിട്ടണമെങ്കില്‍ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഏറെ കടക്കണം. ഇപ്പോള്‍ കൃഷി ഓഫീസിലും കര്‍ഷകര്‍ കയറിയിറങ്ങണം.
അശാസ്ത്രീയമായ ഈ നഷ്ടപരിഹാരക്കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ കൃഷി അന്യം നിന്നുപോയതിന്റെ കാരണങ്ങള്‍ വേറെ തിരയേണ്ട. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് കിഴങ്ങുവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ്.
ഒരു സെന്റിലെ മരച്ചീനിക്കൃഷി വെള്ളം കയറി നശിച്ചാല്‍ അനുവദിക്കാവുന്ന പരമാവധി നഷ്ടപരിഹാരം 2 രൂപ! മറ്റ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സെന്റ് ഒന്നിന് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത് 5 രൂപ! കുലച്ച വാഴയ്ക്ക് 25 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 12 രൂപയും. ഫലം നല്‍കുന്ന കുരുമുളക് വള്ളിക്ക് 20 രൂപയും കശുമാവിനും ടാപ്പിംഗ് നടത്തുന്ന റബറിനും 60 രൂപയും വീതമാണ് ലഭിക്കുന്ന നഷ്ടപരിഹാരം. ടാപ്പ് ചെയ്യാത്തതിന് 25 രൂപ കിട്ടും. ഒരു സെന്റ് സ്ഥലത്തെ പയര്‍ കൃഷി നശിച്ചാല്‍ 1.40 രൂപയ്ക്ക് അര്‍ഹതയുണ്ട്. തെങ്ങിന് 300 രൂപയും തൈത്തെങ്ങിന് 100 രൂപയും തെങ്ങിന്‍തൈയ്ക്ക് 25 രൂപയും ഫലമുള്ള കമുകിന് 45 രൂപയും ഫലമില്ലാത്തതിന് 30 രൂപയും വെറ്റിലക്കൊടി സെന്റിന് 155 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. തേക്ക്, പ്ളാവ്, മാവ് തുടങ്ങിയ മറ്റ് വൃക്ഷങ്ങളൊന്നും നഷ്ടപരിഹാരത്തിന്റെ പട്ടികയില്‍ വരൂല്ല.
ഒരേക്കറില്‍ നെല്‍ക്കൃഷി നടത്തി കതിര് വന്ന് പാകമാകുമ്പോള്‍ കുറഞ്ഞത് 6000 രൂപയെങ്കിലും ചെലവുണ്ടാകും. ഈ കൃഷി നശിക്കുമ്പോഴാണ് 600 രൂപ നഷ്ടപരിഹാരമായി വച്ച് നീട്ടുന്നത്. ഒരേക്കറിലെ മരച്ചീനിക്ക് 200 രൂപയും പച്ചക്കറിക്ക് 500 രൂപയും നഷ്ടപരിഹാരം നല്‍കുമ്പോഴും ഈ അനൌചിത്യമുണ്ട്. കേരളത്തിന്റെ കാര്‍ഷിക പുരോഗതിയെ പിന്നോട്ടടിക്കുന്ന ഈ നഷ്ടപരിഹാര വ്യവസ്ഥകളും ചട്ടങ്ങളും അടിയന്തരമായി പരിഷ്കരിക്കണമെന്ന ആവശ്യം കര്‍ഷകരി ല്‍ നിന്നു ഉയര്‍ന്നിട്ടുണ്ട്‌

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

1 അഭിപ്രായം

Filed under ആരോഗ്യം, കൃഷി, കേരളം, ജലം, മാധ്യമം, രോഗങ്ങള്‍, വായ്പ

One response to “24-7-07 ലെ വാര്‍ത്തകള്‍

  1. ചന്ദ്രേട്ടാ, ഇന്നത്തെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ പറ്റി. വളരെ നന്ദി. അതോടൊപ്പം തന്നെ യൂണിക്കോടിലും അല്ലാതെയുമുള്ള ന്യൂസ്പേപ്പറുകളുടെ ലിസ്റ്റും കണ്ടു.

    ആശംസകള്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w