19-7-07 ലെ വാര്‍ത്തകള്‍

Keralakaumudi

1. വാഷിംഗ്ടണ്‍: മഞ്ഞളിന് മനുഷ്യരിലെ മേധാക്ഷയം(അല്‍ഷൈമേഴ്സ് ഡിസീസ്) ചെറുക്കാനുളള ഔഷധഗുണമുളളതായി അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തി. മഞ്ഞളിന്റെ ഔഷധഗുണങ്ങള്‍ ഭാരതീയര്‍ പണ്ടേ മലസ്സിലാക്കിയിട്ടുളളതാണ്. ഔഷധ ഘടകങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് പ്രത്യേക രോഗങ്ങള്‍ക്ക് അത് പ്രയോജനപ്പെടുത്തുന്ന ഗവേഷണങ്ങളാണ് വിദേശത്ത് നടക്കുന്നതെന്നു മാത്രം.

ഇന്ത്യന്‍ കറിക്കൂട്ടുകളില്‍ ഉപയോഗിക്കുന്നതാണ് മഞ്ഞള്‍. അതിലെ ഒരു ഘടകം മേധാക്ഷയം ഭേദമാക്കാന്‍ പ്രാപ്തമാണെന്നും ആ ഘടകം വേര്‍തിരിച്ചെടുത്തുവെന്നും ലോസാഞ്ചലസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘത്തലവന്‍ ഡോ. മിലന്‍ ഫിയാല അറിയിച്ചു.
മഞ്ഞളിലെ ആന്റി ഓക്സിഡന്റ് ഘടകമായ കുര്‍കുമിന്‍ കോശവീക്കങ്ങള്‍ തടയാന്‍ ഫലപ്രദമാണെന്ന് എലികളിലും പരീക്ഷണശാലകളിലും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുളളതാണ്. കുര്‍കുമിനിലെ ബിസ് ഡിമിതോക്സി കുര്‍കുമിന്‍ എന്ന ഘടകമാണ് തലച്ചോറിലെ കോശങ്ങളില്‍ അല്‍,മേഴ്സ് രോഗത്തിനെതിരെ ഫലപ്രദമാക്കാനാകുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
അമിലോയ്ഡ് ബീറ്റ എന്ന പ്രോട്ടീനാണ് മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളെ നശിപ്പിച്ച് മേധാക്ഷയമുണ്ടാക്കുന്നത്. ആ പ്രോട്ടീനിനെ ഇല്ലാതാക്കാനാകുന്ന മാക്രോഫാഗസ് എന്ന രോധകോശങ്ങള്‍ക്ക് ശക്തിയേകാന്‍ ബിസ്മിഡിതോക്സിക്യുമിന് കഴിയും രോഗബാധിത കോശങ്ങളെയും ബാക്ടീരിയ, വൈറസ് എന്നിവയെയുംപൊതിഞ്ഞു നശിപ്പിക്കാന്‍ പോരുന്നതാണ് മക്രോഫാഗസ് എന്ന രോഗപ്രതിരോധ കോശങ്ങള്‍.

ഇന്ത്യന്‍ കറികളില്‍ മിക്കവയിലും ഉപയോഗിക്കുന്നതാണ് മഞ്ഞള്‍ എന്നതിനാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ ആഗോള തലത്തില്‍ ഇന്ത്യന്‍ കറികള്‍ക്ക് പ്രിയവും വിപണി സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നതാകും.

2. തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ നെല്ലുത്പാദനം അന്‍പത് ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്‍ പറഞ്ഞു. സഹകരണ, കൃഷി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘സഹകരണ നവരത്ന കേരളീയ’ത്തില്‍ നെല്‍ക്കൃഷിക്ക് കുറഞ്ഞ നിരക്കില്‍ സബ്സിഡി നല്‍കുന്ന പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് നാല് ശതമാനം നിരക്കില്‍ വായ്പ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളം. നെല്‍ക്കൃഷി കുറയുന്ന പ്രവണതയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ മാറ്റമുര്‍ണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നെല്‍ക്കൃഷി ചെയ്യുന്നവര്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന് ചടങ്ങില്‍ കൃഷി വകുപ്പിന്റെ സബ്സിഡി പ്രഖ്യാപനം നടത്തിയ മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
പുതിയ ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ട് കൊണ്ടുവരുന്നത് കാര്യം പരിഗണിക്കും. കര്‍ഷകര്‍ അടയ്ക്കുന്ന ഇന്‍ഷ്വറന്‍സ് തിരിച്ചുനല്‍കുന്ന കാര്യം ആലോചിക്കാന്‍ അടുത്ത ആഴ്ച ഇന്‍ഷ്വറന്‍സ് കമ്പനികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ഒരു കോടി 87 ലക്ഷം രൂപയുടെ കടം സഹകരണവകുപ്പ് എഴുതിത്തള്ളിയതായി അദ്ധ്യക്ഷനായിരുന്ന മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ബാങ്ക് എംപ്ളോയീസ് യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ. ജയകുമാര്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍, സഹകരണ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കടപ്പാട്‌: കേരളകൌമുദി

*****************************************************

വെറുതെ കളയുന്ന ചിരട്ടയ്ക്കുള്ളിലും പണം സൂക്ഷിക്കാം. തെല്ലൊന്ന തിശയിച്ചുവോ ? ? ചിരട്ടകൊണ്ടുള്ള മിനി പഴ്സുകള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞു. മനോഹരമായി പോളിഷ് ചെയ്ത ചിരട്ടകള്‍ റെക്സിന്‍ കൊണ്ട് കവര്‍ ചെയ്തതാണ് നൂതന പണക്കിഴി. ഒപ്പം ചണം കൊണ്ടുള്ള ചരടിന്മേല്‍ ബീഡ്സ് വര്‍ക്കുകളും. ആകര്‍ഷകവും വ്യത്യസ്തവുമായ ഇത്തരം മിനി പഴ്സുകള്‍ പല വലിപ്പത്തിലും അഴകാര്‍ന്ന മോഡലുകളിലും ലഭ്യമാണ്. പഴമയുടെ പ്രൌഢത നിലനിര്‍ത്തുന്ന ഇവയെ ഏറെ മനോഹരമാക്കുന്നത് ബീഡ്സ് വര്‍ക്കുകളും മറ്റുമാണ്. കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നതാണ് ഇവയെ മനസ്സുകളോട് വേഗം അടുപ്പിച്ചത്. ബാന്‍ഡ് പോലെ കയ്യില്‍ കയറ്റിയിടാവുന്ന രീതിയിലുള്ളവയും രംഗത്തുണ്ട്. ഏറെ ഈടുനില്‍ക്കുമെന്നു കച്ചവടക്കാര്‍ അവകാശപ്പെടുന്ന ഇവയുടെ വില 120 രൂപയാണ്.

കടപ്പാട്‌: മനോരമ

*****************************************************

1. ദോഹ: പഴം, പച്ചക്കറി മൊത്ത വിപണി അടക്കിവാണിരുന്ന ഇടനിലക്കാരുടെ കുത്തക തകര്‍ന്നത് ഇവയുടെ വില കുറയാനിടയാക്കി. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലേലംവിളിയും ഇടനിലക്കാരെയും ഒഴിവാക്കിക്കൊണ്ടുള്ള ധന-സാമ്പത്തിക മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനമാണ് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നത്.

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 26 വര്‍ഷമായി തുടരുന്ന ലേലംവിളി തിങ്കളാഴ്ച മുതല്‍ ഇല്ലാതായി. ലേലമോ മധ്യവര്‍ത്തികളോ കൂടാതെ റിട്ടെയില്‍ കച്ചവടക്കാര്‍ക്ക് മൊത്ത വില്‍പനക്കാരുമായി നേരില്‍ ബന്ധപ്പെടാന്‍ കഴിയുന്നതുമൂലമാണ് വിലനിലവാരത്തില്‍ കുറവ് ദൃശ്യമായത്. തീരുമാനം നടപ്പിലായ ആദ്യ ദിവസംതതന്നെ വിലയില്‍ 10-15 ശതമാനം കുറവുണ്ടായെന്നാണ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിട്ടെയില്‍ കടകളില്‍നിന്ന് ഇവ വാങ്ങുന്ന ഉപഭോക്താക്കളിലും ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വിലക്കുറവിന്റെ ആനുകൂല്യം എത്തുമെന്നാണ് കരുതപ്പെടുന്നത്.

പെട്ടിക്ക് 26 മുതല്‍ 28 വരെ റിയാലുണ്ടായിരുന്ന ഉരുളക്കിഴങ്ങിന്റെ വില 16 റിയാല്‍വരെയും മുളകിന്റേത് 26ല്‍നിന്ന് 16 ആയും കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ചില പഴവര്‍ഗങ്ങളുടെ വിലയിലും ഈ കുറവ് അനുഭവപ്പെട്ടു തുടങ്ങി. ഉപഭോക്താക്കള്‍ കൂടുതലായി മാര്‍ക്കററിലെ ചില്ലറ കച്ചവടക്കാരില്‍നിന്ന സാധനങ്ങള്‍ വാങ്ങുന്നതും വര്‍ധിച്ചിട്ടുണ്ട്. വിലക്കുറവുള്ള കടകളില്‍നിന്ന് വാങ്ങാന്‍ സാധിക്കുംവിധം മല്‍സരാധിഷ്ഠിതമായ തുറന്ന വിപണിയാണ് പുതിയ തീരുമാനംമൂലം തുറക്കപ്പെട്ടിരിക്കുന്നത്.

മാര്‍ക്കറ്റിലെ റിട്ടെയില്‍ കടകളില്‍നിന്ന് ഏകീകൃത വിലനിലവാരപ്പട്ടിക എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടത് കടക്കാര്‍ തമ്മില്‍ മല്‍സരം സൃഷ്ടിക്കും. വില പേശാനും ഏറ്റവും കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന കടകള്‍ തെരഞ്ഞെടുക്കാനും ഉപഭോക്താക്കളെ ഇത് സഹായിക്കും.
മൊത്ത വിതരണക്കാരും ഇടനിലക്കാരും തമ്മില്‍ ലേലംവിളിയുടെ പേരില്‍ നടന്നിരുന്ന ഒത്തുകളിയാണ് പഴം-പച്ചക്കറിയിനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നത്.

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ദിവസേന രണ്ടു തവണ ലേലം നടന്നിരുന്നു.
വില സംബന്ധിച്ച് മൊത്തക്കച്ചവടക്കാരും മധ്യവര്‍ത്തികളും തമ്മില്‍ മുന്‍കൂര്‍ ധാരണയിലെത്തിയിട്ടാണ് ലേലം വിളിക്കുന്നത്.
ഇവരുടെ ഒത്തുകളിയില്‍ ചില്ലറ വില്‍പനക്കാര്‍ക്ക് കാണികളായി മാറിനില്‍ക്കാനേ സാധിക്കുമായിരുന്നുള്ളൂ.

2. കോഴിക്കോട്: സംസ്ഥാനത്ത് ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 2.40 കോടി രൂപ ഗ്രാന്റ് ചെലവഴിക്കാതെ സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് പാഴാക്കി. 2006^07 വര്‍ഷത്തേക്ക് അനുവദിച്ച 2,65,50,000 രൂപയില്‍ കേവലം 26,45,965 രൂപ മാത്രമാണ് സംസ്ഥാനം ചെലവഴിച്ചത്. ഗ്രാന്റിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രം വരുന്ന തുക ചെലവഴിച്ചതാകട്ടെ ജില്ലാ ഉപഭോക്തൃ ഫോറങ്ങളില്‍ ഫര്‍ണിച്ചറുകളും റഫറന്‍സ് ബുക്കുകളും വാങ്ങാനും.

ഉപഭോക്തൃ തര്‍ക്കങ്ങളില്‍ സാധാരണക്കാര്‍ക്ക് എളുപ്പം പരിഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ആരംഭിച്ച ജില്ലാ ഉപഭോക്തൃ ഫോറങ്ങളുടെ പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയിലാക്കിയതിന് പുറമെയാണ് കേന്ദ്രം അനുവദിച്ച ഗ്രാന്റില്‍ 90 ശതമാനവും ചെലവഴിക്കാതെ പാഴാക്കിയ വിവരവും പുറത്തുവന്നത്.

പ്രസിഡന്റും അംഗങ്ങളുമില്ലാതെ മാസങ്ങളും വര്‍ഷങ്ങളുമായി ജില്ലാ ഉപഭോക്തൃ ഫോറങ്ങള്‍ നിലച്ച നിലയിലാണ്. 13 ജില്ലാ ഫോറങ്ങളും പ്രവര്‍ത്തനം നിലച്ചതും പതിനായിരത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നതും ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ആലപ്പുഴ, കൊല്ലം, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളില്‍ കഴിഞ്ഞയാഴ്ച പ്രസിഡന്റുമാരെ നിയമിച്ചു. ആലപ്പുഴയില്‍ അഡ്വ. ജിമ്മി കോര, കോല്ലത്ത് റിട്ട. ജഡ്ജി കെ. വിജയകുമാരന്‍ ആചാരി, വയനാട്ടില്‍ അഡ്വ. ഗീവര്‍ഗീസ്, മലപ്പുറത്ത് അഡ്വ. സുലൈഖാ ബീവി എന്നിവരെ നിയമിച്ചതിനെതുടര്‍ന്ന് ഫോറം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടെതന്നെ പ്രസിഡന്റും മറ്റൊരംഗവും ഉള്ളതിനാല്‍ ഫോറം പ്രവര്‍ത്തനം പേരിന് നടത്താമെന്ന് മാത്രം. ഫോറത്തിന്റെ ഫുള്‍ ക്വാറമായ മൂന്ന് പേര്‍ ഉള്ള ജില്ല സംസ്ഥാനത്ത് നിലവിലില്ല.

കോഴിക്കോട് പോലെ കേസുകള്‍ ഏറെ കെട്ടിക്കിടക്കുന്ന പ്രധാന ജില്ലകളില്‍ ഫോറം ഇപ്പോഴും പൂര്‍ണമായും നിലച്ച നിലയിലാണ്. കോഴിക്കോട്ട് പ്രസിഡന്റും രണ്ട് അംഗങ്ങളും നിലവിലില്ല. ഇതിന് പുറമെ ജില്ലാ ഫോറങ്ങളുടെ അപ്പീല്‍ വേദിയായ സംസ്ഥാന ഉപഭോക്തൃ കൌണ്‍സിലും ഇപ്പോള്‍ നിലവിലില്ല.

ഫോറങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് കേന്ദ്രം വര്‍ഷംതോറും അനുവദിക്കുന്ന ഗ്രാന്റില്‍നിന്ന് ഫര്‍ണിച്ചറും റഫറന്‍സ് ബുക്കും വാങ്ങാന്‍ 26.45 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ ഈ രംഗത്ത് ഏറെ മുന്നോട്ടുപോകുമ്പോഴാണ് കേരളം 2.40 കോടിയോളം പാഴാക്കി റെക്കോര്‍ഡ് സൃഷ്ടിച്ചത്. ജില്ലാ ഫോറങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് അനുവദിച്ച കേന്ദ്ര ഗ്രാന്റില്‍നിന്ന് എസ്.ഐ.ഡി.ബി.ഒ 19,55,604 രൂപ സിഡ്ബോയില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങാനും 6,90,361 രൂപ റഫറന്‍സ് ബുക്കുകള്‍ വാങ്ങാനുമാണ് ചെലവഴിച്ചതെന്നും 2.39 കോടി 2007^08 സാമ്പത്തികവര്‍ഷം ചെലവഴിക്കാന്‍ നടപടിയെടുക്കുമെന്നും വിവരാവകാശ നിയമപ്രകാരം ജനശക്തി സംസ്ഥാന ജന. സെക്രട്ടറി എം.ഡി. ഐസക്കിന് നല്‍കിയ മറുപടിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷനിംഗ് കണ്‍ട്രോളറാണ് അറിയിച്ചത്. കേന്ദ്ര ഗ്രാന്റില്‍ അതതുവര്‍ഷം ചെലവഴിക്കാത്ത തുക അടുത്ത സാമ്പത്തികവര്‍ഷം ചെലവഴിക്കാന്‍ കഴിയില്ലെന്നാണറിവ്. വരുംവര്‍ഷങ്ങളില്‍ കേന്ദ്ര ഗ്രാന്റ് വന്‍തോതില്‍ കുറയുന്നതിന് ഇത് കാരണമാകും.

കടപ്പാട്‌: മാധ്യമം

*****************************************************

തിരുവനന്തപുരം: നെല്‍കൃഷിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്യും സബ്സിഡിയും അനുവദിക്കുന്നതിലൂടെ സംസ്ഥാനത്ത് അടുത്ത ഒരു വര്‍ഷത്തിനകം നെല്ലുല്‍പാദനം 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

സഹകരണ -കൃഷി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആവിഷ്കരിച്ച നെല്‍കൃഷി കര്‍ഷകര്‍ക്കുള്ള വായ്പ പ്രഖ്യാപനയോഗം തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നെല്‍കൃഷിക്കുളള വായ്പ് നാല് ശതമാനം പലിശ നിരക്കില്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നെല്‍കൃഷി വായ്പക്ക് രണ്ട് ശതമാനം പലിശയിളവ് നല്‍കും. പലിശ ഇളവ് നല്‍കുന്നതിലൂടെയും നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതും വഴി നെല്‍കൃഷി വ്യാപകമാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ പേരുടെയും ക്ഷേമത്തിനുതകുന്ന പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്ന് ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ച സഹകരണ/ ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന വായ്പ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ജനകീയ ഉദ്യോഗസ്ഥതല സമിതികള്‍ രൂപീകരിക്കും. സര്‍ക്കാര്‍ നയത്തിനനുസൃതമായി നടപടികള്‍ സ്വീകരിക്കാത്ത സഹകരണ ബാങ്ക് ഭരണ സമിതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

അഗ്രിക്കല്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ. ജയകുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, സഹകരണ സംഘം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് വി. രഘുനാഥ്, കൃഷിവകുപ്പ് ഡയറക്ടര്‍ കെ.കെ. ഗംഗാധരന്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ സംബന്ധിച്ചു.

കടപ്പാട്‌: മംഗളം

*****************************************************

തിരു: എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും രണ്ടു ഡോക്ടര്‍മാരെവീതം ഈ വര്‍ഷം നിയമിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി നിയമസഭയില്‍ പറഞ്ഞു. പിഎച്ച്സികള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും പുതിയ പിഎച്ച്സികള്‍ ആരംഭിക്കും. 59 പഞ്ചായത്തുകളിലെ ഡിസ്പെന്‍സറികര്‍ പിഎച്ച്സികളാക്കി അപ്ഗ്രേഡ് ചെയ്യുമെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യര്‍ഥനച്ചര്‍ച്ചയ്ക്കു മറുപടിയായി മന്ത്രി അറിയിച്ചു.

എല്ലാ ബ്ളോക്ക് പിഎച്ച്സികളും 30 കിടക്കകളുള്ള ഗവ. ആശുപത്രികളും സിഎച്ച്സികളായി അപ്ഗ്രേഡ് ചെയ്യും. എല്ലാ പഞ്ചായത്തുകളിലും ഒരു ആയുര്‍വേദം അല്ലെങ്കില്‍ ഹോമിയോ ആശുപത്രി തുടങ്ങും. ഇത്തരം 109 ആശുപത്രികള്‍ പുതിയതായി ഉണ്ടാകും. ഒമ്പത് ജില്ലകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ സ്ഥാപിക്കും. നിലവിലുള്ള ഇത്തരം അഞ്ച് ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്യും. സംസ്ഥാനത്തെ 600 പിഎച്ച്സികളില്‍ ഒരു ഡോക്ടര്‍ എന്ന സ്ഥിതിമാറി രണ്ടാവുമ്പോള്‍ ആയിരക്കണക്കിന് രോഗികള്‍ക്ക് കൂടുതലായി ചികില്‍സ ലഭിക്കും. സംസ്ഥാനത്തെ എട്ട് ജനറല്‍ ആശുപത്രികളില്‍ പുതിയ തസ്തിക സൃഷ്ടിച്ച് കൂടുതല്‍ സ്റ്റാഫിനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ മെഡിക്കല്‍ സര്‍വകലാശാല യാഥാര്‍ഥ്യമാക്കും. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെയും സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കി മാറ്റത്തക്കവിധം നടപടികള്‍ കൈക്കൊള്ളും.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 50 സീറ്റുകൂടി നേടിയെടുക്കും. അനധികൃതമായി അവധിയില്‍ പോയവര്‍ക്കു പകരം നിയമനം നടത്തും. മെഡിക്കല്‍ സര്‍വകലാശാല ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ യാഥാര്‍ഥ്യമാക്കും. ആയുഷ് സര്‍വകലാശാലയ്ക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളും നടത്തും. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൂടുതല്‍ നേഴ്സിങ് കോളേജുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പില്‍ സ്പെഷ്യാലിറ്റി കേഡര്‍, അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനം ഉടനെ നടപ്പാക്കും. സിഎച്ച്സി മുതലുള്ള ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. ദേശീയപാതയോടു ചേര്‍ന്നുള്ള പ്രധാന ആശുപത്രികളില്‍ ട്രോമകെയര്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ഫൈലേറിയ-മലേറിയ നിര്‍മാര്‍ജനത്തിന് വെക്ടര്‍ കണ്‍ട്രോള്‍ വിങ്ങുകള്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ ആരംഭിക്കും. നിലവിലുള്ള രക്തബാങ്കുകളുടെ സൌകര്യം മെച്ചപ്പെടുത്തുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യും. എല്ലാ ആശുപത്രി കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി ഉടനെ നടത്തും. അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥയില്‍ വന്‍ മാറ്റമാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

കടപ്പാട്‌: ദേശാഭിമാനി

*****************************************************

തിരുവനന്തപുരം: കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതിന്റെ പേരില്‍ മാത്രം എല്‍.എ. പട്ടയങ്ങള്‍ റദ്ദാക്കാന്‍ വ്യവസ്ഥയില്ലെന്ന് റോഷി അഗസ്റ്റിന്‍, ജോസഫ് എം.പുതുശ്ശേരി, തോമസ് ചാഴിക്കാടന്‍ എന്നിവരെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു. നിയമാനുസൃതമായ എല്‍.എ. പട്ടയം ലഭിച്ച കര്‍ഷകരെ കൈയേറ്റക്കാരായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 8,872 പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയതായി മന്ത്രി അറിയിച്ചു. അളവില്‍ കുറച്ച് വില്പന നടത്തുക, യഥാസമയം മുദ്ര പതിപ്പിക്കാത്ത പെട്രോള്‍ യൂണിറ്റുകളിലൂടെ അളവില്‍ കുറച്ചു വിതരണം ചെയ്യുക തുടങ്ങിയ അപാകതകള്‍ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പല പെട്രോള്‍ പമ്പുകളിലും മീറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

കെ.സി.രാജഗോപാല്‍, കെ.കെ.ദിവാകരന്‍, എം.ജെ.ജേക്കബ്ബ്, എ.സി.മൊയ്തീന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റിവര്‍ മാനേജ്മെന്റ് വിദഗ്ദ്ധ സമിതികള്‍ പുനഃസംഘടിപ്പിച്ചിട്ടുണ്െടന്ന് രാജു എബ്രഹാം, എം.ജെ.ജേക്കബ്ബ്, വി.ജെ.തങ്കപ്പന്‍, എ.എം.യൂസഫ്, വി.എന്‍.വാസവന്‍ എന്നിവരെ കെ.പി.രാജേന്ദ്രന്‍ അറിയിച്ചു. പട്ടയമില്ലാത്ത സ്ഥലത്തെ കൃഷിനാശത്തിനു പൊതുവേ നഷ്ടപരിഹാരം നല്‍കാറില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കാറുണ്െടന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്‌: ദീപിക

കോപ്പിറൈറ്റ്‌സ്‌ അതാത്‌ പത്രങ്ങളില്‍ നിക്ഷിപ്ത

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കൃഷി, കേരളം, മാധ്യമം, രജിസ്ട്രേഷന്‍, വായ്പ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w