22-7-07 ലെ വാര്‍ത്തകള്‍

ഭൂമിയിടപാടിലെ ലാഭത്തിന് (ക്യാപിറ്റല്‍ ഗെയിന്‍) ആദായ നികുതി ബാധകമാണ്. പക്ഷേ വില്‍ക്കുന്നത് കൃഷിഭൂമി ആണെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ല (എന്നാല്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയില്‍പ്പെടുന്ന ഭൂമിയും അവയുടെ അതിര്‍ത്തിയില്‍ നിന്ന് എട്ടു കിലോമീറ്ററിനുള്ളില്‍പ്പെടുന്ന ഭൂമിയും കൃഷിഭൂമിയാണെങ്കില്‍പോലും നികുതി ഒഴിവിനര്‍ഹമല്ല).

കൃഷിഭൂമിക്ക് നികുതി ബാധകമല്ലെങ്കിലും ആദായ നികുതി നിയമത്തില്‍ ‘കൃഷിഭൂമിക്ക് പ്രത്യേകം നിര്‍വചനം നല്‍കിയിട്ടില്ല എന്നതിനാല്‍ വിറ്റ ഭൂമി കൃഷിഭൂമിയാണെന്ന് തെളിയിക്കേണ്ടതായിട്ടുണ്ട്. സുപ്രീംകോടതി സരീഫാബീബി മുഹമ്മദിന്റെ കേസില്‍ 204 ITR 631 ഭൂമി കൃഷിഭൂമിയാണോ എന്ന് പരിശോധിക്കാന്‍ 13 ടെസ്റ്റുകള്‍ അഥവാ പരിശോധനകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരിശോധനകളാണ് ഭൂമി കൃഷിഭൂമിയാണോ എന്ന നിഗമനത്തില്‍ എത്തുന്നതിന് ഇപ്പോള്‍ ആധികാരികമായി ഉപയോഗിക്കുന്നത്.

സുപ്രീംകോടതിയുടെ 13 പരിശോധനകള്‍ പ്രയോഗിച്ച ഒരു കേസ് അടുത്തിടെയുണ്ടായി. മിന്‍ഗ്വല്‍ ചന്ദ്ര പൈസിന്റെ കേസില്‍ 282 ITR 618 (Bom) ബോംബെ ഹൈക്കോടതിയാണ് ഈ പരീക്ഷകള്‍ പ്രയോഗിച്ചത്. പ്രസ്തുത കേസില്‍ ഹര്‍ജിക്കാരനും ഭാര്യയും പിതൃസ്വത്തായി ലഭിച്ച തങ്ങളുടെ ഭൂമി- 65282 ചതുരശ്രമീറ്റര്‍- സണ്‍സെറ്റ് റീസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രണ്ടു കോടി 88 ലക്ഷം രൂപയ്ക്ക് 1995 ല്‍ വില്‍ക്കുകയുണ്ടായി. അതായത് ചതുരശ്രയടിക്ക് 441 രൂപവീതം. ഹര്‍ജിക്കാര്‍ വില്‍പനയിലെ മൂലധന ലാഭത്തിന് (ക്യാപിറ്റല്‍) ആദായ നികുതി നല്‍കാതിരുന്നതു കണ്ട് അവര്‍ക്ക് നോട്ടീസയച്ചപ്പോള്‍ പ്രസ്തുത ഭൂമി തെങ്ങും, കശുമാവും ഉള്ള കൃഷിഭൂമിയാണ് എന്നതിനാല്‍ ആദായ നികുതി ബാധകമല്ല എന്നാണവര്‍ അവകാശപ്പെട്ടത്.

എന്നാല്‍ അസസിങ് അധികാരി ഭൂമി കൃഷിഭൂമിയാണ് എന്ന വിശദീകരണം സ്വീകരിക്കാന്‍ തയാറായില്ല. ഭൂമി കൃഷിക്ക് പറ്റിയതല്ല, ഹര്‍ജിക്കാര്‍ പ്രവാസികളാണ് എന്നും ഭൂമി നോക്കാന്‍ ആളില്ല എന്നും മറ്റുമായിരുന്നു അസസിങ് അധികാരി നിരത്തിയ കാരണങ്ങള്‍. ഹര്‍ജിക്കാരുടെ പിതാവാണ് കൃഷി നോക്കിയിരുന്നത് എന്ന വിശദീകരണം സ്വീകരിക്കാതിരുന്നതിന് അദ്ദേഹത്തിന് വയസായി എന്നതും കൃഷിഭൂമി നോക്കിനടത്താനോ സ്വയം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാനോ സാധ്യമല്ല എന്നും മരങ്ങള്‍ ക്രമമായല്ല നട്ടിരിക്കുന്നതെന്നും അസസിങ് അധികാരി ചൂണ്ടിക്കാട്ടി. ഭൂമിയുടെ വിലയില്‍ നിന്നും അത് കൃഷിഭൂമിയല്ല എന്ന നിഗമനത്തിലെത്തുകയും ചെയ്തു. കൂടാതെ പ്രസ്തുത ഭൂമി നാലു പഞ്ചനക്ഷത്ര ഹോട്ടലുകളോട് ചേര്‍ന്നുള്ളതാണ് എന്നും ഹോട്ടലുകളിലൊന്നിന്റെ സഹോദര സ്ഥാപനമാണ് ഭൂമി വാങ്ങിയ കമ്പനിയെന്നും അസസിങ് അധികാരി ചൂണ്ടിക്കാട്ടി.

അപ്പീല്‍ സമര്‍പ്പിച്ച ഹര്‍ജിക്കാര്‍ ഹാജരാക്കിയ തങ്ങളുടെ പിതാവ് നിയോഗിച്ചിരുന്ന വീട്ടുജോലിക്കാരിയുടെ സത്യവാങ്മൂലപ്രകാരം മറ്റു തൊഴിലാളികളോടൊപ്പം അവരും പ്രസ്തുത ഭൂമിയില്‍ തെങ്ങിന്‍തൈകള്‍, കശുമാവിന്‍ തൈകള്‍ എന്നിവ നട്ടിരുന്നതും, വെള്ളമൊഴിക്കുകയും, വളം നല്‍കുകയും, ഫലങ്ങള്‍ പറിക്കുകയും ചെയ്തിരുന്നതായി സാക്ഷ്യപ്പെടുത്തി. മറ്റൊരു സത്യവാങ്മൂലം നല്‍കിയത് പഞ്ചായത്ത് അംഗം ആയിരുന്നു. അദ്ദേഹം പ്രസ്തുത ഭൂമി വില്‍ക്കുന്നതിനു മുന്‍പ് തൊഴിലാളികള്‍ പണിയെടുക്കുന്നതായി കണ്ടിട്ടുണ്ടെന്നും അവിടെ തെങ്ങിന്‍തോപ്പും കശുമാവിന്‍ തോട്ടവും മറ്റുമുള്ളതായി സാക്ഷ്യപ്പെടുത്തി. റജിസ്ട്രേഡ് വാല്യുവര്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലും ഭൂമി കൃഷിഭൂമിയാണ് എന്ന് അവകാശപ്പെടുകയുണ്ടായി. അപ്പീല്‍ കമ്മിഷണര്‍ സ്ഥലം പരിശോധിക്കുകയും ഭൂമിയില്‍ മൂന്നില്‍ രണ്ടു ഭാഗം കൃഷിഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മൂന്നിലൊന്നു ഭാഗം കൃഷിയോഗ്യമല്ല എന്ന നിലപാടാണു സ്വീകരിച്ചത്. പിന്നീട് ട്രൈബ്യൂണലിന്റെ മുന്നില്‍ കേസെത്തിയപ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ ഭൂമിയും കൃഷിഭൂമിയാണെന്ന് ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഡിപ്പാര്‍ട്ട്മെന്റാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിശോധിച്ച ട്രൈബ്യൂണല്‍ സുപ്രീംകോടതി വിവരിച്ചിട്ടുള്ള 13 പരിശോധനകള്‍ പ്രയോഗിച്ചശേഷമാണ് തങ്ങളുടെ നിഗമനത്തിലെത്തിയത് എന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 13 പരിശോധനകള്‍ ഇപ്രകാരമാണ്.

1. റവന്യൂ റെക്കോര്‍ഡുകളില്‍ ഭൂമി കൃഷിഭൂമിയായാണോ രേഖപ്പെടുത്തിയിട്ടുള്ളത്, ഭൂനികുതി നല്‍കുന്നുണ്ടോ?

2. ഭൂമി പ്രസ്തുത സമയത്ത് യഥാര്‍ഥമായി സാധാരണയായി കൃഷിക്ക് ഉപയോഗിച്ചിരുന്നുവോ?

3. ഉപയോഗം താല്‍ക്കാലികമായിരുന്നോ, അതോ ദീര്‍ഘകാലത്തേക്ക് ആയിരുന്നുവോ?

4. ഭൂമി വാങ്ങാന്‍ ചെലവാക്കിയ സംഖ്യയും കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനവും യുക്തിസഹിതമാണോ?

5. കാര്‍ഷികേതര ഉപയോഗത്തിനായി അനുമതി വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ മുഴുവന്‍ ഭൂമിക്കാണോ, ഒരു ഭാഗത്തിനു മാത്രമാണോ? ആരാണ് അനുമതി വാങ്ങിയത്, വാങ്ങിയ ആളോ വില്‍ക്കുന്ന ആളോ? മുന്‍പ് എപ്പോഴെങ്കിലും കാര്‍ഷികേതര ഉപയോഗത്തിന് അനുമതി വാങ്ങിയിട്ടുണ്ടോ, ഉണ്ടായിരുന്നെങ്കില്‍ നിര്‍ദിഷ്ട തീയതിയില്‍ എന്തിനാണ് ഉപയോഗിച്ചിരുന്നത്?

6. നിര്‍ദിഷ്ട തീയതിയില്‍ കൃഷിക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചോ? എങ്കില്‍ മറ്റൊരു ആവശ്യത്തിന് എന്നു മുതലാണ് ഉപയോഗിച്ചു തുടങ്ങിയത്, ഉപയോഗം താല്‍ക്കാലികമായിരുന്നോ, അതോ സ്ഥിരമായിരുന്നോ?

7. റവന്യൂ റെക്കോര്‍ഡുകളില്‍ കൃഷിഭൂമിയായി രേഖപ്പെടുത്തിയിട്ടും ഒരിക്കലും കൃഷിക്ക് ഉപയോഗിച്ചിട്ടില്ല എന്നുണ്ടോ? അതായത് ഉഴുകയും, കിളയ്ക്കുകയും ചെയ്തിട്ടില്ല എന്നുണ്ടോ? ഉടമ കൃഷിക്ക് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ?

8. വികസിത പ്രദേശത്താണോ ഭൂമി സ്ഥിതിചെയ്യുന്നത്, ചുറ്റുപാടുമുള്ള ഭൂപ്രത്യേകതകള്‍ ഭൂമി കൃഷിഭൂമിയാണെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ളതാണോ?

9. ഭൂമിയിലേക്ക് വഴിയും മറ്റു സൌകര്യങ്ങള്‍ ഒരുക്കുകയും പ്ളോട്ടായി തിരിച്ച് വികസിപ്പിച്ചിട്ടുമുണ്ടോ?

10. കാര്‍ഷികേതര ഉപയോഗത്തിന് ഭൂമിയുടെ ഏതെങ്കിലും ഭാഗം മുന്‍പ് വിറ്റിട്ടുണ്ടോ?

11. കൃഷിക്കാരനല്ല വാങ്ങുന്നത് എന്ന കാരണത്താല്‍ അനുമതി വാങ്ങിയിട്ടുണ്ടോ, വാങ്ങുന്നത് കാര്‍ഷിക ഉപയോഗത്തിനാണോ അതോ കാര്‍ഷികേതര ഉപയോഗത്തിനാണോ?

12. യാഡ് ആണോ ഏക്കര്‍ ആണോ അളവുകോലായി ഉപയോഗിച്ചിട്ടുള്ളത്?

13. ഒരു കൃഷിക്കാരന്‍ പ്രസ്തുത വിലയ്ക്ക് കാര്‍ഷിക ഉപയോഗത്തിനായി വാങ്ങുമോ, വില്‍ക്കുന്നയാള്‍ കൃഷി വരുമാനത്തിനെ അടിസ്ഥാനമാക്കി വില്‍ക്കുവാന്‍ തയാറാകുമോ?

എന്നാല്‍ ഒരുകാര്യം സുപ്രീംകോടതി വ്യക്തമാക്കി. മൊത്തത്തിലുള്ള തെളിവുകളും സാഹചര്യങ്ങളും കണക്കിലെടുത്തു വേണം നിഗമനത്തിലെത്താന്‍. 13 പരിശോധനകളില്‍ ഒന്നോ ഒന്നിലധികം ഘടകങ്ങള്‍ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്തെന്നു വരാം എന്നാല്‍ അന്തിമ തീരുമാനം മൊത്തം സാഹചര്യങ്ങള്‍ വിലയിരുത്തി യുക്തിസഹജമായി വേണം.

ട്രൈബ്യൂണല്‍ മൊത്തം സാഹചര്യങ്ങള്‍ പരിഗണിച്ചശേഷമാണ് തീരുമാനത്തിലെത്തിയത് എന്ന് ബോംബെ കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രണ്ടു സാക്ഷ്യപത്രങ്ങളില്‍ വില്‍ക്കുംവരെ ഭൂമിയില്‍ തൊഴിലാളികള്‍ കൃഷിപ്പണി ചെയ്തിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജന്മികളും മറ്റും കൃഷിയിടത്ത് വര്‍ഷത്തിലൊരിക്കലോ ചിലപ്പോള്‍ രണ്ടു വര്‍ഷം കൂടുമ്പോഴോ കൃഷിയിടം സന്ദര്‍ശിച്ച് കുടക്കീഴില്‍ നിന്നുകൊണ്ട് ചില നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമേ ചെയ്യാറുള്ളൂവെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിനാല്‍ വയസായ ആളാണെന്നതുകൊണ്ടു മാത്രം കൃഷി ചെയ്യാന്‍ സാധ്യമല്ല എന്നു പറയുന്നതില്‍ യുക്തിയില്ല.

ഭൂനികുതി നല്‍കുന്നതും റവന്യൂ റെക്കോര്‍ഡുകളില്‍ കൃഷിഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളതുമാണ് എന്നും ഹര്‍ജിക്കാര്‍ തെളിയിച്ചിരുന്നു. കാര്‍ഷികേതര ഉപയോഗത്തിന് ആരും അനുമതി വാങ്ങിയിട്ടുണ്ടായിരുന്നുമില്ല. വില്‍ക്കുന്ന സമയത്ത് കൃഷിക്ക് ഉപയോഗിച്ചിരുന്നതായും ഹര്‍ജിക്കാര്‍ തെളിയിച്ചിരുന്നു.

ചുരുക്കത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ള പരിശോധനകളില്‍ മിക്കതും ഭൂമി കൃഷിഭൂമിയാണെന്ന് സ്ഥിരീകരിക്കുംവിധം ഹര്‍ജിക്കാര്‍ക്ക് അനുകൂലമായിരുന്നു.

നാലാമത്തെ പരിശോധന ഭൂമിയുടെ വിലയുടെ കാര്യത്തില്‍ ഉയര്‍ന്ന വിലയാണെന്നു വേണമെങ്കില്‍ ചൂണ്ടിക്കാട്ടാം. എന്നാല്‍, രണ്ടു കാര്യങ്ങള്‍ പ്രസക്തമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാമതായി പ്രസ്തുത ഭൂമി വാങ്ങിയ കമ്പനിയുടെ സഹോദര സ്ഥാപനത്തിന്റെ ഭൂമിയോട് ചേര്‍ന്നുള്ളതാണ്. രണ്ടാമതായി ഒരുപക്ഷേ ഭൂമി തുടര്‍ന്നും കൃഷിക്ക് ഉപയോഗിക്കുന്നതുമൂലം സഹോദര സ്ഥാപനത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാമെന്നോ ലാന്‍ഡ് സ്കേപ്പിങ്ങിന് ഉപയോഗിക്കാമെന്നോ കരുതിയിട്ടുണ്ടാവാം.

എന്നാല്‍ വില്‍ക്കുന്ന സമയത്തോ പിന്നീടോ ഭൂമിയുടെ സ്വഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. 12-ാമത്തെ പരിശോധന മെട്രിക് സമ്പ്രദായമായി ഉപയോഗിക്കുന്ന ഇക്കാലത്ത് പ്രസക്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

13-ാം പരിശോധനയുടെ കാര്യത്തില്‍ ഒരുപക്ഷേ വാങ്ങുന്നയാള്‍ ഒരു സാധാരണ കൃഷിക്കാരനായിരുന്നെങ്കില്‍ ഇത്രയും വില നല്‍കില്ലായിരിക്കാം. എന്നാല്‍ വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം അവരുടെ സഹോദര സ്ഥാപനത്തിന്റെ ഹോട്ടലിനോട് ചേര്‍ന്നുള്ള ഭൂമിയാണെന്നത് ആകര്‍ഷണീയമായിരുന്നിരിക്കാം.

വാങ്ങിയ കമ്പനിയുടെ മെമ്മോറാണ്ടത്തിലും ആര്‍ട്ടിക്കിള്‍സിലും കമ്പനിയുടെ പ്രധാന പ്രവര്‍ത്തനോദ്ദേശ്യം കൃഷിയാണെന്നും വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്രസ്തുത ഭൂമി വാങ്ങുന്നയാള്‍ കെട്ടിടം പണിയാന്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മൊത്തം സാഹചര്യങ്ങളും സുപ്രീംകോടതിയുടെ പരിശോധനകളും കണക്കിലെടുത്ത് ഭൂമി കൃഷിഭൂമിയാണ് എന്ന നിഗമനത്തിലെത്തിയ ട്രൈബ്യൂണലിന്റെ വിധി അതിനാല്‍ ബോംബെ ഹൈക്കോടതി ശരിവച്ചു.

കടപ്പാട്‌: മനോരമ

*****************************************************1. വൈപ്പിന്‍: ഉപ്പു വിളയുന്ന വൈപ്പിന്‍ ദ്വീപിന്റെ മണ്ണില്‍ മുന്തിരിയും വിളയുമെന്നതിന് തെളിവാണ് ഞാറയ്ക്കല്‍ ഊക്കന്‍ ജോസിന്റെ വീട്ടുമുറ്റം. ജോസിന്റ വീട്ടുമുറ്റത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന മുന്തിരിവള്ളിയില്‍ പഴുത്തുകിടക്കുന്ന റോസ് മുന്തിരിക്കുലകള്‍ കണ്ടാല്‍ ഏതൊരാളും അത്ഭുതപ്പെട്ടു പോകും. ഇതു തമിഴ്നാട്ടിലെ തേനി, കമ്പം പ്രദേശമാണോ എന്നും സംശയിച്ചേക്കാം. ഞാറയ്ക്കലെ ആശുപത്രിപ്പടി സ്റ്റോപ്പില്‍ ജ്വല്ലറി നടത്തുന്ന ജോസ് കര്‍കനോ കര്‍ഷക തൊഴിലാളിയോ അല്ല. പക്ഷേ ചെടികളോടും പൂക്കളോടുമുള്ള കമ്പം ഏറെയാണ്. വീട്ടുമുറ്റത്ത് നട്ടുവളര്‍ത്താന്‍ ആറു മാസം മുന്‍പ് മണ്ണുത്തിയില്‍ നിന്നും വാങ്ങിയ ഓര്‍ക്കിഡുകളുടെ കൂട്ടത്തില്‍ കിട്ടിയതാണ് ഈ മുന്തിരിവളളി. വീട്ടുമുറ്റത്തെ ഒരു മൂലയില്‍ നട്ട ഈ മുന്തിരി വള്ളിക്ക് പ്രത്യേക പരിഗണനയോ വളമോ കീടനാശിനി പ്രയോഗമോ ഒന്നും തന്നെ ചെയ്തിരുന്നില്ല. ചെടികള്‍ നനനയ്ക്കുമ്പോള്‍ മുന്തിരിവള്ളിയും നനനയും. അങ്ങിനെ നാലു മാസം കഴിഞ്ഞപ്പോഴേക്കും മുന്തിരിവള്ളി പടര്‍ന്നു പന്തലിച്ചു. ഏറെ ദിവസം കഴിയും മുന്‍പേ പൂക്കളുമിട്ടു. അറുപതിലേറെ മുന്തിരിക്കുലകളാണ് ഇപ്പോള്‍ ജോസിന്റെ വീട്ടുമുറ്റത്ത് മൂത്തു പഴുത്തു കിടക്കുന്നത്. രുചിയോ അതി ഗംഭീരം. ജോസിന്റെ ഭാര്യ ജിജിക്കും മക്കളായ പോളിനും ആന്റണിക്കും കാക്കയേയും കിളികളെയും ഓടിക്കാനെ നേരമുള്ളു.മാമ്പഴക്കാലമല്ലാത്തതിനാല്‍ ഈ ഭാഗത്തെ കിളികള്‍ക്കും കാക്കകള്‍ക്കും വിശപ്പടക്കാന്‍ ഇപ്പോള്‍ ഏക ആശ്രയം ജോസിന്റെ മുന്തിരിത്തോ പ്പാണ്.

2. കോട്ടയം: റബര്‍ വിപണിയിലെ അവധിവ്യാപാരം നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്നു റബര്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പയസ് സ്കറിയ പറഞ്ഞു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കും ഏഴായിരത്തോളം വരുന്ന ചെറുകിട വ്യാപാരികള്‍ക്കും സര്‍ക്കാരിന്റെ ഈ നടപടി സഹായകമാകും. റബറോ, ലൈസന്‍സോ ഇല്ലാതെ നടത്തുന്ന അവധിവ്യാപാരംമൂലം റബറിന്റെ ആഭ്യന്തരവിപണി തകര്‍ച്ച നേരിടുകയാണ്. അവധിവ്യാപാരം മൂലം സര്‍ക്കാരിനു ലഭിക്കേണ്ട നികുതി വരുമാനവും നഷ്ടപ്പെടുന്നു. അവധിവ്യാപാരം നിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കു കോട്ടയം റബര്‍ ഡീലേഴ്സ് അസോസിയേഷന്‍ പൊതുയോഗം പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ പയസ് സ്കറിയ, തോമസ് പി.ഉമ്മന്‍, സണ്ണി ഏബ്രഹാം, ടി.എം. നസീര്‍, വര്‍ഗീസ് പി.ഏബ്രഹാം, പി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാട്‌: ദീപിക

*************************************************************
ആലപ്പുഴ: സിവില്‍സപ്ളൈസ് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കല്‍ തുടങ്ങിയ അടിയന്തര കാര്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ സപ്ളൈകോ ജീവനക്കാര്‍ ഓണച്ചന്തകള്‍ ബഹിഷ്കരിക്കുമെന്ന് കേരള സ്റ്റേറ്റ് സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ എംപ്ളോയിസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍സെക്രട്ടറി പി ബി സുധന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാര്‍ നിരവധി നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. സപ്ളൈകോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഭക്ഷ്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ താല്‍പര്യങ്ങള്‍ കാണിക്കുന്നില്ല. തുച്ഛമായ ഇപിഎഫ് പെന്‍ഷനാണ് നിലവിലുള്ളത്. എന്നാല്‍ ഡെപ്യൂട്ടേഷന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഒരേ സ്ഥാപനങ്ങളില്‍ രണ്ടുതരം സേവന വ്യവസ്ഥകള്‍ എന്നത് അംഗീകരിക്കാന്‍ കഴിയില്ല. സപ്ളൈകോയിലെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണം. ഡെപ്യൂട്ടേഷന്‍മൂലം പ്രതിവര്‍ഷം മൂന്നുകോടി രൂപ സപ്ളൈകോയ്ക്ക് അധികബാധ്യത ഉണ്ടാവുന്നുണ്ട്. ജില്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് അഴിമതി തുടരുകയാണ്. ഇതിനെ ചോദ്യം ചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റിയും, നടപടിയെടുത്തും ദ്രോഹിക്കുകയാണ് . അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടിച്ച് അവരെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോവിന് കൈമാറും. ആവശ്യമായ തെളിവുകളും നല്‍കും. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സിവില്‍സപ്ളൈസിലെ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിക്കും. ഐഎസ്ഒ ട്രേഡ്മാര്‍ക്ക് ലഭിക്കുന്നതിനുവേണ്ടി ലക്ഷങ്ങളുടെ ധൂര്‍ത്താണ് നടത്തിയിട്ടുള്ളത്. പ്രതിമാസം 25,000 രൂപ കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കിക്കൊണ്ടിരിക്കുന്നു. ആഡംബരകാറുകള്‍ വാങ്ങാനും, വിമാനയാത്രക്കുമായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ഈ കാര്യങ്ങളില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഓണക്കാലത്ത് ജനങ്ങള്‍ക്ക് സിവില്‍ സപ്ളൈസിന്റെ പ്രയോജനം ലഭിക്കാനും ജീവനക്കാരുടെ സഹകരണം ഉറപ്പുവരുത്താനും കഴിയണമെന്നും ജനറല്‍സെക്രട്ടറിആവശ്യപ്പെട്ടു. ഹരിദാസ്, വി കെ മധു, അഷറഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കടപ്പാട്‌: ദേശാഭിമാനി

******************************************************

ന്യൂഡല്‍ഹി: അടിസ്ഥാന സൌകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 100 കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി പി.ചിദംബരം അറിയിച്ചു.  സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് 100 കോടി രൂപ നല്‍കാന്‍ തീരുമാനമായത്. ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് ഡെവലപ്മെന്റ് ഫണ്ട് എന്ന പേരിലായിരിക്കും പുതിയ ഫണ്ട് അനുവദിക്കുന്നത്.      പകുതി വഴിയിലായ വികസന പദ്ധതികളുടെ 75 ശതമാനം വരെ പുതിയ ഫണ്ടില്‍ നിന്ന് കണ്ടെത്താനാവും. പദ്ധതികള്‍ വിജയകരമായാല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന തുക പലിശ രഹിത വായ്പയായി കണക്കാക്കും. ഈ തുക കരാര്‍ ഏറ്റെടുക്കുന്നവരില്‍നിന്നു ഈടാക്കും. പരാജയപ്പെടുകയാണെങ്കില്‍ തുക ഗ്രാന്റായി പരിഗണിക്കാനും തീരുമാനമായി. ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ സാമ്പത്തികകാര്യ മന്ത്രി സഭാ ഉപസമിതിയെ ഏല്‍പ്പിക്കും. സിറ്റിഗ്രൂപ്പ്, ബ്ളാക്ക് സ്റ്റോണ്‍, ഐ.ഡി.എഫ.സി., ഐ.എഫ്.സി.എല്‍., തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളുമായി ഉടന്‍ പുറത്തിറങ്ങുമെന്നു ചിദംബരം പറഞ്ഞു. റിസര്‍വ് ബാങ്ക് അടിസ്ഥാന സൌകര്യ വികസനത്തിനായി 500 കോടി നല്‍കാന്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍ ഈ തുക പണപ്പെരുപ്പമുണ്ടാക്കുമെന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ഇറക്കുകയില്ലെന്നും ചിദംബരം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഷ്യന്‍ വികസന ബാങ്കുമായി അടിസ്ഥാന സൌകര്യ വികസനത്തിന് 12 സംസ്ഥാനങ്ങള്‍ കരാറില്‍ ഒപ്പിട്ടിരുന്നു. 2007 -12 കാലഘട്ടത്തില്‍ തുറമുഖങ്ങള്‍, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൌകര്യ വികസനത്തിനു 500 കോടിയിലധികം ചെലവുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കടപ്പാട്‌: മംഗളം

 കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്തം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, മാധ്യമം, രജിസ്ട്രേഷന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w