20-7-07 ലെ വാര്‍ത്തകള്‍

പാലക്കാട്: രജിസ്ട്രേഷന്‍ നിയമം അട്ടിമറിച്ച് പണി തീരാത്ത ഫ്ലാറ്റുകള്‍ ചുളുവിലക്ക് കൂട്ടത്തോടെ രജിസ്റ്റര്‍ ചെയ്ത് നല്‍കുക വഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന് പത്തുകോടിയോളം രൂപ നഷ്ടപ്പെട്ടു. നികുതിവെട്ടിപ്പ് ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായ നിയമഭേദഗതി കാറ്റില്‍ പറത്തി പാലക്കാട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ 35 ആധാരങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുമാസം മുമ്പുള്ള തീയതിവെച്ച് ഒരേ വേണ്ടര്‍ വില്‍പന നടത്തിയ മുദ്രപത്രങ്ങളില്‍ ആധാരം തയാറാക്കിയത് ഒരേ എഴുത്തുകാരാണെന്നത് ഇതിനു പിന്നിലെ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു.

രജിസ്ട്രേഷനായി 25 ആധാരങ്ങള്‍ കൂടി കാത്തുകിടക്കുന്നുണ്ടെന്നും അറിവായി.
ഒരു സെന്റ് ഭൂമിക്ക് ഒരുലക്ഷത്തിലേറെ വിലയുള്ള നഗരത്തിലെ മണപ്പുള്ളിക്കാവില്‍ സ്വിമ്മിംഗ്പൂള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുമെന്ന് പറയുന്ന ഫ്ലാറ്റുകള്‍ സ്ക്വയര്‍ ഫീറ്റിന് 40 രൂപയില്‍ താഴെ സംഖ്യക്ക് വിറ്റതായാണ് രേഖ. ഒന്നാംനിലയില്‍ 971 സ്ക്വയര്‍ ഫീറ്റ് വരുന്ന ഫ്ലാറ്റ് 30,000 രൂപക്ക് മുംബൈ ചെമ്പൂരിലുള്ള ഒരാള്‍ക്ക് വിറ്റുവെന്ന് രജിസ്ട്രേഷന്‍ പൂര്‍ത്തിയായി നമ്പറിട്ട ആധാരങ്ങളൊന്നില്‍ പറയുന്നു. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള അമ്പാസ് പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനം 72 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന സമുച്ചയത്തില്‍ 81 ഫ്ലാറ്റുകളാണ് ഉണ്ടാവുകയത്രെ. ഇതില്‍ 60 ഫ്ലാറ്റുകളുടെ ‘മുന്‍കൂര്‍ വില്‍പനയുടെ’ രജിസ്ട്രേഷനാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊണ്ടുപിടിച്ച് നടക്കുന്നത്. എല്ലാ സജ്ജീകരണങ്ങളുമുള്ള ഫ്ലാറ്റിന് കുറഞ്ഞ വില കണക്കാക്കിയാല്‍ പോലും ലക്ഷങ്ങള്‍ വരുമെന്നിരിക്കെ വാങ്ങുന്ന തുകയുടെ പതിനാലര ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി ലഭിക്കുന്നതിലാണ് സര്‍ക്കാറിന് വന്‍തോതില്‍ കുറവ് സംഭവിച്ചത്.

ലൈസന്‍സുള്ള വേണ്ടറില്‍നിന്ന് വാങ്ങുന്ന മുദ്രപത്രം ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്താന്‍ നാലുമാസം കാലാവധിയുണ്ടെന്ന നിയമത്തിന്റെ മറവില്‍ നടന്ന കൂട്ട രജിസ്ട്രേഷന്‍ തികച്ചും ആസൂത്രിതമായിരുന്നു. നിയമം പ്രാബല്യത്തിലാവുന്നതിന് തൊട്ടുമുമ്പ് നികുതിവകുപ്പ് സെക്രട്ടറിയടക്കമുള്ള ഐ.എ.എസ്^ഐ.പി.എസ് ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത് തുച്ഛ വിലക്ക് ഫ്ലാറ്റുകള്‍ വാങ്ങിയതിനെപ്പറ്റി ചീഫ് സെക്രട്ടറിയെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അലയൊലി അടങ്ങുംവരെ കാത്തിരുന്ന ശേഷമാണ് പാലക്കാട്ടെ രജിസ്ട്രേഷന്‍ അരങ്ങേറിയത്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലായ ഉത്തരവിറങ്ങിയത് മാര്‍ച്ച് 28നായിരുന്നു. പാലക്കാട്ടെ രജിസ്ട്രേഷനുവേണ്ടിയുള്ള മുദ്രപത്രങ്ങള്‍ പി. രവീന്ദ്രനാഥന്‍ എന്ന വേണ്ടറില്‍നിന്ന് വാങ്ങിയിട്ടുള്ളത് മാര്‍ച്ച് 29നാണ്. ഇതിന്റെ കാലാവധി ഈമാസം 29ന് തീരാനിരിക്കെയാണ് കൂട്ടത്തോടെയുള്ള രജിസ്ട്രേഷനുകള്‍. തൊട്ടടുത്ത നമ്പറുകളില്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണ് ഏറെ വിസ്മയകരം. ഈമാസം 12ന് 5892/07 നമ്പര്‍ മുതല്‍ 5899/07 വരെ എട്ട് ആധാരങ്ങളും 13ന് 5961/07 മുതല്‍ 5964/07 വരെ നാല് ആധാരങ്ങളും 17ന് 6040/07 മുതല്‍ 6060/07 വരെ 20 ആധാരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഫീസ് പ്രവൃത്തി സമയത്തിന് ശേഷമാണ് രജിസ്ട്രേഷന്‍ നടപടികള്‍ ഒരുമിച്ച് നടന്നതത്രെ. ജില്ലാ രജിസ്ട്രാറായി വിരമിച്ച സ്ത്രീയുടെ ലൈസന്‍സ് ഉപയോഗിച്ചാണ് ആധാരങ്ങള്‍ തയാറാക്കിയിട്ടുള്ളത്. മാത്രമല്ല, ഈ ആധാരമെഴുത്ത് ഓഫീസ് രജിസ്ട്രേഷന്‍ വകുപ്പിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ ബന്ധുവിന്റേതാണെന്നും അറിവായിട്ടുണ്ട്.
മാര്‍ച്ച് 29ന് വാങ്ങിയ മുദ്രപത്രങ്ങള്‍ രജിസ്ട്രേഷന്‍ നടത്താന്‍ ജൂലൈ 29വരെ കാലാവധിയുണ്ടെങ്കിലും ഫ്ലാറ്റുകളുടെ വില്‍പന സംബന്ധിച്ച് നിയമസഭ പാസാക്കിയ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഈ രജിസ്ട്രേഷനുകള്‍. ഭൂമിയുടെ വിഹിതം രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്നതോടൊപ്പം വാങ്ങുന്നയാളുമായി ഫ്ലാറ്റ് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കുന്ന രീതിയാണ് മുമ്പ് ഉണ്ടായിരുന്നത്. ഭൂമിയുടെ വില കണക്കാക്കി നാമമാത്ര തുകക്ക് ആധാരം തയാറാക്കുകയും അതില്‍ ബി പട്ടിക എന്ന പേരില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെ വിവരം കാണിക്കുകയുമാണ് ചെയ്തിരുന്നത്. ഈ സമ്പ്രദായപ്രകാരം ഫ്ലാറ്റിന്റെ വിലക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി സര്‍ക്കാറിന് ലഭിച്ചിരുന്നില്ല. ഇത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 1959ലെ കേരള സ്റ്റാമ്പ് ആക്ടില്‍ ഭേദഗതി വരുത്തിയത്. ഇതോടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ബി പട്ടികയില്‍ രേഖപ്പെടുത്തുന്ന മൂല്യങ്ങള്‍ക്കും നികുതി ചുമത്തി തുടങ്ങി. നഗരത്തില്‍ 12.5 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം ഫീസുമാണ് നിശ്ചയിച്ചിട്ടുള്ളത്. 20 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റിന് 2.90 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി അടക്കണം. പാലക്കാട്ടുതന്നെ ഈ രീതിയില്‍ മാത്രമാണ് ഏപ്രില്‍ ഒന്നിന് ശേഷം ഫ്ലാറ്റ് രജിസ്ട്രേഷനുകള്‍ നടന്നിട്ടുള്ളത്.

എന്നാല്‍, വിവാദ കൂട്ട രജിസ്ട്രേഷന്‍ വഴി സര്‍ക്കാറിന് ലഭിച്ചത് ഓരോ ആധാരത്തിലും 4000 രൂപയില്‍ താഴെ മാത്രമാണ്. ഫ്ലാറ്റിലെ സൌകര്യമനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിക്കുകയും ചെയ്യും. മണപ്പുള്ളിക്കാവില്‍ പൂര്‍ത്തിയാവുന്ന സമുച്ചയത്തിന്റെ മതിപ്പുവില കണക്കാക്കിയാല്‍ പത്തുകോടി രൂപ സര്‍ക്കാറിന് നഷ്ടമാവുമെന്നാണ് അറിയുന്നത്.

ടി.വി. ചന്ദ്രശേഖരന്‍

കടപ്പാട്‌: മാധ്യമം

*****************************************************

നമ്മുടെ സര്‍ക്കാര്‍ അധികാര വികേന്ദ്രീകര ണത്തിന്റെ സൌകര്യങ്ങളുപയോഗിച്ച് പഞ്ചായത്തു കള്‍ വഴി ചിക്കുന്‍ഗുനി യയെ പ്രതിരോധിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമ മായി നടത്താന്‍ കഴിയുന്നി ല്ല. ഇതു പരിഹരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ചിലതു ചെയ്യാന്‍ കഴിയും. പരിസരശുചീകരണത്തെക്കുറിച്ച് പരസ്യ ചിത്രങ്ങള്‍, പ്രശസ്തരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍, പകര്‍ച്ചപ്പനിക്കുള്ള  ആയുര്‍വേദ മരുന്നുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ദൃശ്യ മാധ്യമങ്ങള്‍ക്ക് അവതരിപ്പിക്കാവുന്നതാണ്. ‘പനി ബാധിച്ചാല്‍ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം എന്നിങ്ങനെയുള്ള രോഗകാല മുന്‍കരുതലുകളെപ്പറ്റി പരിപാടികള്‍ അവതരിപ്പിക്കാം. ഇക്കാര്യത്തില്‍ നമ്മുടെ ചാനലുകളെക്കാളും പത്രങ്ങളെക്കാളും ഏറെ മുന്നിലാണ്  ഓള്‍ ഇന്ത്യാ റേഡിയോ. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം തന്നെ വേണം.

അധികൃതര്‍ക്കും ചിലതു ചെയ്യാവുന്നതാണ്. വീടുകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമങ്ങളൊന്നും നമുക്കില്ല. ഇക്കാര്യത്തി ല്‍ ജനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണം. റബര്‍തോട്ടങ്ങളില്‍ കപ്പുകളും ചിരട്ടകളും ഉപയോഗമില്ലാത്തപ്പോള്‍ കമഴ്ത്തി വയ്ക്കണം, വീടുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ പ്ളാസ്റ്റിക് വസ്തുക്കള്‍, ടയറുകള്‍, ട്യൂബുകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കുന്ന തരത്തില്‍ ഇടരുത്. ചീഞ്ഞ സാധനങ്ങള്‍ വീടുകളില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ വേണം
നിക്ഷേപിക്കേണ്ടത്.

പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്ക്  പിഴചുമത്താനുള്ള അധികാരം പഞ്ചായത്തുകള്‍ക്കു നല്‍കണം. ഇത് 10 രൂപ മുതല്‍ 50 രൂപ വരെയാകാം. ഈ തുക പരാതി നല്‍കുന്ന ആളിനു നല്‍കാവുന്നതാണ്. പഞ്ചായത്ത് അംഗങ്ങള്‍ക്കായിരിക്ക ണം ഇതിന്റെ ചുമതല. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രിക്ക്  ഞാന്‍ എഴുതിയിട്ടുണ്ട്. ഇത്   നിസ്സാരമാണെന്നു തോന്നാം. പക്ഷെ ഗൌരവമായി മുന്നോട്ടു നീങ്ങിയാല്‍ ഫലം ഉണ്ടാകുക തന്നെ ചെയ്യും.

ജെയ്സ് ജോയ്
എംബസി ഗോള്‍ഫ് ലിങ്ക്സ് ബിസിനസ് പാര്‍ക്ക്- ബ്ളോക്ക് സി, 2 ഫ്ളോര്‍, ഓഫ് ഇന്ദിരാനഗര്‍- കോറമംഗല ഇന്റര്‍മീഡിയറ്റ് റിങ് റോഡ്,
ബാംഗൂര്‍- 560 071

കടപ്പാട്‌: മനോരമ

*****************************************************

തിരുവനന്തപുരം: ചിക്കുന്‍ ഗുനിയയും പകര്‍ച്ചപ്പനി എന്നിവ വീണ്ടുമുണ്ടാകുമെന്നു മുന്നറിയിപ്പു ലഭിച്ചപ്പോള്‍ സംസ്ഥാനത്ത് ആരോഗ്യ പദ്ധതികള്‍ക്കായി ലഭ്യമായിരുന്ന തുക ആരോഗ്യവകുപ്പു പൂര്‍ണമായി പാഴാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍ റിപ്പാര്‍ട്ടിലാണ് ഇതുസംബന്ധിച്ചു രേഖ പുറത്തുവന്നത്.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനടക്കം വിവിധ പദ്ധതികള്‍ക്കു ബജറ്റില്‍ അനുവദിച്ച തുകയും കേന്ദ്ര സഹായമായി ലഭിച്ച തുകയും ഉപയോഗിച്ചില്ല. 50 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവഴിക്കേണ്ട പദ്ധതികളിലും പണം പൂര്‍ണമായി വിനിയോഗിച്ചില്ല. ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനുമായി വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14.39 കോടി രൂപയില്‍ 8.30 കോടി രൂപ മാത്രമാണ് ഉപയോഗിച്ചത്.     പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക്, ജില്ലാ , ജനറല്‍ ആശുപത്രികള്‍ എന്നിവയിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് അനുവദിച്ച 5.50 കോടി രൂപയയില്‍ 2. 75 കോടിയേ ഉപയോഗിച്ചുള്ളു. ദാരിദ്യ്രരേഖയില്‍ താഴെയുള്ളവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ വകയിരുത്തിയ അഞ്ചുലക്ഷം രൂപ അതേപടി കിടന്നു. പകര്‍ച്ചവ്യാധി പ്രതിരോധം, സ്കൂളുകളിലെ ആരോഗ്യ പരിപാടി, സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളുടെ നവീകരണം, മായം ചേര്‍ക്കല്‍ തടയാനുള്ള നടപടികള്‍, ഡെന്റല്‍ ക്ളിനിക്കുകളില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ആശുപത്രി മാലിന്യങ്ങളുടെ നിര്‍മാര്‍ജനം, അടിയന്തിര ആരോഗ്യ സേവനം തുടങ്ങി 35 കാര്യങ്ങള്‍ക്കായി വകയിരുത്തിയ തുകയാണ് ഒട്ടും ഉപയോഗിക്കാത്തത്. ഇതു ലാപ്സാകും.

കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ച കോടിക്കണക്കിന് രൂപ വകുപ്പു വഴിമാറ്റി ചെലവഴിച്ചു. ആശുപത്രികളില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനുപകരം ആവശ്യമില്ലാത്തിടങ്ങളില്‍ കെട്ടിടം നിര്‍മിക്കാനാണ് ഇതുപയോഗിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ അനുവദിച്ച 2.16 കോടി രൂപയില്‍ 1.46 കോടി മാത്രമാണ് ചെലവഴിച്ചത്.

റോയി കൊട്ടാരച്ചിറ

കടപ്പാട്‌: മംഗളം
*****************************************************

ന്യൂഡല്‍ഹി: വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബോളിവുഡ് താരവിഗ്രഹം അമിതാഭ് ബച്ചന്‍ ‘കര്‍ഷകപദവി’ വെടിയുന്നു. മഹാരാഷ്ട്രയിലെ പുണെയിലും ഉത്തര്‍പ്രദേശിലെ ബാറബാങ്കി ജില്ലയിലും നിയമവിരുദ്ധമായി പതിച്ചുകിട്ടിയ കൃഷിഭൂമി ബച്ചന്‍ സര്‍ക്കാരിന് ‘സംഭാവനയായി’ നല്‍കി. ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ച് ബച്ചന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക്് കത്തെഴുതുകയായിരുന്നു.

പുണെയില്‍ തന്റെ പേരിലുള്ള 5.31 ഹെക്ടറും മകന്‍ അഭിഷേക് ബച്ചന്റെ പേരിലുള്ള 4.01 ഹെക്ടറും സംഭാവനയായി നല്‍കാന്‍ അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനും പുണെ ഡിവിഷണല്‍ കമീഷണര്‍ക്കും അയച്ച കത്തില്‍ ബച്ചന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാറബാങ്കി ജില്ലയിലെ ദൌലത്പുരില്‍ മൂന്ന് പ്ളോട്ടുകളായുണ്ടായിരുന്ന നാലര ബീഖ കൃഷിഭൂമി കൈയൊഴിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഈ ഭൂമി ഗ്രാമസഭയ്ക്ക് തിരികെ നല്‍കുകയായിരുന്നു.

ഭൂമി നല്‍കാന്‍ സന്നദ്ധതയറിയിച്ച് ബച്ചന്റെ കത്തൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേശ്മുഖ് പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

1. തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില നിര്‍ണയം ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നു മന്ത്രി എസ്.ശര്‍മ നിയമസഭയില്‍ അറിയിച്ചു.  താലൂക്ക് സഭകളിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ വില നിശ്ച യി ക്കു ക.ഭൂമിയെ 15 വിഭാഗങ്ങളായി തിരിച്ചാണു വില തിട്ടപ്പെടുത്തുക.  വില തീര്‍പ്പായാല്‍ രണ്ടും മൂന്നും സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്യുന്നതുപരിഗണിക്കും.

2. തിരുവനന്തപുരം: പെപ്സി കോളയുടെ ജലചൂഷണം സംബന്ധിച്ചു ഭൂജല അഥോറിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നു ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.  നിയമസഭാ സബ്ജക്ട് കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ചാണു പഠനം. മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കൊക്കകോളയെ നിരോധിച്ചിട്ടുണ്െടങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
കടപ്പാട്‌: ദീപിക

*****************************************************

തിരുവനന്തപുരം : ലോകബാങ്ക് വായ്പ ഉപയോഗിച്ച് ജലനിധിയുടെ കീഴില്‍ ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കുമ്പോള്‍ പഞ്ചായത്തുകളിലെ പൊതു ടാപ്പുകള്‍ നിറുത്തലാക്കാവുന്നതാണെന്ന് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജലനിധിക്ക് ലഭിക്കുന്ന 1200 കോടിയുടെ ലോകബാങ്ക് വായ്പ ഉപയോഗിച്ച് 400 പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണ പദ്ധതി ആരംഭിക്കും.
ഈ പദ്ധതി മൂന്ന് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിനകം ലഭിച്ച 363 കോടി രൂപയില്‍ 283 കോടി രൂപ ചെലവഴിച്ചു. പുതിയ വായ്പ ലഭിക്കുമ്പോള്‍ താത്പര്യമുള്ള പഞ്ചായത്തുകള്‍ക്ക് നേരിട്ട് പദ്ധതി നടപ്പാക്കാന്‍ കഴിയും.
പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഗുണഭോക്തൃവിഹിതം അഞ്ചുശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്ന സംഘടനകള്‍ക്ക് പാരിതോഷികം നല്‍കും. അതേസമയം, കാലതാമസം വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്ത

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, ജലം, മാധ്യമം, രജിസ്ട്രേഷന്‍, രോഗങ്ങള്‍, ശുചിത്വം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w