വിവാഹം 200 പേര്‍ക്ക്; വരന്മാര്‍ക്ക് ഗള്‍ഫില്‍ ജോലി

കൊല്ലം: ഡോ. ബി.രവിപ്പിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള സമൂഹവിവാഹം ചിങ്ങമാസത്തില്‍ നടത്തും. നേരത്തേ 101 ജോടി വധൂവരന്മാരെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഇപ്പോള്‍ അത് 200 ആക്കിയിട്ടുണ്ട്. വരന്മാര്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് ഗള്‍ഫില്‍ ജോലി നല്‍കുമെന്നതാണ് ഈ സമൂഹവിവാഹത്തിന്റെ സവിശേഷത.

കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിലാണ് ഡോ. രവിപ്പിള്ള ഇക്കാര്യം അറിയിച്ചത്. വധുവിന് അഞ്ചുപവന്‍ സ്വര്‍ണവും 25,000 രൂപയും നല്‍കും. ഗള്‍ഫിലെ തന്റെ കമ്പനിയില്‍ ഇതിനകം 55,000 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ 10,000 പേര്‍ക്കുകൂടി ജോലി നല്‍കുമെന്ന് ഡോ. രവിപ്പിള്ള അറിയിച്ചു. നിര്‍മ്മാണ രംഗത്തും മാനേജ്‌മെന്റ് മേഖലയിലും ഉള്ളവര്‍ക്കാണ് കൂടുതല്‍ ജോലിസാധ്യത.

10 കോടി രൂപ താന്‍തന്നെ നിക്ഷേപിച്ച്, ശനിയാഴ്ച കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി ഉദ്ഘാടനം ചെയ്യുന്ന രവിപ്പിള്ള ഫൗണ്ടേഷന്റെ മുഖ്യലക്ഷ്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ്. ചവറ മേഖലയിലെ അഞ്ചു പഞ്ചായത്തുകളില്‍പ്പെട്ട പാവപ്പെട്ട 102 കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനവും ശനിയാഴ്ച നടക്കും. ഓരോ വീടിനും 1,65,000 രൂപ ചെലവായിട്ടുണ്ട്. ഓരോ കുടുംബത്തിനും 5000 രൂപ പണമായി നല്‍കും.

സമര്‍ത്ഥരും എന്നാല്‍ പാവപ്പെട്ടവരുമായ കുറെ കുട്ടികളെ കണ്ടെത്തി അവരെ ഒരുമിച്ചു താമസിപ്പിച്ച് അവര്‍ ആഗ്രഹിക്കുന്ന ക്ലാസ്‌വരെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു പദ്ധതി ഫൗണ്ടേഷന്‍ 2012ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ കോളേജ് വിദ്യാഭ്യാസം നടത്തിയ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിന് ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബ്ലോക്ക് ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കും.

ഇപ്പോള്‍ കൊല്ലത്തുള്ള ഉപാസന ആസ്​പത്രിക്കു പുറമേ കേരളത്തില്‍ ഒരു വ്യവസായം തുടങ്ങണമെന്നുണ്ട്. ഏതു മേഖലയിലെന്ന് തീരുമാനിച്ചിട്ടില്ല. തേവള്ളിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പഞ്ചനക്ഷത്ര ഹോട്ടല്‍ ഈ വര്‍ഷംതന്നെ തുറക്കും. അഷ്ടമുടിക്കായലിനെ കുമരകംപോലെ ലോക വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വിദേശത്തുനിന്ന് വിനോദസഞ്ചാരികളെ ഇവിടേക്ക് കൊണ്ടുവരും.

മുമ്പ് സിനിമ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇനി സിനിമ എടുക്കാന്‍ പരിപാടിയില്ലെന്ന് രവിപ്പിള്ള വ്യക്തമാക്കി. തന്റെ അഭിപ്രായത്തില്‍ സിനിമ ലാഭമുള്ള ബിസിനസ് അല്ല.

150 പേരുമായി ഗള്‍ഫില്‍ പോയ തന്നോടൊപ്പം ഇപ്പോള്‍ 55,000 ജീവനക്കാരുണ്ട്. രണ്ടര ബില്യണ്‍ ഡോളറാണ് വാര്‍ഷികവരവ്. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും വിശ്വാസ്യതയുമാണ് ഈ വിജയത്തിനു പിന്നില്‍.

വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വോട്ടവകാശം നല്‍കണമെന്ന് ഡോ. രവിപ്പിള്ള ആവശ്യപ്പെട്ടു. പദ്മശ്രീ ലഭിച്ചശേഷം ആദ്യമായി എത്തിയ അദ്ദേഹത്തിന് പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് എ.വിജയന്‍ സമ്മാനിച്ചു. സെക്രട്ടറി എം.കെ.സുരേഷ് സ്വാഗതം പറഞ്ഞു.

ലിങ്ക് – മാതൃഭൂമി

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു അഭിപ്രായം ഇടൂ