൧. പൊന്മുടി എസ്റ്റേറ്റ്: സര്‍ക്കാറിലും മന്ത്രിസഭാ ഉപസമിതിയിലും ഭിന്നത
തിരുവനന്തപുരം: വിവാദ പൊന്മുടി എസ്റ്റേറ്റിന്റെ അവകാശത്തെ ചൊല്ലി മന്ത്രിസഭാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നത. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ പുതുതായി ആവശ്യമുന്നയിച്ച എസ്റ്റേറ്റിന്റെ പദവി സംബന്ധിച്ചാണ് വനം^റവന്യു മന്ത്രിമാരും നിയമമന്ത്രിയും തമ്മില്‍ ഭിന്നത. ഐ.എസ്.ആര്‍.ഒക്ക് പൊന്മുടിയില്‍ സ്ഥലം നല്‍കുന്നത് സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ വിവാദം.
പൊന്മുടി എസ്റ്റേറ്റ് പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് (ഇ.എഫ്.എല്‍) വനം^ റവന്യു മന്ത്രിമാര്‍ വ്യക്തമാക്കുമ്പോള്‍ എസ്റ്റേറ്റ് സ്വകാര്യവ്യക്തിയുടേതാണെന്ന വാദവുമായാണ് നിയമമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. പൊന്മുടി എസ്റ്റേറ്റ് ഇ.എഫ്.എല്‍ പ്രദേശമാണെന്ന് റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
സര്‍ക്കാറിന്റെ കൈവശം ഭൂമി ഉള്ളപ്പോള്‍ സ്വകാര്യവ്യക്തിയുടെ ഭൂമി ഐ.എസ്.ആര്‍.ഒ വാങ്ങേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഐ.എസ്.ആര്‍.ഒ സര്‍ക്കാറിനെ അറിയിച്ചിട്ടുള്ളത് ഡിസംബര്‍ 31നകം ഭൂമി കൈമാറ്റനടപടികള്‍ പൂര്‍ത്തിയാക്കി നല്‍കണമെന്നാണ്. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കവെ പുതിയ പ്രശ്നത്തില്‍ തലവെക്കേണ്ട കാര്യമെന്താണെന്ന് മന്ത്രി ചോദിച്ചു. പൊന്മുടിയില്‍ ഇ.എഫ്.എല്‍ വിജ്ഞാപനം ചെയ്ത സ്ഥലം ഐ.എസ്.ആര്‍.ഒ ചോദിച്ചത് ശരിയായില്ലെന്നാണ് വനംമന്ത്രി ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇത് മറ്റെന്തോ ലാക്കാക്കിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പൊന്മുടി എസ്റ്റേറ്റ് സ്വകാര്യവ്യക്തിയുടേതാണെന്ന് നിയമമന്ത്രി എം. വിജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ പ്രദേശം ഇ.എഫ്.എല്ലായി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെന്നും സ്വകാര്യവ്യക്തിയുടെ സ്വകാര്യസ്വത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എസ്.ആര്‍.ഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി നല്‍കുന്നത് സംബന്ധിച്ച ഉപസമിതി അംഗങ്ങളായ റവന്യു നിയമ മന്ത്രിമാര്‍ എടുത്ത വിരുദ്ധനിലപാട് മന്ത്രിസഭയില്‍ ഉടലെടുത്ത ആശയക്കുഴപ്പത്തെയാണ് വ്യക്തമാക്കുന്നത്.
അതേസമയം, ഐ.എസ്.ആര്‍.ഒക്ക് പൊന്മുടി എസ്റ്റേറ്റ് നല്‍കാമെന്ന് സര്‍ക്കാറോ ഉപസമിതിയോ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാറില്‍ അഭിപ്രായഭിന്നത സൃഷ്ടിച്ച് അതിന്റെ മറവില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശ ഭൂമി കൈക്കലാക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊന്മുടി എസ്റ്റേറ്റ് ഭൂമിയാണ് അനുയോജ്യമെന്ന് അറിയിക്കുകയും ധാരണ ആവുകയും ചെയ്തുവെന്നാണ് ഐ.എസ്.ആര്‍.ഒയിലെ ഉന്നതന്‍ ‘മാധ്യമ’ത്തോട് പറഞ്ഞത്. മെര്‍ക്കിസ്റ്റണ്‍ ഭൂമി വാങ്ങിയ തങ്ങള്‍ക്ക് ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയ വനം വകുപ്പ് പൊന്മുടി എസ്റ്റേറ്റില്‍ മാസങ്ങളായി നിര്‍മാണം നടത്തിയ ഉടമക്ക് നോട്ടീസ് നല്‍കാത്തതെന്തെന്നും ഉന്നതന്‍ ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പൊന്മുടി എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് തന്നെക്കുറിച്ച് വന്ന വാര്‍ത്ത മന്ത്രി എം. വിജയകുമാറും നിഷേധിച്ചു.
കമ്പിമൂടില്‍ 100 ഏക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി നല്‍കാന്‍ വെള്ളിയാഴ്ച റവന്യു^ ഐ.എസ്.ആര്‍.ഒ അധികൃതര്‍ സംയുക്ത സര്‍വേ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ വ്യക്തമാക്കിയിരിക്കെ സംയുക്ത സര്‍വേ നടത്തിയിട്ടില്ലെന്ന റവന്യു അധികൃതരുടെ പുതിയ വാദവും വിവാദമാവുകയാണ്. നടന്നത് പരിശോധന മാത്രമാണെന്നാണ് ഉന്നത റവന്യു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഞായറാഴ്ചവരെയും സംയുക്ത സര്‍വേ നടന്നുവെന്ന് പറഞ്ഞ റവന്യു ഉദ്യോഗസ്ഥര്‍ ഇന്നലെ മുതല്‍ നിലപാട് മാറ്റിയതും നിഗൂഢമായി. സംസ്ഥാനതാല്‍പര്യം സംരക്ഷിക്കാന്‍ കൂട്ടുത്തരവാദിത്തത്തോടെ നടപടി എടുക്കേണ്ടിയിരിക്കെ മന്ത്രിസഭയിലെ ഭിന്നത ഐ.എസ്.ആര്‍.ഒയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നെന്ന ആക്ഷേപവും ശക്തമാണ്.
കടപ്പാട്- മാധ്യമം
൨. പൊന്മുടി: കെ.പി. രാജേന്ദ്രന്‍ പൊട്ടിത്തെറിച്ചു; തെറ്റുപറ്റിയെന്നു മന്ത്രി വിജയകുമാര്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയ്ക്ക് പൊന്മുടി എസ്റ്റേറ്റ് നല്‍കാമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിയമമന്ത്രി വിജയകുമാര്‍ ഉറപ്പു നല്‍കിയ സംഭവം മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയുടെ ശക്തമായ വിയോജിപ്പിനിടയാക്കി.
തുടര്‍ന്ന് മന്ത്രി വിജയകുമാര്‍ മലക്കംമറിഞ്ഞു. പൊന്മുടി എസ്റ്റേറ്റ് പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്നു തനിക്കറിയില്ലായിരുന്നെന്നും തെറ്റുപറ്റിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഐ.എസ്.ആര്‍.ഒ പൊന്മുടി എസ്റ്റേറ്റ് ആവശ്യപ്പെട്ടില്ലെന്നും ഈ ആവശ്യം ഉന്നയിച്ച് അവര്‍ കത്തുനല്‍കിയിട്ടില്ലെന്നും പത്രലേഖകരോട് പറഞ്ഞ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിജയകുമാറിന്റെ രക്ഷയ്ക്കെത്തി. തന്നെ അറിയിക്കാതെ ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ഉറപ്പു നല്‍കിയതിനെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ ചോദ്യം ചെയ്തു.
ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥരുമായുള്ള യോഗം ഔദ്യോഗികമായിരുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബഹിരാകാശ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ബി.എന്‍.സുരേഷ് പൊന്മുടി എസ്റ്റേറ്റ് ആവശ്യപ്പെട്ടുകൊണ്ട് കത്തു നല്‍കിയ വിവരം മറച്ചുവച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രി എം.വിജയകുമാറിന്റെ വാഗ്ദാനം വിവാദമാകുകയും കടുത്ത അതൃപ്തിക്ക് ഇടയാക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.എസ്. മന്ത്രി എം.വിജയകുമാറിനെ തിങ്കളാഴ്ച വിളിച്ചുവരുത്തി. എന്തടിസ്ഥാനത്തിലാണ് പൊന്മുടി എസ്റ്റേറ്റില്‍നിന്നു നൂറേക്കര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്ന് ചോദിച്ചു. തുടര്‍ന്ന് മന്ത്രി വിജയകുമാര്‍ മന്ത്രി കെ.പി.രാജേന്ദ്രനുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം പ്രശ്നങ്ങള്‍ മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നു ചര്‍ച്ചചെയ്തു. ബഹിരാകാശ ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ പൊന്മുടി എസ്റ്റേറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ നിന്നും മന്ത്രി വിജയകുമാര്‍ പിന്മാറിയത് ഉപസമിതി യോഗത്തിലാണ്. ഐ.എസ്.ആര്‍.ഒ നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് അപ്പര്‍സാനിറ്റോറിയത്തിലെ 20 ഏക്കര്‍ നല്‍കാമെന്നും ധാരണയായി. അതിനു ശേഷമായിരുന്നു മന്ത്രിസഭാ യോഗം ചേര്‍ന്നത്. അവിടെ മന്ത്രി കെ.പി.രാജേന്ദ്രന്‍ പൊട്ടിത്തെറിച്ചു. ഉപസമിതി അംഗമായ തന്നെ അറിയിക്കാതെ ഉപസമിതി യോഗം ചേര്‍ന്നതും റവന്യൂവകുപ്പിനു കീഴിലുള്ള ഭൂമിയെ സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തതും ശരിയായില്ലെന്ന് മന്ത്രി രാജേന്ദ്രന്‍ പറഞ്ഞു.
എന്തര്‍ത്ഥത്തിലാണ് പരിസ്ഥിതി ദുര്‍ബലപ്രദേശമായ പൊന്മുടി എസ്റ്റേറ്റ് ഐ.എസ്.ആര്‍.ഒയ്ക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു തരത്തിലും ഈ ആവശ്യം അംഗീകരിക്കാനാവില്ല. ഐ.എസ്.ആര്‍.ഒ. നേരത്തെ ആവശ്യപ്പെട്ടത് തെന്നൂരിലെ 100 ഏക്കറും പിന്നീട് അപ്പര്‍ സാനിറ്റോറിയത്തിലെ 25 ഏക്കറും കൂടിയാണെന്ന് ഐ.എസ്.ആര്‍.ഒ. നല്‍കിയ കത്ത് ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. ഈ ഭൂമി പരിസ്ഥിതി ദുര്‍ബലപ്രദേശമല്ലെന്ന് പുനര്‍വിജ്ഞാപനം ചെയ്താല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ ഭൂമിയും തിരിച്ചുനല്‍കേണ്ടിവരുമെന്നും പറഞ്ഞു. ചേര്‍ന്ന് തീരുമാനമെടുത്തിട്ടില്ല. ഐ.എസ്.ആര്‍.ഒയില്‍ നിന്നും മൂന്നുപേര്‍ വന്നിരുന്നു. ഇവരുമായി മുഖ്യമന്ത്രിയെ കാണുകയാണു ചെയ്തത്. പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതേതുടര്‍ന്നാണ് പൊന്മുടി എസ്റ്റേറ്റ് നല്‍കണ്ടേ കാര്യമില്ലെന്നും അപ്പര്‍സാനിറ്റോറിയത്തിലെ ഭൂമി നല്‍കാനും തീരുമാനമെടുത്തത്.
ഇതിനിടെ പൊന്മുടി എസ്റ്റേറ്റ് സംബന്ധിച്ച ഫയലുകള്‍ക്കായി നിയമമന്ത്രി റവന്യൂ ഉദ്യോഗസ്ഥരുമായി യോഗത്തിന്റെ തലേദിവസം ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. അപ്പര്‍ സാനിറ്റോറിയത്തില്‍ പത്തേക്കര്‍ നല്‍കിയാല്‍ മതിയെന്നും ബാക്കി പൊന്മുടി എസ്റ്റേറ്റില്‍ നല്‍കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഇതു തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊന്മുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ അതു കുഴപ്പമില്ലെന്നായിരുന്നു വിജയകുമാറിന്റെ നിലപാട്.
തീരുമാനം പിന്നീടാകട്ടെയെന്നു പറഞ്ഞ് മുഖ്യമന്ത്രി യോഗം അവസാനിപ്പിച്ച ശേഷം പൊന്മുടി എസ്റ്റേറ്റില്‍ സംയുക്ത സര്‍വേ നടത്തണമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടതും മന്ത്രി വിജയകുമാറായിരുന്നു. റവന്യൂ മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഇതു നടന്നില്ല. ഇടനിലക്കാര്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളാണ് എസ്റ്റേറ്റുടമ നല്‍കിയിരുന്നത്.
പുനര്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ അതേ സര്‍വേ നമ്പരിലുള്ള മറ്റു ഭൂമിയും പരിസ്ഥിതി ദുര്‍ബല പ്രദേശം അല്ലാതാകുമെന്നതാണ് ഇദ്ദേഹത്തിനുള്ള നേട്ടം. സി.പി.എമ്മിലെ ഒരു പ്രമുഖന് ‘ഗോള്‍ഡന്‍ വാലി’യില്‍ 25 ഏക്കറും ഇടനിലക്കാരായി പ്രവര്‍ത്തിച്ച മുന്‍ ചീഫ് സെക്രട്ടറിക്കും മറ്റൊരു പ്രമുഖ വ്യക്തിക്കും 15 ഏക്കര്‍ സ്ഥലവുമായിരുന്നു വാഗ്ദാനം.
൩. ഏതു വായ്പയ്ക്കും ‘കാര്‍ഷിക’ കടാശ്വാസം: സഹകരണസ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക്
മങ്കൊമ്പ്: കൃഷിനാശം കൊണ്ട് വായ്പ തിരിച്ചടയ്ക്കാനാകാത്ത കര്‍ഷകരെ സഹായിക്കാന്‍ രൂപീകരിച്ച കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ കാര്‍ഷികേതര വായ്പാ തിരിച്ചടവിനും ‘സ്റ്റേ’ അനുവദിക്കുന്നു. ഇതോടെ കിട്ടാക്കടം പെരുകി ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ സഹകരണസ്ഥാപനങ്ങള്‍ ഊര്‍ദ്ധശ്വാസം വലിച്ചുതുടങ്ങി.
കമ്മിഷന്റെ പരിധിയില്‍ വരാത്ത കാര്‍ഷികേതര വായ്പാ തിരിച്ചടവിനും സ്റ്റേ അനുവദിക്കുന്നത് സ്വാധീനങ്ങള്‍ക്കു വഴങ്ങിയാണെന്ന് ആരോപണമുയര്‍ന്നു. കുട്ടനാട്ടിലെ എ 1501-ാം നമ്പര്‍ ആറ്റുവാത്തല സഹകരണബാങ്കില്‍ മാത്രം എട്ടുലക്ഷത്തോളം രൂപ വരുന്ന 25-ല്‍ അധികം കാര്‍ഷികകേതര വായ്പകളുടെ തിരിച്ചടവ് കടാശ്വാസകമ്മിഷന്‍ സ്റ്റേ ചെയ്തിട്ടുണ്ട്. വീടു നിര്‍മാണം മുതല്‍ പലചരക്കുകടയ്ക്കു വരെ എടുത്തിട്ടുളള വായ്പകള്‍ക്കാണ് സംസ്ഥാനവ്യാപകമായി സ്റ്റേ അനുവദിച്ചിട്ടുളളത്.
ഇളവു ലഭിച്ചവരേറെയും വായ്പ തിരിച്ചടയ്ക്കാന്‍ കഴിവുള്ളവരും രാഷ്ട്രീയസ്വാധീനമുള്ളവരുമാണ്. ദരിദ്രര്‍ക്ക് ഇളവുകള്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇടത്തരക്കാരെക്കാളും സമ്പന്നരെക്കാളും വായ്പ തിരിച്ചടയ്ക്കാന്‍ സന്നദ്ധത കാട്ടുന്നത് ദരിദ്ര കര്‍ഷകരാണെന്ന് സഹകരണസംഘങ്ങളിലെ രേഖകളും സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ആനുകൂല്യവും പ്രേത്സാഹനവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മുമ്പു നല്‍കിയിരുന്ന അഞ്ചു ശതമാനം പലിശയിളവും ഇപ്പോള്‍ നല്‍കുന്നില്ല. അതു കൂടാതെയാണ് വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കു വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നത്. മൂന്നു ജില്ലകളില്‍ വിദര്‍ഭാ മോഡല്‍ കാര്‍ഷിക പാക്കേജ് നടപ്പാക്കിയപ്പോള്‍ 2006 ജൂലൈ ഒന്നുവരെയുള്ള കാര്‍ഷിക വായ്പകളുടെ അന്നുവരെയുള്ള പലിശയ്ക്ക് ഇളവനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തീയതിക്കു മുമ്പ് വായ്പ തിരിച്ചടച്ചവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയതുമില്ല.
കാര്‍ഷിക വായ്പകള്‍ തിരിച്ചടക്കേണ്ടതില്ല, സര്‍ക്കാര്‍ എഴുതിതള്ളുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. ഇതുമൂലം ഏറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത് പ്രാഥമിക സഹകരണ, കാര്‍ഷികവികസന ബാങ്കുകളാണ്.
സംസ്ഥാന സഹകരണ, കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ നല്‍കുന്ന ‘ബോറോവ്ഡ്’ ഫണ്ട്മാത്രം ഉപയോഗിച്ചു വായ്പ നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളുടെ സമ്പൂര്‍ണ നാശം എതാണ്ടുറപ്പായ മട്ടാണ്.
൪. കിസാന്‍ശ്രീ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: ധനമന്ത്രിയും കൃഷിമന്ത്രിയും തമ്മിലുള്ള പരസ്യപ്പോരിന് കാരണമായിത്തീര്‍ന്ന, വിവാദമായ കിസാന്‍ശ്രീ പദ്ധതി അംഗീകരിക്കാന്‍ ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ പത്തുലക്ഷത്തോളം കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണു പദ്ധതി.
പദ്ധതിയുടെ വാര്‍ഷിക പ്രീമിയമായ 20 രൂപ 19 രൂപയായി കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍തന്നെ പ്രീമിയം തുക അടയ്ക്കും. മറ്റു വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കാര്‍ഷികോല്‍പാദന കമ്മിഷണര്‍ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ഇന്‍ഷുറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലവഹിക്കുന്നത്.
നേരത്തേ, കൃഷിവകുപ്പില്‍നിന്ന് കിസാന്‍ശ്രീയുടെ ഫയല്‍ ധനവകുപ്പിലെത്തിയപ്പോള്‍ അത് തിരിച്ചയച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും കൃഷിമന്ത്രി മുല്ലക്കര രത്നാകരനും പരസ്പരം പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. കൃഷിവകുപ്പ് അയച്ച ഫയലില്‍ വേണ്ടത്ര വിവരങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ധനവകുപ്പ് ഫയല്‍ തിരിച്ചയച്ചുകൊണ്ട് പറഞ്ഞ വാദം.
എന്നാല്‍ കിസാന്‍ശ്രീ പദ്ധതി നേരത്തെ പ്രഖ്യാപിച്ച രീതിയില്‍തന്നെ നടപ്പാക്കണമെന്ന ആവശ്യവുമായി കൃഷിമന്ത്രിയും ഉറച്ചുനിന്നു. സി.പി.ഐ. സംസ്ഥാന നേതൃയോഗങ്ങളും ഇതേ നിലപാടാണ് എടുത്തത്. ഘടകകക്ഷി മന്ത്രിമാരുടെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളെ ധനവകുപ്പ് തുരങ്കംവയ്ക്കുകയാണെന്ന ആക്ഷേപവും സി.പി.ഐ. ഉയര്‍ത്തിയിരുന്നു.
ധനമന്ത്രിയുടെ നടപടികള്‍ക്കെതിരേ എല്‍.ഡി.എഫില്‍ പരാതി നല്‍കാന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തിരുന്നു. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ധനമന്ത്രിയുടെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിയോടു പരാതിപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് പ്രീമിയംതുക കുറച്ചുകൊണ്ട് കിസാന്‍ശ്രീ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലായിരുന്നു കിസാന്‍ശ്രീ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്.
കടപ്പാട്- മംഗളം
൫. പാമോയില്‍ ഇറക്കുമതി കേരളത്തില്‍ നിരോധിക്കും
ന്യൂഡല്‍ഹി: കൊച്ചിയടക്കം കേരളത്തിലെ എല്ലാ തുറമുഖത്തും പാമോയില്‍ ഇറക്കുമതി നിരോധിക്കും. ഇറക്കുമതി തടഞ്ഞ് കേന്ദ്രം രണ്ടുദിവസത്തിനകം വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള അറിയിച്ചു. നിരോധന നിര്‍ദേശം വാണിജ്യമന്ത്രി കമല്‍നാഥിന്റെ അംഗീകാരത്തിന് തിങ്കളാഴ്ച സമര്‍പ്പിച്ചുവെന്നും ഗോപാല്‍ കൃഷ്ണപിള്ള ‘ദേശാഭിമാനി’യോട് പറഞ്ഞു. കൊച്ചി തുറമുഖത്തുമാത്രമാണ് ഇപ്പോള്‍ ഇറക്കുമതിക്ക് നിരോധനമുള്ളത്. കേന്ദ്ര വിജ്ഞാപനം വരുന്നതോടെ എല്ലാ തുറമുഖത്തും നിരോധനം നടപ്പാകും. അനുദിനം വിലയിടുന്ന വെളിച്ചെണ്ണ വിപണിക്ക് ഇത് ഉണര്‍വേകും.
കേരളം ഒറ്റക്കെട്ടായി സമ്മര്‍ദം ശക്തമാക്കിയതിനെത്തുടര്‍ന്നാണ് കേരകര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ഈ തീരുമാനമെടുക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. ഇറക്കുമതി തടയണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും നിരന്തരസമ്മര്‍ദം ചെലുത്തിയിരുന്നു. ഇറക്കുമതി തടയാനാവില്ലെന്ന് കൃഷിമന്ത്രി ശരത്പവാറും, ബേപ്പൂരിലെ ഇറക്കുമതി തടയണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വാണിജ്യസഹമന്ത്രി ജയ്റാം രമേഷും പറഞ്ഞെങ്കിലും സമ്മര്‍ദങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്രം വഴങ്ങുകയായിരുന്നു.
നാളികേരത്തിന് രണ്ടുരൂപവരെ വിലയിടിഞ്ഞതോടെ സംസ്ഥാനസര്‍ക്കാര്‍ പച്ചത്തേങ്ങസംഭരണമടക്കമുള്ള നടപടി തുടങ്ങിയിരുന്നു. എന്നാല്‍ പാമോയില്‍ ഇറക്കുമതി ഈ ശ്രമങ്ങളെല്ലാം നിഷ്ഫലമാക്കി. കൊച്ചി തുറമുഖംവഴി ഇറക്കുമതിക്കുള്ള നിരോധനം നവംബര്‍ ആറിന് ഹൈക്കോടതി റദ്ദാക്കിയതോടെ നവംബര്‍ ഒമ്പതിനുമാത്രം 6000 ടണ്‍ പാമോയിലാണ് കേരളത്തിലെത്തിയത്. കോഴിക്കോട്ടെ പാരിസണ്‍സ് ഫുഡ്സ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എസ് സിരിജഗന്റെ വിധി. കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കേസില്‍ ഹാജരാകാതിരുന്നത് ഇറക്കുമതിക്കാര്‍ക്ക് ഗുണമാവുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ മാറിനിന്നതും തുടര്‍ന്നുണ്ടായ കോടതിവിധിയും ഏറെ വിവാദമാകുകയും ചെയ്തു. കോടതി വിധിയെ മുഖ്യമന്ത്രി വി എസ് വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് സിരിജഗന്‍ കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്മാറി. തുടര്‍ന്ന് ജസ്റ്റിസ് തോട്ടത്തില്‍ വി രാധാകൃഷ്ണനാണ് കേസ് കേട്ടത്. സംസ്ഥാനസര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുകയും ഇറക്കുമതി തടയേണ്ടതിന്റെ ആവശ്യകത കോടതിയെ ഫലപ്രദമായി ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നിരോധനം സ്റ്റേചെയ്ത ഉത്തരവ് ജസ്റ്റിസ് രാധാകൃഷ്ണന്‍ പിന്‍വലിക്കുകയായിരുന്നു.
കടപ്പാട്- ദേശാഭിമാനി
൭. വട്ടവടയില്‍ 765 ഏക്കര്‍ കൈയേറ്റ ഭൂമി ഒഴിപ്പിച്ചു
മൂന്നാര്‍: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ദൌത്യസംഘത്തലവന്‍ കെ.എം. രാമാനന്ദന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിച്ചു.
വട്ടവടയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ സര്‍വെ നമ്പര്‍ 183/1 (ബ്ളോക്ക് നമ്പര്‍ 62) ല്‍പ്പെട്ട തലവര, സ്വാമിയോട എന്നീ പ്രദേശങ്ങളില്‍ കൈയേറിയ 765.89 ഏക്കര്‍ റവന്യൂ ഭൂമി ദൌത്യസംഘം ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാ പിച്ചു.
1107.38 ഏക്കര്‍ ഭൂമിയാണ് ഈ സര്‍വേ നമ്പരിലുള്ളത്. ഇതില്‍ 61 പേര്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. മുമ്പ് തരിശായിക്കിടന്ന ഭൂമിയില്‍ അനധികൃതമായി പട്ടയം സമ്പാദിച്ചിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ കണ്െടത്താന്‍ മൂന്നാര്‍, ദേവികുളം, വട്ടവട എന്നീ പ്രദേശങ്ങളില്‍ മൂന്ന് സ്ക്വാഡുകളായി സംഘം തിരിഞ്ഞ് അന്വേഷണം തുടരുന്നു.
ഈ സംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ടുകള്‍ പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദൌത്യസംഘം തലവന്‍ കെ.എന്‍. രാമാനന്ദന്‍ പറ ഞ്ഞു.
പിടിച്ചെടുത്ത ഭൂമി സര്‍ക്കാരിന്റെ തീരുമാനത്തിനായി വിട്ടുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
൮. സംസ്ഥാന വ്യാപകമായി വന്‍ റേഷന്‍ കുംഭകോണം
കോട്ടയം: ക്രിസ്മസിനു മുന്നോടിയായി വന്‍ റേഷന്‍ ഗോതമ്പ്, അരി മറിച്ചുവില്‍പന സംസ്ഥാനത്ത് വ്യാപകമായി. പൊതു വിപണിയില്‍ അരിവില കുത്തനെ ഉയര്‍ന്നതോടെ റേഷന്‍ അരി മില്ലുകളിലേക്ക് എല്ലായിടങ്ങളിലും മറിച്ചുവില്‍പ്പന തകൃതിയില്‍ നടക്കുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ അ രിസിവില്‍ സപ്ളൈസ് വകുപ്പിലെ ഉന്നതരുടെ സംരക്ഷണയിലാണു മില്ലുടമകളും ഹോള്‍സെയില്‍ വ്യാപാരികളും മുന്‍കൂര്‍ വില്‍പന നടത്തുന്നതെന്നും സൂചനയുണ്ട്.
സംസ്ഥാനത്ത് 2368 ലോഡ് ഗോതമ്പാണ് ഈ മാസം അനുവദിച്ചിരിക്കുന്നത്. ഒരു ലോഡ് 10 ടണ്ണാണ്. എ.പി.എല്‍ ഗോതമ്പിനു കി ലോ 12 രൂപയും ബി.പി.എല്ലിന് ഏഴു രൂപയും ലാഭം കിട്ടത്ത ക്ക നിരക്കില്‍ ഹോള്‍സെയിലുകാരും റീട്ടെയിലുകാരും കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ധാരണയിലെത്തിക്കഴിഞ്ഞതായും സൂചനയു ണ്ട്. ഇതിനാ ല്‍ വിതരണത്തിനെത്തു ന്ന ഗോതമ്പില്‍ 20 ശതമാനം പോലും ഉപഭോക്താവിനു ലഭിക്കാ നിടയില്ല.
8.90 രൂപയുടെ എ.പി.എല്‍ കുത്തരി 16 രൂപയ്ക്കാണു കരിഞ്ചന്തയില്‍ വിറ്റുവരുന്നത്. മൂന്നു രൂപ നിരക്കില്‍ നല്‍കുന്ന ബി.പി.എല്‍ അരിയും ഇത്തരത്തില്‍ മറിച്ചു വില്‍ക്കുകയാണ്.
ഒരു ജില്ലയിലും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന സിവില്‍ സപ്ളൈസ് വകുപ്പ് നടത്തിക്കുന്നില്ല. തന്നെയുമല്ല റേഷന്‍ രംഗത്ത് രണ്ടു മാസമായി സംസ്ഥാനത്ത് വന്‍ ക്രമക്കേടാണ് നടന്നുവരുന്നത്.
പത്തനംതിട്ട, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളിലെ റേഷന്‍ ഉല്‍പന്നങ്ങളില്‍ 80 ശതമാനവും കരിഞ്ചന്തയി ലാണു എ ത്തപ്പെ ടു ന്നത്. വിദേശത്ത് കഴിയുന്നവരടക്കം കാര്‍ഡുടമകളില്‍ 90 ശതമാനം പേരും റേഷന്‍ കൃത്യമായി വാങ്ങുന്നതായാണ് റേഷന്‍ കടകളിലെ രേഖ കളില്‍ കാണിച്ചിരി ക്കുക യെന്ന ആരോ പണമുണ്ട്.
റേഷന്‍ പച്ചരി 60 ശതമാനവും സ്വകാര്യ മില്ലുകളിലേക്ക് എല്ലാ ജില്ലകളിലും നിന്നു മറിച്ചു നല്‍കി യിരിക്കുകയാണെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സിവില്‍ സപ്ളൈസിന്റെ എല്ലാ ഗോഡൌണുകളിലും നിന്നു സ്വകാര്യ മില്ലുകളിലേക്കു ടണ്‍ കണക്കിന് അരിയും ഗോതമ്പും കടത്തിയിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
വകുപ്പിലെ ഉന്നതരും ഉദ്യോഗസ്ഥരും, വ്യാപാരികളുമാണുദുര്‍ബലവി ഭാഗങ്ങള്‍ക്കുലഭിക്കേണ്ട ഭക്ഷണസാധനങ്ങള്‍ കൊള്ള യടി ക്കു ന്ന തെന്നും ആക്ഷേപമുണ്ട്.
കോട്ടയം ജില്ലയില്‍ ക്രിസ്മസ് പ്രമാണിച്ച് 75 ലോഡ് ഗോതമ്പ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ പകുതിയും ഈരാറ്റുപേട്ട, ചിങ്ങവനം, ചങ്ങനാശേരി, കാലടി എന്നിവിടങ്ങളിലെ മില്ലുകളിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
ജില്ലയില്‍ ഈ മാസം വിതരണത്തിന് 100 ലോഡ് അരിയില്‍ 25 ലോഡ് പച്ചരിയാണ്. ഇതിനും കരിഞ്ചന്തക്കച്ചവടക്കാര്‍ വില പറഞ്ഞുകഴിഞ്ഞതായും ആ രോപണമുണ്ട്.
റേഷന്‍ വിതരണത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണനീക്കം വകുപ്പുതല സ്വാധീനത്തില്‍ നിര്‍ജീവമാക്കിയതായും സൂചനയുണ്ട്.
൯. അവശ്യ സാധന ക്ഷാമം പരിഹരിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ധാരണയായി
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന അവശ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിന് ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി. ധാരണ പ്രകാരം ആന്ധ്രയില്‍ ഉത്പാദിപ്പിക്കുന്ന അരി,മുളക്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഇരുപത്തഞ്ച് ശതമാനം വിളവെടുപ്പ് കാലത്ത്സിവില്‍ സ്പ്ളൈസ് വഴി സംഭരിച്ച് സംസ്ഥാനത്തിന് നല്‍കും. കൂടാതെ എഫ്.സി.ഐ ചെറുകിട കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന ഉത്പന്നങ്ങള്‍ അവിടത്തെ കമ്പോള വിലയ്ക്കു തന്നെ സംസ്ഥാനത്തിന് നല്‍കും. ഇത് കേരളത്തിലെവിലയെക്കാള്‍ വളരെക്കുറവായിരിക്കും.
സംസ്ഥാനത്തിന് ആവശ്യമായ സാധനങ്ങളുടെ ഗുണവും തരവും തിരിച്ചുള്ള ഓര്‍ഡര്‍ വിളവെടുപ്പ് കാലത്തിനു മുന്‍പ് ആന്ധ്രാ സര്‍ക്കാരിന് സമര്‍പ്പിക്കണം. 1500 ടണ്‍ അരിയാണ് ഒരു വര്‍ ഷ ത്തേക്ക്
സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ അതിന്റെ ഓര്‍ഡര്‍ വിളവെടുപ്പിന് മുന്‍പേ സമര്‍പ്പിക്കണം. വിളവെടുപ്പ് സമയത്ത് സംഭരിച്ച് വയ്ക്കുന്ന അരിയില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യമായവ
ഓര്‍ഡറനുസരിച്ച് സിവില്‍ സപ്ളൈസ് വഴി സ്വീകരിക്കാം. ഓഡര്‍ നല്‍കിയ സാധനങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി സ്വീകരിച്ചാല്‍ മതി.
എന്നാല്‍ മുഴുവന്‍ സാധനങ്ങളും ഒരുവര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്തിരിക്കണം.ഓഡര്‍ നല്‍കി പത്ത് ദിവസത്തിനകം
ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ ആന്ധ്രാ സര്‍ക്കാര്‍ സംസ്ഥാ നത്തിന് സാധനങ്ങള്‍ കൈമാറുകയുള്ളു. കേരളത്തില്‍ അനുഭവപ്പെടുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമാണ് ഭക്ഷ്യമന്ത്രിയും ഉദ്യോഗസ്ഥരും ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. 17 ന് ആന്ധ്രയില്‍ നടന്ന ചര്‍ച്ചയില്‍
സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍, ഭക്ഷ്യ സെക്രട്ടറി ഗ്യാനേഷ്കുമാര്‍, സിവില്‍ സപ്ളൈസ് എം.ഡി യോഗേഷ് ഗുപ്ത എന്നിവരും ആന്ധ്രാ സര്‍ക്കാരിനു വേണ്ടി ഭക്ഷ്യമന്ത്രി കാവു വെങ്കിട്ട കൃഷ്ണ റാവു, സിവില്‍ സപ്ളൈസ് കമ്മിഷണര്‍ ജി.എന്‍ റാവു, എഫ്.സി .ഐ
മാനേജിംഗ് ഡയറക്ടര്‍ നരേഷ് എന്നിവര്‍ പങ്കെടുത്തു. ദീര്‍ഘ കാലത്തേക്ക് ഉദ്ദേശിക്കുന്ന കരാര്‍ തത്കാലം ഒരുവര്‍ഷത്തേക്കാണ് ഒപ്പിടുന്നത്.
ഇത് സംബന്ധിച്ച ഉദ്യോഗസ്ഥ ചര്‍ച്ചയ്ക്ക് ശേഷം ഭക്ഷ്യ സെക്രട്ടറി ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘം ആന്ധ്രയില്‍ പോയി കരാര്‍ ഒപ്പിടും. അന്ധ്രയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി ഭക്ഷ്യസാധനങ്ങള്‍ സംഭരിക്കുന്നതിനാല്‍ അഴിമതി ആരോപണങ്ങള്‍ ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
കടപ്പാട്- ദീപിക
൧൦. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടിന്റെ നാള്‍വഴി
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിവാദമാണ് പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ പേരില്‍ നടക്കുന്നത്.
സംസ്ഥാനത്തിന് അനുവദിച്ച ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്എസ്സി ഡയറക്ടര്‍ ഡോ. ബി.എന്‍. സുരേഷ് റവന്യു മന്ത്രി കെ.പി. രാജേന്ദ്രനു കത്തു നല്‍കി. തലസ്ഥാന ജില്ലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാന്‍ ഭൂമി ഇല്ലെന്നു സര്‍ക്കാര്‍ അറിയിച്ചതോടെ ഭൂമിക്കു വേണ്ടി വിഎസ്എസ്സി പത്രപരസ്യം നല്‍കി. അപേക്ഷിച്ച 17 പേരില്‍ നിന്ന് സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്സ് എംഡിസേവി മനോ മാത്യുവിന്റെ കൈയില്‍ നിന്ന് പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍
എസ്റ്റേറ്റ് വാങ്ങാന്‍ കരാറാകുകയും ചെയ്തു. ജയശ്രീ ടീ എസ്റ്റേറ്റ്സില്‍ നിന്നു സേവി മനോ മാത്യു വാങ്ങിയതായിരുന്നു എസ്റ്റേറ്റ്.
എന്നാല്‍ 2001 ല്‍ വനഭൂമിയെന്നു വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയാണ് 2005 ല്‍ ജയശ്രീ ടീ എസ്റ്റേറ്റ്സില്‍ നിന്നു സേവി മനോ മാത്യു വാങ്ങിയതെന്ന വെളിപ്പെടുത്തലോടെ സംഭവം വിവാദമായി. പരിസ്ഥിതി ദുര്‍ബല പ്രദേശമായി വനംവകുപ്പ് ഏറ്റെടുത്ത നിര്‍ദ്ദിഷ്ട ഭൂമിയുടെ പേരില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും
കത്തിപ്പടര്‍ന്നപ്പോള്‍ തലകളുരുണ്ടത് ഉദ്യോഗസ്ഥരുടേതാണ്. അഴിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ മുറുകുന്ന
ഒരു കുരുക്കു പോലെയായ ഭൂമിവിവാദത്തിന്റെ നാള്‍വഴിയിലൂടെ…
2001 ജനുവരി രണ്ട്
. പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 707.23 ഏക്കര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്തു സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.
2005 മാര്‍ച്ച് അഞ്ച്
. സര്‍ക്കാര്‍ ഭൂമി ജയശ്രീ ടീ എസ്റ്റേറ്റ്സില്‍ നിന്നു സേവി മനോ മാത്യു വാങ്ങി.
2006 ഡിസംബര്‍
. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനായി സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി അനുവദിക്കണമെന്നു വിഎസ്എസ്സി ഡയറക്ടര്‍ ഡോ. ബി.എന്‍. സുരേഷ് റവന്യു മന്ത്രി കെ.പി. രാജേന്ദ്രനു കത്തു നല്‍കി.
. റവന്യു മന്ത്രി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് ഈ കത്ത് അയയ്ക്കുന്നു.
. തലസ്ഥാന ജില്ലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി സര്‍ക്കാര്‍ ഭൂമി ഇല്ലെന്നു ജില്ലാ കലക്ടര്‍ അറിയിക്കുന്നു.
. തുടര്‍ന്നു വിഎസ്എസ്സി ഭൂമിക്കു വേണ്ടി പത്ര പരസ്യം നല്‍കുന്നു.
. 17 അപേക്ഷകര്‍ എത്തി. അതില്‍ സേവിയുടെ ഭൂമി വാങ്ങാന്‍ തീരുമാനിക്കുന്നു.
2007 മാര്‍ച്ച്
. ഏക്കറിനു നാലുലക്ഷം രൂപ നിരക്കില്‍ സേവിയുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയിലെ 219 ഏക്കര്‍ എട്ടുകോടി രൂപയ്ക്കു വാങ്ങാമെന്നു ബഹിരാകാശ വകുപ്പും സേവിയും കരാര്‍ ഒപ്പിട്ടു.
. സര്‍ക്കാര്‍ ഭൂമിയെന്ന വിജ്ഞാപനം റദ്ദാക്കി ഭൂമി തന്റെ പേരില്‍ പതിച്ചുനല്‍കണമെന്നു സേവി കസ്റ്റോഡിയന്‍ വനം ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കുന്നു.
2007 ഏപ്രില്‍
. ഭൂമി പതിച്ചുകൊടുക്കാന്‍ പറ്റിയതാണോയെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കസ്റ്റോഡിയന്‍ ഡിഎഫ്ഒയെ ചുമതലപ്പെടുത്തുന്നു.
. ഐഎസ്ആര്‍ഒയ്ക്കു ഹാജരാക്കാന്‍ വേണ്ടി നെടുമങ്ങാടു താലൂക്കിലെ തെന്നൂര്‍ വില്ലേജ് ഓഫിസര്‍ സര്‍ക്കാര്‍ ഭൂമിക്കു സേവിയുടെ പേരില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അന്നുതന്നെ സേവിയുടെ പേരില്‍ 664 ഏക്കര്‍ ഭൂമിക്കു കരംതീര്‍ത്ത രസീതും നല്‍കി.
2007 മേയ്
. സര്‍ക്കാര്‍ വനഭൂമിയില്‍ നിന്ന് 69 മരം മുറിച്ചതിനു വനംവകുപ്പ് സേവി മാത്യുവിനെതിരെ കേസെടുത്തു.
. മരം മുറിച്ച കേസിലെ പ്രതി സേവിയുമായി മന്ത്രിമാരായ ബിനോയ് വിശ്വവും പി.കെ. ഗുരുദാസനും ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടാന്‍ അപേക്ഷ നല്‍കാമെന്നു യോഗത്തില്‍ തീരുമാനം. കസ്റ്റോഡിയന്റെ അനുമതിയോടെ കൂടുതല്‍ മരങ്ങള്‍ മുറിക്കാനും സേവിക്ക് അനുവാദം.
. വനഭൂമി പതിച്ചുകൊടുക്കല്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു വിഎസ്എസ്സി ഡയറക്ടര്‍ ബി.എന്‍. സുരേഷ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു കത്തു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസ് ആ കത്തു വനം വകുപ്പിനു കൈമാറി.
. ഡിഎഫ്ഒ പാട്രിക് ഗോമസ് അടങ്ങിയ സമിതി പൊന്മുടിയില്‍ ചില സ്ഥലങ്ങള്‍ മാത്രം പരിശോധിച്ചു മടങ്ങി.
. 707 ഏക്കര്‍ ഭൂമിയില്‍ ഒറ്റദിവസത്തെ പരിശോധനയ്ക്കു ശേഷം സേവിക്കു വനഭൂമി പതിച്ചു കൊടുക്കാമെന്നു ഡിഎഫ്ഒയുടെ സമിതിയുടെ റിപ്പോര്‍ട്ട്.
2007 ജൂണ്‍
. 24.73 ഹെക്ടര്‍ വനഭൂമി ഒഴികെയുള്ളവ സേവിക്കു പതിച്ചുകൊടുക്കാമെന്നു കൊല്ലം വനം കണ്‍സര്‍വേറ്റര്‍ കെ.ജെ. വര്‍ഗീസിന്റെ ശുപാര്‍ശ.
. 707 ഏക്കറില്‍ 24 ഹെക്ടര്‍ ഒഴികെയുള്ള വനഭൂമിയും എസ്റ്റേറ്റും സേവിക്കു പതിച്ചുനല്‍കാമെന്നു
കസ്റ്റോഡിയന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥന്‍ ഉത്തരവിറക്കി.
. ഉത്തരവിനെ തുടര്‍ന്നു പ്രധാനമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ശിലാസ്ഥാപനത്തിന് എത്തുമെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കുന്നു.
. ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു വിവാദ ഭൂമിയില്‍ ഹെലിപാഡ് നിര്‍മിക്കാന്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു മന്ത്രിസഭ പോലും അറിയാതെ ഒരു കോടി രൂപ അനുവദിക്കുന്നു.
. വിവാദമായതോടെ ഇടപാടിനെക്കുറിച്ചു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ഉന്നതല അന്വേഷണം നടത്തിക്കണമെന്ന്
മുഖ്യമന്ത്രിക്കു വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ കത്ത്.
2007 സെപ്റ്റംബര്‍
. വനം ഭൂമിക്കു റവന്യു ഉദ്യോഗസ്ഥര്‍ കൈവശാവകാശരേഖ നല്‍കിയതു പുറത്തായി.
. അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ഉത്തരവ്.
. വനഭൂമിയെന്നു 2001ല്‍ വിജ്ഞാപനം ചെയ്ത കാര്യം വനംവകുപ്പു തങ്ങളെ അറിയിച്ചില്ലെന്നു കലക്ടറുടെ റിപ്പോര്‍ട്ട്.
. സേവിയുമായി വനം മന്ത്രി യോഗം ചേര്‍ന്നതിന്റെ രേഖകള്‍ പുറത്തായി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. ഭൂമി കാര്യം വിഎസ്എസ്സി സര്‍ക്കാരിനെ അറിയിച്ചില്ലെന്നു മുഖ്യമന്ത്രി.
. ഭൂമിയിടപാടിനെക്കുറിച്ചു വിഎസ്എസ്സി ഡയറക്ടര്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തു മനോരമ പുറത്തുവിട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. കെപിസിസി സംഘത്തെ സേവിയും കൂട്ടരും പൊന്‍മുടിയില്‍ തടഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഹെലിപാഡ് നിര്‍മിക്കാന്‍ ഒരു കോടി നല്‍കിയതിനു മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിക്കു രൂക്ഷവിമര്‍ശനം.
. ഭൂമിയിടപാടില്‍ മന്ത്രി ബിനോയ് വിശ്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
. വിവാദഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളായ സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്സ് മാനേജ്മെന്റിന് 30 ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ വനം വകുപ്പിന്റെ നോട്ടീസ്.
. എസ്റ്റേറ്റ് ഇഎഫ്എല്‍ (പരിസ്ഥിതി ദൌര്‍ബല്യമുള്ള ഭൂമി) പരിധിയില്‍ വരില്ലെന്ന് വനം വകുപ്പ് ഐഎസ്ആര്‍ഒയെ അറിയിച്ചിരുന്നുവെന്ന് സേവി മനോ മാത്യു.
. എസ്റ്റേറ്റ് ഭൂമിയില്‍ ഹെലിപാഡ് നിര്‍മിക്കുന്ന വിവരം തന്നെ അറിയിക്കാതിരുന്നതില്‍ ചീഫ് സെക്രട്ടറി വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പരസ്യമായ കുറ്റപ്പെടുത്തലിനു വിധേയയായതിനു പിന്നാലെ സര്‍വീസില്‍നിന്നു സ്വയം വിരമിക്കാന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് അപേക്ഷ നല്‍കി
. പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഇടപാടില്‍ റവന്യു വകുപ്പിന്റെ സെക്രട്ടേറിയറ്റിലെ ഓഫിസ് മുതല്‍ വില്ലേജ് ഓഫിസ് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായെന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ പ്രാഥമിക നിഗമനം.
. ഭൂമി ഇടപാടിനെക്കുറിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന പേരില്‍ വനം ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥിന് സസ്പെന്‍ഷന്‍. കൊല്ലം കണ്‍സര്‍വേറ്റര്‍ കെ.ജെ. വര്‍ഗീസ്, തിരുവനന്തപുരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ പാട്രിക് ഗോമസ് എന്നിവര്‍ക്ക് സ്ഥലംമാറ്റം. മറ്റു രണ്ടുപേര്‍ക്കെതിരെ വകുപ്പുതല
അന്വേഷണത്തിന് ഉത്തരവ്.
. ഇടപാടിനെപ്പറ്റി വനംമന്ത്രി നല്‍കിയ കത്തിന്മേല്‍ മുഖ്യമന്ത്രി കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നെന്നു സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍.
. ഇടപാട് അതീവ ഗൌരവമുള്ള വിഷയമാണെന്ന് വിജിലന്‍സ് കോടതി. ഇക്കാര്യത്തില്‍ വിശദ വാദം കേട്ടശേഷമേ തുടര്‍നടപടി തീരുമാനിക്കാന്‍ കഴിയൂവെന്ന് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജി കെ. ശശിധരന്‍ നായര്‍.
. ഭൂമി ഇടപാടില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേഡ് കമ്മിറ്റി ഇടപെടുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച വനഭൂമിയില്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് ്ഥാപിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന വനംസെക്രട്ടറിയോട് കമ്മിറ്റി സെക്രട്ടറി എം.കെ. ജിവരാജ്ക.
. 2005ല്‍ നെടുമങ്ങാട് താലൂക്കിലെ ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന മോഹനന്‍പിള്ള, തെന്നൂര്‍ വില്ലേജ് ഓഫിസറുടെ ചുതമല വഹിച്ചിരുന്ന വില്ലേജ് അസിസ്റ്റന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് സസ്പെന്‍ഷന്‍
. പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ ഇടപാടിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്താന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനം.
. സേവി മനോ മാത്യുവും ഐഎസ്ആര്‍ഒയും തമ്മിലുള്ള ഭൂമികൈമാറ്റം നടന്ന ജൂലൈ 20ന് താന്‍ ഇഎഫ്എല്‍
കസ്റ്റോഡിയനല്ലായിരുന്നുവെന്ന് സസ്പെന്‍ഷനിലായ വനം ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥ്.
2007 ഒക്ടോബര്‍
. എസ്റ്റേറ്റ് ഒഴിപ്പിക്കാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) യുടെ ഹര്‍ജി.
. മെര്‍ക്കിസ്റ്റണിലെ 707 ഏക്കര്‍ വനഭൂമി ജയശ്രീ പ്ളാന്റേഷന്‍സ് 2005 മാര്‍ച്ചില്‍ സേവി മനോ മാത്യുവിനു വിറ്റതും പോക്കുവരവ് ചെയ്തതുമായ നടപടി റവന്യു ഡിവിഷനല്‍ ഓഫിസര്‍ റദ്ദാക്കി.
. എസ്റ്റേറ്റില്‍ നിന്നു കൈവശക്കാരനെ ഒഴിപ്പിച്ചു ഭൂമി ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ നോട്ടീസ് ഹൈക്കോടതി തടഞ്ഞു.
. ഐഎസ്ആര്‍ഒ ഇന്‍സ്റ്റിറ്റ്യൂട്ടിനായി എസ്റ്റേറ്റ് ഭൂമി തന്നെ വേണമെന്നുണ്ടെങ്കില്‍ പരിഗണിക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍.
. ഇടപാടില്‍ മന്ത്രിമാരായ ബിനോയ് വിശ്വം, പി.കെ. ഗുരുദാസന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. അതേസമയം ഹര്‍ജി തള്ളിയതുകൊണ്ടു മാത്രം ആരും
കുറ്റവിമുക്തരാകുന്നു എന്നര്‍ഥമില്ലെന്നും കോടതി.
. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടിനെപ്പറ്റി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയിരുന്ന വി. ഗോപിനാഥന്‍ സര്‍ക്കാരിനു യഥാസമയം വിവരം നല്‍കിയില്ലെന്ന് സര്‍ക്കാര്‍ കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു.
. പരിസ്ഥിതി ദുര്‍ബല നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒരുവിധ അവകാശവുമില്ലാതെയാണ് സേവി മനോ മാത്യു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് റിസര്‍ച്ച് ആന്‍ഡ്
ടെക്നോളജിക്കു (ഐഐഎസ്ടി) കൈമാറിയതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍.
. എസ്റ്റേറ്റ് വാങ്ങുന്നതിന് സേവി മനോ മാത്യുവുമായി ഐഎസ്ആര്‍ഒ ഉണ്ടാക്കിയ കരാറില്‍ ഇടപെടാനോ എന്തെങ്കിലും ചെയ്യാനോ സര്‍ക്കാരിനു സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
. മെര്‍ക്കിസ്റ്റണ്‍, ഹാരിസണ്‍ ഇടപാടുകളുടെ നിര്‍ണായക ഫയലുകള്‍ വനംമന്ത്രിയുടെ ഓഫിസില്‍ കൈകാര്യം ചെയ്തിരുന്ന പ്രൈവറ്റ് സെക്രട്ടറി ടി.എസ്. ശശിധരന്‍നായരെ മാറ്റി മുന്‍മന്ത്രി കെ.ഇ. ഇസ്മായിലിന്റെ പഴ്സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന എന്‍. ശിശുപാലനെ പകരം പ്രൈവറ്റ് സെക്രട്ടറിയാക്കി. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രി പി.കെ. ഗുരുദാസന്റെ നിര്‍ദേശത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ പോലും മിനിറ്റ്സില്‍ ഉള്‍ക്കൊള്ളിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇദ്ദേഹത്തെ മാറ്റാന്‍ സിപിഐ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട മിനിറ്റ്സ് തയാറാക്കിയതു വനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ലെന്നും വനം വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണെന്നും കൂടുതല്‍ ഭരണപരിചയമുള്ള ആളെ പ്രൈവറ്റ് സെക്രട്ടറിയാക്കാനായി അദ്ദേഹത്തെ മറ്റൊരു തസ്തികയിലേക്കു മാറ്റിയെന്നേയുള്ളുവെന്നും
വിശദീകരണം.
. മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടു സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മുന്‍മന്ത്രിയും കേരള റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റുമായ ടി.എച്ച്. മുസ്തഫയുടെ ഹര്‍ജി.
2007 നവംബര്‍
. മുഖ്യ വനപാലകന്‍ വി. ഗോപിനാഥിന്റൈ സസ്പെന്‍ഷന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവച്ചു.
. സേവി മനോ മാത്യുവിന്റെ വാടകവീട്ടിലാണ് ആഭ്യന്തര മന്ത്രി താമസിക്കുന്നതെന്നതുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി.
. പൊന്മുടിക്കടുത്ത് ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറാന്‍ അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍ കണ്ടുവച്ചിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തെന്നൂരിലെ 129.78 ഏക്കറും ഇന്‍വര്‍കോഡ് എസ്റ്റേറ്റിന്റെ 74.83 ഏക്കറും പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തിനടുത്തുള്ള 30
ഏക്കറുമാണ് ഇതിനായി കണ്ടെത്തിയത്.
. പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ രൂപഘടന മാറ്റുന്ന പ്രവര്‍ത്തനങ്ങളും ഭൂമിയുടെ സ്വഭാവം മാറ്റുന്ന തരത്തിലുള്ള നടപടികളും ഐഎസ്ആര്‍ഒ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ്. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പരിധിയില്‍ നിന്നൊഴിവാക്കിയതു ചോദ്യം ചെയ്ത് അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
. വനംമന്ത്രി ബിനോയ് വിശ്വം, തൊഴില്‍മന്ത്രി പി.കെ. ഗുരുദാസന്‍, സേവി മനോ മാത്യു എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.
. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് നഷ്ടപ്പെടാതിരിക്കാന്‍ പൊന്‍മുടിയില്‍ 630.67 ഏക്കര്‍ റവന്യു ഭൂമി കൂടി സര്‍ക്കാര്‍ പുതുതായി കണ്ടെത്തി.
. ഐഎസ്ആര്‍ഒയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കാമെന്നു വാഗ്ദാനം ചെയ്ത തെന്നൂര്‍ വില്ലേജില്‍പെട്ട 127.26 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. ബാലകൃഷ്ണപിള്ളയ്ക്ക് സ്ഥലംമാറ്റം.
2007 ഡിസംബര്‍
. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം കലക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. സേവി മനോമാത്യു ആണ് ഒന്നാം പ്രതി. കലക്ടര്‍ എന്‍. അയ്യപ്പന്‍, വിഎസ്എസ്സി കണ്‍ട്രോളര്‍ കെ.എം. നായര്‍, സ്പെഷല്‍ ഓഫിസര്‍ നിര്‍മല്‍ ദാസ് എന്നിവരാണു രണ്ടു മുതല്‍ നാലു വരെ പ്രതികള്‍.
. വനം മന്ത്രി ബിനോയ് വിശ്വം, തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസന്‍ എന്നിവര്‍ക്കു ഹൈക്കോടതി പ്രത്യേക ദൂതന്‍ മുഖാന്തരം നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവ്. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്സ് എംഡി സേവി മനോ മാത്യുവിനും നോട്ടീസ് പുറപ്പെടുവിച്ചു.
കടപ്പാട്- മനോരമ
൧൧. ഐ. എസ്. ആര്‍. ഒ.യുടെ കത്തില്‍ ദുരൂഹത
ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട്
തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കാന്‍ പൊന്മുടി എസ്റ്റേറ്റ് വിട്ടുകൊടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ. എസ്. ആര്‍. ഒ. ചീഫ് സെക്രട്ടറിക്ക് തിങ്കളാഴ്ച നല്‍കിയതായി പറയപ്പെടുന്ന കത്തിനെക്കുറിച്ചുള്ള ദുരൂഹത വര്‍ധിക്കുന്നു. ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും റവന്യൂ മന്ത്രി കെ. പി.രാജേന്ദ്രനും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഐ. എസ്. ആര്‍. ഒ. യുടെ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് കത്തയയ്ക്കുന്നത് എന്നാണ് ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. ബി. എന്‍. സുരേഷ് പറഞ്ഞിട്ടുള്ളത്. പൊന്മുടി എസ്റ്റേറ്റിലെ 100 ഏക്കര്‍ വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാര്‍ സൌമനസ്യം കാട്ടിയ കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ. എസ്. ആര്‍. ഒ. യുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട സ്ഥലത്ത് പരിശോധന നടത്താന്‍ ധാരണയായ പ്രകാരം ഞായറാഴ്ച നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ഡോ. സുരേഷ് പറയുന്നത്.
എന്നാല്‍ ഐ. എസ്. ആര്‍. ഒ. ഉദ്യോഗസ്ഥരുമായി ഒരു തരത്തിലുള്ള ഔദ്യോഗിക യോഗവും നടന്നിട്ടില്ലെന്നാണ് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞത്. ഐ. എസ്. ആര്‍. ഒ. ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ വന്നിരുന്നു. റവന്യൂ മന്ത്രി, നിയമ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ ഐ. എസ്. ആര്‍. ഒ. യുമായി ഇന്‍സ്റ്റിട്യൂട്ട് കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് തിരുമാനിച്ചിരുന്നത്. ഇതുപ്രകാരമുള്ള ഔദ്യോഗിക ചര്‍ച്ച നടക്കുകയോ അന്തിമ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം മിനിട്ട്സ് രേഖപ്പെടുത്തി ഐ. എസ്. ആര്‍. ഒ. യുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രിയും പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമ മന്ത്രി എം. വിജയകുമാറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പൊന്മുടി എസ്റ്റേറ്റില്‍ 100 ഏക്കര്‍ ആവശ്യപ്പെട്ട് ഐ. എസ്. ആര്‍. ഒ. കത്തുനല്‍കിയിട്ടില്ലെന്ന് വി. എസ്. പറഞ്ഞു. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്ന് ആരോപിച്ച അദ്ദേഹം ബഹിരാകാശ കേന്ദ്രം ഇവിടെ വരുന്നത് കലക്കിക്കളയാന്‍ ചിലര്‍ നല്ലതല്ലാത്ത ശ്രമം നടത്തുന്നുണ്ടെന്നും കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഐ. എസ്. ആര്‍. ഒ. യുമായി ഒരു തര്‍ക്കവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പിമൂട്ടില്‍ 100 ഏക്കര്‍ ബഹിരാകാശ കേന്ദ്രത്തിന് നല്‍കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. അപ്പര്‍ സാനിട്ടോറിയത്തിലെ 20 ഏക്കര്‍ കൂടി വിട്ടുകൊടുത്തുകൊണ്ടുള്ള ഉത്തരവ് താമസിയാതെ പുറപ്പെടുവിക്കും. സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടി ഡിസംബര്‍_ 31 നകം പൂര്‍ത്തീകരിക്കണമെന്ന് ഐ.എസ്. ആര്‍. ഒ. ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ കേന്ദ്രത്തിന് 100 ഏക്കര്‍ ഭൂമിവിട്ടുകൊടുത്തതില്‍ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തിക്കൊണ്ടുള്ള കത്താണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. ഈ ഭൂമി വേണ്ടെന്ന് ഐ. എസ്. ആര്‍. ഒ. അഭിപ്രായപ്പെട്ടതായി മാധ്യമങ്ങളില്‍ കണ്ടുള്ള അറിവ് മാത്രമാണുള്ളത്. വാനനിരീക്ഷണ കേന്ദ്രമടക്കം 13 സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അപ്പര്‍ സാനിട്ടോറിയത്തിലെ 35 ഏക്കര്‍ കൂടി പിന്നീട് ഐ. എസ്. ആര്‍. ഒ. ആവശ്യപ്പെട്ടു. അതുപ്രകാരം നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ആദ്യം 25 ഏക്കറായും പിന്നീട് 20 ഏക്കറായും ഭൂമിയുടെ അളവ് കുറച്ചു. പൊന്മുടി എസ്റ്റേറ്റ് ആവശ്യപ്പെട്ടുകൊണ്ട് ഐ. എസ്. ആര്‍. ഒ. യുടെ കത്തു ലഭിച്ചതായി മന്ത്രിസഭാ ഉപസമിതിയെയോ തന്നെയോ ചീഫ് സെക്രട്ടറി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊന്മുടിയിലെ പത്തൊമ്പതാം നമ്പര്‍ ഹെയര്‍പിന്‍ വളവിലുള്ള 3995/2 സര്‍വേ നമ്പരിലെ 35 ഏക്കറും ഇതിന് 500 മീറ്റര്‍ അകലെയുള്ള 65 ഏക്കറുമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ച കത്തില്‍ ഐ. എസ്. ആര്‍. ഒ. ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളല്ലെന്നും പൊന്മുടി എസ്റ്റേറ്റിലെ മിച്ചഭൂമിയാണെന്നും അവര്‍ പറയുന്നു. എന്നാല്‍, ഐ. എസ്. ആര്‍. ഒ. ആവശ്യപ്പെട്ട് 35 ഏക്കര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലവും 65 ഏക്കര്‍ നിക്ഷിപ്ത വനവുമാണ്.
കടപ്പാട്- മാതൃഭൂമി
അടയാളം 









