23-7-07 ലെ വാര്‍ത്തകള്‍

1. ക്ഷീരകര്‍ഷകര്‍ക്ക് ഗ്രാന്റ് നല്‍കുന്നതിന് ഒരു കോടി നീക്കിവയ്ക്കും: മന്ത്രി

ചേര്‍ത്തല: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഗ്രാന്റ് നല്‍കുന്നതിനായി അടുത്ത ബജറ്റില്‍ ഒരു കോടി രൂപ നീക്കിവയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ക്ഷീരവികസന വകുപ്പും കഞ്ഞിക്കുഴി ബ്ളോക്ക് ക്ഷീരവികസന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2. വെള്ളപ്പൊക്കം: കേന്ദ്രസഹായം കിട്ടുമെന്ന് ആന്റണി

ന്യൂഡല്‍ഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇക്കുറി ന്യായമായ ആശ്വാസം ഉണ്ടാകുമെന്ന് പ്രതിരാധമന്ത്രി എ.കെ ആന്റണി. വര്‍ഷങ്ങളായി വേണ്ടത്ര കേന്ദ്രസഹായം ചില മേഖലകളില്‍ കിട്ടുന്നില്ലെന്നില്ലെങ്കിലും യു.പി.എ സര്‍ക്കാര്‍ വന്ന ശേഷം വല്ലാര്‍പാടം, എല്‍.എന്‍.ജി, കണ്ണൂര്‍ വിമാനത്താവളം അടക്കം 12 വന്‍പദ്ധതികള്‍ കേരളത്തിനു സ്വന്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി അനുമതിക്കായി കാത്തുകിടന്ന പദ്ധതികളാണിത്. എന്നാല്‍, കേരളത്തിന്റെ പ്രതിഷേധം അവഗണിച്ച് സേലം ഡിവിഷന്‍ 14-ന് ഉദ്ഘാടനം ചെയ്യുമെന്ന റെയില്‍ സഹമന്ത്രി ആര്‍. വേലുവിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് ആന്റണി മറുപടി നല്‍കിയില്ല. കേരളത്തിന് സഹായം ചെയ്യാന്‍ തനിക്കു കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. കഴിയുന്ന ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കും മറുനാടന്‍ മലയാളികളുടെ പ്രശ്നപരിഹാരത്തിനും വേണ്ടി ഡല്‍ഹിയിലെ മലയാളി പത്രപ്രവര്‍ത്തകര്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണമെന്നു ആന്റണി നിര്‍ദേശിച്ചു.

കടപ്പാട്‌: ദീപിക

*****************************************************

1. ഇല്ലാത്ത ഭൂമി, വ്യാജരേഖകള്‍… വന്‍ വായ്പ തട്ടിപ്പ്
കല്‍പ്പറ്റ: കിടപ്പാടം പണയപ്പെടുത്തി വായ്പയെടുത്ത് ജീവിതം അവസാനിപ്പിക്കേണ്ടിവന്നവരുടെ കഥ വയനാടിന് പുതുമയുള്ളതല്ല. ഇല്ലാത്ത ഭൂമി കാണിച്ച് ബാങ്കില്‍ നിന്ന് മൂന്നുകോടി തട്ടിയ കഥയും വയനാട്ടില്‍ നിന്ന് തൃശൂര്‍ നാട്ടികയിലെ ഒരു സ്വകാര്യ സ്ഥാപനത്തിനുവേണ്ടി ഇവിടത്തെ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് 2.94 കോടി രൂപ വായ്പയെടുത്ത് ഈടുനല്‍കിയത്. വയനാട് വാളാട്ടെ അലവി എന്നയാളുടെ പേരിലുള്ള 110.47 ഏക്കര്‍ ഭൂമി തിരിച്ചടവ് മുടങ്ങി വായ്പ കുടിശ്ശിക 4.42 കോടിയായപ്പോള്‍ ബാങ്ക് അധികൃതര്‍ അന്വേഷണം തുടങ്ങി. കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളും. രേഖകളിലുള്ള 110 ഏക്കര്‍ ഭൂമി വാളാട്ടില്ല. മാത്രമല്ല, പത്തേക്കറില്‍ കൂടുതല്‍ ഭൂമിയുള്ള ഒരാള്‍പോലും ഈ പ്രദേശത്ത് ഇല്ല. ബാങ്ക് അധികൃതരുടെ കൈവശമാണെങ്കില്‍ രേഖകളെല്ലാമുണ്ട്. വെള്ളമുണ്ടയിലെ അലവി എന്നയാളുടെ പേരിലുള്ള സ്ഥലം തൃശൂരിലുള്ള സ്ഥാപനത്തിന്റെ എം.ഡിക്ക് മുക്ത്യാര്‍ നല്‍കിയതായാണ് രേഖകള്‍. വായ്പ നല്‍കിയ കാലത്തെ ബാങ്കിന്റെ മാനേജരും വാല്യൂവറും പരിശോധിച്ച് സ്ഥലത്തിന് 4.42 കോടി വിലവരുമെന്ന് കണക്കാക്കി 2003ല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. ഈ ബാങ്ക് ഉദ്യോഗസ്ഥന്‍ സ്ഥലത്തിന് ഇട്ട വില ഏക്കറിന് 5.50 ലക്ഷം രൂപ. എന്നാല്‍ ഇപ്പോള്‍പ്പോലും ഇവിടെ ഏക്കറിന് 1.30 ലക്ഷം രൂപയ്ക്കപ്പുറം വിലയില്ല.

2. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ഉന്നതപഠനത്തിന് സംവരണം: മന്ത്രി
മാരാരിക്കുളം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് ഉന്നതപഠനത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മാരാരിക്കുളം നിയോജകമണ്ഡലം ആരോഗ്യമേളയോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ ഇന്‍ഷ്വറന്‍സുകാരുടെ കടന്നുവരവ് ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്ളതിനാല്‍ ചെറിയ പനിവന്നാല്‍പ്പോലും ആശുപത്രിയിലേക്ക് പോകും. ഡോക്ടര്‍മാര്‍ കൂടുതല്‍ മരുന്ന് കുറിക്കാനുള്ള പ്രവണതയും കാണിക്കും. താലൂക്ക് ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജലജാ ചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു.

കടപ്പാട്‌: കേരളകൌമുദി

*****************************************************

കാലവര്‍ഷം: മലയോര മേഖലക്ക് പ്രത്യേക പാക്കേജ്

പാലക്കാട്: കാലവര്‍ഷക്കെടുതിമൂലം കേരളത്തില്‍ 1400 കോടിയില്‍പരം രൂപയുടെ നാശനഷ്ടമുണ്ടായതായി റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍. പ്രകൃതിദുരന്തംമൂലം മലയോരമേഖലയില്‍ മാത്രം 3000 വീടുകള്‍ പൂര്‍ണമായി തകരുകയും ഏക്കര്‍ കണക്കിന് കൃഷിനാശമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ ദുരന്തബാധിതര്‍ക്കായി പ്രത്യേക പാക്കേജ് ഉടന്‍ നടപ്പിലാക്കും. കേരളത്തിലെ പ്രകൃതിദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ അടുത്തയാഴ്ച കേന്ദ്ര സംഘമെത്തുമെന്നും അദ്ദേഹം അറിയിച്ചു. കാലവര്‍ഷക്കെടുതിയെക്കുറിച്ച് വിലയിരുത്താന്‍ പാലക്കാട്ടെത്തിയ മന്ത്രി പത്രലേഖകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ ധനസഹായം ലഭിക്കൂ. കൂടുതല്‍ തുകക്കായി കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മലയോര മേഖലയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിന് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് പാക്കേജ് നടപ്പാക്കും. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റുംമൂലം കൃഷിയും വീടും നശിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ നേരിടുകയും ചെയ്തവരെയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുക. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി നശിച്ചവര്‍ക്ക് 25,000 രൂപ വീതം നല്‍കും. മലയോര മേഖല ഒഴിച്ച് മറ്റിടങ്ങളില്‍ കാലവര്‍ഷക്കെടുതിമൂലം വീട് പൂര്‍ണമായി നശിച്ചവര്‍ക്ക് 15,000 രൂപയും ഭാഗികമായി നശിച്ചവര്‍ക്ക് 10,000 രൂപയും നല്‍കും. ഈ തുക ഒന്നിച്ചുതന്നെ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കടപ്പാട്‌: മാധ്യമം

****************************************************

തടികുറച്ച്‌ അന്ദന്‍ സ്വാമി അത്‌ഭുതം സൃഷിക്കുന്നു

അദ്നന്‍ സാമിയുടെ ‘ട്രേഡ് മാര്‍ക്ക് ആ തടിയായിരു ന്നു. പക്ഷേ, ഇനി ആറു മാസം കൂടിയേ ഇൌ തടിയുമായി ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അന്ത്യശാസനം നല്‍കിയ തോടെ സാമിക്ക് തടി കുറയ്ക്കേണ്ടിവന്നു. വിശ്വസിക്കാന്‍ പ്രയാസമാ ണെ ന്നറിയാം. പക്ഷേ ഒന്നും രണ്ടുമല്ല, 110 കിലോയാണു സാമി ഭാരം കുറച്ചത്. അതും ഒരു വര്‍ഷംകൊണ്ട്.സംഗീതം പിന്നെ, ഭക്ഷണം. ഒരു വര്‍ഷം മുന്‍പുവരെ ഇതു രണ്ടുമായിരുന്നു അദ്നന്‍ സാമിക്കു ജീവിതം. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. സംഗീതലോകത്തെ ‘വലിയ മനുഷ്യന്‍ കുഞ്ഞായിരി ക്കുന്നു. നേര്‍പകുതിയെന്നു വേണമെങ്കില്‍ പറയാം.

അദ്നന്‍ സാമിയെ മാതൃകയാക്കി ജീവിച്ചിരുന്ന പൊണ്ണത്തടിയന്‍മാര്‍ ഞെട്ടി. ഒന്നും രണ്ടുമല്ല, 110 കിലോയാണു സാമി ഭാരം കുറച്ചത്. അതും വെറും ഒരു വര്‍ഷംകൊണ്ട്.പ്രണയാര്‍ദ്ര ഗാനങ്ങള്‍കൊണ്ട് ഇന്‍ഡി പോപ് രംഗം കീഴടക്കിയ അദ്നന്‍ സാമി ഒരു ഇടവേള യ്ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും ആദ്യം തിരിച്ചറിഞ്ഞില്ല. അത്രയ്ക്ക് അദ്ദേഹം മാറിപ്പോയി രുന്നു. ‘എന്റെ പകുതി ഞാന്‍ വേണ്ടെന്നുവച്ചു എന്നാണ് അദ്നന്‍ ആദ്യം പ്രതികരി ച്ചത്. തന്റെ പുതിയ സംഗീത ആല്‍ബം പുറത്തിറക്കി യ സാമിയെ തേടി ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. പാട്ടുകളെക്കുറിച്ചല്ല പലര്‍ക്കും അറിയേണ്ടിയിരുന്നത്. ഒരു ചോദ്യം മാത്രം: ”എങ്ങനെ ഇതു സാധിച്ചെടുത്തു?

പൊണ്ണത്തടിയന്‍മാരുടെ പഴയ സംഘത്തിലെ കൂട്ടുകാരോട് അദ്നന്‍ തന്റെ കഥ പറഞ്ഞു. ഒരു നാടോടിക്കഥ കേള്‍ക്കുന്ന അവിശ്വസനീയ തയോടെ അവര്‍ അതു കേട്ടു.ഒരു വര്‍ഷം മുന്‍പ് ലണ്ടനില്‍ പതിവു പരിശോധനകള്‍ക്കായി എത്തിയതായിരുന്നു അദ്നന്‍ സാമി. പരിശോ ധനാഫലം പഠിച്ചശേഷം ഡോക്ടര്‍മാര്‍ അദ്നനോട് പറഞ്ഞു: ”ഏറി യാല്‍ ആറു മാസം. അതിനുള്ളില്‍ ഏതെങ്കിലും ഹോട്ടല്‍മുറിയില്‍ താങ്കളെ മരിച്ച നിലയില്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ അദ്ഭുതപ്പെ ടില്ല.അതായിരുന്നു വഴിത്തി രിവ്. മരണം മുന്നിലെത്തിയിരിക്കുന്നു എന്നു തിരിച്ചറിയുമ്പോഴുള്ള അമ്പരപ്പ്. ജീവിതത്തില്‍ മുന്‍പൊരിക്ക ലും തോന്നിയിട്ടില്ലാത്തപോലെ സ്വന്തം ശരീരത്തെയോര്‍ ത്ത് അദ്നന്‍ സാമി പേടിച്ചു. തളര്‍ന്ന മനസ്സോടെ വീട്ടിലേക്കു മടങ്ങി.

ഭക്ഷണത്തോടുള്ള അമിതമായ താല്‍പര്യമായിരുന്നു അദ്നന്റെ അമിതവണ്ണത്തിനു കാരണം. പാക്കിസ്ഥാന്‍കാരിയായ നടി സേബ ഭക്തിയാറുമായുള്ള ദാമ്പത്യം തെറ്റിപ്പിരിഞ്ഞതോടെ മനസ്സു മുഴുവന്‍ സംഗീതത്തിന് അര്‍പ്പിച്ചിരിക്കുകയായിരുന്നു അദ്നന്‍. എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏക വിനോദം. ഒപ്പം സംഗീതവും. ”നിരാശയായിരുന്നു ജീവിതത്തോട്; അതുകൊണ്ട് ഞാന്‍ വെറുതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഇടവേളയില്ലാതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരുന്നതിനാ ല്‍ നിരാശ എന്നെ വിടാതെ കൂടെക്കൂട്ടി- അദ്നന്‍ പറഞ്ഞു.

ലണ്ടനില്‍ നിന്നു മടങ്ങി വീട്ടിലെത്തിയപ്പോള്‍ അദ്നന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ യുഎസിലുള്ള പിതാവിനോടു മാത്രം ഫോണില്‍ പറഞ്ഞു. ”എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ചോര്‍ത്ത് എനിക്കു ദുഃഖമില്ല. ഞാന്‍ എന്റെ ജീവിതം ആസ്വദിച്ചു. നേടാവുന്ന തൊ ക്കെ നേടി. ഇനി സംഭവിക്കാനുള്ളതു സംഭവിക്കട്ടെ.പക്ഷേ, മകനെ അങ്ങനെയങ്ങു വിടാന്‍ ആ പിതാവ് ഒരുക്കമായിരുന്നില്ല. ഉടന്‍ തന്നെ അമേരിക്കയ്ക്കു വരാന്‍ ഉത്തരവിട്ടു. അത് അത്ര എളുപ്പമുള്ള കാര്യമ ല്ലായിരുന്നു. ഏറ്റെടുത്ത ജോലികള്‍ ഒട്ടേറെ. എല്ലാവരോടും മൂന്നു മാസത്തെ സമയം ചോദിച്ച്, പല ജോലികളും വേണ്ടെന്നുവച്ച് അദ്നന്‍ മാതാപിതാക്കളുടെ അടുത്തേക്കു പോയി.

പിന്നെ കഠിനപരിശ്രമത്തിന്റെ നാളുകള്‍. ഭക്ഷണക്രമം പുതുതായി ചിട്ടപ്പെടുത്തി. വ്യായാമം, ഡയറ്റിങ്…ഒരു പാട്ടു ചിട്ടപ്പെടുത്തുന്നതിനെ ക്കാള്‍ ശ്രമകരമായിരുന്നു അത്. പക്ഷേ, സംഗീതത്തിനു മാത്രമല്ല, ജീവിതത്തിനും ഒരു രാഗവും താളവും ആവശ്യമുണ്ടെ ന്ന തിരിച്ചറിവ് അദ്നന് കരുത്തു പകര്‍ന്നു.ബ്രെഡ്, മധുരം, എണ്ണ, ചോറ്, മദ്യം, ഉറക്കമിളപ്പ് എന്നിവയൊക്കെ പൂര്‍ണമായും ഒഴിവാക്കി. ഒരു തരിപോ ലും എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത പച്ചക്കറികളും പരിപ്പും മീനും ഭക്ഷണക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി. കൊഴുപ്പില്ലാത്ത കോഴി യിറച്ചി മാത്രം ഇടയ്ക്കിടയ്ക്ക്. ഒരു ന്യൂട്രീഷന്‍ മാര്‍ഗനിര്‍ദേ ശങ്ങളുമാ യി മുഴുവന്‍ സമയവും അദ്നനൊപ്പമുണ്ടായിരുന്നു. ആദ്യരണ്ടു മാസ ങ്ങള്‍കൊണ്ടുതന്നെ വ്യത്യാസം കണ്ടുതുടങ്ങി. പിന്നെ എല്ലാം നിയന്ത്ര ണത്തിലായി. തൂക്കം കുത്തനെ കുറഞ്ഞുകൊണ്ടിരുന്നു.

അസാധ്യമെന്നു കരുതിയ വലിയൊരു കാര്യം നേടിയ സംതൃപ്തിയി ലാണു മുപ്പത്തി നാലുകാരനായ അദ്നനിപ്പോള്‍. അമിതവണ്ണം പോയ തോടെ കൂടുതല്‍ സുന്ദരനായി. പക്ഷേ, വര്‍ഷങ്ങളോളം ഒന്നിച്ചു ജീവി ച്ച ഒരാളെ എവിടെയോ ഉപേക്ഷിച്ച പ്രതീതി. ‘കിസി ദിന്‍ (എന്നെങ്കി ലും..) എന്ന അദ്നന്റെ പുതിയ ആല്‍ബത്തിന്റെ റിലീസിങ്ങിന് എത്തി യപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകയ്ക്കു സംശയം. ”താങ്കളുടെ പഴയ വസ്ത്രങ്ങളെല്ലാം എന്തു ചെയ്തു?പൊട്ടിച്ചിരിച്ചുകൊണ്ട് അദ്നന്‍ പറഞ്ഞു:”എന്റെ അമ്മ പറയു ന്നത്, അവയെല്ലാംകൂടി ഒന്നിച്ചെടുത്ത് ആര്‍ക്കെങ്കിലും ദാനം കൊടുക്കാമെന്നാണ്.

കടപ്പാട്‌: മനോരമ

*****************************************************

ഡോക്ടര്‍മാരുടെ മുങ്ങല്‍ എന്നും ആധി; കടുത്ത നടപടി
ചരിത്രത്തിലാദ്യം

ലേഖ എസ് കുമാര്‍
തിരു:
അനധികൃതമായി ജോലിക്കു ഹാജരാകാത്തതിന് ഒറ്റയടിക്ക് 75 ഡോക്ടര്‍മാരെ പിരിച്ചുവിടുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യം. ആരോഗ്യവകുപ്പിലെന്നല്ല, ഒരു വകുപ്പിലും അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് ഇതേവരെ പിരിച്ചുവിട്ടിട്ടില്ല. ഡോക്ടര്‍മാരുടെ ക്ഷാമം പ്രശ്നമായിട്ടും ജോലിക്കു ഹാജരാകാത്തവരെ സംരക്ഷിക്കുകയായിരുന്നു യുഡിഎഫ് ഭരണത്തില്‍.

മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാണെന്നു കണ്ടെത്തി നടപടികളാരംഭിച്ചത് ആറു മാസംമുമ്പാണ്. ജോലിക്ക് ഹാജരാകുന്നില്ല എന്നതല്ലാതെ ഇവര്‍ എവിടെയാണെന്ന് ഒരു വിവരവുമുണ്ടായിരുന്നില്ല. പത്തുവര്‍ഷമായി ജോലിക്കു വരാതെ വിദേശത്തും ഇന്ത്യയുടെ പല ഭാഗങ്ങളിലും ജോലിയെടുത്തുവരുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടിക്ക് ധാരണയായത്. ഇവരുടെ കൃത്യം വിലാസംപോലും ലഭ്യമായിരുന്നില്ല. അയച്ച നോട്ടീസുകള്‍ വിലാസം ശരിയല്ലെന്നു പറഞ്ഞ് തിരികെ വന്നു. പിന്നീട് ഡോക്ടര്‍മാരുടെ പേരുവച്ച് പത്രങ്ങളില്‍ പരസ്യംചെയ്തു. 15 പേര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സമയം ചോദിച്ചു.

ദീര്‍ഘകാല അവധിയില്‍ പോയ ഡോക്ടര്‍മാരുടെ കണക്കെടുക്കാന്‍തന്നെ മാസങ്ങള്‍ വേണ്ടിവന്നു. അവധിക്ക് അപേക്ഷ നല്‍കി അനുമതി ലഭിക്കുംമുമ്പ് മുങ്ങുകയായിരുന്നു ഡോക്ടര്‍മാര്‍. പുതുതായി ജോലിയില്‍ പ്രവേശിച്ച് പിറ്റേ ദിവസംതന്നെ അവധിക്ക് അപേക്ഷ നല്‍കി മുങ്ങിയവരും കുറവല്ല. അവധി നിഷേധിച്ചാലും ഇവര്‍ അറിയില്ല. പിന്നീട് പെന്‍ഷനാകുന്നതിന് ഒരു വര്‍ഷംമുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുകയും മിനിമം പെന്‍ഷന്‍ പറ്റുകയുമാണ് പതിവ്. ഇതിനിടെ, സ്ഥലംമാറ്റപ്പെട്ടവരില്‍ പലരും പുതിയ സ്ഥലത്ത് എത്താത്ത സംഭവങ്ങളുമുണ്ട്.

ഇവരുടെ സ്ഥാനത്ത് താല്‍ക്കാലികനിയമനം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ആരും തയ്യാറായിരുന്നില്ല. ഇവര്‍ തിരികെയെത്തുമ്പോള്‍ ജോലി നഷ്ടപ്പെടുമെന്നതുകൊണ്ടായിരുന്നു ഇത്. മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്ന ഇവരെ പിരിച്ചുവിടണമെന്ന് മുന്‍സര്‍ക്കാരുകളുടെ കാലത്തും ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും അവഗണിക്കപ്പെട്ടു. ഒടുവില്‍ നടപടി വന്നതോടെ പ്രമോഷനുള്ള അവസരം നിരവധി ഡോക്ടര്‍മാര്‍ക്ക് തുറന്നുകിട്ടുകയും ചെയ്തു.

സര്‍ക്കാരിന്റെ ധീരമായ നിലപാടിനു തെളിവാണ് പിരിച്ചുവിടല്‍ നടപടിയെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എ ശരത്കുമാര്‍ പറഞ്ഞു. മുമ്പും പലതവണ പ്രശ്നം ഉന്നയിച്ചതാണെങ്കിലും ഒരു സര്‍ക്കാരും നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. പിരിച്ചുവിടപ്പെട്ടവരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടികൂടി ഉടനുണ്ടാകണം. ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വേണ്ട നടപടികളും എടുക്കണം- അദ്ദേഹം നിര്‍ദേശിച്ചു.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

മാലിന്യ ദുര്‍ഗന്ധം: 100 വിദ്യാര്‍ഥികള്‍ അവശനിലയില്‍
കൊച്ചി: മാലിന്യ ദുര്‍ഗന്ധം ശ്വസിച്ച് എറണാകുളം ചാക്യാത്ത് ലൂര്‍ദ്മാതാ സ്കൂളിലെ 100 കുട്ടികള്‍ അവശനിലയില്‍. കുട്ടികളെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ അവശനിലയിലായതിനേ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിച്ച് ആളുകളെ കൂട്ടിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

പകര്‍ച്ചപ്പനി ബാധിതര്‍ക്കു മംഗളത്തിന്റെ സഹായഹസ്തം

മംഗളത്തിന്റെ ആഭിമുഖ്യത്തില്‍ എരുമേലി പഞ്ചായത്തിലെ പൂതക്കുഴിയില്‍ നടന്ന അരിവിതരണത്തിന്റെ ഉദഘാടനം പഞ്ചായത്ത് മെമ്പര്‍ അനിതാ സന്തോഷ് നിര്‍വഹിക്കുന്നു.

പകര്‍ച്ചപ്പനിയും ചിക്കുന്‍ ഗുനിയയും ബാധിച്ചു ദുരിതമുനമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ മംഗളം മുന്നിട്ടിറങ്ങുന്നു. പത്രപ്രവര്‍ത്തനവും ജീവകാരുണ്യസേവനവും സമന്വയിപ്പിച്ച മംഗളത്തിന്റെ മാര്‍ഗദര്‍ശി യശശരീരനായ എം.സി. വര്‍ഗീസിന്റെ ആശയാഭിലാഷങ്ങള്‍ക്ക് അനുസൃതമായി മംഗളം ഈ കാലഘട്ടത്തിന്റെ ദൌത്യം വിനയപൂര്‍വം ഏറ്റെടുക്കുകയാണ്.

കോട്ടയം ജില്ലയില്‍ പകര്‍ച്ചപ്പനി ആദ്യമായി ദൃശ്യമായ കാഞ്ഞിരപ്പള്ളിയില്‍ സഹായഹസ്തങ്ങളുമായി ആദ്യമെത്തിയതു മംഗളമാണ്. പാറത്തോടു പഞ്ചായത്തിലെ നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി വീതം വിതരണംചെയ്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട് സഹായവിതരണോദ്ഘാടനം നിര്‍വഹിച്ചു. എരുമേലി പഞ്ചായത്തില്‍ പനിബാധിതമായ ഇരുനൂറോളം കുടുംബങ്ങള്‍ക്കിടയിലായിരുന്നു അരി വിതരണം. വാര്‍ഡ് അംഗം അനിതാകുമാരി ഉദ്ഘാടനം ചെയ്തു. തിരുവാര്‍പ്പ് പഞ്ചായത്തിലെ നാലു ദുരിതാശ്വാസ ക്യാമ്പുകളിലെ അരി വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ കരീം നിര്‍വഹിച്ചു. പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാകുംവരെ മംഗളത്തിന്റെ സഹായം തുടരും. ഈ പദ്ധതിയുടെ വിജയത്തിനു സന്നദ്ധ സംഘടനകളുടെയും ഉദാരമതികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സന്ധിവേദനയും തളര്‍ച്ചയും മൂലം അവശതയില്‍ കഴിയുന്നവരെ സഹായിക്കാന്‍ മംഗളം ഒരുക്കിയ ഈ ജീവകാരുണ്യ പദ്ധതിക്ക് എല്ലാവരുടേയും സഹായസഹകരണമുണ്ടാകണമെന്നു താല്‍പര്യം. ഈ പദ്ധതിയുമായി സഹകരിക്കുന്നവരുടെ പേരുവിവരം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കും.

ബന്ധപ്പെടേണ്ട വിലാസം:

കോ-ഓര്‍ഡിനേറ്റര്‍, മംഗളം പബ്ളിക്കേഷന്‍സ്, എസ്.എച്ച്. മൌണ്ട് പി.ഒ. കോട്ടയം. ഫോണ്‍: 0481 2563024, 98950 10163

കടപ്പാട്‌: മംഗളം

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കൃഷി, കേരളം, ജലം, ഭക്ഷണം, മാധ്യമം, വായ്പ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w