നവംബര്‍ 15, 2009
കണ്ണൂര്‍: സമരങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്ന പരിപാടി രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ത്തണമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന നിയമസേവന സമിതിയും കണ്ണൂര്‍ ബാര്‍ അസോസിയേഷനും സംഘടിപ്പിച്ച പൊതുമുതല്‍ സംരക്ഷണ ബോധവല്‍ക്കരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമുതല്‍ സംരക്ഷിക്കുന്നതിന് സാധാരണക്കാരെ പോലെ തന്നെ രാഷ്ട്രീയക്കാര്‍ക്കും ബാധ്യതയുണ്ട്.
പൊതുമുതല്‍ സംരക്ഷണം സമൂഹത്തിന്റെ പൊതുബോധമായി ഉയര്‍ത്തിക്കൊണ്ടുവരണം. തലശേരിയിലും വടകരയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് അഞ്ച് പുതിയ കോടതികള്‍ മാര്‍ച്ചിന് മുന്‍പ് തുടങ്ങും. കോടതികളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി അപകടം കുറയ്ക്കുന്നതിന് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ഏറെ സഹായം ചെയ്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ലിങ്ക് – മനോരമ
നാദാപുരത്ത് പോലീസ് ജീപ്പ് കത്തിച്ചു
കോഴിക്കോട്: നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ സ്റ്റേഷനുസമീപം വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അജ്ഞാതര്‍ കത്തിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീപ്പ് കത്തുന്നത് കണ്ടത്.
ആഴ്ചകള്‍ക്ക് മുമ്പ് നാദാപുരം സി.ഐ സഞ്ചരിച്ചിരുന്ന ജീപ്പിനുനേരെ ബോംബേറുണ്ടായിരുന്നു. ലീഗ് സിപിഎം സംഘര്‍ഷത്തോടെ കഴിഞ്ഞ ഒരുമാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ലിങ്ക് – മാതൃഭൂമി
നവംബര്‍ 15, 2009
തൃശൂര്‍: കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയെന്ന മട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു പ്രചാരണം നടത്താന്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ തോറും യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍മാരെ നിയമിച്ചു തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പേരിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയാണു ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കോ-ഒാര്‍ഡിനേറ്റര്‍മാരാക്കിയിരിക്കുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രം സിപിഐയുടെ യുവജന നേതാക്കള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് തല കോ-ഒാര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെയും വെള്ളിയാഴ്ചയുമായി തിരുവനന്തപുരം,
തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്നു. സിപിഎം, സിപിഐ നേതാക്കള്‍ മാത്രമാണു പരിശീലനത്തില്‍ പങ്കെടുത്തത്. അഞ്ചു ജില്ലകള്‍ക്കായി തൃശൂരില്‍ നടത്തിയ പരിശീലനത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തതില്‍ വലതു യുവജന സംഘടനാ പ്രതിനിധിയായി ഒരാള്‍ മാത്രമാണുണ്ടായിരുന്നതെന്നു പരാതിയുണ്ട്. ഇടതുചായ്വുള്ള ഏതാനും രാഷ്ട്രീയേതര സംഘടനാ പ്രതിനിധികളെയും പേരിനു മാത്രം പരിശീലനത്തില്‍ പങ്കെടുപ്പിച്ചു.
തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ മാത്രം ഭാഗമെന്ന നിലയില്‍ ചിത്രീകരിച്ചു പ്രചാരണം നടത്താനാണ് എല്‍ഡിഎഫ് തീരുമാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പായി ‘എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും തൊഴില്‍ എന്ന ജനകീയ ക്യാംപയിന്‍ സംസ്ഥാന വ്യാപകമായി നടത്താനാണു പരിപാടി. ഇഎംഎസ് ഭവന നിര്‍മാണ പദ്ധതിയും തൊഴിലുറപ്പു പദ്ധതിയുമാണ് ഈ പ്രചാരണത്തിലെ മുഖ്യവിഷയങ്ങള്‍. ഇതില്‍ തൊഴിലുറപ്പു പദ്ധതി 90 ശതമാനം കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെന്ന കാര്യം മറച്ചു വച്ചാണു പ്രചാരണത്തിനു പരിപാടി തയാറാക്കിയിരിക്കുന്നത്.
ക്യാംപയിനു വേണ്ടി തദ്ദേശവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പുറംചട്ടയില്‍ പോലും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചു പരാമര്‍ശിക്കാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ‘തദ്ദേശ ഭരണവകുപ്പ് തൊഴിലുറപ്പു പദ്ധതി എന്നു മാത്രമാണു കൈപ്പുസ്തകത്തിലുള്ളത്. കൈപ്പുസ്തകത്തിനു മന്ത്രി പാലോളി മുഹമ്മദ് കുട്ടി എഴുതിയ അവതാരികയിലും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് ഒരുവരി പോലുമില്ല. 90 ശതമാനം കേന്ദ്ര സഹായം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ കേന്ദ്രത്തിന്റെ പങ്കു മറച്ചുവച്ച് എല്‍ഡിഎഫ് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതായി ആരോപിച്ച് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കര പ്രധാനമന്ത്രിക്കു പരാതി അയച്ചു.
നവംബര്‍ 15, 2009
അടൂര്‍ : എന്തിനെയും എതിര്‍ക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ആസിയാന്‍ കരാറും കേരളവും’ എന്ന വിഷയത്തെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കംപ്യൂട്ടറിനെയും മൊബൈല്‍ ഫോണിനെയും എതിര്‍ത്തവരാണ് ഇപ്പോള്‍ അത് കൂടുതലായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ആസിയാന്‍ കരാറിനെയാണ് എതിര്‍ക്കുന്നത്. ഇത് എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ല.
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പദ്ധതി വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്രസഹായം പരമാവധി വാങ്ങി കേരളത്തിന്റെ സമഗ്ര പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണം. ജീവനക്കാരുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് പ്രയോജനകരമായിത്തീരണമെന്നും ശശി തരൂര്‍ പറഞ്ഞു. പ്രൊഫ. ജി. ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.
ലിങ്ക് – കേരളകൌമുദി
നവംബര്‍ 15, 2009
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാലാ നിയമനം പി.എസ്.സി.ക്ക് വിടാനുള്ള കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്റെ നിര്‍ദേശത്തെ ഭരണപ്രതിപക്ഷ ഭേദമെന്യേ യുവജന സംഘടനകളും സര്‍വകലാശാലാ ജീവനക്കാരുടെ സംഘടനകളും സ്വാഗതം ചെയ്‌തു. കാര്‍ഷിക സര്‍വകലാശാലയിലേത് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട് സുതാര്യത ഉറപ്പുവരുത്തണമെന്നും അഴിമതി മുക്തമാക്കണമെന്നുമാണ് സംഘടനകളുടെ നിലപാട്.
ഡി.വൈ.എഫ്.ഐ.
സര്‍വകലാശാലാനിയമനങ്ങള്‍ പി.എസ്.സി. മുഖേനയാക്കണമെന്ന നിലപാടിനോട് പൊതുവില്‍ യോജിപ്പാണുള്ളതെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് പറഞ്ഞു. എന്നാല്‍, സംഘടനയ്‌ക്കുള്ളില്‍ ചര്‍ച്ച നടത്തി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള സംശയം അകറ്റുന്നതിനും സുതാര്യാത ഉറപ്പുവരുന്നതിനും നിയമനം പി.എസ്.സി.ക്ക് വിടണമെന്ന നിലപാട് അംഗീകരിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ്
കാര്‍ഷിക സര്‍വകലാശാലാ നിയമനം പി.എസ്.സി.ക്ക് വിടാനുള്ള കൃഷിമന്ത്രിയുടെ നിര്‍ദേശത്തെ യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് എം. ലിജു പറഞ്ഞു. എന്നാല്‍, കൃഷിമന്ത്രി എത്രതന്നെ ആത്മാര്‍ഥത കാണിച്ചാലും നിയമന മാഫിയയായി പ്രവര്‍ത്തിക്കുന്ന സി.പി.എം. ഈ നിര്‍ദേശം തീരുമാനമാക്കാന്‍ സമ്മതിക്കുമെന്ന് കരുതുന്നില്ല. ഈ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും നിയമനം പി.എസ്.സി.ക്ക് വിടണം.
എ.ഐ.വൈ.എഫ്
കാര്‍ഷിക സര്‍വകലാശാലയിലേത് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും നിയമനം പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യം എ.ഐ.വൈ.എഫ്. കാലങ്ങളായി ഉന്നയിച്ചുവരുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു.സിന്‍ഡിക്കേറ്റുകള്‍ നിയമനകാര്യങ്ങള്‍ക്കാണ് കൂടുതല്‍ സമയം ഇപ്പോള്‍ ചെലവഴിക്കുന്നത്.ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണം.
ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി
നിയമനം നടത്താനുള്ള ആര്‍ത്തിയാണ് സിന്‍ഡിക്കേറ്റ് അംഗത്വത്തിനായി പലരേയും രംഗത്തെത്തിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. സ്വയംഭരണത്തിന്റെ പേരില്‍ അത്രമാത്രം അഴിമതിയും സ്വജനപകഷപാതവുമാണ് നടന്നുവരുന്നതെന്ന് കേരള, കാലിക്കറ്റ്, സംസ്‌കൃത, കൊച്ചി, കാര്‍ഷിക സവകലാശാലകളിലെ നിയമനചരിത്രം തെളിയിക്കുന്നു. കൃഷിമന്ത്രി ഈ നിര്‍ദേശം ആത്മാര്‍ഥമായാണ് മുന്നോട്ടുവെച്ചതെങ്കില്‍ അത് നടപ്പാക്കാനുള്ള ആര്‍ജവം ഭരണനേതൃത്വം പ്രകടിപ്പിക്കണം. ഈ തീരുമാനം നടപ്പാകുംമുമ്പ് സര്‍വകലാശാലകളില്‍ തിരക്കിട്ട് അനധികൃത നിയമനം നടത്താനുള്ള നീക്കവും തടയണമെന്ന് സമിതി കണ്‍വീനര്‍ ആര്‍.എസ്. ശശികുമാറും ചെയര്‍മാന്‍ രാജന്‍ വര്‍ഗീസും ആവശ്യപ്പെട്ടു.
ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ്
കാര്‍ഷിക സര്‍വകലാശാലാ നിയമനം പി.എസ്.സി.ക്ക് വിടാനുള്ള പ്രോ ചാന്‍സലറായ മന്ത്രിയുടെ തീരുമാനം സര്‍വകലാശാലകളിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സ്വാഗതം ചെയ്‌തു. മന്ത്രിയുടെ തീരുമാനം അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന് പ്രസിഡന്റ് കെ.വേദവ്യാസനും ജനറല്‍ സെക്രട്ടറി എന്‍.എല്‍. ശിവകുമാറും ആവശ്യപ്പെട്ടു.
യുണൈറ്റഡ് ഫോറം ഓഫ് യൂണിവേഴ്‌സിറ്റി സ്റ്റാഫ്
സര്‍വകലാശാലാ നിയമനം നേരത്തേതന്നെ പി.എസ്.സി.ക്ക് വിടേണ്ടതായിരുന്നുവെന്ന് സി.പി.ഐ. അനുകൂല സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഇന്‍ കേരള പ്രസിഡന്റ് സത്യന്‍ മൊകേരി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ മാതൃക പിന്തുടര്‍ന്ന് ഇനിയെങ്കിലും മറ്റ് സര്‍വകലാശാലകളിലും നിയമനം പി.എസ്.സി.ക്ക് വിടേണ്ടതാണ്.
ലിങ്ക് – മാതൃഭൂമി
നവംബര്‍ 14, 2009
വിദ്യാര്‍ത്ഥിനിയുടെ മാല കവര്‍ന്നോടിയ യുവാവിനെ പൊലീസ് ദമ്പതിമാര്‍ കുടുക്കി
തിരുവനന്തപുരം : കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍നിന്ന് നാലു പവന്‍ സ്വര്‍ണമാല പിടിച്ചുപറിച്ച് ഓടിയ യുവാവിനെ പൊലീസ് കോണ്‍സ്റ്റബിളും വനിതാ പൊലീസുകാരിയായ ഭാര്യയും ഓടിച്ചിട്ട് പിടിച്ചു.
ഇവരുടെ ധീരവും സാഹസികവുമായ സേവനത്തിന് ഡി.ജി.പി 2000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കഥ ഇങ്ങനെ: ഇന്നലെ രാവിലെ 8 മണി. നന്തന്‍കോട് സ്വദേശിയും ആള്‍സെയിന്റ്സ് കോളേജ് വിദ്യാര്‍ത്ഥിനിയുമായ പ്രീതി ജോസ് (20) വീട്ടില്‍നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. നളന്ദ ജംഗ്ഷനില്‍വച്ച് കവടിയാര്‍ സ്വദേശി കണ്ണന്‍ എന്ന സന്തോഷ്കുമാര്‍ പ്രീതിയുടെ പിന്നാലെകൂടി. തക്കം കിട്ടിയപ്പോള്‍ മാല പിടിച്ചുപറിച്ചു കടന്നു. അപ്പോള്‍ അതുവഴി ബൈക്കില്‍ വരികയായിരുന്നു മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജുവും ഭാര്യ വനിതാ ഹെല്‍പ് ലൈനിലെ കോണ്‍സ്റ്റബിള്‍ സന് ധ്യയും. പെണ്‍കുട്ടി നിലവിളിക്കുന്നതും കള്ളന്‍ ഓടുന്നതും കണ്ട് ഇരുവരും ബൈക്ക് നിറുത്തി കള്ളന് പിന്നാലെ പാഞ്ഞു. ഇവരെ കണ്ട് അയാള്‍ മതില്‍ ചാടി അടുത്ത പറമ്പില്‍ കടന്നു. ഇരുവരും പിന്തുടരുന്നതു കണ്ട് വീണ്ടും ഓടി. ഊടുവഴികളിലൂടെയായിരുന്നു ഓട്ടം. പിന്നാലെ എത്തിയ ബിജുവും സന്ധ്യയും രാജീവ് നഗറില്‍വച്ച് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എതിര്‍ക്കാന്‍ ഒരുമ്പെട്ടു. അതോടെ മല്‍പ്പിടിത്തമായി. ആളുകള്‍ കൂടിയെങ്കിലും കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഒടുവില്‍, ബിജു അയാളെ കീഴ്പ്പെടുത്തി. ഇതിനിടെ സന്ധ്യ അടുത്ത വീട്ടിലേക്കോടി തോര്‍ത്തുക്കൊണ്ടുവന്ന് അയാളെ ബന്ധിച്ചു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസ് എത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളെ പൊലീസ് പിന്നീട് കോടതിയില്‍ ഹാജരാക്കി.
ലിങ്ക് – കേരളകൌമുദി
നവംബര്‍ 14, 2009
കോഴിക്കോട്: പ്രമേഹമുണ്ടോ? എങ്കില്‍, ലാബില്‍ ചെന്നുള്ള രോഗപരിശോധനയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി, ഫലം കിറുകൃത്യമായി അറിയാന്‍ ഇതാ ലളിതവും തീരെ ചെലവു കുറഞ്ഞതുമായ മാര്‍ഗം ഡോ. എം.വി.ഐ മമ്മി പറഞ്ഞുതരുന്നു.
ദീര്‍ഘകാലം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച പരിചയസമ്പത്തുമായി ലോക പ്രമേഹദിനത്തില്‍ ഡോ. മമ്മി രോഗികളോടു പറയുന്നത് ഇങ്ങനെ:
കുപ്പിനിറയെ മൂത്രവുമായി ലാബിലേക്ക് ഓടേണ്ട, രക്തസാമ്പിളെടുക്കാന്‍ സൂചികുത്തേണ്ട…
പ്രമേഹ പരിശോധനയ്ക്ക് ആകെ വേണ്ടത് ഒരേയൊരു തുള്ളി മൂത്രം. പിന്നെ, ദീര്‍ഘകാലത്തെ ഗവേഷണത്തിലൂടെ ഡോ. മമ്മി വികസിപ്പിച്ചെടുത്ത മരുന്നിന്റെ നാലഞ്ചു തുള്ളിയും! ഒരുതവണത്തെ പരിശോധനയ്ക്ക് പരമാവധി ചെലവ് വെറും രണ്ടുരൂപ!
പ്രമേഹമുണ്ടോ എന്നു പരിശോധിക്കാന്‍ മൂത്രത്തില്‍ മുക്കിയ ഈര്‍ക്കില്‍ മരുന്നില്‍ മുട്ടിച്ചാല്‍ മതി. പച്ചവെള്ളംപോലെ തോന്നിക്കുന്ന മരുന്ന് മൂത്രത്തിലെ ഗ്ളൂക്കോസിന്റെ അളവനുസരിച്ച് നിറംമാറാന്‍ തുടങ്ങും. നിറംമാറ്റത്തിന്റെ കടുപ്പമനുസരിച്ച് പ്രമേഹതീവ്രത എത്രത്തോളമെന്ന് അറിയാമെന്നാണ് ഡോ. മമ്മി പറയുന്നത്. ഇതിന്, പല നിറത്തില്‍ പ്രത്യേകം തയ്യാറാക്കിയ ടെസ്റ്റിങ് പേപ്പറുകളുണ്ട്. ഓരോ ഇനം കടലാസിലും ഗ്ളൂക്കോസിന്റെ വ്യത്യസ്ത അളവ് രേഖപ്പെടുത്തിയിട്ടുണ്ടാവും. കടലാസിലെ നിറവും, മരുന്നിന്റെ മാറിയ നിറവും ഒത്തുനോക്കിയാല്‍ ഗ്ളൂക്കോസിന്റെ അളവ് കൃത്യമായി അറിയാം.
പ്രമേഹ പരിശോധനയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ബെന്‍ഡിക്സ് ടെസ്റ്റില്‍പ്പോലും കുറഞ്ഞ അളവിലുള്ള ഗ്ളൂക്കോസിന്റെ സാന്നിധ്യം കണ്ടെത്താനാവില്ലെന്നിരിക്കെയാണ് ഒരു തുള്ളി മൂത്രവും നാലഞ്ചു തുള്ളി പരിശോധനാ മരുന്നും മാത്രം ഉപയോഗിച്ച് കിറുകൃത്യമായി ഫലം പറയാവുന്ന ടെക്നിക്ക് താന്‍ വികസിപ്പിച്ചെടുത്തതെന്ന് ഡോ. മമ്മി പറയുന്നു.
പ്രമേഹമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ അതിനുള്ള പരിഹാരവും ഡോക്ടര്‍ പറഞ്ഞുതരും: ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണത്തിനു മുമ്പ് ഈ പരിശോധന നടത്തുക. ഗ്ളൂക്കോസിന്റെ അളവ് കൂടിയെന്നു കണ്ടാല്‍ പരിശോധനാ ശേഷമുള്ള ഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കുക. നന്നായി വ്യായാമം ചെയ്യുക. അത്രയും മതി; രോഗിക്ക് ധൈര്യമായിരിക്കാം.
പരിശോധനയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന് തീരെ നിറവ്യത്യാസം വന്നിട്ടില്ലെങ്കില്‍ ശരീരത്തില്‍ ഗ്ളൂക്കോസ് കുറയുന്നതുമൂലം ഉണ്ടാകുന്ന ‘ഹൈപ്പോഗ്ളൈസീമിയ’യ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം കുശാലായി കഴിക്കുക.
തന്റെ കണ്ടുപിടിത്തം ഇതിനകം ആയിരത്തിലധികം രോഗികളില്‍ പരിശോധിച്ച് ഫലം ഉറപ്പാക്കിയിട്ടുണ്ട് ഡോ. മമ്മി. പരിശോധനാ മരുന്നിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഇദ്ദേഹം.
ലിങ്ക് – കേരളകൌമുദി
നവംബര്‍ 14, 2009
ടോക്കിയോ: ഷേക്‌സിപയര്‍ കൃതികള്‍ വായിക്കാന്‍ ഇംഗ്ലീഷ് അറിയണമെന്നില്ല. സായിപ്പിനോട് മലയാളത്തില്‍ തന്നെ സംസാരിക്കാം. വായിച്ചിട്ട് കൊതിയാകുന്നു അല്ലേ. മലയാളം അറിയാത്ത സുഹൃത്തിന് മലയാളത്തില്‍ കത്തയക്കുകയു ആകാം. ജപ്പാനിലെ കമ്പ്യൂട്ടര്‍ കമ്പനിയായ NECയാണ് ‘കണ്ണട’ കമ്പ്യൂട്ടറിന് പിന്നില്‍.
കണ്ണട പോലെ ഉപയോഗിക്കാവുന്ന ടെലി സ്‌കൗട്ടറാണ് ഭാഷാ ‘വിപ്ലവത്തിന്’ പിന്നില്‍.
ടെലി സ്‌കൗട്ടറില്‍ അടങ്ങിയ മിനി കമ്പ്യൂട്ടറാണ് വിവര്‍ത്തനം നിര്‍വഹിക്കുക.
സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ടെലി സ്‌കൗട്ടറിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്‌തതിന് ശേഷം സേര്‍വറിലേക്കയക്കും. വിവര്‍ത്തനം സ്‌കൗട്ടറില്‍ തെളിഞ്ഞുവരും.
പുസ്‌തകങ്ങളും ഇങ്ങനെ വിവര്‍ത്തനം ചെയ്യാമത്രേ.
ലോകത്തിലെ പ്രധാനഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ ഒരുക്കാനുളള ശ്രമങ്ങള്‍ പുാേഗമിക്കുകയാണെന്ന് NEC മാനേജര്‍ കൊതാറോ നഗഹമ അറിയിച്ചു.
എന്നാല്‍ ടെലി സ്‌കൗട്ടര്‍ സ്വന്തമാക്കാന്‍ അത്ര എളുപ്പമല്ല. വിപണിയിലെത്തുമ്പോള്‍ 83,000 ഡോളറോളം വിലയാകുമത്രേ.
ലിങ്ക് – മംഗളം
നവംബര്‍ 14, 2009
തിരുവനന്തപുരം: സംസ്‌ഥാനത്തെ നദികളിലും അണക്കെട്ടുകളിലുംനിന്നു മണല്‍ വാരാന്‍ ഉന്നതോദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കും. മണല്‍ വാരുന്നതും ആവശ്യക്കാര്‍ക്കു വില്‍ക്കുന്നതും ഈ സ്‌ഥാപനമായിരിക്കും. ഇതു സംബന്ധിച്ച വിജ്‌ഞാപനം ഉടന്‍ പുറത്തിറങ്ങും. ഇതിനായി നിര്‍മിതികേന്ദ്രം സര്‍ക്കാരിന് അപേക്ഷ നല്‍കി. അപേക്ഷയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ക്ഷാമം ഒഴിവാക്കാനും കരിഞ്ചന്ത തടയാനും വേണ്ടിയാണു പുതിയ സംവിധാനം. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു ലോഡ് മണലിന് 60,000 രൂപയ്‌ക്കു മുകളിലാണു വില. ഏജന്‍സി രൂപീകൃതമാകുന്നതോടെ മണല്‍വില ഗണ്യമായി കുറയും.
മണല്‍ വാരി ഒരു താലൂക്കുതോറുമുള്ള ഏജന്‍സി കേന്ദ്രത്തിലെത്തിച്ചു വിതരണം ചെയ്യാനാണു പദ്ധതി. സര്‍ക്കാര്‍ഭൂമിയിലായിരിക്കും ഏജന്‍സി കേന്ദ്രം പ്രവര്‍ത്തിക്കുക. ആവശ്യക്കാര്‍ക്കു കുറഞ്ഞ നിരക്കില്‍ മണല്‍ വാങ്ങാം. ഇതിനായി പാസുണ്ടാകും.
ഇവിടെനിന്നു മണല്‍ വാങ്ങി കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതു തടയാന്‍ പ്രത്യേകസംവിധാനങ്ങളുണ്ടാകും. നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്ലാന്‍, സ്‌കെച്ച് എന്നിവ സഹിതം ആദ്യം ഇവിടെ അപേക്ഷ നല്‍കണം. ഇതോടൊപ്പം എത്ര ലോഡ് മണല്‍ വേണമെന്ന് എന്‍ജിനീയര്‍ സര്‍ട്ടിഫൈ ചെയ്‌ത കണക്കും സമര്‍പ്പിക്കണം. ഈ അപേക്ഷ പരിഗണിച്ചാണു മണല്‍ വിതരണം. ഓരോ ആള്‍ക്കും ആഴ്‌ചവീതം നല്‍കുന്ന മണലിന്റെ അളവു ക്ലിപ്‌തപ്പെടുത്തും.
മണല്‍വാരലും വില്‍പനയും തഹസീല്‍ദാര്‍മാരുടെ കീഴില്‍ നടത്താന്‍ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും അപ്രായോഗികമെന്നു വിലയിരുത്തി തള്ളുകയായിരുന്നു. മണല്‍ക്ഷാമം രൂക്ഷമായതോടെ പിന്നോക്ക വിഭാഗങ്ങളുടെ വീടുകള്‍ അടക്കമുള്ള കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്‌തംഭിച്ചിരുന്നു. ഇതാണു പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ നദികളില്‍നിന്നു മണല്‍ വാരുന്നത്.
ലിങ്ക് – മംഗളം